ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 44
നോവൽ
എഴുത്തുകാരി: അമൃത അജയൻ
മയി താഴെ വരുമ്പോൾ കിച്ച ടേബിളിൽ ചോറും കറികളും എടുത്തു വച്ചിരുന്നു …
” നിന്റെ കോച്ചിംഗൊക്കെ എങ്ങനെ പോകുന്നു ….?” കൈകഴുകി വരുന്നതിനിടയിൽ മയി ചോദിച്ചു …
” നടക്കുന്നു … അടുത്ത മാസം എക്സാമുണ്ട് എസ്ബിഐയുടെ …..” അവൾ ചിരിച്ചു …
” മീൻ കറിയില്ലെ …..?” പുളിശ്ശേരി ചോറിലേക്ക് കോരിയൊഴിച്ചു കൊണ്ട് മയി മുഖം ചുളിച്ചു …
” പിന്നെ ….. ഈ ഫ്രൈ തന്നെ ഞാൻ പോയിട്ട് വന്നിട്ട് ണ്ടാക്കീതാ … അമ്മ രാവിലെ പുളിശ്ശേരി മാത്രാ വച്ചത് ….” അവൾ ചുണ്ടു കൂർപ്പിച്ചു …
മയി ഒരു കക്ഷണം മീൻ പൊരിച്ചതെടുത്ത് ചോറിൽ വച്ച് അൽപം നുള്ളിയെടുത്ത് വായിൽ വച്ചു …
” ങും … കുഴപ്പമില്ല …..”
” കുഴപ്പമുണ്ടെങ്കിൽ ചേച്ചി കഴിക്കണ്ട … ഞാൻ തന്നെ കഴിച്ചോളാം ……” കിച്ച മുഖം വീർപ്പിച്ചു ..
മയി കുസൃതിയോടെ അവളെ നോക്കി …
” ഞായറാഴ്ച ഞങ്ങളങ്ങോട്ട് വരാനിരിക്കുവാരുന്നു …..” കഴിച്ചു തുടങ്ങിയപ്പോൾ കിച്ച പറഞ്ഞു …
” ആണോ …..”
” അമ്മയത്ര രസത്തിലല്ല …. ” കിച്ച ഗൗരവത്തിലായി …
” ങും … എന്നെ വിളിച്ചിരുന്നു ..അതാ ഞാനിന്ന് ഇവിടെ കയറിയിട്ട് പോകാമെന്നു വച്ചത് …..”
” ആ പെണ്ണുമായിട്ട് റിലേഷനുണ്ടായിരുന്നെങ്കിൽ പിന്നെന്തിനാ അയാളി വിവാഹം കഴിച്ചത് .. അന്നേ ചേച്ചി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു … ” കിച്ച അമർഷത്തോടെ പറഞ്ഞു ..
കിച്ചയുടെ മനസിലെ ദേഷ്യം അവളുടെ വാക്കുകളിൽ തന്നെയുണ്ടായിരുന്നു …
മയി ഒന്നും മിണ്ടിയില്ല …
” അമ്മയ്ക്കും വിഷമമായി … ചേച്ചിയുടെ വാക്കിന് വില കൽപ്പിക്കാതിരുന്നത് തെറ്റായിപ്പോയിന്നാ അമ്മ പറയുന്നേ .. . അമ്മാവനും ചെറ്യച്ഛനുമൊക്കെ അമ്മയെ കുറ്റപ്പെടുത്തി …. ”
മയി മുഖമുയർത്തി അനിയത്തിയെ നോക്കി ..
” അല്ല ചേച്ചീടെ പഴയ അവേശമൊക്കെ പോയോ … ചേച്ചിയെന്താ കുലസ്ത്രീയാകാൻ തീരുമാനിച്ചോ ? ഇനി ഈ റിലേഷൻ തുടരുന്നതിൽ എനിക്ക് യാതൊരു യോജിപ്പുമില്ല … ” കിച്ച തന്റെ ഭാഗം പറഞ്ഞു …
” നീ കഴിക്ക് …അമ്മ കൂടി വന്നിട്ട് നമുക്ക് തീരുമാനിക്കാം … അതിനു തന്നെയാ ഞാൻ വന്നത് ….” മയി അവളെ സമാധാനിപ്പിച്ചു ….
