Saturday, December 21, 2024
Novel

ഈ യാത്രയിൽ : ഭാഗം 12

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

പക്ഷെ എല്ലാവരുടെയും ശ്രെദ്ധ ഞൊടിയിടയിൽ ലക്ഷ്മിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിലേക്ക് പോയി. അതേ കാപ്പി കളർ കൃഷ്ണമണിയോട് കൂടിയ കണ്ണുകൾ… ആ താടി ചുഴി പോലും അങ്ങനെതന്നെ… മഹിയുടേത് പോലെ… അതേ… മഹിയുടെ പോലെ തന്നെ… ഒരു കുട്ടികുറുമ്പൻ…!!

ഹാളിലെ സെറ്റിയിലിരിക്കുമ്പോൾ എല്ലാവരും മൗനത്തിലായിരുന്നു. ലക്ഷ്മിയുടെ നെഞ്ചോടു ചേർന്നു ആ കുറുമ്പൻ എല്ലാവരെയും നോക്കി കാണുന്നുണ്ട്. ലക്ഷ്മിയും തറയിലേക്കു നോക്കി ഒരെയിരിപ്പു തുടങ്ങി കുറച്ചു നിമിഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

ആരെങ്കിലുമൊന്നു ഈ മൗനത്തെ ഭേദിച്ചെങ്കിലെന്നു എല്ലാവരും ആഗ്രഹിക്കുന്നുന്നുവെന്നു ഓരോരുത്തരുടെയും ശ്വാസനിശ്വാസങ്ങൾ പറയാതെ പറഞ്ഞു.

“ലക്ഷ്മി… ഇപ്പൊ ഈ വരവിന്റെ ഉദ്ദേശം എന്താ ” നീണ്ടു നിന്ന മൗനത്തെ ഒടുവിൽ മഹി തന്നെ ഗൗരവത്തോടെയുള്ള വാക്കുകളിൽ അവസാനിപ്പിച്ചു. എങ്കിലും അവന്റെ കണ്ണുകൾ ലക്ഷ്മിയുടെ നെഞ്ചിൽ ചേർന്നിരിക്കുന്ന കുഞ്ഞിൽ ഇടക്കിടക്ക് പാളി വീണിരുന്നു.

കുരുന്നു നിഷ്കളങ്കമായി ചിരിക്കുന്നുണ്ട്. കണ്ടു കഴിഞ്ഞാൽ ഒരു ഏഴോ എട്ടോ മാസം പ്രായം മാത്രമേയുള്ളൂ. കുഞ്ഞിളം മോണ കാട്ടി എല്ലാവരെയും നോക്കി നന്നായി ചിരിക്കുന്നുണ്ട്. എന്തുകൊണ്ടോ അവന്റെ നെഞ്ചിൽ വാത്സല്യം തുളുമ്പി നിന്നു ആ കുട്ടിയെ കാണുമ്പോൾ.

അവനെ കൈകളിൽ കോരിയെടുക്കാൻ അവന്റെ മനസ്സു വെമ്പി. മനസിനെയും ശരീരത്തെയും കുട്ടിയെ എടുക്കാനുള്ള ത്വരയെ പിടിച്ചു കെട്ടി നിർത്തി.

ലക്ഷ്മിയും മൗനത്തിലായിരുന്നു. മഹിയുടെ ചോദ്യത്തിന് മുന്നിൽ അവളൊന്നു തലയുയർത്തി നോക്കി. മഹിയുടെ കണ്ണുകളെ അവൾ പരിസരം മറന്നു നോക്കും പോലെ. അവനോടു കണ്ണുകൾ കൊണ്ടു മാപ്പു പറയുന്നതാണെന്നു തോന്നി. എന്തിനു വേണ്ടി…

പതിയെ ലക്ഷ്‌മി കുട്ടിയെയും കൊണ്ടു എഴുന്നേൽക്കാൻ തുടങ്ങി. അവളുടെ മൗനത്തെ വേടിയാൻ അവളും തീരുമാനിച്ചു.
“ഈ കുഞ്ഞു… ഇവൻ… നമ്മുടെ പ്രണയത്തിന്റെ ബാക്കിയാണ്.

