ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 54
നോവൽ
എഴുത്തുകാരി: അമൃത അജയൻ
ഒരു വലിയ ദുഃഖത്തിൽ നിന്ന് ആ വീട് വീണ്ടും ഉണരുകയായി .. കളി ചിരികളുയർന്നു … എല്ലാറ്റിലുമുപരി നിവയുടെ നൂപുരധ്വനിയും …
കുറ്റപ്പെടുത്തി അകന്നുമാറിയ ബന്ധുക്കളിൽ ചിലരും ഇടയ്ക്ക് വന്നു പോയി ..
അരങ്ങേറ്റത്തിന് ആവശ്യമായ കോസ്റ്റ്യൂംസ് എടുക്കുവൻ നിവയും ടീച്ചറും ഹരിതയും കൂടി പോയി … ടെക്സ്റ്റൈൽസ് ഷോപ്പുടമ വസ്ത്രങ്ങൾ അവൾക്ക് സമ്മാനമായി നൽകാൻ തയ്യാറായി വന്നെങ്കിലും സ്നേഹപൂർവ്വം അവരത് നിരസിച്ചു .. ഒടുവിൽ അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഒരൈറ്റത്തിനുള്ള വസ്ത്രം മാത്രം സമ്മാനമായി സ്വീകരിച്ചു ..
അതിനു പിന്നാലെ നിവയുടെ നൃത്ത അദ്ധ്യാപികയുടെ മറ്റ് ചില വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കൂടി നിവയ്‌ക്കൊപ്പം അരങ്ങേറ്റം കുറിക്കണമെന്ന ആവശ്യവുമായി സമീപിച്ചു …
അവർ കൂടി പ്രാക്ടീസിന് വന്നതോടെ നീലാഞ്ജനത്തിൽ ഉത്സവ പ്രതീതിയായി .. കുട്ടികളും അവരുടെ രക്ഷിതാക്കളും കൊച്ചു കൊച്ചു തമാശകളുമെല്ലാം ചേർന്ന നിമിഷങ്ങൾ രാജശേഖറിന്റെ അവസ്ഥയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു … അദ്ദേഹം പഴയതു പോലെ തമാശകളുമായി അവർക്കൊപ്പം ചേർന്നു …
അരങ്ങേറ്റത്തിന് ഒരു ദിവസം ബാക്കി നിൽക്കെ , ചെങ്ങന്നൂർ നിന്ന് സ്വാതിയും കിച്ചയും യമുനയുമൊക്കെ എത്തിച്ചേർന്നു …
വീണക്കും പൊയ്പോയ ഉത്സാഹമൊക്കെ തിരിച്ചു വന്നു തുടങ്ങി .. എങ്കിലും മകളെ ചേർത്തു നിർത്തി ഒരു വാക്ക് പറയാൻ അവർ മുതിർന്നില്ല ..
* * * * * *
പതിനേഴാം തീയതി വൈകുന്നേരം വരെ മയിക്ക് ഓഫീസിൽ തന്നെ നിൽക്കേണ്ടി വന്നു …
ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നേരം ചഞ്ചൽ ഓടി അവളുടെയടുത്തേക്ക് വന്നു …
” ചേച്ചീ ……….. ”
” എന്താ ചഞ്ചൽ …? ” ബാഗ് തോളത്ത് ഇട്ട് സ്ട്രാപ്പ് വലിച്ച് ശരിയാക്കുന്നതിനിടയിൽ മയി ആരാഞ്ഞു ..
” നിവയോട് എന്റെ ആശംസകൾ അറിയിക്കണം നാളത്തെ പ്രോഗ്രാമിന് …” അവൾ പറഞ്ഞു ….. അവളുടെ മുഖവും ഇപ്പോൾ കാറൊഴിഞ്ഞ ആകാശം പോലെ പ്രസന്നമാണ് ..
