ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 55
നോവൽ
എഴുത്തുകാരി: അമൃത അജയൻ
ഏഴു മണിക്കാണ് പ്രോഗ്രാമിന്റെ സമയം നിശ്ചയിച്ചിരുന്നത് … രണ്ടര മണിയോട് കൂടി നിവ ക്ഷേത്രത്തിലേക്ക് പോകുവാൻ റെഡിയായി .. ഹരിതയും മയിയും സ്വാതിയും നിത്യയും കൂടിയാണ് അവൾക്കൊപ്പം പോകുന്നത് .. മറ്റുള്ളവർ വൈകുന്നേരത്തോടു കൂടിയേ പോവുകയുള്ളു …
കോസ്റ്റ്യൂംസ് അടങ്ങിയ വലിയ ട്രോളിബാഗ് ഹരിത വലിച്ചുകൊണ്ട് പോയി കാറിന്റെ ഡിക്കിയിൽ വച്ചു …
നിവ കുളി കഴിഞ്ഞ നനവുള്ള മുടി വിതിർത്തു തന്നെയിട്ടിരുന്നു ..
” ഇറങ്ങാം ….. ” നിവയുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി മയി ചോദിച്ചു .. മറുപടിയായവൾ പുഞ്ചിരിച്ചപ്പോൾ മുഖം പൂർണേന്ദു പോലെ വിളങ്ങി … ആ കണ്ണുകളിൽ പ്രത്യാശ മാത്രമേയുള്ളു …
അരുതാത്തതൊന്നും സംഭവിക്കാതിരുന്നാൽ മതിയെന്നു മയി മനസുകൊണ്ടാഗ്രഹിച്ചു .. കയ്യടിക്കുന്ന നൂറു പേർക്കിടയിൽ ഒരാൾ കല്ലെറിഞ്ഞാൽ മതി ,ചിലപ്പോൾ ആ വീര്യം കെട്ടുപോകാൻ ..
” ഇറങ്ങാറായില്ലേ കുട്ടികളേ …. ?” യമുന മുറിയിലേക്ക് കടന്നു വന്നു …
” ഇറങ്ങായമ്മേ ……. അമ്മയൊക്കെ ക്ഷേത്രത്തിലെത്തുമ്പോൾ എന്നെയൊന്നു വിളിക്കണേ …..” മയി യമുനയെ ഓർമിപ്പിച്ചു …
” ഞങ്ങളെന്നാ പോകട്ടെ ആന്റി ……..” നിവ യമുനയോട് യാത്ര പറഞ്ഞു …
” പോയി വാ മോളെ … നന്നായി വരും എന്റെ കുട്ടി …..” യമുനയവളെ ചേർത്തു പിടിച്ചു നെറ്റിയിൽ മുത്തമിട്ടു ..
നിവയും മയിയും സ്വാതിയും മുറി വിട്ടിറങ്ങാൻ തുടങ്ങിയപ്പോൾ യമുന വാവയുടെ കൈയിൽ പിടിച്ചു …
” താഴെ ചെന്ന് അച്ഛന്റെയും അമ്മയുടേയും അനുഗ്രഹം വാങ്ങിയിട്ടു വേണം ഇവിടുന്നിറങ്ങാൻ …. ”
നിവ മയിയെ നോക്കി … അവൾക്കതിനെന്തോ വിഷമമുള്ളതു പോലെ …
” വാ … ” മയിയവളെ വിളിച്ചു കൊണ്ട് നടന്നു ..
താഴെ , രാജശേഖർ ഹാളിൽ തന്നെയുണ്ടായിരുന്നു .. അദ്ദേഹം സന്തോഷവാനായിരുന്നു … വീണയും ബന്ധുക്കളുമെല്ലാം അവൾ പോകുന്നതു കാണാൻ ഹാളിൽ തന്നെയുണ്ടായിരുന്നു ..
നിവ പടിയിറങ്ങി വന്നപ്പോൾ യമുന തന്നെ ദക്ഷിണയായി വെറ്റിലയും അടക്കയും നാണയവും അവളുടെ കൈയ്യിൽ കൊടുത്തു ….
ആദ്യം രാജശേഖറിന് ദക്ഷിണ നൽകി കാൽ തൊട്ടു വന്ദിച്ചു …
രാജശേഖർ അവളെ ആശ്ലേഷിച്ചു … രണ്ടാമതായി വീണയ്ക്കുള്ള ദക്ഷിണ അവളുടെ കൈയ്യിൽ വച്ചു കൊടുത്തപ്പോൾ , നേർത്തൊരു മടിയോടെ നിവ മയിയെ നോക്കി .. ..
