Saturday, January 18, 2025
Novel

ചാരുലത : ഭാഗം 7

നോവൽ
എഴുത്തുകാരി: തമസാ

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഞങ്ങൾ നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു …
ഒരുപാട് തവണ ചിരിച്ചുല്ലസിച്ചു നടന്ന ഇടം..
ഭാവി ജീവിതത്തെ കുറിച്ച് അവൾ സ്വപ്‌നങ്ങൾ പങ്കുവെച്ച ഇടം.

എന്റെ കുടിലതകൾക്ക് മുന്നിൽ കണ്ണടച്ച മണൽ തരികളുടെ കേളീ സ്ഥലം..

കാറിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ ചെന്ന് കയ്യിൽ പിടിച്ചു..

മുൻ സീറ്റിൽ നിന്ന് ആയാസപ്പെട്ട് അവളിറങ്ങി.. മെല്ലെ എന്നെ നോക്കി ഒന്ന് ചിരിച്ചു..

സംഗീതും നവീനും ഓൾറെഡി എത്തിക്കഴിഞ്ഞിരുന്നു..

ഞങ്ങളുടെ അടുത്തേക്ക് വന്ന് അവളെ സ്നേഹം കൊണ്ട് പൊതിയുന്നുണ്ടായിരുന്നു…

വാവച്ചീ എന്നൊക്കെ പറഞ്ഞു വയറിൽ തൊട്ടു നോക്കുന്നുണ്ട് രണ്ടും ..

നവി ആണെങ്കിൽ മാമന്റെ മുത്തേ എന്നൊക്കെ വിളിച്ച് ഏതാണ്ടൊക്കെ പറയുന്നുണ്ട്…
എനിക്കാണെങ്കിൽ അസൂയ പെരുത്ത് വന്നു..

ആ വയറ്റിൽ കിടക്കുന്ന വിത്ത് മുളപ്പിച്ചത് ഞാൻ ആണെന്ന് പറയണം എന്നുണ്ടായിരുന്നു..

എനിക്ക് നേരെ ചൊവ്വേ എന്റെ കൊച്ചിന്റെ ചവിട്ടും കുത്തും അറിയാൻ പറ്റിയിട്ടില്ല…

മനസമാധാനത്തോടെ ഒന്ന് തൊട്ട് നോക്കാൻ പറ്റിയിട്ടില്ല…

അവർക്ക് അതിനൊക്കെ പറ്റുന്നു.. പിന്നെ അവരുടെ മുൻപിൽ വെച്ച് അവൾ വല്ലതും പറഞ്ഞാൽ അതെനിക്ക് നാണക്കേടല്ലേ.. അതുകൊണ്ട് എല്ലാം കേട്ടും കണ്ടും നിന്നു..

ചിലപ്പോൾ എന്നേക്കാൾ അവകാശം അവർക്ക് തന്നെ ആയിരിക്കും..

എന്റെ കുഞ്ഞുവാവയെ ആദ്യമായിട്ട് ഊട്ടിയതും ഞാൻ നിഷ്ക്കരുണം തള്ളിപ്പറഞ്ഞപ്പോൾ ചേർത്ത് നിർത്തിയതും അവരല്ലേ.. സ്നേഹിക്കട്ടെ… പരിസരം മറന്നുള്ള ആഘോഷമാണ്..

ചുറ്റുമുള്ളവർ ഇതൊക്കെ ആദ്യമായിട്ടാണോ ഒരാൾക്ക് വരുന്നത് എന്നുള്ള അർത്ഥത്തിൽ നോക്കുന്നുണ്ട്… ആര് മൈൻഡ് ചെയ്യാൻ..

ആനും ഗ്രീഷ്മയും എല്ലാം കണ്ടു നിന്ന് ചിരിക്കുവാണ്…

” നന്ദൂ സോറി ഡാ നിന്റെ കാര്യം പെട്ടെന്ന് ഓർത്തില്ല ഡാ, ഇവളെ കണ്ടപ്പോൾ നിന്നെ പറ്റി ഓർത്തില്ല.. “( നവി )

” കുഴപ്പമില്ല ഡാ.. ഞാനും ഇതൊക്കെ കണ്ട് ആസ്വദിക്കുകയായിരുന്നു….

