Friday, December 27, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

രണ്ടുപേരുടെയും പ്രാർത്ഥന കേട്ടെന്ന പോലെ ആ ഒറ്റ നക്ഷത്രം കണ്ണുചിമ്മി ചന്ദ്രനെ നോക്കി.. വിരസതയോടെ ഇഴഞ്ഞു നീങ്ങിയ രണ്ടു ദിവസങ്ങൾക്കിപ്പുറം, പതിവിലും നേരത്തെയുണർന്ന് കോളേജിൽ പോകാൻ റെഡി ആകാനായി വസു കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു. കണ്ണിനടിയിൽ കറുപ്പ് വല്ലാതെ പടർന്നിരിക്കുന്നു. അനന്തനെ ദിവസങ്ങൾക്ക് ശേഷം കാണാൻ പോകുന്നതിന്റെ സന്തോഷത്തിലും ആകാംക്ഷയിലും തന്നെ ഉറക്കം കടാക്ഷിക്കാൻ വിട്ടുപോയിരുന്നോ? അതോ താൻ സ്വയം ഉണർന്നിരുന്നു സ്വപ്നം നെയ്തുകൂട്ടിയിരുന്നോ.? ഹരി പറയുന്നത് പോലെ സ്വപ്നലോകത്താണ് താനും. ഇറങ്ങി വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ എന്തോ കഴിയുന്നില്ല.. എത്രയൊക്കെ ഒരുങ്ങിട്ടും തൃപ്തി വരാത്തത് പോലെ വീണ്ടും വീണ്ടും ഒരുങ്ങികൊണ്ടിരുന്നു വസു.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കടന്നു പോയ ഓരോ നിമിഷങ്ങൾക്കും വർഷങ്ങളുടെ ദൈഘ്യമായിരുന്നു… ഈ ദിവസങ്ങളത്രയും തന്റെ പ്രണയത്തിനു വിരഹത്തിന്റെ ചവർപ്പായിരുന്നുവെന്നും അവൾ തിരിച്ചറിഞ്ഞു. സുദേവ് നേരത്തെ പോയത് കൊണ്ട് തന്നെ തന്റെ സ്കൂട്ടിയിലാണ് കോളേജിൽ പോകുന്നത്. ഹരിയേയും കൂട്ടി സ്ഥിരമായി പോകുന്ന റൂട്ടിലൂടെ അല്ലാതെ മാളിലേക്കുള്ള വഴിയേയാണ് വസു പോയത്. പോകുന്ന വഴിയിൽ ബേക്കറിയിൽ കയറാനും മറന്നില്ല. കാര്യം തിരക്കിയ ഹരിയോട് ടീച്ചേർസ് ഡേ അല്ലേ അതിനുള്ള സർപ്രൈസ് ആണെന്ന് പറഞ്ഞു. പാറുവും മഹിയും നിക്കിയും എല്ലാം എന്നത്തേയും പോലെ നേരത്തെ തന്നെ ഹാജർ വച്ചിരുന്നു. ചെമ്പകകാട്ടിൽ എത്തി കുറച്ചു നേരം സംസാരിച്ചിരുന്നു. യൂണിയൻ ടീച്ചേർസ് ഡേ പരിപാടിയൊക്കെ ആസൂത്രണം ചെയ്തതുകൊണ്ട് കാര്യമായിട്ട് ക്ലാസൊന്നും ഇല്ലെന്നറിഞ്ഞു.

ഉച്ചക്ക് ശേഷമാണ് ക്ലാസ് ഉള്ളത് അതും അനന്തൻ ആണ്. കൊഴിഞ്ഞു കിടന്ന ചെമ്പകപൂക്കളെല്ലാം മണ്ണിനെ മൂടിയിരിക്കുന്നതും നോക്കി വസു ഇരുന്നു. മറ്റെല്ലാവരോടും നന്ദനെ കുറിച്ചുള്ള കാര്യങ്ങൾ വിവരിക്കുന്ന തിരക്കിലായിരുന്നു ഹരി. ആദ്യമൊന്ന് അത്ഭുതപെട്ടെങ്കിലും വസുവിന്റെ ഇഷ്ടത്തിനൊപ്പം നില്ക്കാൻ മറ്റുള്ളവരും തീരുമാനമെടുത്തു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ക്ലാസ്സിൽ കുട്ടികളെല്ലാവരും തന്നെ അലങ്കാരങ്ങളൊക്കെ തീർത്തുകൊണ്ട് അനന്തന് വേണ്ടി കാത്തുനിന്നു. അനന്തൻ ക്ലാസ്സിലെത്തിയതും പാറു കയ്യിലിരുന്ന റോസാപ്പൂവ് നീട്ടി അധ്യാപകദിനാശംസകൾ നേർന്നു. അപ്പോഴേക്കും നിക്കി വിളിച്ചത് പ്രകാരം മറ്റുള്ള അധ്യാപകരും ക്ലാസ്സിലെത്തിയിരുന്നു.

