Tuesday, September 17, 2024
Novel

ബസ് കണ്ടക്ടർ : ഭാഗം 3

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

“”എടാ കിരണേ നീ തിരക്ക് കൂട്ടണ്ട അടുത്ത സ്റ്റോപ്പ്‌ എത്തിയാ അവളെ കാണാലോ..””

ഗിരി ഡോറിന്റെ പടിയിൽ നിന്ന് കൊണ്ട് പുറത്തേക്ക് നോക്കുന്ന കിരണിനെ നോക്കി അത് പറഞ്ഞിട്ട് ഒന്ന് ചിരിച്ചു.. കിരൺ ഇളിച്ചു കൊണ്ട് ഗിരിയെ ഒന്ന് നോക്കി..

രേണുക ബസ് കാത്തു നിക്കുന്ന സ്റ്റോപ്പിൽ എത്തിയതും ബസിന്റെ ഡോർ തുറന്നിട്ട് അവൻ പുറത്ത് ഇറങ്ങി..

രേണുക അവനെ കണ്ട ഭാവം നടിക്കാതെ ബസിൽ കയറി.. ഒപ്പം ലില്ലിയും.. തിരക്ക് കുറവായത് കൊണ്ട് അവർ കിട്ടിയ സീറ്റിൽ ഇരുന്നു.. കിരൺ ഇടം കണ്ണിട്ട് അവളുടെ മുഖത്തു നോക്കി..

അവളുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട് കണ്മഷി കവിളിൽ പടർന്നു കിടക്കുന്നു.. കരഞ്ഞ ലക്ഷണം ഉണ്ട്.. എന്താ ഉണ്ടായത് എന്ന് എങ്ങനെ അറിയും..

അവൻ ടിക്കറ്റ് എടുത്തു അവരുടെ അടുത്ത് എത്തിയിട്ട് ചോദിച്ചു..

“”ടിക്കറ്റ്..””

ബാഗിൽ നിന്ന് പൈസ എടുത്തു കൊണ്ട് അവൾ അവന് നേരെ നീട്ടി..

അവൻ അത് വാങ്ങുമ്പോൾ അവളെ നോക്കി മുഖം ചുവന്നു തുടുത്തു നിൽക്കുന്നുണ്ട്.. അവളോട് കാരണം ചോദിക്കണം എന്ന് തോന്നി എങ്കിലും അവൻ മിണ്ടാതെ അടുത്ത ആളുടെ അടുത്തേക്ക് നടന്നു

ഇറങ്ങാൻ ഉള്ള സ്ഥലം എത്തിയപ്പോൾ അവൾ തിടുക്കത്തിൽ എഴുന്നേറ്റു മുമ്പോട്ട് നടന്നു.. ബസ് നിർത്തിയതും ലില്ലിയെ ഒന്ന് നോക്കിയിട്ട് പോകട്ടെ എന്ന അർത്ഥത്തിൽ തല ആട്ടിയിട്ട് അവൾ ഇറങ്ങി..

അവളുടെ കണ്ണുകളിൽ പെയ്യാൻ വെമ്പി നിൽക്കുന്ന മേഘങ്ങൾ അവനെ നോക്കിയെന്ന് തോന്നി.. നടന്നു പോകുന്ന അവളെ അവനൊന്നു നോക്കി..

ആളുകൾ പകുതിയും ഇറങ്ങിയപ്പോൾ കിരൺ ലില്ലി ഇരിക്കുന്ന സീറ്റിന് അരികിലെ കമ്പിയിൽ ചാരി നിന്നു.. അവൾ കേൾക്കാൻ എന്നോണം മെല്ലെ ചുമച്ചു.. അവൾ അവനെ നോക്കി ചിരിച്ചു..

“”അതെ.. രേണുവിന് എന്താ പറ്റിയത്..””

അവൻ കുറച്ചു ചമ്മലോടെ അവളോട് ചോദിച്ചു..

“”അവളുടെ ജോലി പോയി.. പുതിയ സ്റ്റോക്ക് ഡ്രസ്സ്‌ മെറ്റീരിയൽ മാറ്റി വെച്ചിട്ട് ഓൾഡ് സ്റ്റോക്ക് എടുത്തു കാണിച്ചു മാനേജർ കള്ളത്തരം കാണിച്ചു. അത് ചോദിച്ചു ചെന്നപ്പോൾ അയാൾ അവളെ എന്തൊക്കെയോ പറഞ്ഞു.. അവളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു..””

