Wednesday, October 30, 2024
Novel

ചാരുലത : ഭാഗം 4

നോവൽ
എഴുത്തുകാരി: തമസാ

“ഇല്ല… ഒരിക്കലും വരില്ല.. ചാരുവിന് കഴിയില്ല അതിന്.. നീ എന്നെ ഇനിയും ചതിക്കില്ലെന്ന് എനിക്ക് എന്താ ഉറപ്പ്.. അന്ന് അച്ഛനെ കാണാൻ പോവാം എന്ന് പറഞ്ഞു കൂടെ കൊണ്ട് പോയി എന്നെ ചതിച്ചവനല്ലേ നീ.. ഞാൻ ഇവിടെ ഉണ്ടെന്നറിഞ്ഞ് നീ മനപ്പൂർവം വന്നതാണെങ്കിലോ….

നിന്റെ ജീവിതത്തിലേക്ക് ഞാനും എന്റെ കുഞ്ഞും ഒരിക്കലും കേറി വരാതിരിക്കാനായി ഞങ്ങളെ ഒരുമിച്ച് ഇല്ലാതാക്കാൻ ആയിട്ട് വന്നതാണെങ്കിലോ…
ഇല്ല… ഇനിയും വിഡ്ഢി ആവാൻ ചാരുവിന് വയ്യ നന്ദാ.. ”

ഇരിക്കുന്ന പാറപ്പുറത്തു തന്നെ തല തല്ലി മരിച്ചാലോ ഭഗവാനെ എന്ന് മനസ്സിലോർത്തു.. കണ്ണുകൾ നിറഞ്ഞു.. ബാഷ്പങ്ങളായ് അവ മടിയിലേക്ക് വീണു കൊണ്ടിരുന്നു..

” ആർക്ക് വേണ്ടിയാ കരയുന്നത്…നന്ദന്റെ ആരെങ്കിലും മരിച്ചോ?…. അതിന് മാത്രം ഒന്നും നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ നന്ദാ ”

അത്രയും എന്നോട് പറഞ്ഞിട്ട് അവൾ നെഞ്ചോപ്പം വെള്ളത്തിലേക്ക് ഇറങ്ങി നിന്നു..

“ചാരൂ .. നീ ചോദിച്ചില്ലേ ആരെങ്കിലും മരിച്ചോ എന്ന്… നിന്റെ ഓരോ വാക്കുകളിലും മരിച്ചു വെണ്ണീറായികൊണ്ടിരിക്കുന്ന ഒരു ആത്മാവ് ഉണ്ട് ഈ ശരീരത്തിനുള്ളിൽ..

മാപ്പ് പറഞ്ഞില്ലേ നിന്നോട് ഞാൻ.. കൂടെ കൂട്ടാം എന്ന് ആത്മാർഥമായി തന്നെ പറഞ്ഞില്ലേ… ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാ….. നിന്നെ വിശ്വസിപ്പിക്കേണ്ടതെന്ന് എങ്കിലും നീ എനിക്ക് പറഞ്ഞു താ ”

” ഒരു മാപ്പിൽ ഒതുക്കേണ്ടവ ആണോ നീ എനിക്ക് സമ്മാനിച്ചതെന്ന് ചിന്തിക്കാൻ വേണ്ടി ഞാൻ നിനക്കൊരു വഴി പറഞ്ഞു തരാം..

അവസാനം നീ എന്നെ കണ്ട ദിവസം മാത്രമൊന്ന് നീ ഓർത്തു നോക്ക്… അത് മാത്രം മതി നിന്നിലേക്ക് ഇനി ഒരിക്കലും എനിക്ക് മടങ്ങി വരാതിരിക്കാൻ ”

മുഖം വെള്ളത്തിനടിയിലേക്ക് ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു നിർത്തി.. ഞാനും ഓർക്കാൻ ശ്രമിച്ചു ആ ദിവസം..

👣👣👣👣👣👣👣👣👣👣👣👣👣👣👣

ബി.കോം പൂർത്തിയാക്കി രണ്ട് വർഷം വീട്ടിലിരുന്നപ്പോൾ കൂടെ കൂടിയ ചങ്ങാതി ആയിരുന്നു ഒരു നിക്കോൺ ക്യാമറ.. അവസാന സെമെസ്റ്ററിൽ 3 സപ്ലി ഉണ്ടായിരുന്നത് കൊണ്ട് ക്ലിയർ ചെയ്തെടുക്കാൻ 2 വർഷങ്ങൾ വേണ്ടി വന്നു.

