ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 49
നോവൽ
എഴുത്തുകാരി: അമൃത അജയൻ
നിഷിൻ ശരണിനെ വിളിച്ച ശേഷം മയിയുടെ അടുത്തേക്ക് വന്നു …
” അവൻ ഉടനേയെത്തും … അതിനു മുൻപേ ഇവിടെയെല്ലാവരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം … ആദ്യം വാവയെ ഒന്നു കാണട്ടെ … പിന്നെ ഏട്ടനെയും ….”
അവൻ നിസഹായനായി മുറിവിട്ടിറങ്ങി പോകുന്നത് മയിയുടെ മനസുരുക്കുന്ന കാഴ്ചയായിരുന്നു … അവളെഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു …
നേർത്ത മഞ്ഞിന്റെ മൂടുപടമണിഞ്ഞ പ്രഭാതം എന്തെല്ലാമോ ഹൃത്തിലൊളിപ്പിച്ചു നിന്നു ..
പ്രകൃതിയെ ഭേദിച്ചു വരുന്ന പുലർ വെയിൽ ഒരു ചിറകറ്റ പൂമ്പാറ്റയാണെന്ന് തോന്നി .. താഴെ പൂന്തോട്ടത്തിൽ മഴത്തുമ്പികൾ താണു പറക്കുന്നു …
അകലെയെങ്ങോ കനത്ത പേമാരി കാത്തു നിൽക്കുന്നതിന്റെ സൂചന ..
പ്രഭാതത്തിനും കാറ്റിനുമെല്ലാം മൗനമായിരുന്നു .. ഒരു പക്ഷെ ഇനിയീ ഗൃഹത്തിന്റെയകത്തളങ്ങളിൽ ഉയരാൻ സാത്യതയുള്ള തേങ്ങലുകളെക്കുറിച്ച് അവരും അറിഞ്ഞിരിക്കാം ..
മയിയുടെ കണ്ണുകളിൽ ചുവപ്പു കലർന്നു …
നിഷിൻ ……. ! അവനെ സ്നേഹിച്ചു കൊണ്ടായിരുന്നില്ല താനീ കുടുംബത്തിലേക്ക് വന്നത് .. പക്ഷെ ചുറ്റുമുള്ളവരെ സ്നേഹിക്കാതിരിക്കാനോ , അവരെ അപകടങ്ങളിലേക്ക് തള്ളിവിടാനോ ഒന്നും താനൊരിക്കലും പഠിച്ചിട്ടില്ല …
കൗമാരത്തിൽ കാലം തന്നിൽ നിന്ന് അപഹരിച്ച പിതൃവാത്സല്യത്തിന്റെ പുനർജന്മത്തിലൂടെയായിരുന്നു തന്റെയീ വീട്ടിലെ തുടക്കം …
ഇടയ്ക്കെപ്പോഴോ ഈ വീടിന്റെ താളം തെറ്റി തുടങ്ങിയപ്പോഴും ഇവിടെയുള്ളവർ തന്നിലും വിശ്വസമർപ്പിച്ചിട്ടുണ്ട് …
പക്ഷെ ഇനി …..
ഒന്നും തകർന്നു പോകാതെ മുറുകെ പിടിക്കേണ്ട വലിയൊരുത്തരവാദിത്വമാണ് മുന്നിലുള്ളത് … ഒന്നിടറിപ്പോയാൽ കൈവെള്ളയിലൂടെ ഊർന്നു പോയേക്കാം …
അവൾ മിഴികൾ ഇറുകെ പൂട്ടി … കണ്ണിലെ നീരുറവ കവിൾത്തടങ്ങളിലൂടെ മെല്ലെയൊഴുകി …
* * * * * * * * *
നിഷിനും നവീണും മുറിയടച്ചിരുന്ന് വലിയ ചർച്ചയിലായിരുന്നു … അച്ഛനെ കാര്യങ്ങൾ ധരിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി …
” നീയൊന്നു കണ്ണടച്ചാൽ ഈ പ്രശ്നം അവസാനിക്കുമെങ്കിൽ …….” പറയുന്നത് തെറ്റാണെന്നറിഞ്ഞിട്ടും നവീനു ചോദിക്കാതിരിക്കാനായില്ല ..