ചെന്നു അനുഗ്രഹം വാങ്ങുവാൻ മയിയവളോട് കണ്ണു കൊണ്ടു നിർദ്ദേശിച്ചു … നിവ മടിച്ചു മടിച്ചു വീണയുടെ അടുത്തേക്കു ചെന്നു , അവരുടെ മുഖത്തേക്കു നോക്കി .. നിവയുടെ അഴിഞ്ഞു കിടന്ന നനവുള്ള മുടിയിഴകൾ കണ്ണിലും മുഖത്തേക്കും വീണ് പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു ..
” അമ്മേ ………..”
വീണയുടെ ഹൃദയം പിടഞ്ഞു … തന്റെ കുഞ്ഞ് … അവളേറ്റവും കൂടുതൽ വേദനിച്ച ദിവസങ്ങളിൽ അവളെയൊന്നു ചേർത്തണയ്ക്കാതെ എന്തിനായിരുന്നു താനൊളിച്ചോടിയത് …
തന്നെയവൾ വിദഗ്ദമായി പറ്റിച്ചു എന്നറിഞ്ഞപ്പോഴുണ്ടായ അപകർഷതാ ബോധമോ … ? തന്റെ നെറ്റിയിലെ സിന്ദൂരം മായാൻ കൂടി അവളൊരു കാരണമാകുമെന്ന് ഭയന്നതു കൊണ്ടോ …
തന്റെയെല്ലാ സ്വപ്നങ്ങളെയും തകർത്തെറിഞ്ഞ് ഒന്നുമാകാതെയവൾ തോൽക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടോ .. എന്തായിരുന്നു തന്നെ നിയന്ത്രിച്ച വികാരം …
അതെന്തായിരുന്നാലും നീ വേദനിച്ച ഒരു ദിവസം പോലും ഈയമ്മ കണ്ണടച്ചുറങ്ങിയിട്ടില്ല മോളെ … നിന്നെയൊന്നു തൊടാതെയുള്ള ഉമ്മ വയ്ക്കാതെയുള്ള ഈ നിമിഷം വരെയും അമ്മയുടെ മനസിലെ തീയ് കെട്ടിട്ടില്ല ..
നിനക്കു വേണ്ടിയല്ലാതെ അമ്മയൊരീശ്വരനോടും ഒന്നും പ്രാർത്ഥിച്ചിട്ടില്ല … വീണ നിശബ്ദം അവളോടേറ്റു പറഞ്ഞു .. അവരുടെ മൗനത്തിൽ ഗദ്ഗദങ്ങൾ തന്ത്രി മീട്ടി .. അമ്മയ്ക്കും മകൾക്കുമിടയിലെ നിശ്വാസങ്ങൾ വിലാപകാവ്യമെഴുതി ..
നിവ ദക്ഷിണ രണ്ടു കൈകൾക്കിടയിൽ വച്ചു വീണയ്ക്കു നീട്ടി .. നിറഞ്ഞ മനസോടെ അത് വാങ്ങുമ്പോൾ എത്ര നിയന്ത്രിച്ചിട്ടും വീണയുടെ കണ്ണുകൾ നിറഞ്ഞു തൂവി .. ..
വീണയുടെ കാൽ തൊട്ടു തൊഴുന്നതിനു മുൻപേ മകളെ കൈകൾക്കുള്ളിൽ ഒതുക്കിയിരുന്നു .. അവൾ വയറോടൊട്ടി നിന്നപ്പോൾ അമ്മയുടെ ഗർഭപാത്രം പോലും കുളിരണിഞ്ഞു ….
അവളുടെ ശിരസിൽ കണ്ണുനീർ കൊണ്ടു തലോടി അനുഗ്രഹം വാരിച്ചൊരിയുമ്പോൾ വീണ ഹൃദയം കൊണ്ട് മാപ്പ് ചോദിച്ചു പോയി …
രാജശേഖറിന്റെ കണ്ണുകളിലും നീർമുത്തുകൾ തിളങ്ങി ..
