Saturday, December 28, 2024
Novel

ബസ് കണ്ടക്ടർ : ഭാഗം 6 : അവസാനിച്ചു

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌


“”ടാ ചെക്കാ നീ ഇന്ന് പോകുന്നില്ലേ..””

“”അമ്മേ ഇന്ന് ഹർത്താൽ ആണ്..””

നാളുകൾക്ക് ശേഷം ഇന്ന് ഒരു ഹർത്താൽ വന്നത് കൊണ്ട് സമാധാനം ആയിട്ട് ഇരിക്കാമെന്ന് വിചാരിച്ചു..

“”അമ്മേ ഞാനിന്ന് രേണുന്റെ അടുത്ത് പോകട്ടെ.. ചേച്ചിയെയും കുഞ്ഞിനേം കാണാൻ..””

“”ആഹ് എങ്കിൽ ഞാനും വരാം..””

“”ചിന്നു മോളും മാളുവും പഠിച്ചോ ട്ടൊ.. ഏട്ടനും അമ്മയും പോയിട്ട് വേഗം വരാം..””

“”ആഹ്..””

അമ്മയെയും കൂട്ടി രേണുവിന്റെ വീട്ടിലേക്ക് ഇറങ്ങി.. ഒരുപാട് നാളായി അവളെ കണ്ടിട്ട്..

രേണുകയുടെ വീട്ടിൽ എത്തും വരെ അമ്മ ഓരോന്ന് പറയുന്നുണ്ട്..

“”എടാ കയ്യും വീശി ആണോ പോകുന്നത് എന്തെങ്കിലും അവൾക്ക് വാങ്ങണ്ടേ..””

“”അതിന് ഇന്ന് ഹർത്താൽ അല്ലെ അമ്മേ..””

“”നേരാ ഞാൻ മറന്നു പോയി..””

അവളുടെ വീടിനു മുമ്പിൽ എത്തി സ്കൂട്ടർ നിർത്തി ഞാനും അമ്മയും ഇറങ്ങി.. വീട്ടിലേക്ക് കയറി രേണുവിനെ വിളിച്ചു അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് അകത്തു കയറി..

“”ഇവിടെ ആരും ഇല്ലേ..””

“”വാതിലിൽ തുറന്നിട്ടത് കണ്ടില്ലേടാ പൊട്ടാ..””

“”അതും നേരാ അല്ലെ അമ്മേ..””

“”രേണു..””

ഞാൻ ഉറക്കെ വിളിച്ചത് കേട്ടപ്പോൾ വീടിന്റെ പിന്നിൽ നിന്നൊരു വിളി കേട്ടു..

“”ആരാ..””

അങ്ങോട്ട് പോയപ്പോൾ അടുക്കള വശത്ത് കിണറ്റിന് അടുത്ത് ഇരുന്നു ചേച്ചിയും അമ്മയും കുഞ്ഞിനെ കുളിപ്പിക്കുന്നുണ്ട്.. രേണു അവിടെ ഇല്ല..

“”അമ്മേ…””

കുഞ്ഞിനെ കാലിൽ കിടത്തി വെള്ളം കൈ കൊണ്ട് മെല്ലെ ഒഴിച്ച് കൊണ്ട് അമ്മ എന്നെ നോക്കി..

“”ആഹാ കിരൺ മോൻ ആയിരുന്നോ.. ഇപ്പോഴാണോ വരുന്നത്..””

ചേച്ചി എന്നെ നോക്കി ആ കണ്ണുകളിൽ ഇന്നും പെയ്യാൻ കാത്തു നിൽക്കുന്ന കാർമേഘം ഒളിഞ്ഞു നിൽപ്പുണ്ട്.. ഗിരി ഏട്ടനെ കുറിച്ച് ഒന്നും പറയാത്തത് ആണ് നല്ലത്.. ഓർമ്മകൾ വീണ്ടും കണ്ണ് നിറയ്ക്കും..

“”ഞങ്ങളെ ഇവിടെ കൊണ്ടു വിട്ടിട്ട് ഇപ്പോഴാ വരുന്നത്..””

ചേച്ചി വാത്സല്യത്തോടെ എന്നോട് പറഞ്ഞു.. ഞാൻ കുഞ്ഞിന്റെ അടുത്ത് ചെന്നു.. മെല്ലെ കയ്യിൽ എടുക്കാൻ നോക്കി..

