Friday, November 22, 2024
Novel

ജീവാംശമായ് : ഭാഗം 5

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

“മിത്ര പറഞ്ഞതിന്റെ എൺപതു ശതമാനവും സത്യമാണ്….
എന്റെ വിവാഹം ഒന്നു കഴിഞ്ഞതാണ്… മിത്രയുടെ സുഹൃത്തായിരുന്നു…. വിവേക്…

“ഞാൻ എല്ലാം പറയാം… അതിനു മുൻപ് നീ എനിക്ക് ഒരു വാക്ക് തരണം… ഞാൻ പറയുന്നത് ആരും അറിയരുത്… പ്രത്യേകിച്ചു ശരത്തേട്ടൻ…”

ഒന്ന് ആലോചിച്ചതിനു ശേഷം ശാലിനി പറഞ്ഞു…

“ഉം…. വാക്ക്”

പിന്നീട് ഞാൻ പറയുകയായിരുന്നു…

“വിവേകിന്റെ അച്ഛൻ വിശ്വനാഥൻ … അമ്മ സതി ദേവി… രണ്ടു പേരും ഡോക്ടർസ് ആണ്. അതുകൊണ്ട് തന്നെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു. നമ്മുടെ ഫാമിലി ഫ്രണ്ട് ആണ്. വിവേക് എന്ജിനീയറും… അവിടെ ഒരു വലിയ കമ്പനിയിൽ ആയിരുന്നു.

അവരാണ് ആദ്യം ഇങ്ങനൊരു കല്യാണ കാര്യം പറഞ്ഞത് . അച്ഛൻ ആലോചിച്ചപ്പോൾ, നമ്മളെ ശരിക്കും അറിയാവുന്ന ഫാമിലിയാണ്. അച്ഛനും അമ്മയും രണ്ടു മതത്തിൽ പെട്ടവർ ആണെന്നും നമ്മുടെ ചിന്താഗതികൾ മതത്തെക്കാൾ ഉപരി മനുഷ്യന് വില കല്പിക്കുന്നതാണെന്നും അവർക്ക് അറിയാമായിരുന്നു… അതുപോലെ നമ്മളെ മനസിലാക്കുന്നവരും ആണെന്ന് തോന്നി.

ഞാൻ വിവേകിനെ അധികം ഒന്നും കണ്ടിട്ടില്ല. കോമൺ ഫങ്ഷൻസിൽ വെച്ചു കാണാറുണ്ട്. ചിരിക്കും.. ഒന്നോ രണ്ടോ വാക്ക് സംസാരിച്ചിട്ടുമുണ്ട്…

അച്ഛനും അമ്മക്കും ഇഷ്ടമായതുകൊണ്ടു തന്നെ എനിക്കും സമ്മതക്കുറവൊന്നും ഇല്ലായിരുന്നു…..
വിവേകുമായി കൂടുതൽ സംസാരിക്കുന്നത് തന്നെ കല്യാണം ഉറപ്പിച്ചതിനു ശേഷമാണ്.

പലപ്പോളും എന്നെ കാണാൻ വരുമ്പോൾ മിത്ര, രോഹൻ, അജയ് അങ്ങനെ കുറച്ചു ഫ്രണ്ട്സ് ഉണ്ടായിരുന്നു. അവരും എന്നെ വളരെ കാര്യമായാണ് ട്രീറ്റ് ചെയ്തിരുന്നത്…
ഞാനും വളരെ പെട്ടന്ന് അവരോട് അടുത്തു…

പിന്നീട് പെട്ടന്നായിരുന്നു വിവാഹം… അച്ഛൻ നാട്ടിലേക്ക് വിളിച്ചെങ്കിലും അന്ന് മുത്തച്ഛന് സമ്മതമല്ലായിരുന്നു… അച്ഛൻ വീട്ടിൽ നിന്ന് പോയതിന്റെ ദേഷ്യം… അച്ഛൻ വിളിച്ച കാര്യം അദ്ദേഹം ആരെയും അറിയിച്ചുമില്ല. അതുകൊണ്ട് ഇവിടെയാരും എന്റെ വിവാഹം കഴിഞ്ഞതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു..

വിവാഹം നടത്താൻ വിവേകിന്റെ വീട്ടുകാർക്ക് വല്യ തിരക്കായിരുന്നു. എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് ഞാൻ വിചാരിച്ചു.

അച്ഛന്റേം അമ്മയുടേം സഹപ്രവർത്തകർ, കൂട്ടുകാർ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു വിവാഹത്തിന്….

നീ കല്യാണം കഴിഞ്ഞു പോകുമ്പോൾ കരഞ്ഞിരുന്നോ ശാലിനി?”

പെട്ടന്ന് അവൾ അങ്ങനൊരു ചോദ്യം പ്രതീക്ഷിച്ചില്ല എന്നു തോന്നി….

അവൾ എന്നെ നോക്കി…

“ഉം… കരഞ്ഞു..”