എല്ലാവർക്കും പാറു കയ്യിലിരുന്ന റോസാപ്പൂക്കൾ നൽകി ആശംസകൾ അറിയിച്ചു. ലൈബ്രറിയിൽ പോയി തിരികെ വരാൻ താമസിക്കുന്ന വസുവിനെ തിരയുകയായിരുന്നു ഹരിയുടെ കണ്ണുകൾ. അവൾ വന്നതിനു ശേഷമാണ് കേക്ക് മുറിക്കേണ്ടത്. അക്ഷമയോടെ എല്ലാവരും ഇടക്കിടക്ക് വസു വരുന്നതും നോക്കികൊണ്ടിരുന്നു. ആരെയും നിരുത്സാഹ പെടുത്താതെ തന്നെ അവളെത്തുകയും ചെയ്തു. നേരെ ഹരിയുടെയും പാറുവിന്റെയും അടുത്താണ് ചെന്നു നിന്നത്. നീ എന്താ നേരം വൈകിയേ? എത്രനേരമായി കാത്തു നിൽക്കുന്നു? മഹി വസുവിനോട്‌ ചോദിച്ചു. അത് പിന്നെ കുറച്ചു പണിയുണ്ടായിരുന്നു. വസു മറുപടി പറഞ്ഞു. നിന്റെ കയ്യിലെന്താ ഇത്? സംശയത്തോടെ ഹരി ചോദിച്ചു. അതൊക്കെയുണ്ട് സർപ്രൈസ് ആണ്.. കുറച്ചു നേരം ക്ഷമിക്ക്. വസു കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

പിന്നീട് കേക്ക് മുറിച്ചു കൊണ്ട് HOD അനന്തന് നൽകി. കഴിച്ചു കഴിഞ്ഞതും കൈതുടക്കാനായി കർചീഫ് തപ്പിയ അവനു നേരെ വസു തന്റെത് നീട്ടി. ചിരിയോടെ അത് വാങ്ങിക്കൊണ്ടവൻ ചോദിച്ചു. തനിക്ക് ജലദോഷമൊന്നും ഇല്ലല്ലോ ല്ലേ.? മറുപടിയായി അവനെ കൂർപ്പിച്ചു നോക്കിയതല്ലാതെ അവൾ തിരിച്ചൊന്നും പറഞ്ഞില്ല. തുടച്ചതിനു ശേഷം അവൻ കർചീഫ് തിരികെ നൽകി. പോകാനാഞ്ഞ അവന്റെ കയ്യിൽ അമർത്തി പിടിച്ചവൾ ഒന്നുയർന്നു പൊങ്ങി അവനു മാത്രം കേൾക്കാൻ പാകത്തിന് ചെവിയിലെന്തോ പറഞ്ഞു. തിരിഞ്ഞു ടേബിളിന്റെ അടുത്തക്ക് നടക്കുമ്പോൾ വെറുതെ തിരിഞ്ഞു നോക്കി. എന്തെന്നില്ലാത്ത തിളക്കത്തോടെ ചുണ്ടിൽ പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അനന്തനെ കണ്ടതും എന്തിനെന്നറിയാതെ അവൾക്കുള്ളിൽ ഒരു നാണം വിരിഞ്ഞിരുന്നു.