” അമ്മ വരില്ലേ പ്രോഗ്രാമിന് ….. ” വീണയിൽ നിന്നടർന്നു മാറിക്കൊണ്ട് അവൾ ചോദിച്ചു …
” അമ്മ വരും .. മോളൊരുങ്ങി കഴിയുമ്പോ അമ്മയെത്തും …. എന്റെ മോള് ചെല്ല് …..” അവളുടെ മുടിയിഴകൾ തെല്ലൊതുക്കി വച്ചു കൊണ്ട് ഒരിക്കൽ കൂടി അവളുടെ നെറുകയിൽ വീണ മുകർന്നു ..
അവർ പോകുന്നതു കാണാൻ എല്ലാവരും മുറ്റത്തേക്കിറങ്ങി വന്നു … ഹരിത ഡ്രൈവിംഗ് സീറ്റിലേക്ക് കയറി … മയിയും മുന്നിലിരുന്നു … സ്വാതിയും നിത്യയും നിവയും പിൻസീറ്റിലും …
എല്ലാവരും കയറി കഴിഞ്ഞപ്പോൾ നിഷിൻ തന്നെ ഡോറടച്ചു കൊടുത്തു .. .
” ഏട്ടാ …പെട്ടന്ന് വന്നേക്കണേ ……” ഹരിത കാറെടുത്തപ്പോൾ നിവ ഗ്ലാസ് താഴ്ത്തി ഏട്ടന്മാരോട് വിളിച്ചു പറഞ്ഞു …
നവീണും നിഷിനും കൈവീശിക്കാട്ടി …
* * * * * * * *
ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് കാർ പ്രവേശിക്കുമ്പോൾ തന്നെ നിവയുടെ മിഴികൾ വിടർന്നു … അവൾക്കും മറ്റു കുട്ടികൾക്കും സ്വാഗതമാശംസിച്ചു കൊണ്ട് വിവിധ ഫ്ലക്സുകൾ ഇരുവശങ്ങിളിലുമുണ്ടായിരുന്നു …
അവൾക്ക് അതൊരു നവ്യാനുഭമായിരുന്നു .. രണ്ട് മിനിറ്റ് മുന്നോട്ടോടിയപ്പോഴേക്കും കാർ ക്ഷേത്ര കോംമ്പവുണ്ടിലേക്ക് പ്രവേശിച്ചു …
ആദ്യം തന്നെ കണ്ടത് വിശാലമായ ഗ്രൗണ്ടിനങ്ങേയറ്റത്ത് ചുവന്ന തിരശീല കൊണ്ട് മറച്ച വേദിയാണ് … നിവയുടെ മനസു തുടിച്ചു .. ഏതാനും മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ തന്റെ ചിലങ്കയുടെ ധ്വനിയുയരേണ്ട വേദി … തന്റെ അരങ്ങേറ്റ വേദി …
പച്ചയും നീലയും നിറമുള്ള ഇരുമ്പ് കസേരകൾ നിറഞ്ഞ ഗ്രൗണ്ട് .. വലിയ സൗണ്ട്ബോക്സിൽ സ്പീക്കറിൽ ഏതോ സിനിമാ ഗാനം കേൾക്കാം ….
ക്ഷേത്രം ഇടതു വശത്താണ് … തടിയഴികൾ കൊണ്ടുള്ള ചുറ്റമ്പലമാണ് കാഴ്ച … ഹരിത കാർ സൈഡ് ചേർത്ത് , സ്റ്റേജിന്റെ പിൻഭാഗത്തേക്ക് ഓടിച്ചു ..
മുന്നിലെത്തിയപ്പോഴേക്കും മയി ആരെയോ കൈയുയർത്തി കാട്ടി …
” ആരാ ……..” ഹരിത ചോദിച്ചു …
” ചാനലിലെ പയ്യൻ ……”
സ്റ്റേജിനു മുന്നിലായി ഒരുപാട് പേർ നിൽപ്പുണ്ട് .. ഒന്ന് രണ്ട് ക്യാമറ സ്റ്റാന്റുകളും നിവ കണ്ടു …
” എല്ലാ ചാനലുകാരുമുണ്ട് ….. ലൈവ് വേണമെന്ന് ഒരുപാട് റിക്വസ്റ്റ് വന്നിട്ടുണ്ട് .. പ്രത്യേകിച്ച് വിദേശമലയാളികളുടെ .. ഞങ്ങളത് കൊണ്ട് ലൈവ് കൊടുക്കുന്നുണ്ട് .. ” മയി ചെറുചിരിയോടെ പറഞ്ഞു ..
