Wednesday, January 22, 2025
Novel

ജീവാംശമായ് : ഭാഗം 15

നോവൽ
എഴുത്തുകാരി: അഗ്നി


അവർ ഒന്ന് ചിരിച്ചുകൊണ്ട് പുഞ്ചിരിയോടെ ഇരിക്കുന്ന നിലായുടെ അടുക്കലേക്ക് ചെന്നു….

“ഞാൻ അരുന്ധതി….”
അവർ പറഞ്ഞു തുടങ്ങി…

“അരുന്ധതി ഫ്രഡറിക്….
പേര് കേട്ട് ഞെട്ടേണ്ട…നല്ല അസ്സല് ഒളിച്ചോട്ട കല്യാണം ആയിരുന്നു…അതുകൊണ്ട് വീട്ടുകാരെ നമുക്ക് നഷ്ടം ആയി…

അരുന്ധതി അവരുടെ ജീവിതം അവളുടെ മുന്നിൽ തുറന്നു കാട്ടുവാനായി തുടങ്ങി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഫ്രഡറിക്….ഞാൻ പഠിച്ച ബാംഗ്ലൂർ മെഡിക്കൽ കോളേജിലെ എന്റെ സീനിയർ ആയിരുന്നു…റാഗിങ്ങിൽ നിന്നും എന്നെ രക്ഷിച്ച ഒരു സീനിയറിനോട് തോന്നിയ ആരാധന പ്രണയമാകാൻ സമയം അധികം വേണ്ടി വന്നില്ല…

അവസാനം ഞാൻ തന്നെയാണ് ഒരു പ്രണയദിനത്തിൽ അങ്ങോട്ട് ചെന്ന് എന്റെ ഇഷ്ടം തുറന്നു പറഞ്ഞത്…

പക്ഷെ അത് അദ്ദേഹം എല്ലാം മുന്നമേ കണ്ടിട്ടാവണം എന്നെ മടക്കിയയച്ചു… ഇച്ഛായൻ പേരു കേട്ട ക്രിസ്തീയ തറവാടായ പാലയ്ക്കലിലെ അംഗം ആയിരുന്നു ..ഞാനോ ഹൈന്ദവ വിശ്വാസങ്ങൾ എല്ലാം കൃത്യമായ് അനുഷ്ഠിക്കുന്ന മഠത്തിൽപ്പറമ്പിൽ തറവാട്ടിൽ നിന്നും…

അദ്ദേഹം.മടക്കി അയച്ചെങ്കിലും ഞാൻ വീണ്ടും ഒരു നാണവും കൂടാതെ അദ്ദേഹത്തിന്റെ പിന്നാലെ നടന്നു…അവസാനം പിറ്റേ വർഷം ഇച്ഛായൻ മൂക്കും കുത്തി വീണു…

അപ്പോഴേക്കും ഇച്ഛായന് ഹൗസ് സർജൻസി ആയിരുന്നു…അത് അവിടെത്തന്നെ ചെയ്‌തതുകൊണ്ട് ഞങ്ങൾക്ക് ഇടയ്ക്കിടെ കാണുവാൻ അവസരമുണ്ടായിരുന്നു…

കത്തുകളിലൂടെയാണ് ഞങ്ങൾ പ്രണയിച്ചത്…അവരുടെ ഹോസ്റ്റലിലെ എന്റെ സുഹൃത്തും സഹപാഠിയുമായ കിഷൻ ലാൽ ആയിരുന്നു ഞങ്ങളുടെ ഹംസം…

അങ്ങനെ തരക്കേടില്ലാതെ പ്രണയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…ഇച്ഛായൻ ഹൗസ് സർജൻസിയും കാർഡിയോളജിയിൽ പി.ജിയും കഴിഞ്ഞു…അപ്പോഴേക്കും ഞാൻ ഹൗസ് സർജൻസി ആയിരുന്നു…

പിജി കഴിഞ്ഞ് ഇച്ഛായന് ചെന്നൈയിലിലെ അപ്പോളോ ആശുപത്രിയിൽ തന്നെ കയറിപ്പറ്റുവാൻ കഴിഞ്ഞു…

അങ്ങനെയിരിക്കെയാണ് എന്റെ ഒരു ഏട്ടന്റെ വിവാഹം പ്രമാണിച്ചു എനിക്ക് നാട്ടിലേക്ക് വരേണ്ടി വന്നത്….ആ വരവിൽ എന്റെ ബുക്കിനിടയിൽ നിന്നും എന്റെ ഏട്ടന്മാർക്ക് ഈ കത്തുകൾ ലഭിക്കുവാൻ ഇടയായി…

അവസാനം അത് അടിയായി ഞാൻ വീട്ടു തടങ്കലായി…എങ്കിലും എന്റെ അച്ഛന്റെ ഏറ്റവും ഇളയ സഹോദരി..ഞങ്ങൾ തമ്മിൽ പന്ത്രണ്ട് വയസ്സിന്റെ വെത്യാസം മാത്രമേ ഉള്ളു……

അവർക്ക് ഒരാളെ ഇഷ്ടം ആയിരുന്നു..എന്നാൽ അച്ഛഛൻ ആ ഇഷ്ടം നിരസിച്ചു വേറെ ഒരാളുമായി അപ്പച്ചിയുടെ വിവാഹം കഴിപ്പിച്ചു…

അവസാനം കുഞ്ഞുങ്ങളെ പ്രസവിക്കുവാനുള്ള കഴിവ് അപ്പച്ചിക്ക് ഇല്ല എന്നും പറഞ്ഞുകൊണ്ട് അയാൾ.അവരെ ഉപേക്ഷിച്ചു…

അന്ന് മുതൽ അപ്പച്ചി വീട്ടിൽ തന്നെ ആയിരുന്നു…ആർക്കും ഒരു ശല്യം ഉണ്ടാക്കാതെ ജീവിച്ചു പൊയ്ക്കൊണ്ടിരുന്നു….