സൊ ഗയ്‌സ്…. എല്ലാവരും കേൾക്കാൻ പാകത്തിൽ അവൾ പറഞ്ഞു. ഇന്ന് അധ്യാപകദിനത്തെക്കാൾ ഉപരി മറ്റൊരു പ്രത്യേകതയുണ്ട് ഈ ദിവസത്തിന്. ആരും ചിന്തിച്ച് തലപുകക്കേണ്ട. അനന്തൻ സർ ന്റെ പിറന്നാളാണ് ഇന്ന്. അത്രയും പറഞ്ഞവൾ ഹരിയോട് എന്തോ ആംഗ്യം കാണിച്ചു. നേരത്തെ അവൾ കൊണ്ടുവച്ചിരുന്ന കവർ കൊണ്ട് വന്ന് ടേബിളിൽ വച്ചു. അതിൽനിന്നും കേക്ക് പുറത്തെടുത്തു. Happy birthday Sir… അനന്തന്റെ ഫോട്ടോയോടൊപ്പം എഴുതിയിരിക്കുന്നു. എല്ലാവരും ആശംസകളോടെ അനന്തനെ പൊതിഞ്ഞു. എല്ലാവർക്കും മുൻപിൽ വച്ചുതന്നെ കേക്ക് മുറിച്ചു. ആദ്യത്തെ കഷ്ണം വസുവിനു നൽകി. പുഞ്ചിരിയോടെ തന്നെ അവ കൈകളിൽ വാങ്ങി അവൾ അവനെ നോക്കി. ആഘോഷമെല്ലാം കഴിഞ്ഞു പോകാനൊരുങ്ങിയ അനന്തനെ പുറകിൽ നിന്നും വിളിച്ചവൾ അടുത്തേക്ക് ചെന്നു. കൈ നീട്ടി. അനന്തൻ കൈചേർത്തതും.

വൺസ് എഗൈൻ ഹാപ്പി ബർത്ത്ഡേ സർ.. അവൾ പറഞ്ഞു താങ്ക്യൂ സിഷ്ഠ.. താങ്ക്സ് ഫോർ ദിസ് സർപ്രൈസ്. അവൻ പറഞ്ഞു. പക്ഷെ എന്റെ ഡേറ്റ് ഓഫ് ബർത്ത് എങ്ങനെ അറിഞ്ഞു? സംശയത്തോടെ അവൻ ചോദിച്ചതും ഉത്തരമെന്നോണം അവൾ ഫോൺ ഉയർത്തി കാണിച്ചു. ഓഹ് ഫേസ്ബുക്കിൽ നിന്നാണല്ലേ? അതേല്ലോ.. അല്ലാണ്ടെ എനിക്ക് എങ്ങനെ അറിയാനാണ്? വസുവും പറഞ്ഞു. നിറഞ്ഞൊരു പുഞ്ചിരിയോടെ പോകാൻ തുനിഞ്ഞ അനന്തന് ഒരു പുസ്തകം നൽകി വസു. എന്റെ പിറന്നാൾ സമ്മാനമാണ്. ഇപ്പോൾ ഇവിടെവച്ചല്ലാതെ പിന്നീടെപ്പോഴെങ്കിലും തുറന്ന് നോക്കിയാൽ മതി. താങ്ക്സ് സിഷ്ഠ എങ്ങനെയാ ഞാൻ നന്ദി പറയേണ്ടത്? എന്നെ ഓരോനിമിഷവും അത്ഭുതപ്പെടുത്തുന്നു നീ. ഒന്ന് നിർത്തി അവൻ വീണ്ടും പറഞ്ഞു.

തന്റെ അധ്യാപകൻ ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. താൻ പ്രതീക്ഷിച്ചതെന്താണോ അതിന് വിപരീതമായാണ് കേട്ടതെങ്കിലും അനന്തനിൽ നിന്ന് തന്നെ സമയമെടുത്താണെങ്കിലും തന്റെ നന്ദനാണെന്ന് പറയിപ്പിക്കും എന്നൊരു ദൃഢനിശ്ചയം മനസുകൊണ്ട് എടുത്തിരുന്നു അവൾ. മറുകയ്യിൽ കരുതിയിരുന്ന കേക്ക് ന്റെ ക്രീം അവന്റെ ഇരുകവിളിലും തന്റെ പ്രതിഷേധമെന്നോണം തേച്ചു കൊടുത്തവൾ ചിരിച്ചു. ഞെട്ടി അവളെ നോക്കിയ അവനെ നോക്കി കണ്ണുചിമ്മി കാണിച്ചു. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി അവന്റെ കവിളിൽ പറ്റിപിടിച്ചിരുന്ന ക്രീം ന്റെ അവശിഷ്ടങ്ങൾ തുടച്ചു നീക്കി. പെട്ടന്ന് അനന്തൻ തന്നെ അവളുടെ കയ്യിൽ നിന്നും കർച്ചീഫ് വാങ്ങി ഡിപ്പാർട്മെന്റിലേക്ക് നടന്നു. ചെറുചിരിയോടെ തിരികെ ക്ലാസ്സിലേക്ക് നടക്കാനൊരുങ്ങിയതും പടിവാതിലിൽ തന്നെ നിൽക്കുന്ന ഹരിയേയും പാറുവിനെയുമാണ് വസു കാണുന്നത്.

