Wednesday, January 22, 2025
Novel

ഈ യാത്രയിൽ : ഭാഗം 7

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ബോധം മറയും മുന്നേ അവന്റെ കണ്ണിൽ രണ്ടു രൂപങ്ങൾ മിഴിവോടെ നിന്നു….ഒന്നു ഓടി വരുന്ന വിച്ചുവിനെയും…രണ്ടു ഉണ്ടകണ്ണും തുറുപ്പിച്ചു ശൂലത്തിനു പകരം സോസ് പാനും പിടിച്ചു നിൽക്കുന്ന ദേവിയുടെയും… അവന്റെ ഭദ്രകാളിയുടെ….!!

വിച്ചു ഓടി വന്നു മഹിയെ പിടിച്ചെഴുനേല്പിക്കാൻ ശ്രമിച്ചു…. ദേവിയും ആകെ പകച്ചു പോയിരുന്നു. അപ്പോഴത്തെ അവളുടെ ദേഷ്യത്തിൽ ചെയ്തുപോയതാണ്. തന്നെ എന്തുപറഞ്ഞാലും സഹിക്കും… പക്ഷെ വീട്ടുകാരെ… അച്ഛനെ… അനിയത്തിമാരെ…. ഒരാവശ്യവുമില്ലാതെ അവരെ ചീത്ത വിളിച്ചതുകൊണ്ടല്ലേ…. ഒന്നും പറയല്ലേയെന്നു പറഞ്ഞിട്ടും അതു കേൾക്കാതെ…. അവളുടെ കണ്ണുകൾ നിറഞ്ഞുതൂവിയിരുന്നു. വിച്ചുവിന്റെ നിലവിളിയിൽ അച്ഛനും ഓടി വന്നു അവനെ താങ്ങി അവരുടെ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.

പെട്ടന്നുള്ള അടിയുടെ ആഘാതത്തിൽ ബോധം പോയതായിരുന്നു. തലയിൽ അഞ്ചാറു സ്റ്റിചു കൂടിയുണ്ടായിരുന്നു. അച്ഛനും വിച്ചുവും കൂടി തന്നെ മഹിയെ തിരിച്ചു റൂമിലാക്കി. അധികം തല ഇളക്കുകയോ സംസാരിക്കുകയോ ചെയ്യരുതെന്നു പറഞ്ഞിരുന്നു. വിച്ചു ഒരു ആക്കിയ ചിരിയോടെ അച്ഛനുമൊപ്പം റൂമിൽ നിന്നിറങ്ങി. ദേവിക്ക് പകുതി പേടിയും പകുതി വിഷമവും കൊണ്ടു വാക്കുകൾ തൊണ്ടയിൽ തന്നെ കുരുങ്ങി. മഹിയെ അഭിമുഖികരിക്കാൻ ദേവിക്ക് വലിയ വിഷമമായിരുന്നു. എങ്കിലും അവൻ എന്തെങ്കിലും പറഞ്ഞാൽ മറുപടി പറയാനുള്ള തയ്യാറെടുപ്പ് അവൾ മുൻകൂട്ടിയെടുത്തിരുന്നു. പക്ഷെ അവളെ ഞെട്ടിച്ചു കൊണ്ടു അവളോട്‌ ഒരു വാക്കുപോലും ചോദിക്കാതെയും പറയാതെയും രോക്ഷത്തോടെയുള്ള ഒരു നോട്ടം മാത്രം എറിഞ്ഞുകൊണ്ടു അവൻ കിടന്നിരുന്നു.

ദേവി കുറച്ചുനേരം അവനെ നോക്കി നിന്നു. പിന്നെ അടുത്തു ചെന്നു അവനെ നോക്കി ഇരുന്നു. അവനുറങ്ങിയെന്നു ഉറപ്പായപ്പോൾ അവളുടെ കണ്ണുകളിൽ ഒളിപ്പിച്ച പ്രണയവും ചെയ്തു പോയതോർത്തുള്ള കണ്ണുനീരും ഒരേസമയം ചിണുങ്ങി ചിണുങ്ങി പെയ്യാൻ തുടങ്ങിയിരുന്നു. അവളുടെ എങ്ങലടികൾ കേൾക്കാതിരിക്കാൻ അവൾ വായ പൊത്തിപിടിച്ചിരുന്നു. “എന്തിനാ ഏട്ടാ എന്നെ ദേഷ്യം പിടിപ്പിച്ചത്. അതുകൊണ്ടല്ലേ… എനിക്ക് പെട്ടന്ന് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല… അതുകൊണ്ടാ… അങ്ങനെയൊക്കെ… ഞാൻ… എന്നെ വെറുക്കല്ലേ ഏട്ടാ”പതിയെയുള്ള അവളുടെ പതംപറഞ്ഞുള്ള പറച്ചിലിലും കരച്ചിലിലും അവൻ ഉറങ്ങാതെ ഉണർന്നത് അവളറിഞ്ഞില്ല.

