Thursday, November 21, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 5

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


സായുവിന്റെയും ദ്രുവിന്റെയും പ്രണയം അവിടെ തുടങ്ങുകയായിരുന്നു.
ലോ കോളേജിന്റെ ഇടനാഴികളും തണൽമരങ്ങളും അവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു.
സായു അറിയുകയായിരുന്നു ദ്രുവ് എന്ന പുരുഷന്റെ കരുതലും പ്രണയവും.

മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ദ്രുവ്. ആ കോളേജിലെ അവന്റെ അവസാനത്തെ വർഷം. സായു അഞ്ച് വർഷത്തെ സംയോജിത കോഴ്‌സായിരുന്നു.

സായൂ… പുതിയ ബിൽഡിങ്ങിന്റെ സെക്കന്റ് ഫ്ലോറിൽ വാ… ഞാനിവിടെയുണ്ട്…
പുസ്തകം നോക്കുമ്പോഴായിരുന്നു അവളെ തേടി ദ്രുവിന്റെ കാൾ എത്തിയത്.

പതിവില്ലാതെ ന്യൂ ബിൽഡിങ്ങിൽ വരാൻ പറഞ്ഞപ്പോൾ അവൾ അന്ധാളിച്ചു.
ഉൽഘാടനം കഴിയാത്ത പണി പൂർത്തിയായ ബിൽഡിങ് ആയിരുന്നു അത്.

നിശബ്ദമായി കിടക്കുന്ന ബിൽഡിങ്ങിലെ സെക്കന്റ് ഫ്ലോറിലെത്തിയപ്പോൾ കണ്ടു തന്നെ കാത്തിരിക്കുന്ന ദ്രുവിനെ.

ചെറുപുഞ്ചിരിയോടെയവൾ അവനടുത്തേക്ക് നടന്നു.

ഒരു ഡസ്ക് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവൻ അതിന് മുകളിലായി ഇരിക്കുന്നുമുണ്ട്.
അവന് മുൻപിലായി ചെന്നു നിന്നപ്പോൾ അവൻ മിഴികൾ ചിമ്മാതെ അവളെത്തന്നെ നോക്കി.

ഇതെന്താ ഇവിടെ

വെറുതെ.. എനിക്ക് നിന്നെ കാണണമെന്ന് തോന്നി.

സായൂ..

മ്..

ഐ വാന്ന കിസ്സ് യു…

ഞെട്ടലോടെയവൾ മുഖമുയർത്തി.ഇന്ന് വരെയും ഒരു ചുംബനം പോലും പരസ്പരം നൽകിയിട്ടില്ല. പ്രണയവും പഠനവും മാത്രമേ അവർക്കിടയിൽ ചർച്ചാവിഷയമായിട്ടുള്ളൂ..

ഐ വാന്ന കിസ്സ് യു സായൂ.. ഐ വാന്ന കിസ്സ് യുവർ ലിപ്സ്..
അവളുടെ മിഴികളിലേക്കുറ്റുനോക്കിയവൻ പറഞ്ഞു.

വിയർപ്പുകണികകൾ മുഖത്താകെ പൊടിഞ്ഞു. എന്ത് മറുപടി പറയുമെന്നറിയാതെ അവൾ ബുദ്ധിമുട്ടി.

തന്റെ പ്രണയമാണ്… പ്രാണനാണ്.. ഒന്നിച്ച് ഒരു ജീവിതo സ്വപ്നം കാണുന്നവരാണ്. അവനില്ലെങ്കിൽ താനോ.. താനില്ലെങ്കിൽ അവനോ ഇല്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ടവരാണ്.

അവളവന്റെ മിഴികളിലേക്ക് ആഴ്ന്നിറങ്ങി.
അവന്റെ ഉള്ള് കലുഷിതമാണെന്നവൾക്ക് തോന്നി.

പതിവ് കുസൃതിയല്ല കണ്ണുകളിൽ തെളിയുന്നത്… അസ്വസ്ഥതയാണ്.

സമ്മതമെന്നോണം അവൾ അവനിലേക്ക് ചേർന്നുനിന്നു.

അവനത് വിശ്വസിക്കാനായില്ലെന്ന് വ്യക്തമാണ്.
വിറയാർന്ന ബലിഷ്ഠമായ കരങ്ങൾ ഇടുപ്പിലമർന്നു.

പ്രിയപ്പെട്ടവന്റെ സ്പർശനത്തിൽ ഏതൊരു പെണ്ണും തരളിതയാകും.
ശരീരമാകെ വിറകൊള്ളുന്നു. ഉഷ്ണക്കാറ്റ് വീശിയതുപോലെ അവൾ വിറച്ചു.

