Friday, January 17, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അവളുടെ ചെയ്തികളെല്ലാം കാറിന്റെ വ്യൂ മിററിൽ നോക്കി കണ്ടിരുന്ന ആ വ്യക്തിയിലും ഒരു പുഞ്ചിരി വിടർന്നു. ഇനി അധിക ദൂരമില്ല.. നിന്നെ സ്വന്തമാക്കാനുള്ള എല്ലാ പ്രതിബന്ധങ്ങളും തുടച്ചു നീക്കികൊണ്ട് നിന്നെ എന്റേതാക്കി മാറ്റിയിരിക്കും സിഷ്ഠ. എന്റേത് മാത്രം. അതുവരെ ഈ ഒളിച്ചുകളി തുടർന്നേ പറ്റു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിൽ ചെന്നപ്പോൾ ഒരങ്കത്തിനുള്ള ആള് തന്നെ അവിടെയുണ്ടായിരുന്നു. എല്ലാവരോടും സംസാരിച്ചുകൊണ്ട് അവരിൽ ഒരാളായി മാറുമ്പോഴും അനന്തനെ കുറിച്ചുള്ള ചിന്തകൾ തന്നെയായിരുന്നു മനസ് നിറയെ.. സുദേവിനുള്ള ഗിഫ്റ്റ് കൊടുക്കാനായി അവന്റെ മുറിയിൽ ചെന്നപ്പോൾ എന്തോ കാര്യമായ ചർച്ച നടത്തുകയായിരുന്നു അവനും ഹരിയും. അവിടെ നിൽക്കാതെ വസു തന്റെ മുറിയിലേക്ക് പോയി കുളിച്ചു റെഡിയായി താഴേക്കെത്തി. സുദേവിനുള്ള ഗിഫ്റ്റ് കൊടുത്തു. ഹരിയും സുദേവുമായുള്ള എൻഗേജ്മെന്റ് മൂന്നു മാസത്തിനുള്ളിൽ നടത്താൻ തീരുമാനമായി.

പിന്നീട് അവിടെ നില്ക്കാൻ തോന്നാത്തത് കൊണ്ട് തന്നെ തന്റെ മുറിയിലേക്ക് പോയി. മുറിയിലെത്തിയതും വാതിൽ മെല്ലെ ചാരി. ഹാൻഡ് ബാഗിൽ നിന്നും എൻവലപ്പ് പുറത്തെടുത്തു. അതിന്റെയുള്ളിലുള്ള കുറിപ്പിൽ എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ തന്നെ തുറന്നു. സിഷ്ഠ താൻ കണ്ടിട്ടുണ്ടോ ഇലകൾക്കുള്ളിൽ ഉറങ്ങുന്ന പുഴുവിനെ.. ആ പുഴുവിനൊരു പ്രതീക്ഷയുണ്ട്. എന്താണെന്നല്ലേ താനിപ്പോൾ ചിന്തിക്കുന്നത്? തന്റെ ചുണ്ടിൽ വിടർന്ന പുഞ്ചിരി ഞാൻ ഇവിടെയിരുന്നു കാണുന്നുണ്ട്.. പുഴുവിനെന്നും പ്രണയമായിരുന്നു പൂവിനോട്.. പക്ഷെ അതാരും കണ്ടിരുന്നില്ല.. ആ പ്രണയം എന്നും നിശബ്ദമായിരുന്നു… മൗനമായി പ്രണയിക്കാൻ ആയിരുന്നു പുഴുവിനെപ്പോഴും ഇഷ്ടം. അങ്ങനെ പ്രണയിച്ചു പ്രണയിച്ചു അവളിലേക്കെത്താൻ സ്വയം അവനൊരു ചിത്രശലഭമാവാൻ ഒരുങ്ങി. പക്ഷെ അവൻ കേവലമൊരു പുഴുവായിരുന്നു…