അപ്പച്ചിയുടെ പ്രണയിതാവ് അപ്പച്ചിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞു ആരെയും വേദനിപ്പിക്കാതെ ഇരിക്കുവാൻ സന്യാസവും സ്വീകരിച്ചു…

അതുകൊണ്ട് തന്നെ പ്രണയത്തിന്റെ വില എന്തെന്ന് ആറിയാവുന്ന അപ്പച്ചി തന്നെ എനിക്ക് വേണ്ടി വീട്ടിൽ ആരും ഇല്ലാതിരുന്ന ഒരു ദിവസം നോക്കി ഇച്ചായന്റെ ഹോസ്പിറ്റലിലേക്ക് വിളിച്ചു കാര്യം പറഞ്ഞു….

അങ്ങനെ ഇച്ഛായന്റെ നിർദേശപ്രകാരം കോളേജിലുള്ള ഇച്ഛായന്റേ സീനിയർ ആയിരുന്ന ഒരു ഡോക്ടർ വീട്ടിലേക്ക് വിളിച്ച് കോളേജിൽ ഒരു ഫെസ്റ്റ് ഉണ്ടെന്നും അതിനായി എന്നെ വിടണം എന്നുമെല്ലാം പറയിപ്പിച്ചു….

അങ്ങനെ അപ്പച്ചിയുടെയും എന്റെ ഒരു ഏട്ടന്റെയും കൂടെ ഞങ്ങൾ ബാംഗ്ലൂരിൽ കോളേജിലെ ഫെസ്റ്റിനായി വന്നു….

അത് ശെരിക്കും പഠിക്കുന്നവർക്കുള്ളതായിരുന്നു… ഹൗസ് സർജൻസിക്കാർക്ക് ഉള്ളത് അല്ലായിരുന്നു…

ഇച്ഛായൻ ചെന്നൈയിൽ ആണ് ഉള്ളതെന്ന് അറിഞ്ഞതിനാൽ ചേട്ടൻ എന്നെയും അപ്പച്ചിയെയും കോളേജിൽ ആക്കിയിട്ട് എവിടേക്കോ പോയി…

ആ സമയം കൊണ്ട് ഞങ്ങൾ രെജിസ്റ്റർ ഓഫീസിൽ പോയി വിവാഹം രെജിസ്റ്റർ ചെയ്തു..എന്നിട്ട് അന്ന് വൈകുന്നേരം വീട്ടിലേക്ക് വന്നു….

അന്നേക്ക് മുപ്പത്തിയഞ്ചാം ദിവസം വീട്ടുകാർ എന്റെ വിവാഹം തീരുമാനിച്ചു….രെജിസ്റ്റർ ചെയ്ത മുപ്പതാം ദിവസം അത് നിയമപരമായി കഴിഞ്ഞ് ഞാൻ വീട്ടുകാർ തീരുമാനിച്ച വിവാഹം നടക്കുന്നതിന് അഞ്ചു ദിവസം മുന്നേയുള്ള ഒരു രാത്രി അപ്പച്ചിയുടെ സഹായത്തോടെ വീട് വിട്ടിറങ്ങി….

ഇച്ഛായൻ എന്നെ കൂട്ടാൻ വന്നിട്ടുണ്ടായിരുന്നു….അവിടം മുതൽ പുതിയ ഒരു ജീവിതമായിരുന്നു ഞങ്ങൾക്ക്…

ഇച്ഛായന്റെ അപ്പച്ചൻ ഇച്ഛായനെ പുറത്താക്കിയെങ്കിലും അപ്പച്ചൻ അറിയാതെ അമ്മച്ചിയും ഇച്ഛായന്റെ അനിയനും ഞങ്ങളെ കാണുവാൻ വരുമായിരുന്നു…

എന്റെ വിവരങ്ങൾ അറിഞ്ഞ വീട്ടുകാർ എന്നെ പുറത്താക്കി…നിശ്ചയിച്ച മുഹൂർത്തത്തിൽ എന്റെ വകയിലൊരു അനിയത്തിയെ അദ്ദേഹത്തിന് കെട്ടിച്ചു കൊടുത്തു…

പിന്നെ ഞാൻ ഗൈനക്കോളജിയിൽ എം.ഡി.കൂടെ പൂർത്തിയാക്കിയത്തിന് ശേഷമാണ് ഞങ്ങൾ ഒന്നിച്ചൊരു ജീവിതം തുടങ്ങിയത് തന്നെ…

പിന്നീട് ഞങ്ങളുടെ ജീവിതത്തിലെ സുഖസുന്ദരമായ നാളുകൾ ആയിരുന്നു… അതിന് മാറ്റുകൂട്ടാൻ എന്നോണം ഞങ്ങളുടെ മകൾ ആദില ഫ്രെഡറിക്കിന്റെ ജനനവും…

ഇതിനിടയിൽ ചെറിയ പ്രായത്തിൽ തന്നെ അനേകം ഹാർട്ട് ഓപ്പറേഷനുകൾ നടത്തി അനേകം പേരുടെ ജീവൻ രക്ഷിച്ചതിനുള്ള നന്ദി സൂചകമായും ആശുപത്രിയുടെ പേര് വളരുവാൻ ഇത് കാരണമായതിനാലും ആശുപത്രിയുടെ നാൽപ്പതോളം ശതമാനം ഷെയറുകൾ ഇച്ഛായന് കൈവശമായിരുന്നു….

