Sunday, December 22, 2024
Novel

ദേവാസുരം : ഭാഗം 2

എഴുത്തുകാരി: അഞ്ജലി അഞ്ജു


“ഏട്ടാ അവൻ ഇത് വരെ വന്നില്ലല്ലോ?”

“നീ എന്തിനാ അവനെ കാത്തിരിക്കുന്നത്. രാത്രി വൈകി വരുന്നത് പുതുമയുള്ള കാര്യം അല്ലല്ലോ? ഭക്ഷണം എടുത്ത് വെച്ചിട്ട് നീ പോയി കിടന്നോളു.”

“അവൻ വരാതെ എനിക്ക് ഉറക്കം വരില്ല ഏട്ടനത് അറിയില്ലേ?”

അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്.

“അവൻ ആവും.”

ഇതും പറഞ്ഞ് സേതു പോയി വാതിൽ തുറന്നു. പിന്നാലെ ഉഷയും.
വാതിൽ തുറന്നതും ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് പോകാൻ തുനിഞ്ഞ ഇന്ദ്രനെ സേതു തടഞ്ഞു.

“ഇന്ദ്രാ…”

“മ്മ്.”

“കഴിക്കുന്നില്ലേ?”

“വേണ്ട. ഞാൻ പുറത്തു നിന്ന് കഴിച്ചു.”

ഇപ്പോൾ മിക്ക ദിവസങ്ങളിലും ഇങ്ങനെയാണ്.

“ഒരു നേരമെങ്കിലും നമുക്ക് ഒന്നിച്ച് കഴിച്ചൂടെ. നീ എന്താ ഇങ്ങനെ തുടങ്ങുന്നത്? ഞങ്ങൾ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്?”

“അച്ഛനത് അമ്മയോട് ചോദിക്ക്. അമ്മയ്ക്ക് അറിയാം എല്ലാം.”

ദേഷ്യത്തിൽ ഉഷയെ നോക്കി അവൻ പറഞ്ഞു.

“ഞാൻ എന്ത് ചെയ്‌തെന്നാണ്. കുറേ കാലമായി നീ ഇത് പറയുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ മോനെ വേദനിപ്പിക്കുന്ന എന്തെങ്കിലും എനിക്ക് ചെയ്യാൻ കഴിയുമോ?”

വിങ്ങി പൊട്ടി കൊണ്ടാണ് ഉഷയത് പറഞ്ഞത്.

“തെറ്റ് ചെയ്തെങ്കിൽ തിരുത്താൻ ഞാൻ തയ്യാറാണ്. ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ നീ നിന്റെ ജീവിതം കളയരുത്.”

“ഇനി എന്ത് ജീവിതം. അല്ലെങ്കിലും ഇനി ഒന്നും ശെരിയാവാൻ പോവുന്നില്ല.”

ഇതും പറഞ്ഞ് മറുപടിക്ക് കാത്തു നിൽക്കാതെ ഇന്ദ്രൻ മുകളിലേക്ക് കയറി പോയി.

“കേട്ടില്ലേ ഏട്ടാ നമ്മുടെ മോൻ പറഞ്ഞത്. പണ്ട് അവന് എല്ലാ കാര്യത്തിലും ഞാൻ മതിയായിരുന്നു.

എന്റെ മുഖമൊന്നു വാടിയാൽ അവന് സഹിക്കില്ലായിരുന്നു. പക്ഷെ ഇപ്പോൾ… ഞാൻ എന്ത് പറഞ്ഞിട്ടും അവനെന്നെ വിശ്വസിക്കുന്നില്ലല്ലോ?”

“അവന് നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. അവന്റെ മനസ് വിഷമിപ്പിച്ച എന്തോ ഒന്ന് ഉണ്ടായിട്ടുണ്ട്.

അതിന്റെ ശെരിയായ കാരണം ഉൾക്കൊള്ളാൻ അവന് ചിലപ്പോൾ പറ്റുന്നുണ്ടാവില്ല.

