Saturday, December 21, 2024
Novel

ഈ യാത്രയിൽ : ഭാഗം 11

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

അച്ചു മാല പുറത്തേക്കെടുക്കുമ്പോൾ നീർക്കണങ്ങളോടെ കണ്ണുകൾ അടച്ചു ശ്വാസം പോലുമെടുക്കാനാകാതെ ദേവി വിയർത്തു നിന്നു….!!

മഹിയുടെ മുഖവും ദേഷ്യത്തിൽ വിവർണ്ണമായി. അച്ചു മാത്രം ആദ്യം ഒരു ഞെട്ടൽ കാണിച്ചുവെങ്കിലും അതിനു പുറകിൽ ഒളിപ്പിച്ച ചിരി ദേവിയെ കൂടാതെ മറ്റു ചിലർക്കും മനസ്സിലായിരുന്നു.

അച്ചു മാല കൈകളിലെടുത്തു ചാരുവിനു നേരെ തിരിയുമ്പോൾ ചാരു ചിരിച്ച മുഖത്തോടെ നിൽക്കുന്നു. “ഇതല്ലേ ചേച്ചിയുടെ മാല” ചാരു അതെയെന്ന് തലയാട്ടി. ദേവിയുടെ തല കുമ്പിട്ടു പോയി.

“എന്റെ മാല തന്നെയാണ് അതു… പക്ഷെ കാണാതെ പോയത് ആ മാലയല്ല” ചാരുവിന്റെ മറുപടിയിൽ ആദ്യം ഞെട്ടിയത് അച്ചുവായിരുന്നു. “ഏടത്തി….ഏടത്തി എന്താ പറയുന്നേ” അച്ചു കുറച്ചധികം ഇടറിച്ചയോടെ ചാരുവിനു നേരെ തിരിഞ്ഞു.

“എന്റെ അച്ചുവെ… നിനക്കു ഞാൻ ഇന്നലെ ഒരു വള സമ്മാനമായി തന്നിരുന്നല്ലോ ദേവി ഏടത്തിക്കു ഈ മാലയാണ് ഞാൻ കരുതിയത്. ഞാൻ അതു കൊണ്ടുവരുമ്പോൾ ഏടത്തിയെ മുറിയിൽ കണ്ടില്ല. ഞാൻ തന്നെയാണ് ഈ മാല ഏടത്തിയുടെ ബാഗിൽ ഭദ്രമായി വച്ചത്. പിന്നീട് പറയാമെന്നു കരുതി.

പിന്നെ ഞാൻ അതു മറക്കുകയും ചെയ്തു ഏടത്തിയോട് പറയാൻ… സോറി ഏടത്തി..” മഹിയുടെയും വിച്ചുവിന്റെയും മുഖത്തു ആശ്വാസത്തിന്റെ നിഴൽ വീണിരുന്നു.
ചാരുവിന്റെ അമ്മ അവളുടെ തോളിൽ പതിയെ അടിച്ചു കൊണ്ടു അവളോടു പറഞ്ഞു”നീ എന്നാലും പറയാതെയിരുന്നത് ശരിയായില്ല.

എല്ലാവരും പെട്ടന്ന് ദേവി മോളെ കുറ്റപ്പെടുത്തിയേനെ… ചാരു നിന്റെയി മറവിയുണ്ടല്ലോ പല പ്രേശ്നങ്ങളും ഒരു കുടുംബത്തിലുണ്ടാക്കും.”

ചാരു തല കുമ്പിട്ടു പോയി. ക്ഷമയും പറഞ്ഞു. അപ്പോഴും കാണാതെ പോയ മാല എവിടെ പോയോ ആവോ” അച്ചു ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.

“അതു എവിടെയെങ്കിലും കാണും നിങ്ങള് വന്നേ എല്ലാവരും… ഭക്ഷണം കഴിക്കാം” ചാരു തന്നെ എല്ലാവരെയും കൂട്ടി കൊണ്ടുപോയി ആ വിഷയവും സംഭാഷണവും മാറ്റി. ദേവിയപ്പോഴും ഒരു നിസ്സംഗതതയോടെ നിൽക്കുകയായിരുന്നു.

തന്റെ അഭിമാനം വ്രണപ്പെട്ടുവെന്ന തോന്നൽ അവളിൽ ഉളവായി. ജനലിനു പുറത്തേക്കു കണ്ണു നട്ടു വിദൂരതയിലേക്ക് നോക്കി നിന്നു. അവളറിയാതെ കണ്ണു നിറഞ്ഞു തൂകുന്നത് മഹിക്കു നോക്കി നിൽക്കന്മാത്രമേ കഴിഞ്ഞുള്ളു.

സുഭദ്ര ഭക്ഷണം കഴിക്കാൻ താഴേക്കു വിളിച്ചപ്പോഴായിരുന്നു അവൾ ഏതോ ലോകത്തു നിന്നും വന്നപോലെ ഞെട്ടി ഉണർന്നത്. തിരിഞ്ഞു നോക്കുമ്പോൾ തന്നെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി കാണുന്ന മഹിയെയാണ് കണ്ടത്. അവനെയൊന്നു നോക്കി അവൾ താഴേക്കു പോയി.

മഹി അവളുടെ ചിന്തകളിലൂടെ പോയി നോക്കി. എത്രയൊക്കെ കഷ്ടപെട്ടിട്ട അവൾ അച്ഛന്റെ ചികിത്സയും അനിയത്തിമാരുടെ പഠനവുമൊക്കെ നോക്കി നടത്തിയത്.

സ്വന്തം പഠനം പോലും മുടക്കി അനിയത്തിമാരെ പഠിപ്പിക്കുകയായിരുന്നു. അങ്ങനെയുള്ള അവൾ ഇതുപോലുള്ള ഒരു കാര്യം ചെയ്യില്ല.

അങ്ങനെ അഭിമാനം നോക്കാതെ അവൾക്കു എന്തെല്ലാം ചെയ്യാമായിരുന്നു… നല്ല വിഷമം ആയിട്ടുണ്ട്… അച്ചു…അച്ചുവിന്റെ മുഖം മനസിലേക്ക് വരുംതോറും ദേഷ്യത്തിൽ അവന്റെ മുഖത്തെ പച്ച ഞരമ്പുകൾ തടിച്ചു പൊന്തിയിരുന്നു.