* * * * * * * * *
” നീയെന്തു പണിയാ മയി കാണിച്ചത് …
ഇതേതായാലും വേണ്ടിയിരുന്നില്ല .. അവന്റെ പേരിൽ ഇങ്ങനെയൊരാരോപണം ഉണ്ടായത് ഭാവിയിൽ അവന്റെ ജോലിയെ ബാധിക്കും … നിനക്കിത്രയ്ക്ക് ബുദ്ധിയില്ലാതായിപ്പോയോ …?. ”
വിവരങ്ങളെല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ യമുന മകളെ ശകാരിച്ചു …
” അമ്മേ എനിക്കറിയാഞ്ഞിട്ടല്ല ..
ഇനിയിപ്പോ നിഷിന്റെ പേരിലുണ്ടായത് വ്യാജ പ്രചരണമാണ് എന്ന് പുറത്തറിഞ്ഞാൽ തന്നെ ,നമ്മളത് ഒതുക്കിയതാണെന്ന് പറയുന്ന ഒരു വിഭാഗം ഉണ്ടാകും … എന്തായാലും ഇപ്പോഴുണ്ടായ കളങ്കം മാറാൻ പോകുന്നില്ല …
ഒന്നോർത്താൽ അവളെ അങ്ങോട്ടു പറഞ്ഞു വിട്ട ഉത്തരവാദിത്തം നിഷിനുണ്ടല്ലോ .. ഞാനത്രയേ ചിന്തിച്ചുള്ളൂ….” മയി പറഞ്ഞു …
” ചേച്ചി പറയുന്നതിൽ കാര്യമുണ്ടമ്മേ .. . ആ കുട്ടി നിഷിനേട്ടന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയിട്ടുണ്ട് എന്ന് വന്നാൽ , മറ്റേ നരാഥമൻമാർക്കെതിരെയുള്ള കേസിന്റെ ശക്തി കുറയും .. അതൊരിക്കലും സംഭവിക്കരുത് .. ”
” നിങ്ങൾ പറയുന്നത് എനിക്ക് മനസിലാകാഞ്ഞിട്ടല്ല കുട്ടികളെ .. എന്താണെങ്കിലും നിഷിൻ നമ്മുടെ കുടുംബത്തിലെ അംഗമല്ലെ .. നമ്മുടെ അന്തസ് കൂടി നോക്കണ്ടേ ….”
” അമ്മേ , ആ അമ്മയും മകളും എന്റെ മുന്നിൽ നിന്ന് കരഞ്ഞപ്പോൾ , നമ്മുടെ കാര്യമാ ഞാനോർത്തത് .. അച്ഛൻ മരിച്ചപ്പോൾ അമ്മ ഞങ്ങൾ രണ്ട് പെൺമക്കളെയും കൊണ്ട് പകച്ച് നിന്നിട്ടില്ലേയമ്മേ … ” മയി അമ്മയെ സെന്റിമെൻസിൽ വീഴ്ത്താൻ ശ്രമിച്ചു ..
ആ പറഞ്ഞത് യമുനയുടെ മനസിൽ കൊണ്ടു … ഭർത്താവ് മരിക്കുമ്പോൾ മയിക്ക് 14 വയസാണ് ..
തനിക്ക് ഒരു ജോലിയുണ്ടെന്നതൊഴിച്ചാൽ , ജീവിതം തനിക്കൊരു സമസ്യ തന്നെയായിരുന്നു .. പലരുടെയും യഥാർത്ഥ മുഖം കണ്ടത് വിധവയായി ജീവിക്കാൻ തുടങ്ങിയപ്പോഴാണ് …
പുരുഷന്മാരുടെ മുഖത്ത് നോക്കി മനസു തുറന്നൊന്നു ചിരിക്കാൻ പോലും താൻ ഭയപ്പെട്ടിട്ടുണ്ട് …
” എന്റെ നിർബന്ധത്തിന് വഴങ്ങി നിഷിൻ സമ്മതിച്ചതല്ലമ്മേ … അവനാലോചിച്ചെടുത്ത തീരുമാനമാണ് ..
ഇതിന്റെ പിന്നിലിനി എന്ത് വന്നാലും അത് ഫെയ്സ് ചെയ്യാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം …..” മയി പറഞ്ഞു ..
യമുന നെടുവീർപ്പയച്ചു ..