“ഒത്തിരി കരഞ്ഞോ?”

“ഉം…. നീ പറ ആദി…”

“ഞാൻ കുറെ പിടിച്ചു നിർത്തി… അധികം കരഞ്ഞൊന്നുമില്ല… അച്ഛന്റെ നിധീ എന്നുള്ള വിളി കേൾക്കാതെ .. അമ്മേടെ സ്നേഹം അനുഭവിക്കാതെ ഇനി എങ്ങനെ എന്നുള്ളത് ഒരു ചോദ്യം തന്നെയായിരുന്നു…

പക്ഷെ അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ഒന്ന് കരഞ്ഞാൽ അവർ അപ്പോൾ തകരുമെന്ന് തോന്നി…

സ്നേഹിച്ചു ലാളിച്ചു വളർത്തിയ മകളെ മറ്റൊരാളെ ഏല്പിക്കുമ്പോൾ എല്ലാ മാതാപിതാക്കളും കരഞ്ഞിട്ടുണ്ടാവും…

പിന്നെ…. വിവാഹം കഴിഞ്ഞ രാത്രി…”

അറിയാതെ ഞാൻ ഒന്ന് വിതുമ്പി…
ശാലിനി എന്റെ തോളിൽ ചെറുതായി തട്ടിക്കൊണ്ടിരുന്നു… ആശ്വസിപ്പിക്കാൻ എന്ന പോലെ…

“എല്ലാ പെൺകുട്ടികൾക്കും കാണും ആഗ്രഹങ്ങൾ…. പറയാൻ എത്ര മടിച്ചാലും…. നമ്മുടെ ഭർത്താവ് നമ്മളെ മനസിലാകുമെന്നും കുറച്ചെങ്കിലും സ്നേഹിക്കുമെന്നും കരുതും…

എന്റെ ആദ്യ രാത്രിയിൽ വിവേക് എന്നോട് ചെയ്തത് എന്താണെന്ന് അറിയുമോ?

ഒരുപാട് രാത്രിയായിട്ടും വിവേകിനെ കാണാത്തത് കൊണ്ട് ഞാൻ കസേരയിൽ ഇരുന്ന് ഉറങ്ങി പോയി…. വന്നപ്പോൾ….”

ശാലിനി എന്നെ നോക്കി… എന്റെ മുഖത്തെ വേദന കണ്ടിട്ടാകും അവളുടെ കണ്ണുകളും നിറഞ്ഞു…

ഞാൻ പതിയെ എന്റെ ടോപ്പ് ഷോൾഡറിൽ നിന്നും മാറ്റി…

എന്റെ തോളിൽ വട്ടത്തിൽ പൊള്ളിയ പാട്…

“എരിയുന്ന സിഗരറ്റ് കൊണ്ട് കുത്തിയതാണ്…. എന്നെ ഉണർത്താൻ….”

അന്നത്തെ വേദന വീണ്ടും എന്നിൽ നിറയുന്നതായി തോന്നി….

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ വിവേകിനെ അറിയുകയായിരുന്നു. പകൽ ഞാൻ കാണുന്ന വിവേക് അല്ല രാത്രിയിൽ… വൈകി വരുന്നു… ഡ്രഗ്സ് യുസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായി.
പകൽ എന്നോട് ഒരു ഫ്രണ്ടിനെ പോലെ സംസാരിക്കും… രാത്രി ഒരു ഭ്രാന്തനെ പോലെ…..

ഞാനാണ് അവന്റെ ജീവിതം തകർത്തതെന്ന്…. അവൻ ആഗ്രഹിച്ച ജീവിതം ഇതായിരുന്നില്ല പോലും…
പകൽ ഒരു ഫ്രണ്ടിനെ പോലെ മാത്രേ സംസാരിച്ചിട്ടുള്ളൂ…

വിവേകിന്റെ ഈ മുഖം എനിക്ക് അന്യമായിരുന്നു…

വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും അവനു താത്പര്യക്കുറവ് ഉള്ളതായി തോന്നിയില്ല…
ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല… മറ്റൊരു പ്രണയം ഉള്ളതായും അറിവില്ല…..

ഒരിക്കലും എന്റെ ശരീരത്തിൽ പ്രണയ പൂർവ്വം സ്പർശിച്ചിട്ടില്ല… ആകെ എന്നെ തൊടുന്നത് മയക്കുമരുന്ന് ഉപയോഗം കൂടുന്ന രാത്രിയിലാണ്…. അതും ഉപദ്രവിക്കാൻ….
പ്രണയത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് പോലുമില്ല. അവനു എന്നോട് ഒരിക്കലും സ്നേഹം തോന്നിയിട്ടില്ലെന്നു എനിക്ക് മനസിലായി”

പെട്ടന്ന് അമ്പലത്തിനു ചുറ്റും വിളക്കുകൾ തെളിഞ്ഞു…. സന്ധ്യയായി എന്നു അറിഞ്ഞത് തന്നെ അപ്പോളാണ്… ശാലിനിയുടെ മുഖത്തു ഞാൻ അനുഭവിക്കുന്ന വേദന നിറഞ്ഞു….

” ഞാൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാൽ വിവേകിന് സന്തോഷമായിരുന്നു… വിവേക് ഒരു രാത്രി പോലും വീട്ടിൽ നിന്നിട്ടില്ല… എന്തെങ്കിലും കാരണം പറഞ്ഞു പോകും. ഞാൻ തിരിച്ചു വരണം എന്നു പോലും ഇല്ലായിരുന്നു…

ഞാൻ കരുതിയത് വിവേകിന് മിത്രയോടായിരുന്നു ഇഷ്ടം എന്നാണ്…

അതിനിടെ അച്ഛന് അറ്റാക്ക് വന്നു. അന്ന് എൻറെയും അമ്മയുടെയും അവസ്‌ഥ ഒന്നും ആരെയും പറഞ്ഞറിയിക്കാൻ പറ്റില്ല. അത് അവന് ഒരു ആശ്വാസം ആയിരുന്നു എന്ന് തോന്നുന്നു. കുറെ ദിവസം വീട്ടിൽ നിന്നോളാൻ പറഞ്ഞു…

അച്ഛന്റെ സർജറി കഴിഞ്ഞു സുഖമായപ്പോൾ വിവേക് വന്നു എന്നെ കൊണ്ട് പോകാൻ… ഇടക്കൊക്കെ അച്ഛനെ കാണാൻ വരുമായിരുന്നു… അച്ഛനും അമ്മയ്ക്കും നല്ലൊരു മരുമകൻ…

പലപ്പോളും വിവേകിന്റെ അച്ഛനോടും അമ്മയോടും ഞാൻ ചോദിച്ചിട്ടുണ്ട്… നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചതാണോ എന്നെ എന്ന്… അവർ അല്ല എന്ന് പറയും. അവന്റെ ഇഷ്ടമായിരുന്നു പോലും…

ഡ്രഗ്സ് ഉപയോഗിക്കുന്ന കാര്യം അവർ സമ്മതിക്കില്ല. ഉപദ്രവിക്കുന്ന കാര്യം അവർ അറിയാത്തതായി നടിച്ചു… ഇടക്കെപ്പോളൊക്കെയോ എന്നോട് സഹതാപം അവർക്ക് തോന്നിയിരുന്നു എന്നു വേണം കരുതാൻ… എങ്കിലും ഒരിക്കൽ പോലും എന്റെ കരച്ചിൽ കേട്ട് വന്നിട്ടില്ല…. പിന്നീട് മനസ് മരവിച്ചപ്പോൾ ഞാൻ കരയാറും ഇല്ല എന്നതാണ് സത്യം…
ഇടക്ക് അവനെ ഉപേക്ഷിക്കല്ലേ മോളെ… അവൻ നേരെയാകും എന്ന് വിവേകിന്റെ അമ്മ പറഞ്ഞു…

അതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല…ഇപ്പോളും…

പിന്നെ….നിനക്ക് ഒരു കാര്യമാറിയോ ശാലിനി…അവൻ ഒരിക്കലും മറ്റുള്ളവർ കാണുന്ന എന്റെ ശരീര ഭാഗങ്ങളിൽ ഉപദ്രവിച്ചിട്ടില്ല….മുഖത്തും കൈ മുട്ടിനും കാൽ മുട്ടിനും താഴേക്ക് ഒന്നും ചെയ്യില്ല…

പുറത്തൊക്കെയായിരുന്നു അടിക്കുക…

വലിയ ബെൽറ്റ് വെച്ചു വയറിനിട്ടു അടിച്ചിട്ടുണ്ട് ഒരിക്കൽ….

അവനു ഡ്രഗ്സ് ഉപയോഗിച്ച് ബോധം ഇല്ലെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല… കാരണം നല്ല ബോധമുണ്ട്…
ശരീരത്തിൽ മറ്റുള്ളവർ മുറിവും അതിന്റെ അടയാളവും കണ്ടാൽ ചോദിക്കില്ലേ…. അതുകൊണ്ടാണ് അങ്ങനെ ഡ്രസ് കവർ ചെയ്യുന്ന ഭാഗങ്ങളിൽ മാത്രം ഉപദ്രവിക്കുന്നത്….

ഒരു പെണ്ണും ഇത്രയും അനുഭവിക്കണം എന്നു ഞാൻ പറയില്ല… ഡിവോഴ്സ് ആവശ്യമെങ്കിൽ നേടണം….

കല്യാണത്തിന് മുൻപ് ഞാൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കാൻ മുൻപിൽ ആയിരുന്നു… എന്റെ സ്വന്തം കാര്യം വന്നപ്പോൾ എനിക്ക് മനസിലായി പെട്ടന്ന് ഒരു സ്വാതന്ത്ര്യം ലഭിക്കണമെന്നില്ല… കാരണം നമ്മളെ സ്നേഹിക്കുന്ന നമ്മുടെ ചുറ്റുമുള്ളവരെ കൂടി നോക്കണം….