“”നിക്ക് മോനെ കുളിപ്പിച്ച് കഴിഞ്ഞു എടുക്കാം..””

“”എന്നാ കുഞ്ഞു വാവ വേഗം കുളിച്ചു ട്ടൊ””

അമ്മ കുഞ്ഞിനെ കുളിപ്പിക്കുന്നത് നോക്കി നിന്നിട്ട് ഞാൻ ചേച്ചിയോട് പറഞ്ഞു..

“”കുഞ്ഞാവയ്ക്ക് നല്ലൊരു പേര് ഇടണം ചേച്ചി..””

“”മ്മ്.. കിരൺ പറ നല്ലൊരു പേര്..””

“”നന്ദു എന്നിടാം..””

ഞാനത് പറഞ്ഞപ്പോൾ അവരെന്നെ അത്ഭുതത്തോടെ നോക്കി ചിരിച്ചു..

“”ഇന്നലെ രേണുവും ഇതേ പേര് പറഞ്ഞു.. അവള് നന്ദു എന്നാ വിളിക്കണത്..””

ഞാൻ തല തിരിച്ചു ചുറ്റും ഒന്ന് നോക്കി ഞാൻ കാര്യമായി നോക്കുന്നത് കണ്ടിട്ട് ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു..

“”രേണു അമ്പലത്തിൽ പോയതാ നീ നോക്കണ്ട..””

അത് കേട്ടപ്പോൾ നാണത്തിൽ ഞാനൊന്ന് ചിരിച്ചു.. അമ്മയും ചേച്ചിയും എല്ലാം എന്റെ മുഖ ഭാവം കണ്ടു നല്ല ചിരിയാണ്..

“”അതെ ഞാൻ രേണുവിനെ കൂട്ടിയിട്ട് വരാം..””

“”അപ്പൊ നീ എന്റെ മോനെ കാണാൻ വന്നതല്ലേ..””

“”അതല്ല ചേച്ചി..””

“”ഞാൻ വെറുതെ പറഞ്ഞതാ.. നീ പോയിട്ട് വാ..””

അമ്മമാരോട് പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങി.. അവർ നല്ല വർത്താനത്തിൽ ആണ്.. സ്കൂട്ടർ എടുക്കാതെ ഞാൻ അമ്പലത്തിലേക്ക് നടന്നു.. തിരികെ അവളുടെ കൂടെ വരുമ്പോൾ കുറച്ചു നേരം സംസാരിച്ചു നടക്കാലോ..

അമ്പലത്തിൽ എത്തിയപ്പോൾ ഹർത്താൽ സമരക്കാർ അമ്പലത്തിനു അടുത്ത് അടി.. ആകെ ബഹളം..

ഏതോ ഓട്ടോറിക്ഷ അടിച്ചു തകർത്തു അതിന് അരികിൽ ഉണ്ട്..

അമ്പലത്തിന് അടുത്ത് നിന്ന് എന്റെ നേരെ വരുന്ന ആളെ തടഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു

“”ചേട്ടാ എന്താ അവിടെ..””

“”ഒന്നും പറയണ്ട ഹർത്താൽ അല്ലെ.. ഓട്ടോ നിരത്തിൽ ഇറക്കി സമരക്കാർ അടിച്ചു തകർത്തു.. അതിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു അതിന്റെ കാര്യം കഷ്ടം ആണ് ഹോസ്പിറ്റലിൽ കൊണ്ടു പോയി.. ഡ്രൈവർക്ക് കാര്യമായി ഒന്നും പറ്റിയില്ല..””

“”ഓഹ്..””

കഷ്ടം എന്ന ഭാവത്തിൽ ഞാൻ നോക്കി.. അതിന് അരികിൽ ചോര പാടുകൾ ഉണ്ട്.. അമ്പലത്തിൽ കയറണം എന്നുണ്ട് പക്ഷെ രേണുവിനെ കാണാൻ ഉള്ള തിരക്കിൽ കുളിക്കാതെ ആണ് ഇറങ്ങിയത്..

അമ്പലത്തിനു പുറത്ത് കുറച്ചു നേരം നിന്നു പക്ഷെ അവളെ കാണാതെ ആയപ്പോൾ ഫോണിൽ വിളിച്ചു.. ഫോൺ റിങ്ങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല.. കുറച്ചു നേരം കൂടി അവിടെ കാത്തു നിന്നു മടുത്തപ്പോൾ അടുത്തുള്ള പെട്ടി കടയിലെ ചേട്ടനോട് ചോദിച്ചു..