പഠിക്കാൻ അറിയാൻ വയ്യാഞ്ഞിട്ടല്ല.. പുറത്ത് നിന്ന് കൂട്ടുകെട്ടുകൾ ഇത്തിരി അതികം കൂടുതലായിരുന്നു.. പിന്നെ അതിനും നവിയും സംഗിയും കൂട്ടുണ്ടായിരുന്നു.. ഡിഗ്രിക്ക് എനിക്ക് കിട്ടിയ എന്റെ രണ്ട് ചങ്കുകൾ…

എന്റെ എം. കോം പിജി ക്ലാസുകൾ തീർന്നു.. ഇനി എക്സാം മാത്രമേ ബാക്കി ഉള്ളൂ.. സോ ഞാൻ അതികം ക്ലാസ്സിൽ പോകാറുണ്ടായിരുന്നില്ല..

പിന്നെ അന്ന് ആ ഹോട്ടലിൽ നിന്ന് അവളെ തിരിച്ചു ഗ്രീഷ്മയുടെയൊക്കെ അടുത്ത് കൊണ്ട് വിട്ടതിൽ പിന്നെ ഞാൻ അവളെ അതികം വിളിക്കാറുണ്ടായിരുന്നില്ല… പതിയെ പതിയെ ഉള്ള ഒഴിഞ്ഞുമാറൽ.. പക്ഷേ വിളിക്കും..

ഒറ്റയടിക്ക് പോന്നാൽ അവൾക്ക് മനസിലാവുമല്ലോ.. തിരക്കായത് കൊണ്ടല്ലേ എന്ന് അവളോട് പറഞ്ഞ് ദിവസങ്ങൾ മറികടന്നു കൊണ്ടിരുന്നു ഞാൻ…

പിന്നെയും കുറച്ച് ആഴ്ചകൾക്കു ശേഷം ഞാൻ എന്റെ ക്യാമറയുമായി ഇറങ്ങി, ഒറ്റയ്ക്ക്.. അവന്മാർക്ക് ഇതിൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല…

അങ്ങനെ ഒരു fb പേജിൽ കണ്ട കോട്ടപ്പാറ ഹിൽസിലേക്ക് ഞാൻ യാത്രയായി…തൊടുപുഴയിൽ നിന്നും ഒരു പതിനഞ്ചു കിലോ മീറ്ററുകൾക്ക് അപ്പുറം സ്വർഗ്ഗമെന്ന് തോന്നുന്നൊരിടം…

രാവിലെ 4:30 കഴിഞ്ഞപ്പോഴേക്കും കാടും മേടും കേറി ഞാൻ അവിടെ എത്തി.. കുറച്ച് ബുദ്ധിമുട്ട്… കൂടുതൽ കാഴ്ച… അതായിരുന്നു ആ ട്രിപ്പിന്റെ പ്രത്യേകത .

കോട്ടപ്പാറയിൽ എത്തി നിന്നപ്പോൾ ആണ് പ്രകൃതിക്ക് ഇങ്ങനെയും വിരുന്നൊരുക്കാൻ സാധിക്കും എന്നെനിക്ക് മനസിലായത്..

പാൽക്കടൽ പോൽ ഒഴുകി ഇറങ്ങുന്ന കോട…
ആകാശമാണോ കടലാണോ എന്താണ് മുന്നിൽ എന്ന് തോന്നിപോകുന്നോരവസ്ഥ…ത്രസിപ്പിച്ച കാഴ്ചകൾ… 6:30 കഴിഞ്ഞപ്പോൾ അവിടെ നിന്നും ഇറങ്ങി, കൂടെ ഒരു നൂറു ഫോട്ടോയുമായി..

നേരെ തൃശൂർ ഉള്ള എന്റെ വീട്ടിൽ വന്നു കിടന്നുറങ്ങി.. ക്ഷീണം എല്ലാം മാറി കോളേജിൽ 4 ദിവസം കഴിഞ്ഞ് ചെന്നു..