ഞാൻ കാരണം അച്ഛന് എന്തെങ്കിലും പറ്റിയാൽ… എനിക്ക് എന്നോട് തന്നെ ക്ഷമിക്കാൻ…..”

വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ഞാൻ വിതുമ്പി…. ശാലിനി എന്നെ ചേർത്തു പിടിച്ചു…. തലയിൽ തലോടിക്കൊണ്ടിരുന്നു….

പെട്ടന്നാണ് ഞാൻ ഓർത്തത്…

“അമ്പാടി…. ”

“അവൻ വീട്ടിലുണ്ട്…. അമ്മയുണ്ടല്ലോ അവിടെ…”

“അത് വേണ്ട…. സമയം ഇത്രയുമായില്ലേ…. നീ പൊക്കോ… ചെറിയച്ഛൻ വരും എന്നെ കൊണ്ട് പോകാൻ….”

“ആദി… നിന്റെ ജീവിതം മുഴുവൻ കേൾക്കണമെന്നുണ്ടെനിക്ക്…. ”

എന്നെ കെട്ടിപ്പിടിച്ചു അവളും കരയുകയായിരുന്നു…

പെട്ടന്നാണ് പുറകിൽ ആരുടെയോ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്… ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ശരത്തേട്ടൻ….

ആ കണ്ണുകൾ ചുവന്നിരിക്കുന്നു… എന്നെ തന്നെ നോക്കിക്കൊണ്ട് ഫോൺ എടുത്തു… ഇത്രയും സമയം ഞാൻ പറഞ്ഞതെല്ലാം കേട്ടുവെന്ന് എനിക്ക് മനസിലായി.

“അമ്മയാണ്…. അമ്പാടി കരയാൻ തുടങ്ങി…നീ വീട്ടിലേക്ക് പൊക്കോ… ഞാൻ മഹിയെ കൂട്ടി വിടാം” ശാലിനിയെ നോക്കി പറഞ്ഞു…

ശരത്തേട്ടൻ മഹിയെ വിളിച്ചു…

“നീ പൊക്കോ… കുഞ്ഞിന് വിശക്കുന്നും ഉണ്ടാകും…
ചെറിയച്ഛൻ ഇപ്പോൾ വരും… ചിലപ്പോൾ വന്നിട്ടുണ്ടാകും… ”

ഞാനും എഴുന്നേറ്റു… ശാലിനി ഒന്നും പറഞ്ഞില്ല… കുറച്ചു സമയം എന്നെ കെട്ടിപ്പിടിച്ചു നിന്നു. അവൾക്ക് പോകാതെ വയ്യ.. എന്നെ വിട്ടിട്ട് പോകാനും മനസ് വരുന്നില്ല….

“നീ ഇപ്പോൾ പൊക്കോ…. നമുക്കിനിയും കാണാല്ലോ… ഇത്രയുമെങ്കിലും ഒന്ന് പറഞ്ഞപ്പോൾ ഒരു ആശ്വാസം…”

ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു…

അപ്പോളേക്കും മഹി വന്നു വിളിച്ചു…

“ഞാനും വരാം… ചെറിയച്ഛൻ വന്നിട്ടുണ്ടാകും”

ശരത്തേട്ടനെ നോക്കാതെ പടികൾ കയറാൻ തുടങ്ങിയപ്പോളെക്കും എന്റെ കയ്യിൽ ഒരു പിടി വീണിരുന്നു.

“ശാലു … നീ പൊക്കോ….”

അവൾ തലയാട്ടി….എന്നെ ഒന്ന് നോക്കിയിട്ട് അവൾ മഹിയുടെയൊപ്പം പോയി…

“ഞാൻ…. അത്… ചെറിയച്ഛൻ….” ഞാൻ വാക്കുകൾക്കായി പരതുകയായിരുന്നു.

“ചെറിയച്ഛൻ വരില്ല…. ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ തിരിച്ചു കൊണ്ടു വിട്ടോളാമെന്ന്…”

“അതിന്റെ ആവശ്യമില്ല…. ഞാൻ ചെറിയച്ഛന്റെ കൂടെ….”

ആരറിയരുതെന്ന് ഞാൻ ആഗ്രഹിച്ചോ അയാൾ എല്ലാം തന്നെ അറിഞ്ഞതിന്റെ വിഷമം ആയിരുന്നു എനിക്ക്…

“അത്രക്ക് വിശ്വാസമില്ലേ തനിക്കെന്നെ…?”

എന്റെ കണ്ണിൽ നോക്കി ചോദിച്ചതും ഒന്നും പറയാൻ ആയില്ലെനിക്ക്….

”ഇരിക്ക്….”