പിന്നീടുള്ള സമയങ്ങൾ അത്രയും ദേവി കുറച്ചു മൂകമായി തന്നെയിരുന്നു. കാര്യങ്ങളൊക്കെ അറിയാവുന്നതുകൊണ്ടു ആരും അവളെ ചോദ്യം ചെയ്യുകയോ എന്തെങ്കിലും ചോദിച്ചു ബുദ്ധിമുട്ടിക്കുകയോ ചെയ്തില്ല. അതു ദേവിക്ക് വലിയ ആശ്വാസമായിരുന്നു. എങ്കിലും അച്ചു ഇടക്കും തലക്കും എന്തെങ്കിലുമൊക്കെ വന്നു പറഞ്ഞിരുന്നു.

അച്ചു ദേവിയുടെ അടുത്തു വന്നുപോകുമ്പോൾ ദേവിയുടെ മുഖം മാറുന്നത് മഹി ശ്രെദ്ധിച്ചിരുന്നു. അതിനു ശേഷം മഹി ദേവിയെ ചുറ്റിപറ്റി മാത്രം നടന്നു. മഹിയുടെ ദേഷ്യം മുന്നേ അറിയുന്ന അച്ചു പിന്നീട് ആ ഭാഗത്തേക്ക് പോയില്ല.

എല്ലാത്തിൽ നിന്നും വിട്ടു നിന്നു ദേവി മൂകയായിരുന്നു. വല്ലാത്തൊരു വിഷമം അവളെ വന്നു പൊതിഞ്ഞിരുന്നു. ചാരുവിന്റെ അച്ഛനും അമ്മയും പോകുമ്പോൾ ഏറെ വൈകിയിരുന്നു. പോകും മുന്നേ ചാരുവിന്റെ അമ്മ ദേവിയുടെ കൈകൾ പിടിച്ചു പറഞ്ഞു “ചാരു വീട്ടിൽ നിന്നും വന്നിട്ടു ഇതുവരെ ഫോൺ വിളിക്കുമ്പോളെല്ലാം അധികം പറഞ്ഞിരുന്നത് മോളുടെ കാര്യമാണ്.

അവൾ ഇങ്ങനെയൊന്നുമായിരുന്നില്ല. മോളുടെ സ്വഭാവം അവളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. സുഭദ്രയുടെ കൈകളിൽ അല്ല…

ചാരുവിനെ മോളുടെ കൈകളിലാണ് ഞാൻ ഏൽപ്പിക്കുന്നത്…. സന്തോഷമായി ഞങ്ങൾക്ക്… പോയിട്ടു വരാം ” ചാരുവിന്റെ അമ്മ അങ്ങനെ പറയുമ്പോൾ ദേവിയുടെയും സുഭദ്രയുടെയും കണ്ണുകളിൽ മിഴിനീർത്തിളക്കം കൂടി. മഹിയുടെ കണ്ണുകളിൽ സ്വന്തം ഭാര്യയെ കുറിച്ചുള്ള അഭിമാനവും.

രാത്രി കുളിച്ചു ഫ്രഷായി മുടി ചീകി കൊണ്ട് നിന്നിരുന്ന ചാരുവിന്റെ പുറകിലൂടെ വിച്ചു ഇറുകെ പുണർന്നു. അവൾ അതു ആസ്വദിച്ചു നിന്നു എങ്കിലും ചെയ്തിരുന്ന മുടി ചീകൽ നിർത്തിയില്ല. അവന്റെ കുറ്റിതാടി പിൻകഴുത്തിൽ ഉരസി പുറകിലൂടെ തന്നെ അവളുടെ മുഖം അവനു നേരെ തിരിച്ചു കൊണ്ട് ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.

കുറച്ചു നിമിഷത്തിനു ശേഷം ഒരു കിതപ്പോടെ അവളിൽ നിന്നു അകന്നുമാറി അവളെ വലിച്ചടുപ്പിച്ചു അവന്റെ മടിയിലിരുത്തി. രണ്ടുപേരും കട്ടിലിനെ ചാരി തറയിലായിരുന്നു ഇരുന്നത്. വിച്ചുവിന്റെ കഴുത്തിൽ കൈകൾ കോർത്തു അവന്റെ മൂക്കിൽ മൂക്കുരസി ചാരുവും…

വിച്ചു പതിയെ അവളുടെ കാതോരം അമർത്തി ചുംബിച്ചു. കാതിൽ മെല്ലെ മന്ത്രിച്ചു…”thanks a lot dear” അവൾ അതു ആസ്വദിച്ചപോലെ വിച്ചുവിന്റെ മേലുള്ള പിടി മുറുക്കി.
“തക്ക സമയത്തു നീ ഇടപെട്ടു അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ…” വിച്ചു വിഷമത്തോടെ മുഖം കുനിച്ചു.

“ഇതെന്റെ കുടുംബമാണ് വിച്ചു. ഇവിടെ നടക്കുന്നതൊന്നും പുറത്തേക്കു പോകാൻ പാടില്ല. അതു എന്നെ കൂടിയാണ് ബാധിക്കുന്നത്. അതിനെക്കാളുപരി ഏടത്തി അതു ചെയ്യില്ല എന്നെനിക്കുമറിയാം.” അവളുടെ വാക്കുകൾ… അവന്റെ മനസു നിറഞ്ഞിരുന്നു… ചാരു ഇങ്ങനെയൊക്കെ ചിന്തിച്ചു പ്രവർത്തിച്ചതിനു.

അവൻ അവളെ ഒന്നുകൂടി ചേർത്തു ചുംബിക്കാൻ ആഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. “ഈ നേരത്തു ഇതാര കട്ടുറുമ്പു….”വിച്ചു ഒന്നു ദേഷ്യത്തിൽ പറഞ്ഞു. “വേറെയാരുമല്ല ഏടത്തി തന്നെയാണ്… മാല മടക്കി കൊണ്ടുവരാനുള്ള വരവാണ്”ചാരു തന്നെ മറുപടി പറഞ്ഞു.