എന്നും സങ്കടം ആയിരുന്നില്ലേ ചാരുവിനെ കാണണം ഒരിക്കൽ കൂടി എന്നൊക്കെ പറഞ്ഞ്…

ഇപ്പോൾ ആശ്വാസമായോ രണ്ട് ആങ്ങളമാർക്കും? ”

” ഒരുപാട് ഡാ… ഒത്തിരി… പറഞ്ഞറിയിക്കാൻ പറ്റില്ല…

അന്ന് അവിടെ കൊണ്ടുവിടുമ്പോൾ ഉള്ള ഇവളുടെ അവസ്ഥ ഓർത്തു നീറി നീറി ആണ് ഇത്ര നാൾ കഴിഞ്ഞത്..

ഇപ്പോൾ ഈ കുഞ്ഞിപ്പോഴും ഉണ്ടെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു ഫീൽ ഡാ… ” (സംഗീത് )

“ഹോസ്പിറ്റലിൽ പോയിട്ട് കുഴപ്പൊന്നും ഇല്ലല്ലോ അല്ലേ.. ഗ്രീഷ്മ വിളിച്ചു പറഞ്ഞിരുന്നു നിങ്ങൾ പോവുന്ന കാര്യം..

കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ.. നമ്മുടെ വാവച്ചി കുട്ടി സുഖമായിട്ടല്ലേ ഇരിക്കുന്നത്.. ”

നവി അത്രയും ചോദിച്ചപ്പോഴേക്കും ഞാൻ അവനേ കെട്ടിപ്പിടിച്ചു കരഞ്ഞു.. ആരോടും മനസ് തുറക്കാൻ പറ്റാതെ പോവുന്ന ഒരു അച്ഛന്റെ ഹൃദയ വ്യഥ…

” എന്താടാ… എന്തിനാ കരയുന്നത്? ”

” നവി ചേട്ടായീ, ഒരു കുഴപ്പവും ഇല്ല നമ്മുടെ വാവച്ചിക്ക്.. സ്കാൻ ചെയ്യാൻ കേറിയപ്പോൾ തൊട്ട് നന്ദന്റെ മുഖം കരയാൻ പാകത്തിനാണ്..

വല്ല ഗവണ്മെന്റ് ആശുപത്രിയും കണ്ടാൽ കലക്കി കളഞ്ഞേരെ എന്ന് പറഞ്ഞു കാശും തന്നു വിട്ട ആളാണ്‌ രണ്ടു ദിവസമായി എന്റെ കൊച്ച്.. കുഞ്ഞ്.. മോള് എന്നൊക്കെ പറഞ്ഞു കരയുന്നത്.. ”

അതും പറഞ്ഞ് അവളെന്നെ നോക്കി പുച്ഛം നിറഞ്ഞൊരു ചിരി ചിരിച്ചു..

” ചാരൂ കഴിഞ്ഞത് കഴിഞ്ഞു.. അവൻ നമ്മുടെ വാവയുടെ അച്ഛൻ അല്ലേ.. അവന് പറ്റിയൊരു തെറ്റ്… അതിനവൻ ഈ രണ്ടു ദിവസം കൊണ്ട് തന്നെ അനുഭവിച്ചു കാണും..

കഴിഞ്ഞതൊക്കെ മറക്കുന്നതല്ലേ നമുക്ക് നല്ലത്..

ഞങ്ങളുടെ കൂടെ വരുവാണെങ്കിൽ നീ അവന്റെ കയ്യിൽ പിടിച്ചു തന്നെ ആകണം വരേണ്ടത്… അല്ലെങ്കിൽ നമുക്കിപ്പോൾ തന്നെ തിരിച്ചു പോകാം.. ”

കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ അടുത്ത് വന്ന് നിന്നു.. എന്റെ കൈകളിൽ കോർത്തു പിടിച്ചു..