“ഒരിക്കലും വേദനിപ്പിക്കണമെന്നു കരുതിയതല്ല… എന്നെ ഒരിക്കലും അംഗീകരിക്കുകയോ സ്നേഹിക്കുകയോ ഒന്നും ചെയ്യില്ലയെന്നു എനിക്ക് നന്നായി അറിയാം. പക്ഷെ ഇവിടെ നിന്നു പോകും മുന്നേ ആ പഴയ മഹിയെ എല്ലാവർക്കും തിരികെ കൊടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതിനു വേണ്ടിയാ ഞാൻ ഇങ്ങനെ കൂടെ നടന്നു വഴക്കുണ്ടാക്കുന്നത്….. ” അവന്റെ മുറിവിൽ ഒരു മൃദുസ്പര്ശമെന്നപോലെ പതിയെ തലോടി… തന്റെയ മുറിവുണങ്ങാൻ ആ തലോടൽ ഒന്നു മാത്രം മതിയാർന്നുവെന്നു മഹിക്കു തോന്നി.

“എന്നിൽ പ്രണയം നിറച്ചത് മഹിയേട്ടനാണ്. ഏട്ടൻപോലും അറിഞ്ഞുകാണില്ല. പണ്ട് വിച്ചു എപ്പോഴും പറയുമായിരുന്നു നിനക്കു എന്റെ ഏട്ടനെ സ്നേഹിക്കാൻ കഴിയുമോ… എന്റെ ഏടത്തിയായി വീട്ടിലേക്കു വരുമോയെന്നൊക്കെ…. ആദ്യമൊക്കെ ഒരു തമാശയായി തോന്നിയെങ്കിലും അവന്റെ വാക്കുകളിലൂടെ മഹേഷ് എന്ന മഹിയേട്ടന്റെ രൂപം എന്നിൽ എപ്പോഴോ ആഴ്നിറങ്ങിയിരുന്നു. എന്റെ ആദ്യ പ്രണയം…. ആരോടും പറയാത്ത. ഒരു പക്ഷെ വിച്ചു പോലും അറിഞ്ഞിട്ടുണ്ടാകില്ല. എന്നിൽ അത്രമേൽ ആഴ്നിറങ്ങിയ നിങ്ങളുടെ രൂപം…. പിന്നെ പലപ്പോഴായി ഏട്ടനെ കണ്ടപ്പോളെല്ലാം ആ രൂപത്തിന് പ്രണയത്തിൽ ചാലിച്ച ഓരോരോ നിറങ്ങൾ നൽകിയിരുന്നു…. എല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ടോ എന്റെ മനസിലെ ഏട്ടന്റെ രൂപത്തിന് ഞാൻ ഇരുണ്ട നിറം നൽകിയില്ല… എനിക്കതിനാകില്ല… കുറച്ചു നാളുകൾ ഞാൻ ചോദിച്ചത്… എപ്പോഴെങ്കിലും എന്നോട് ഒരു തരിയെങ്കിലും സ്നേഹം തോന്നിയാലോ… പ്രണയം തോന്നിയാലൊ…. അല്ലെങ്കിൽ ഇവിടെ നിന്നും പോകുന്നവരെ എനിക്ക് ഇത്ര കണ്ടു അടുത്തു നിന്നു തല്ലുകൂടിയാണെങ്കിലും ഏട്ടനെ കാണാലോ…. സ്നേഹിക്കാലോ…. ” ദേവി പതുക്കെ അവന്റെ മുടിയിഴകൾ തലോടി കൊണ്ടിരുന്നു…. പതിയെ അവളുടെ കണ്ണുകളും അടഞ്ഞിരുന്നു…. ഉറക്കത്തിലേക്കു ആണ്ടു പോയെന്നു തോന്നിയപ്പോൾ മഹി കണ്ണുകൾ തുറന്നു എഴുന്നേറ്റിരുന്നു. ഇരുന്നുറങ്ങുന്ന അവളെ ഒരു നിമിഷം നോക്കി. പതിയെ അവളെ ചായ്ച്ചു കിടത്തി അവനും അടുത്തു കിടന്നു. ഉറക്കത്തിലേക്കു ഊളിയിടുവാൻ കണ്ണടക്കുമ്പോൾ മിഴിനീർ കൻകോണിലൂടെ ഒഴുകിയിരുന്നു.