“”ഓഹ്.. അതായിരുന്നു അല്ലെ പ്രശ്നം..””

“”മ്മ്..””

അവൾ ഒന്ന് മൂളിയിട്ട് ബസിൽ നിന്ന് പുറത്തേക്ക് നോക്കി.. അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോൾ ഡോർ തുറക്കാൻ മുമ്പിലേക്ക് ചെന്നു..

*********************

വീട്ടിലേക്ക് നടക്കുമ്പോൾ രേണുകയുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേ ഇരുന്നു കവിളുകളിലൂടെ ഒഴുകുന്ന കണ്ണുനീർ തൃതിയിൽ തുടച്ചു കൊണ്ട് അവൾ മുറ്റത്തേക്ക് കയറി..

അമ്മ തുളസി തറയിൽ വിളക്ക് വെച്ചിട്ട് കൊലുസിന്റെ ശബ്‌ദം കേട്ട് തല ഉയർത്തി നോക്കി..

“”ആഹ് വന്നോ എന്റെ കുട്ടി..””

രേണുക ചിരിച്ചു കൊണ്ട് അമ്മയെ നോക്കി മുന്നോട്ട് നടന്നു.. അമ്മയ്ക്ക് ഒപ്പം ഉമ്മറത്തു കയറി ചെരുപ്പ് അഴിച്ചു വെച്ചിട്ട് അകത്തു കയറി..

“”മോള് മരുന്ന് വാങ്ങിയോ..””

“”അത് അമ്മേ ലില്ലിയുടെ അടുത്ത് ആയിപോയി.. ഞാൻ മറന്നാലോ വിചാരിച്ചിട്ട് അവളെ ഏല്പിച്ചു അവൾ തരാതെ പോയി..””

“”സാരല്ല്യ മോള്.. പോയി കുളിച്ചിട്ട് വാ.. അവളുടെ അടുത്തുന്നു നാളെ വാങ്ങാലോ””

“”മ്മ്..””

ബാഗ് എടുത്തു കട്ടിലിൽ എറിഞ്ഞിട്ട് മാറാനുള്ള വസ്ത്രം എടുത്തു കുളിമുറിയിൽ കയറി.. മുഖം കഴുകി.. ഒന്ന് ശ്വാസം വലിച്ചു മെല്ലെ പുറത്തേക്ക് വിട്ടു..

കുളി കഴിഞ്ഞു വന്നപ്പോൾ അമ്മ ചായ എടുത്തു വെച്ചിട്ടുണ്ട്.. നേരെ മുറിയിൽ കയറി വെറുതെ ഇരുന്നു..

“”മോളെ… വാ ചായ എടുത്തു വെച്ചിട്ടുണ്ട്..””

“”ആഹ് ഇതാ വന്നു.. “”

അമ്മയുടെ അരികിൽ ഇരുന്നപ്പോൾ കണ്ണുകൾ വീണ്ടും നിറയുന്നുണ്ട്.. എന്റെ താടിയിൽ പിടിച്ചു മുഖം മെല്ലെ ഉയർത്തിയിട്ട് അമ്മ ചോദിച്ചു..

“”എന്താ മോളെ.. മുഖം ഒക്കെ വല്ലാതെ.. കണ്ണൊക്കെ നിറഞ്ഞല്ലോ.. മരുന്ന് മറന്നതിന് അമ്മയ്ക്ക് പരാതി ഇല്ല പിന്നെ എന്തിനാ കരയുന്നത്..””

അമ്മ പറഞ്ഞത് കേട്ടപ്പോൾ സങ്കടം ഇരട്ടിച്ചു. അമ്മയെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു പോയി..

അമ്മ കവിളുകൾ തുടച്ചു തന്നിട്ട് അരികിൽ ഇരുന്നു..

“”ഇനി പറ.. എന്താ എന്റെ കുട്ടിക്ക് പറ്റിയത് “”

“”അത് അമ്മേ.. എന്റെ ജോലി പോയി..””

“”അയ്യേ.. എന്നാലും സാരല്ല്യ
ഒന്ന് പോയാൽ വേറെ കിട്ടില്ലേ.. അതിനാണോ..””

“”മാനേജർ ഡാമേജ് ആയ ഓൾഡ് സ്റ്റോക്ക് എടുത്തു വിൽക്കാൻ നോക്കിയപ്പോൾ അത് പറഞ്ഞതിന് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു എല്ലാവരുടെയും മുമ്പിൽ നാണംകെടുത്തി എനിക്ക് സഹിക്കാൻ പറ്റിയില്ല അമ്മേ..””