“നടക്കാം ”

അത്രമാത്രം.. എല്ലാവരും കൂടി വീണ്ടും തിരയെ തേടി എത്തി.. വൈകുന്നേരം ആയതിനാൽ ഒരുപാട് പ്രണയ ജോടികൾ ഉണ്ടായിരുന്നു… പ്രായഭേദമന്യേ…

എല്ലാവരും ഒരുമിച്ച് ഒരിടത്തിരുന്നു…

” സംഗീത് ചേട്ടായീ എനിക്ക് ഷാപ്പിലെ കപ്പയും ചിക്കനും വാങ്ങി തരുമോ? ”

പെട്ടന്നായിരുന്നു ആ ചോദ്യം..

എന്നെ പൂർണമായി അവഗണിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം.. എനിക്കതൊന്നും താങ്ങാൻ പറ്റുന്നില്ലായിരുന്നു…

” വിശക്കുന്നുണ്ടോ ചാരൂ…അവൾക്കൊന്നും വാങ്ങി കൊടുക്കാതെ ആണോ ഗ്രീഷ്മേ നിങ്ങൾ ഇങ്ങോട്ട് വന്നത്.. ”

നവീൻ പെട്ടെന്ന് ചൂടായി..

” എന്റെ നവി ചേട്ടായീ .. അവള് വല്ല കൊതിയും കൊണ്ട് പറഞ്ഞതാവും.. വീട്ടിൽ നിന്ന് ചോറും കറിയും മസാലദോശയും ഒക്കെ കഴിപ്പിച്ചിട്ടല്ലേ ഞങ്ങൾ ഇവളെ കൊണ്ടുവന്നത്….ഇത് കൊതിയാണ്.. ” (ആൻ )

” ഇപ്പോൾ വേണോ.. മേടിച്ചു കൊണ്ട് വരാം.. അപ്പുറത്തെ കടപ്പുറം ഷാപ്പിൽ നിന്ന് വാങ്ങാം.. നമുക്ക് അവിടെ നിന്ന് കഴിച്ചിട്ട് വരാം.. നിങ്ങളും പോരേ ”

അതും പറഞ്ഞ് സംഗിയും നവിയും അവളുമാരെയും കൊണ്ട് പോയി.. ഞങ്ങളെ ഒറ്റയ്ക്കിരുത്താൻ വേണ്ടി ആവും… അവർക്കറിയില്ലല്ലോ ഇവൾക്കെന്നോടൊന്നും മിണ്ടാനില്ലെന്ന്…

ഞാനാ മണലിലേക്ക് കിടന്നു.. രണ്ടു കയ്യും മടക്കി അതിൽ തല വെച്ച്…

” ചാരൂ… ”

മറുപടിയില്ല…

” തെറ്റ് ചെയ്തു ചാരൂ ഞാൻ… അതിന് മാപ്പ് പറഞ്ഞില്ലേ ഞാൻ.. ഈ അവഗണന താങ്ങാൻ എന്റെ നെഞ്ചിനു കഴിവില്ല ചാരൂ..

നിന്നെയും കുഞ്ഞിനേയും കൂടെ കൂട്ടി ഒരു ജീവിതം സ്വപ്നം കാണുകയാണ് ഞാനിപ്പോൾ.. നഷ്ടപ്പെടുമെന്ന് തോന്നിയാൽ പിന്നെ നിന്റെ നന്ദൻ ഇല്ല..

എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ കാശ് വെച്ചുനീട്ടിയ പാപിയാണ് ഞാൻ..

പക്ഷേ അതൊക്കെ മറന്ന് എന്റെ കുഞ്ഞിന്റെ തുടിപ്പ് അറിഞ്ഞു നിന്നോടൊന്ന് ചേർന്നിരിക്കാൻ എന്റെ മനസ് എത്ര കൊതിക്കുന്നുണ്ടെന്ന് നിനക്കറിയുമോ…

എന്റെ കുഞ്ഞിനെ ഗർഭത്തിൽ ചുമക്കുന്നവളെ, അവളുടെ കൊതിയ്ക്കനുസരിച്ച് ഊട്ടാൻ ഉള്ള അവകാശം പോലും നീ നിഷേധിക്കുമ്പോൾ ഉള്ളിൽ മരിക്കുവാണ് ഞാൻ..