സ്റ്റേജിന്റെ ബാക്ക് സൈഡിലേക്ക് പോയി ഹരിത കാർ നിർത്തി … കാറിൽ നിന്നിറങ്ങി , ഡിക്കി തുറന്നു ട്രോളിബാഗുമെടുത്തു കൊണ്ട് അവർ ഗ്രീൻ റൂമിലേക്ക് നടന്നു … അവിടെ നിവയുടെ ടീച്ചറും മേക്കപ്പ് ആർട്ടിസ്റ്റും , നിവയോടൊപ്പം അരങ്ങേറ്റം കുറിക്കുന്ന മറ്റ് കുട്ടികളുമുണ്ടായിരുന്നു …
* * * * * * * * * *
മേക്കപ്പ് ചെയ്യുന്നിടത്ത് ഹരിതക്കും മയിക്കും പ്രത്യേകിച്ച് റോളൊന്നുമില്ലായിരുന്നു … നിത്യയും സ്വാതിയും ഗ്രീൻ റൂമിൽ ഇരുന്ന് മടുത്തപ്പോൾ പുറത്തിറങ്ങി .. സ്റ്റേജിന്റെ മുൻഭാഗത്തേക്ക് വന്നപ്പോൾ ആളുകളുടെയെണ്ണം കൂടിയിരുന്നു …
സ്റ്റേജിന്റെ മുൻഭാഗത്ത് ഒരുപട് ക്യാമറ സ്റ്റാന്റുകൾ നിറഞ്ഞു … ഗ്രൗണ്ടിന്റെ ഒരുവശത്ത് ഏതോ സംഘടനയുടെ വാളന്റിയേർസ് ജ്യൂസോ മറ്റോ തയ്യാറാക്കുന്നു … നിറഞ്ഞു കിടക്കുന്ന കസേരകളിൽ ഒന്നും രണ്ടും ആളുകൾ ഇരിപ്പുണ്ട് …
” ഇത്രേം ആളുകളൊക്കെ വരുവോ …………” ഒഴിഞ്ഞ കസേരകളുടെ നീണ്ട നിര നോക്കി നിത്യ സംശയിച്ചു ..
” വരുമായിരിക്കും ………. സമയമൊന്നും ആയില്ലല്ലോ .. ” സ്വാതി പറഞ്ഞു ..
* * * * * * * * * * *
മേക്കപ്പ് ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞിരുന്നു … കുട്ടികളെല്ലാവരും ടീച്ചറിന്റെയടുത്തായിരുന്നു … അവർ അവസാനവട്ട പ്രിപ്പറേഷനിലാണ് …
” അവളെയാ ക്ഷേത്രത്തിൽ കൊണ്ടുപോയി തൊഴീക്കണ്ടേ …..” ഹരിത ചോദിച്ചു ..
” വേണം …… ”
” നീ വരുന്നുണ്ടോ ……” പൊതുവേ ക്ഷേത്രങ്ങളിലൊന്നും മയി പോകാറില്ലാത്തതുകൊണ്ട് ഹരിത ചോദിച്ചു ..
” ആ ഞാനും വരുന്നു …. ”
അപ്പോഴേക്കും മയിയുടെ ഫോൺ ശബ്ദിച്ചു .. യമുനയാണ് ….! അവരെല്ലാവരും എത്തിയിട്ടുണ്ടാകുമെന്ന് അവൾ ഊഹിച്ചു …
അവൾ ഫോണെടുത്ത് യമുനയോട് സംസാരിച്ചുകൊണ്ട് ഡോറിനടുത്തേക്ക് നടന്നു .. ഗ്രീൻ റൂമിലേക്ക് കയറിയതിൽ പിന്നെ അവളും ഹരിതയും പുറത്തിറങ്ങിയതേയില്ല … നിഷിനും നവീണും വന്നപ്പോഴും ഫോണിൽ വിവരം പറഞ്ഞതേയുള്ളു ..
യമുനയോട് സംസാരിച്ചിട്ട് മയി ഡോർ തുറന്നു പുറത്തേക്ക് വന്നു …. ഗ്രീൻറൂമിന്റെ സൈഡിലൂടെ സ്റ്റേജിന്റെ ഇടത് വശത്ത് വന്ന് ആഡിയൻസ് സൈഡിലേക്ക് നോക്കിയ മയിയുടെ കണ്ണുകൾ തുറിച്ചു …
ഒരു ജനസാഗരമായിരുന്നു കൺനിറയെ കണ്ടത് … ഇരിപ്പിടങ്ങളും കവിഞ്ഞ് പിന്നെയും കണ്ണെത്താ ദൂരത്തോളവും , വശങ്ങളിലുമായി വലിയൊരു പുരുഷാരമവിടെ ചരിത്രം കുറിക്കാൻ എത്തിയിരുന്നു …
” മയിയേച്ചി കണ്ടോ …. എന്തോരം ജനങ്ങളാ ………” പിന്നിൽ വന്ന് നിന്ന് സ്വാതി അത്ഭുതപ്പെട്ടു ….