നീ എന്താണിങ്ങനെ പരിസരം മറന്നു പെരുമാറുന്നത്? ഹരി തെല്ലൊരു ദേഷ്യത്തോടെ ചോദിച്ചു. എന്റെ നന്ദൻ അല്ലേ ഹരി. അത്രയും പിടിച്ചു നില്ക്കാൻ കഴിയാതെ വന്നതുകൊണ്ടാണ് ഞാൻ. മോശമായിട്ടൊന്നും ചെയ്തില്ലല്ലോ. ഫ്രണ്ട്സിന്റെ ഇടയിലാണെങ്കിലും നമ്മളിങ്ങനെ അല്ലേ? പിന്നെന്താ? പപ്പൻ സർ ഇവിടത്തെ അധ്യാപകനാണ്. ഇടക്കെങ്കിലും നീയത് മറന്നു പോകുന്നു വസു. പാറു പറഞ്ഞു. നന്ദൻ ഇതൊക്കെ തമാശയായേ എടുക്കു. എനിക്കറിയാം. വസു തിരികെ പറഞ്ഞു. ഹമ് ശരി.. എന്തായാലും നാളെ യൂണിയൻ ഇനാഗുറേഷൻ ആണ്. കുറച്ചു നേരത്തെ പോന്നോളൂ. പാറു പറഞ്ഞു. എപ്പോൾ ഞാനറിഞ്ഞില്ലല്ലോ. നീ പുറത്തു പോയപ്പോൾ ആണ് യൂണിയൻ മെംബേർസ് വന്നു പറഞ്ഞത്. ഹരിയാണത് പറഞ്ഞത്.

നിന്റെ പേരു കൊടുത്തിട്ടുണ്ട്. നീ നാളെയ്ക്ക് ഒരു പാട്ട് കണ്ടുവെച്ചോളു…അവരുടെ സംസാരം കേട്ട് അങ്ങോട്ടേക്ക് വന്ന നിക്കി പറഞ്ഞു. വസു എന്തായാലും പാടിയേ പറ്റുള്ളൂ. മഹിയും കൂട്ടിച്ചേർത്തു. അന്നത്തെ കാര്യങ്ങളൊക്കെ ഏതാണ്ട് ഒരുങ്ങിയെന്ന് തോന്നിയപ്പോൾ വീട്ടിലേക്ക് തിരിച്ചു. എന്നത്തേയും പോലെ ആ രാത്രയിൽ നന്ദനെ പ്രണയിച്ചു വസുവും വസുവിനെ ഓർത്തു നന്ദനും പുലരുവോളം അങ്ങനെ കിടന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നിറഞ്ഞ ഹർഷാരവങ്ങളോടെ വേദിയിൽ നിൽക്കുന്ന വസുവിന്റെ കണ്ണുകൾ ആ ഓഡിറ്റോറിയത്തിൽ അപ്പാടെ സഞ്ചരിച്ചു. തേടിയതെന്തോ കണ്ണുലുടക്കിയെന്ന സമാധാനത്തിൽ അവൾ മൈക്ക് കയ്യിലെടുത്തു. ഇന്നും ചെമ്പകമാകും പൂക്കുന്നത്.. കണ്ടറിയാം.

ആരോടെന്നില്ലാതെ മഹേഷ് പറഞ്ഞതും ഹരിയും പാറുവും ചിരിയടക്കാൻ പാടുപെട്ടു. എന്നാൽ അവരുടെ ധാരണകൾ എല്ലാം തെറ്റിച്ചുകൊണ്ട് വസുവിന്റെ ശബ്‌ദം അവിടെയാകമാനം ഒഴുകി.
എവിടെയോ ഒരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെന്റെ സ്വർഗം…
എങ്ങോ വഴിക്കണ്ണു മൂടാതെ നീയുണ്ടെന്നറിയുന്നതാണെന്റെ സ്വർഗം…. ……………………………………………………………..
വിരഹത്തിനറുതിയിൽ കണ്ണോടു കൺനോക്കി നിൽക്കുന്നതാണെന്റെ സ്വർഗം…
(Raaza&Beegum)