ഭക്ഷണം ചവച്ചരച്ചു കഴിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടു കഞ്ഞിയായിരുന്നു രാവിലെ തന്നെ മഹി കുടിച്ചത്. അത്യാവശ്യം നല്ല വേദനയും ഉണ്ടായിരുന്നു. അവൻ ആരോടും ഒന്നും സംസാരിച്ചിരുന്നില്ല. ദേവിക്ക് മഹിയെ മാത്രമല്ല അച്ഛനെയും അമ്മയെയും കൂടി നോക്കാൻ ജാള്യത തോന്നി. മഹി കഞ്ഞി കുടിച്ചു എഴുന്നേറ്റപ്പോൾ എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു ഹാളിലേക്ക് നീങ്ങി. ദേവിക്ക് ഉറപ്പുണ്ടായിരുന്നു അതു ഇന്നലത്തെത്തിന്റെ ബാക്കിയായിരിക്കുമെന്നു. ചിലപ്പോ ഇന്നത്തോടെ ഇവിടെയുള്ള സഹവാസം നില്കുമായിരിക്കും. ഓർക്കുംതോറും ദേവിക്ക് സങ്കടം ഇരച്ചു കയറി. തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ പോയ നിമിഷത്തെ മനസ്സായി പ്രാകി കൊണ്ടിരുന്നു. ഏതൊരു അച്ഛനുമമ്മയും സമ്മതിക്കുമോ സ്വന്തം മകന്റെ തല തല്ലിപൊട്ടിക്കാൻ….. അവൾ ഒരു ദീർഘനിശ്വാസം വിട്ടു ഹാളിലേക്ക് നീങ്ങി.

“എന്താടാ മഹി കാര്യം. നീ അധികം സംസാരിക്കണ്ട. തല അനക്കരുതെന്നല്ലേ പറഞ്ഞിരിക്കുന്നെ…. ചെല്ലു പോയി കിടക്കു” അച്ഛൻ ശ്വാസനയോടെ അവന്റെ തോളിൽ തട്ടി പറയുമ്പോഴും രോക്ഷത്തോടെ നോക്കി കണ്ണുരുട്ടി തോളിൽ നിന്നും അച്ഛന്റെ കൈകൾ തട്ടി മാറ്റി.

“നിങ്ങൾ ആരുടെ അച്ഛനുമമ്മയും ആണ്. എന്റേയോ ഇവളുടെയോ. സ്വന്തം മകന്റെ തല തല്ലിപൊട്ടിച്ചിട്ടു ഒരു കൂസലുമില്ലാതെ നിൽക്കുന്നവളെ പിന്നേം പിന്നേം സ്നേഹിച്ചു ഇവിടെ തന്നെ നിർത്തുവാണോ.” ദേഷ്യം കൊണ്ടു മഹിയുടെ മുഖമെല്ലാം വലിഞ്ഞു മുറുകി. അത്രയും സ്ട്രെൻ ചെയ്തു സംസാരിച്ചതു കൊണ്ടു മുറിവിൽ നിന്നും വേദനിച്ചു…. ആ വേദന അവന്റെ മുഖത്തേക്കും പടർന്നിരുന്നു.