അവന്റെ ചുടുനിശ്വാസം മുഖത്തേക്കടുത്തതും മിഴികൾ കൂമ്പിയടഞ്ഞു.
മൃദുവായി അവന്റെ അധരങ്ങൾ അതിന്റെ ഇണയെ തേടി.

ശാന്തമായി തുടങ്ങിയ ചുംബനം തീഷ്ണതയേറിയതുപോലെ…

വായിൽ ഇരുമ്പുചുവ കലർന്നു.
വേദനയാൽ അവന്റെ മേലുള്ള പിടി മുറുകി.

അവനിൽനിന്നും അടർന്നുമാറാതെ അവന് വിധേയയായി നിന്നു.

പകർന്നു നൽകുന്ന ജീവശ്വാസത്തിന്റെയും വേദനയുടെയും ഫലമായി അവളുടെ നഖങ്ങൾ അവന്റെ പുറത്ത് ആഴ്ന്നിറങ്ങി.

ഒടുവിലെപ്പോഴോ അടർന്നു മാറുമ്പോൾ ഇരുവരും നന്നേ കിതച്ചിരുന്നു..

പരസ്പരം നോക്കാനാകാതെ ആദ്യചുംബനത്തിന്റെ ലഹരിയിൽ അവർ മുഖം താഴ്ത്തി നിന്നു.

ആം സോറി സായു…
അവന്റെ സ്വരം ഇടറിയിരുന്നു.
മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു മിഴിക്കോണിൽ തിളങ്ങുന്ന നീർമുത്ത്.

എന്തുകൊണ്ടോ അവൾക്ക് വല്ലാത്ത വേദന തോന്നി. നെഞ്ച് വിങ്ങുന്നതുപോലെ.

അവനടുത്തേക്ക് ചേർന്നുനിന്നു. കൈക്കുമ്പിളിൽ ആ മുഖം കോരിയെടുത്ത് നെറുകയിലായി അധരമർപ്പിച്ചു.

അതുമാത്രം മതിയായിരുന്നു അവന് മനസ്സും ശരീരവും ഒരുപോലെ നിറയാൻ..
അവളുടെ സാമീപ്യം അതായിരുന്നു അവന് ആവശ്യവും.

നിശബ്ദമായ നിമിഷങ്ങൾ..
നിശ്വാസങ്ങളല്ലാതെ മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത ഓളംതല്ലി.

എന്താ ഇത്രയും സങ്കടം. എന്തുപറ്റി..?

അവൻ ശാന്തനായെന്നറിഞ്ഞപ്പോൾ അവൾ തിരക്കി.

അച്ഛൻ എനിക്കൊരു വിവാഹാലോചന കൊണ്ടുവന്നു.

തീക്കൊള്ളി കൊണ്ട് കുത്തേറ്റതുപോലെ അവൾ പൊള്ളിപ്പിടഞ്ഞു.
അടർന്നു മാറാൻ പോയവളെ അവൻ ബലമായി ചേർത്തു പിടിച്ചു.

അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

ആ കണ്ണുനീർ അതവനിൽ നോവുണർത്തി.
ഹൃദയത്തിൽ എന്തോ ഭാരംപോലെ..

തന്റെ ആത്മാവിൽ അലിഞ്ഞവളുടെ കണ്ണുനീർ.. അല്പം മുൻപവൾ പകർന്നു നൽകിയ ചുംബനത്തിന്റെ ലഹരി മാഞ്ഞ് അവിടെ വേദന തിങ്ങി.

എന്നെ.. ഞാൻ.. എന്താ.. വാക്കുകൾ കിട്ടാതെ വിഷമിക്കുന്ന തന്റെ പ്രാണനെ അവൻ നെഞ്ചോടടക്കി പിടിച്ചു.

അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നതവൻ തന്റെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.
കണ്ണുനീരിന്റെ നനവ് ഷർട്ട് നനച്ച് നെഞ്ചിൽ പതിഞ്ഞപ്പോൾ അവനവളെ തന്നിൽ നിന്നുമടർത്തി മാറ്റി.

കലങ്ങിച്ചുവന്ന കണ്ണുകളും വിതുമ്പുന്ന അധരങ്ങളും..