അതാവും.. അവൻ എന്ത് പറഞ്ഞാലും നീ അവനെ വിട്ട് പോവില്ലെന്ന് അവന് ഉറപ്പുള്ള കൊണ്ടാവും നിന്നെ കുറ്റപ്പെടുത്തുന്നത്.

അല്ലാതെ നിന്നോട് സ്നേഹമില്ലാഞ്ഞിട്ടോ മനസിലാക്കാഞ്ഞിട്ടോ ഒന്നും ആവില്ല.”

ആ വാക്കുകൾ ഉഷയ്ക്ക് തെല്ലൊരു ആശ്വാസം നൽകി. കണ്ണീരൊപ്പി ഉഷ മുറിയിലേക്ക് പോയി. ഉഷയുടെ പിന്നാലെ നിസഹായനായി സേതുവും.

റൂമിലെത്തിയെങ്കിലും നിറ കണ്ണുകളോടെ നിന്ന അമ്മയുടെ മുഖം ഇന്ദ്രന്റെ മനസിൽ നിന്ന് മായുന്നുണ്ടായിരുന്നില്ല. ഒരു നൂറു ചോദ്യങ്ങൾ അവന്റെ മനസിലേക്ക് ഒഴുകിയെത്തി.

ഇല്ല ഞാൻ കരുതും പോലെ അമ്മ തന്നെയാവും എല്ലാത്തിനും പിന്നിൽ. ടേബിളിൽ ഇരുന്ന ഫോട്ടോയിലേക്ക് അവന്റെ കണ്ണുകൾ സഞ്ചരിച്ചു.

കുട്ടിക്കാലത്തെടുത്ത അവന്റെയും അലീനയുടെയും അലെക്സിന്റെയും ഫോട്ടോ ആയിരുന്നത്. അലീനയുടെ മുഖത്തെ തിളക്കം അവന്റെ കണ്ണുകളിലും പ്രതിഫലിച്ചിരുന്നു.

ഫോൺ റിങ് ചെയ്തപ്പോളാണ് ചിന്തകളിൽ നിന്ന് ഉണർന്നത്. ചേച്ചിയാണ് വിളിച്ചത്. നാളെ അങ്ങോട്ടേക്ക് ചെല്ലണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.

ഒന്നൂടെ ഓർമിപ്പിക്കാൻ വിളിച്ചതാണ്. പാവം മക്കളില്ലാതെ കുറേ വിഷമിച്ചതാണ്. ഇപ്പൊൾ ഒരു കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

ഒരു അമ്മയുടെ സ്നേഹം അവളിൽ നിന്ന് ഇപ്പോളും എനിക്ക് ലഭിക്കുന്നുണ്ട്. അവളാണ് ജാനകിയുടെ കാര്യം അച്ഛനെ കൊണ്ട് ആലോജിപ്പിച്ചത്.

എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടും എന്നെ കൊണ്ട് സമ്മതിപ്പിച്ചു.

അതാണോ സത്യം? അല്ല ചിലരോടുള്ള വാശി കൊണ്ട് സമ്മതിച്ചു പോയതാണ്.

പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ കല്യാണം മുടക്കാൻ ആണ് തോന്നിയത്. ഞാൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം തകരരുതെന്ന് തോന്നി.

ഞാൻ എന്താണെന്നും എന്റെ അവസ്ഥ എന്താണെന്നും അവൾ അറിഞ്ഞിരിക്കണം എന്ന് തോന്നി. അതാണ് എല്ലാം തുറന്ന് പറയാനായി ഇന്ന് ജാനകിയുടെ കോളേജിലേക്ക് പോയത്.

ഒന്നോർത്താൽ പോയത് നന്നായി അല്ലെങ്കിൽ എല്ലാവരെയും പോലെ അവളുടെ അഭിനയത്തിൽ ഞാനും മയങ്ങി പോയേനെ.