നിന്നോടുള്ള എന്റെ പ്രണയത്തെ ഞാൻ അവസാനിപ്പിച്ചപ്പോൾ ഒരിക്കലും നിനക്കു എന്നോടുള്ള പ്രണയത്തെ ഓർമ്മിപ്പിക്കാൻ എനിക്കു നീ തന്ന സമ്മാനം. അതെന്നിൽ ശേഷിപ്പിച്ചാണ് നമ്മൾ പിരിഞ്ഞതെന്നു ഞാൻ അറിയാൻ അപ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നു” ലക്ഷ്മിയുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ ശ്രീമംഗലം വീട്ടിൽ ചുറ്റും വട്ടം കറങ്ങി.

ലക്ഷ്മി എന്താ പറഞ്ഞതെന്ന് അവന്റെ മനസ്സിൽ രണ്ടു വട്ടം ഉരുവിട്ടുകൊണ്ടാണ് അവൻ മനസിലാക്കിയെടുത്തത്.

“ദേ…പെണ്ണുംപിള്ളേ വീട്ടിൽ കേറി വന്നു തോന്നിവാസം പറയരുത്. നിങ്ങളുടെ സ്വഭാവത്തിന് ഇതാരുടെ കുഞ്ഞു വേണമെങ്കിലുമാകാം” ആദ്യ പ്രതികരണം വിച്ചുവിന്റെയായിരുന്നു. മഹി പ്രതികരണശേഷി നഷ്ടപെട്ടവനെപോലെ ഒരേ നിൽപ്പ് നിന്നു.

“ലക്ഷ്മി നല്ലവൾ ആണെന്ന് പറയുന്നില്ല. പക്ഷെ എന്നിലെ സ്ത്രീക്ക് അറിയാം ഈ കുട്ടിയുടെ അച്ഛനാരാണെന്നു. ഞങ്ങൾ തമ്മിൽ അത്തരത്തിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ ഇല്ലയോ എന്നു നിന്റെ ചേട്ടന് നന്നായി അറിയാം വിഷ്ണു” ലക്ഷ്മി ശൗര്യം വിടാതെ തന്നെ വിഷ്ണുവിനോടായി പറഞ്ഞു.

വിഷ്ണുവിന്റെ നോട്ടം മാത്രമല്ല ലക്ഷ്മിയുടെ വാക്കുകൾ കേട്ടു എല്ലാവരുടെ നോട്ടവും മഹിയിലേക്കു നീളുമ്പോൾ അവന്റെ തല കുമ്പിട്ടുപോയിരുന്നു അവരെ നേരിടാനാകാതെ.
“ഞാൻ ഇപ്പൊ വന്നത്. കുട്ടിയെ അവന്റെ അച്ഛന്റെ കൈകളിൽ ഏൽപ്പിക്കാൻ.

പ്രസവിച്ച എനിക്ക് മാത്രമല്ല ജന്മം നൽകിയ മഹിക്കും തുല്യ അവകാശമാണല്ലോ” ലക്ഷ്‌മി പറഞ്ഞു വരുന്നതെന്തെന്നു മനസിലാകാതെ എല്ലാവരും തന്നെ ലക്ഷ്മിയെ ഉറ്റു നോക്കി കൊണ്ടിരുന്നു.
“വിവേകിനൊപ്പം അമേരിക്കയിലേക്ക് പോകാൻ ഇരുന്നതായിരുന്നു ഞാൻ.

അപ്പോഴാണ് എന്റെ പ്രെഗ്നൻസി അറിയുന്നത്. പിന്നെ അമേരിക്കയിലേക്ക് എനിക്ക് വിസ കിട്ടിയില്ല. വിവേക് എന്നെയും കൊണ്ടു ദുബായിലേക്കാണു പോയത്.

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്കറിയാമായിരുന്നു അതു മഹിയുടെ കുഞ്ഞാണെന്നു. വിവേകിനും. എന്തുകൊണ്ടോ നശിപ്പിച്ചു കളയാൻ തോന്നിയില്ല.”

കുഞ്ഞിനെയും മഹിയെയും നോക്കിക്കൊണ്ടു ലക്ഷ്മിയത് പറഞ്ഞു. അവളുടെയുള്ളിൽ മഹിയോടുള്ള യഥാർത്ഥ സ്നേഹമാണോ അതിനു കാരണമെന്ന് അവൾക്കുപോലും അറിയില്ല.