മയിയുടെ കണ്ണുകൾ പെട്ടന്നുടക്കിയത് മുൻവശത്തെ ക്യാമറ സ്റ്റാന്റുകൾക്കിടയിലെ ഒരു ചെയറിലാണ് … വാക്കിംഗ് സ്റ്റിക്കിൽ കൈതാങ്ങി ഒരാളവിടെയിരിപ്പുണ്ടായിരുന്നു ..
അരുൺ ….!
അവന്റെ കഴുത്തിലെ ഐഡി കാർഡ് മയി ശ്രദ്ധിച്ചു … അവൾക്ക് വിശ്വസിക്കാനായില്ല …. ! തന്റെ ചാനലിന്റെ പ്രതിനിധിയായി അരുൺ .. അതവൾക്കൊരു സർപ്രൈസായിരുന്നു …
വീട്ടിൽ ചെറുതായി നടന്നു തുടങ്ങിയെന്ന് മയി അറിഞ്ഞിരുന്നു എങ്കിലും നിവയുടെ പ്രശ്നങ്ങൾക്കിടയിൽ അവൾക്ക് പോയി കാണാനോ ഒന്നും കഴിഞ്ഞിരുന്നില്ല …
അവൾ സ്റ്റേജിന് വലം വച്ച് , മുൻഭാഗത്തേക്ക് ചെന്നു … മറ്റ് ചാനലുകളിലെ പരിചിതരോട് ഹായ് പറഞ്ഞു കൊണ്ട് അവൾ അരുണിന്റെയടുത്തേക്ക് ചെന്നു ..
” അരുൺ …… സർപ്രൈസായിപ്പോയി കേട്ടോ …” അവൾക്ക് സന്തോഷമടക്കാനായില്ല …
അവൻ ചെയറിൽ നിന്നെഴുന്നേറ്റു ….
” വേണ്ട നീയിരിക്ക് …..”
” കുഴപ്പമില്ലെടോ .. ഒരുവിധം നടക്കാം .. കിടന്നാൽ പറ്റില്ലല്ലോ … ഒറ്റക്കാണേൽ പട്ടിണി കിടക്കാനും മടിയില്ല .. ഇതങ്ങനെയല്ലല്ലോ … സോ ഈ മാസം ജോയിൻ ചെയ്യണമെന്ന് പ്ലാനിട്ടിരുന്നു .. അപ്പോ പിന്നെ രണ്ടാം വരവ് , ഈ ചരിത്ര നിമിഷങ്ങൾ ഒപ്പിയെടുത്തു കൊണ്ടാകട്ടെയെന്ന് കരുതി .. നാളെ ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനമാകാവുന്ന ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ … അതിന്റെയൊരു ത്രില്ല് കൂടിയുണ്ട് ഇപ്പോഴത്തെ ഈ ഊർജ്ജത്തിന് പിന്നിൽ …..” നേർത്തൊരു ചിരിയോടെ അവൻ പറഞ്ഞ ഓരോ വാക്കുകളും മയി ആവേശത്തോടെയാണ് കേട്ടത് .. ..
* * * * * * *
ദീപാരാധനയുടെ സമയമാകാറായപ്പോൾ ഹരിതയും മയിയും നിവയെയും കൂട്ടി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു ..
പാലക്കാവ് ദേവി ക്ഷേത്രം ..!
ക്ഷേത്രത്തിനകത്തും നല്ല തിരക്കുണ്ടായിരുന്നു … ദേവി സന്നിധിയിൽ നിവ മിഴികൾ പൂട്ടി പ്രാർത്ഥിച്ചു നിന്നു ….