ആരും അവന്റെയ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. വിച്ചു സ്റ്റെപ്പ് ഇറങ്ങി വന്നു നെഞ്ചിൽ കൈകൾ പിണച്ചു കെട്ടി ചിരി അമർത്തി നിന്നു. അവന്റെയ നിൽപ്പ് മഹിയുടെ ദേഷ്യം പിന്നെയും കൂട്ടി. “ഭർത്താവിന്റെ തല തല്ലിപൊളിച്ചിട്ടു ഇവളിനി ഇവിടെ വേണ്ട. ഇന്നു തന്നെ പറഞ്ഞു വിടണം”. മഹി ദേഷ്യം പൂണ്ടു വിറയ്ക്കുകയായിരുന്നു. അലറിയുള്ള അവന്റെ ശബ്ദത്തിൽ മുറിവിൽ നിന്നുപോലും ചോര പൊടിഞ്ഞു. ദേവി ശ്വാസം എടുക്കാൻ പോലുമാകാതെ നിന്നു.

“മോൻ പറഞ്ഞതു ശരിയാ… ദേവി ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞങ്ങളും കരുതിയില്ല. ഇന്നുതന്നെ കൊണ്ടു വിട്ടേക്കാം” അച്ഛൻ മഹിയുടെ അടുത്തു ചെന്നു തോളിൽ തട്ടി സമാധാനത്തോടെ പറഞ്ഞു. ആ പറഞ്ഞതിൽ ഒരു അപാകതയും വശ പിശകും അവനു തോന്നാതെ ഇരുന്നില്ല. എങ്കിലും അവളെ കൊണ്ടുവിടാം എന്ന അച്ഛന്റെ വാക്കിൽ അവൻ സമാധാനം കണ്ടെത്തി. ഇന്നത്തോടെ തന്റെ ഇവിടുത്തെ വാസം കഴിയുമെന്ന് ദേവിക്ക് ഏതാണ്ട് ഉറപ്പായി. വിഷമവും തോന്നിയവൾക്കു. അവളുടെ ദയനീയ നോട്ടം വിച്ചുവിലും നീണ്ടപ്പോൾ അവൻ ചെറു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു ആശ്വസിപ്പിച്ചു.

“ദേവിയെ അച്ഛൻ എന്തായാലും പറഞ്ഞയക്കാം. എങ്കിലും അവൾ വെറുതെ ഒരാവശ്യവുമില്ലാതെ നിന്റെ തല തല്ലി പൊളിക്കില്ലാലോ… അതിനവൾക്കു വെട്ടൊന്നുമില്ല വെറുതെ നിന്റെ മണ്ടക്കു കയറാൻ. എന്താ ഉണ്ടായതെന്ന് പറ” അച്ഛൻ അർത്ഥം വെച്ചു അവനെ തന്നെ കൂർപ്പിച്ചു നോക്കിയപ്പോൾ അവനൊന്നു പരുങ്ങി. അവന്റെ പതർച്ച കണ്ണുകളിലും എന്തിനു ഏറെ അവന്റെ ശരീര ചലനങ്ങളിലും പ്രതീതമായി. അച്ഛന്റെ ചോദ്യം ചെയ്യൽ ദേവിയിൽ ഒരു പ്രതീക്ഷ നൽകിയിരുന്നു.

“അതു …. പിന്നെ … അവൾ..” അവൻ നിന്നു പരുങ്ങി. താൻ ചെയ്യുന്ന തെറ്റുകൾക്ക് ഒരു മറയുണ്ടായിരുന്നു. അച്ഛൻ ഇന്നുവരെ ചോദ്യം ചെയ്തിട്ടില്ല. ഇതിപ്പോ… അച്ഛന്റെ മുന്നിൽ… താൻ ഇത്രക്കും താരം താണ രീതിയിൽ സംസാരിച്ചത് എങ്ങനെ പറയും… തെല്ലൊരു ജാള്യത തോന്നി മഹിക്കു.

കുറച്ചു നേരം കൂടി അവന്റെ മറുപടിക്കായി കാത്തു നിന്നു. മഹി പിന്നെയും എന്തൊക്കെയോ പറയാൻ ശ്രമിച്ചതല്ലാതെ കാര്യം ഒന്നും പറയുന്നില്ല എന്നു കണ്ടു അച്ഛൻ ദേവിക്ക് നേരെ തിരിഞ്ഞു. “അവൻ പറയുന്നതൊന്നും മനസിലാകുന്നില്ല മോളെ. മോൾ പറഞ്ഞാലും മതി എന്താ നടന്നതെന്ന്” ദേവിയുടെ കണ്ണുകൾ മഹിക്കു നേരെ പാഞ്ഞു. അവൻ അവളോട്‌ കണ്ണുകൾകൊണ്ടു പറയരുതെന്നൊക്കെ പറയുന്നുണ്ടായിരുന്നു. ദേവിയുടെയും മഹിയുടെയും കണ്ണുകൾകൊണ്ടുള്ള കഥകളി കണ്ടു വിച്ചു ചിരിയടക്കാൻ പാട് പെട്ടു തിരിഞ്ഞു നിന്നു.