കുഞ്ഞനുജത്തിയുടെ ജീവിതമാണ് കൺമുന്നിൽ ഒരു തുലാസിൽ കിടന്നാടുന്നത് .. അവനു നിരാശയും സങ്കടവും തോന്നി ..
അവൾ ബാംഗ്ലൂരിലേക്ക് പോയപ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു ..
അനുജത്തിയിലുണ്ടായിരുന്ന അമിത വിശ്വാസം … അതായിരുന്നോ അവളുടെ തകർച്ചയ്ക്ക് കാരണം …
അതോ ഹരിതയും അപ്പൂസും കൂടി ചേർന്നപ്പോൾ എവിടെയോ തന്റെ കുഞ്ഞു പെങ്ങൾ ഒരൽപ്പം പിന്നിലേക്കാക്കപ്പെട്ടതോ …
അയാൾക്ക് കുറ്റബോധം തോന്നി .. അവളുടെ അവസ്ഥയിൽ താനും കാരണക്കാരനാണ് … വിട്ടുകൊടുക്കരുതായിരുന്നു അവളെ ഒന്നിലേക്കും …
പഠനത്തിരക്കുകളുണ്ടായിരുന്നിട്ടു കൂടി കുട്ടിക്കാലത്ത് അവളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് തനിക്കറിയാമായിരുന്നു …
അവളുടെ ഇഷ്ടാനിഷ്ടങ്ങൾ തനിക്ക് കാണാപാഠമായിരുന്നു …
താൻ ഹോസ്റ്റലിൽ നിൽക്കുമ്പോഴും ദിവസവും വാവയോട് സംസാരിക്കുമായിരുന്നു ..
ഹരിതയും മകളും വരുന്നതു വരെയും അതങ്ങനെ തന്നെയായിരുന്നു ..
പിന്നീടോ ….
ഒരേ വീട്ടിലായിരുന്നിട്ടു കൂടി പലപ്പോഴും അവളെ ശ്രദ്ധിച്ചിരുന്നില്ല …. അവൾ പഠിക്കാനായി ബാംഗ്ലൂരിലേക്ക് പോയപ്പോഴെങ്കിലും ദിവസവും അവളെ വിളിച്ച് സംസാരിക്കേണ്ടതായിരുന്നു … ദൂരെയ്ക്ക് പറഞ്ഞു വിട്ടതല്ല , ഏട്ടനെപ്പോഴും കൂടെയുണ്ടെന്നൊരു തോന്നൽ അവളിൽ ഉണ്ടാക്കിയെടുക്കേണ്ടിയിരുന്നു …
” അത് സാധ്യമല്ല ഏട്ടാ … ഇവിടെ താഴ്ന്നു കൊടുത്തത് കൊണ്ട് ഈ പ്രശ്നം അവസാനിക്കില്ല .. അവരുടെ താത്പര്യങ്ങൾക്ക് ഞാൻ വിഘാതമേൽപ്പിച്ചാൽ അവർ പിന്നെയും വാവയെ വച്ചു തന്നെ വിലപേശും … അതുറപ്പാണ് .. എന്റെ കാര്യം പോട്ടെ , അവളുടെ ജീവിതം എന്നുമൊരു മുള്ളിൻമേൽ കെട്ടിയിടാൻ പറ്റുമോ …..” നിഷിന്റെ വാക്കുകൾ നവീനെ ചിന്തകളിൽ നിന്നുണർത്തി …
” ഞാൻ … ഞാനവളെ കുറിച്ചു മാത്രം ….” നവീൺ വിശദീകരിക്കാൻ ശ്രമിച്ചു ..
” എനിക്കറിയാം ഏട്ടാ ……”
ഇരുവരും വാക്കുകളില്ലാതെ പരസ്പരം നോക്കിയിരുന്നു …
” അച്ഛനോടു പറയണ്ടെ … ?” നവീൺ ചോദിച്ചു …
” ങും …. ഇനിയും വൈകിയാൽ …….”
ഇരുവരും മെല്ലെയെഴുന്നേറ്റു ..
* * * * * * * * * * *
നവീണും നിഷിനും രാജശേഖറിന്റെ മുറിയിലിരിക്കുമ്പോൾ മയി ഹരിതയോട് വിവരങ്ങൾ പറയുകയായിരുന്നു ..
വീണ അപ്പൂസിനെയും കൊണ്ട് താഴെയായിരുന്നു ….