” നിങ്ങൾ രണ്ടാളും വിദ്യാഭ്യാസവും അറിവും സാമൂഹിക ബോധവും ഉള്ളവരാണ് .. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ .. പിന്നെ വരുന്നതൊക്കെ നമുക്ക് ഫെയ്സ് ചെയ്യാം …… ” ഒടുവിൽ യമുന പറഞ്ഞു …
മയിയുടെയും കിച്ചയുടെയും മുഖം വിടർന്നു …
” അമ്മയുടെ പിന്തുണ മാത്രം മതിയെനിക്ക് ….. ” മയി യമുനയുടെ കൈ പിടിച്ച് മുഖം ചേർത്തുവച്ചു കൊണ്ട് പറഞ്ഞു …
* * * * * * * * * * * *
രാത്രി കിടക്കാൻ സമയം കിച്ച മയിയുടെ റൂമിൽ വന്നു …
” ങും …. എന്താണ് ….. ” റൂമിലങ്ങിങ്ങ് നോക്കി പരതി പരതി നിൽക്കുന്ന കിച്ചയെ നോക്കി മയി ചോദിച്ചു …
കിച്ച ചെറുതായി ചിരിച്ചു… ആ മുഖത്ത് ഒരു പരുങ്ങലുണ്ടായിരുന്നു ..
” എന്താടീ … കോഴി മുട്ടയിടാൻ തിരയുന്ന പോലെ നിന്നു കറങ്ങുന്നത് …” മയി മുഖം തിരിച്ച് അവളെ സൂക്ഷിച്ച് നോക്കി …
” ഏയ് … ഞാൻ വെറുതെ … ഇന്ന് ചേച്ചീടെ കൂടെ കിടക്കാന്ന് വച്ചു ……”
” അതൊരു പുതിയ കാര്യമൊന്നുമല്ലല്ലോ …..” കഴുകി ഇസ്തിരിയിട്ട് വച്ചിരുന്ന പില്ലോ കവറെടുത്തിട്ടു കൊണ്ട് മയി പറഞ്ഞു …
കിച്ച പെട്ടന്ന് വന്ന് മയിയുടെ പിന്നിലൂടെ കെട്ടിപ്പിടിച്ച് തോളിൽ മുഖം ചേർത്തു നിന്നു ….
” പറ … എന്താ വിഷയം ……..”
” ചേച്ചീ ………….. ” അവൾ മെല്ലെ വിളിച്ചു …
” പറയ് കിച്ചാ ….. എനിക്കറിയാം … നിനക്കെന്തോ കാര്യം സാധിക്കാനാന്ന് .. അമ്മയത്ര പെട്ടന്ന് സമ്മതിക്കുന്ന കാര്യവുമല്ല നിനക്ക് പറയാനുള്ളത് … എന്തായാലും നീ പറയ് …..”
” എനിക്ക് യു എസ് കമ്പനീന്ന് നല്ലൊരു ഓഫർ വന്നിട്ടുണ്ട് … റെപ്യൂട്ടഡ് കമ്പനി … ഗുഡ് സാലറി …… ”
” നീയാ പ്ലാൻ വിട്ടിട്ടല്ലേ ബാങ്ക് കോച്ചിംഗിന് പോയി തുടങ്ങിയത് …. ഇപ്പോ എന്ത് പറ്റി …..” മയി നെറ്റി ചുളിച്ചു …
” ആം നോട്ട് സാറ്റിസ്ഫൈഡ് .. മര്യാതയ്ക്കൊന്നു ഉറങ്ങാൻ പോലും കഴിയുന്നില്ലിപ്പോ … ഒറ്റയ്ക്ക് പോകാൻ അമ്മ സമ്മതിക്കാഞ്ഞിട്ടാ ലാംഗ്വേജ് ട്രെയിനിംഗ് പോലും പാസായിട്ട് ഞാനതന്ന് വേണ്ടാന്ന് വച്ചത് … ”
” ഒരു കാര്യം ചെയ് … അമ്മ പറയുന്ന പോലെ അവിടെ ജോലിയുള്ള ആരെയെങ്കിലും കല്യാണം കഴിച്ച് പൊക്കോ …..” മയി ചിരിച്ചു …..
” തമാശ കളയ് … എന്നിട്ട് ഒരു സൊല്യൂഷൻ പറ……” കിച്ച മയിയെ പിടിച്ച് ബെഡിലിരുത്തി അവളും ബെഡിൽ കയറി ചമ്രം പടിഞ്ഞിരുന്നു …
” നിന്നെ ഒറ്റയ്ക്ക് അമ്മ വിടുംന്ന് എനിക്ക് തോന്നുന്നില്ല കിച്ചാ ……”
” ചേച്ചിയൊന്ന് പറയ് … പ്ലീസ് …..”