അച്ഛൻ വിവാഹാലോചന കൊണ്ടുവന്നതിനാണോ പെണ്ണേ നീ കരയുന്നത്. നിന്നെ സ്നേഹിക്കുന്നത് ദ്രുവാംശ് ആണ്. നേരമ്പോക്കല്ല എനിക്ക് നിന്നോടുള്ള പ്രണയം.. അതെന്റെ ആത്മാവിലലിഞ്ഞ് നിന്നിലേക്ക് ഒഴുകുന്നതാണ്.

എന്റെ സന്തോഷങ്ങളിൽ ആഹ്ലാദിക്കുന്നവൾ മാത്രമല്ല.. എന്റെ സങ്കടങ്ങളിൽ താങ്ങാകുകയുo ചെറുചുംബനങ്ങളാലും തലോടലുകളായും അത് അകറ്റുന്നവളുമാകണം നീ.
ദ്രുവിന്റെ പെണ്ണാണെന്ന ഉറപ്പിൽ ഞാൻ പകർന്നു നൽകിയതാണ് ചുംബനം.

എന്റെ ജീവിതത്തിൽ നീയല്ലാതെ മറ്റൊരു പെണ്ണില്ല. എന്നിൽ നിനക്കുള്ള അധികാരവും അവകാശവും അനിർവചനീയമാണ്..

തന്റെ പ്രിയനെ അവളൊന്നുകൂടി അറിയുകയായിരുന്നു.
അവന്റെ വാക്കുകൾ മഞ്ഞു വീണതുപോലെ അവളെ തണുപ്പിച്ചു.

ദിവസങ്ങൾ കടന്നുപോയി.

അമൃതയോടൊപ്പം ക്യാന്റീനിലേക്ക് പോകുമ്പോഴാണ് ഒരാൾ മുൻപിൽ തടസ്സമായി വന്നു നിന്നത്.

അമൃതയും സായുവും പരസ്പരം നോക്കി.

സായൂജ്യ എനിക്ക് തന്നെ ഇഷ്ടമാണ്. മുന്നോട്ടുള്ള എന്റെ ജീവിതത്തിൽ ഒരു കൂട്ടായി കൂട്ടിക്കോട്ടെ ഞാൻ. വിൽ യു മാരി മീ… കൈയിലിരുന്ന ചുവന്ന റോസാപുഷ്പം തനിക്ക് നേരെ നീട്ടി മുട്ടുകുത്തി പ്രതീക്ഷയോടെ ഇരിക്കുന്നവനെ കണ്ടവൾ അമ്പരന്നു.

കുട്ടികൾ ഏകദേശം അവിടെ കൂടിക്കഴിഞ്ഞിരുന്നു.
വല്ലാത്ത പരവേശം തോന്നി അവൾക്ക്.
മിഴികൾ നാലുചുറ്റും പരതി.

തങ്ങളിൽ ദൃഷ്ടിയൂന്നി നിൽക്കുന്ന ദ്രുവിനെ അപ്പോഴാണ് അവൾ കണ്ടത്.
അവന്റെ മുഖം കോപത്താൽ ജ്വലിച്ചിരുന്നു.

ദയനീയമായി അവളവനെ നോക്കി.

സായൂജ്യ… കൈകളിൽ ചൂടേറ്റവൾ നോക്കുമ്പോൾ വരുൺ അവളുടെ കൈകളിൽ പിടിമുറുക്കിയിരുന്നു.

കൈ വലിക്കാൻ നോക്കും മുൻപേ ദ്രുവ് പാഞ്ഞു അവരുടെ അരികിലെത്തിയിരുന്നു. അവന്റെ രൂക്ഷമായ നോട്ടത്തിൽ അവൾ പതറി കൈവലിച്ചെടുത്തു.

വരുണിന്റെ ഷർട്ടോടെയവൻ പിടിച്ചുയർത്തി.

ഒരു ആണിന് പെണ്ണിനോട് പ്രണയം തോന്നുന്നതും തുറന്നു പറയുന്നതും സ്വാഭാവികമാണ്.
അവളെന്റെ പെണ്ണാണ്.

കരണം പുകച്ചൊരു അടിയായിരുന്നു അടുത്തതായി വരുണിന് കിട്ടിയത്.
കവിളും പൊത്തിപ്പിടിച്ചവൻ പകപ്പോടെ ദ്രുവിനെ നോക്കി.

ഇത് അനുവാദമില്ലാതെ എന്റെ പെണ്ണിന്റെ കൈയിൽ പിടിച്ചതിനാണ്.

അവളാണ് തരേണ്ടിയിരുന്നത് പക്ഷേ ഇതിപ്പോൾ തരാതിരുന്നാൽ ഞാൻ പിന്നെ ഞാനെങ്ങനെയാ ആണാകുന്നത്..