ഹോസ്റ്റലിൽ ചെന്ന് നവിയെ കണ്ട് ഞാൻ ഒരു മണിക്കൂർ കഴിഞ്ഞ് രണ്ട് പേരും ഹോട്ടൽ ഡ്രീംസിലേക്ക് വരണം എന്ന് പറഞ്ഞിട്ട് നേരെ ചാരുവിനെ പോയി കണ്ടു..

എന്നെ കണ്ടപ്പോൾ അവളോടി വന്നു.. കുറേ എന്തൊക്കെയോ പരാതികൾ പറഞ്ഞു.. ഒരാഴ്ച വിളിക്കാതിരുന്നതിന്റെ പരിഭവങ്ങൾ പറഞ്ഞു..

ഇനിയും നിന്നാൽ പ്രശ്നമാവും എന്ന് തോന്നിയത്കൊണ്ട് അവളെ ബൈക്കിൽ കേറ്റി നേരെ ഒരു പാർക്കിൽ പോയിരുന്നു.. ഐസ് ക്രീം മേടിച്ചു കൊടുത്തു.. കോട്ടപ്പാറയുടെ ഫോട്ടോസ് കാട്ടിക്കൊടുത്തു…

” കൂട്ടുകാര് വല്ലതും പറഞ്ഞോ നന്ദാ നിന്നോട്”

എല്ലാം കേട്ടിരുന്നതിനു ശേഷം അവളെന്നോട് ചോദിച്ചു..

” എന്തോ പറയാനുണ്ടെന്ന് പറഞ്ഞു.. സർപ്രൈസ് ആണത്രേ.. സോ ഞാൻ പറഞ്ഞു ഡ്രീംസിലേക്ക് പോരെ എന്ന്.. എനിക്കും നിന്നോട് കുറച്ച് സംസാരിക്കാനുണ്ടായിരുന്നു..”

” എങ്കിൽ അവരും വരട്ടെ.. ”

അവിടെ പിന്നെ അധിക നേരം ഇരുന്നില്ല.. ഹോട്ടലിലേക്കു ചെന്നു.. അവളോട് നീ ഒന്ന് ഫ്രഷ് ആവെന്ന് പറഞ്ഞിട്ട് അവരെയും കാത്ത് ഞാൻ റൂമിലെ സോഫയിൽ ഇരുന്നു..

കുറച്ച് കഴിഞ്ഞപ്പോഴെക്കും അവര് രണ്ടും വന്നു.. പുറത്തേക്ക് ചാരുവും വന്നു.. എതിർ വശത്തെ സോഫയിൽ അവരും ഇരുന്നു..

പതിയെ എഴുന്നേറ്റ് പോയി വാതിൽ ലോക്ക് ചെയ്തു വന്ന്‌ ചാരുവിനെ എന്റെ ചുമലിനോട് ചേർത്ത് പിടിച്ചു…

പതിയെ അവളെ നോക്കി ഒന്ന് ചിരിച്ചു… അവളും… നാണത്തിൽ കുതിർന്ന് എനിക്ക് ലഭിച്ച അവസാന ചിരി…

” നവീ…ഞാൻ ചാരുവിന്റെ പുറകെ നടന്നപ്പോൾ നിങ്ങൾക്കൊരു വാക്ക് തന്നിരുന്നു… ഒരൊറ്റ തവണത്തേക്ക് മാത്രം ഇവളെ എനിക്ക് മതിയെന്ന്… ദാ അത് കഴിഞ്ഞു..

ഇനി ചാരുവിനെ നന്ദുവിന്‌ വേണ്ട.. പക്ഷേ നന്ദു നിങ്ങൾക്ക് തരാതെ ഒന്നും എടുത്തിട്ടില്ല… പണ്ട് നിങ്ങളോട് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞത് വേണ്ടെന്നാണ്…

പിന്നെ അതേ കുറിച്ച് സംസാരിച്ചിട്ടില്ല നമ്മൾ… ഇപ്പോൾ ചോദിക്കുവാ… നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ വെച്ചോ… എങ്ങനെയും… നിങ്ങളുടെ ഇഷ്ടം… നന്ദു കൂടെ നിൽക്കും.. ”

പറഞ്ഞു നിർത്തിയതും ” നന്ദാ ” എന്നൊരു വിളി ആയിരുന്നു..
അവളുടെ കണ്ണുനീർ ഉരുണ്ട് കൂടി കവിളിണകളെ തട്ടി ഒഴുകി..