അവൻ നോക്കാം എന്ന ഭാവത്തിൽ വാതിൽ തുറന്നപ്പോൾ ചാരു പറഞ്ഞപോലെ തന്നെ ദേവി മാലയും പിടിച്ചു മുന്നിൽ നിൽക്കുന്നു. വിച്ചു പെട്ടന്ന് ചാരുവിനെ അത്ഭുതത്തോടെ നോക്കി. ചാരു ആണെങ്കിലോ ഇപ്പൊ എന്തായി എന്ന ഭാവത്തിലും.

“സോറി വിച്ചു… ഞാൻ ” ദേവി വാക്കുകൾക്കായി ബുദ്ധിമുട്ടാൻ തുടങ്ങി. കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു അവൾ. കണ്ണുകൾ ഇറുകെയടച്ചു ധൈര്യം സംഭരിക്കുന്നപോലെ നിന്നു കുറച്ചു നിമിഷങ്ങൾ. ആ നേരമത്രയും ദേവിയുടെ വിഷമാവസ്ഥ കണ്ടു വിച്ചുവിനും ചാരുവിനും കൂടി സങ്കടമായി.

“ചാരു ആ സമയത്തു പറഞ്ഞതെല്ലാം നുണയാണെന്നും എന്നെ രക്ഷിക്കാനാണെന്നും എനിക്കറിയാം. എങ്കിലും ഞാൻ ഇതു എടുത്തിരുന്നില്ല ചാരു.” ദേവി കയ്യിലുള്ള മാല ചാരുവിനും വിച്ചുവിനും നേരെ നീട്ടി കൊണ്ടു പറഞ്ഞു. ചാരു ദേവിയുടെ കൈകളിലേക്കും ദേവിയെയും നോക്കിയിട്ട് ഒന്നു പുഞ്ചിരിച്ചു.

രണ്ടടി മുന്നോട്ടു വച്ചു ദേവിയുടെ തോളിൽ പിടിച്ചുകൊണ്ടു ചാരു പറഞ്ഞു “സത്യം തന്നെയാ ഞാൻ പറഞ്ഞതു. അങ്ങനെയൊരു ചടങ്ങു ഉണ്ടല്ലോ. അമ്മക്കും അച്ചുവിനും ഞാൻ കൊടുത്തു. അപ്പൊ എനിക്കെന്തോ ഏടത്തിക്കും തരണമെന്ന് തോന്നി. ഇതെനിക്ക് ഇനി മടക്കി തരല്ലേ…

ഞാൻ സന്തോഷത്തോടെ തരുന്നതാണ്. ഏടത്തി ഇതു വാങ്ങിയില്ലെങ്കി എനിക്ക് വിഷമമാകും”ദേവിയുടെ താടി കുലുക്കി കൊഞ്ചിയാണെങ്കിലും അവൾ പറഞ്ഞതിൽ ഒരു അപേക്ഷയുണ്ടായിരുന്നു. പിന്നെ ദേവിയൊന്നും പറയാതെ വിച്ചുവിനെ നോക്കി ചിരിച്ചുകൊണ്ട് മുറി വിട്ടു പോയി.

“വിച്ചു… നിനക്കു അറിയോ ആരാ ഇതു ചെയ്തതെന്ന്…” ചാരു തന്റെ സംശയം തീർക്കാൻ എന്നോണം വിച്ചുവിനോട് ചോദിച്ചതാണ്.

“അറിയാം… ആ ആൾ ഇന്ന് രാത്രി സന്തോഷത്തോടെ ഉറങ്ങട്ടെ” അവന്റെ പറച്ചിലിൽ ദേഷ്യം കൊണ്ടു വാക്കുകൾ വിറച്ചിരുന്നു.

ദേവിയുടെ മുഖം വല്ലാതായി തന്നെ ഇരുന്നു. ഒന്നിനും ഒരു ഉഷാറില്ലാതെ. മഹിയവളെ ബുദ്ധിമുട്ടിക്കാത്തതും അവൾക്കൊരു ആശ്വാസമായിരുന്നു. ഒന്നും മിണ്ടാതെ കനത്ത മുഖത്തോടെ തന്നെ ചുമരിന് അഭിമുഖമായി അവൾ കിടന്നു.

തന്റെ സങ്കടങ്ങൾ ചുമരിനോട് പറഞ്ഞു തീർക്കാൻ ശ്രമിച്ചു മൗനമായി തന്നെ. മൗനത്തെ കൂട്ടു പിടിച്ച സംസാരമായതിനാൽ അവളുടെ തേങ്ങലുകളുടെ അലയൊലികൾ കേൾക്കാതിരിക്കാൻ അവൾ പതിവുപോലെ പുതപ്പിന്റെ അഗ്രം വായിൽ തിരുകി.

മഹിക്കും കിടന്നിട്ടു ഉറക്കം വരുന്നിലായിരുന്നു. എങ്കിലും എപ്പോളോ മയങ്ങി പോയ അവൻ എന്തോ ഉൾവിളിയിൽ പെട്ടന്ന് കണ്ണുതുറന്നു. അവൻ പതിയെ അടുത്തു ദേവിയെ തപ്പി നോക്കി. അവൾ കിടന്നിടം ശൂന്യമായിരുന്നു.

അവൻ പെട്ടന്ന് ചാടിയെഴുനേറ്റു. മുറിയിലെ അരണ്ട വെളിച്ചത്തിൽ കണ്ടു… ദേവി ജനലിലൂടെ ഇരുട്ടിലേക്ക് നോക്കി നിൽക്കുന്നത്. സങ്കടം പറയാൻ ആരുമില്ലാത്തതിനാൽ ഇരുട്ടിനെ കൂട്ടു പിടിച്ചതാണെന്നു അവനു മനസിലായി.

ജനലിൽ കൂടി അവളെ സമാധാനിപ്പിച്ചുകൊണ്ടു തണുത്ത കാറ്റു അവളെ തഴുകി തലോടി കൊണ്ടിരുന്നു. അവളുടെ കണ്ണുനീരിനെ പോലും കാറ്റിലൂടെ പതിച്ച മഴത്തുള്ളികൾ അലിയിച്ചു കളയും പോലെ. മഹി പതിയെ അവളുടെ അടുത്തേക്ക് ചെന്നു തോളിൽ കൈ വെച്ചു.

