ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 52

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

നമുക്കായ് മാത്രം ചെമ്പകം പൂക്കും സിഷ്ഠ.. നമ്മുടെ മാത്രം ചെമ്പകം പൂക്കും യാമങ്ങൾ.. ❤️ കാർമേഘം മൂടിയ വാനം കണ്ടതും അവനിൽ അസ്വസ്ഥത വിരിഞ്ഞു.. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നത് പോലെ അവനിൽ ഉൾഭയം വന്നു മൂടി.. സിഷ്ഠയുടെ പിറന്നാൾ സമ്മാനവും കയ്യിലെടുത്തു അങ്ങനെ നോക്കി നിന്നു.. നിന്നോടൊപ്പം വായിച്ചു തീർക്കാൻ ഒരു പുസ്തകം കൂടി.. ഹൃദയം പതിയെ മൊഴിഞ്ഞു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പതിവ് പോലെ ക്ലാസുകൾ കഴിഞ്ഞതും സിഷ്ഠയെ തിരക്കി ലൈബ്രറിയിലേക്ക് നടന്നു എനിക്കായി എഴുതിവെച്ച കുറിപ്പെടുത്തു ഫയലിൽ സൂക്ഷിച്ചു..

കൂടെ അവൾക്കായി താൻ എഴുതിയിരുന്ന കുറിപ്പുകൾ പകർത്തിയ പുസ്തകവും ആ ഫയലിൽ ഭദ്രമാക്കി വെച്ചു.. ഈ കുറിപ്പുകളും വേണം സിഷ്ഠ നമ്മൾ പരസ്പരം പ്രണയം പകുത്തു നൽകുമ്പോൾ സാക്ഷികളെന്നോണം.. ചെമ്പക കാടും നമ്മുടെ കുറിപ്പുകളും.. ലൈബ്രറിയിൽ നിന്നിറങ്ങിയപ്പോഴാണ് എതിരെ വരുന്ന ഹരിപ്രിയയെ കണ്ടത്.. സിഷ്ഠ എവിടെയാണെന്ന് ചോദിച്ചു മനസിലാക്കി. നേരെ ചെമ്പകകാട്ടിലേക്ക് നടന്നു.. പ്രിയപെട്ട ഒന്നിന്റെ സാമിപ്യം അത്രമേൽ തന്നെ തൃപ്തനാക്കുന്നത് അറിഞ്ഞു..

ദൂരെ നിന്നും തന്നെ അവളെ കണ്ടിരുന്നു.. ഇനിയും നിന്നെ വിഷമിക്കാൻ അനുവദിക്കില്ലെന്ന് ഉള്ളം മൊഴിഞ്ഞു കൊണ്ടിരുന്നു.. തലയും താഴ്ത്തിയിരിക്കുന്ന അവളുടെ മുൻപിൽ ചെന്നു നിന്നു.. സിഷ്ഠ എന്ന വിളിയിൽ മിഴികളുയർത്തി തന്നെ നോക്കി.. കണ്ണുകൾ ഫയലിലേക്ക് തെന്നിമാറിയതും അവളുടെ ചോദ്യങ്ങൾക്ക് ശേഷം ഫയലിൽ ഉള്ളത് നോക്കാമെന്ന് പറഞ്ഞു.. മുഖവുര എന്നോണം വസു പറഞ്ഞു തുടങ്ങി.. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ..

അനന്തന്റെ കൈകൾ തന്റെ കൈകൾക്ക് ഉള്ളിലാക്കി ദീർഘമായി നിശ്വസിച്ചു.. ഓക്കേ ആയില്ലേ എന്ന അവന്റെ ചോദ്യത്തിന് ഇപ്പോൾ ആകുന്നെന്ന് പുഞ്ചിരിയോടെ തന്നെ പറഞ്ഞു.. പിന്നീട് പറഞ്ഞു തുടങ്ങിയതും അതിന്റെ സംഘർഷമെന്നോണം അവന്റെ കൈകളിൽ അവളുടെ പിടി മുറുകികൊണ്ടിരുന്നു.. ആ സംഘർഷവും സമ്മർദവും അറിഞ്ഞെന്ന പോലെ അവളുടെ മുഖം കൈകളാൽ ഉയർത്തിയതും കണ്ടു കാർമേഘ പരപ്പുകളാൽ പെയ്യുന്ന നീർതുള്ളികൾ..