“”അത് അയാൾ ചെയ്ത കള്ളം മറയ്ക്കാൻ വേണ്ടി ചെയ്തതല്ലേ.. അതിന് എന്റെ കുട്ടി കരയണ്ട.. അത് മറന്നേക്ക്.. എന്നിട്ട് എന്റെ മോള് ചായ കുടിക്കാൻ നോക്ക് അമ്മ ഇന്ന് മോൾക്ക് എന്താ ഉണ്ടാക്കിയത് നോക്ക്.. “”

മേശ മേൽ ഉള്ള പാത്രം എന്റെ നേരെ നീട്ടിയിട്ട് അമ്മ ചിരിച്ചു.. ഉണ്ണിയപ്പം എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഉണ്ണിയപ്പം…

ഒരു ഉണ്ണിയപ്പം എടുത്തു കടിച്ചു കൊണ്ട് ഞാൻ അമ്മയോട് പറഞ്ഞു..

“”എന്തിനാ അമ്മേ വയ്യാതെ ഇതൊക്കെ ഉണ്ടാക്കിയത്..””

“”എന്റെ മോൾക്ക് വേണ്ടി അല്ലെ.. ആഹ് പിന്നെ അത്താഴം ഇന്ന് നീ ഉണ്ടാക്കണം എനിക്ക് വയ്യ..””

“”മ്മ്.. കഞ്ഞി പോരെ അമ്മേ..””

“”മതി മതി.. മടിച്ചി.. “”

വിതുമ്പിയ ചുണ്ടുകളിൽ ചിരി വിടർത്തി അവൾ അമ്മയെ നോക്കി.. അമ്മയ്ക്ക് സീരിയൽ വെച്ചു കൊടുത്തിട്ട് അവൾ അടുക്കളയിൽ കയറി..

അടുക്കളയിലെ പണി ഒരുക്കി കഞ്ഞി ഉണ്ടാക്കി കഴിഞ്ഞു പപ്പടവും കാച്ചി അമ്മ ഇട്ട കണ്ണിമാങ്ങാ അച്ചാറും ഒരു പാത്രത്തിൽ എടുത്തിട്ട് അവൾ മേശയിൽ കൊണ്ടു വെച്ചു..

അമ്മയുടെ കൂടെ ഇരുന്ന് കഞ്ഞി കുടിച്ചു.. പാത്രം കഴുകി വെച്ചിട്ട് കിടക്കാൻ മുറിയിൽ കയറി..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കുറച്ചു നേരം കിടന്നു.. കിടക്കയിൽ നിന്ന് എഴുന്നേറ്റ് മെല്ലെ ജനൽ തുറന്നു…പുറത്ത് കാലം തെറ്റി പെയ്യുന്ന മഴ.. തണുത്ത കാറ്റ്.. അവൾ കിരണിനെ ഓർത്തു

മഴ തിമിർത്തു പെയ്യുന്നുണ്ട് മുറിയിൽ നിന്ന് ഇറങ്ങി ഉമ്മറത്തു തിണ്ണയിൽ ചെന്ന് ഇരുന്നു ഒലിച്ചു ഇറങ്ങുന്ന മഴ തുള്ളികൾ കൈയിൽ പിടിച്ചു നിർത്തി..

ഇരുട്ടിൽ ദൂരെ നിന്ന് ആരോ വരുന്നത് പോലെ തോന്നി.. അകത്തു കയറി ലൈറ്റ് ഇട്ടു മുറ്റത്തേക്ക് നോക്കി.. അയാൾ ഉമ്മറത്തേക്ക് ഓടി കയറി..

“”കിരണേട്ടൻ.. ആണല്ലോ””

പുറത്തെ മഴ നോക്കി ഊരി പിടിച്ച ഹെൽമെറ്റ്‌ തിണ്ണയിൽ വെച്ചിട്ട് കിരൺ പറഞ്ഞു

“”ഈ വീട് കണ്ടു പിടിക്കാൻ കുറച്ചു കഷ്ടപ്പെട്ടു അതാ ഇത്രയും നേരം വൈകിയത്..””