” തുറന്ന് പറയാലോ ചാരൂ. ഞാൻ നിന്നെ ഇതുവരെ പ്രണയിച്ചിട്ടില്ല… സ്നേഹിച്ചിട്ടുണ്ട്… കാമിച്ചിട്ടുണ്ട്… നിന്റെയീ ശരീരത്തെ മാത്രം…

ആരും മണത്തു നോക്കി പോലും അശുദ്ധമാക്കാത്ത ഒരു പൂവ് കണ്ടപ്പോൾ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചു.. കിട്ടി… ഇനി നന്ദന് വേണ്ട നിന്നെ…

പിന്നെ എന്റെ കൂട്ടുകാർക്ക് നിന്നെ വേണമെങ്കിൽ അതിനും ഞാൻ കൂടെ നിൽക്കും.. ഇത്രയും നാൾ നിന്നെ നന്ദു ഓരോന്ന് തന്നു പരിപോഷിപ്പിച്ചത് ഇതിനൊക്കെ വേണ്ടി തന്നെയാ.. എന്തേ രണ്ടാളും മിണ്ടാത്തത്….

നന്ദകിഷോറിന് ഒരു വാക്കേ ഉള്ളൂ.. ഇപ്പോൾ പറയാം നിങ്ങൾക്ക്.. ഞാൻ എന്താ ചെയ്യണ്ടത്? ”

ഞാൻ പറഞ്ഞു തീർന്നതും അവിടെ ആകെ നിശബ്ദത ആയിരുന്നു…

റൂമിന്റെ ഒരു മൂലയിൽ ചാരി ഒന്നും മിണ്ടാതെ ചാരു നിൽക്കുന്നുണ്ടായിരുന്നു..

കുറച്ച് കഴിഞ്ഞ് സംഗീത് അവളുടെ അടുത്തേക്ക് എണീറ്റ് ചെന്നു… അവളുടെ തോളത്തു കൈ വെച്ച് മോളേ എന്ന് വിളിച്ചതും സംഗിയെ കെട്ടിപ്പിടിച്ചുകൊണ്ട് ഉറക്കെ അവൾ വാവിട്ട് കരഞ്ഞു…

ഞാൻ ചിരിച്ചുകൊണ്ട് ഡോർ തുറന്ന് പുറത്തേക്ക് പോവാനായി അതിനടുത്തേക്ക് നടന്നു…

” നന്ദൂട്ടാ നിന്റെ കുഞ്ഞിന്റെ അമ്മയെ എങ്ങനെയാ ഞങ്ങൾ വേറൊരു കണ്ണിലൂടെ കാണുന്നത്… ഈ ലോകത്ത് വേറൊരു പെണ്ണും ഇല്ലെങ്കിലും നവിയ്ക്കും സംഗീതിനും നിന്റെ പെണ്ണിനെ വേണ്ടടാ. ”

സംഗീതും ചാരുവും കരയുന്നുണ്ടായിരുന്നു.. നവീൻ മാത്രം ഒന്നും മിണ്ടിയില്ല..

” കുഞ്ഞോ?…. ആരുടെ കുഞ്ഞ്… നിങ്ങളെന്താ ഈ പറയുന്നത്? ”

ഞാൻ തിരിച്ചു വന്ന് അവരോട് ചോദിച്ചു.. നവി ആണ് ഉത്തരം പറഞ്ഞത്..

” കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ചാരുവിന് വയ്യാതെ ആയി… ആനും സംഗിയും കൂടി ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്.. അവൾ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ എന്ത് ആഘോഷമായിരുന്നെന്നോ ഞങ്ങൾക്ക്‌ ..

നിനക്ക് സർപ്രൈസ് തരാമെന്ന് പറഞ്ഞത് അതായിരുന്നു.. പക്ഷേ നീ ഞെട്ടിച്ചു.. ഇതിലും വലിയൊരു സർപ്രൈസ് വേറെ ആർക്കും കൊടുക്കരുതേ നന്ദൂ..