ആ കണ്ണുകൾ അവനിൽ കുറ്റബോധം ഉണർത്തി കൊണ്ടിരുന്നു.. എന്നാൽ ഇതിനുമപ്പുറം നിന്റെ കണ്ണുകൾ പെയ്യുന്നത് സന്തോഷത്താൽ ആയിരിക്കുമെന്ന് അവൻ ഉള്ളുകൊണ്ടവൾക്ക് വാക്ക് കൊടുത്തു.. കൂടുതലൊന്നും ചിന്തിക്കാൻ അനുവദിക്കാതെ അവനെ ഭ്രാന്തമായി പുൽകികൊണ്ട് വസു ആ നെഞ്ചോരം ചേർന്നു നിന്നു.. അനന്തന്റെ ഹൃദയം അതി ശക്തമായി തന്നെ മിടിച്ചുകൊണ്ടിരുന്നു.. ഒരാശ്വാസം എന്ന വണ്ണം അവന്റെ ഒരു കൈ അവളിൽ പിടിമുറുക്കി.. മറു കൈ ആ തലയിൽ തലോടി കൊണ്ടിരുന്നു..

ഹരിപ്രിയയെം വസുവിനേം കൂട്ടാനായി വന്ന കണ്ണൻ കാണുന്നത് അനന്തന്റെ നെഞ്ചോരം ചേർന്നു നിൽക്കുന്ന വസുവിനെയും അവളെ തന്നോട് അടക്കി പിടിച്ചിരിക്കുന്ന അനന്തനെയുമാണ്.. ആ കണ്ണുകളിൽ അലയടിക്കുന്നതത്രയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും തിരകളാണെന്ന് അവൻ തിരിച്ചറിഞ്ഞു.. അവളെ ആശ്വസിപ്പിക്കുന്ന ആ കൈകളിൽ ആ തലോടലുകളിൽ മുന്നിട്ട് നിൽക്കുന്നത് അത്രയും വാത്സല്യം തന്നെ എന്ന് വീണ്ടും വീണ്ടും കണ്മുന്നിൽ ബോധ്യപ്പെടുകയായിരുന്നു..

ഫോൺ ശബ്‌ദിച്ചതും എമർജൻസി ഉണ്ടെന്ന് കേട്ടപ്പോൾ അവൻ അവിടെ നിന്നും നടന്നു നീങ്ങി.. എന്നെന്നേക്കുമായി വസിഷ്ഠ ലക്ഷ്മിയുടെ ജീവിതത്തിൽ നിന്നും.. റിലാക്സ് സിഷ്ഠ എന്ന അനന്തന്റെ വാക്കുകളിൽ ഞെട്ടി അവനിൽ നിന്നും അടർന്നു മാറുമ്പോൾ തന്റെ ഹൃദയം തന്നിൽ നിന്നും ദൂരേക്ക് പോകുന്നതായി തോന്നി.. മിടിക്കാൻ മറന്നവ തന്നെ വിട്ടകലുന്നത് പോലെ.. ശ്വാസം പോലും വിലങ്ങിയത് പോലെ.. ഞാൻ പെട്ടന്ന് അറിയാതെ എന്ന് പറഞ്ഞു തിരിഞ്ഞു നിന്ന അവളുടെ കയ്യിൽ അനന്തൻ തന്റെ കൈകൾ ചേർത്തു.. ഇനിയൊരിക്കലും വിട്ടുകളയാൻ ആഗ്രഹിക്കാത്തത് പോലെ..