സ്വപ്നം ആണോ എന്ന് മനസിലാക്കാൻ കഴിയാതെ അവൾ അവനെ നോക്കി.. നനഞ്ഞു തണുത്തു കൊണ്ട് അവൻ കയ്യിൽ ചുരുട്ടി പിടിച്ച പ്ലാസ്റ്റിക് കവർ അവൾക്ക് നേരെ നീട്ടി..

“”ഇത് ലില്ലി തന്നതാ.. രേണുകയുടെ അമ്മയ്ക്കുള്ള മരുന്ന് ആണെന്ന് പറഞ്ഞു.. ഇനി ജോലിക്ക് വരില്ലല്ലോ അതാ ഞാൻ വാങ്ങിയത്..””

അത് വാങ്ങിയിട്ട് രേണുക അകത്തേക്ക് ഓടി.. അവിടെ നിക്കണോ പോകണോ എന്ന് അറിയാതെ അവൻ കുറച്ചു നേരം നിന്നു.. അകത്തു നിന്ന് കൊണ്ടു വന്ന തോർത്ത്‌ അവന് നേരെ നീട്ടി കൊണ്ട് പോകാൻ ഒരുങ്ങിയ അവനെ അവൾ വിളിച്ചു..

“”അതെ മഴ കുറഞ്ഞിട്ടു പോയാൽ പോരെ..””

“”പെങ്ങന്മാർ രണ്ടാളും ഭക്ഷണം കഴിക്കാതെ കാത്തു നിക്കുന്നുണ്ടാവും ഞാൻ പോയാലെ കഴിക്കു… മഴ കുഴപ്പം ഇല്ല പോട്ടെ..””

“”അതെ ഒരു കാര്യം കൂടി..””

അവൻ ആകാംഷയോട് അവളെ നോക്കി.. അൽപ്പം നാണം കലർത്തി കൊണ്ട് അവൾ പറഞ്ഞു..

“”നാളെ അമ്പലത്തിൽ വരുന്നുണ്ടോ.. എന്റെ ജോലി പോയി ഇനി ബസിൽ കാണാൻ പറ്റില്ല..””

അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് കിരൺ മുറ്റത്തേക്ക് നടന്നു.. വഴിയിൽ നിർത്തി ഇട്ട സ്കൂട്ടറിൽ കയറി.. രേണുക കുറച്ചു നേരം ദൂരേക്ക് നോക്കി നിന്നു മഴ തുള്ളികൾ കാഴ്ച മറച്ചിരിക്കുന്നു ഒന്നും കാണുന്നില്ല..

****************************

നനഞ്ഞു കുതിർന്നു വരുന്ന കിരണിനെ നോക്കി മാളു മുഖം വീർപ്പിച്ചു..

“”എന്താ ഏട്ടാ ഇത് എത്ര നേരായി കാത്തു നിക്കുന്നു.. മഴയ്ക്ക് മുമ്പേ വന്നൂടെ””

ഹെൽമെറ്റ്‌ അഴിച്ചു വെച്ചിട്ട് കിരൺ അവളെ നോക്കി കണ്ണ് ചിമ്മി..

“”ഏട്ടൻ കുളിച്ചിട്ട് വരാം.. എന്നിട്ട് ചോറ് കഴിക്കാം..””

“”മ്മ് വേഗം വാ എനിക്ക് വിശക്കുന്നുണ്ട്..””

പെട്ടെന്ന് കുളിച്ചു അവൻ വന്നു അമ്മ ചോറ് വിളമ്പി വെച്ചിട്ടുണ്ട്..

“”അമ്മേ മീൻ പൊരിച്ചത് ഇല്ലേ..””

“”ഇല്ലടാ എണ്ണ തീർന്നു..””

“”എന്നാ ഒന്ന് വിളിച്ചു പറഞ്ഞൂടെ..””

“”അതിന് നിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടണ്ടേ..””

“”ആഹ്.. അത് പിന്നെ…””

വേഗം അത്താഴം കഴിച്ചു കിടക്കാൻ മുറിയിൽ കയറി ബെഡിൽ കിടന്നു നല്ല തണുപ്പ്.. തുമ്മൽ തുടങ്ങി നാളെ പനി ഉറപ്പാണെന്ന് തോന്നുന്നു..
ഫോൺ എടുത്തു മാധവേട്ടനെ വിളിച്ചു..

“”എന്താടാ കിരണേ പാതിരാത്രി..””

“”നാളെ എനിക്ക് വരാൻ വയ്യ മാധവേട്ടാ.. നല്ല പനി ഉണ്ടെന്ന് തോന്നുന്നു..””