ഒന്നുകൂടി സായുവിനെ നോക്കിയശേഷം അവൻ പാഞ്ഞുപോയി.

ദ്രുവ്… ഉറക്കെ വിളിച്ചുകൊണ്ട് അവൾ അവന്റെ പിന്നാലെ ഓടി.
ചുറ്റും കൂടിനിന്ന കുട്ടികൾ കാര്യം മനസ്സിലായതുപോലെ അടക്കം പറഞ്ഞു തുടങ്ങി.

ആൺകുട്ടികളുടെ പരിഹാസവും പെൺകുട്ടികളുടെ സഹതാപം കലർന്ന നോട്ടവും വരുണിന്റെ കൈയിലിരുന്ന പനിനീർപുഷ്പം ഞെരിഞ്ഞമർന്നു.

പണിപൂർത്തിയായ ബിൽഡിങ്ങിൽ ദ്രുവ് കാണുമെന്ന് അവൾക്കറിയാമായിരുന്നു.
പടികൾ ഓടിക്കയറുമ്പോൾ അവളുടെ മനസ്സ് പിടയ്ക്കുകയായിരുന്നു.

ആദ്യചുംബനത്തിന് സാക്ഷിയായ റൂമിലേക്കവൾ ഓടിക്കയറുമ്പോൾ ദ്രുവ് അവിടുണ്ടായിരുന്നു.

ദ്രുവ്… അവളുടെ ശബ്ദം വിറയാർന്നിരുന്നു.

അവന്റെ ചുവന്ന കണ്ണുകൾ കണ്ട് അവളുടെ ഉള്ള് കിടുങ്ങി.

ഓഹ് വന്നോ. ഞാൻ കരുതി അവനോടൊപ്പം പോയിക്കാണുമെന്ന്… അവന്റെ സ്വരത്തിലെ പരിഹാസമല്ല വേദനയാണവൾ തിരിച്ചറിഞ്ഞത്.

തലകുനിച്ച് നിൽക്കുമ്പോൾ വാക്കുകൾ അവൾക്ക് അന്യമായിരുന്നു.
കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി.

അവൻ നിന്റെ നേർക്ക് പൂവ് നീട്ടിയപ്പോഴും ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും കൈയിൽ പിടിച്ചപ്പോഴുമൊന്നും നീ പ്രതികരിച്ചില്ല.
എന്ത് കൊണ്ടാ സായൂ..

പെണ്ണിന്റെ അനുവാദമില്ലാതെ അവളിൽ കൈവയ്ക്കുമ്പോൾ പ്രതികരിക്കേണ്ട ധൈര്യമാണ് ഒരു പെണ്ണിന് വേണ്ടത്.

അവൾ ദുർബലയാകുമ്പോൾ അത് അവന് ആവേശമേ നൽകൂ.
നിന്നിലുള്ള അവകാശവും അധികാരവുമെല്ലാം എനിക്ക് മാത്രമാണ്.

എന്റെ സ്വാർത്ഥതയാകാം കാരണം നീയില്ലാതെ എനിക്ക് ജീവിക്കാനാകില്ല സായൂ…. ഇടറി തുടങ്ങിയിരുന്നു അവന്റെ വാക്കുകൾ.

നീ അവന് മുൻപിൽ നിശബ്ദത പാലിച്ചപ്പോൾ എനിക്ക് ദേഷ്യമാണുണ്ടായത്. നിന്നെ തല്ലണമെന്നുണ്ടായിരുന്നു. പക്ഷേ നീ വേദനിക്കുന്നതുപോലും എനിക്ക് സഹിക്കില്ല.

പിടിച്ചു നിൽക്കാൻ കഴിയാതെ അവന്റെ മാറിലേക്ക് വീണിരുന്നു അപ്പോഴേക്കും അവൾ.

അവളുടെ മുഖം കൈകളിലെടുത്ത് തെരുതെരെ ചുംബിക്കുമ്പോഴും അധരങ്ങൾ കഥ പറയുമ്പോഴും അവൾ അനുഭവിച്ചറിയുകയായിരുന്നു അവന്റെ പ്രണയത്തിന്റെ തീവ്രത.
സായു എത്രമാത്രം ദ്രുവിൽ ആഴ്ന്നിറങ്ങിയെന്ന്…

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2

ദ്രുവസായൂജ്യം: ഭാഗം 3

ദ്രുവസായൂജ്യം: ഭാഗം 4