അവനിലേക്ക് അവളുടെ മിഴികൾ പതിഞ്ഞതും.. അവന്റെയുള്ളിൽ സമരത്തിലിരുന്ന പ്രണയത്തിന്റെ സ്വരം പുറത്തേക്ക് തികട്ടി വന്നു കൊണ്ടിരുന്നു.. സിഷ്ഠാ നിന്നെ ഞാൻ പ്രണയിക്കുന്നു.. എന്നാൽ ആ വാക്കുകളേക്കാൾ ഉച്ചത്തിൽ അവയെ ഭേദിച്ചുകൊണ്ട് അനന്തന്റെ ഫോൺ റിങ് ചെയ്തു.. തെല്ലൊരു ദേഷ്യത്തോടെ ഫോൺ എടുത്തു കാതോരം ചേർത്തു.. എന്താ മാളൂ.. ദേഷ്യത്തോടെ തന്നെ തിരക്കിയതും.. മറുപുറത്തു നിന്നും മാളവിക പറഞ്ഞു.. അനന്താ ആനിയാന്റിക്ക് പെട്ടന്ന് പ്രഷർ ഉയർന്നു..

ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. ഒന്ന് പെട്ടന്ന് വാ.. കേട്ട വാർത്തയിൽ വസുവിലെ പിടി അഴയുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ശൂന്യമായി മനസും ശരീരവും.. സ്വബോധം വീണ്ടെത്തുകൊണ്ട് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞവളിൽ നിന്നും ഓടിയകലുമ്പോൾ നന്ദനോ സിഷ്ഠയോ അറിഞ്ഞിരുന്നില്ല.. ഈ അകൽച്ച ഈ ജന്മം മുഴുവൻ പേറേണ്ടി വരുമെന്ന്.. സിഷ്ഠയെ തനിച്ചാക്കി അവളുടെ പ്രാണൻ അവളെ വിട്ടകലുകയാണെന്ന് അവളോ അവനോ അറിഞ്ഞിരുന്നില്ല..

തന്നോട് യാത്രപോലും പറയാതെ വർഷങ്ങൾക്ക് മുൻപ് സിഷ്ഠ പോയത് പോലെ.. ഇന്ന് നന്ദനും… രാത്രിയോടെ ഹോസ്പിറ്റലിൽ എത്തിയതും ആനിയുടെ അവസ്ഥയിൽ മാറ്റമൊന്നും ഇല്ലെന്ന് അറിഞ്ഞു.. മണിക്കൂറുകൾ പരിഭ്രാന്തിയോടെ തള്ളി നീക്കുകയായിരുന്നു അവനും.. അമ്മച്ചിക്ക് വേണ്ടി അവൻ മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.. ഇതേ സമയം തന്റെ സിഷ്ഠയെ ഓർക്കാനും അനന്തൻ മറന്നില്ല.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പിറ്റേന്ന് വൈകീട്ടോടെ ആനി കണ്ണുതുറന്നതും അനന്തനും അവന്റെ മുത്തശ്ശനും കയറി കണ്ടു.. ചെറുതായി സംസാരിക്കാൻ തുടങ്ങിയിരുന്നു ആനി.. അനന്തനെ കണ്ടതും അവരുടെ മിഴികൾ നിറഞ്ഞു.. ആശ്വസിപ്പിക്കാൻ എന്നോണം അനന്തൻ അവരുടെ കൈകളിൽ ഒന്ന് തലോടി.. കൂടെ കയറിയ മുത്തശ്ശൻ ആനിക്കരികിൽ വന്നു നിന്നു.. മോളെ ആനി.. എന്റെ വാശി കാരണമാണ് നിങ്ങൾ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നത്.. നിനക്കും ഗോപനും അമല മോൾക്കും അനന്തനുമെല്ലാം..

എല്ലാത്തിനും മോളെന്നോട് ക്ഷമിക്കണം.. ആനിയുടെ അടുത്ത് വന്നു നിന്നു കൊണ്ടയാൾ കരഞ്ഞു.. മറുപടിയായി ആനി ആ വേദനയിലും പുഞ്ചിരിച്ചു.. അർഹത ഇല്ലെന്നറിയാം.. എന്റെ വാശികൊണ്ട് ഞാൻ നിഷേധിച്ച എല്ലാ ബന്ധുബലവും ഞാൻ നിനക്കും മക്കൾക്കും തിരികെ തരാൻ ആഗ്രഹിക്കുന്നു.. കൂടെ പ്രായശ്ചിത്തമെന്നോണം എന്റെ മിഥു മോളെയും.. മുത്തശ്ശൻ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ അനന്തൻ അദ്ദേഹത്തെ നോക്കി.. മിഥുമോൾക്ക് അനന്തനെ കഴിഞ്ഞ നാലു വർഷങ്ങളായി ഇഷ്ടമാണ്..