“ദേവി”…. കേൾക്കാൻ കൊതിച്ച പോലെ അവൾ കണ്ണു നിറച്ചു അവനെ തിരിഞ്ഞു നോക്കി. തോളിൽ പതിച്ച അവന്റെ കൈകൾ അവൻ ഒന്നുകൂടി മുറുക്കി.

നിനക്കു ഞാനുണ്ടെന്നു അവൻ വാക്കുകൾ ഉപേക്ഷിച്ചു മൗനത്താലും അവന്റെ കണ്ണുകളാലും പറയാതെ പറഞ്ഞു. അവനെ പോലും എന്തിനേറെ ദേവി പോലും വിചാരിക്കാതെ ഞെട്ടിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞിരുന്നു.

അവളെ ഒരു മടിയും കൂടാതെ അവൻ പൊതിഞ്ഞു പിടിച്ചിരുന്നു. തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ പൊതിഞ്ഞു പിടിക്കുംപോലെ. അവളെ ഇറുകെ പിടിച്ചു മൂർധവിൽ ചുംബിച്ചു. അവന്റെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അവളുടെ സിന്ദൂരത്തിൽ വീണു ചിതറിയിരുന്നു.

എത്ര നേരം അങ്ങനെ നിന്നു അവളുടെ സങ്കടങ്ങൾ ഒഴുകിയെന്നു അറിയില്ല. തേങ്ങലുകൾ ഒന്നടങ്ങിയെന്നു തോന്നിയപ്പോൾ അവൻ അവളുടെ മുഖം തിരിച്ചു നോക്കുമ്പോൾ അവളുടെ കണ്ണുകൾ മയക്കം പൂണ്ടിരുന്നു.

അവൻ ഒരു കുസൃതി ചിരിയോടെ അവളെയൊന്നു ആകമാനം നോക്കിയിട്ട് അവളെ കോരിയെടുത്തു ബെഡിൽ കിടത്തി. കണ്ണിമ ചിമ്മാതെ അവളെ നോക്കി… അവന്റെ സ്വന്തം ഭദ്രകാളിയെ… ദേവിയുടെ മുടിയിഴകളിലും നെറ്റിയിലും തലോടി അവനും ആ രാത്രിയെ പകലാക്കി മാറ്റി.

പിറ്റേന്ന് ദേവിയുടെ കീർത്തനം കേട്ടുകൊണ്ടാണ് മഹി മയക്കം വിട്ടുണർന്നത്. അവളുടെ ആലാപനം കുറച്ചുനേരം കേട്ടിരുന്നു. പിന്നെ തന്റെ പതിവ് ജോലിയിലേക്ക് തിരികെ പോയി. ഭക്ഷണം പാകം ചെയ്യുമ്പോൾ ചാരുവും കൂടെയുണ്ടായിരുന്നു.

കഴിക്കാനുള്ളത് എടുത്തുവച്ചിട്ടു വിച്ചുവിനെ വിളിക്കാനായി ചാരു പോയപ്പോൾ അച്ചുവിനെ വിളിക്കാൻ ദേവിയും അവളുടെ മുറിയിലേക്ക് ചെന്നു. അവൾ മുറിയിൽ ചെല്ലുമ്പോൾ കണ്ടത് പേടിച്ചു വിറച്ചു വിയർത്തു ഇരിക്കുന്ന അച്ചുവും…

അവളെ തന്നെ നോക്കി ഇരിക്കുന്ന രണ്ടു ചേട്ടന്മാരും. വിച്ചുവിനെ നോക്കിയിട്ട് കാണാത്തതുകൊണ്ടു ചാരുവും ദേവിയുടെ അടുത്തേക്ക് എത്തിയിരുന്നു. ദേവിയും ചാരുവും കൂടി അവളുടെ മുറിയിലേക്ക് കടന്നു. വിച്ചു കോപം കൊണ്ടു വിറച്ചു നിൽക്കുന്നത് ചാരു ആദ്യമായി കാണുകയാണ്.

മഹിയുടെ മുഖം പുറമെ ശാന്തമാണെങ്കിലും ഉള്ളിലെ ആർത്തലക്കുന്ന കടലിരമ്പം ദേവിക്ക് മാത്രം തിരിച്ചറിയാൻ കഴിഞ്ഞു. “സത്യം പറ അച്ചു… നീയല്ലേ അതു ചെയ്തത്… പറയു… നീയല്ലേ” വിച്ചുവിന്റെ തീ പാറുന്ന നോട്ടത്തിൽ അവളുടെ മനസു പോലും അവളെ ചതിച്ചുകൊണ്ടു പറഞ്ഞു.

“അതേ … ഞാൻ തന്നെയാ” പറഞ്ഞു തീരും മുന്നേ വിച്ചുവിന്റെ കൈകൾ വായുവിൽ ഉയർന്നിരുന്നു. പക്ഷെ അപ്പോഴേക്കും. അച്ചുവിന്റെ കവിളിൽ മഹിയുടെ കൈകൾ വീണിരുന്നു.

വിച്ചു ഒന്നു സംശയിച്ചു നിന്നു. ഏട്ടൻ ഒരു ഈർക്കിൽ കൊണ്ടു പോലും അവളെ അടിച്ചു വേദനിപ്പിച്ചിട്ടില്ല. സാരമില്ല കിട്ടണം. അവളുടെ കുറുമ്പ് കൊണ്ടല്ലേ….

“എന്തിനാ നീ ചെയ്തെ… നിന്നെയിങ്ങനെയുള്ള സംസ്കാരം ആണോ ഞങ്ങൾ പഠിപ്പിച്ചത്… എന്തിനാ ചെയ്തെ… പറ… പറയെടി” ആ ചോദ്യം മഹി അവളുടെ മുടിയിൽ കുത്തിപിടിച്ചുകൊണ്ടായിരുന്നു ചോദിച്ചത്. ദേവി അതുകണ്ട് ഓടി വന്നു മഹിയെ തടയാൻ ശ്രമിച്ചു. അവളെ സൈഡിലേക്കു തള്ളിയിട്ടാണ് മഹി അവളോടു പ്രതികരിച്ചത്.