ദേവി എന്തോ പറയാൻ വാ തുറന്നതും മഹി അവളെയൊന്നു നോക്കി അച്ഛന്റെ നേർക്കു തിരിഞ്ഞു… “ഈ കുരിശെടുത്തു തലയിൽ വച്ചുപോയില്ലേ… ഇനി ഇവിടെത്തന്നെ നിന്നോട്ടെ… എന്നെ തെക്കോട്ടേക്കെടുത്താലും മരുമോളോടുള്ള സ്നേഹത്തിനു ഒരു കുറവും വരരുത്” അച്ഛനോട് ദേഷ്യത്തിൽ പറഞ്ഞു അടക്കി ചിരിക്കുന്ന വിച്ചുവിനെ നോക്കി കണ്ണുരുട്ടി റൂമിലേക്കു ചവിട്ടിതുള്ളി പോയി.

ദേവിക്ക് പെട്ടന്ന് എന്തോ സങ്കടം വന്നു… അവൾ അച്ഛനരികിൽ ചെന്നു. അമ്മയും കൂടെയുണ്ടായിരുന്നു. അവരുടെ മുഖത്തു സങ്കടത്തിന്റെ ഒരു നിഴല്പോലും ഉണ്ടായിരുന്നില്ല എന്നുള്ളത് അവളെ തെല്ലൊന്നു അതിശയിപ്പിച്ചു. അമ്മയുടെ കൈകൾ കൂട്ടി പിടിച്ചു അവൾ വിതുമ്പി. “ഞാൻ ചെയ്തത് ഒരു അച്ഛനുമമ്മയ്ക്കും ക്ഷമിക്കാൻ കഴിയില്ല. എത്ര ദേഷ്യത്തിൻ പുറത്തായാലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എന്നോട് ക്ഷമിക്കണം… ” അപ്പോഴേക്കും അവൾ വിതുമ്പി കരഞ്ഞിരുന്നു.

“അയ്യേ… എന്റെ മോള് ഇത്രയേ ഉള്ളോ. അവനോടു പൊരുതി നിൽക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷമാണ്. മോൾ വന്നതിനു ശേഷം കുറച്ചൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട് മഹിക്കു. ഞങ്ങൾക്ക് അവൻ എങ്ങനെയെങ്കിലും ഒന്നു നന്നായി കണ്ടാൽ മതി മോളെ… അതിനി രണ്ടടി കൊടുത്തിട്ടാണെങ്കിൽ അങ്ങനെ” സുഭദ്ര ദേവിയുടെ നെറുകയിൽ തലോടി ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു. അതവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു. അവരുടെ അടുത്തേക്ക് അച്ഛൻ കൂടിയെത്തി. “നല്ല പ്രായത്തിൽ അവനെ ഞാൻ തല്ലു കൊടുത്തു വളർത്തിയിരുന്നെങ്കിൽ മോൾക്ക്‌ ഇന്നലെ തല പൊളിക്കേണ്ടി വരുമായിരുന്നില്ല. സാരമില്ല കുട്ടി… അതവൻ ചോദിച്ചു വാങ്ങിയതല്ലേ… പിന്നെ അടുത്ത തവണ ഇത്രക്കും വേണ്ട കേട്ടോ” അച്ഛൻ പറഞ്ഞതു അവിടെയൊരു പൊട്ടിച്ചിരിയിലേക്കു വഴിവെച്ചു. വിച്ചു ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് എത്തി. “ആഹാ എന്താ ഒരു പ്രോത്സാഹനം. എവിടെ കാണാൻ കിട്ടും സ്വന്തം മകന് കോട്ടഷൻ കൊടുക്കാൻ മരുമകളെ ഏൽപ്പിക്കുന്ന അച്ഛനേയും അമ്മയെയും….ആഹാ..”