എൻറെ തൊട്ടടുത്തായി ഒരു പടി മുകളിൽ ശരത്തേട്ടനും ഇരുന്നു…
കുറച്ചു നേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് ചോദിച്ചു….

“അച്ഛന് വേണ്ടി ഇത്രയും സഹിച്ച താൻ ഈ ബന്ധം വേണ്ടെന്ന് വെക്കാനുള്ള കാരണം എന്താ…. അതൊരു ചെറിയ കാരണം അല്ലെന്ന് അറിയാം… അതാണ് എനിക്ക് അറിയേണ്ടത്….”

ആ കണ്ണുകളിൽ നിറഞ്ഞ ഭാവം എനിക്ക് അപരിചിതമായിരുന്നു. പറയാതെ വയ്യെന്ന് എനിക്ക് തോന്നി…

ഒരു പരിധി വരെ എല്ലാം തുറന്നു പറയുവാൻ ഞാനും ആഗ്രഹിച്ചിരുന്നു

“ഒരിക്കൽ വിവേക് എന്നോട് പറഞ്ഞു നമുക്ക് പിണങ്ങിയത് മതി… ഇനി എങ്കിലും ഒരു നല്ല ജീവിതം തുടങ്ങണമെന്ന്…

അത്ഭുതം ആയിരുന്നു എനിക്ക്….പിന്നെയോർത്തു തിരിച്ചറിവ് തോന്നിത്തുടങ്ങി…. നന്നാവാൻ തീരുമാനിച്ചു കാണുമെന്ന്…

എനിക്കൊരു ആശ്വാസം തോന്നി… എല്ലാ പ്രശ്നങ്ങളും തീരുവാണെങ്കിൽ നല്ലതല്ലേ…

നമ്മുടെ പ്രശ്‌നങ്ങൾ എല്ലാം തീരാൻ നമുക്കിടയിൽ ഒരു കുഞ്ഞു വന്നാൽ മതി എന്നു വിവേക് പറഞ്ഞപ്പോൾ ഒന്നു ഞെട്ടിയെങ്കിലും ഞാൻ സന്തോഷിച്ചു…

ഒരു കുഞ്ഞുണ്ടായാൽ തന്റെ വേദനകളൊക്കെ മറക്കും… ആ കുഞ്ഞിന്റെ കളിയും ചിരിയും ഒരു വലിയ ആശ്വാസം ആകുമെന്ന് ഞാൻ കരുതി… പിന്നെ വീട്ടിൽ നിന്ന് അമ്മയും ചോദിച്ചു തുടങ്ങിയിരുന്നു… കുഞ്ഞിന്റെ കാര്യം…

ഒരു ദിവസം വൈകുന്നേരം വിവേക് എന്നോട് റെഡി ആകാൻ പറഞ്ഞു… എങ്ങോട്ടാണെന്നു ചോദിച്ചപ്പോൾ സർപ്രൈസ് ആണെന്ന് പറഞ്ഞു.

എന്താണെന്നറിയാൻ വല്യ ആകാംഷയൊന്നും തോന്നിയില്ലന്നതാണ് സത്യം.

നേരെ പോയത് ഒരു പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് ആയിരുന്നു. റൂം വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു…

ഇതുവരെ പ്രണയതോടെ എന്നെ ഒന്ന് നോക്കിയിട്ട് പോലുമില്ല… പിന്നെ ഇതൊക്കെ…. ആശ്ചര്യം ആയിരുന്നു.

ഭക്ഷണത്തിന് ശേഷം വിവേക് പറഞ്ഞു എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്… ഇതുവരെയുള്ള തെറ്റിദ്ധാരണകൾ എല്ലാം ഇന്ന് അവസാനിപ്പിക്കണം…

ഞാനും കേൾക്കാൻ തയ്യാറായിരുന്നു… വേറൊരു പ്രണയമാണ് പ്രശ്നമെങ്കിൽ ഒഴിഞ്ഞു കൊടുക്കാനും എനിക്ക് കുഴപ്പമില്ലായിരുന്നു.

വിവേക് പറഞ്ഞ കാര്യങ്ങൾ എന്നെ നടുക്കുന്നതായിരുന്നു…

“ആരാധ്യ… തന്നോട് ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് അറിയാം… എനിക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്…

എനിക്ക് സ്ത്രീകളോട് താല്പര്യം ഇല്ല… പുരുഷന്മാരോടാണ് താല്പര്യം… എന്റെ കൂടെ നടക്കുന്ന രാഹുൽ ഇല്ലേ… ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്…”

വിവേക് അത് പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.

“എന്നിട്ടും… എന്തിന് … എന്നെ…?”

“ആഹ്… താൻ ഈ ചോദ്യം ചോദിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു… അല്ലെങ്കിലും തികച്ചും ന്യായമായ ചോദ്യമാണ്.