പൂവിലേക്കുള്ള വഴിയിലെല്ലാം അവനു പല പല തടസ്സങ്ങളായിരുന്നു. മുള്ളുകളായിട്ടും കമ്പായിട്ടും എല്ലാം ആ തടസങ്ങൾ തലയുയർത്തി നിന്നിരുന്നു. ഇടക്കെപ്പോഴോ അത് വഴി പോയ ശലഭം അവളോടുള്ള പ്രണയത്തിന്റെപുറത്ത് പൂവിനെ അവന്റേതാക്കി മാറ്റി. അവളിൽ നിന്നും തേൻനുകർന്ന് ആത്മസംതൃപ്തിയടയുന്ന ശലഭത്തെ, അവരുടെ പ്രണയത്തെ, ജീവിതത്തെ മാത്രമേ എല്ലാവരും നോക്കി കണ്ടിരുന്നുള്ളൂ. ഇവിടെ ഇലകളുടെയും മുള്ളുകളുടെയും ഇടയിൽ മാറിയിരുന്നു അവളെ നോക്കികണ്ടിരുന്ന പുഴു തന്റെ പ്രതിഷേധമെന്നോണം മൗനത്തെ കൂട്ടുപിടിച്ചു ഇലയെയും മുറിപെടുത്തി കൊണ്ടിരുന്നു. ഒടുക്കം അവൻ പിടഞ്ഞു വീഴുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല പ്രണയത്തോടെ അവളെ നോക്കിയിരുന്ന അവനെ.. ശലഭത്തേക്കാൾ അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചവനെ.

ചിലപ്പോഴൊക്കെ അങ്ങനെയാണ് സിഷ്ഠ. നമ്മൾ പ്രണയിക്കുന്നവരെ തിരക്കിയിറങ്ങുമ്പോൾ നമ്മളെ പ്രണയിക്കുന്നവരെ അറിയാതെ പോകും. എന്നത്തേയും പോലെ ഇവിടെയും ഞാൻ ഒരു കാര്യം ഒളിച്ചു വെക്കട്ടെ. നമ്മൾ മാത്രമാകുന്ന നിമിഷം. നീ അപ്പോഴും ഇതിനെ കുറിച്ചു ചിന്തിക്കുന്നുണ്ടെങ്കിൽ, അഥവാ നിനക്ക് ഓർമ്മ വരുന്നെങ്കിൽ. നിന്നോട് മാത്രമായി എനിക്കത് പറയണം. ………… പത്തു ദിവസങ്ങൾ അല്ലേ? വിരഹത്തിന്റെതാണ് അവ.. എന്നാൽ ഈ വിരഹം ക്ഷണികമാണ്.. നമ്മുടെ പ്രണയത്തിന്റെ നദിയെ, അതിന്റെ ഒഴുക്കിനെ താത്കാലികമായി ആരോ തടയണ കെട്ടി നിറുത്തിയതാണെന്ന് വിശ്വസിക്ക്. നമ്മൾ നമ്മളെ തിരിച്ചറിയുന്ന നിമിഷം എനിക്കുറപ്പാണ്… അത്രയും നേരം കെട്ടിനിർത്തപ്പെട്ട നിന്റെ പ്രണയം കെട്ടുപൊട്ടിച്ച് എന്നിലേക്ക് ഒഴുകുമെന്ന്… കാത്തിരിക്കാം സിഷ്ഠ… ഇങ്ങനൊരു സാഹിത്യ ഭ്രാന്തൻ എന്താണ് ഏതാണ് എഴുതുന്നതെന്ന് ഒരു ബോധോം ഇല്യേ നന്ദന്…