സുഭദ്ര വന്നു വിച്ചുവിന്റെ ചെവിയിൽ പിടിച്ചു തിരുമ്മി. “മരുമകൾ അല്ല മകൾ തന്നെയാ ദേവി…” വിച്ചു തിരികെ അമ്മയെ ചേർത്തണച്ചു നിന്നു.

ഉച്ചതിരിഞ്ഞു പണികളൊക്കെ ഒതുക്കി ഇരിക്കുമ്പോഴാണ് ഒരു കാർ വന്നു നിന്നതു. ഹോസ്പിറ്റലിലെ ജെനറൽ വിഭാഗം ഡോക്ടർ അമൃത മഹിയെ കാണാനായി എത്തിയത്. അച്ഛനോടും അമ്മയോടും സംസാരിച്ചു. അവർക്ക് മുന്നേ പരിചയമുണ്ടായിരുന്നു. മഹിയുടെ കൂടെ ഇടക്കിടക്ക് വീട്ടിലേക്കു വരാറുണ്ട്. ഡെയ്സി സിസ്റ്റർ ഇല്ലാത്തപ്പോൾ അമൃതയാണ് അവന്റെ പരാക്രമങ്ങൾ സഹിക്കുന്നത്. അതിനവർ നല്ല വിലയും വാങ്ങും. വിച്ചുവിനെ അറിയമെങ്കിലും കണ്ടിരുന്നില്ല. വിച്ചുവും ചിരിച്ചു. ദേവിയെ പരിചയപ്പെടുത്തിയപ്പോൾ അമൃതയുടെ മുഖത്തു പുച്ഛമാണോ അല്ലെങ്കിൽ ‘ഇവളായിരുന്നോ’ എന്നൊക്കെയുള്ള ഭാവമായിരുന്നു. ദേവിക്കും എന്തോ പോലെ തോന്നി. മഹിയുടെ റൂമിൽ പോയി കണ്ടോളമെന്നും പറഞ്ഞു അമൃത അവിടേക്ക് പോയി. അമൃതക്കുള്ള ചായയെടുക്കാൻ ദേവി അടുക്കളയിലേക്കും.

അമൃത റൂം തുറന്നു അകത്തേക്ക് നോക്കി. മഹി കട്ടിലിൽ മലർന്നു കിടന്നു കണ്ണിൽ കൈകൾ വച്ചു കിടക്കുകയായിരുന്നു. “ഗുഡ് ഈവനിംഗ് ഡോക്ടർ” പരിചിതമായ ശബ്ദമാണ് അവനെ ഉണർത്തിയത്. അമൃതയെ കണ്ട മഹിയുടെ കണ്ണുകൾ എന്തിനോ വേണ്ടി പെട്ടന്ന് തിളങ്ങി. ഒരു നിമിഷം കൊണ്ടു തിളക്കം കെടുകയും ചെയ്തു. അപ്പോഴേക്കും അവന്റെ ഭദ്രകാളിയുടെ രക്ത വർണ്ണ കണ്ണുകൾ അവന്റെ മനസിലേക്ക് ഇരച്ചു കയറി. അമൃത റൂമിലേക്ക്‌ കടന്നു വാതിൽ ചാരി. മഹി ബെഡിൽനിന്നുമെഴുനേറ്റു നിന്നു.

“അമൃത… താൻ ഇവിടെ”

“ഇന്നലെ രാത്രി ഈ സ്റ്റിച് തുന്നികെട്ടിയത് ഞാനല്ലേ… അപ്പൊ എങ്ങനെയുണ്ടെന്നു അറിയാൻ വന്നതാണ്.” അമൃത മഹിയുടെ അടുക്കലേക്കു ചേർന്നു നിന്നുകൊണ്ട് ചോദിച്ചു. അവന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി അവന്റെ മുറിവിൽ പതിയെ തലോടി. ഇന്നലെ ദേവിയുടെ സ്പർശനം ഒരു തൂവൽ സ്പർശം പോലെ തോന്നിപ്പിച്ചു… ഇന്ന് അമൃത തൊടുമ്പോൾ അവിടം പൊള്ളുന്നത് പോലെ മഹിക്കു തോന്നി. അവൻ പെട്ടന്ന് തന്നെ അമൃതയുടെ കൈകൾ മാറ്റി.