അന്ന് അച്ഛനെ കണ്ടുപിടിച്ചെന്ന് പറഞ്ഞാണ് നീ കൊണ്ടുപോയതെന്ന് ഇവള് പറഞ്ഞപ്പോഴേ എനിക്കും ഇവനും മനസിലായതാ നിന്റെ നമ്പർ ആയിരുന്നു അതെന്ന്.. പക്ഷേ ഇത്ര അധപ്പതിച്ചവനാണ് നീ എന്ന് അറിഞ്ഞില്ല ഞങ്ങൾ..

പിന്നെ നന്ദൂ… എനിക്കോ ഇവനോ നിന്നെപ്പോലെ ഒരു ചെറ്റയാവാൻ പറ്റില്ലല്ലോ.. അങ്ങനെ വേറൊരുത്തിയെ കാണുമ്പോൾ കാമം മൂപ്പിക്കാൻ വേണ്ടി അല്ല അവളുമാരെ ഞങ്ങൾ പ്രേമിച്ചത്… കെട്ടി കൂടെ പൊറുപ്പിച്ചു തന്നെ അവരെ സ്വന്തമാക്കും.. ശ്രമിക്കും അതിനായിട്ട്…

പറ്റിയില്ലെങ്കിൽ വിധിച്ചിട്ടില്ലെന്ന് കരുതും.. അല്ലാതെ വേറൊന്നിനെ തേടി ഒരു ഹോട്ടൽ മുറിയിലേക്കും ഞങ്ങൾ പോവില്ല.. ”

എന്നോട് അങ്ങനെയൊക്കെ പറയുമ്പോൾ നവിയുടെ മുഖത്തു നിറഞ്ഞത് പുച്ഛമായിരുന്നു..

” എടീ തന്തയ്ക്ക് പിറക്കാത്തവളേ… ആറേഴ് വർഷമായി കൂടെ കൊണ്ട് നടന്നവന്മാരാ നിനക്ക് വേണ്ടി എന്നോട് തല്ലു കൂടുന്നത്.. ഇതിന് മാത്രം എന്താടീ എല്ലാവരെയും മയക്കാൻ നീ ചെയുന്നത്…

എന്റെ കുഞ്ഞാണെന്ന് ആര് പറഞ്ഞു… തള്ളയുടെ അല്ലേ മോള്… ആരുടെ എങ്കിലും കൂടെ കിടന്ന് പിഴപ്പിച്ചുണ്ടാക്കിയിട്ട് എന്റെ തലയിൽ കൊണ്ട് വെയ്ക്കാൻ നോക്കുന്നോ…

എന്റെ കൂടെ സുഖമായിട്ട് പൊറുക്കാമെന്ന് കരുതുന്നുണ്ടാകും.. വെറുതെയാ.. കൂട്ടില്ല നിന്നെ എന്റെ ഒപ്പം.. ആണുങ്ങൾ അങ്ങനെ പല കയ്യും കാലും കാണിക്കും.. കുടുംബത്തിൽ പിറന്നവർക്ക് ഒന്നും ഇങ്ങനെ ഒരു ഗർഭവും കിട്ടുന്നില്ലല്ലോ..

നിന്റെ ഗർഭം ചാരി വെക്കാൻ പറ്റിയ ചുമരില്ലെങ്കിൽ കൊണ്ട് പോയി കലക്കി കളയെടീ… ഇത്രയും നാൾ എന്റെ ചിലവിൽ അല്ലായിരുന്നോ.. അത് എന്റെ ഔദാര്യമായിട്ട് കൂട്ടിക്കോ.. പിന്നെ ഇത് വെച്ചോ.. 2000 രൂപയുണ്ട്..

കേരളത്തിന്റെ ഏതറ്റം വരെയും പോയി തിരിച്ചു വരാൻ ഇതുമതി.. ഇടക്ക് ഏതെങ്കിലും ഗവണ്മെന്റ് ആശുപത്രി കണ്ടാൽ ഇതങ്ങു കലക്കി കളഞ്ഞേരെ…

ഇനി എന്റെ മുന്നിൽ വരരുത്… വന്നാൽ… മോളിതു കണ്ടോ… ഹോട്ടൽ അവന്യുവിലെ നൂറ്റി എട്ടാം നമ്പർ മുറിയാ.. ഞാനും നീയും മാത്രം ഉള്ളൂ ഇതിൽ…

ഞാൻ ആണ് നിന്റെ കൊച്ചിന്റെ തന്ത എന്നും പറഞ്ഞു വന്നാൽ……. ഈ വീഡിയോസ് വൈറൽ ആയിട്ട് ഓടി നടക്കും…