“ഞാൻ… ഏടത്തി… ഏടത്തി കാരണമാണ് അച്ഛൻ.. ” കരച്ചിലിന്റെ ഇടയിലും എന്തൊക്കെയോ വാക്കുകൾ കൂട്ടി പെറുക്കാൻ അച്ചു കഷ്ടപ്പെട്ടു.

അടുത്തതു വിച്ചുവിന്റെ ഊഴമായിരുന്നു. അവളുടെ രണ്ടു കവിളിലും മാറി മാറി അടിച്ചു. അച്ചു വീണു പോയിരുന്നു. ദേവി വേഗം ചെന്നു വിച്ചുവിനെ പുറകിലേക്ക് തള്ളിയിട്ടു.
“നിങ്ങൾ ഇതു എന്താ ചെയ്യുന്നേ…

പ്രായപൂർത്തിയായ പെണ്കുട്ടിയാണ്. ഇങ്ങനെ തല്ലാതെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്ക്” ദേവിയുടെ രോക്ഷത്തിനു മഹിയുടെ രൂക്ഷമായ നോട്ടമായിരുന്നു മറുപടി.

“പിന്നെ ഇവളു ചെയ്തതിനു തല്ലാതെ പിന്നെ… പറഞ്ഞു മനസിലാക്കി കൊടുക്കാൻ ചെറിയ കുട്ടിയോ മറ്റോ ആണോ” വിച്ചുവിന്റെ കോപവും അടങ്ങിയിരുന്നില്ല.

“അച്ചു… ദേവി പറഞ്ഞിട്ടല്ല അച്ഛൻ ഫോൺ വാങ്ങി വച്ചതു. ഞാൻ പറഞ്ഞിട്ടാണ്. ” മഹിയുടെ ആ വെളിപ്പെടുത്തൽ ശരിക്കും അച്ചുവിനെ ഞെട്ടിച്ചു.

സത്യമാണോ എന്നവളുടെ മുഖംഭാവവും കണ്ണുകളും പിന്നെയും പിന്നെയും മഹിയോട് ചോദിച്ചുകൊണ്ടിരുന്നു.
“സത്യമാ ഞാൻ പറഞ്ഞതു. നിങ്ങൾ രണ്ടാളും മാളിൽ കറങ്ങുന്നത് ഞാൻ കണ്ടിരുന്നു. അതിനുശേഷം അവനെക്കുറിച്ചു നന്നായി അന്വേഷിച്ചു.

അവനെപോലെ ഒരു ലോക ഫ്രോഡ് വേറെ കാണില്ല അച്ചു. അച്ഛനോട് ഞാൻ ഒന്നു സൂചിപ്പിചതേയുള്ളൂ” മഹി പറഞ്ഞു നിർത്തുമ്പോഴേക്കും അച്ചു കരഞ്ഞു തുടങ്ങിയിരുന്നു.

“നിനക്കു ഇനിയും വിശ്വാസമായില്ലെങ്കിൽ നീയിതു നോക്കു…” മഹിയുടെ കയ്യിലെ ഫോണിൽ രഞ്ജുവിന്റെയും വേറെ കുറെ പെണ്കുട്ടികളുടെ കൂടെയുള്ള പല പല ഫോട്ടോസ്” അച്ചുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. രഞ്ജു അപ്പൊ തന്നെ ഇത്ര നാളുംപറ്റിക്കുവായിരുന്നോ.

“മോളെ… ഫോൺ കയ്യിൽ നിന്നും വാങ്ങിവച്ച ശേഷം എപ്പോഴെങ്കിലും അവൻ കാണാൻ വന്നിട്ടുണ്ടോ… അല്ലെങ്കിൽ ഏതെങ്കിലും വഴി മിണ്ടാൻ ശ്രമിച്ചിട്ടുണ്ടോ ” വിച്ചുവിന്റെ ചോദ്യത്തിന് അച്ചു ഇല്ല എന്നു തലയാട്ടി.

“അത്ര സത്യസന്ധൻ ആയിരുന്നെങ്കിൽ നിന്നെ വിഷമിപ്പിക്കില്ലയിരുന്നു. നിന്നെ ഏതെങ്കിലും വിധേനയൊക്കെ കാണാൻ ശ്രമിക്കുമായിരുന്നു. നമ്മുടെ അച്ഛനും അമ്മയും പ്രണയിച്ച കല്യാണം കഴിച്ചത്. ഞാനും അങ്ങനെ തന്നെ.

ആത്മാർത്ഥ പ്രണയമായിരുന്നു അവന്റേതെങ്കിൽ അവനു എത്ര തന്നെ കുറവുണ്ടെങ്കിലും അച്ഛനും അമ്മയും സമ്മതിക്കാതെ ഇരിക്കുമെന്നു തോന്നുന്നുണ്ടോ… സ്നേഹത്തിന്റെ വില അവരോളം അറിയുന്നവർ വേറെയുണ്ടോ” വിച്ചു വിഷമത്തോടെ അതു പറയുമ്പോൾ അവളുടെ കവിളിലും കൈചേർത്തു തലോടിയിരുന്നു.

അച്ചു വിച്ചുവിനെ കെട്ടി പിടിച്ചു ഒരേ കരച്ചിലായിരുന്നു. മഹിയും അവർക്കൊപ്പം ചേർന്നു. സഹോദരങ്ങളുടെ നിൽപ്പ് കണ്ടു ചാരുവിന്റെയും ദേവിയുടെയും കണ്ണു നിറഞ്ഞിരുന്നു.