” ഇല്ല …..” മയി എടുത്തടിച്ച പോലെ പറഞ്ഞിട്ട് ചഞ്ചലിനെ നോക്കി .. ചഞ്ചലിന്റെ മുഖം വിവർണമായി …
” അതേ … നാളെ വൈകിട്ട് അമ്മയേം കൂട്ടി , അമ്പലത്തിൽ വന്നേക്കണം പ്രോഗ്രാമിന് .. ആശംസയൊക്കെ നീയവളോട് നേരിട്ട് പറഞ്ഞാൽ മതി …..” മയി ചിരിയോടെ അവളുടെ തോളിൽ തട്ടി …
ചഞ്ചലിന്റെ മുഖം വിടർന്നു …
” മറ്റന്നാൾ വെളുപ്പിന് ഷൂട്ടിംഗിന് ഹൈദരാബാദിൽ പോകാനിരിക്കുവാ .. അതു കൊണ്ട് പ്രോഗ്രാമിന് വരുന്ന കാര്യത്തിൽ ഞാൻ കൺഫ്യൂഷനിലായിരുന്നു … ” ചഞ്ചൽ ചിരി വിടാതെ പറഞ്ഞു ..
” എന്തിനാ കൺഫ്യൂഷൻ .. പാക്കിംഗ് ഒക്കെ നേരത്തേ തീർത്തിട്ട് നാളെ അരങ്ങേറ്റത്തിന് എത്തുക … തീരുന്നവരെയൊന്നും ഇരിക്കേണ്ട … പെട്ടന്ന് തിരിച്ച് പൊയ്ക്കോ .. എന്തായാലും വരാതിരിക്കരുത് ….” മയി നിർബന്ധിച്ചു ..
” ഉറപ്പായിട്ടും വരും ചേച്ചി ……” ചഞ്ചൽ ചിരിച്ചപ്പോൾ അവളുടെ നുണക്കുഴി തെളിഞ്ഞു വന്നു ..
” പോട്ടെ ……” മയി അവളെ ആലിംഗനം ചെയ്തിട്ട് യാത്ര പറഞ്ഞു ….
* * * * * * *
ഗേറ്റ് കടന്നപ്പോൾ തന്നെ വീടിനുള്ളിലെ ആരവം മയിയുടെ ചെവിയിലെത്തി … അവളുടെ മുഖത്ത് ചെറുചിരി വിടർന്നു … അവൾ ഫോണെടുത്ത് നിഷിന്റെ നമ്പർ കോളിംഗിലിട്ടു …
അവൻ രാത്രി എത്തുമെന്നാണ് അറിയിച്ചത് ..
” നിഷിൻ … നീയിറങ്ങിയോ …..” നിഷിൻ കോളെടുത്തപ്പോൾ അവൾ ചോദിച്ചു …
” ഉവ്വ് .. ഇറങ്ങിയതേയുള്ളു .. രാത്രിയാകും അവിടെയെത്താൻ .. ”
” ശരി ……”
അവൾ കോൾ കട്ട് ചെയ്തിട്ട് വീട്ടിലേക്ക് കയറിയതും അപ്പൂസ് ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു …
” അപ്പൂസേ … എന്താടാ ചക്കരെ ….” അവൾ കുഞ്ഞിനെ വാരിയെടുത്തു …
” ചെരീമ്മാ …. ഇച്ചു , മോൾടെ ടോയെടുത്തു …. അമ്മ സാരോല്ല പഞ്ഞു …” അവൾ മുഖം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് വിരൽ ചൂണ്ടി പരാതിപ്പെട്ടു …
വീട്ടിൽ ഒരുപാട് പേരുണ്ടായിരുന്നു , രാജശേഖറിന്റെയും വീണയുടെയുമൊക്കെ ബന്ധുക്കളും മറ്റുമായി … മയി അകത്തേക്ക് നോക്കി …
ഹാളിൽ ഒരു ചെറിയ ആൺകുട്ടി അപ്പൂസിന്റെ പുത്തൻ ടോയി കാർ വച്ചു കളിക്കുന്നുണ്ടായിരുന്നു .. വീണയുടെ ചേച്ചിയുടെ മകന്റെ കുഞ്ഞാണ് ഇച്ചു .. ഏകദേശം അപ്പൂസിന്റെ അതേ പ്രായം ..
” പോട്ടെ … അവൻ കളിച്ചിട്ടു തരൂട്ടോ .. അവരൊക്കെ ഗസ്റ്റല്ലേ നമ്മുടെ ….” മയി അപ്പൂസിനെ സമാധാനിപ്പിച്ചു ..
” ആണോ ……” അവൾ കുഞ്ഞി വിരൽ താടിയിൽ ചേർത്ത് ആലോചിച്ചു ..
” പിന്നേ …….” മയി അവളുടെ മൂക്കിൽ മൂക്കുരസി ….