“വിവേകിനും താത്പര്യമുണ്ടായിട്ടല്ല. ഇപ്പൊ ഞങ്ങളുടെ വിസ റെഡിയായി. എനിക്ക് പോകണം വിവേകിനൊപ്പം. ഈ കുട്ടിയൊരു തടസ്സമാണെനിക്കിപ്പോൾ. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ കുട്ടിയുടെ അച്ഛന് മാത്രമേ കഴിയു” ലക്ഷ്മി എന്താണ് പറയാൻ ഉദേശിച്ചതെന്നു എല്ലാവർക്കും ബോധ്യമായി.

ഇത്ര നേരവും ദേവി ശ്വാസമടക്കിയായിരുന്നു എല്ലാം കേട്ടു നിന്നതു. താൻ എന്താണോ കേൾക്കരുതെന്നു ആഗ്രഹിച്ചത് അതു കേട്ടപ്പോൾ അവളുടെ ഹൃദയം ഒന്നു നൊന്തു പിടഞ്ഞു. കണ്ണുകളിൽ വെള്ളം കൂടിയതും അതു ചാലിട്ടൊഴുകാൻ തുടങ്ങിയതൊന്നും അവളറിഞ്ഞില്ല.

ലക്ഷ്മി മഹിയുടെ നേരെ അടുത്തേക്ക് ചെന്നു കുട്ടിയെ അവനുനേരെ നീട്ടി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. “ഒരിക്കൽ നിന്നെ ഞാൻ എന്റെ ജീവനെപോലെ ചിലപ്പോൾ അതിനെക്കാളേറെ പ്രണയിച്ചതിനും സ്നേഹിച്ചതിനുമൊക്കെ എന്നെ ഇങ്ങനെ ശിക്ഷിക്കണോ ലക്ഷ്മി” മഹി വാക്കുകളിൽ ഇടറി അവളോടു ചോദിച്ചു.

ലക്ഷ്മി അപ്പോഴും ഒരുതരം അവജ്ഞതയോടെ കുട്ടിയെ അവനു നേരെ നീട്ടി പിടിച്ചു നിൽക്കുകയായിരുന്നു.

വായുവിൽ കുറെ നേരം നിന്നതുകൊണ്ടാണെന്നു തോന്നുന്നു ആ കുരുന്നു ഒന്നു പിടഞ്ഞു കരഞ്ഞു. കുട്ടികുറുമ്പന്റെ അലയൊലികൾ ആ വീട്ടിലാകെ നിറഞ്ഞു. അവന്റെ കരച്ചിൽ മഹിയുടെ നെഞ്ചിൽ വിങ്ങലുണ്ടാക്കി.

മനസ്സും കൈകളും അറിയാതെ കുട്ടിയെ വാങ്ങാൻ നീട്ടുമ്പോൾ അവന്റെ കൈകൾ വിറച്ചിരുന്നു. മഹി കുഞ്ഞിനെ ഏറ്റു വാങ്ങി നെഞ്ചോടു ചേർക്കുന്നത് ദേവി അവ്യക്തമായി കണ്ടു.

കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചിരുന്നു.
“ഈ കുട്ടിയുടെ മേലെ ഇനിയൊരു അവകാശം പറഞ്ഞു ഞാൻ വരില്ല. എനിക്ക് ജീവിക്കണം. മുഴുവൻ അവകാശവും നിനക്കു മാത്രമായിരിക്കും.

അതിനുള്ള അവകാശം ഒരു പ്രൂഫ് ആയിട്ടു ഞാൻ എഴുതി ഒപ്പിട്ടു തരാം” മറ്റൊന്നും ചിന്തിക്കാതെയും പറയാതെയും കുറഞ്ഞ വാക്കുകളിൽ കാര്യമവസാനിപ്പിച്ചു ലക്ഷ്മി ശ്രീമംഗലം വീടിന്റെ പടിയിറങ്ങി.

നൊന്തു പ്രസവിച്ച കുഞ്ഞിന്റെ കരച്ചിൽ പോലും പിന്തിരിഞ്ഞു ഒന്നു നോക്കുവാൻ കൂടി അവളെ പ്രേരിപ്പിച്ചില്ല എന്നുള്ളത് അവിടെ നിന്ന എല്ലാവർക്കും അതിശയമായിരുന്നു. “ഇങ്ങനെയും സ്ത്രീകളുണ്ടാകുമോ”

മഹിയുടെ നെഞ്ചോരം കുരുന്നു കരഞ്ഞു കരഞ്ഞു തളർന്നു ഉറങ്ങിയിരുന്നു. അവനെ തന്നോട് ചേർത്തു നിർത്താൻ മാത്രമേ മഹിക്കായുള്ളൂ.

