ഭാര്യ-2 : ഭാഗം 8

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ നീലുവിന്റെ മനസ് ഏറെക്കുറെ ശാന്തമായിരുന്നു. ഉച്ചവരെ ഉണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങളെക്കാളും അതിന് ശേഷം അനീഷുമൊത്തു ഉണ്ടായ നല്ല നിമിഷങ്ങളാണ് അവളുടെ ഓർമയിൽ തെളിഞ്ഞു നിന്നത്. ഇത്രയും നേരം ഒരുമിച്ചു ഉണ്ടായിരുന്നിട്ടും തന്റെ ഭൂതകലത്തെക്കുറിച്ചു അവനൊന്നും ചോദിച്ചില്ല എന്നവൾ ഓർത്തു. അവൻ ആണെങ്കിൽ അവന് ഓർമ വച്ച കാലം മുതലുള്ള സകലതും പറയുകയും ചെയ്തു. സൈക്കിൾ ഓടിക്കുമ്പോൾ മറിഞ്ഞു വീണതും പടക്കം പൊട്ടിച്ചപ്പോൾ അനിയത്തിയുടെ കാലിൽ വീണത്തിന് ഒരാഴ്ച അവൾ അടിമപ്പണി ചെയ്യിച്ചതും മുതൽ അവളുടെ കല്യാണം വരെ സകലതും. ഇങ്ങനൊരു ചെക്കൻ…!

നേരിയൊരു പുഞ്ചിരിയും കൊണ്ട് ഉമ്മറത്തേക്ക് കയറിവരുന്ന നീലുവിനെ കണ്ട എല്ലാവരും അമ്പരന്നു. അവളുടെ വരവും കാത്തിരിക്കുകയായിരുന്നു അവർ. “നീയെവിടെ പോയി മോളെ..?” “സൂവിലും വടക്കുംനാഥനിലും ഒക്കെ ഒന്നു കറങ്ങി അച്ഛാ. സഫയറിൽ നിന്ന് ഒരു ബിരിയാണിയും കഴിച്ചു.” “നീ ഒറ്റക്കോ?” “അല്ല.. എന്നെ എന്നിവിടെ കൊണ്ടുവന്ന് ആക്കിയില്ലേ. അനീഷ് ആയാളും ഉണ്ടായിരുന്നു.” എല്ലാ മുഖങ്ങളിലും സംശയം തെളിഞ്ഞു. “എന്തൂട്ടാ ചിന്തിച്ചു കൂട്ടണെ..? ഞാൻ അയാളെ അവിടെ വച്ചാ കണ്ടത്. ഒരു കമ്പനിക്ക് കൂടെ കൂട്ടിയെന്നേ ഉള്ളൂ” നീലു അകത്തേക്ക് കയറിപ്പോയി.

അവളുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ആരുമൊന്നും പറയാൻ നിന്നില്ല. “അവർ എപ്പോൾ പോയി?” അമ്മയെ ആണ് അവൾ ഉദ്ദേശിക്കുന്നത് എന്ന് എല്ലാവർക്കും മനസിലായി. “ഊണ് കഴിഞ്ഞു അധികം വൈകാതെ പോയി. തനയ് ആണ് വീട്ടിൽ ആക്കി കൊടുത്തത്.” ഗീത പറഞ്ഞു. തനയ് അവരെ പിന്താങ്ങി: “അവർ പറഞ്ഞതിലും കഷ്ടമാണ് മോളെ അവിടുത്തെ അവസ്ഥ. ഞാൻ സാമ്പത്തികമായി അവരെ സഹായിച്ചാലോ എന്നു ആലോചിക്കുന്നുണ്ട്. ഒന്നുമില്ലെങ്കിലും അവർ കാരണം ആണല്ലോ നിന്നെ ഞങ്ങൾക്ക് കിട്ടിയത്” നീലു ചിരിച്ചു: “അവരെയും ആ വീട്ടിലെ അവശതയും എനിക്ക് പതിനാല് കൊല്ലമായി അറിയാം ഏട്ടാ. കഴിയുന്നപോലെ ഞാൻ അവരെ സഹായിക്കുന്നും ഉണ്ട്.”