“”ചേട്ടാ.. ഒരു പെൺകുട്ടി പോകുന്നത് കണ്ടോ..””

“”എന്ത് ചോദ്യ മോനെ ഇത്.. ഒരു പെൺകുട്ടി അല്ല ഒരുപാട് കുട്ടികൾ ഇതിലെ പോകുന്നതാ..””

“”അത് പിന്നെ.. ഇവിടെ അടുത്താ അവളുടെ വീട്..””

“”മോൻ വീട്ടു പേര് പറ ഇല്ലെങ്കിൽ കുട്ടിയുടെ പേര് പറ..””

“”രേണുക..””

“”ആഹ് രേണു മോൾ.. അവളെ കണ്ടു പക്ഷെ കുറച്ചു മുൻപ് ഇവിടെ പ്രശ്നം ഉണ്ടായപ്പോൾ പിന്നെ കണ്ടിട്ടില്ല.. വീട്ടിലേക്ക് പോയി തോന്നണു. “”

വീട്ടിലേക്ക് പോകാൻ ഈ വഴി അല്ലാതെ വേറെ ഇല്ല.. വരും വഴി അവളെ കണ്ടും ഇല്ല.. തകർന്നു കിടക്കുന്ന ഓട്ടോയുടെ അരികിൽ ചെന്ന് നോക്കി..

ഓട്ടോയിൽ പറ്റി പിടിച്ച രക്തം കണ്ടപ്പോൾ നെഞ്ചോന്നു പിടഞ്ഞു..

അവിടെ നിന്ന് ഒന്ന് കൂടി അവളെ വിളിച്ചു.. ഓട്ടോയുടെ അടുത്ത് നിന്ന് മുന്നോട്ട് നടന്നപ്പോൾ കാലിന് അരികിൽ ഏതോ തൊടുന്നത് പോലെ.. നോക്കിയപ്പോൾ രേണുകയുടെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നു.. അത് കയ്യിൽ എടുത്തപ്പോൾ വല്ലാതെ കൈ വിറയ്ക്കുന്നു..

മനസ്സിൽ പല ചിന്തകൾ ആയി.. വീണ്ടും കടയിലെ ചേട്ടന്റെ അടുത്തേക്ക് ചെന്നു..

“”അതെ ചേട്ടാ.. ഇവിടുന്ന് ആ ഡ്രൈവറെ ഏത് ഹോസ്പിറ്റലിൽ ആണ് കൊണ്ടു പോയത് അറിയാവോ..””

“”ഇവിടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരിക്കും..””

അത് കേട്ട ഉടനെ വീട്ടിലേക്ക് ഓട്ടം ആയിരുന്നു ഓടി സ്കൂട്ടറിന് അടുത്ത് ചെന്ന് സ്റ്റാർട്ട്‌ ചെയ്തു ഹോസ്പിറ്റലിലേക്ക് വെച്ചു പിടിച്ചു. അറിയില്ല കണ്ണൊക്കെ നിറയുന്നുണ്ട്..

ഹോസ്പിറ്റലിൽ എത്തി വണ്ടി നിർത്തി.. റിസപ്ഷനിൽ ചെന്നതും തിരക്കിൽ നിന്ന് തല ഉയർത്തി ഒരാൾ എന്നെ നോക്കി..

“”ആക്‌സിഡന്റ് അങ്ങനെ ഏതെങ്കിലും വന്നോ ഒരു പെൺകുട്ടി..””

സത്യത്തിൽ എങ്ങനെ ചോദിക്കണം എന്നൊരു അറിവും ഇല്ല.. ഞാൻ അവരോട് ചോദിച്ചപ്പോൾ..

“”ഹർത്താൽ ആയത് കൊണ്ട് ആക്‌സിഡന്റ് ഒന്നുല്ല പിന്നെ സമരക്കാർ അടിപിടി ആയിട്ട് ഒരു ഡ്രൈവറും പെൺകുട്ടിയും വന്നിട്ടുണ്ട് അവരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്..””

കുറച്ചു ആശ്വാസം തോന്നി വാർഡിൽ ചെന്ന് നോക്കിയപ്പോൾ തല കെട്ടി ഒരു പെൺകുട്ടി പക്ഷെ അവൾ രേണുക അല്ലെന്ന് ആദ്യ നോട്ടത്തിൽ മനസിലായി.. അവിടെ മുഴുവൻ നോക്കി പക്ഷെ കണ്ടില്ല ഹോസ്പിറ്റലിൽ മുഴുവൻ അന്വേഷിച്ചു ഒടുവിൽ നിരാശയോടെ ഇരിക്കുമ്പോൾ..