അവന്റെ ശിരസ്സിൽ മുഖമമർത്തുമ്പോൾ അവന്റെയുള്ളിൽ ഒരു മിന്നൽ പിണർ ഉണ്ടായിരുന്നു. അവന്റെ മനസിലേക്ക് ഒരു തണുപ്പ് വ്യാപിച്ചിരുന്നു.

മഹിയുടെ ഉള്ളിലുറങ്ങിയ അച്ഛൻ എന്ന വികാരം മുളപൊട്ടി തുടങ്ങിയിരുന്നു ആ കുറച്ചു നേരം കൊണ്ടു തന്നെ.

ദേവിയോ അച്ഛനോ അമ്മയോ എന്തിനു വിച്ചുവും ചാരുവും അച്ചുവും ആരും തന്നെ അവനരികിലേക്കു പോകുകയോ കുട്ടിയെ എടുക്കാനോ ഒന്നിനും മുതിർന്നില്ല.

കുട്ടിയൊന്നു ഉറങ്ങിയെന്നു തോന്നിയപ്പോൾ അച്ചുവിനരികിലേക്കു മഹി കുഞ്ഞിനെയും കൊണ്ടു ചെന്നു.

“അച്ചു.. മോളെ കുഞ്ഞിനെ കുറച്ചു നേരമൊന്നു നോക്കു. ഏട്ടൻ അവനു കഴിക്കാനുള്ള ബേബി ഫുഡ് വാങ്ങി വരാം. പിന്നെയും കുറച്ചു സാധനങ്ങൾ കൂടി വാങ്ങാനുണ്ട്. വിശന്നിട്ട കരയുന്നത്. പാല് കുടി മാറാത്ത കുഞ്ഞാണ്.”

മഹിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നത് മുഴുവൻ അപേക്ഷ സ്വരമാണെന്നു അച്ചുവിന് മനസിലായി. ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്കു എതിർത്തൊന്നും പറയാൻ തോന്നിയില്ല. ആ നേരം വരെ വിശന്നു കരയുകയായിരുന്നു കുഞ്ഞു.

അവൾ മറുത്തൊന്നും പറയാതെ കുഞ്ഞിനെ വാങ്ങി. കുഞ്ഞിനെ എങ്ങനെ പിടിക്കണമെന്നും ഇടക്ക് കരഞ്ഞാൽ എന്തു ചെയ്യണമെന്നുമൊക്കെ അച്ചുവിന് പറഞ്ഞു കൊടുത്തു. മഹിക്കുള്ളിലെ ഡോക്ടർ ഉണർന്നിരുന്നു.

ദേവി മുറിയിൽ തന്നെ ഇരുന്നു. പല പല ചിന്തകൾ അവളെ വിഷമിപ്പിക്കാൻ വേണ്ടി മനസിലേക്ക് ഉരുണ്ടുകൂടാൻ മത്സരം നടത്തുന്നപോലെ.

തനിക്കിതു ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലയെന്നു മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു. എല്ലാ ദുശീലങ്ങളും സ്വഭാവവും അറിഞ്ഞും കേട്ടും കണ്ടും കൊണ്ടു തന്നെയാണ് ഈ ജീവിതയാത്രയിൽ ഒപ്പം കൂടിയത്.

പക്ഷെ ഇങ്ങനെയൊരു പരീക്ഷ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ കുഞ്ഞിന്റെ മുഖം ശരിക്കും കണ്ടിരുന്നില്ല കണ്ണുനീര് കാഴ്ചയെ മറച്ചതുകൊണ്ടു.

കാണണ്ട തനിക്കു. തന്റെ എന്തൊരു ജന്മമാണെന്നു ഓർത്തു അവളുടെ ഉള്ളം വിങ്ങി. തേങ്ങലുകൾ വിതുമ്പലുകൾ കരച്ചിലും കണ്ണുനീരുമായി അവളാ മുറിയിൽ തന്നെ കൂടി.