“”മ്മ്.. മഴ നനഞ്ഞു പോയതിന്റെ ആവും.. നിന്നോട് ഞാൻ പറഞ്ഞതല്ലേ..””

“”ആഹ്..””

“”ഒരു കാര്യം ചെയ്യാം നാളെ സതീഷ് പോകട്ടെ.. നാളെ കഴിഞ്ഞു വയ്യെങ്കിൽ പറ..””

മാധവേട്ടൻ ആളൊരു പാവം ആയത് കൊണ്ട് നാളത്തെ കാര്യം എളുപ്പം ആയി കിട്ടി.. നാളെ രേണുവിനെയും കൊണ്ട് ഒരു സ്ഥലം വരെ പോകാൻ ഉണ്ട്..

ഉറങ്ങി എഴുന്നേറ്റപ്പോൾ പനി കൂടി എന്ന് മനസിലായി.. വയ്യെങ്കിലും എഴുന്നേറ്റ് കുളിച്ചു സ്കൂട്ടർ എടുത്തു അമ്പലത്തിലേക്ക് വെച്ച് പിടിച്ചു പെങ്ങമാർക്ക് സ്കൂൾ ഇല്ല.. അതുകൊണ്ട് വാനരപട കൂടെ ഉണ്ടായില്ല..

“”ടാ വയ്യാതെ നീ ഇത് എങ്ങോട്ടാ ഇത്രയും രാവിലെ..””

അമ്മ അവൻ കേൾക്കാൻ എന്നോണം പറഞ്ഞു.. അത് കേട്ട ഭാവം നടിക്കാതെ അവൻ പോയി..

രേണുക അമ്പലത്തിന് മുമ്പിൽ കാത്തു നിൽക്കുന്നുണ്ട് എന്നെ കണ്ടതും ഒന്ന് ചിരിച്ചു..

അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ചെറുതായി ഞാൻ ചുമയ്ക്കുന്നുണ്ട്..

“”രേണു വന്നിട്ട് കുറെ നേരം ആയോ..””

“”ഇല്ല.. വന്നേ ഉള്ളു..””

“”അമ്പലത്തിൽ കയറിയില്ലേ..””

“”ഇല്ല..””

“”എങ്കിൽ വാ..””

ഒരുമിച്ചു ഭഗവാന്റെ നടയിൽ കയറി അവൾ കണ്ണടച്ചു നടയിൽ തൊഴുതു നിൽക്കുന്നത് നോക്കി അരികിൽ ഞാനും നിന്നു.. ഇടയ്ക്ക് ചുമയ്ക്കുമ്പോൾ അവൾ എന്നെ നോക്കുന്നുണ്ട്..

പ്രസാദം വാങ്ങി ഇറങ്ങി അവളോടൊപ്പം നടന്നു..

“”ഞാൻ അപ്പോഴേ പറഞ്ഞില്ലേ മഴ കുറഞ്ഞിട്ടു പോയാ മതി എന്ന്..””

“”അത് പിന്നെ..””

പെട്ടെന്ന് നടത്തം നിർത്തി എനിക്ക് അഭിമുഖം ആയി അവൾ നിന്നിട്ട് എന്റെ നെറ്റിയിൽ കൈ വെച്ചു.. ശരീരം മുഴുവൻ എന്തോ ഷോക്ക് അടിച്ചത് പോലെ..

“”നല്ല ചൂട് ഉണ്ട്.. നല്ല പനി ഉണ്ടല്ലോ പിന്നെ എന്തിനാ വന്നത്..””

“”അത് വരണം എന്ന് പറഞ്ഞില്ലേ എന്നോട്..””

അവൾ സ്നേഹം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി..

“”അതൊക്കെ പോട്ടെ പനി ഒക്കെ മാറിക്കോളും.. ജോലിയുടെ കാര്യം പറ ഇനി എന്താ പരുപാടി..””

“”അറിയില്ല.. നോക്കണം.. “”

“”രേണു എത്ര വരെ പഠിച്ചു..””

“”ഡിഗ്രി കഴിഞ്ഞു “”

“”ഏതായിരുന്നു വിഷയം..””

“”കോമേഴ്‌സ്..””

“”എന്റെ ഒരു കൂട്ടുകാരന്റെ കടയിൽ നിന്നോ.. ചെറിയൊരു സൂപ്പർ മാർക്കറ്റ് അവിടെ ബില്ല് അടിക്കാൻ മാത്രം.. കൊറേ നാളായി അവൻ അന്വേഷിക്കുന്നു..””