രേണുകയുടെ ഫോണിൽ അവളുടെ അമ്മ വിളിച്ചപ്പോൾ ഫോൺ എടുത്തു..

“”അമ്മേ ഞാനാ..'””

“”മോളെവിടെ…””

“”അത് അമ്മേ എന്റെ കൂടെ ഉണ്ട് ഞങ്ങളിപ്പോ എത്തും..””

“”രണ്ടാളും വേഗം വാ..””

എവിടെയാ രേണു നീ.. എന്തോ എന്റെ കണ്ണൊക്കെ നിറയുന്നു.. നിന്നെ കാണാൻ കൊതി ആവുന്നേടി..

കുറച്ചു നേരം അങ്ങനെ ഇരുന്നപ്പോൾ അവളുടെ ഫോണിൽ മറ്റാരുടെയോ നമ്പറിൽ നിന്ന് ഒരു കാൾ വന്നു..

“”ഹലോ.. അതെന്റെ ഫോൺ ആണ്..””

മറു തലയ്ക്കൽ നിന്ന് സംസാരിക്കുന്നത് രേണു ആണെന്ന് മനസിലായി ഫോൺ കളഞ്ഞു പോയത് അറിഞ്ഞു വിളിക്കുന്നത് ആണ് കുറച്ചു ഗൗരവം നിറച്ച ശബ്‌ദത്തിൽ ഞാൻ പറഞ്ഞു..

“”ഫോൺ ഭദ്രമായി എന്റെ കയ്യിൽ ഉണ്ട്.. ഇതൊക്കെ സൂക്ഷിക്കണ്ടെ കുട്ടി…””

“”അത് ഇവിടെ ഒരു പ്രശ്നം ഉണ്ടായപ്പോ എന്റെ കയ്യിൽ നിന്ന് വീണു പോയി..””

“”കുട്ടി എവിടെയാ ഉള്ളത് ഞാൻ കൊണ്ടു തരാം..””

“”ഇന്ന് ഹർത്താൽ ആണ് ഞാൻ പറയുന്ന സ്ഥലത്ത് വരാൻ പറ്റുവോ..””

“”അയ്യോ ഞാനത് മറന്നു.. ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ ഉള്ളത് തിരിച്ചു പോകാൻ വണ്ടി ഒന്നും കിട്ടിയില്ല.. നാളെ ഞാൻ ഫോൺ വാങ്ങിയാൽ മതിയോ..””

“”ഞാനും ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉണ്ടല്ലോ കുട്ടി എവിടെയാ..””

“”ഞാൻ ഹോസ്പിറ്റലിന് പുറത്ത് പാർക്കിംഗിൽ ഉണ്ട്..””

“”ആഹ് ഞാൻ അങ്ങോട്ട്‌ വരാം..””

രേണുക അടുത്ത് നിൽക്കുന്ന ആൾക്ക് ഫോൺ തിരികെ കൊടുത്തു..

“”താങ്ക്യു ചേട്ടാ.. ഫോൺ കളഞ്ഞു പോയത് കൊണ്ടാ ട്ടൊ..””

“”സാരമില്ല… വിളിക്കാൻ ഉള്ളതല്ലേ ഫോൺ..””

അവൾ അയാളോട് ഒന്ന് ചിരിച്ചു.. അയാൾ പോയതും വാച്ചിൽ നോക്കി സമയം രണ്ട് മണി ആവാൻ ആയി..

ഓട്ടോയിൽ വന്ന പെൺകുട്ടിയെയും ഡ്രൈവറെയും ആളുകൾ തല്ലിയപ്പോൾ കുട്ടിക്ക് സാരമായി തലക്ക് അടി കിട്ടി..

ആളുകൾ എല്ലാം പോയപ്പോൾ പുറകെ വന്ന കാറിൽ അവരെ കയറ്റി ഹോസ്പിറ്റലിൽ കൊണ്ടു വന്നതാണ്.. ഇപ്പൊ എങ്ങനെ തിരികെ പോകും എന്ന് അറിയില്ല..

ദൂരെ നിന്ന് തന്നെയും നോക്കി വരുന്ന ആളെ കണ്ടപ്പോ അവളുടെ കണ്ണുകൾ വിടർന്നു..