ശ്രീമംഗലം വീട്ടിൽ ആരുമാരും പരസ്പരം സംസാരിക്കുന്നുണ്ടായില്ല. വൈകുന്നേരത്തെ കളിച്ചിരികൾ എല്ലാം തന്നെ ഒരാളുടെ വരവ് കൊണ്ടു മരണ വീടിനു സമമായി. മഹി അപ്പോഴേക്കും എത്തിയിരുന്നു.

കുട്ടിക്ക് വേണ്ട ബേബി ഫുഡ് കുറച്ചു വസ്ത്രങ്ങൾ പാമ്പേഴ്‌സ് അങ്ങനെ കുറച്ചു സാധനങ്ങൾ വാങ്ങി വന്നു. അവൻ തന്നെ കുട്ടിക്ക് വേണ്ട ബേബി ഫുഡ് തയ്യാറാക്കി. കുട്ടിയുണർന്നപ്പോൾ കുറെ പരിശ്രമിച്ചു മഹി അവനെ കഴിപ്പിച്ചു. അമ്മിഞ്ഞ പാലുപോലും നിഷേധിച്ച ലക്ഷ്മിയുടെ മുഖം മനസിലേക്ക് വന്നപ്പോൾ അവളോടു അറപ്പും വെറുപ്പും തോന്നിപ്പോയി.

കുഞ്ഞിനെ നെഞ്ചോടു ചേർത്തു തന്നെ അവനിരുന്നു. എപ്പോഴോ കുഞ്ഞു വീണ്ടും മയക്കത്തിലാണ്ടു. മഹി കുഞ്ഞിനെയും കൊണ്ടു റൂമിലേക്ക്‌ ചെല്ലുമ്പോൾ ദേവി ടേബിളിൽ തല വച്ചു കിടക്കുകയായിരുന്നു.

മഹിയെ കണ്ട ദേവിയുടെ മുഖം ദേഷ്യം കൊണ്ട് ചുവപ്പു പടർന്നിരുന്നു. അവൻ കുഞ്ഞിനെ ബെഡിൽ കിടത്തി. തലയിണ എടുത്തു തട വച്ചു തിരിഞ്ഞു. ദേവിയപ്പോൾ തന്നെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നു അവനു മനസിലായി.

ദേവിയെ ഒന്നു നോക്കിയതല്ലാതെ അവനൊന്നും പറയാതെ ഡ്രെസ് മാറുവാൻ തുടങ്ങി.
“ഇനിയും എത്രയാളുകൾ വരും ഇതുപോലെ അച്ഛന്റെ അവകാശവും ചോദിച്ചുകൊണ്ട്. അങ്ങനെയാണെങ്കിൽ ശ്രീമംഗലം വീടിനു സമീപം ഒരു നഴ്സറി കൂടി തുടങ്ങമായിരുന്നു”

“ദേവി” മഹി ഉയർന്നു വന്ന കോപത്തെ പിടിച്ചടക്കി അവളെ വിളിച്ചു.

“എന്തിനാ അലമുറയിടുന്നത്. എനിക്കറിയണമല്ലോ ഇനിയാരൊക്കെ ഇവിടെ വരുമെന്ന്” ദേവിയവനെ വിടാതെ പിന്തുടർന്നു വാക്കുകളാൽ പൊള്ളിച്ചു കൊണ്ടിരുന്നു.

മഹി ദേവിക്കരികിലേക്കു നീങ്ങി. അവളെയൊന്നു നോക്കി കണ്ടു. തന്റെ പ്രണയം പറയാൻ കൊതിച്ചിരുന്നു ഈ ഉണ്ടക്കണ്ണിൽ നോക്കി… അതു കേൾക്കുന്ന നിമിഷം ഈ കണ്ണുകളിലെ തിളക്കത്തെ അധരങ്ങളാൽ ഒപ്പിയെടുക്കണമെന്നു ആഗ്രഹിച്ചിരുന്നു.

മുഴുവൻ സ്നേഹവും പ്രണയവും നിന്നിലേക്ക്‌ മാത്രം ആവഹിക്കണമെന്നു മോഹിച്ചിരുന്നു… ഇനി തനിക്കതിനുള്ള അര്ഹതയില്ലെന്ന് അവന്റെ മനസിലിരുന്നു ആരൊക്കെയോ മന്ത്രിക്കുന്നപോലെ അവനു തോന്നി.