” എന്താണ് ചെറ്യമ്മേം മോളും കൂടിയൊരു സ്വകാര്യം … ഉറക്കെ പറഞ്ഞാൽ ഞങ്ങളും കൂടി കേൾക്കാരുന്നു …. ” സ്റ്റെയർകേസിറങ്ങി വരുന്ന രാജശേഖർ മയിയേം അപ്പൂസിനെയും നോക്കി പറഞ്ഞു …
മയി ചിരിച്ചു … അവളുടെ മനസു നിറഞ്ഞു … നാളുകൾക്ക് ശേഷം രാജശേഖറിനെ അത്യന്തം സന്തോഷവാനായി കണാൻ കഴിഞ്ഞതിൽ അവളും സന്തോഷിച്ചു …
” ചെര്യമ്മേ ……..”
” എന്തോ …….”
” എന്തിനാ എല്ലാരും ഗസ്റ്റായേ ……?”
അപ്പൂസിന്റെ അവസാനമില്ലാത്ത സംശയങ്ങൾക്ക് മറുപടികളുമായി മയിയും തിരക്കുകളിലേർപ്പെട്ടു ..
* * ** * * * * * * * *
രാത്രി ….
കിടക്കാനായി മയി നിവയുടെ റൂമിൽ ചെന്നപ്പോൾ , ബെഡിൽ കിച്ചയും സ്വാതിയും നിവയും രാജശേഖറിന്റെ അനുജത്തിയുടെ മകൾ നിത്യയും ഇരിപ്പുണ്ട് ….
മയി കൂടി ബെഡിൽ ചെന്നിരിക്കാൻ തുടങ്ങിയതും കിച്ചയിടപെട്ടു …
” ചേച്ചിയിതെങ്ങോട്ടാ തള്ളിക്കേറി പോകുന്നേ … ”
” കിടക്കാൻ …..”
” ആ ബെസ്റ്റ് … ഇവിടെ ഞങ്ങൾക്ക് തന്നെ സ്ഥലം തികയില്ല .. ”
മയി ബെഡിൽ കയറാതെ എളിയിൽ കൈകുത്തി നാലു പേരെയും മാറി മാറി നോക്കി … നിവയും ഭാവമാറ്റങ്ങളൊന്നുമില്ലാതെ രംഗം ആസ്വദിച്ചിരിപ്പുണ്ട് … സാധാരണ മയിക്കൊപ്പം കിടക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ മുഖത്ത് സങ്കടം തെളിയുന്നതാണ് … ആ ദുഖം അവളിലെ അരക്ഷിതാവസ്ഥയിൽ നിന്നുണ്ടാകുന്നതാണെന്ന് മയി മനസിലാക്കിയിട്ടുമുണ്ട് …
” പിന്നെ ഞാനെവിടെ കിടക്കും …..” മയി മുഖം വീർപ്പിച്ചു ..
” ചേച്ചീടെ ബെഡ്റൂമിൽ ആരുണ്ട് …? ” കിച്ച വിടാൻ ഭാവമില്ലാതെ ചോദിച്ചു ..
മയി ഒന്ന് പരുങ്ങി ..
” അവിടെ നിഷിൻ ….”
” അണല്ലോ .. അപ്പോ വിട്ടോ .. വിശാലമായ ഷോറൂം സ്വന്തമായിട്ടൊള്ളപ്പോ പാവങ്ങടെ വയറ്റത്തടിക്കാൻ തെരുവ് കച്ചോടത്തിനെറങ്ങുന്നത് വളരെ ചീപ്പാണ് .. ” കിച്ച നീട്ടിപ്പറഞ്ഞു കൊണ്ട് ബെഡിലേക്ക് മലർന്നു വീണു…
” അതേ … വളരെ വളരെ ചീപ്പാണ് ….” സ്വതിയും അതേ ടോണിൽ നീട്ടിപ്പറഞ്ഞു ..
മയി നിവയെ നോക്കി … അവളുടെ മുഖത്ത് അപ്പോഴും മാറ്റമൊന്നുമില്ലായിരുന്നു .. മയിക്കത് ആശ്വാസം പകർന്നു .. താൻ ആശങ്കപ്പെട്ടിരുന്ന ഒരു നിമിഷമായിരുന്നു അതും .. എന്നും അവൾക്കൊപ്പമുറങ്ങാൻ തനിക്ക് കഴിയില്ലല്ലോ .. പെട്ടന്നൊരു ദിവസം അവളെ വിട്ട് മാറി പോകുമ്പോൾ , ഒറ്റപ്പെടൽ അവളെ ദോഷമായി ബാധിക്കുമോ എന്ന് ഭയന്നിരുന്നു .. ഇപ്പോൾ ആ മുഖത്ത് അത്തരം ഭയാശങ്കകളൊന്നുമില്ല .. അവളത് വളരെ പോസിറ്റീവ് ആയിട്ടാണ് എടുത്തിരിക്കുന്നതെന്ന് ആ ചിരിയിൽ വ്യക്തമായിരുന്നു ..