അങ്ങനെ വർഷങ്ങൾ കടന്നുപോയി….വളരെ സന്തോഷകരമായി ഞങ്ങൾ മൂന്നുപേരും ജീവിതം നയിക്കുമ്പോഴാണ് ഒരിക്കൽ….അന്ന് ദില മോൾക്ക് പ്രായം പതിനഞ്ച് വയസ്സായിരുന്നു…..പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയം…

ഇച്ഛായന്റെ വീട്ടിൽ നിന്നും അമ്മച്ചിക്ക് ഇച്ഛായനെ കാണണം എന്നും പറഞ്ഞുകൊണ്ട് വിളി വന്നത്…

അങ്ങനെയെങ്കിൽ ദിലമോളേയും കൂടെ കൊണ്ടുപോകാം എന്ന് തീരുമാനിച്ചു….അങ്ങനെ ഞങ്ങൾ പോയ ആ യാത്രയിൽ….”

അമ്മിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നുകൊണ്ടിരുന്നു…അവരുടെ ശബ്ദം ഇടറി…

“ഒരു അപകടം….അവസാനം ഒരു നോക്ക് പോലും കാണാനാകാതെ ഇച്ഛായനും ഞങ്ങളുടെ ദില മോളും പോയി….

ഞാൻ ഒരു വർഷത്തോളം കോമാ സ്റ്റേജിൽ കിടന്നു..എന്റെ വിവരം അറിഞ്ഞു വീട്ടുകാരെ എതിർത്ത് അപ്പച്ചി എന്നെ നോക്കുവാൻ വന്നു….

അവസാനം കുറച്ചധികം വർഷങ്ങൾ എടുത്തു ഞാൻ ഇന്ന് കാണുന്നതുപോലെ ആകുവാൻ….

ഇച്ഛായന്റെ മരണത്തോടെ ഇച്ഛായനെ ആശുപത്രിയിലെ ഷെയറുകൾ എല്ലാം എന്റെ പേരിൽ ആയി…അത് തിരികെ കൊടുക്കുവാൻ ഒരുങ്ങിയ എന്നെ അവർ തടഞ്ഞു…പകരം എനിക്ക് വീണ്ടും എനിക്ക് തോന്നുന്ന സമയത്ത് അവിടെ വീണ്ടും റീജോയിൻ ചെയ്യുവാനുള്ള അനുമതിയും തന്നു…

ഇച്ഛായന്റെ ഓർമ്മകളിൽ നിന്നും ഞാൻ കര കയറില്ല എന്നായപ്പോൾ അപ്പച്ചിയുടെ എറണാകുളത്തുള്ള കൂട്ടുകാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസമായി…

എന്റെ വിരസത മാറുവാനാണ് ഞാൻ അപ്പച്ചിയുടെ നിര്ബന്ധപ്രകാരം അവിടെയുള്ള മെഡിക്കൽ കോളേജിൽ പഠിപ്പിക്കുവാനായി പോയത്…

ഞാൻ കയറിക്കഴിഞ്ഞുള്ള രണ്ടാമത്തെ ബാച്ചിലാണ് എലിസബത്ത് വരുന്നത്…..സെൽഫ് ഇൻട്രോയിൽ പപ്പയുടെ കാര്യം മാത്രം പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി….

പിന്നീട് സംസാരിച്ചപ്പോഴാണ് ലിസയുടെ മമ്മിയുടെ മരണം അറിയുന്നത്…അവളെ കണ്ടപ്പോൾ എനിക്ക് എന്റെ ദിലയെ ആണ് ഓർമ്മ വന്നത്…അങ്ങനെ ഞാൻ അവൾക്ക് അമ്മയുടെ സ്ഥാനത്തായി…

ഞായറാഴ്ചകളിൽ വീട്ടിൽ പോയിട്ട് വരുമ്പോൾ അവൾ എന്റെ വീട്ടിൽ താമസിച്ചു…അങ്ങനെ ഞാൻ അവൾക്ക് അമ്മിയായി…കൂടെ അവളുടെ അനിയനായ ഇമ്മുവിനും….”

അവർ പറഞ്ഞു നിർത്തി…….

“ഇതാണ് നിലാ ഞാൻ പറഞ്ഞ ആ സർപ്രൈസ്…കർമ്മം കൊണ്ട് ഞങ്ങളുടെ അമ്മയായി മാറിയ അമ്മി….

അമ്മി വഴിയാണ് ഞങ്ങൾ രണ്ടുപേരും അപ്പോളോയിൽ കയറിയത്…ഇചേച്ചിയുടെ സീനിയറും അമ്മിയാണ്….

നമ്മുടെ വിവാഹത്തിന് വന്നില്ല…അതിന് ഞാൻ പിണക്കത്തിലായിരുന്നു…”

ഇമ്മാനുവേൽ പറഞ്ഞു നിറുത്തി…

“മോളെ..ഇനി ഇവരുടെ മാത്രം അല്ല മോൾടെ കൂടെ അമ്മിയാണ് ഞാൻ കേട്ടോ….”
നിലായുടെ മുഖം കൈക്കുമ്പിളിൽ എടുത്തുകൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് പറഞ്ഞു….അവൾ അവരെ ഇറുകെപുണർന്നു…..

**************************************************************************************

അവർ അന്ന് അവിടെയാണ് താമസിച്ചത്…കുറച്ചുനേരം കൊണ്ട് തന്നെ നിലാ അമ്മിയുമായി അടുത്തു….അവരുടെ അടുപ്പം കണ്ടപ്പോൾ മനുവിനും സന്തോഷമായി…

പിറ്റേന്ന് പോകുന്നതിന് മുന്നേ അമ്മി നിലായെ വിളിച്ച് ഒരു ചില്ല് കുപ്പി അവളുടെ കൈകളിലേക്ക് വച്ചുകൊടുത്തു….

“ഇതെന്നതാ അമ്മി….?”
അവൾ ചോദിച്ചു…

“ഇതോ…ഇത് ഞാൻ മോൾടെ മുടി വളരുവാനായി കാച്ചിയ എണ്ണയാണ്…കാച്ചി എന്നതിൽ ഉപരി എന്നെക്കൊണ്ട് ഒരാൾ കാച്ചിപ്പിച്ചു എന്ന് പറയുന്നതാകും ശെരി അല്ലെ ഇമ്മൂട്ടാ….”
അരുന്ധതി മനുവിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….