അവളുടെ മുഖത്തേക്ക് നോക്കി മൗനമായി ഹൃദയം കൊണ്ടു സംസാരിക്കുകയായിരുന്നു മഹി. കുറച്ചു നിമിഷങ്ങൾ കൂടി ദേവി അവനെ നോക്കി.

തന്നെ തന്നെ നോക്കി നിൽക്കുന്ന അവന്റെ മനസു തന്നോട് എന്തോ മന്ത്രിക്കും പോലെ അവൾക്കും തോന്നി. അവൾ കൈ വിരലുകൾ അവന്റെ മുഖത്തിനു നേരെ ഞൊട്ടി ശബ്ദമുണ്ടാക്കി അവനെ സ്വബോധത്തിലേക്കു കൊണ്ടുവന്നു.

മഹി വീണ്ടും കപട ദേഷ്യത്തിന്റെ മുഖം മൂടി ആവരണമാക്കി. “ഞാൻ മനസ്സു വച്ചിരുന്നെങ്കിൽ നിന്റെ വയറ്റിലും ഉണ്ടായേനെ ഇതുപോലെ ഒന്നു. മഹി ഒരാളെ ശരീരവും മനസും കൊടുത്തു പ്രണയിച്ചിട്ടുള്ളൂ.

അതിനുള്ള ശിക്ഷ തന്നെയാണ് ആ കിടക്കുന്നത്. അതു ഞാൻ അനുഭവിച്ചോളാം. പിന്നെ ഉള്ളത്… അതു നോക്കി തന്നെയാ മഹി കളിച്ചിട്ടുള്ളൂ. അവരൊക്കെ മഹിയുടെ കാശിനു വേണ്ടി കിടന്നു തന്നതായിരുന്നു.

അപ്പൊ ഞാനും അത്രയേ വില കണ്ടിട്ടുള്ളു. എന്റെ എല്ല സ്വഭാവവും അറിഞ്ഞുകൊണ്ടല്ലേ എന്നെ സ്വീകരിച്ചത്. പിന്നെ ഇതു ഞാൻ പോലും അറിയാത്ത കാര്യമായിരുന്നു… ദയവു ചെയ്തു ഇന്നെന്നെ ചോദ്യം ചെയ്യല്ലേ… ഞാൻ അത്രക്കും ക്ഷമ കെട്ടു നിൽക്കുകയാണ്.”

മഹി കൈ കൂപ്പി നിന്നു കൊണ്ടു അവളോടു പറഞ്ഞപ്പോൾ അവനെയൊന്നു ക്രൂശിച്ചു നോക്കി അവൾ മുറിവിട്ടിറങ്ങി.

ശ്രീമംഗലം വീട്ടിലെ പുതിയ കഥകൾ തീ പൊരി പടരുംപോലെ എല്ലാവരും അറിഞ്ഞു തുടങ്ങി. പലരും ഫോൺ വിളികളും കളിയാക്കലുകളുമൊക്കെയായി ആ വീടിനെ കടന്നുപോയി കൊണ്ടിരുന്നു.

അങ്ങനെ ദേവിയുടെ അച്ഛൻ വാസുദേവനും അവിടെയെത്തി. അയാളുടെ മുഖഭാവം എല്ലാം അറിഞ്ഞിട്ടു വരികയാണെന്ന് പറഞ്ഞു കൊണ്ടിരുന്നു. കാർത്തികേയൻ അയാളെ സ്വീകരിച്ചിരുത്തി.

“നിങ്ങളുടെ ആദിത്യ മര്യാദയും സ്വീകരിചു ഇറങ്ങി പോകാൻ വന്നതല്ല ഞാൻ. ദേവിയെ ഞാൻ കൊണ്ടുപോകാൻ വന്നതാണ്.

എന്റെ മോൾക്ക്‌ ഇനി ഇങ്ങനെയൊരു ബന്ധം വേണ്ട” വാസുദേവൻ പറയുമ്പോൾ മഹിയും അടുത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അച്ഛൻ വന്നതറിഞ്ഞു ഓടി വന്ന ദേവി വാസുദേവന്റെ വാക്കുകൾ കേട്ടുകൊണ്ട് നടുങ്ങി നിന്നു.
“ഞങ്ങൾക്ക് പൈസക്കു മാത്രമേ കുറവുള്ളു.