അമൃത ഒന്നുകൂടി അവനോടു ചേർന്നു നിന്നു അവന്റെ നെഞ്ചിൽ താളം പിടിച്ചു. എത്രയോ നാളുകളായി ഈ നെഞ്ചിൽ ഒന്നു ചാരി നിന്നിട്ട്…….. ഡെയ്സി സിസ്റ്ററെ പേടിപ്പിച്ചു എന്നൊക്കെ അറിഞ്ഞല്ലോ.. എന്താ ഡോക്ടർ സാറേ പ്രശ്നം” അമൃത കൊഞ്ചിക്കൊണ്ടാണ് അവനോടു ചോദിച്ചത്. മഹി അവളെ ഉറ്റു നോക്കി കൊണ്ടിരുന്നു. ഇവൾക്കും വേണ്ടത് പണമല്ലേ… അല്ലെങ്കിൽ ഈ വീട്ടിലെ മരുമകൾ എന്ന പട്ടം… സ്വത്തുക്കൾ… പണത്തിനൊടുള്ള ആർത്തി എത്ര വട്ടം തിരിച്ചറിഞ്ഞതാണ്…

“ഭാര്യ അത്ര പോര അല്ലെ… അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുവോ” അവളുടെയ ചോദ്യം അവനെ അവളെ കുറിച്ചുള്ള ചിന്തകളിൽ നിന്നുമുണർത്തി. അമൃത ഒന്നുകൂടെ അവനെ നോക്കി നിന്നു. അവളുടെ കാലുകൾ പതിയെ അവന്റെ കാൽപാദത്തിൽ വച്ചു മഹിയുടെ കഴുത്തിൽ അമൃതയുടെ കൈകൾ കോർത്തു പിടിച്ചു ചുണ്ടിൽ ചുംബിക്കാനാഞ്ഞു…. പെട്ടന്ന് ദേവി ചായയുമായി വന്നു ചാരിയിട്ടിരുന്ന വാതിൽ തുറന്നു അകത്തേക്ക് കയറി. അവളെ കണ്ട മാത്രയിൽ മഹി അമൃതയെ തള്ളി മാറ്റി. അവനു ലജ്ജ തോന്നി ദേവിയെ മുഖത്തോടു നോക്കാൻ. അമൃത ഒരു കൂസലുമില്ലാതെ ഒരു പുച്ഛ ചിരി ചുണ്ടിൽ നിറച്ചു ദേവിയെ ചുണ്ടു കോട്ടി. ദേവി ചായ ടേബിളിൽ വച്ചു തിരിഞ്ഞു വാതിൽ തുറന്നു പോകും മുന്നേ അമൃതയുടെ ശബ്‌ദം ഉയർന്നിരുന്നു.

“അവർക്കൊരു മാനേഴ്‌സ് ഇല്ലേ. റൂം ഒന്നു നോക് ചെയ്തു വേണ്ടേ വരാൻ. ” ദേവി മുറി വിട്ടു പുറത്തിറങ്ങും മുന്നേ അമൃത പറഞ്ഞതു കേട്ടു. അവൾ അവിടെ തന്നെ തറഞ്ഞു നിന്നു. ദേവിയുടെ ആ നിൽപ്പ് പോലും മഹിയിൽ ചെറിയ പേടിയുണ്ടാക്കി. ദേവി തിരിഞ്ഞു ടേബിളിൽ അടുത്തേക്ക് വന്നു നിന്നു. അവരെ തന്നെ ക്രൂദ്ധമായി നോക്കി. അവളുടെ കണ്ണുകളിലേക്കു അപ്പോഴേക്കും ദേഷ്യത്തിൽ രക്തവർണം പടർന്നിരുന്നു.