അനന്തനെ നോക്കി പാടിനിർത്തിയതും നീണ്ട കരഘോഷത്തോടെ തന്നെ അവൾ കൂട്ടുകാരുടെ അടുത്തെത്തി. പരിപാടികൾ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹരിയുടെ അച്ഛൻ മാധവ് വസുവിനെ ഫോൺ ചെയ്യുന്നത്. ഫോൺ എടുത്തു ഓഡിറ്റോറിയത്തിന് വെളിയിലിറങ്ങിയപ്പോൾ കണ്ടു അവരെ കാത്തെന്ന പോലെ നിൽക്കുന്ന അദ്ദേഹത്തെ. ഹരിയുടെ അമ്മമ്മക്ക് കുറച്ചു സീരിയസ് ആയത് കൊണ്ട് അവളെ കൊണ്ടുപോകാൻ വന്നതായിരുന്നു. കൂടെ സുജമ്മയും ഉണ്ട്. കണ്ണൻ തിരികെ വരുന്ന വഴിയാണ്. ചിലപ്പോൾ ബ്ലോക്കിൽ പെട്ടാൽ എത്താൻ നേരം വൈകും. അതുകൊണ്ട് തത്കാലം ഇവര് മൂന്നുപേരുമാണ് പോകാൻ തീരുമാനിച്ചതെന്ന് പറഞ്ഞു. ഹരിയെ അവരുടെ കൂടെ പറഞ്ഞയച്ചുകൊണ്ട് മറ്റുള്ളവരോടൊപ്പം ബാക്കി പരിപാടികളെല്ലാം കാണാൻ വസു ഇരുന്നു.

ഒട്ടുമിക്ക പരിപാടികളും അവസാനിച്ചപ്പോൾ തന്നെ സമയം ഏകദേശം അഞ്ചുമണി കഴിഞ്ഞിരുന്നു. എല്ലാവരോടും യാത്രപറയാൻ നിന്നാൽ ഇനിയും സമയം വൈകും എന്ന് തോന്നിയത് കൊണ്ട് തന്നെ വേഗം പോകാൻ തീരുമാനിച്ചു. കണ്ണുകൾ കൊണ്ട് അനന്തനെ തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല. കോളേജ് സ്റ്റോപ്പ് കഴിഞ്ഞു അടുത്ത സ്റ്റോപ്പ് എത്തിയതും സ്കൂട്ടി പെട്ടന്ന് നിന്നു. എന്താണ് കാര്യമെന്നറിയാൻ സൈഡ് ആക്കി നോക്കി. കാര്യമായി ഒന്നും തന്നെ വസുവിനു പിടികിട്ടിയില്ല. കുറെ ശ്രമിച്ചിട്ടും സ്റ്റാർട്ട് ആകുന്നെയില്ലായിരുന്നു. ഇന്നലെ പെയ്ത മഴയുടെ ബാക്കിയെന്നോണം സൈഡിലെല്ലാം വെള്ളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഇനി രക്ഷയില്ലെന്ന് തോന്നിയതും സുദേവിനെ വിളിക്കാനായി ഫോൺ കയ്യിലെടുത്തു.

ചെറുതായി മഴ ചാറി തുടങ്ങിയത് കൊണ്ടു തന്നെ വെയ്റ്റിംഗ് ഷെഡിലേക്ക് കയറി നിൽക്കാമെന്ന ധാരണയിൽ റോഡ് ക്രോസ്സ് ചെയ്യാൻ നിന്നു. കാൾ കണക്ട് ആവാത്ത ദേഷ്യം കൊണ്ട് എതിർവശത്തു കൂടെ വന്ന വണ്ടി പെട്ടന്ന് അവളുടെ ശ്രദ്ധയിൽ പെട്ടില്ല. മഴ ശക്തി പ്രാപിച്ചത് കൊണ്ടുതന്നെ ഡ്രൈവറും വസു നിൽക്കുന്നത് കണ്ടിരുന്നില്ല. പെട്ടന്ന് വണ്ടി കണ്ടതും എന്ത് ചെയ്യണമെന്നറിയാതെ വസു തരിച്ചുകൊണ്ട് അതേ നിൽപ്പ് തുടർന്നു.. പിന്നിലേക്ക് ചുവട് വെക്കാൻ ബുദ്ധിപറയുന്നുണ്ടെങ്കിലും ശരീരമത് ഉൾകൊള്ളാത്തത് പോലെ.. തന്റെ ചുറ്റിലുമുള്ളതെല്ലാം കറങ്ങുന്നതായി അനുഭവപെട്ടു.. ശക്തമായ രീതിയിൽ തന്നെ തലപൊട്ടിപിളരുന്നതായി തോന്നിയവൾ സഹായത്തിനെന്നോണം ഒരു പിടിവള്ളിക്കായി കയ്യെത്തിച്ചു… ചെമ്പകം പൂക്കും… കാത്തിരിക്കുക..

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14