എല്ലാം കേട്ട് ഹരിത അന്ധാളിച്ചു നിന്നു …
” മയി …, എനിക്ക് പേടിയാവുന്നുണ്ട് ……” അവൾ ആവലാതിപ്പെട്ടു …
” പേടിച്ചു നിൽക്കേണ്ട സമയമല്ല ഹരിതേടത്തി .. ഈ വീട്ടിൽ മൂന്നു പേരെ വീണുപോകാതെ താങ്ങി നിർത്തേണ്ടത് നമ്മളാണ് … വാവേടെ കൂടെ ഒരാളുണ്ടായേ പറ്റൂ … അതുപോലെ അമ്മേടെം അച്ഛന്റെയും അടുത്തും … അമ്മയ്ക്കൊപ്പം ഹരിതേടത്തി തന്നെ വേണം … ” മയി ഹരിതയുടെ കൈപിടിച്ച് പറഞ്ഞു …
അവൾക്കും കാര്യങ്ങൾ ബോധ്യപ്പെട്ടു തുടങ്ങി … പേടിച്ചു നിൽക്കേണ്ട സമയമല്ലിത് …
” പോലീസിലറിയിച്ചാൽ , വാവേടെ വീഡിയോ അവർ ….?” ഹരിത ആശങ്കയോടെ മയിയെ നോക്കി ..
” ഇന്റർനെറ്റിൽ ഇടും ………” മയിയുടെ വാക്കുകൾ നേർത്തു ..
ഹരിത വെട്ടിവിയർത്തു …
” ചിലപ്പോ അതിനു മുൻപേ തടയാൻ കഴിഞ്ഞേക്കും പോലീസിന് …. ” അവൾ മെല്ലെ പറഞ്ഞു … പക്ഷെ അത് പറയുമ്പോൾ അവളുടെ ശബ്ദത്തിൽ പതർച്ചയുണ്ടായിരുന്നു …
ഹരിതയുടെ കാൽപ്പാദത്തിലൂടെ ഒരു വിറയൽ അരിച്ചു കയറി …
” അതുകൊണ്ടൊന്നും നമ്മുടെ വാവയുടെ ജീവിതം തകർന്നു പോകില്ല ഹരിതേടത്തി … അതിനല്ലല്ലോ അവളിത്രയും കാലം ജീവിച്ചത് … കുറെ ചെന്നായ്കൾക്ക് കടിച്ചു കീറാൻ നമ്മളവളെ എറിഞ്ഞു കൊടുക്കില്ല …. ” മയിയുടെ ശബ്ദം ഉറച്ചതായിരുന്നു …
” കുറേ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകും … അത് തരണം ചെയ്യണം .. . പരിഹസിക്കാനും ചവിട്ടി താഴ്ത്താനും ആയിരങ്ങളുണ്ടാകും … ചേർത്തു നിർത്താൻ പത്ത് പേരു പോലും തികച്ചു കാണില്ല … അത് മനസിൽ കണ്ടു വേണം മുന്നോട്ടു നീങ്ങാൻ …….. ആ ചേർത്തു നിർത്തുന്ന പത്ത് പേരുണ്ടല്ലോ അവരെ മാത്രം നമുക്ക് മനുഷ്യരുടെ കൂട്ടത്തിൽ പെടുത്താം …..” ഒരു ഗുഹയുടെ ഉള്ളിൽ നിന്നെന്ന പോലെ മയിയുടെ വാക്കുകൾ ഹരിതയുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു …
ആദ്യത്തെ പതർച്ചയ്ക്കപ്പുറം ഹരിതയും ആത്മവിശ്വാസം വീണ്ടെടുത്തു തുടങ്ങി .. കൺമുന്നിൽ അപ്പൂസിന്റെ മുഖമായിരുന്നു … അവളും വളർന്നു വന്നു ജീവിക്കേണ്ട ലോകമാണിത് .. നാളെ അവൾക്കൊന്നടിയിടറിയാൽ എറിഞ്ഞു കൊടുക്കുമോ താനവളെ ഏതെങ്കിലും തീച്ചൂളയിലേക്ക് … ഒരിക്കലുമില്ല …
ഹരിത മയിയുടെ മുഖത്തേക്ക് നോക്കി .. പിന്നെ അതിവേഗം മുറി വിട്ടിറങ്ങി .. അവൾ നേരെ പോയത് വാവയുടെ മുറിയിലേക്കാണ് …