രണ്ടുദിവസം മുൻപാണ് അവൾ എന്നോട് തന്നെ ഇത് പറഞ്ഞത്.. അമ്മയില്ലെന്നൊരു കുറവേയുള്ളു കുറച്ചു വാശിയും.. പക്ഷേ അവളൊരു പാവമാണ്.. ആനിക്ക് സമ്മതമല്ലേ അവളെ അനന്തന് കൊടുക്കാൻ.. അയാൾ ചോദിച്ചതും അനന്തൻ ഞെട്ടിക്കൊണ്ട് ആനിയെ നോക്കി… എന്നാൽ ആ കണ്ണുകളിൽ തിളക്കവും നന്ദിയുമാണ് മുന്നിട്ട് നിന്നിരുന്നത്.. ആ തിളക്കം അനന്തനെ ഇരുട്ടിലാക്കി. അനന്തനെ പോലും അമ്പരപ്പിച്ചുകൊണ്ട് ആനി മുത്തശ്ശൻറെ കയ്യിൽ വാക്കെന്ന പോലെ കൈചേർത്തു വച്ചു..

പക്ഷേ അമ്മച്ചി എന്റെ സമ്മതം എന്തേ വേണ്ടേ? വയ്യാതെ കിടക്കുവാണെന്ന് പോലും നോക്കാതെ മുത്തശ്ശൻ ഇറങ്ങിയതും അനന്തൻ അവരോട് ക്ഷോപിച്ചു.. പെട്ടന്ന് താൻ എന്താണ് പറഞ്ഞതെന്ന് ബോധ്യം വന്നതും അനന്തൻ അവരുടെ അടുത്ത് വന്നു നിന്നു.. അമ്മച്ചി.. അമ്മച്ചിക്കറിഞ്ഞൂടെ എന്റെ മനസ്.. എന്റെ കാത്തിരിപ്പ്.. സിഷ്ഠയെ അല്ലാതെ മറ്റാരെയും എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല.. ഇനിയും.. ഇനിയും നീയവളെ കാക്കുന്നുണ്ടോ നന്ദാ.. എങ്കിൽ എനിക്ക് ആ പ്രതീക്ഷയില്ല.. ആനി വേദന കടിച്ചു പിടിച്ചു പറഞ്ഞു.. ഉണ്ട്.. എന്റെ സിഷ്ഠയെ ഞാൻ കണ്ടെത്തി കഴിഞ്ഞു..

അവളെ ഞാൻ കൂടെ കൂട്ടും.. അനന്തൻ പറഞ്ഞതും ആനി അവിശ്വസനീയതയോടെ അവനെ നോക്കി.. വസുവിനെ നീ കണ്ടെന്നോ? ആനി ചോദിച്ചു.. ആ.. അവളെന്റെ പെണ്ണാണ്.. എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും ഞാൻ അവളെ തിരിച്ചറിഞ്ഞമ്മച്ചി.. എനിക്ക് അവളെ വേണം.. എന്നെ മാത്രം വിചാരിച്ചു ജീവിക്കുന്ന പെണ്ണാണ് അവൾ.. അവൾക്ക്.. വസൂന് എല്ലാം ഓർമ്മ വന്നോ? എന്നിട്ടും എന്തേ നമ്മളെ തിരക്കി വന്നില്ല? ആനി ചോദിച്ചതും അനന്തൻ കാര്യങ്ങൾ ചുരുക്കി അവരെ ധരിപ്പിച്ചു.. കൊള്ളാം നന്ദാ..