” എന്തായാലും അമ്മ നിന്നെ കെട്ടിയ്ക്കും … അപ്പോ പിന്നെ അങ്ങനെ പോ ….”
” ചേച്ചിയെന്താ ഇങ്ങനെ …. അയ്യേ … ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ ചേച്ചീടെ കൺസെപ്റ്റ് … മാര്യേജ് ഈസ് ജസ്റ്റ് എ ചോയിസ് എന്ന് പറഞ്ഞിരുന്ന ആളല്ലേ … അതോ സ്വന്തം കാര്യം കാണാൻ പറഞ്ഞു നടന്നതാണോ …..”
” എന്റെ കൺസെപ്റ്റിന് മാറ്റമൊന്നുമില്ല .. ഞാൻ നിന്നെ കംപൽ ചെയ്യുന്നതുമല്ല .. അമ്മയുടെ ഭാഗം കൂടി നോക്കണ്ടേ …
നമ്മുടെ രണ്ടാൾടേം കാര്യത്തിലുള്ള അമ്മേടെ കൺസേൺ നിനക്കറിയാല്ലോ …
അത് കൊണ്ടാണ് ഞാനന്ന് ഈ വിവാഹത്തിന് സമ്മതിച്ചത് .. എനിക്ക് വേണമെങ്കിൽ ഇറങ്ങിപ്പോകാമായിരുന്നു … പക്ഷെ അമ്മയെ കൺസിഡർ ചെയ്തിട്ടാ ഞാൻ ….”
” ഞാനും അത് പോലെ ചെയ്യണമെന്നാണോ ചേച്ചി പറയുന്നേ …. ?” കിച്ചക്ക് അത് ഉൾക്കൊള്ളാനായില്ല …
മയി മിണ്ടാതിരുന്നു …
” എനിക്ക് എന്റെ ഡ്രീംസ് ഫുൾഫിൽ ചെയ്യണം … ചേച്ചിയെന്താ എന്റെ ഫീലിംഗ്സ് മനസിലാക്കാത്തെ ….”
” എനിക്ക് മനസിലാകുന്നുണ്ട് …. ഞാനൊന്നാലോചിക്കട്ടെ ….”
” ഒരു പാട് ടൈമില്ല … ഈയാഴ്ച തന്നെ മെയിലയയ്‌ക്കണം ….. വിത്തിൻ ടു മന്ത്സ് പോകേണ്ടിയും വരും … ”
” ശ്ശൊ …. അമ്മയെ എങ്ങനെ സമ്മതിപ്പിക്കാനാ …. ”
” അതൊന്നും എനിക്കറിയില്ല … ഞാനേതായാലും മെയിലയയ്‌ക്കാൻ പോവാ … അമ്മ സമ്മതിച്ചാലും ഇല്ലേലും ഞാൻ പോകും …..” അവൾ തറപ്പിച്ചു പറഞ്ഞു …
മയി ഞെട്ടലോടെ അനിയത്തിയെ നോക്കി …
” ചേച്ചിയെ പോലെ അമ്മേടെ സെന്റിമെൻസിൽ വീണ് ലൈഫ് സ്പോയിൽ ചെയ്യാൻ എനിക്ക് പറ്റില്ല … ”
” എന്റെ ലൈഫൊന്നും സ്പോയിലായിട്ടില്ല …. ” മയി പെട്ടന്ന് പറഞ്ഞു ..
” ചേച്ചിക്ക് വിവാഹത്തിന് സമ്മതിച്ചതിൽ ഒട്ടും റിഗ്രറ്റ് തോന്നിയിട്ടില്ലായെന്ന് ആത്മാർത്ഥമായിട്ട് പറയാവോ … ?”
” തോന്നിയിരുന്നു … അന്ന് .. അല്ല അന്നെന്നെ കെട്ടിച്ചു വിടാൻ നീയും കൂടിയാണല്ലോ സപ്പോർട്ട് ചെയ്തത് ……” മയി കിട്ടിയ അവസരത്തിന് അവൾക്കിട്ട് കൊട്ടി …
” അത് പിന്നെ ചേച്ചി എക്സിനെ ഓർത്ത് സെന്റിയടിച്ച് നടന്നത് കൊണ്ടാ ഞാൻ …..”