ചെറുചിരിയോടെ ആ കുറിപ്പിലേക്ക് തന്നെ നോക്കിയിരിക്കുന്നു വസുവിനെ കണ്ടുകൊണ്ടാണ് ഹരി മുറിയിലേക്ക് കയറി വരുന്നത്… സ്വയമിരുന്നു ആലോചിച്ചു കൂട്ടുന്ന വസുവിനെയും അവളുടെ കയ്യിലിരിക്കുന്ന പേപ്പറും നോക്കികൊണ്ട് തന്നെ ഹരി അവളുടെ അരികിൽ ചെന്നിരുന്നു. പേപ്പർ കയ്യിൽ വാങ്ങി വായിച്ചു നോക്കി. വായിച്ച ശേഷം വീണ്ടും വസുവിനെ തന്നെ നോക്കി. വസൂ നിനക്കെപ്പോഴെങ്ങിലും തോന്നിയോ ഞാൻ നിന്നെ നിന്റെ നന്ദനിൽ നിന്നും അകറ്റുന്നുണ്ടെന്ന്? ഹരി ഒട്ടുമൊരു മുഖവുരയില്ലാതെ തന്നെയാണ് ചോദ്യമെറിഞ്ഞത്. എന്തേ അങ്ങനെ ചോദിച്ചേ.? ഒരിക്കലുമില്ല ഹരി.. നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്. നിന്നെ ഞാൻ ഒരിക്കലും.. പക്ഷെ എന്തോ നന്ദന്റെ കാര്യം ഒളിച്ചുവെച്ചത് നിന്നെ വിഷമിപ്പിച്ചെന്ന് എനിക്കറിയാം. ഉത്തരമെന്നോണം വസു പറഞ്ഞു. ഈ കുറിപ്പ് ഇന്ന് കിട്ടിയതാണോ? ഇലയും പൂവുമൊക്കെ? ഇനി എന്നാണോ കായ്ക്കുന്നത്?

ചുമ്മാതാണ് ഹരി.. എന്നെ വട്ടാക്കുവാണത്. കുറച്ചുദിവസം ഇനി കത്തുകളുണ്ടാവില്ലല്ലോ. ഞാൻ ഇലയും പുഴുവും പൂവുമൊക്കെ ചിന്തിച്ച് കൊണ്ടിരുന്നാൽ വിഷമിക്കില്ലെന്ന ധാരണയാണ്. അല്ലാതെ ഒന്നുമല്ല. വസു പറഞ്ഞു തീർന്നതും അവളിലെ പുഞ്ചിരി അതേപടി ഹരിയിലേക്കും വ്യാപിച്ചു. പിന്നീട് ഇന്ന് നടന്നതൊക്കെ അവൾ ഹരിയോട് പറഞ്ഞു. എല്ലാം കേട്ട് ചിരിയോടെ തന്നെ ഹരി അവളുടെ കവിളിൽ കൈചേർത്തു വെച്ചു. ഞാനിന്ന് നിന്റെ കൂടെയാ കിടക്കുന്നത്. വിരോധമുണ്ടോ? ഹരി ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു കൊണ്ട് ഹരിയെ ചേർത്തണച്ചവൾ കട്ടിലിലേക്ക് ചാഞ്ഞു. ഇനി പറ വസു പപ്പൻ സർ എങ്ങനെയാ നിന്റെ നന്ദൻ ആയി മാറിയത്? ഒട്ടുമാലോചിക്കാതെ തന്നെ വസു പറഞ്ഞു.. എനിക്കറിയില്ല ഹരി.. എന്തോ എന്നെ ചേർത്ത് നിർത്തുമ്പോൾ.. എന്റെ അടുത്തെത്തുമ്പോൾ, അകാരണമായി എന്റെ ഹൃദയം പിടക്കാറുണ്ട് ശ്വാസം വിലങ്ങാറുണ്ട്. ഇടക്കെങ്കിലും വാത്സല്യത്തിന്റെ മൂടുപടം നീക്കി ആ കണ്ണുകളിൽ പ്രണയത്തിന്റെ ആഴി തിരതല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഇടക്ക് ഞാനും കരുതിയിരുന്നു എന്റെ തോന്നലുകളാണെന്ന്. പക്ഷെ ഇപ്പോൾ അല്ലെന്ന് പറയുന്നു. ഞാൻ ഇക്കാര്യത്തിൽ ബുദ്ധിയേക്കാൾ കൂടുതൽ എന്റെ മനസിനെ വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്… എനിക്ക് നിന്നോടൊന്നെ പറയാനുള്ളു ഒരിക്കൽ നിന്റെ ബുദ്ധി പറയുന്നത് കേട്ടാൽ മതിയായിരുന്നു എന്ന് തോന്നുന്ന ഘട്ടം വരികയാണെങ്കിൽ. മനസ് പിടിവിടരുത്. നിന്നെ അത്രയും അറിയുന്നത് കൊണ്ടാണ് പറയുന്നത്. ഹരി അവളോട് സൂചിപ്പിച്ചു. ഞാൻ എനിക്ക് തന്നെ ഒരു വാക്ക് കൊടുത്തിട്ടുണ്ട് ഹരീ. എന്റെ മനസിന് എന്റെ ഹൃദയത്തിന്. എന്റെ നന്ദന് എന്നും എന്റെ മനസ്സിൽ ഒരു മുഖമേ കാണു. അനന്ത പദ്മനാഭ് ന്റെ. അത് എന്നും അങ്ങനെ തന്നെയായിരിക്കും. വസുവിന്റെ വാക്കുകൾക്ക് മറുപടി ലഭിക്കാതായപ്പോൾ മെല്ലെ അവൾ ഹരിയെ നോക്കി. അതേ ഹരി.. നിനക്ക് ചിലപ്പോൾ തോന്നും എനിക്ക് ഭ്രാന്തായോ എന്ന്. പക്ഷെ എന്തോ ഈ അവസ്ഥയെ ഞാൻ വല്ലാതെ ഇഷ്ടപെടുന്നു. വാക്ക് പാലിക്കാത്തവൾ അല്ല വസിഷ്ഠ ലക്ഷ്മി.