മനു നന്നായി ചിരിച്ചു കാണിച്ചു….അന്ന് ശനിയാഴ്ച ആയതിനാൽ മനുവിന് ഓഫ് ആയിരുന്നു…

“അതേലോ..അമ്മിക്കറിയാലോ എന്റെ മുടിയോടുള്ള പ്രേമം…അതുകൊണ്ടല്ലേ അമ്മിക്കും പനങ്കുല പോലെയുള്ള ഈ മുടി…ഇനി ഇന്ന് മുതൽ ഈ മുടി വളർത്തുന്ന ചുമതല എന്റേതാണ് മോളെ….”
അവൻ അതും പറഞ്ഞുകൊണ്ട് നിലായുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു…

“ഹാ…നിങ്ങൾ എന്താണെന്ന് വച്ചാൽ ചെയ്യ്.. ഞാൻ പോകുന്നു…ഇനിയും വരാം കേട്ടോ മോളെ….എനിക്ക് ഞങ്ങളുടെ ആ പഴയ ഫ്‌ളാറ്റിൽ താമസിക്കാതെ ഉറക്കം വരില്ല അതാ….”
അവർ അതും പറഞ്ഞുകൊണ്ട് മടങ്ങിപ്പോയി….

നിലായും മനുവും അകത്തേയ്ക്കും കയറി….

അന്നുമുതൽ അവരുടെ ജീവിതം പിന്നെയും തളിരിട്ടു…. എല്ലാ ദിവസവും രാവിലെ അവൻ പോകുന്നതിന് മുന്നേ തന്നെ നിലായുടെ മുടിയിൽ എണ്ണ തേച്ച് കൊടുക്കുന്ന ജോലി മനു ഏറ്റെടുത്തു…

മുടിയെ ഓരോ ഭാഗങ്ങളായി തിരിച്ച് സമയം എടുത്ത് മനു മുടിയെ ഒരുപക്ഷേ നിലായേക്കാൾ കൂടുതൽ പരിപാലിച്ചു….അവൾക്കായി എവിടുന്നൊക്കെയോ താളിയുടെ പൊടിയും മനു വാങ്ങിക്കൊടുത്തു….

അങ്ങനെ ദിവസങ്ങൾ പൊയ്‌ക്കൊണ്ടൊരുന്നു..അതോടുകൂടെ അവരുടെ പ്രണയവും പടർന്ന് പന്തലിച്ചുകൊണ്ടിരുന്നു……നിലാ ലോയോളയിൽ തന്റെ പഠനത്തിനായി ചേർന്നു…

എം.കോം ഒന്നാം വർഷം…അവിടെ കൂടുതലും ആണ്കുട്ടികൾ ആയിരുന്നു കാരണം ബാച്ലർ ഡിഗ്രികൾക്ക് അവിടെ ആണ്കുട്ടികൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു…

അവിടെ നിന്നും പുതിയ മലയാളീ സൗഹൃദങ്ങളായ നേഹയെയും മാനസയെയും അവൾക്ക് ലഭിച്ചു…അവർ മലയാളികളാണ് പക്ഷെ ചെന്നൈയിലാണ് വളർന്നതൊക്കെ…

നിലായുടെ വിവാഹം കഴിഞ്ഞത് അറിയാവുന്ന രണ്ടേ രണ്ടു പേർ അവരായിരുന്നു…അതും നിലാ പൊട്ടുപോലെ തൊടുന്ന സിന്ദൂരത്തിൽ നിന്നുമാണവർ കണ്ടെത്തിയത്….

**************************************************************************************

ദിവസങ്ങൾ മാസങ്ങളായി പരിണമിച്ചുകൊണ്ടിരുന്നു…..മനുവും നിലായും പ്രണയമാകുന്ന കടലിൽ തമ്മിൽ തമ്മിൽ ഉള്ള ചെറിയ പിണക്കങ്ങളും പിന്നീടുള്ള വലിയ ഇണക്കങ്ങളുമായ് ജീവിതം തള്ളിനീക്കി….

ചെന്നൈ നഗരം ഇപ്പോൾ അവൾക്ക് സുപരിചിതമായതിനാൽ അവൾ രാവിലെയും വൈകുന്നേരവും ബസ്സിനാണ് കോളേജിൽ പോകുന്നത്..കൂടെ കൂട്ടുകാരും ഉണ്ടാകും…

അവൾ കോളേജിൽ പോകുന്നത്കൊണ്ട് തന്നെ മനു പൊന്നമ്മാളോട് അവരുടെ ഫ്‌ളാറ്റിലും കൂടെ ഒന്ന് വരുവാൻ പറഞ്ഞതിനാൽ ഇപ്പോൾ അവർ അവിടെ രണ്ടിടത്തുമായി ജോലി ചെയ്യുന്നു…

ശനിയും ഞായറും നിലായ്ക്ക് അവധിയായിരുന്നു….മനുവിനാണെങ്കിൽ ശെനി ഓഫും ഞായർ എന്തെങ്കിലും അത്യാവശ്യമായ കേസുകൾ ഉണ്ടെങ്കിൽ മാത്രം പോയാൽ മതിയായിരുന്നു…

എന്നിരുന്നാലും എല്ലാ രണ്ടുമാസം കൂടുമ്പോഴുള്ള രണ്ടാം ഞായറാഴ്ച മനു അവധി എടുക്കും….എന്നിട്ട് അതിന് മുന്നേയുള്ള വെള്ളിയാഴ്ച വൈകുന്നേരം തന്നെ നിലായുടെ വീട്ടിലേക്ക് ഇരുവരും കൂടെ പോകും….