” എക്സിനെ മറക്കാൻ കല്യാണമാണോ റെമഡി……. ”
” എന്തായാലും ഇപ്പോ ചേച്ചി നിഷിനേട്ടന്റെ ആളായല്ലോ … അമ്മയോട് സംസാരിക്കുന്നത് കേട്ടപ്പോ എനിക്ക് പോലും ഫീൽ ചെയ്തു … പ്രണയത്തിന്റെ എന്താ … എന്താ …. ആ സാധനം … ”
മയിക്ക് ചിരി വന്നെങ്കിലും അവളത് പുറത്ത് കാണിച്ചില്ല …
” അത് വിട് … എന്റെ കാര്യം എങ്ങനാ … ചേച്ചി ഒക്കെയാക്കുമോ … അതോ ഞാനിറങ്ങി പോകേണ്ടി വരുവോ ….?”
” ഞാൻ സംസാരിച്ചു നോക്കാം ….. ”
” അപ്പോ ഞാനെന്തായാലും പ്രൊസീഡ് ചെയ്യാൻ പോകുവാ ….”
” അല്ല … അത് ….”
” ഒന്നും പറയണ്ട … അമ്മയോട് പിണങ്ങി പോകാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ് ചേച്ചീടെ ഹെൽപ്പ് ചോദിച്ചത് .. ഞാൻ തീരുമാനിച്ച് കഴിഞ്ഞു …….” അവൾ തീർത്തു പറഞ്ഞു ….
മയി ബെഡിലേക്ക് നോക്കിയിരുന്നു … ഒരു ഭൂകമ്പമുണ്ടാകുമെന്നുറപ്പാണ് … പക്ഷെ കിച്ചയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമല്ലോ ….
കിച്ച അപ്പോഴേക്കും ഉറങ്ങാൻ കിടന്നു കഴിഞ്ഞിരുന്നു … അവളുടെ മുഖത്ത് നോക്കി അൽപ്പസമയം കൂടിയിരുന്നിട്ട് മയിയും കിടന്നു …
* * * * * * * * * * * * * * *
പിറ്റേന്ന് രാവിലെ മയിയെ സ്കൂട്ടിയിൽ ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ കൊണ്ടു വിട്ടത് കിച്ചയാണ് ….
” അമ്മയോട് എപ്പഴാ പറയുന്നേ …? ” കിച്ച ചോദിച്ചു …
” ഞാൻ പോയിട്ട് നിഷിനെക്കൂടി കൂട്ടിക്കൊണ്ട് വരാം … അവൻ കൂടെയുണ്ടെൽ അമ്മേടെന്ന് കിട്ടാനുള്ളതിന് ചെറിയൊരു മയം കാണും ….”
മയിയുടെ മുഖഭാവം കണ്ടപ്പോൾ കിച്ചയ്ക്ക് ചിരി വന്നു …
മയിയെ തിരുവനന്തപുരം സൂപ്പർ ഫാസ്സിൽ കയറ്റി വിട്ടിട്ടാണ് കിച്ച തിരിച്ചു പോയത് …
* * * * * * * * * * * * * *
മയി വീട്ടിലെത്തുമ്പോൾ ഒൻപത് മണിയായിരുന്നു … ഗേറ്റ് കടന്നു വരുമ്പോൾ തന്നെ മുറ്റത്ത് കൊച്ചു സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന അപ്പൂസ് ഓടി വന്നു …
മയി അവളെ വാരിയെടുത്തു …
” അപ്പൂച്ച് ഒറ്റയ്ക്ക് കളിച്ചുവാണോ ….”
” അറ്റാറ്റനുണ്ടല്ലോ … ഫോൺ വിളിച്ചുവാ ആടെ….. ” അവൾ അകത്തേക്ക് ചൂണ്ടി ..
” ആണോടാ ……..” മയി അപ്പൂസിനെ ഉമ്മ വച്ചു …
” ടോക്കി …….” അവൾ കൈനീട്ടി ….
മയി പുഞ്ചിരിച്ചു ….. പിന്നെ ഹാന്റ്ബാഗ് തുറന്ന് കിറ്റ് കാറ്റെടുത്ത് അപ്പൂസിന്റെ കൈയ്യിൽ വച്ചു കൊടുത്തു . …
അപ്പൂസിനെയും കൊണ്ടാണ് അവൾ അകത്തേക്ക് കയറിയത് … ഫോൺ ചെയ്യുകയായിരുന്ന രാജശേഖർ അവളെ കണ്ടു കൊണ്ട് കൈയ്യുയർത്തി കാണിച്ചു …
അപ്പൂസിനെ താഴെ നിർത്തിയിട്ട് മയി കിച്ചണിലേക്ക് ചെന്നു … അവിടെ ഹരിതയും വീണയും ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയായിരുന്നു ….