“”സത്യാണോ..””

“”അതേടോ നാളെ മുതൽ പോയിക്കോ ഞാൻ അവനോട് വിളിച്ചു പറയാം.. മാസം എണ്ണായിരം രൂപ ഉണ്ട് അത് പോരെ പിന്നെ വേണ്ടുന്നത് പോലെ അവൻ കൂട്ടി തരും.. അനഘ സൂപ്പർ മാർക്കറ്റ്..””

“”സത്യം പറഞ്ഞ വിശ്വസിക്കാൻ പറ്റണില്ല.. എവിടെയാ സ്ഥലം…””

“”ഞാൻ കൊണ്ടു വിടാം..””

“”വേണ്ടാ സുഖം ഇല്ലാത്ത ആൾ അഡ്രെസ്സ് പറഞ്ഞ മതി ഞാൻ പൊയ്ക്കോളാം കേട്ടോ..””

കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു നടന്നു.. പിന്നെ ചുമ കൂടിയപ്പോൾ അവൾ എന്നെ നോക്കി….

“”തീരെ വയ്യ അല്ലെ.. എന്റെ വീട് ഇവിടെ അടുത്താ.. അമ്മ നല്ല ചുക്ക് കാപ്പി ഇട്ട് തരും അത് കുടിച്ചാൽ കുറവുണ്ടാവും വാ..””

അവൾ നിർബന്ധിച്ചു എന്നെ കൂട്ടി കൊണ്ട് പോയി അവളുടെ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്തു ഐശ്വര്യമുള്ള മുഖവുമായി ഒരു അമ്മ ഇരിക്കുന്നുണ്ട് എന്നെ കണ്ടതും മനസിലാവാത്ത ഭാവത്തിൽ നോക്കി..

“”അമ്മേ ഇതാ കിരണേട്ടൻ ഞാൻ പറഞ്ഞില്ലേ.. ലില്ലി മരുന്ന് കൊടുത്തു വിട്ടത്..””

കിരണേട്ടൻ എന്ന് അവൾ വിളിച്ചപ്പോൾ മൊത്തത്തിൽ ഒരു കുളിർ..

അമ്മ എന്നെ നോക്കി ചിരിച്ചു..

അകത്തു കയറി ഇരുക്ക് മോനെ.. ഞാൻ ചുമച്ചു കൊണ്ട് അകത്തു കയറി ഇരുന്നു.. അമ്മ എന്നെ നോക്കി അടുത്ത് വന്നു നെറ്റിയിൽ തൊട്ടു..

“”നല്ല പനി ഉണ്ടല്ലോ..””

“”അമ്മ പോയി ചുക്ക് കാപ്പി ഉണ്ടാക്കിക്കെ..””

“”ആഹ്.. മോൻ അകത്തു കിടക്കുന്നോ.. “”

“”വേണ്ടാ അമ്മേ..””

നല്ല ക്ഷീണം തോന്നുന്നുണ്ട് പക്ഷെ അവിടെ കിടക്കുന്നത് എന്തോ ശെരിയല്ലന്ന് തോന്നി.. രേണുക എന്നെ എന്തോ വിഷമത്തോടെ നോക്കി..

“”തീരെ വയ്യേ കിരണേട്ടാ..””

അവൾ അത് ചോദിക്കുമ്പോൾ.. എനിക്ക് അത്ഭുതം തോന്നി ഇഷ്ടമാണ് എന്ന് അവളോ ഞാനോ പറഞ്ഞിട്ടില്ല പക്ഷെ വേർപെടുത്താൻ കഴിയാത്ത വിധം ഒരു ഇഷ്ടം ഞങ്ങളിൽ വളർന്നിരിക്കുന്നു…

പെട്ടന്ന് എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.. ആരെക്കെയോ വിളിക്കുന്ന ശബ്‌ദം കേൾക്കാം.. ഒന്നും കാണാൻ കഴിയുന്നില്ല ദേഹം മുഴുവൻ തളരുന്നത് പോലെ..

നെറ്റിയിൽ തണുത്ത സ്പർശം കണ്ണുകൾ തുറന്നു മെല്ലെ ഒന്ന് നോക്കി..

“”രേണു… “”

അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്

തുടരും…

ബസ് കണ്ടക്ടർ : ഭാഗം 1

ബസ് കണ്ടക്ടർ : ഭാഗം 2