അങ്ങനെ അവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് മാസങ്ങൾ കഴിഞ്ഞു…രണ്ടുപേരും ഈ ജീവിതത്തിൽ വളരെ സന്തുഷ്ടരാണ് എന്നുള്ളത് ഇരുവരുടെയും മുഖത്തെ തെളിച്ചം കാണുമ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായിരുന്നു….

അരുന്ധതിയും തോമസും ത്രേസ്യയും ആന്റണിയും എല്ലാം അതിൽ സന്തോഷിച്ചു…അരുന്ധതിയെയും നിലായുടെ മാതാപിതാക്കൾ അമ്മിയായി തന്നെ അംഗീകരിച്ചു….ചില ദിവസങ്ങളിൽ അരുന്ധതിയും അവരുടെ കൂടെ നാട്ടിലേക്ക് വന്നിരുന്നു….

അവരുടെ ജീവിതത്തോട് ദൈവത്തിന് അസൂയ തോന്നിയത് ചിലപ്പോൾ ഇതൊക്കെ കാരണം ആകാം!!!

**************************************************************************************

അന്നൊരു വ്യാഴാഴ്ച്ചയായിരുന്നു…..അന്ന് വൈകുന്നേരം കോളേജിൽ എന്തോ പരിപാടി നടക്കുന്നതിനാൽ അവരെ ഉച്ചയ്ക്ക് തന്നെ പറഞ്ഞയച്ചിരുന്നു……

അവൾ നേരെ വീട്ടിലേക്ക് വന്നു..കൂടെ മനുവിന് വാട്‌സ്ആപ്പ് വഴി ഒരു ശബ്ദ സന്ദേശവും അയച്ചിരുന്നു…അതായിരുന്നു അവളുടെ പതിവ് കാരണം അവൻ തിരക്കിൽ ആണെങ്കിലോ എന്നോർത്തിട്ട് തന്നെയാണ്….

അവൾ അവിടെ ചെല്ലുമ്പോൾ അക്ക (അവൾ പൊന്നമ്മാളെ വിളിക്കുന്നത് അങ്ങനെയാണ്….) എന്തൊക്കെയോ ജോലിയിൽ ആയിരുന്നു…

അവർക്ക് സ്‌കൂളിൽ പഠിക്കുന്ന രണ്ട് പെണ്കുഞ്ഞുങ്ങൾ ആയിരുന്നു….അന്ന് പതിവില്ലാതെ മഴക്കാറ് കണ്ടതിനാൽ തന്നെ നിലാ കോളേജിൽ നിന്നും വന്ന ശേഷം വേഗം തന്നെ അടുക്കളയിൽ കയറി…

അവൾ തന്നാലാവും വിധം എല്ലാം പൊന്നമ്മാളെ സഹായിച്ചു….ഭക്ഷണമെല്ലാം അവർ ഉണ്ടാക്കി വച്ചിരുന്നു….

എലിസബത്തിന്റെ കൂടെ കൂടി കേരളാ രീതിയിലുള്ള എല്ലാ വിഭവങ്ങളും ഉണ്ടാകുവാൻ അവർ പഠിച്ചിരുന്നു…

സാധാരണ അഞ്ചു മണി ആകുമ്പോൾ പോകാറുള്ള പൊന്നമ്മാളെ അന്ന് അവൾ നേരത്തെ പറഞ്ഞയച്ചു…എന്നിട്ട് പതിയെ മനുവിന് ഇഷ്ടമുള്ള മുന്തിരി ജ്യൂസ് ഉണ്ടാക്കുവാൻ തുടങ്ങി…

മുന്തിരി ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് അതിലേക്ക് അതിന്റെ സത്തെല്ലാം അലിയിപ്പിച്ചതിനു ശേഷം അവൾ അത് അരിച്ചെടുത്തു… എന്നിട്ട് അത് പഞ്ചസാര ചേർത്ത് ഇളക്കിയതിന് ശേഷം പതിയെ ഫ്രിഡ്ജിലേക്ക് വച്ചു…

മനു വരുവാൻ ആറര എങ്കിലും കഴിയും എന്നറിയാകുന്നത് കൊണ്ട് അവൾ വേഗം തന്നെ കുളിച്ച് പിറ്റേ ദിവസത്തേയ്ക്കുള്ള കാര്യങ്ങളൊക്കെ പഠിച്ചു വച്ചു……

പിറ്റേ ദിവസത്തേയ്ക്ക് അധികം ഒന്നും ചെയ്യുവാൻ ഇല്ലാത്തതിനാൽ അവൾ പഠിച്ചതിന് ശേഷം ചെറുതായി ഒന്ന് മയങ്ങിപ്പോയിരുന്നു…..

കോളിങ്ങ് ബെല്ലിന്റെ ശബ്ദമാണ് അവളെ ഉണർത്തിയത്…സമയം ഏഴ് കഴിഞ്ഞിരുന്നു….പുറത്ത് പെയ്യുന്ന മഴയുടെ തണുപ്പ് ഫ്‌ളാറ്റിന്റെ അകത്തളങ്ങളിലേക്കും വ്യാപിച്ചിരുന്നു…മഴയുടെ കണങ്ങൾ ബാൽക്കണിയുടെ ജാലകങ്ങളിന്മേൽ പറ്റിപ്പിടിച്ചിരുന്നു….

അവൾ ഓടിവന്ന് വാതിൽ തുറന്നതും കാണുന്നത് മഴയിൽ കുളിച്ചു കയറിവന്ന മനുവിനെയാണ്….