ഇനിയും എന്നെ സ്നേഹിക്കാൻ പറ്റില്ലെങ്കിൽ നിനക്ക് പോവാം എണീറ്റ്.. ദാ കാറിന്റെ കീ
..പക്ഷേ നന്ദു വരില്ല…

ഈ കടലിന്റെ അടിത്തട്ടിലേക്ക് മറഞ്ഞിട്ടുണ്ടാവും ഞാൻ.. നിനക്ക് സന്തോഷം ആവട്ടെ…..എന്റെ കുഞ്ഞിനെ എന്നിൽ നിന്നകറ്റല്ലേ ചാരൂ… പൊള്ളിപ്പിടയുകയാണ് എന്റെ ഉള്ളം..

മണൽ തരികളെ പുൽകി എന്റെ കണ്ണുനീർ താഴേക്ക് ഇറ്റിറ്റു വീണു… കണ്ണൊന്നടച്ചു തുറന്ന് നോക്കിയപ്പോൾ അവൾ അടുത്തില്ല..

എണീറ്റ് നോക്കിയപ്പോൾ വെള്ളത്തിലിറങ്ങി നിൽക്കുന്നുണ്ട്…

പുറകെ ചെന്ന് തോളിൽ കൈ പിടിച്ച് അവളെ എന്റെ നേർക്ക് തിരിച്ചു..

ആ കണ്ണുകളും നിറഞ്ഞിട്ടുണ്ട്..

” നന്ദാ എന്നെക്കൊണ്ട് പറ്റണില്ല എല്ലാം മറന്ന് നിന്നെ സ്നേഹിക്കാൻ.. ഞാൻ നീന്തിയ കണ്ണീർ കടൽ.. നിന്നെ ഒന്ന് കാണാൻ ഞാൻ കൊതിച്ചിട്ടുണ്ട്… കൊതിയ്ക്കനുസരിച്ചൊന്ന് കഴിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്..

കഴിച്ചതെല്ലാം ഛർദിച്ച് അവശയാകുമ്പോൾ നീ വന്നൊന്നു കൂടെ നിന്നെങ്കിൽ എന്ന് ആയിരം വട്ടം നിനച്ചിട്ടുണ്ട് ഞാൻ..

എന്റെ കുഞ്ഞിന്റെ ആദ്യ ചലനം അറിഞ്ഞപ്പോൾ നിന്റെ കൈച്ചൂടറിയിച്ച് നിന്റെ അച്ഛൻ ആണ് ഡാ എന്ന് പറയാൻ ഏതൊരു പെണ്ണിനെയും പോലെ ഞാനും കൊതിച്ചിട്ടുണ്ട്..

അതൊന്നും കിട്ടാതെ വന്നപ്പോൾ.. എന്റെ കുഞ്ഞിന്റെ വളർച്ചയ്ക്ക് വേണ്ടതൊന്നും കൊടുക്കാൻ പറ്റാതെ വന്നപ്പോൾ…

നാളെ എന്റെ കുഞ്ഞിനെ എല്ലാരും പിഴച്ചു പിറന്നതെന്ന് പറഞ്ഞു മാറ്റി നിർത്തുന്നത് സങ്കൽപ്പിച്ചപ്പോൾ വെറുക്കാതിരിക്കാൻ പറ്റിയില്ല നന്ദാ എനിക്ക്..

ഞാനും ഒരു അമ്മയല്ലേ… പിറന്നു വീണിട്ടില്ലെങ്കിലും മനസ് കൊണ്ട് അവനേ നൂറാവർത്തി നെഞ്ചോട് ചേർത്ത് പിടിച്ചുമ്മകൾ കൊണ്ട് മൂടുന്നോരമ്മ..

ആ ഞാൻ എങ്ങനെയാ എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ പറഞ്ഞതൊക്കെ മറക്കുന്നത്… ”

വിതുമ്പി കരയുന്ന അവളെ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് നിർത്തി, ഒരു കൈ കൊണ്ട് ഞങ്ങളുടെ കുഞ്ഞിനേയും..

” പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നറിയാം… ക്ഷമിക്കില്ലേ നീ എന്നോട്… നിനക്ക് സമയം വേണം എന്നുമറിയാം.. പക്ഷേ എന്റെ കുഞ്ഞിൽ നിന്ന് നീയെന്നെ അകറ്റരുത്… കാലു പിടിക്കാം ഞാൻ… ”

അവളൊന്നും മിണ്ടാതെ എന്നിൽ നിന്നും അടർന്നു മാറി…

” പോവാം നമുക്ക്.. പറ്റുന്നില്ല ഈ നിൽപ്പ് ”

കാറിന്റെ അടുത്ത് ചെന്നപ്പോൾ അവരും എത്തിയിട്ടുണ്ട്.. നവീൻ കാർ ഓടിക്കാമെന്ന് പറഞ്ഞു.. അവളും ഞാനും ബാക്കിലും ഗ്രീഷ്മ ഫ്രന്റിലും കേറി.. ആൻ സംഗിയ്ക്ക് ഒപ്പം ബൈക്കിലും …

അവളെന്നോട് ചേർന്നിരുന്നു.. ക്ഷമിക്കാൻ മനസിനെ പാകപ്പെടുത്തുകയാവാം..

രാത്രിയിലേക്ക് കഴിക്കാനുള്ളതും എന്റെ ATM കാർഡും കയ്യിൽ വെച്ച് കൊടുത്തു… വേണ്ടെന്ന് അവളൊരുപാട് പറഞ്ഞു… നിർബന്ധിച്ചേൽപ്പിച്ചു…

” നാളെ ഞാൻ ജോയിൻ ചെയ്യുകയാണ് ചാരൂ.. കാശില്ലാതെ പറ്റില്ല… ചിലവ് ഇരട്ടിക്കുവല്ലേ.. പിന്നെ ഇന്നലെ നിന്നോട് ഞാൻ കള്ളം പറഞ്ഞതാണ് ഉരുൾ പൊട്ടലിന്റെ കാര്യം..

ടി വി വെച്ച് നോക്കിയാൽ ഞാൻ പറഞ്ഞത് കള്ളമാണെന്ന് നിനക്ക് മനസിലാവുന്നോർത്ത് അത് ഞാൻ വിലക്കിയിരുന്നു…

ഒരു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്താതെ ഞാൻ തന്നെ സത്യം പറയണമെന്ന് ആഗ്രഹിച്ചു.. . വേറൊരു വഴിയും എന്റെ മുന്നിൽ തെളിഞ്ഞില്ല..

നിന്റെ നല്ലതിന് വേണ്ടി മാത്രമേ ചെയ്തിട്ടുള്ളു.. രാവിലെ സ്കൂളിൽ അന്നമ്മ ടീച്ചറെ വിളിച്ചു പറഞ്ഞു നിന്നെ കൊണ്ട് വന്ന കാര്യം.. അവർക്കും സന്തോഷമാണ്..

ക്ഷമിക്കുമ്പോൾ നീ ഇതും കൂടി ചേർത്ത് ക്ഷമിച്ചേരെ.. പോട്ടെ.. നാളെ വൈകിട്ട് വരാം..

ഗ്രീഷ്മ ഫോൺ തരും നാളെ.. അവര് കോളേജിൽ പോയി കഴിയുമ്പോൾ എന്തെങ്കിലും തോന്നിയാൽ അപ്പോൾ തന്നെ വിളിക്കണം…

ഭക്ഷണം കഴിക്കണം… കുഞ്ഞിന് ചെറിയ വളർച്ചക്കുറവുണ്ടെന്ന് പറഞ്ഞിരുന്നു.. പേടിക്കാനൊന്നുമില്ല.. എന്നാലും… ”

അവളെല്ലാം തലയാട്ടി കേട്ടു.. പിന്നെയും എന്തൊക്കെയോ പറയാൻ ഉള്ള പോലെ.. പിന്നെ യാത്ര പറഞ്ഞില്ല… ഒരു ചിരിയും ഏറ്റുവാങ്ങി ഇറങ്ങി, നവിയ്‌ക്കൊപ്പം..

പിണക്കങ്ങൾ എല്ലാം മറന്ന് ഞങ്ങൾ ആഘോഷിക്കുകയായിരുന്നു….

ജോലി കഴിഞ്ഞാൽ ഓടി ചെല്ലും അവളെ കാണാൻ…

ഒഴിവ് ദിവസങ്ങളിൽ അവളെയും കൊണ്ട് യാത്ര പോവും.. കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ വരെ സാധിച്ചുകൊടുക്കുമ്പോൾ ആ മുഖം വിടരുന്നത് കാണാൻ എന്ത് രസമാണെന്നോ..