ദേവിയുടെ കണ്ണുകൾ അമൃതക്കു നേരെയാണെന്നു മഹിക്കു മനസിലായി. അവളുടെ നോട്ടത്തിൽ അമൃതക്കു വല്ലാത്ത നാണക്കേട് തോന്നി.
“താൻ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ” അമൃത തപ്പി തടഞ്ഞു ചോദിച്ചു. കാരണം അവളുടെ രക്തവർണ്ണ കണ്ണുകൾ കണ്ടാൽ ആർക്കായാലും പേടി തോന്നും.
“ഇതു എന്റെ വീട്… എന്റെ റൂം… ഇവിടെ കേറി വരാൻ എനിക്ക് തട്ടി വിളിക്കേണ്ട ആവശ്യമില്ല”

ദേവിയുടെ മറുപടി നല്ല കുറിക്കുകൊള്ളുന്ന ഒന്നായിരുന്നു. അമൃത വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത പോലെ തുടർന്നു. ” നിന്റെ വീടോ… ഇന്നലെ കേറി വന്നതല്ലേ നീ… അപ്പോഴേക്കും എന്തു അവകാശത്തിലാ നിന്റെയെന്നൊക്കെ പറയുന്നേ” പുച്ഛം മാത്രമായിരുന്നു അമൃതയുടെ മുഖത്തു.

ദേവി തന്റെ താലിയുയർത്തി അവളെ കാണിച്ചു. “ഈ അവകാശത്തിലാ… നിന്റെ കഴുത്തിലുണ്ടോ ഈ മനുഷ്യൻ പതിപ്പിച്ചു തന്ന അവകാശം…. ഇല്ലല്ലോ… ദെൻ ഗെറ്റ് ഔട്ട് ഓഫ് മൈ റൂം…നൗ” ദേവിയുടെ ഉറച്ച വാക്കുകളിൽ അമൃതയുടെ കാലുകൾ അറിയാതെ തന്നെ പുറത്തേക്കു ചലിക്കാൻ തുടങ്ങി. എങ്കിലും ഒരു ആശ്രയത്തിനെന്ന പോലെ മഹിയെ നോക്കി. ആ നോട്ടത്തിൽ കാര്യം മനസിലായ മഹി ദേവിയെ നോക്കുമ്പോൾ അവളുടെ മിഴികൾ മഹിയുടെ മുറിവിലും അടുത്തിരിക്കുന്ന ടേബിളിൽ ഉള്ള ഫ്ലവർവേയ്സിലുംമായി മാറി മാറി തെന്നി നീങ്ങി. തലയിൽ ഇനി മുറിയാൻ സ്ഥലപരിമിതി ഉള്ളതുകൊണ്ടും ഒഴുക്കി കളയാൻ ശരീരത്തിൽ രക്തം കുറവായതുകൊണ്ടും മഹി അമൃതയുടെ നോട്ടത്തെ അവഗണിച്ചു തിരിഞ്ഞു നിന്നു. തല കുമ്പിട്ടു അമൃത റൂമിനു പുറത്തേക്കിറങ്ങി.

അമൃത പോയിട്ടും അൽപ നേരം കൂടി ദേവി മഹിയെ നോക്കി നിന്നു. പിന്നെ അവനരികിലേക്കു ചെന്നു നിന്നു. “നിങ്ങളുടെ എല്ല ദുശീലങ്ങളും എനിക്കറിയാം. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ വിവാഹം നടന്നത്. ഒന്നിലും ഞാൻ ഒരു പരിധിയും വയ്ക്കില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് കള്ളുകുടി ആയാലും പെണ്ണ് പിടി ആയാലും എന്തുവേണമെങ്കിലും ചെയ്‌തോളൂ… എല്ലാം ഈ വീടിനു പുറത്തു… ഈ താലി ഈ കഴുത്തിൽ ഉള്ളിടത്തോളം ഈ വീട്ടിൽ വേറെ പെണ്ണിനെ കൊണ്ടുവരാൻ ഞാൻ സമ്മതിക്കില്ല…. എന്തുവേണമെങ്കിലും ഈ വീടിനു പുറത്തുവച്ചു മാത്രം മതി… ഒരു അപേക്ഷയാണ്” ദേവി കൈകൾ കൂപ്പി അവന്റെ മുന്നിൽ നിന്നു…. കണ്ണുകൾ നിറഞ്ഞു കരയുമെന്നു തോന്നിയ നിമിഷം അവനിൽ നിന്നും തിരിഞ്ഞു നടന്നു… അവന്റെ മുന്നിൽ നിന്നു കരഞ്ഞു പോലും തോൽക്കാൻ മനസ്സില്ലാത്ത പോലെ… മഹി അപ്പോഴും അവളുടെ വാക്കുകൾ തീർത്ത തീ കനലിൽ കിടന്നു പൊള്ളി പിടയുകയായിരുന്നു.

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6