“”കിരണേട്ടൻ.. ഇവിടെ..””

കിരൺ അവളുടെ അടുത്ത് എത്തിയതും അവൾ ഒന്ന് മെല്ലെ പുഞ്ചിരിച്ചു..

“”എന്റെ ഫോൺ കളഞ്ഞു പോയി.. ആരുടെയോ അടുത്ത് ഉണ്ട്..””

കയ്യിലെ ഫോൺ അവൾക്ക് നേരെ നീട്ടിയിട്ട് അവൻ മെല്ലെ ചിരിച്ചു.

“”ആഹാ അപ്പൊ കിരണേട്ടന്റെ കൈയിൽ ആയിരുന്നു അല്ലെ..””

“”രേണു നിന്നോട് ഇന്ന് വരെ ഞാൻ തുറന്ന് പറഞ്ഞിട്ടില്ല എന്നിട്ടും നമ്മൾ ഒരുപാട് അടുത്തു അല്ലെ..””

എന്ത് എന്ന അർത്ഥത്തിൽ അവൾ അവന്റെ കണ്ണിൽ നോക്കി..

“”എടി നിന്നെ ഒരു നിമിഷം കാണാതെ ആയപ്പോൾ എന്നെകൊണ്ട് സഹിക്കാൻ പറ്റുന്നില്ല.. ഒത്തിരി ഇഷ്ടാടി നിന്നെ…

“അയ്യേ… റോസാ പൂ ഇല്ലാതെയുള്ള പ്രൊപ്പോസൽ സീനാണോ ഈ കഴിഞ്ഞെ…

അവൾ കളിയാക്കി ചിരിച്ചു.. കിരൺ അവളെ പൊക്കി എടുത്തു ഒന്ന് വട്ടം ചുറ്റി നിലത്ത് ഇറക്കി..

“ഇതെന്താ വട്ടായോ നിങ്ങൾക്ക്…. വിട്ടേ.. നാട്ടുകാര് കാണും….

“ആഹ്ടി…വട്ടാണ്…നീയെന്ന വട്ട്…

” എന്തൊക്കെയാ പറയുന്നേ… ”

“അതേയ്…. ഈ വട്ട് ജീവിതാവസാനം വരെ ഞാൻ ചികിൽസിക്കാണ്ട് കൊണ്ട് നടന്നോട്ടെ…?

“”ഓഹ്. അങ്ങനെ ആണോ… മ്മ്…ശരി ഇപ്പൊ നമ്മുക്ക് പോകാം..””

“”ആഹാ പോകാന്നോ..””

“”ഒരു മറുപടി തന്നിട്ട് പോടീ..””

“”മറുപടിയോ.. എന്തിന്… ”

“”ഞാൻ ഇത്രേം കഷ്ടപ്പെട്ട് നിന്നെ ഇഷ്ടാന്ന് പറഞ്ഞതല്ലേ… അതിന് ഒരു മറുപടി താ…””

“”അതിന് ഒരു മറുപടി ഒക്കെ വേണോ.. കുറച്ചു കാലം ഇങ്ങനെ പുറകെ നടക്കു എന്നിട്ട് പോരെ..””

സ്കൂട്ടറിന് അരികിൽ എത്തിയതും അവൻ കയറി സ്റ്റാർട്ട്‌ ചെയ്തു പിന്നിലായി രേണുക ഇരുന്നു.. അവന്റെ വയറിലൂടെ കൈകൾ ചുറ്റി അവൾ ചേർന്നു ഇരുന്നു..

കുറച്ചു നേരം വഴികൾ ഒക്കെ നോക്കി അവൻ ചോദിച്ചു..

“”ഇനി എപ്പോഴും തിരക്ക് ആവും.. നീ വിചാരിക്കുമ്പോൾ എനിക്ക് നിന്നെ കാണാൻ വരാൻ പറ്റില്ല… നിന്റെ പരാതികൾ കേൾക്കാൻ പറ്റില്ല.. എന്നിട്ടും എന്റെ ഇഷ്ടം മനസിലാക്കാനും എന്നെ സ്നേഹിക്കാനും എങ്ങനെയാ രേണു..'””

വീടിനു മുമ്പിൽ വണ്ടി നിർത്തി അവർ ഒരുമിച്ച് നടന്നു.. അവനെ നോക്കാതെ അവൾ പറഞ്ഞു..