” ഞാൻ പോവാ ……” മയി കപട ഗൗരവത്തിൽ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു ..
പിന്നിൽ ഒരു കൂട്ടച്ചിരിയുയർന്നപ്പോൾ മയി തിരിഞ്ഞു നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി നടന്നു …
ഛെ …..! ചമ്മിയോ … വേണ്ടാരുന്നു ….. ആ പോട്ട് …. ! അവൾ ആത്മഗതം പറഞ്ഞു കൊണ്ട് ബെഡ്റൂമിലേക്ക് നടന്നു …
ഡോറിനടുത്ത് എത്തിയപ്പോൾ പെട്ടന്നവൾ നിന്നു … ദേഹമാസകലം ഒരു തിരയിളക്കം … അൽപം മുൻപ് നിഷിനോട് ഗുഡ്നൈറ്റ് പറഞ്ഞാണ് അങ്ങോട്ട് പോയത് ..
പാതി ചാരിയ കിടപ്പറ വാതിൽ തന്നെയും കാത്തിരിക്കും പോലെ … അവൾ ഭിത്തിയിൽ മൃദുവായി സ്പർശിച്ചു .. നിഷിൻ ഉറങ്ങിക്കാണുമോ … വന്നപ്പോൾ നല്ല ക്ഷീണമുണ്ടെന്ന് പറഞ്ഞതാണ് …
സ്റ്റെയർകേസ് കയറി ആരോ വരുന്നത് കണ്ടപ്പോൾ അവൾ വേഗം മുറിയിലേക്ക് കടന്നു … വാതിൽ ബോൾട്ടിട്ട് നോക്കിയപ്പോൾ നിഷിൻ ബെഡിലിരിപ്പുണ്ട് .. മടിയിൽ ലാപ്ടോപ്പും …
” നിഷിൻ ഉറങ്ങിയില്ലേ …? ” അവളൊരു ജാള്യതയോടെ അവനെ നോക്കി …
അവനും അത്ഭുതത്തോടെ അവളെ നോക്കുന്നുണ്ടായിരുന്നു ..
” എമർജൻസി മെയിൽ ഉണ്ടായിരുന്നു … അല്ല ഇതെന്ത് പറ്റി .. ? വാവേടടുത്ത് കിടക്കാൻ പോയതല്ലേ ….?”
” അവിടെ സ്ഥലമില്ല … കിച്ചയും പിള്ളേരൊക്കെ അവിടേണ്ട് .. ”
നിഷിൻ ചെറുചിരിയോടെ ലാപ് അടച്ചു കൊണ്ട് എഴുന്നേറ്റു ….
” എന്താടോ … പകച്ചു നിൽക്കുന്നേ …. ഇങ്ങടുത്ത് വാ …….” ലാപ് ടോപ്പ് ടേബിളിൽ വച്ചു കൊണ്ട് അവൻ വിളിച്ചു …
” ഏയ് …. ഞാൻ വെറുതെ …….” അവൾ ചമ്മൽ മറച്ചുകൊണ്ട് അവന്റെയരികിൽ വന്നു …
” എനിക്കൊന്നു മിണ്ടാൻ പോലും നിന്നെ കിട്ടുന്നില്ലല്ലോ മയി … ഉത്തരവാദത്വങ്ങൾ ഏറ്റെടുത്തത് കൂടിപ്പോയോ …? ” നിഷിൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു …
” അങ്ങനെ തോന്നണ്ട നിഷിൻ … ഓരോന്നും ഓരോ സമയത്തും നമ്മുടെ കൂടി ആവശ്യങ്ങളായിരുന്നു …. ”
അവനവളുടെ കണ്ണിലേക്ക് ആഴത്തിൽ നോക്കി നിന്നു … ആ മിഴികളിൽ പ്രണയത്തിന്റെ ഒരു കടൽ അവൻ തിരഞ്ഞു …
തന്നെ സ്വന്തമാക്കാൻ വെമ്പുന്നൊരു ഹൃദയം അവന്റെ കൺകളിൽ അവളും ദർശിച്ചു …
പക്ഷെ ….. മനസ് എവിടെയോ കുരുങ്ങിക്കിടക്കുന്നു .. . എത്ര മറക്കാൻ ശ്രമിച്ചിട്ടും ഹൃദയത്തിനു കുറുകെ വീണ ഉണങ്ങാത്ത മുറിവായി ഒരു മുഖം … നിഷിൻ തന്നെ പ്രണയിക്കുമ്പോൾ ആ മുറിവുകൾക്കു മീതെ മൂർച്ചയേറിയ ആയുധം കൊണ്ട് വരയുന്ന പോലൊരു തോന്നൽ ..