ഒരു പണക്കാരനെ കണ്ടപ്പോൾ സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ച അവളോട് സഹതാപത്തിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

എനിക്ക് ഇവളെക്കാൾ യോജിച്ച മറ്റൊരു ബന്ധം കിട്ടാനുമില്ല. നിഗൂഢമായി ചിരിച്ചുകൊണ്ട് അവൻ ഓർത്തു.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടും വിഷ്ണു ഏട്ടനോട് തെറ്റ് ചെയ്തതിന്റെ കുറ്റബോധം മനസിൽ നിന്ന് മാറുന്നുണ്ടായിരുന്നില്ല.

ആദ്യമായി കോളേജിൽ ചെന്നപ്പോൾ മുതൽ എന്തിനും ഏതിനും സഹായമായി ഏട്ടൻ കൂടെ ഉണ്ടായിരുന്നു.

ആ കണ്ണുകളിലെ തിളക്കം എന്നോടുള്ള പ്രണയമാണെന്ന് തിരിച്ചറിഞ്ഞത് മുതൽ അകറ്റി നിർത്താനേ ശ്രമിച്ചിട്ടുള്ളു. പക്ഷെ എപ്പോളോ സ്നേഹം കൊണ്ടെന്നെ ഏട്ടൻ വിലക്ക് വാങ്ങി.

ആ സ്നേഹവും കരുതലും ആസ്വദിക്കാനുള്ള വ്യഗ്രതയിൽ മറ്റെല്ലാ കാര്യങ്ങളും മനഃപൂർവം മറന്നു.

മാമൻ ഈ ബന്ധം സമ്മതിക്കുമെന്നാണ് എന്നെ പോലെ ഏട്ടനും കരുതിയിരുന്നത്.

പക്ഷെ പെട്ടെന്നാണ് ഇടിത്തീ പോലെ ഇന്ദ്രേട്ടന്റെ ആലോചന വന്നത്.

എന്നോടൊന്നു ചോദിക്കുക പോലും ചെയ്യാതെ എല്ലാം സമ്മതിച്ചു വാക്ക് പറഞ്ഞ് നിൽക്കുന്ന മാമനെയാണ് കോളേജിൽ നിന്ന് വരുമ്പോൾ ഞാൻ കണ്ടത്.

ഞാൻ അറിയാതെ തന്നെ മുഖത്തു പ്രതിഫലിച്ച വിസമ്മതം മാമനെ തളർത്തുന്നത് കണ്ടത് കൊണ്ടാണ് സന്തോഷത്തോടെ സമ്മതം അറിയിച്ചത്.

വിഷ്ണു ഏട്ടനോട്‌ പറയാൻ അവസരം കിട്ടുന്നതിന് മുൻപ് തന്നെ നിശ്ചയവും കഴിഞ്ഞു പോയിരുന്നു.

പിന്നീടും ഇത് പറയാനായി പല പ്രാവശ്യം ഒരുങ്ങിയതാണ് പക്ഷെ ഏട്ടന്റെ ആ കണ്ണുകളിലെ സന്തോഷം അത് ദുഃഖമായി മാറുന്നത് കാണാനുള്ള ശക്തി ഉണ്ടായിരുന്നില്ല.

അവസാനം ഇങ്ങനെയൊക്കെ ആവുമെന്ന് അറിയാമായിരുന്നു.

എന്നോടുള്ള വെറുപ്പ്‌ കൊണ്ടെങ്കിലും മറ്റൊരു സന്തോഷം കണ്ടെത്തിയാൽ മതിയായിരുന്നു.

വിഷ്ണു ഇനി തന്റേതാവില്ല എന്ന സത്യം അവളുടെ മനസിനെ വീണ്ടും വീണ്ടും കീറി മുറിച്ചു കൊണ്ടിരുന്നു.

പിന്നീടുള്ള രണ്ടു ദിവസങ്ങളിലും വിഷ്ണു ഏട്ടൻ കോളേജിൽ വന്നിരുന്നില്ല.