അവൾക്ക് നിന്നെ ഇപ്പോഴും മനസിലായിട്ടില്ല.. പിന്നെ എങ്ങനെ നീ അവളെ ജീവിതത്തിലോട്ട് കൂട്ടും.. മുത്തശ്ശന് ഞാൻ വാക്കു കൊടുത്തത് നീയും കണ്ടതല്ലേ.. എന്നോട് ചോദിച്ചിട്ടാണോ അമ്മച്ചി അത് ചെയ്തത്.. എന്റെ ജീവിതമല്ലേ അമ്മച്ചി.. വാക്ക് കൊടുത്താൽ അത് മാറ്റുന്നവളല്ല ഈ ആനി നന്ദഗോപൻ.. എന്റെ മകനാണ് നീ എങ്കിൽ മിഥുനയെ നീ വിവാഹം കഴിക്കണം.. ഞാൻ കാരണം നിന്റെ അച്ഛന് അദ്ദേഹത്തിന്റെ കുടുംബം നഷ്ടമായി.. ഒരു അച്ഛന് മകനെ നഷ്ടമായി.. ആ അച്ഛന്റെ ഈ ആഗ്രഹമെങ്കിലും എനിക്ക് സാധിച്ചു കൊടുക്കണം..

അവരെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അനന്തൻ പറഞ്ഞു.. വർഷങ്ങൾക്ക് മുൻപ് നിങ്ങൾ സഹോദരനായി കണ്ട സഹദേവൻ എന്ന മനുഷ്യന് എന്റെ അച്ഛൻ നന്ദഗോപൻ കൊടുത്ത ഒരു വാക്കുണ്ട് അനന്ത് പദ്മനാഭ് ന് ഒരു പെണ്ണേയുള്ളു. അത് വസിഷ്ഠ ലക്ഷ്മി ആണെന്ന്.. വാക്ക് കൊടുത്തവരെ മരിച്ചു പോയിട്ടുള്ളൂ.. സാക്ഷികൾ ഇന്നും ജീവിച്ചിരിപ്പുണ്ട് അമ്മച്ചി.. വർഷങ്ങളായി അവളെ മാത്രം പ്രണയിച്ചു കൊണ്ട് ഞാനും.. ആനി മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും മകനെ തന്നെ നോക്കി കാണുകയാണ്..

ശരി ഞാൻ സമ്മതിക്കാം.. പക്ഷേ .. അവൾ നമ്മളെ ഓർക്കുന്നെങ്കിൽ മാത്രം.. അവളെ ഞാൻ ഒരിക്കൽ കണ്ടതല്ലേ? എന്നിട്ടും അവളെന്നെ ഓർത്തില്ലല്ലോ? നിന്റെ അച്ഛൻ വാക്ക് കൊടുത്തത് സഹദേവന്റെ മകൾ ആയ വസിഷ്ഠ ലക്ഷ്മിയെ അനന്ത് പദ്മനാഭ് ന്റെ പെണ്ണാക്കാം എന്നാണ്.. അല്ലാതെ ജയപ്രകാശിന്റെ മകൾ ആയ വസിഷ്ഠയെ അല്ല.. അമ്മച്ചി പറഞ്ഞത് പോലെ ഒരിക്കലും നടക്കില്ലെന്ന് അറിയില്ലേ? അവൾക്കിനി ഓർമ്മകൾ തിരികെ കിട്ടിയില്ലെങ്കിൽ.. പക്ഷേ എനിക്ക് ഓർമകളുണ്ടല്ലോ..