ഇത്തവണ എല്ലാവരും ഞെട്ടി. “അന്ന് തനുവിന്റെ കല്യാണ സമയത്താണല്ലോ ഞാൻ ഇവിടുത്തെ കുട്ടിയല്ല എന്നറിയുന്നത്. കല്യാണവും അതു കഴിഞ്ഞുണ്ടായ പ്രശ്നങ്ങളും കഴിഞ്ഞു ഞാൻ അന്വേഷിച്ചു കണ്ടെത്തിയിരുന്നു, എനിക്ക് ജന്മം തന്ന സ്ത്രീയെ. അന്ന് അവർക്ക് അത്യാവശ്യം സ്ഥിതിയൊക്കെ ഉണ്ടായിരുന്നു. ഞാൻ അവിടുത്തെ അച്ഛന്റെ മകൾ ആയിരിക്കില്ല എന്നാണ് കരുതിയത്. ഇടക്ക് ആരും അറിയാതെ അമ്മയെ ഞാൻ പോയി കണ്ടിരുന്നു. ചേച്ചിയുടെ വിവാഹവും അനിയന്മാർ രണ്ടാളും വഴി തെറ്റി പോയതുമൊക്കെ അറിഞ്ഞിരുന്നു. പിന്നെ ഇളയ ആൾ ഒരു പെൺകുട്ടിയെ വിളിച്ചുകൊണ്ട് വന്നു.

അവർ വീട് മാറി താമസിച്ചു. ഒടുവിൽ അവന്റെ സ്വഭാവം മടുത്തു അവൾ സ്വന്തം വീട്ടിലേക്ക് തിരികെ പോയി. അവൻ അവന്റെ വീട്ടിലേക്കും. അച്ഛന്റെ ആക്സിഡന്റും ചികിൽസയും ഒക്കെ ആണ് അവരെ സാമ്പത്തികമായി തകർത്തത്.” നീലു പറഞ്ഞു നിർത്തി. അവൾ ഇത്രയും ഒക്കെ കണ്ടുപിടിച്ചത് എല്ലാവർക്കും അതിശയം ആയിരുന്നു. “അവർക്ക് വിഷമമുണ്ട് മോളെ അന്ന് അങ്ങനൊക്കെ സംഭവിച്ചു പോയതിൽ” സുമിത്ര പറഞ്ഞു. “എനിക്കും ഉണ്ടായിരുന്നു വല്യമ്മേ. ഇന്ന് അവരിവിടെ വരുന്നത് വരെ ഞാൻ വിചാരിച്ചത് ഞാൻ ആ വീട്ടിലെ അല്ലാത്തത് കൊണ്ടാണ് എന്നെ ഉപേക്ഷിച്ചതെന്നാണ്.

പക്ഷെ…. ഇതിപ്പോ…. ഒന്നും അറിയേണ്ടിയിരുന്നില്ല… ” നീലുവിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. “മോളെ അവരുടെ സാഹചര്യം നമ്മൾ മനസ്സിലാക്കേണ്ടെ..? ഭർത്താവും അമ്മയും വേണ്ടെന്ന് പറഞ്ഞൊരു കുഞ്ഞിനെയും കൊണ്ട് അവരങ്ങനെ അവിടെ താമസിക്കും? വിദ്യാഭ്യാസവും ജോലിയും ഇല്ലാത്തൊരു സ്ത്രീക്ക് അന്നത്തെ കാലത്ത് ഒറ്റക്ക് ജീവിക്കാൻ കഴിയില്ലല്ലോ?” “അതെന്താ ജീവിച്ചാൽ? എത്രയോ സ്ത്രീകൾ ഭർത്താവ് ഉപേക്ഷിച്ചവരും മരിച്ചവരും കുഞ്ഞിനെ പോറ്റി വളർത്തി ജീവിച്ചിരിക്കുന്നു..? അവർക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്നല്ലോ. വീട്ടുജോലി ചെയ്തു വളർത്താമായിരുന്നില്ലേ എന്നെ..?