എന്നെ വെറുക്കാനും മറക്കാനും ഏട്ടന് കഴിയണേ എന്നാണ് ആ ദിവസങ്ങളിൽ പ്രാർത്ഥിച്ചത്. ദേവുവും എന്നോട് മിണ്ടാതെ നടന്നത് എന്നെ ശെരിക്കും ഒറ്റപ്പെടുത്തി.

കുട്ടിക്കാലം മുതലേ ഞങ്ങൾ ഒന്നിച്ചായിരുന്നു.

എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കാൻ കൂട്ടായി അവൾ മാത്രേ ഉണ്ടായിരുന്നുള്ളു.

കൊലപാതകിയുടെ മകളായി എല്ലാവരും ഒറ്റപ്പെടുത്തുമ്പോളും കൂടെ നിഴലു പോലെ അവളുണ്ടായിരുന്നു.

എന്ത് പറഞ്ഞാലും സഹിക്കാൻ തയ്യാറായാണ് അവളുടെ അടുത്തേക്ക് ചെന്നത്.

“ദേവു…”

കേട്ട ഭാവം പോലുമില്ലാതെ അവൾ തല കുനിച്ചു തന്നെ ഇരുന്നു.

“പ്ലീസ് ദേവു.. എന്നെ നീ വഴക്ക് പറഞ്ഞോളൂ ദേഷ്യപ്പെട്ടോളൂ മിണ്ടാതെ ഇരിക്കല്ലേടാ.. എനിക്ക് വേറെ ആരാ ഉള്ളത്.”

കയ്യിൽ പിടിച്ചത് പറയുമ്പോളേക്കും കണ്ണ് നിറഞ്ഞിരുന്നു.

“മാമന് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നത് കൊണ്ടാണ്… ആരോരുമില്ലാത്ത എന്നെ വളർത്തിയതല്ലേ മറുത്തൊന്നും പറയാൻ പറ്റിയില്ല.”

“അതിന് നീ കല്യാണത്തിന് സമ്മതിച്ചതിനാണോ ഞാൻ പിണങ്ങിയത്. നിനക്ക് എന്നോടെങ്കിലും എല്ലാം പറയാമായിരുന്നില്ലേ?”

“അത് നിന്നോടെല്ലാം പറഞ്ഞാൽ വിഷ്ണു ഏട്ടനോടും ഞാൻ പറയേണ്ടി വരില്ലേ? ഏട്ടനെ എനിക്ക് ഉപേക്ഷിക്കാൻ പറ്റണുണ്ടായിരുന്നില്ല.”

അത് പറഞ്ഞപ്പോൾ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവളെന്നെ കെട്ടി പിടിച്ചു.

“ഇത്രേം ദിവസം എങ്ങനെ ഇതൊക്കെ നീ ഒറ്റക്ക് സഹിച്ചു. ആരോടെങ്കിലും പറഞ്ഞാൽ അത്രയും സമാധാനം കിട്ടില്ലേ.”

അവളും കരയുന്നുണ്ടായിരുന്നു.

“പോട്ടെ സാരമില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്റെ കൂടെ ഉണ്ടാവും. എനിക്കറിയാം എന്റെ ജാനുവിനെ.”

എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറഞ്ഞപ്പോൾ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ മനസിൽ ഉണ്ടായിരുന്നിട്ടും എന്തോ ഒരു ആശ്വാസം തോന്നി.

എല്ലാം അറിഞ്ഞിട്ടും എന്നെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളെങ്കിലും ഉണ്ടല്ലോ.

പിന്നെയും കുറേ നേരം ഞങ്ങൾ സംസാരിച്ചു.

വരാനിരിക്കുന്നത് എന്താണെങ്കിലും തരണം ചെയ്യാനുള്ള ഊർജം അവളെനിക്ക് നൽകി കൊണ്ടിരുന്നു…

(തുടരും )

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ദേവാസുരം : ഭാഗം 1