നിവ തന്റെ ചിലങ്കകളും മറ്റും എടുത്തു വയ്ക്കുകയായിരുന്നു … അവളോട് മറ്റൊന്നും ശ്രദ്ധിക്കാതെ പ്രാക്ടീസ് ചെയ്തോളാൻ മയി നിർദ്ദേശിച്ചിരുന്നു .. എങ്കിലും അവളുടെ മനസ് ഇടറിക്കൊണ്ടിരുന്നു …
” എന്താ ഏടത്തി …..” ഹരിതയെ കണ്ടപ്പോൾ അവൾ മുഖമുയർത്തി നോക്കി …
അവൾ വാവയെ തന്നെ നോക്കി നിന്നു .. അവൾ പ്രാക്ടീസിന് ഒരുങ്ങുകയാണെന്ന് ഹരിതയ്ക്ക് മനസിലായി …
എന്തൊക്കെയോ പറഞ്ഞാശ്വസിപ്പിക്കാനാണ് അവൾ ഓടിച്ചെന്നത് .. പക്ഷെ നിവയുടെ ആ നിൽപ് കണ്ടപ്പോൾ ഒന്നും പറയേണ്ടെന്ന് ഹരിതയ്ക്ക് തോന്നി … തന്റെ ആശ്വാസ വാക്കുകൾ ഒരു പക്ഷെ അവളുടെ മനസമാധാനം കളഞ്ഞേക്കാം …
” നീ പ്രാക്ടീസ് ചെയ്യാൻ പോവാണോ …? ” ഹരിത ചോദിച്ചു …
” ങാ … എടത്തി പറഞ്ഞു …..”
” ങും …. നീ ചെല്ല് … കുടിക്കാനുള്ള വെള്ളം ഞാൻ കൊണ്ടു വരാം …..” അത്രയും പറഞ്ഞിട്ട് ഹരിത തിരിഞ്ഞു നടന്നു …
ആ സമയം രാജശേഖർ ആൺമക്കളുടെ അരികിലായിരുന്നു …
അയാൾ മൗനമായി ഇരുന്നു …
” ഞാൻ … ഞാൻ ചിലതൊക്കെ പ്രതീക്ഷിച്ചിരുന്നു .. പക്ഷെ ഇത്ര ഭീകരമാകുമെന്ന് …..” അയാളുടെ തൊണ്ടയിടറി …
” അച്ഛൻ വിഷമിക്കണ്ട … ഞങ്ങളുണ്ട് അവൾക്കൊപ്പം … നമ്മളെല്ലാവരും അവൾക്ക് ധൈര്യം കൊടുത്തു നിർത്തണം … ” നവീൺ പറഞ്ഞു …
രാജശേഖർ നിശബ്ദനായി ഇരുന്നു …. പിന്നെ എഴുന്നേറ്റു .. ഒപ്പം നിഷിനും നവീണും …
” എന്റെ മക്കളെക്കുറിച്ച് എന്നും ഞാൻ അഭിമാനിച്ചിരുന്നു .. പക്ഷെ ഇപ്പോ ചില സംഭവങ്ങൾ ……..” അയാൾ വാക്കുകൾ വിഴുങ്ങി ….
” തോറ്റു പോകരുത് മക്കളെ … എന്റെ വാവ …. എന്തൊക്കെ സംഭവിച്ചാലും ഒടുവിലെനിക്കെന്റെ പൊന്നുമോളെ തിരിച്ചു കിട്ടണം … അവളുടെ ചിരി കാണണം … എനിക്കത്രേ വേണ്ടു .. ” അയാൾ ആൺമക്കളുടെ കൈകൾ കൂട്ടിപ്പിടിച്ചു …
” അച്ഛൻ സമാധാനത്തോടെ ഇരുന്നാൽ മതി … ഒരോന്ന് ചിന്തിച്ച് ഒന്നും വരുത്തി വയ്ക്കരുത് .. അത്രേം മതി ….” നിഷിൻ പറഞ്ഞു ..
രാജശേഖർ നിഷേധാർത്ഥത്തിൽ തലയാട്ടി …
” പേടിക്കണ്ട … എന്റെ മോളെ പാതി വഴിയിൽ വിട്ടിട്ട് ഞാൻ പോകില്ല .. ” അയാളുടെ വാക്കുകളും ഉറച്ചതായിരുന്നു …
പിന്നീട് വീണയോടും നിഷിനും നവീണും തന്നെയാണ് വിവരങ്ങൾ പറഞ്ഞത് ..