സ്വയം ഉരുകി തീരേണ്ടി വന്നാലും ഞാൻ വാക്ക് പാലിച്ചിരിക്കും. ഹരിയുടെ മുഖത്തെ ആകുലത വായിച്ചെന്നോണം വസു കൂട്ടി ചേർത്തു. പിന്നീടൊന്നും തന്നെ ഇതിനെ കുറിച്ചു സംസാരിക്കാൻ താല്പര്യമില്ലാത്തമട്ടിൽ വസു വിഷയത്തെ വഴി തിരിച്ചു വിട്ടു. സംസാരിച്ചപ്പോഴോ ഉറക്കത്തിലേക്ക് വീഴുന്നതും അവൾ അറിഞ്ഞു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 തന്റെ ഫോൺ ഗ്യാലറിയിൽ ഇന്നെടുത്ത വസുവിന്റെ ഫോട്ടോകളിലേക്ക് ഉറ്റുനോക്കി അവൻ കിടന്നു. വിദൂരതയിൽ കാണുന്ന ഒറ്റനക്ഷത്രത്തെയും ഒളികണ്ണിടുന്ന തേങ്ങാപൂളുപോലുള്ള ചന്ദ്രനെയും നോക്കിയവൻ .. വീണ്ടും ഗാലറിയിൽ ഉള്ള ഫോട്ടോ സൂം ചെയ്തു അങ്ങനെ കിടന്നു. എൻവലപ് തുറക്കുമ്പോൾ അവളിൽ വിരിയുന്ന അത്ഭുതം അവന്റെ ചൊടികളിൽ ചെറുപുഞ്ചിരി വിരിയിച്ചു… വയ്യ പെണ്ണേ.. ഈ ഒളിച്ചുകളി.. പക്ഷെ കുറച്ചുകൂടെ ക്ഷമിച്ചേ പറ്റു. പലതും നേരയാവാൻ ഉണ്ട്… ഇന്നെന്തേ അവൾ പരിഭവമൊന്നും പറഞ്ഞില്ലേ? തെളിമയോടെ മിന്നുന്ന ഒറ്റനക്ഷത്രത്തെ നോക്കി അവൻ ചോദിച്ചു.