ബ്ലർ ചെയ്ത എന്റെ മുഖവും നിന്നെ ഒരു മേക്കപ്പ് പോലും ഇല്ലാതെയും… കാണണോ നിനക്ക് അത്.. ആലോചിച്ചു നോക്ക് ”

ആ മുറി വിട്ടിറങ്ങുന്നതിനു മുൻപ് ഞാൻ കണ്ടു, ചുമരിലൂടെ താഴേക്ക് വീഴുന്ന ചാരുവിനെ. . അവസാന കൂടികാഴ്ച്ച..

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഓർമ്മകൾ ഓളം വെട്ടുകയായിരുന്നില്ല… ഇരമ്പി അടിക്കുകയായിരുന്നു എന്നിൽ…
ഞെട്ടി കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നിൽ ചാരുവില്ല…

“” ചാരൂ “”

ഉറക്കെ വിളിച്ചു.. വെള്ളത്തിൽ മുങ്ങിപ്പോയോ എന്നോർത്ത് ചാടി എണീറ്റു ഞാൻ..

” മുങ്ങിച്ചത്തിട്ടൊന്നുമില്ല നന്ദാ.. ഞാൻ ഡ്രസ്സ്‌ മാറാൻ വേണ്ടി കേറി വന്നതാ ”

തൊട്ടുപുറകിൽ അവൾ വേറെ നൈറ്റിയും ഇട്ട് തല തോർത്തി നില്കുന്നു ….

ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു…
അമ്മയെ കാണാതെ നിന്ന കുഞ്ഞിന്റെ മുൻപിൽ അമ്മ പ്രത്യക്ഷപ്പെട്ട സന്തോഷമായിരുന്നു എനിക്ക്..

” എന്തിനാ നന്ദാ നീ കരയുന്നത്… കണ്മുന്നിൽ നിന്ന് ഒരു നിമിഷം കാണാതായപ്പോൾ നീ കരഞ്ഞില്ലേ.. അതിന്റെ നൂറിരട്ടി കരഞ്ഞിട്ടുണ്ടാകും ഞാൻ..

എന്നും കൂടെ ഉണ്ടാവുമെന്ന് കരുതി മനസും ശരീരവും പങ്കിട്ടു കൊടുത്തവൻ തന്നെ മറ്റുള്ളവരുടെ മുന്നിലേയ്ക്ക് വെച്ച് നീട്ടിയപ്പോൾ എന്റെ നെഞ്ച് എത്ര തകർന്നിട്ടുണ്ടാകുമെന്ന് നീ ആലോചിച്ചു നോക്കിക്കേ.. എന്ത് ചെയ്യണമെന്നറിയില്ല.. കൂട്ടിനാരുമില്ല…

അവിടെ നിന്നാൽ ഇനിയും നീ എന്നെ തകർക്കും എന്ന് തോന്നിയത്കൊണ്ടാ ഞാൻ തിരിച്ചിങ്ങോട്ട് വന്നത്..

പക്ഷേ ഇവിടെയും എനിക്ക് ദുർവിധി തന്നെ ആയിരുന്നു.. എന്നിട്ടും പരാതി പറയുന്നുണ്ടോ നിന്നോട് ഞാൻ..

പറയില്ല ഒരിക്കലും… എത്താക്കൊമ്പത്ത് ആഗ്രഹിച്ചത് ഞാനാ… എന്റെ നിലയും വിലയും നിന്റെ മുന്നിൽ സീറോ ആണെന്ന് അറിഞ്ഞില്ല..

അവിടെ നിന്ന് ആനും ഗ്രീഷ്മയും ചേട്ടായിമാരും ഇവിടെ കൊണ്ടു വിടുമ്പോൾ എന്നെ ഇനി അന്വേഷിച്ചു വരരുതെന്ന് മാത്രേ പറഞ്ഞോളൂ ഞാൻ.. കാരണം ഞാൻ കാരണം ആരും തല്ലിപ്പിരിയുന്നത് കാണാൻ വയ്യായിരുന്നു…