“ഇതെന്നതാ അച്ചാച്ചാ…ഇങ്ങനെ മഴ നനഞ്ഞത് എന്തിനാ….”
അവൾ അവനെ ശാസിച്ചുകൊണ്ട് അകത്തേയ്ക്ക് കയറ്റി എന്നിട്ട് അവിടെയുള്ള സോഫയിൽ കിടന്നിരുന്ന ഷാൾ ഉപയോഗിച്ചു പതിയെ അവന്റെ തല തോർത്തിയശേഷം അത് മാറ്റിവച്ചു…

അവനെ ഒന്നും പറയാൻ സമ്മതിക്കാതെ അവിടെയുള്ള കോമൺ ബാത്റൂമിലേക്ക് മനുവിനെ ഉന്തിക്കയറ്റി..

എന്നിട്ട് പിന്നീട് അവനുള്ള ടർക്കിയും കൈലിമുണ്ടും എടുത്ത് കൊടുത്തശേഷം അടുക്കളയിൽ ചെന്ന് ചോറ് വാർക്കാതെ കഞ്ഞിയായി എടുത്തുവച്ചു..കൂടെ അച്ചാറും പപ്പടവും…

**************************************************************************************

തലയും തോർത്തി വരുന്ന മനു കാണുന്നത് നീലു ഒരുക്കിവച്ചിരിക്കുന്ന കഞ്ഞിയും പപ്പടവുമാണ്…

“നീലുവേ….”…

വിളികേട്ട് വരുന്ന നീലു കാണുന്നത് തലയും തോർത്തിക്കൊണ്ട് നെഞ്ചുവരെ കയറ്റിയുടുത്തിരിക്കുന്ന കൈലിയുമായി നിൽക്കുന്ന മനുവിനെയാണ്….

“എന്നതാ അച്ചാച്ചാ….”
അവൾ ആ ടർക്കി കയ്യിൽ വാങ്ങിക്കൊണ്ട് ചോദിച്ചു…

“അത് ..ഇന്ന് എന്നതാ കഞ്ഞി…ഇന്നലെ ചിക്കൻ വാങ്ങിയതല്യോ….എന്നിട്ട് അത് എന്ത്യേ…എനിക്ക് ചിക്കനും ചോറും മതി പ്ലീസ്….”
സോഫയിൽ ഇരുത്തി മുടി തുവർത്തി കൊടുത്തുകൊണ്ടിരുന്ന നിലായുടെ വയറിൽ ചുറ്റിപ്പിടിച്ചവൻ പറഞ്ഞു…….

“അയ്യടാ…ദേ മാറിക്കെ…നല്ല മഴയാ പുറത്ത്..അത് നനഞ്ഞു വന്നിട്ട് ഇപ്പൊ കഞ്ഞി വേണ്ടാ എന്ന്… ഞാൻ അച്ചാച്ചൻ വരുമ്പോൾ തരുവാനായി മുന്തിരി തിളപ്പിച്ചു തണുപ്പിക്കാൻ വച്ചിട്ടുണ്ടായിരുന്നു…

ഇനി ഒന്നും.വേണ്ടാ….ആ മഴ കഴിയുന്നത് വരെ ഒന്ന് കാത്ത് നിന്നുകൂടായിരുന്നോ….അതിന് പകരം ബൈക്കിൽ കയറി നനഞ്ഞു വന്നിരിക്കുന്നു…

ഇല്ലേൽ ഇച്ചേച്ചി ഇറങ്ങുമ്പോൾ വന്നാൽ പോരായിരുന്നോ…പിള്ളേര് അവിടുത്തെ ക്രഷിൽ ആയതുകൊണ്ട് ഇച്ചേച്ചി ഇന്ന് നേരത്തെ ഇറങ്ങില്ലേ…”

“പൊന്നു നിലാവേ ഞാൻ ഒന്ന് പറയട്ടെ…നിന്നെ കാണുവാനുള്ള ധൃതിക്കാടി ഞാൻ വന്നേ….”

“പിന്നേ.. എന്നെ കണ്ടിട്ട് ഇപ്പൊ മലമറിക്കാൻ പോകുവല്ലേ…”
അവൾ പിറുപിറുത്തു…

“എന്തെങ്കിലും പറഞ്ഞോ നിലാക്കൊച്ചേ…”

“ഇല്ല….എന്നാലും എന്നാതിനാ ധൃതി…ഒരു പത്ത് മിനിറ്റ് കാത്തു നിന്നാർന്നേൽ ഇച്ചേച്ചി വരില്ലായിരുന്നോ…”

“ഇല്ലെടി..ഇന്ന് ഇച്ചേച്ചിക്ക് പെട്ടന്ന് ഒരു സിസേറിയൻ വന്നു…ചേട്ടായി സ്ഥലത്ത് ഇല്ലാത്തതുകൊണ്ട് പപ്പാ പിള്ളേരേം കൂട്ടി കറങ്ങാൻ പോയി..പിന്നെ നീ ഇവിടെ തന്നെ അതല്ലേ നല്ല മഴയായിട്ടും ഞാൻ ഓടി വന്നേ….”
അവൻ പതിയെ മൂക്കുവലിച്ചുകൊണ്ട് പറഞ്ഞു…

“നന്നായി…മൂക്കടഞ്ഞുവല്ലേ….”

“അതൊന്നും സരമില്ലെടി…നീ ഒരിച്ചിരി ചിക്കൻ താടി….” മനു കെഞ്ചി..

“ഇല്ലാ…നമുക്ക് നാളെ രാവിലെ കഴിക്കാം..ഇപ്പൊ മോൻ ഇത് കഴിച്ചേ…”
അവൾ അവന് കഞ്ഞി വിളമ്പി…കൂടെ അവളും കഴിച്ചു….

എല്ലാം കഴിഞ്ഞ് പാത്രം കഴുകിയതിന് ശേഷം മനു കുറച്ചുനേരം ടി.വി കണ്ടുകൊണ്ടിരുന്നു…..ഇത് കണ്ടിട്ടാണ് നിലാ കുളിക്കുവാൻ പോയത്…

അവൾ കുളിക്കുവാൻ കയറിയതും അവൻ വേഗം തന്നെ ആ തണുപ്പത്ത് നല്ല തണുപ്പുള്ള മുന്തിരി തിളപ്പിച്ചത് രണ്ട് ഗ്ലാസ് കൂടെ കുടിച്ചു….