ചിലപ്പോൾ ഞാൻ എഴുതി കൊടുത്ത കഥയാലോചിച്ചു തലകറക്കുന്നുണ്ടാവും. ദിവസങ്ങളെണ്ണി ഞാനും കാത്തിരിക്കുവാ. എത്രയും പെട്ടന്ന് തന്നെ എല്ലാം ശരിയാകുവാൻ വേണ്ടി.. അത്രയുമാലോചിച്ചവൻ ഒറ്റനക്ഷത്രത്തിനു നേരെ കണ്ണയച്ചു. പക്ഷെ കാർമേഘം മൂടിയതിന്റെ തെളിച്ചം കുറഞ്ഞിരുന്നു. മെല്ലെ ഇടിവെട്ടി മഴയാർത്തു പെയ്യാൻ തുടങ്ങി. രണ്ടിടങ്ങളിൽ ഇരുന്നു തങ്ങളുടെ പ്രണയസാഫല്യത്തിന് ദിനമെണ്ണി കാത്തിരിക്കുന്ന ആത്മാക്കൾക്ക് കൂട്ടെന്നപോലെ അവ ഭൂമിയെ പുൽകി. ജനലിൽ കൂടെ അരിച്ചെത്തിയ മിന്നലിന്റെ വെളിച്ചം കണ്ണിലടിച്ചപ്പോൾ വസു കണ്ണുകൾ തുറന്നു.. എഴുനേറ്റ് ജനലിനോരം ചേർന്നങ്ങനെ നിന്നു. കാലം തെറ്റി പെയ്ത മഴ ആവോളം നനഞ്ഞ ഭൂമിയെപ്പോലെ. മറ്റൊരു കോണിലിരുന്നവളും നനയുകയായിരുന്നു പേരറിയാത്തൊരു മഴ.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ ഊർന്നു വീണുകൊണ്ടിരുന്നു ഇതളുകൾ പോലെ ദിവസങ്ങളും വീണുകൊണ്ടിരുന്നു.

ഓണത്തിന്റെ ആഹ്ലാദത്തിന്റെ ക്ഷീണമകറ്റാനെന്നവണ്ണം ഉറങ്ങി എണീറ്റ് കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹരിയവളെ വിളിക്കുന്നത്. പിന്നീട് കോൺഫറൻസ് കോളിൽ ആക്കി എല്ലാവരോടും വിശേഷമൊക്കെ പങ്കുവെച്ചു ക്ഷീണിച്ചു. ഓണത്തിന്റെ തിരക്കിൽ രണ്ടുമൂന്ന് ദിവസം ഫോൺ നോക്കാൻ സമയം കിട്ടിയില്ലാത്തത് കൊണ്ട് തന്നെ ഫേസ്ബുക്കിലും മറ്റും ഓട്ടപ്രദക്ഷിണം നടത്തി. അസയ്മെന്റസ് ഉള്ളത് എഴുതാൻ ഹരിയും കൂടി വരാമെന്ന് പറഞ്ഞതുകൊണ്ട് കുറച്ചുനേരം വാട്സ്ആപ്പ് നോക്കിയിരുന്നു. സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ അവിടെയും ഒന്ന് കയറിയിറങ്ങാൻ തീരുമാനിച്ചു. പതിവില്ലാതെ അനന്തന്റെ സ്റ്റാറ്റസ് കണ്ടതും അതെടുത്തു നോക്കി. ഒരിക്കലും തേടിയെത്തില്ലെന്നു കരുതിയതെല്ലാം നിനച്ചിരിക്കാത്ത നേരത്ത് കൈവരിക എന്നത് അത്‍ഭുതം തന്നെയാണ്. എന്ന ക്യാപ്ഷനോടെ കുറെ ഫോട്ടോസ് കൊളാഷ് ആക്കി ഇട്ടിരിക്കുന്നു.