എൻറെ അച്ഛനും അമ്മയ്ക്കും അറിയാം ഞാൻ ഒരു ഗേ ആണെന്ന്. പക്ഷെ അവർക്ക് അംഗീകരിക്കാൻ പറ്റില്ല. എനിക്കും പുറത്തു പറയാൻ പറ്റില്ല… യു നോ … നമ്മുടെ സമൂഹം അംഗീകരിക്കില്ല….

അതുകൊണ്ടാണ് തന്റെ കാര്യം വീട്ടുകാർ പറഞ്ഞപ്പോൾ ഞാൻ എതിർത്തില്ല…
കാരണം സമൂഹത്തിനു മുന്നിൽ എനിക്ക് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പറ്റുമായിരുന്നില്ല… വെളിപ്പെടുത്തിയാൽ ജോലി സ്ഥലത്തും, വീട്ടിലും ഞാൻ അനുഭവിക്കാൻ പോകുന്ന ചൂഷണങ്ങൾ, അച്ഛനും അമ്മയും അനുഭവിക്കേണ്ടി വരുന്ന നാണക്കേട്….”

ഞാൻ ശരത്തേട്ടനെ നോക്കി… ആ മുഖത്തും ഒരു മരവിപ്പ് ആയിരുന്നു

” സ്വന്തം ജീവിതം രക്ഷിക്കാൻ… ഞാൻ…
മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ ഒരു ഭാര്യ…

പക്ഷെ ആ നിമിഷം ദേഷ്യത്തോടും സങ്കടത്തോടും ഒപ്പം വിവേകിനോട് എനിക്ക് അല്പം അലിവും തോന്നി….

സ്വന്തം സ്വത്വം പുറത്തു പറയാനാവാത്ത അവസ്‌ഥ….. പക്ഷെ…”

മുഴുമിപ്പിക്കാനാവാതെ ഞാൻ കുളത്തിലേക്ക് ശ്രദ്ധയൂന്നി…

“തനിക്ക് ഒരുപാട് വേദന തരുന്ന കാര്യമാണെങ്കിൽ പറയണ്ട…. എനിക്ക് ഊഹിക്കാം… ഇത്രയും പറഞ്ഞതിൽ നിന്നും….”

“ഇല്ല…. ശരത്തേട്ടന് ഊഹിക്കാൻ പറ്റില്ല… ആർക്കും ഊഹിക്കാൻ പറ്റില്ല…

എനിക്ക് പറയണം… ആരോടെങ്കിലും ഇനിയും പറഞ്ഞില്ലേൽ ഞാൻ മരിച്ചു പോകും…”

“താൻ പറ…. ഞാൻ ഉണ്ട്…”ശരത്തേട്ടൻ എന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“അത് കഴിഞ്ഞു അവൻ എന്നോട് പറഞ്ഞത് എന്താണെന്ന് അറിയോ…?

“നമുക്ക് ഒരു കുഞ്ഞുണ്ടായാൽ ഈ പ്രശ്‌നം തീരും. തനിക്കും ഒരു കൂട്ട് ആകും…

ഒരു റൂം ഷെയർ ചെയ്യുന്നത് കൊണ്ട് തന്റെ അവസാന പീരിയഡ്സ് എന്നായിരുന്നു എന്നൊക്കെ എനിക്ക് അറിയാം.. ഇപ്പോൾ നിനക്ക് പ്രെഗ്നന്റ് ആവാൻ നല്ല സാധ്യതയുള്ള ദിവസങ്ങളാണ്… ഈ ദിവസങ്ങളിൽ ബന്ധപ്പെട്ടാൽ കുഞ്ഞുണ്ടാകും പക്ഷെ….”

അവൻ ആ ‘പക്ഷെ ‘ പറയുമ്പോൾ അകാരണമായ ഒരു പേടി എന്നിൽ നിറഞ്ഞു. ശരിയാണ്.. ഒരു റൂമിൽ താമസിക്കുമ്പോൾ എത്ര മറച്ചു വെച്ചാലും നമ്മുടെ വേദനയും ക്ഷീണവും രക്തച്ചുവപ്പും പീരിയ്ഡ്‌സ് ആണെന്ന് റൂമിലുള്ള മറ്റുള്ളവരെ അറിയിക്കും… അത് വെച്ചു കണക്കു കൂടിയതാണ് ..

പ്രെഗ്നൻറ് ആവാൻ കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ…

ഒരു പേടിയോടെ ഞാൻ അവനെ നോക്കുമ്പോൾ അവൻ തുടർന്നു…

“പക്ഷെ എനിക്ക് തന്നെ അങ്ങനെ കാണാൻ പറ്റില്ല… കാരണം ഞാൻ പറഞ്ഞല്ലോ… എനിക്ക് മറ്റൊരു പ്രണയമുണ്ട്.. രാഹുൽ.”