അടുത്ത തവണ ഡോക്ടറെ കണ്ടപ്പോൾ അവർക്ക് അത്ഭുതം ആയിരുന്നു അവളുടെ മാറ്റം.. മുഖമെല്ലാം ഒന്ന് തിളങ്ങിയിരുന്നു.. നിറവും വെച്ചു…

കുഞ്ഞൂസ് അമ്മയ്ക്ക് സ്ഥിരം കാൽ വേദനയും കൊടുത്തു സുഖമായിട്ട് കിടപ്പാണല്ലോ പിന്നെ… ഇപ്പോൾ ഞാൻ അടുത്ത് ചെന്ന് പാട്ട് പാടുമ്പോളൊക്കെ അനങ്ങും…

നിർവൃതി……..

എന്നിലെ അച്ഛന്റെ വിജയം….

ഞങ്ങൾ ആറു പേരും ഇപ്പോഴും ആ കടൽ തീരത്ത് കൂടാറുണ്ട്.. അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ഇടമായതിനാൽ ഈ വരവ് അവൾക്കൊരു റിലാക്സേഷൻ ആണ്…

” നന്ദൂ, കുഞ്ഞിനെന്താ പേരിടുക? ”

“ജനിച്ചിട്ട് പറഞ്ഞാൽ പോരേ നവീ.. ”

എന്തോ… ഇടയ്ക്ക് ഇടയ്ക്ക് ഒരുപാട് സന്തോഷങ്ങൾക്കിടയിലും ഒരു പേടി എന്നെ തേടി വരും..

പറയ്‌ ഡാ….

സംഗിയും നിർബന്ധിച്ചു..

” പരീക്ഷിത്ത് ”

പെട്ടന്നായിരുന്നു അവളുടെ ഉത്തരം…

” അതെന്താ ഒരു വെറൈറ്റി പേര്.. പിന്നെ ആൺകുട്ടി ആണെന്ന് ഉറപ്പില്ലല്ലോ… “( ആൻ )

” അറിയില്ല.. പക്ഷേ ആൺകുട്ടി ആണെങ്കിൽ ഈ പേരേ ഇടുകയുള്ളു.. പെൺകുഞ്ഞാണെങ്കിൽ നന്ദൻ ഇട്ടോളും.. ”

” എന്താ അതിന്റെ അർത്ഥം ” (ഗ്രീഷ്മ)


💢 പരീക്ഷിത്ത്….പരീക്ഷണങ്ങളെ അതിജീവിച്ചു പിറവിയെടുത്തവൻ…
അഭിമന്യുവിന്റെയും ഉത്തരയുടെയും മകൻ…

അച്ഛന്റെ ചൂടറിയാതെ പിറന്നവൻ..

അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്താൽ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ വെച്ച് തന്നെ കൂമ്പി അടഞ്ഞിട്ടും കൃഷ്ണപാണികളാൽ പുനർജീവനെടുത്ത പരീക്ഷിത്ത്…

വരും കാലത്തെ നേർവഴിക്കു നയിക്കാൻ മാധവൻ അനുഗ്രഹിച്ച പരീക്ഷിത്ത്.. 💢

എന്റെ മകൻ പരീക്ഷിത്ത് ആണ്…

ഇന്നിന്റെ പാപക്കറ മനസിലോ ശരീരത്തിലോ ഏറ്റുവാങ്ങാതെ പുതിയൊരു ലോകം സൃഷ്ടിക്കുന്ന മനുഷ്യൻ….

എന്റെ കുഞ്ഞിന്റെ കൈകൾ അശുദ്ധമാവില്ല….

ചുറ്റുമുള്ളവരെ സംരക്ഷിക്കുന്നവൻ മാത്രമായിരിക്കും എന്റെ മകൻ… അത് മാത്രം മതി എനിക്ക്…

(തുടരും )

ചാരുലത : ഭാഗം 1

ചാരുലത : ഭാഗം 2

ചാരുലത : ഭാഗം 3

ചാരുലത : ഭാഗം 4

ചാരുലത : ഭാഗം 5

ചാരുലത : ഭാഗം 6