വീണ കുറെ കരഞ്ഞു .. ഇടയ്ക്കെപ്പോഴോ നിവയെ കുറ്റപ്പെടുത്തി .. എല്ലാറ്റിലുമുപരി രാജശേഖറിനെയോർത്ത് ആവലാതിപ്പെട്ടു …
* * * * * * * * * * * *
മുറ്റത്ത് ഒരു സ്കോർപ്പിയോ ഇരച്ചു വന്നു നിന്നപ്പോൾ നവീണും നിഷിനും ഇറങ്ങി വന്നു ….
ഡ്രൈവർ സീറ്റ് തുറന്നു സുമുഖനായ ചെറുപ്പക്കാരൻ പുറത്തിറങ്ങി … സിവിൽ വേഷത്തിലായിരുന്നു ശരൺ … കോഡ്രൈവർ സീറ്റിൽ നിന്ന് മറ്റൊരാൾ കൂടിയിറങ്ങി …
നിഷിൻ ഇറങ്ങിച്ചെന്ന് ശരണിനു കൈകൊടുത്തു .. ഒപ്പം നവീണും …
” ഇത് എന്റെ ഏട്ടനാണ് Dr . നവീൺ ….. ” നിഷിൻ പരിചയപ്പെടുത്തി …
” എനിക്കറിയാം … എന്റെ സിസ്റ്ററിന്റെ കുഞ്ഞിനെ ഡോക്ടറിന്റെയടുത്താണ് കൺസൾട്ട് ചെയ്യുന്നത് .. ഞാനിടയ്ക്ക് അവരെയും കൊണ്ട് വരാറുണ്ട് .. ബട്ട് അകത്ത് കയറാറില്ല … അതു കൊണ്ട് പേർസണലി പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല …..” ശരൺ നവീനു കൈകൊടുത്തുകൊണ്ട് പറഞ്ഞു …
” അകത്തേക്ക് വരൂ …..” അവർ ശരണിനെ ക്ഷണിച്ചു .. ഒപ്പം കൂടെയുള്ള ആളെയും …
” ആ ഇത് ക്രൈംബ്രാഞ്ച് CI നവാസ് … ബാംഗ്ലൂർ ബെയ്സ്ഡായ കേസല്ലേ … നവാസിന് അവിടെ കുറേ പരിചയങ്ങളുണ്ട് .. പിന്നെ ഇന്റർ സ്‌റ്റേറ്റ് കേന്ദ്രീകരിച്ച് വരുന്ന ഇൻവസ്റ്റിഗേഷൻസ് ചെയ്ത് എക്സ്പീരിയൻസും .. അതാണ് സ്പോട്ടിൽ പിടിച്ചു കെട്ടി കൊണ്ടു വന്നത് .. നമുക്ക് കാര്യങ്ങൾ മാക്സിമം ഫാസ്റ്റ് ആക്കണം .. അവന്മാർക്ക് റിയാക്ട് ചെയ്യാനുള്ള സമയം കിട്ടാതിരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത് … ” ശരൺ സംസാരിച്ചുകൊണ്ട് അവർക്കൊപ്പം അകത്തേക്ക് നടന്നു …
* * * * * * * * * * * * *
ടെറസിൽ നിന്ന് നിവ ഡാൻസ് പ്രാക്ടീസ് ചെയ്യുവായിരുന്നു … മയിയും ഹരിതയും കൂടി അങ്ങോട്ടു കയറിച്ചെന്നു …
” വാവേ ……….” ഹരിത വിളിച്ചു …
നിവ ഒന്നു കറങ്ങി തിരിഞ്ഞു നോക്കി …
” ദേ അവര് വന്നു ………. നിന്നെ അന്വേഷിക്കുന്നുണ്ട് ….”