അപ്പോളേക്കും റൂം തുറന്ന് രാഹുലും വേറെ ഒരാളും എത്തിയിരുന്നു…

“രാഹുലിനെ നിനക്ക് അറിയാലോ…”
ഒരു ചിരിയോടെ വിവേക് അവനെ ചേർത്തു പിടിച്ചു…

“ഇത് ജീവൻ… ഇവൻ നമ്മളെ സഹായിക്കും… ഇവന് നിന്നെ ഇഷ്ടവുമാണ്… കല്യാണത്തിന് വന്നപ്പോൾ തുടങ്ങി പറയുന്നതാണ്… എനിക്ക് എന്തായാലും താൽപര്യമില്ലെന്ന് ഇവനറിയാം..

പിന്നെ മിത്രക്കും അറിയാം… മിത്ര എപ്പോളും പറയും നിനക്ക് വേണ്ടിങ്കിൽ ജീവന് കൊടുക്കാൻ….”

എന്ത് പറയണമെന്ന് അറിയാത്ത അവസ്‌ഥ… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ…. മിത്ര അവളും ഒരു പെണ്ണല്ലേ…. ”

ഈ അവസ്‌ഥ ഞാൻ പറയുന്നതിലും ഒത്തിരി അസഹനീയമാണ് ശരത്തേട്ടാ… എന്റെ ഹൃദയം അന്നത്തെ അനുഭവം ഓർക്കുമ്പോൾ ചുട്ടു പൊള്ളുകയായിരുന്നു…

” പിന്നീട് ഞാൻ ജീവൻറെ മുഖത്തേക്ക് നോക്കി…

വന്യമായ ഒരു ചിരിയോടെ അവൻ എന്റെ അടുത്തേക്ക് നടന്നു.

ഞാൻ വിവേകിനെയും രാഹുലിനെയും വിളിച്ചു കരഞ്ഞു… അപ്പോളേക്കും അവർ പുറത്തിറങ്ങി വാതിൽ പുറത്തു നിന്ന് ലോക്ക് ചെയ്തിരുന്നു…”

ശരത്തേട്ടന്റെ മുഖത്തേക്ക് നോക്കി… ആ മുഖം വലിഞ്ഞു മുറുകിയിരുന്നു… ദേഷ്യമാണോ സങ്കടമാണോ എന്നെനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല…

“ഒരുപാട് ശ്രമിച്ചു ഞാൻ ഒന്ന് രക്ഷപെടാൻ… അയാളുടെ കാലു പിടിച്ചു ഞാൻ… ഡ്രഗ്സ് ഉപയോഗിച്ച് അമ്മയേം പെങ്ങളേം തിരിച്ചറിയാതെ ഇരിക്കുന്നവനോട് എന്ത് പറയാൻ…

അങ്ങോട്ടും ഇങ്ങോട്ടും പിടിവലി ആയി… സഹകരിച്ചാൽ ഉപദ്രവിക്കില്ലെന്നു എന്റെ കവിളിൽ കുത്തിപ്പിടിച്ച് അവൻ പറയുമ്പോൾ, അവൻ എന്നെ തൊടുന്നതിലും ഭേദം മരിക്കുകയാണെന്നു ഞാൻ ഉറപ്പിച്ചിരുന്നു…

കുതറി മാറാൻ ശ്രമിച്ചു പല തവണ ഞാൻ വീണു…
ബാലപ്രയോഗത്തിനിടെ റൂമിലെ ലാൻഡ് ഫോൺ വെച്ചിരുന്ന സ്റ്റാൻഡിൽ ചെന്നു മുഖമിടിച്ചു…മുഖത്തു കൂടി ചോര ഒഴുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

എന്നെ നോക്കി വഷളൻ ചിരി ചിരിച്ചു കൊണ്ട് അവൻ എൻറെ അടുത്തേക്ക് നടന്നു …. കൈകൾ പിന്നിലേക്ക് ചേർത്ത് മാറാൻ സ്ഥലമില്ലാതെ ഫോൺ സ്റ്റാൻഡിൽ ഇടിച്ചു ഞാൻ നിന്നു.

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു… അതേ സമയം തന്നെ പിന്നിൽ ഫോൺ റിസീവർ മാറ്റി വെച്ചിട്ട് ഒൻപത് ഡയല് ചെയ്തു. അത് ഹോട്ടൽ റീസെപ്ഷനിൽ കണക്ട് ചെയ്യുമെന്ന് എനിക്ക് അറിയാരുന്നു.

പിന്നീട് റൂമിൽ നടന്ന ബഹളങ്ങൾ കേട്ട് ഹോട്ടൽ ജീവനക്കാർ വന്നെന്നെ രക്ഷിക്കുകയായിരുന്നു… അല്ലായിരുന്നെങ്കിൽ…. എനിക്ക് അറിയില്ല….. ഇന്ന് ചിലപ്പോൾ ഞാൻ ജീവിച്ചിരിക്കുക പോലും ഉണ്ടാവില്ല.”