അച്ചുവിന്റെ കരച്ചിലൊന്നു അടങ്ങിയപ്പോൾ അവൾ കണ്ണു തുടച്ചു ദേവിയുടെ അടുത്തേക്ക് ചെന്നു രണ്ടു കൈകളും ചേർത്തു പിടിച്ചു. “സോറി ഏടത്തി…. എന്നോട് ക്ഷമിക്കണേ… ഞാൻ …. ഏടത്തിയോട് അപ്പോഴുള്ള… എന്തോ ഭയങ്കര ദേഷ്യം തോന്നി…

അതാ.. സോറി” അത്രയും പറയുമ്പോഴേക്കും അച്ചു വിങ്ങി പൊട്ടിയിരുന്നു. ദേവി നിറകണ്ണുകളോടെ അച്ചുവിനെ ചേർത്തു പിടിച്ചു. “എനിക്ക് മോളോട് ദേഷ്യമുണ്ടെങ്കിൽ മാത്രേ ക്ഷമിക്കേണ്ട ആവശ്യമുള്ളൂ…. കാരണം മോളെന്തു ചെയ്താലും എനിക്കെന്റെ സ്വന്തം അനിയത്തിമാരെയാണ് ഓർമ വരുന്നേ…

അവർ അടുത്തില്ലാത്ത വിഷമം ഞാൻ അറിയാത്തതു മോളെന്നോട് വഴക്കു കൂടുമ്പോഴും പിണങ്ങുമ്പോഴുമൊക്കെയാണ്” ദേവിയുടെ നെഞ്ചിൽ വീണു കരയുന്ന അച്ചുവിനെ ദേവി സമാധാനിപ്പിച്ചു കൊണ്ടിരുന്നു… ചാരുവും അവരുടെ ഒപ്പം കൂടി.

മഹി റെഡിയായി ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറായി വന്നു. താഴെ നോക്കിയപ്പോ ദേവിയെ കാണാൻ ഇല്ലായിരുന്നു. അവിടെയൊക്കെ നോക്കിയപ്പോ അടുക്കളയിൽ എന്തോ ഇളക്കി കൊണ്ടിരിക്കുന്നു. പാചകത്തിലാണ് കക്ഷി. ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചപ്പോ ആരെയും കാണാനുമില്ല.

മഹി ദേവിയുടെ പുറകിലൂടെ ചെന്നു ഇടുപ്പിൽ പിടി മുറുക്കി. ദേവിയൊന്നു ഞെട്ടി തിരിഞ്ഞു കയ്യില് കൊണ്ടു വീശി… അതും കിറു കൃത്യമായി അവന്റെ തലയിൽ നല്ല രീതിക്ക് തന്നെ കൊണ്ടു… “അയ്യോ … എന്റെ അമ്മേ…”

അവന്റെ നിലവിളി ഉയർന്നപ്പോഴേക്കും ദേവി പേടിച്ചു അവന്റെ വായ പൊത്തി പിടിച്ചു… അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു…. അവന്റെ കണ്ണുകളെ നേരിടാൻ അവൾക്കു കഴിഞ്ഞു കാരണം അവളുടെ കണ്ണുകളിലും മനസിലും നിറഞ്ഞു നിന്നിരുന്നത് മഹി മാത്രമായിരുന്നു.

മഹിയുടെ വായിൽ നിന്നും തന്റെ കൈകളെ മോചിപ്പിച്ചില്ലയിരുന്നു. മഹി മുന്നോട്ടു ദേവിയുടെ നേർക്കു നടന്നു. മഹി ഓരോ അടി മുന്നോട്ടു വയ്ക്കുമ്പോൾ ദേവി പുറകോട്ടും പോയി. ഒടുവിൽ സ്ലാബിൾ തട്ടി നിന്നു. അവളുടെ ചെന്നിയിൽ കൂടിയെല്ലാം വിയർപ്പു ഒഴുകുന്നുണ്ടായിരുന്നു.

അതേ വിയർപ്പുകണങ്ങൾ അവളുടെ മൂക്കിനെയും പൊതിഞ്ഞിരുന്നു. ദേവിയുടെ മൂക്കിന് തുമ്പിലെ ചുവന്ന കല്ലു മൂക്കുത്തിയിലേക്കു മഹിയുടെ നോട്ടം പാളി വീണു. അവളുടെ വിയർപ്പു ആ കല്ലിൽ മുത്തുപോലെ തിളങ്ങി നിന്നു. അവന്റെ നോട്ടത്തിന്റെ ആലസ്യത്തിൽ മയങ്ങി നിൽക്കുകയായിരുന്നു ദേവി.

അവളെ ഇടുപ്പിൽ ചേർത്തു വായുവിൽ ഉയർത്തി സ്ലാബിൽ ഇരുത്തി. ദേവിയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. ഹൃദയം മടിക്കുന്നില്ലയെന്നു പോലും തോന്നിപ്പോയി അവൾക്കു.

മഹി തന്റെ വായിൽ നിന്നും അവളുടെ കൈകളെ അടർത്തി മാറ്റി കൊണ്ട് അവളുടെ കവിളിൽ മൂക്കമർത്തി ചെറിയ നോവോട് കൂടിയ ഒരു കടി കൊടുത്തു. അവന്റെ പല്ലുകൾ ആഴത്തിൽ ഇറങ്ങിയപ്പോൾ വേദനയിലും അവളുടെയുള്ളിൽ ഒരു മിന്നൽ പിണർ ഉണ്ടായിരുന്നു.

അതിന്റെ ബാക്കിയെന്നോണം മഹിയുടെ തോളിൽ ദേവിയുടെ വിരലുകൾ ആഴത്തിൽ ഇറങ്ങിയിരുന്നു. ഒരു കള്ള ചിരിയോടെ ദേവിയിൽ നിന്നും പിന്തിരിഞ്ഞ മഹി കാണുന്നത് തങ്ങളെ തന്നെ നോക്കി ചിരിക്കുന്ന ചാരുവിനേയും വിച്ചുവിനെയുമാണ്.

മഹി അവരെ ഒന്നു നോക്കി മുഖത്തു ഗൗരവം വരുത്താൻ ശ്രമിച്ചെങ്കിലും വന്നത് ചമ്മിയ ചിരി മാത്രമായിരുന്നു. മഹി വേഗം തന്നെ ഹോസ്പിറ്റലിലേക്ക് വിട്ടു. ദേവി തന്റെ രണ്ടു കണ്ണുകളും ഇറുക്കെയടച്ചു അവരെ നേരിടാൻ ആകാതെ തിരിഞ്ഞു നിന്നു…

വിച്ചു ചാരുവിനെ നെഞ്ചിൽ ചേർത്തു അവളുടെ ടോപ്പിന് ഇടയിലൂടെ കൈകൾ കടത്തി… ചാരു ഒന്നു കൂർപ്പിച്ചു നോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല അവളെയും വലിച്ചു മുറിയിലേക്ക് എത്തിയിരുന്നു അപ്പോഴേക്കും.