” നന്നായി പ്രാർത്ഥിക്ക് കുഞ്ഞേ .. മനസർപ്പിച്ച് വിളിക്ക് … വിളി കേൾക്കാതിരിക്കില്ല … ” തൊട്ടരികിൽ ഒരു പതിഞ്ഞ ശബ്ദം കേട്ട് നിവ തോൾ ചരിച്ച് നോക്കി …
വെള്ളിത്തല മുടിയുമായി ഒരു വൃദ്ധമാതാവ് …. വാർദ്ധക്യത്തിലും ആ കണ്ണുകളിൽ മാത്രം അഗ്നി സ്ഫുലിംഗങ്ങൾ …
” ഈ ശ്രീകോവിലിന് നാല് വാതിലുകളാണ് … സർവ്വ വരദായിനിയുടെ നാല് ഭാവങ്ങൾ … നാണ്മുഖയായ ദേവി .. ഈ കാണുന്നത് ശാന്തമായ മൂർത്തീ ഭാവം , ഇത് വഴി ശ്രീകോവിൽ ചുറ്റിയാൽ അടുത്തത് ഭക്തവത്സലയായ മാതൃ ചൈതന്യം , പിന്നെയുള്ളത് ശ്രേഷ്ഠഭാവം .. വിദ്യാവിലാസിനി … രണ്ട് സ്ഥനങ്ങളിലൊന്നിൽ വിദ്യയും മറ്റൊന്നിൽ സംഗീതനൃത്തവുമെന്നാണ് വെയ്പ്പ് … ഇനി നാലാമത് രൗദ്രഭാവം … ” അത് പറയുമ്പോൾ ആ കണ്ണുകളിലെ അഗ്നിയാളിക്കത്തി…
” ദാരികന്റെ തലയറുത്ത മഹാകാളിയായും കണ്ണകിയായുമൊക്കെ അവളവതരിച്ച അതേ ഭാവം … ദ്രോഹിച്ചവനെ സംഹരിച്ചു താണ്ഡവമാടിയ സംഹാരരുദ്ര ….. വിളിക്ക് … മനസ് നൊന്ത് വിളിക്ക് …. ഇത് നിന്റെ ദിവസമാ … നിനക്ക് ജയിക്കാൻ മാത്രമുള്ള ദിവസം … നിന്റെ വിജയം സുനിശ്ചിതമാണ് കുഞ്ഞേ … അതെന്നോ ഈ മണ്ണിൽ കുറിച്ച സത്യമാണ് … ഈ ലോകം നിന്റെതാണ് … നിന്നെ ചതിച്ചവർക്കിവിടം അർഹിച്ചിട്ടില്ല ….. ” അവരുടെ വാക്കുകളിലെ അഗ്നികുണ്ഠത്തിൽ നിന്ന് ചുടുചോരയൊഴുകി ….
ദീപാരാധനക്കായി ശ്രീകോവിലടഞ്ഞു .. പഞ്ചവാദ്യവും ശംഖൊലിയുമുയർന്നു …
നിവയുടെ കാതുകൾ കൊട്ടിയടച്ചു … അവിടെ ഒരു ശബ്ദം മാത്രമേയുണ്ടായിരുന്നുള്ളു …
” ഇത് നിന്റെ ദിവസമാ കുഞ്ഞെ … നിനക്ക് ജയിക്കാൻ മാത്രമുള്ള ദിവസം … നിന്റെ വിജയം സുനിശ്ചിതമാണ് കുഞ്ഞേ … അതെന്നോ ഈ മണ്ണിൽ കുറിച്ച സത്യമാണ് … ഈ ലോകം നിന്റെതാണ് … നിന്നെ ചതിച്ചവർക്കിവിടം അർഹിച്ചിട്ടില്ല …..” പ്രകൃതിയുടെ മാർവിടത്തിലെന്ന പോലെയാണ് അവളാ ശബ്ദം ആവർത്തിച്ചു കേട്ടത് …
അവളുടെ വാലിട്ടെഴുതിയ കണ്ണുകൾ ചുവന്നു … ഒരിക്കൽ കൂടിയവൾ മുഖം തിരിച്ചു ആ വൃദ്ധയെ നോക്കി … അവിടം ശൂന്യം ….
അവളുടെ നേത്രങ്ങൾ ചുറ്റിനുമുള്ള ആൾക്കൂട്ടത്തിൽ പരതി … ഇല്ല … നിവയുടെ കണ്ണുകളിലേക്ക് ആ അഗ്നി പകർന്ന് അവരേതോ തിരക്കിൽ മറഞ്ഞു …
നിവയ്ക്കു ചുറ്റും അവരുടെ വാക്കുകൾ നടനമാടി …
ഈ ലോകം നിന്റെതാണ് … നിന്നെ ചതിച്ചവർക്കിവിടം അർഹിച്ചിട്ടില്ല …..
തുടരും