നന്ദൻ ഏറ്റവും തകർന്നു നിൽക്കുന്ന സമയത്ത് നിന്നെ തേടി ചെല്ലണം എന്ന് പറഞ്ഞാ അവരെ ഞാൻ മടക്കിയത്.. അതാവും നന്ദിതയുടെ കാര്യം വന്നപ്പോൾ അവരൊക്കെ ഓടി വന്നത് ”

മെല്ലെ മെല്ലെ എന്റെ മുടിയിഴകൾക്കിടയിലൂടെ അവളെന്നെ തഴുകുന്നുണ്ടായിരുന്നു…

” ഞാൻ ചെയ്ത തെറ്റുകൾ നീ ക്ഷമിച്ചില്ലെങ്കിൽ പിന്നെ എന്തിനാ ചാരൂ എന്നെ ഇങ്ങനെ തലോടി ആശ്വസിപ്പിക്കുന്നത്.. നിനക്ക് പ്രണയമല്ലേ എന്നോട് ഇപ്പോഴും.

എനിക്കറിയാം എന്നെ വെറുക്കാൻ നിനക്കാവില്ലെന്ന്.. തന്റെ മക്കളുടെ അച്ഛനെ വെറുക്കാൻ ഈ ലോകത്ത് ഒരു സ്ത്രീയ്ക്കും പറ്റില്ല ചാരൂ.. അഭിനയിക്കുന്നതല്ലേ നീ എല്ലാം? ”

പ്രതീക്ഷകൾ ഉറ്റി നിൽക്കുന്ന ചോദ്യം…

” ഉത്തരം സിംപിൾ ആണ് നന്ദാ.. ഞാൻ നിന്നെ വെറുത്തിരുന്നു… അത് നീ എന്റെ കുഞ്ഞിന്റെ പിതൃത്വത്തെ തള്ളിപ്പറഞ്ഞപ്പോൾ അല്ല… പഠനം പൂർത്തിയാകാതെ നിൽക്കുന്ന,

കുടുംബത്തിന്റെ മാനം പോകുമല്ലോ എന്ന് വിചാരിക്കുന്ന ഒരാളുടെ അറിവുകേടായി.. നിവൃത്തികേടായി ഞാൻ അതിന് മാപ്പ് തന്നേനെ…..

പക്ഷേ കൂട്ടുകാർക്ക് മുന്നിലേക്ക് നീ എന്നെ ഇട്ടു കൊടുത്തപ്പോൾ…ആ നിമിഷം എന്റെ ഉള്ളിൽ നിന്നോടുള്ള പ്രണയം മരിച്ചു… ഇനി ഒരു തിരിച്ചു വരവില്ലാത്ത മരണം…

പിന്നെ ഇപ്പോൾ നിന്നോട് ഞാൻ കാട്ടുന്നത് പ്രണയമല്ല നന്ദാ.. സ്നേഹം മാത്രം… ഞാൻ ഏറ്റവും കൂടുതൽ നിന്നെ ആഗ്രഹിച്ച സമയത്ത് നീ എന്നെ തനിച്ചാക്കി പോയത് പോലെ….

എന്നെയും കുഞ്ഞിനേയും സ്നേഹിച്ചു സ്നേഹിച്ചു പിരിയാൻ പറ്റാതെ ആവുന്ന ഒരു അവസ്ഥയിൽ നീ നിൽക്കുമ്പോൾ ഞാൻ നിന്നെ തനിച്ചാക്കി പോകും.. ചിലപ്പോൾ എന്റെ കുഞ്ഞും …. നീ അംഗീകരിച്ചല്ലോ…

അപ്പോൾ നമ്മുടെ കുഞ്ഞും… നീ തിരിച്ചു വിളിച്ചാൽ പോലും ഒരിക്കലും മടങ്ങി വരാൻ പറ്റാത്ത ദൂരത്തേക്ക്..

അതാവും ഈ ലോകത്ത് നിനക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ….

💢സ്വന്തമെന്ന് വിശ്വസിച്ച് ഒരിക്കലും കൈവിട്ട് പോവില്ലെന്ന് വിചാരിച്ചു കൊതിയോടെ ചേർത്ത് വെക്കുമ്പോൾ നഷ്ടപ്പെട്ടു പോകുന്ന വേദന 💢

(തുടരും )

ചാരുലത : ഭാഗം 1

ചാരുലത : ഭാഗം 2

ചാരുലത : ഭാഗം 3