ഹോസ്പിറ്റലിൽ അധികം തിരക്കില്ലാത്തതുകൊണ്ടു ഉച്ചക്ക് തന്നെ മഹി വീട്ടിലേക്കു എത്തിയിരുന്നു. വീട്ടിൽ വന്നു കഴിക്കാമെന്ന് കരുതി ഉച്ചക്കൊന്നും കഴിച്ചിരുന്നില്ല അവൻ. അവൻ വന്നപ്പോൾ വാതിൽ തുറന്നു കൊടുത്തതു അമ്മയായിരുന്നു.

“ദേവിയെന്തേ അമ്മേ… അവരൊക്കെ എവിടെ പോയി…കാണാനില്ല” മഹി ചുറ്റും നോക്കി കൊണ്ടു പറഞ്ഞു.

“അവരൊക്കെ അടുക്കളയിലാണ്… ദേവിമോളുടെ ചുറ്റുമുണ്ട് എല്ലാം. അതിനെ കഷ്ടപ്പെടുത്തുവ… നീ വാ …. ചോറെടുത്തു വയ്ക്കാം.” സുഭദ്ര പറഞ്ഞു ഭക്ഷണം എടുക്കാനായി പോയി.

“വേണ്ട അമ്മേ… ഞാൻ ഒന്നു ഫ്രഷ് ആയി വരാം ” മഹി മുറിയിലേക്ക് കേറി പോയി.

മഹി തിരികെ ഫ്രഷ് ആയി വരുമ്പോൾ അടുക്കളയിൽ നിന്നും ചിരിയും സംസാരങ്ങളൊക്കെ കേൾക്കുന്നുണ്ട്. അവൻ അവിടേക്ക് ചെല്ലുമ്പോൾ വലിയ ഒരു പോണിയിൽ ചോറും കറികളും എടുത്തു വച്ചിട്ട് അച്ചുവും വിച്ചുവും ചാരുവും കൂടി ദേവിയുടെ കൈകളിൽ നിന്നും കഴിക്കുകയാണ്. ഇടക്ക് പരസ്പരം വഴക്കിടുകയും ചെയ്യുന്നുണ്ട്.

മഹിക്കു ചെറിയ ഒരു അസൂയ തോന്നി കണ്ടിട്ടു. അവനും വേഗം അച്ചുവിന്റെ അടുത്തു കാറ്റു പോലെ വന്നിരുന്നു വാ തുറന്നു. ദേവിയുടെ കണ്ണുകൾ തിളങ്ങി. അത്ഭുതം കൊണ്ടു വിടർന്ന അവളുടെ ഉണ്ടകണ്ണുകൾ താഴെ വീഴുമെന്ന് തോന്നിപ്പോയി… ദേവി വാ തുറന്നു പിടിച്ചിരുന്നു. മഹി വിരലുകൾ ചേർത്തു രണ്ടു ചുണ്ടുകളും അടച്ചു വെച്ചു.

എല്ലാവർക്കും ദേവി തന്നെ വാരി കൊടുത്തു. അവർ പരസ്പരം ഓരോന്നും പറഞ്ഞും കളിയാക്കിയും തമ്മിൽ കുസൃതിയൊപ്പിച്ചും വഴക്കിട്ടും ഭക്ഷണം കഴിച്ചു. അവരുടെ ആ സന്തോഷം നോക്കി കണ്ടു മിഴിനീർപൊഴിച്ചു അച്ഛനും അമ്മയും നോക്കി കണ്ടു.

ഉച്ചതിരിഞ്ഞു വെയിൽ ഒന്നാറിയപ്പോൾ ഗാർഡനിൽ സെറ്റ് ചെയ്ത ബെഞ്ചിൽ മഹി ഇരുന്നു കാറ്റും പൂക്കളുടെ സുഗന്ധവും ആസ്വദിക്കുകയായിരുന്നു. അവനെ പുണർന്നു കടന്നുപോകുന്ന കാറ്റിൽ പ്രണയത്തിന്റെ മർമ്മരം അവനു മാത്രം കേൾക്കാൻ കഴിഞ്ഞു. ഓരോ നിമിഷവും തന്റെ ഹൃദയം തുടിക്കുന്നത് ദേവി… ദേവി…

എന്നാണെന്ന് അവനു തോന്നി. അവളെ താലി കെട്ടി വീട്ടിൽ കൊണ്ടു വന്ന നിമിഷം മുതലുള്ള എല്ലാനിമിഷങ്ങളും അവൻ ഒരിക്കൽ കൂടി മനസിലൂടെ കടന്നുപോയി. തോളിൽ അമർന്ന കരസ്പര്ശം അവനെ ദേവിയെന്ന സ്വപ്നത്തിൽ നിന്നുമുണർത്തി.

വിച്ചു….”എന്താ ഏട്ടാ… സ്വപ്നത്തിലായിരുന്നോ”

“അതേ… ദേവിയെന്ന സ്വപ്നത്തിൽ” ഗാർഡനിൽ വിരിഞ്ഞു നിൽക്കുന്ന പ്രണയകാറ്റിൽ നിന്നു ആടി ചിരിക്കുന്ന പൂക്കളെ നോക്കി മഹി പറഞ്ഞു.

“ഏട്ടാ.. ഏടത്തി… ദേവി ഒരു പാവമാണ്. അവളെ ഏട്ടൻ വിഷമിപ്പിക്കരുത്..” വിച്ചു ഏട്ടനോട് പറയാൻ മടിച്ചു

“നീ പേടിക്കേണ്ട വിച്ചു. നിന്റെ ഏട്ടൻ ഒരിക്കലും പഴയതു പോലെയാകില്ല. ഇപ്പൊ എന്നിൽ തുടിക്കുന്ന ഓരോ നിമിഷവും ദേവിയെന്ന മന്ത്രമാണ്. ഇപ്പോഴാ വിച്ചു ആത്മാർത്ഥ പ്രണയത്തിന്റെ രുചി ഞാൻ ആസ്വദിക്കുന്നത്.