നിലാ കുളി കഴിഞ്ഞു വന്നതും കുറച്ചുനേരം വിശേഷങ്ങൾ പങ്കുവച്ച ശേഷം മഴയായതിനാൽ അവർ കിടക്കുവാൻ പോയി……

**************************************************************************************

രാത്രി ഒരു രണ്ട് മണിയൊക്കെയായിക്കാണും… മഴ അപ്പോഴും തകർത്തുപെയ്തുകൊണ്ടിരുന്നു…

മഴയുടെ സംഗീതം ശ്രവിച്ചു…മഴ നൽകുന്ന ആ ശീതളിമയിൽ ഒരേ പുതപ്പിൽ ചുരുണ്ടുകൂടി ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് നിലാ ഒരു ഞരക്കം കേൾക്കുന്നത്…

അവൾ വേഗം എഴുന്നേറ്റ് ലൈറ്റിട്ട് നോക്കിയപ്പോൾ കാണുന്നത് പനിയാൽ വിറയ്ക്കുന്ന മനുവിനെയാണ്….

അവൾ ചാടി എഴുന്നേറ്റു…അവളുടെ ഉള്ളം കൈ അവന്റെ നെറ്റിത്തടത്തിലേക്ക് വച്ചുനോക്കി….

വച്ചമാത്രയിൽ തന്നെ ആ കൈ അവൾ പിൻവലിച്ചു…അവൾ വേഗം അവന്റെ മെഡിക്കൽ സംബന്ധമായ വസ്തുക്കൾ വയ്ക്കുന്ന ഡ്രോ തുറന്നു…അതിൽ നിന്നും ഡിജിറ്റൽ തെർമോമീറ്റർ എടുത്തിട്ട് അവന്റെ നെറ്റിയുടെ വശത്തോട് അത് ചേർത്ത് പിടിച്ചു ഞെക്കി…

അതിൽ തെളിഞ്ഞു വന്ന താപനില കണ്ടവൾ ചെറുതായി ഭയന്നു….നൂറ്റിരണ്ട് ഡിഗ്രി ഫാരൻഹീറ്റ്…

അവൾ ആദ്യം ഇച്ചേച്ചിയെ വിളിക്കുവാനായി ഡയൽ ചെയ്‌തെങ്കിലും അവർക്ക് ജോലി കഴിഞ്ഞു വന്ന ക്ഷീണം ഉണ്ടാകുമോ എന്നോർത്ത് ആ ശ്രമം മാറ്റിവച്ചു….പപ്പയെ വിളിക്കുവാനും തോന്നിയില്ല…

അവൾ.രണ്ടും കല്പിച്ചു അടുക്കളയിൽ ചെന്ന് ഇഞ്ചിയും ഏലക്കയും കുരുമുളകും ഇട്ട് നല്ല ഒരു കാപ്പിയുണ്ടാക്കി..കൂടെ ഒരു പാരസെറ്റമോളും എടുത്ത് അവനെ പതിയെ താങ്ങിയെഴുന്നേല്പിച്ചിരുത്തി കൊടുത്തു…

അതൊന്നും അവൻ അറിയുന്നില്ല എന്നവൾക്ക് തോന്നി..അവൾ അവനെ അതുപോലെ തന്നെ കിടത്തിയിട്ട് അടുക്കളയിൽ ചെന്ന് ഒരു ചെറിയ പാത്രത്തിൽ വെള്ളം എടുത്തു..കൂടെ രണ്ട് കഷണം തുണിയും…

അവൾ അത് കൊണ്ടുവന്ന് അവന്റെ നെറ്റിയും കയ്യും കഴുത്തുമെല്ലാം മാറി മാറി തുടച്ചുകൊണ്ടിരുന്നു…

ചൂട് കുറച്ചു കുറഞ്ഞതുപോലെ തോന്നിയപ്പോൾ അവൾ വെള്ളം കളയുവാനായി തുണിയുമ്പോഴാണ് ഒരു എരിവ് വലിക്കുന്നപോലുള്ള ശബ്ദം കേൾക്കുന്നത്….

അവൾ നോക്കിയപ്പോൾ മനുവിന്റെ വായ അനങ്ങുന്നുണ്ട്…നാക്ക് പുറത്തേക്ക് നീട്ടുന്നുമുണ്ട്….പക്ഷെ അബോധാവസ്ഥയിൽ ആയതു കൊണ്ട് ഒന്നും മനസ്സിലായില്ല…കൂടെ ചൂട് കുറഞ്ഞെങ്കിലും വിറയ്ക്കുന്നുമുണ്ട്…. പുറത്തെ തണുപ്പും പനിയുടെ അവസ്ഥയും എല്ലാം അവനെ തളർത്തിയിരുന്നു…

പൊടുന്നനെയാണ് അവൾ കാപ്പിയുടെ കാര്യം ഓർത്തത്…അവൾ ആ ഗ്ലാസ്സിൽ ബാക്കിയിരുന്നത് ഒരിറക്ക് കുടിച്ചപ്പോഴേ മനസ്സിലായി അവന്റെ വായ അനക്കുന്നതിന്റെ കാര്യം…എരിവ് ലേശം കൂടുതൽ ആയിരുന്നു….

അവൾ വേഗം പാത്രം കഴുകി അടുക്കളയിൽ നിന്ന് അൽപ്പം തേൻ കൊണ്ടുവന്നു…അത് അവന്റെ ചുണ്ടുകളിൽ പുരട്ടിക്കൊടുത്തെങ്കിലും അത് അകത്തേയ്ക്ക് ചെന്നില്ല….