ഇതുപോലെ നാണം കെട്ടു ജീവിക്കേണ്ട ആവശ്യം എന്റെ മോൾക്കില്ല. ഞാൻ കൊണ്ടുപോകാൻ വന്നതാ മോളെ” ദേവിയുടെ മുഖത്തേക്ക് നോക്കി വാസുദേവൻ പറഞ്ഞു കൊണ്ടിരുന്നു.

അയാൾ പിന്നെയും എന്തൊക്കെയോ ശ്രീമംഗലം വീടിന്റെ മഹിമയെ കുറിച്ചൊക്കെ പറയാൻ തുടങ്ങി. അയാളുടെ രോക്ഷം മുഴുവൻ കാർത്തികേയനും മഹിയും കേട്ടു നിൽക്കുകയായിരുന്നു.
“അച്ഛാ… മതി …. നിർത്തൂ…” ദേവി കൈകൾ ഉയർത്തി അച്ഛനെ തടഞ്ഞു.

അവളുടെ ശബ്ദം ഉയർന്നിടത്തെക്കു മഹിയുടെ ചെവികൾ തുറന്നു വച്ചു ഇരുന്നു അവൻ.

“ഈ മനുഷ്യന്റെ എല്ല ദുശീലങ്ങളും അച്ഛനും അറിയമായിരുന്നല്ലോ. ഇതെല്ലാം അറിഞ്ഞു കൊണ്ടല്ലേ എന്നെ ഈ വീട്ടിലേക്കു പറഞ്ഞു വിട്ടത്… അപ്പൊ പിന്നെ അച്ഛൻ ഇപ്പൊ ഇവിടെ വന്നു ബഹളം വയ്‌ക്കേണ്ട ആവശ്യമെന്താ”

ദേവിയുടെ ചോദ്യത്തിന് മുന്നിൽ വാസുദേവന് തൊണ്ടയിലെ വെള്ളം വറ്റിയ പോലെ തോന്നി.

“മോളെ… അതു പിന്നെ..”വാസുദേവൻ വാക്കുകൾക്കായി പരതി.

“ഈ താലി എന്റെ കഴുത്തിൽ വീണത്തിന് ശേഷം അതിനോടുള്ള എല്ല ബഹുമാനവും അദ്ദേഹം നില നിർത്തിയിട്ടുണ്ട്. പിന്നെ ഇപ്പൊ അനുഭവിക്കുന്നത് അതു മുന്നേ ചെയ്ത തെറ്റിന്റെ ഫലം. ഞാൻ അച്ഛന്റെയടുക്കൽ ഒരു പരാതിയുമായി വന്നില്ലലോ.

എന്നെ ഈ വീട്ടിലേക്കു തള്ളിവിടാതെ ഇരിക്കമായിരുന്നില്ലേ അച്ഛന്… എന്താ ഇപ്പോഴുള്ള വിഷമം അന്ന് കണ്ടില്ല. അപ്പൊ അച്ഛന്റെ ചികിത്സ നടക്കണമെങ്കിലും അനിയത്തിമാരുടെ പഠിപ്പു നടക്കണമെങ്കിലും ഈ താലി എന്റെ കഴുത്തിൽ വീഴണമായിരുന്നു… ഞാൻ ഇനി വീട്ടിൽ വന്നു നിന്നാൽ എനിക്കൊരു ജീവിതമുണ്ടാകുമോ…

അനിയത്തിമാരുടെ മുന്നോട്ടുള്ള ജീവിതമോ… അച്ഛനും മനസു കൊണ്ടാഗ്രഹിക്കുന്നത് ഞാൻ ഇവിടെ തന്നെ നിൽക്കണമെന്നല്ലേ” ദേവിയുടെ ഓരോ ചോദ്യവും ചാട്ടുളി പോലെ വാസുദേവന്റെ ഹൃദയത്തിൽ ആഞ്ഞു പതിച്ചു. ശരിയല്ലേ അവളുടെ ചോദ്യങ്ങൾ… തികച്ചും ന്യായമല്ലേ… അവളെ താൻ ശരിക്കും ബലിയാടാക്കുകയായിരുന്നില്ലേ…. മറുത്തൊന്നും പറയാതെ അവളെല്ലാം സമ്മതിച്ചു തന്നു…

അവളുടെ മനസിൽ എന്താണെന്നുപോലും താനിതുവരെ ചോദിച്ചതുപോലുമില്ല… ദേവിയോട് ഒരു മറുപടി പറയാനാകാതെ അയാൾ നിന്നു വിയർത്തു.