മാളവിക മിസ്സ് ന്റെ വിവാഹത്തിന്റേതും ചടങ്ങുകളുടേയുമൊക്കെയാണ്. പരിചിതമല്ലാത്ത മുഖങ്ങളായത് കൊണ്ട് തന്നെ കാര്യമായി ശ്രദ്ധിക്കാൻ പോയില്ല. എന്നാൽ അനന്തന് തൊട്ടടുത്ത് ഒരുവശം ചേർന്ന് നിൽക്കുന്ന മാളവികയും മറുവശം ചേർന്നു നിൽക്കുന്നയാളെ എവിടെയോ കണ്ടുമറന്ന മുഖമായി തോന്നിയവൾക്ക്. പെട്ടന്നാണ് ഹരി വന്നവളുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചത്. എന്താണ് വസു.. നീ ഇതിനകത്ത് സൂക്ഷ്മപരിശോധന നടത്തുന്നത്. ഞാൻ വന്നിട്ടൊന്നു ശ്രദ്ധിച്ചത് പോലുമില്ലല്ലോ.? ഹരി പരിഭവം പറഞ്ഞു. ഏയ് ഞാൻ കണ്ടില്ലെന്നേ… ഞാൻ നന്ദൻ സർ സ്റ്റാറ്റസ് വെച്ചിരുന്നത് നോക്കിയതാണ്. മാളവിക മിസ്സിന്റെ വിവാഹത്തിന്റേതാണ്. അതിൽ ഒരാളെ എവിടെയോ കണ്ടത് പോലെ. എവിടെ നോക്കട്ടെ.. ഹരിയും ഫോൺ വാങ്ങി നോക്കി. ശ്ശെ.. ഔട്ട് ഡേറ്റഡ് ആയി പോയെന്ന് തോന്നുന്നു. കാണുന്നില്ല. നീ ഇങ്ങനെ കുത്തിയിരുന്നാലോചിക്കേണ്ട കാര്യമൊന്നുമില്ല വസു.

നമുക്ക് ഇടക്കൊക്കെ അങ്ങനെ തോന്നുമല്ലോ ചിലരെ കാണുമ്പോൾ എവിടെയൊക്കെയോ കണ്ടത് പോലെ. ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു. നീ പറഞ്ഞതും ശരി തന്നെയാണ്. വസു ഹരിയോട് അനുകൂലിക്കുന്നെന്ന പോലെ പറഞ്ഞു വെച്ചു. ചിലപ്പോൾ അന്ന് മാളിൽ അവരുടെ ഫ്രണ്ട്സിനെ കണ്ടില്ലേ അതിൽ ആരെങ്കിലുമാകും. നീ അത് വിടൂ. വേഗം പരിപാടി അവസാനിപ്പിച്ചു ചെല്ലണം. കണ്ണേട്ടൻ ഇവിടെയുണ്ട്. ഹാം.. ഞാൻ ജസ്റ്റ് ആലോചിച്ചതാണ്. എനിക്ക് നമ്മടെ ആരുടെയോ മുഖഛായ തോന്നിയതാവും. വസുവും ചിന്തകൾ തിരുത്തികുറിച്ചുകൊണ്ട് എഴുതാൻ തിരിഞ്ഞു… എഴുത്തവസാനിപ്പിച്ചു ഹരി പോയതും വെറുതെ എഴുതിയും കുറിച്ചും വസു സമയത്തെ കൊന്നുകൊണ്ടിരുന്നു.

വരാനുള്ള രണ്ടുദിവസങ്ങൾ വേഗം തന്നെ കഴിയണേ എന്ന പ്രാർത്ഥനയോടെ അവൾ തെളിമാനം നോക്കി നിന്നു. അവളുടെ അതേ പ്രാർത്ഥനയോടെ മറ്റൊരാളും ആകാശത്തിൽ കണ്ണുനട്ടിരിക്കുന്നുണ്ടായിരുന്നു. രണ്ടുപേരുടെയും പ്രാർത്ഥന കേട്ടെന്ന പോലെ ആ ഒറ്റ നക്ഷത്രം കണ്ണുചിമ്മി ചന്ദ്രനെ നോക്കി..

ചെമ്പകം പൂക്കും… കാത്തിരിക്കാം ❤️ അഷിത കൃഷ്ണ (മിഥ്യ )

കഴിഞ്ഞ ഭാഗത്തു ഞാൻ നൊങ്ക് എന്ന് സൂചിപ്പിച്ചത് പനയുടെതേങ്ങയെ കുറിച്ചാണ്. ഞങ്ങളിവിടെ പറയുന്ന പേരാണ് എഴുതിയെക്കുന്നത്. സൂപ്പർ നൈസ് വെയ്റ്റിംഗ് ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആയിട്ടുണ്ട്😜😜🙄 അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ ചിന്തകൾ എല്ലാം എനിക്കായി രണ്ടുവരിയിൽ (കൂടിയാലും കുഴപ്പമില്ല ) കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13