അവൻ നന്നായി വിറയ്ക്കുന്നുമുണ്ടായിരുന്നു….അവസാനം അവൾ രണ്ടും കൽപ്പിച്ച് ഒരു തീരുമാനം എടുത്തു….

അവൾ താൻ ഇട്ടിരുന്ന ഷർട്ട് ഊരി മാറ്റിവച്ചു….അവളുടെ ചുണ്ടുകളിൽ തേൻ പുരട്ടി….അൽപ്പം തേൻ വായിലേക്കും ഒഴിച്ചു….

എന്നിട്ട് പതിയെ അവൻ ഇട്ടിരുന്ന സ്ലീവ്ലെസ് റൗണ്ട് നെക്ക് ടി.ഷർട്ടിന്റെ ഉള്ളിലൂടെ കയറി അവനെ കെട്ടിപ്പിടിച്ചു…..

അവളുടെ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നുപോയി…എങ്കിലും അവൾ അവന്റെ ദേഹത്തോട് ഒട്ടിക്കിടന്നു….പനിക്കാലത്ത് ഒരു പുതപ്പിൻ കീഴിൽ സ്നേഹിച്ചു കഴിയണം എന്ന് പണ്ടാരോ പറഞ്ഞതുപോലെ ഇവിടെ നിലാ അവനൊരു ആശ്വാസമായി അവനോട് ചേർന്നു കിടന്നു…

എരിവിനാൽ വിറകൊള്ളുന്ന അവന്റെ നാക്കിനയും ചുണ്ടിനെയും അവൾ തന്റെ തേൻ പുരട്ടിയ അധരങ്ങളാൽ ബന്ധിച്ചു…

തേനിന്റെ മധുരം അവന്റെ വായുടെയും അവളുടെ ഉമിനീരിന്റെ തണുപ്പ് അവന്റെ ചുണ്ടുകളുടെയും എരിവകറ്റാൻ സഹായകമായി…..

അവളുടെ ശരീരം അവന്റെമേൽ അമർന്നതുകൊണ്ടാകാം അല്പസമയത്തിന് ശേഷം അവന്റെ ശരീരം വിയർത്തു തുടങ്ങിയിരുന്നു….അവളും ആ വിയർപ്പിൽ മുങ്ങിക്കുളിച്ചു……എന്നാൽ ഇരുവരും അതേസമയം ഇതൊന്നും അറിയാതെ പരസ്പരം ചൂട് പകർന്ന് കിടക്കുകയായിരുന്നു….

**************************************************************************************

രാവിലെ ആദ്യം എഴുന്നേറ്റത് മനുവാണ്…തന്റെ ശരീരത്തിന് നല്ല ഭാരവും ക്ഷീണവും അവനു തോന്നി….സമയം ഏഴര കഴിഞ്ഞിരുന്നു

അപ്പോഴാണ് അവൻ തന്റെ മേലെ കിടക്കുന്ന നിലായെ കണ്ടത്….അവന് ഒന്നും മനസ്സിലായില്ല….

അവൻ വേഗം.തന്നെ നിലായെ തട്ടിവിളിച്ചു….അവളുടെ അരയൊപ്പം ഉള്ള മുടിയെല്ലാം അവന്റെ മുഖത്തെ മറച്ചിരുന്നു……ഇത്രയും മാസങ്ങൾ കൊണ്ട് തന്നെ മനുവിന്റെ കേശസംരക്ഷണം കൊണ്ട് മൂടി വളർന്നിരുന്നു…

അവൾ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് തലണ്ടിവസത്തെ സംഭവ വികാസങ്ങൾ ഓർമ്മ.വന്നത്…..

അവൾ അവന്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കി….

“ഇതെന്താ കാര്യം….”
അവൻ സംശയരൂപേണ ചോദിച്ചു…

അവൾ അത് കാര്യമാക്കാതെ അവന്റെ കൈക്കുള്ളിലൂടെ തന്റെ കൈ കടത്തി അവന്റെ നെറ്റിയും കഴുത്തുമെല്ലാം തൊട്ടുനോക്കി ആശ്വസിച്ചു….

“”ഇതെന്നതാ സംഭവം എന്ന് പറ കൊച്ചേ.”
അവൻ ഒരൽപ്പം കൂടെ ശബ്ദം ഉയർത്തി പറഞ്ഞു..

“പൊന്നച്ചാച്ചാ….ഞാൻ പറയാം..അതിനു മുന്നേ മോൻ ഒന്ന് നന്നായി കണ്ണടച്ചേ….ഞാൻ പറയാതെ തുറക്കരുതെ….”
അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

“കണ്ണ്…അടയ്ക്കണോ…എന്തിനാ…ദേ ഇത് ഇടാനാണോ….”
അവൻ അവളുടെ ഷർട്ട് കൈ എത്തിച്ചെടുത്തുകൊണ്ട് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു…

അവൾ ഒന്ന് പരുങ്ങി..
“അതേ…എന്റെ ഡ്രസ് താ അച്ചാച്ചാ….”
അവൾ കുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങി..

“തരാലോ…കൊച്ചു കാര്യം പറ….”
മനു വീണ്ടും അതേ കുസൃതിച്ചിരിയോടെ പറഞ്ഞു…

അവൾ പിന്നെ അവസാനം തലരാത്രിയിൽ നടന്ന സംഭവ വികാസങ്ങൾ എല്ലാം പറഞ്ഞു…എല്ലാം കേട്ട് അവൻ ആകെ ഞെട്ടിത്തരിച്ചിരുന്നു….

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9

ജീവാംശമായ് : ഭാഗം 10

ജീവാംശമായ് : ഭാഗം 11

ജീവാംശമായ് : ഭാഗം 12

ജീവാംശമായ് : ഭാഗം 13

ജീവാംശമായ് : ഭാഗം 14