കാൽമുട്ടുകളിൽ മുഖം ചേർത്ത് ഞാൻ നിശബ്ദമായി കരഞ്ഞു… മുഖമുയർത്തി നോക്കുമ്പോൾ കണ്ടു , എന്ത് പറയണമെന്ന് അറിയാതെ എന്നെ അലിവോടെ നോക്കിക്കൊണ്ടിരിക്കുന്ന ശരത്തേട്ടനെ….

എന്റെ ഡ്രെസ്സിന്റെ കൈ ഒക്കെ അയാൾ വലിച്ചു കീറിയിരുന്നു… നെറ്റി മുറിഞ്ഞു… മുഖം നിറച്ചും അടിച്ച പാടുകൾ… ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു ഞാൻ… ഇടക്കെപ്പോളോ ബോധവും മറഞ്ഞു…

കണ്ണു തുറക്കുമ്പോൾ ഹോട്ടൽ റൂമിൽ ആയിരുന്നു… എന്റെ അടുത്ത് ആ ഹോട്ടലിൽ ജോലി ചെയ്യുന്ന ഒരു കുട്ടി ഉണ്ടായിരുന്നു… മരിയ…

അവളെ എനിക്ക് ഒരിക്കലും മറക്കാൻ ആവില്ല.

വിവേകും കൂട്ടരും പോയി എന്നറിഞ്ഞു…. ഹോട്ടലിന് ചീത്തപ്പേര് ഉണ്ടാകും എന്നതിനാൽ പോലീസിൽ അറിയിക്കാൻ ഹോട്ടൽ ഉടമ അനുവദിക്കില്ലായിരുന്നു എന്നു മരിയ പറഞ്ഞു അറിഞ്ഞു…. രണ്ടു ദിവസം മരിയ എന്നെ പരിചരിച്ചു…

അതിനിടെ അച്ഛനേം അമ്മയേം വിളിച്ചു.. അവർ മെഡിക്കൽ കോണ്ഫറൻസ് , മീറ്റിങ് ഒക്കെയായി തിരക്കായിരുന്നു… അത് ഒരു അനുഗ്രഹമായിരുന്നു… ഒന്നും അറിയിക്കാതെ പിടിച്ചു നിർത്താൻ പറ്റി.

തിരിച്ചു വീട്ടിലെത്തി ഈ ബന്ധം വേണ്ട എന്നു പറയുമ്പോൾ അമ്മക്ക് ആദ്യം അംഗീകരിക്കാൻ ആയില്ല…

പക്ഷെ മുഖത്തെ ഇനിയും ഉണങ്ങാത്ത മുറിവുകളിൽ നിന്നും ഞാനും വിവേകും തമ്മിൽ വഴക്കിട്ടതാകാം എന്നു അവർ കരുതി കാണും…

മകളെ ഉപദ്രവിക്കുന്ന മരുമകനെ വേണ്ടെന്ന് വെച്ചതാണോ… അതോ എന്നെ വിശ്വാസം ആയതുകൊണ്ട്, ഒരു ശക്തമായ കാരണമില്ലാതെ ഞാൻ ഇങ്ങനൊരു തീരുമാനം എടുക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണോ എന്നറിയില്ല

രണ്ടു പേരും പറഞ്ഞു ഈ ബന്ധം നമുക്ക് വേണ്ട എന്ന്…. വിവേകിന് വേറെ ഒരു പ്രണയമുണ്ടെന്നു ഞാൻ പറഞ്ഞതും വിശ്വസിച്ചിരിക്കാം…. അല്ലെങ്കിലും അത് സത്യമായിരുന്നല്ലോ….”

ഇത്രയും പറഞ്ഞു തീർന്നപ്പോൾ മനസിന് ഒരു ചെറിയ ആശ്വാസം… ചെറുതല്ല …. വലിയ ആശ്വാസം….

ആദ്യമായാണ് ഒരാളോട് പറയുന്നത്…

ശരത്തേട്ടന്റെ മുഖത്തേക്ക് നോക്കി… ആ കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു… കരഞ്ഞോ… അറിയില്ല..

“വിവേക്?”

“ഞാൻ ഡിവോഴ്സ് നോട്ടീസ് അയച്ചു… ഇനി വേറെ വഴിയില്ലെന്ന് അവനറിയാം… സൈൻ ചെയ്തു… അതിന്റെ നടപടികൾ നടക്കുന്നു.. രണ്ടു പേർക്കും സമ്മതമായത് കൊണ്ട് വല്യ ബുദ്ധിമുട്ട് ഉണ്ടാവില്ല….

വെറുപ്പായിരുന്നു വിവേകിനോട്… സ്വന്തം ഭാര്യയെ കൂട്ടുകാരന് കാഴ്ച വെച്ചവൻ… കൂട്ടുകാരന് ഭാര്യയിലുണ്ടാകുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞെന്ന് പറഞ്ഞു ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നവൻ….

വേദന നിറഞ്ഞ ഒരു ചിരി എന്നിൽ വിടർന്നു..

കാത്തിരിക്കാം💕

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4