ഇതുവരെ കണ്ടതെല്ലാം വിശപ്പിനു എന്തെങ്കിലും കഴിക്കാൻ കിട്ടുന്നപോലെയായിരുന്നു. അതിനു പ്രണയത്തിന്റെ രുചി ആയിരുന്നില്ല എന്നു ഞാൻ ഇപ്പൊ മനസിലാക്കുന്നു” മഹി പറഞ്ഞു നിർത്തുമ്പോൾ വിച്ചു അവന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.

“ഇനി അവളെ വേദനിപ്പിക്കുകയോ അകറ്റി നിർത്തുകയോ ഞാൻ ചെയ്യില്ല. ഇനി അവൾ വിചാരിച്ചാൽ പോലും എന്നിൽ നിന്നും ഒരു മടങ്ങി പോക്ക് അവൾക്കുണ്ടാകില്ല. അത്രമേൽ അവളെന്നിൽ നിറഞ്ഞു കഴിഞ്ഞു.

എനിക്ക് ഇനി ജീവിക്കണം… എന്റെ പ്രണയതോടൊപ്പം” മഹി പറയുമ്പോൾ അവന്റെ കണ്ണുകളിലും ദേവിയോടുള്ള വിധേയത്വം ആയിരുന്നു… പ്രണയമായിരുന്നു.

“ഞങ്ങൾ പ്രണയതോടെ സംസാരിച്ചിട്ടില്ല. തമ്മിൽ എന്നും കൊമ്പു കോർത്തിട്ടേയുള്ളൂ… പക്ഷെ അതായിരിക്കും എന്നെ അവളിലേക്ക് അടുപ്പിച്ചത്. കല്യാണത്തിന് മുന്നേ ഉണ്ടായ മഹിയല്ല ഇപ്പൊ. കല്യാണത്തിന് ശേഷം അവൾക്കു ഞാൻ നൽകിയ താലിയോട് ബഹുമാനം കാണിച്ചിട്ടുണ്ട്.

ഇനി എനിക്കെന്റെ പ്രണയം കൂടി പറയണം… അവളെ സ്നേഹിക്കണം… അവളെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അതേനിക്കറിയാം… പണ്ട് നീയെന്നോട് ദേവിയെ കല്യാണം കഴിക്കണം എന്നു പറഞ്ഞിരുന്നപ്പോൾ…

അന്നേ തന്നെ ആഴത്തിൽ എന്റെ ഹൃദയത്തിൽ എവിടെയോ ദേവിയെന്ന പേരു കൊത്തി വച്ചിരുന്നു… ചിലപ്പോ അതാകും ഇത്ര പെട്ടന്ന് ഞാൻ അവളോടു അടുത്തത്” മഹി ഒരു ചിരിയോടെ പറഞ്ഞു നിർത്തി.
“ഏട്ടന് പറഞ്ഞൂടെ”

“പറയും… ഞാൻ അവളെയും കൊണ്ടു ഒരു യാത്ര പോകാൻ തീരുമാനിച്ചിട്ടുണ്ട്… ആ യാത്രയിൽ ഞാൻ എന്റെ പ്രണയം മുഴുവൻ അവളിലേക്ക് പകരും…കാത്തിരിക്കുകയാണ്”
വിച്ചുവിനോട് ഒരു ചമ്മലോടെ കണ്ണിറുക്കി കൊണ്ടു മഹി പറഞ്ഞു.

“ആഹാ… അപ്പൊ കാര്യങ്ങൾ അത്രക്കും ആയല്ലേ” വിച്ചു ഒന്നു ആക്കി ചിരിച്ചു.

ഒരു ട്രേയിൽ ചായയുമായി ചാരുവും ദേവി ഒരു ട്രേയിൽ ചൂട് പരിപ്പുവടയും പഴംപൊരിയുമായി അവരുടെ അടുത്തേക്ക് വന്നു. അച്ചു ഒരു പഴംപൊരി തിന്നുകൊണ്ടു അവരുടെ അടുത്തേക്ക് വന്നു. പുറകെ അച്ഛനും അമ്മയും കൂടി.

എല്ലാവരും ചിരിയോടെ ഒരുമിച്ചിരുന്നു ചായ കുടിച്ചു. മഹിയുടെ കള്ളനോട്ടങ്ങൾ ദേവിയെ തേടി എത്തിയിരുന്നു. അതു കാണുമ്പോളെല്ലാം ദേവിയുടെ രോമം എഴുനേറ്റു നിന്നു അവളെ കളിയാക്കാൻ തുടങ്ങും.

പരസ്പരം കളിച്ചിരിയിൽ മുഴുകിയിരിക്കുമ്പോഴാണ് ശ്രീമംഗലത്തു ഒരു കാർ വന്നു നിന്നത്. എല്ലാരും സംശയത്തോടെ ആരാ വന്നതെന്ന് അറിയാൻ നോക്കി നിന്നു. എല്ലാവരുടെയും കണ്ണുകൾ ഒരേ ദിശയിലേക്കു നീണ്ടു. കാറിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടു ആദ്യം മന്ത്രിച്ചത് ദേവിയായിരുന്നു “ലക്ഷ്മി”

പക്ഷെ എല്ലാവരുടെയും ശ്രെദ്ധ ഞൊടിയിടയിൽ ലക്ഷ്മിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിലേക്ക് പോയി. അതേ കാപ്പി കളർ കൃഷ്ണമണിയോട് കൂടിയ കണ്ണുകൾ… ആ താടി ചുഴി പോലും അങ്ങനെതന്നെ… മഹിയുടേത് പോലെ… അതേ… മഹിയുടെ പോലെ തന്നെ… ഒരു കുട്ടികുറുമ്പൻ…!!

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7

ഈ യാത്രയിൽ : PART 8

ഈ യാത്രയിൽ : PART 9

ഈ യാത്രയിൽ : PART 10