നിവയുടെ മുഖം വാടി … എങ്കിലും ഒന്നും പറയാതെ അവൾ ഡാൻസ് നിർത്തി വന്നു .. നിലത്ത് ജഗിൽ വച്ചിരുന്ന വെള്ളമെടുത്ത് വായിലേക്കൊഴിച്ചു … അവൾ കിതയ്ക്കുന്നുണ്ടായിരുന്നു .. കഴുത്തിലൂടെയൊഴുകുന്ന വേർപ്പ് തുടച്ചു കൊണ്ട് അവൾ മയിക്കും ഹരിതയ്ക്കുമൊപ്പം നടന്നു വന്നു …
മുകൾ നിലയിലെ ഹാളിലുള്ള സോഫയിലേക്കിരുന്ന് കാലുയർത്തി വച്ച് അവൾ ചിലങ്കയഴിച്ചു … അപ്പോഴേക്കും ഒരു കാൽപ്പെരുമാറ്റം കേട്ടു …
മയിയും ഹരിതയും നിവയും മുഖമുയർത്തി നോക്കി …
ശരണും നവാസുമായിരുന്നു അത് ……!
നിവ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ശരൺ തടഞ്ഞു …
” കുട്ടി ഇരിക്കൂ …. ” ശരൺ അവർക്കടുത്തേക്ക് ചെന്നു … നിവയ്ക്കെതിരെയുള്ള സോഫയിലേക്ക് ശരണും നവാസും ഇരുന്നു …
നിവയുടെ ഇടവും വലവും ഹരിതയും മയിയും ഇരുന്നു ….
” എല്ലാ കാര്യങ്ങളും തുറന്നു പറയണം … ബംഗ്ലൂർ നിവയ്ക്കൊപ്പം ആ ടീമിലുണ്ടായിരുന്ന സ്റ്റുഡൻസിന്റെ ഡീറ്റെയിൽസടക്കം ………… ” ശരൺ നിവയെ നോക്കി ശാന്തനായി പറഞ്ഞു …
* * * * * * * * *
ശരണും നവാസും നിവയിൽ നിന്ന് എല്ലാ വിവരങ്ങളും ശേഖരിച്ച് തിരിച്ചു പോയി … ആ ദിവസം വിരസമായി കടന്നു പോകുകയായിരുന്നു …
രാത്രി …. !
ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ചാണ് ഇരുന്നത് …. വീണ അപ്പോഴും നിവയോട് ഒന്നും സംസാരിച്ചില്ല … തീൻ മേശയിൽ പോലും വീണ നിവയോട് അകലം പാലിച്ചു … എല്ലാവർക്കും അത് വിഷമമായെങ്കിലും ആരും ഒന്നും പറഞ്ഞില്ല …
ഭക്ഷണശേഷം നിവയും നിഷിനും നവീണും മയിയും ഹരിതയും ടെറസിൽ ഒരുമിച്ചിരുന്നു …
നിവയോട് ആശ്വാസ വാക്കുകൾ പറയുകയും അവളുടെ പഴയ കുസൃതികൾ ഏട്ടന്മാർ ഓർത്തു പറയുകയും ഒക്കെ ചെയ്തു ….
പിന്നീട് എപ്പോഴോ എല്ലാവരും താഴേക്ക് വന്നു ഉറങ്ങാൻ പോയി .. നിവയ്ക്കൊപ്പമാണ് മയി കിടന്നത് ..
ഉറക്കത്തിലേക്ക് വഴുതി വീണ ഏതോ നിമിഷത്തിൽ നിവയുടെ ഫോൺ ശബ്ദിച്ചു …
നിവയും ഒപ്പം മയിയും ഞെട്ടിയുണർന്നു ….
നിവ പിടഞ്ഞെഴുന്നേറ്റു ….
കൈയെത്തിച്ച് ഫോണെടുത്ത് അവൾ ഡിസ്പ്ലേയിലേക്ക് നോക്കി …
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് നിവയുടെ നെറ്റിയിൽ ചുളിവുകൾ വീണു …
ജിജോ ….
” ആരാ ….?” മയി ചോദിച്ചു ..
” ജിജോ …. എന്റെ കൂടെ പ്ലസ് ടു പഠിച്ചതാ … …. ”
ഇവനെന്താ ഈ നേരത്ത് … ആത്മഗതം പറഞ്ഞു കൊണ്ട് നിവ കോൾ ബട്ടൺ അമർത്തി …
മയിക്ക് അപകടം മണത്തു …
അതേ സമയം നിഷിന്റെ ഫോണിലേക്ക് പക മുറ്റിയ ഒരു കോൾ ഇരമ്പി പാഞ്ഞു ഒരു വിസ്ഫോടനവുമായി ..
തുടരും