“എനിക്കിനിയും ഇവിടെ ജീവിക്കാനുള്ളതാണ്. അച്ഛൻ ഇവിടെ വന്നു ഇതുപോലെയൊന്നും എന്റെ ഭർത്താവിനെയോ വീട്ടുകരെയോ വീടിനെയോ പറയാൻ ഞാൻ സമ്മതിക്കില്ല.” ദേവി കർക്കശത്തോടെ അച്ഛനോട് പറഞ്ഞു അകത്തേക്ക് കേറി പോയി.

സ്വന്തം അച്ഛനെ കൂട്ടി ചീത്ത വിളിച്ചതിനു തന്റെ തല തല്ലി പൊളിച്ച പെണ്ണാണ് അച്ഛനോട് കർക്കശത്തോടെ പറഞ്ഞു പോയതെന്ന് മഹി അതിശയത്തോടെ ഓർത്തു. പെണ്ണിന്റെ മനസ്സു ഒരു ആഴകടലാണ്…

എത്ര മുങ്ങി താണാലും പിന്നെയും പിന്നെയും ആഴത്തിൽ പോയി കൊണ്ടിരിക്കും. അത്രയേറെ ആഴം കടലിനും പെണ്ണിന്റെ മനസിനും മാത്രമാണെന്ന് മഹിയോർത്തു.

മഹി മുറിയിലേക്ക് ചെല്ലുമ്പോൾ ദേവി പുറത്തേക്കു നോക്കി നിൽക്കുന്നത് കണ്ടു. കണ്ണുകൾ നിറഞ്ഞിട്ടില്ല. പക്ഷെ ആ കണ്ണുകളിൽ ദേഷ്യവും സങ്കടവുമെല്ലാം നിറഞ്ഞു നിന്നിരുന്നു. സ്വതവേ പടരുന്ന ചുവപ്പു ആ കണ്ണുകളിൽ അവനു നഷ്ടമായത് പോലെ തോന്നി.

“ദേവി” മഹിയുടെ വിളി കേട്ടെങ്കിലും അവൾ ഒന്നു മൂളുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല.

“എന്റെയും കുഞ്ഞിന്റെയും കൂടെ നിന്റെ നല്ല ജീവിതം കളയണമെന്നു എനിക്കും ആഗ്രഹമില്ല. അച്ഛന്റെ കൂടെ പൊയ്ക്കോളൂ” അവന്റെ വാക്കുകൾക്ക് അവളുടെ കണ്ണിൽ ചുവപ്പു പടർത്തി അവളാദ്യം മറുപടി പറഞ്ഞു.

“നിങ്ങളോടൊ നിങ്ങളുടെ ജാര സന്തതിയോടൊ ഉള്ള പ്രേമം കൊണ്ടല്ല ഞാൻ പോകാത്തത്. എന്റെ അനിയത്തിമാരുടെ ജീവിതം മുന്നോട്ടു കണ്ടിട്ടു തന്നെയാണ്.

നിങ്ങളോടു ഞാൻ ഒരു വാക്കു പറഞ്ഞിരുന്നു. അവരുടെ ജീവിതം കരയ്ക്കെത്തിച്ചാൽ ഞാൻ ഈ താലി നിങ്ങളെ തിരിച്ചേല്പിക്കും. അതുവരെ നിൽക്കാൻ ഈ വീടും ഈ താലി എന്റെ കഴുത്തിലും എനിക്ക് വേണം.

അതു ഒന്നുകൊണ്ടു മാത്രം” അവളുടെ ഉറക്കെയുള്ള സംസാരത്തിൽ അവൻ ഞെട്ടി നിൽക്കുകയായിരുന്നു. ശബ്ദം കേട്ടു കുഞ്ഞുണർന്നു കരഞ്ഞു. ദേവി മഹിയെ പുച്ഛം നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു കുട്ടി കരഞ്ഞ ഭാഗത്തേക്ക് പോലും നോക്കാതെ അവൾ മുറി വിട്ടിറങ്ങി…

മഹി കുഞ്ഞിനെയെടുത്തു ഇനിയെന്തു മുന്നോട്ടുള്ള ജീവിതമെന്ന് ആലോചനയോടെ നിന്നു.

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10

ഈ യാത്രയിൽ : PART 11