“”ഇഷ്ടം മനസ് കൊണ്ടാണ് ഞാൻ അളക്കുന്നത്.. കിരണേട്ടൻ ചെയ്യുന്ന പ്രവർത്തികൾ കൊണ്ട് ആ ഇഷ്ടം അളക്കുന്നത് എങ്ങനെയാ.. എത്ര തിരക്ക് ആയാലും എനിക്ക് എന്തെങ്കിലും പറ്റിയാൽ ഓടി വരില്ലേ അത് മതി..””

“”ടീ ഒന്ന് പറഞ്ഞിട്ട് പോടീ..””

ഉമ്മറത്തു കയറി അവൾ അവനെ നോക്കി..

“””അകത്തേക്ക് വാ.. “”

“”എന്തിനാ..””

“”ചെഹ്.. അമ്മ ഒക്കെ ഉണ്ട്.. മര്യാദക്ക് വാ..””

ചേച്ചി കുഞ്ഞിനെ എടുത്തു പുറത്ത് വന്നു..

കുഞ്ഞിനെ ഞാൻ കയ്യിൽ എടുത്തു.. നെറ്റിയിൽ ചുംബിച്ചു..

രേണുവും ഞാനും കുഞ്ഞിനെ എടുത്തു ഉമ്മറത്തു തിണ്ണയിൽ ഇരുന്നു.. ഞങ്ങൾ ഒരുമിച്ച് കുഞ്ഞിനെ കളിപ്പിക്കുന്നത് നോക്കി ചേച്ചി വാതിൽ പടിയിൽ നിന്നു..

ഞങ്ങളുടെ ജീവിതം ഇവിടെ തുടങ്ങുന്നതെ ഉള്ളു.. സ്വപ്‌നങ്ങൾ പങ്കു വെക്കണം.. കൈ പിടിച്ചു ഒരുപാട് നടക്കണം.. ആഗ്രഹങ്ങൾ ഒരുപാട് ഉണ്ട് പക്ഷെ ഉത്തരവാദിത്തങ്ങൾ അതിനേക്കാൾ ഉണ്ട്.. കൂട്ടിന് രേണുവിനെ പോലെ ഒരു പെണ്ണ് കൂടെ ഉണ്ടെങ്കിൽ അതൊക്കെ എനിക്ക് പറ്റും..

ആഗ്രഹങ്ങൾ ഒക്കെ നടക്കും.. ചേച്ചി രേണുവിനെയും എന്നെയും നോക്കി പറഞ്ഞു..

“”എപ്പോഴാ ഞങ്ങടെ രേണുനെ കെട്ടി കൊണ്ട് പോകുന്നത്..””

“”ഇന്ന് ഇഷ്ടാന്ന് പറഞ്ഞെ ഉള്ളു ചേച്ചി..””

“”ആഹാ എന്നിട്ടോ..””

“”മറുപടി ഒന്നും കിട്ടിയില്ല..””

“അതെന്താ രേണൂ അങ്ങനെ..?

“”അത് പിന്നെ..””

ചേച്ചിയുടെ ചോദ്യത്തിന് മുന്നിൽ അവൾ ഒഴിഞ്ഞു മാറാൻ നോക്കി

“”പറയെടി..””

“”ഇല്ലാന്നെ……..””
നാണിച്ചു അകത്തളത്തിലേക്ക് ഓടുന്ന അവളിൽ എനിക്കുള്ള മറുപടി ഉണ്ടായിരുന്നു…

ശുഭം…..

അവസാനിച്ചു….

ചില കഥകൾ വലിച്ചു നീട്ടിയാൽ അതിന്റെ ഭംഗി നഷ്ടപ്പെടും.. സത്യം പറഞ്ഞാൽ മുന്നോട്ട് എഴുതാൻ മാത്രം കഥ ഇല്ല.. അതുകൊണ്ട് അവസാനിപ്പിക്കുന്നു.. പോരായ്മകൾ ക്ഷമിച്ചാൽ അടുത്ത സ്റ്റോറി എഴുതാം… 😊😊😊😊

ബസ് കണ്ടക്ടർ : ഭാഗം 1

ബസ് കണ്ടക്ടർ : ഭാഗം 2

ബസ് കണ്ടക്ടർ : ഭാഗം 3

ബസ് കണ്ടക്ടർ : ഭാഗം 4

ബസ് കണ്ടക്ടർ : ഭാഗം 5