നിഷിൻ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു … കുനിഞ്ഞ് അവളുടെ നയനങ്ങൾക്ക് മീതെ ചുംബിച്ചു … ഇമകൾ പൂട്ടി അവൾ നിന്നു ..
കഴിയില്ല … അവനെ നിരാശപ്പെടുത്താൻ തനിക്കാവില്ല … എന്നോ സ്നേഹിച്ചു തുടങ്ങിയതാണ് …
” മയീ… നിനക്കെന്താ പേടിയാണോ …? ” അവൻ മൃദുവായി ചോദിച്ചു ..
” പേടിയൊന്നുമില്ല … ” അവന്റെ കണ്ണുകളിലേക്ക് നോക്കി പറയുമ്പോഴും അറിയാതെ അവളുടെ ഇമകൾ താഴ്ന്നു പോയി …
” ഉറക്കം വരുന്നുണ്ടോ ….?” അവന്റെ വാക്കുകളിൽ വാത്സല്യം നിറഞ്ഞു …
” ഉം ……..”
” ഉറങ്ങിക്കോ …. ” അവളെ കിടക്കയിലേക്ക് ആനയിച്ചത് അവൻ തന്നെയാണ് … അവൾ ബെഡിലേക്ക് കയറിക്കിടന്നു … അവളുടെ ശിരസ് , തന്റെ കൈത്തണ്ടയിലെടുത്ത് വച്ച് , മറുകൈ കൊണ്ട് അവളെ കരവലയത്തിലൊതുക്കി അവനും …..
രാവിന് അന്ന് പതിവിലേറെ തിളക്കമുണ്ടായിരുന്നു .. മാനത്തെയമ്പിളിത്തെല്ല് നീലത്താമരയെ തിരഞ്ഞ് ഭൂമിയിലേക്കിറങ്ങി വരുംപോലെ … നിലാവിനു പോലും പ്രണയ മധുരം ….
” ഉറങ്ങിയില്ലേ ……..” കവിളിൽ അവന്റെ മൃദു ചുംബനമേറ്റപ്പോൾ അവൾ ചോദിച്ചു .. ആ ശബ്ദം വല്ലാതെ നേർത്തിരുന്നു …
” ഇല്ല …. ”
” എന്തേ ……..”
” ഞാനാദ്യമായിട്ടല്ലേ നിന്നെ പുണർന്നു കിടക്കുന്നത് .. ഞാനതൊന്നനുഭവിച്ചോട്ടെടോ.. ഈ രാത്രി പുലരും വരെ ഇങ്ങനെ… ” അവന്റെ വാക്കുകളിൽ അവളോടുള്ള മുഴുവൻ പ്രണയവും നിറഞ്ഞു നിന്നു …
അവൾക്കു പിടിച്ചു നിൽക്കാനായില്ല … അവന്റെ നെഞ്ചിലേക്ക് ഒരു മാടപ്രാവിനെപ്പോലെ അവൾ കുറുകിച്ചേർന്നു … മുഖമുയർത്തി അവന്റെ ചുണ്ടിനും താടിക്കുമിടയിലായി ചുംബിച്ചു .. അവളുടെ വിരലുകൾ അവന്റെ ദേഹത്ത് മുറുകി …
അധരങ്ങൾ തമ്മിൽ പുണർന്നു , തമ്മിലടർന്നു മാറാനാവാതെ ..
” മോളെ ………” അവന്റെ വാക്കുകൾ അവളുടെ ശ്വാസ താളത്തിൽ മുങ്ങിപ്പോയി …
അവളൊരഗ്നിയായി തന്നിലേക്ക് പടരുന്നത് അവനറിഞ്ഞു …
എങ്ങോ രാക്കിളികൾ മയങ്ങാതെ പാടി …
തുടരും