എനിക്ക് മറവിയൊന്നും ഇല്ല.. അമ്മച്ചി സമ്മതിച്ചാലും ഇല്ലെങ്കിലും സിഷ്ഠയെ ഞാൻ കൊണ്ടുവരും എന്റെ പെണ്ണായി.. അത്രയും പറഞ്ഞു തിരികെ നടക്കാൻ ഒരുങ്ങിയ അനന്തനെ വിളിച്ചു ആനി പറഞ്ഞു.. മോൻ ഒന്ന് നിന്നെ.. തൊട്ടടുത്ത ടേബിളിൽ ഇരുന്ന ബ്ലേഡ് കയ്യിലെടുത്തു കൊണ്ട് ആനി പറഞ്ഞു.. നിന്റെ ഇഷ്ടമാണ് നിനക്ക് വലുതെങ്കിൽ എനിക്ക് നിന്റെ മുത്തശ്ശന് നൽകിയ വാക്കാണ് വലുത്.. അത് തെറ്റിക്കേണ്ടി വന്നാൽ പിന്നെ ഈ ആനി ജീവനോടെ കാണില്ല.. ബ്ലേഡ് തന്റെ കൈ തണ്ടയിൽ ചേർത്തു വരച്ചു കൊണ്ട് ആനി പറഞ്ഞതും അനന്തൻ വന്ന് അത് തട്ടി മാറ്റി.. മിഥുനയെ വിവാഹം കഴിക്കാമെന്ന് എനിക്ക് വാക്ക് താ..

ഇല്ലെങ്കിൽ ഈ അമ്മച്ചിയെ നീ അങ് മറന്നേക്ക്.. ഇത്രയും നാൾ നിനക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചത്.. നിന്നെ മറന്നൊരു പെണ്ണാണ് ഈ അമ്മച്ചിയേക്കാൾ വലുതെങ്കിൽ ഞാൻ മരിച്ചോളാം.. കൊടുത്ത വാക്ക് പാലിക്കാത്തവളായി ഞാൻ ജീവിക്കില്ല.. കണക്ക് പറയാണോ അമ്മച്ചി? എന്റെ പ്രാണനെ വെച്ചു കണക്കു പറയുവാണോ? ഞാൻ കാരണം ജീവൻ കളയണ്ട.. കണക്കു പുസ്തകോം തുറക്കേണ്ട.. അനന്തൻ ചത്ത് ജീവിച്ചോളാം.. നിങ്ങളുടെ ഒക്കെ വാക്കും ഇഷ്ടങ്ങളും നടക്കട്ടെ.. മോനെ അനന്താ മുറിയിൽ നിന്നും ഇറങ്ങിയ അനന്തനെ ആനി വിളിച്ചതും തിരിഞ്ഞു നിന്നവൻ പറഞ്ഞു..

മോനെ ന്ന് വിളിച്ചിനിയും പരിഹസിക്കല്ലേ അമ്മച്ചി.. എന്റെ ജീവിതം തന്നെ തന്നില്ലേ.. ഇനിയൊന്നും എന്റെ കയ്യിലില്ല.. അപേക്ഷയാണ് ഇത്തിരി നേരം എന്നെ തനിച്ചു വിടാമോ? ആ മുറിക്കു പുറത്തിറങ്ങിയതും അനന്തൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.. തന്റെ പ്രാണൻ.. ഉപേക്ഷിക്കേണ്ടി വന്നാൽ പിടഞ്ഞു തീരില്ലേ തന്റെ സിഷ്ഠ.. ഇനിയെന്ത്.. അമ്മച്ചിയുടെ ജീവൻ.. വാക്ക് പാലിക്കാൻ ഏതറ്റം വരെയും പോകും..

മുത്തശ്ശൻ അറിഞ്ഞാൽ ചിലപ്പോൾ സിഷ്ഠയെ വരെ അപകടപ്പെടുത്തുമോ? സംഘർഷങ്ങളും ഭയവും ചിന്തകളെ വഴി തിരിച്ചു വിട്ടു കൊണ്ടിരുന്നു.. വിദൂരതയിലേക്ക് നോക്കി നിന്നതും പിന്നിൽ ഒരു കരസ്പർശം അറിഞ്ഞു.. തിരിഞ്ഞു നോക്കിയതും കണ്ട ആളിൽ അവസാന പ്രതീക്ഷ മിന്നി മാഞ്ഞു.. കാത്തിരിക്കാം.. ചെമ്പകം പൂക്കും യാമങ്ങൾക്കായി..

അഷിത കൃഷ്ണ (മിഥ്യ )

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 51

-

-

-

-

-