” ആ നീയെത്തിയോ …. വാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം …….” ഹരിത മയിയെ കണ്ടു കൊണ്ട് പറഞ്ഞു …
” ബാഗ് വച്ചിട്ട് വരാം ….”
” കിച്ചൂനേം വാവേം കൂടി വിളിച്ചോ … രണ്ടും ഉറക്കം പോലും എണീറ്റില്ലാന്ന് തോന്നുന്നു …. ” ഹരിത വിളിച്ചു പറഞ്ഞു
” ഒക്കെ …..” മയി ചിരിച്ചു …
മയി വന്ന് നോക്കുമ്പോൾ നിഷിൻ നല്ല ഉറക്കമായിരുന്നു … അവൾ ബാഗ് കൊണ്ട് വച്ചിട്ട് അവനെ വിളിച്ചുണർത്തി …
അവൻ ഉറക്കച്ചടവോടെ കണ്ണുതുറന്നു … മയിയെ കണ്ട് അവൻ പുഞ്ചിരിച്ചു …
” എപ്പോ എത്തി …..” അവൻ ബെഡ്ഷീറ്റ് മാറ്റി എഴുന്നേറ്റു …
” ഇപ്പോ …….”
അവൻ പെട്ടന്ന് അവൾ പറഞ്ഞിട്ട് പോയത് ഓർത്തു … നേർത്തൊരു ആവലാതി അവനിൽ ഉടലെടുത്തു …
” എന്താ ഇങ്ങനെ നോക്കുന്നേ ……” മയി ചോദിച്ചു …
” നീ പറഞ്ഞിട്ട് പോയത് ഓർത്തതാ …..” അവൻ പറഞ്ഞു …
” എന്താ പേടിയുണ്ടോ ….” അവൾ ഗൗരവത്തിലായി …
” നിനക്ക് കിട്ടുന്ന ഇൻഫർമേഷൻസ് സത്യമായിരിക്കണേ എന്ന് മാത്രമേ പ്രാർത്ഥനയുള്ളു … ” അവൻ ചെറുതായി ചിരിച്ചു …
അവളുടെ മനസ് കുളിർത്തു … അവനെ കെട്ടിപ്പിടിച്ച് ആ കിടക്കയിലേക്ക് വീഴാൻ അവളതിയായി ആഗ്രഹിച്ചു ..
” ഏതായാലും പോയി ഫ്രഷായി വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്ക് … ഞാൻ കഴിക്കാൻ പോകുവാ …..” അവൾ ഗൗരവം വിടാതെ പറഞ്ഞു …
അവൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു …
അവളവന്റെ കൈ മുറുക്കിപ്പിടിച്ചു …
” ചെല്ല് …..”
നിഷിനെ ഫ്രഷാകാൻ വിട്ടിട്ട് മയി എഴുന്നേറ്റ് വാവയുടെ റൂമിലേക്ക് നടന്നു … അവളുടെ റൂം അടഞ്ഞു കിടക്കുകയായിരുന്നു …
മയി നോക്ക് ചെയ്ത് വിളിച്ചു … മിനിട്ടുകൾ കടന്നു പോയിട്ടും തുറക്കാത്തത് കൊണ്ട് അവൾ ഹാന്റിൽ പിടിച്ച് തിരിച്ചു …
കതക് തുറന്ന് അകത്ത് കയറിയ മയി കണ്ടത് ബെഡിന്റെ ഓരത്ത് കാൽമുട്ടിൽ മുഖം പൂഴ്ത്തിയിരിക്കുന്ന നിവയെയാണ് …
” വാവേ ……..” മയി വിളിച്ചു ……
നിവ മെല്ലെ മുഖമുയർത്തി .. കരഞ്ഞു വീങ്ങി കണ്ണീർ പടർന്ന മുഖത്തേക്ക് അവളുടെ അലങ്കോലമായ മുടി ഒട്ടിപ്പിടിച്ചിരുന്നു …
” വാവേ ….. എന്താ മോളെ …..”
” ഏട്ടത്തി …………”
നിവ ബെഡിൽ നിന്നിറങ്ങി ഓടി വന്ന് മയിയെ കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു … ഹൃദയം പൊട്ടി ചോരയൊഴുകുന്നത് പോലെ ഇടറി തേഞ്ഞു പോയിരുന്നു അവളുടെ ഒച്ച പോലും …
…(തുടരും )
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