ഒന്നും വേണ്ട. ഒന്ന് ട്രൈ ചെയ്തു നോക്കാമല്ലോ, വീട്ടുകാർ എന്നെ സ്വീകരിക്കുമോ എന്നു. അതും ചെയ്തില്ലല്ലോ..? അപ്പോൾ അതിനർത്ഥം അവർ സ്വാർഥയാണ്. ഇപ്പോഴും അങ്ങനെ ആണല്ലോ.” നീലു വല്ലാതെ ഇമോഷണൽ ആകുന്നത് കണ്ട സുമിത്ര വിഷയം മാറ്റി: “നീ പോയി ബിരിയാണിയൊക്കെ കഴിച്ചിട്ട് വന്നു. നിന്റെ മൂഡ് മാറ്റാൻ നിന്റെ ഫേവറിറ്റ് നെയ്ചോറും ചിക്കനും ഉണ്ടാക്കി വച്ച ഞാൻ മണ്ടി..” നീലുവിലും അതു കേട്ട് ഒരു ചെറുചിരി വിരിഞ്ഞു: “അതിനെന്താ സുമിക്കുട്ടിയേ… ഞാനതും കഴിക്കൂലോ.” സംസാരിച്ചു വന്നപ്പോഴാതെ ദുഃഖം ഒഴിച്ചാൽ നീലുവിനെ ഇന്നത്തെ സംഭവം ബാധിച്ചിട്ടില്ല എന്ന് അവളുടെ പ്രവർത്തികളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. വീട്ടിൽ എല്ലാവർക്കും സമാധാനമായി.

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 പിറ്റേന്ന് നീലു പതിവുപോലെ ഓഫീസിൽ പോയി. വൈകുന്നേരം കുട്ടികൾക്ക് ബജി വാങ്ങാം എന്നു കരുതി തട്ടുകടയിൽ ചെന്നപ്പോൾ അനീഷ് അവിടെയുണ്ട്. “ഞാൻ എവിടെ പോയാലും ഉണ്ടല്ലോ..?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. “പക്ഷെ അവിടെയെല്ലാം ആദ്യം വരുന്നത് ഞാൻ ആയിരിക്കും. നീലിമ പിന്നെയാ വരാറ്. അല്ല എന്നാ ഈ വഴിക്കൊക്കെ?” അവനും ചിരിച്ചു. “കുട്ടികൾക്ക് ബജി വാങ്ങാം എന്നു കരുതി ഇറങ്ങിയതാണ്.” “മോള് ഇത്രേം നാൾ ഇതിലെ പോയിട്ട് ഇപ്പോഴാണല്ലോ ഇവിടൊന്ന് കയറുന്നത്” തട്ടുകട നടത്തുന്ന ഗോപി ചോദിച്ചു.

ശരിയാണ്, പത്തു വർഷത്തിൽ അധികമായി ഇവിടെ ജോലി ചെയ്യുന്നു. ഈ തട്ടുകട തുടങ്ങിയിട്ടും ഒരുപാട് നാളായി കാണും. ഇതുവരെ ഈ വശത്തേക്ക് നോക്കിയിട്ടില്ല. അതങ്ങനെയാണ്, കണ്ണിൽ കാണാതെ പോയ പല കാഴ്ചകളും പിന്നീട് മനസിൽ പതിയാറുണ്ട്, പക്ഷെ അത് ചിലരുടെ സാന്നിദ്ധ്യത്തിൽ ആണെന്ന് മാത്രം ☺️ കുറച്ചുനേരം സംസാരിച്ചു നിന്ന ശേഷം അവർ പിരിഞ്ഞു. നീലു വീട്ടിൽ എത്തുമ്പോൾ ഉമ്മറത്ത് അതിഥികൾ ഉണ്ടായിരുന്നു. അവൾ അവരെയൊന്ന് ചിരിച്ച ശേഷം അകത്തേക്ക് പോയി. “മോളെ നീ എന്താ വൈകിയത്? എന്തായാലും വേഗം പോയി മുഖം കഴുകി വാ. ഈ ചായ വന്നവർക്ക് കൊണ്ടുപോയി കൊടുക്ക്” ഗീത ധൃതിയിൽ പറഞ്ഞു. പെണ്ണുകാണൽ ആണ് നടക്കുനന്തെന്ന് മനസിലായി.

ആ സാഹചര്യത്തിൽ ഒന്നും പറയാൻ കഴിയില്ല എന്ന് മനസിലാക്കി അവൾ വേഗത്തിൽ റെഡിയായി ചെന്നു. ചായ കൊടുക്കുമ്പോൾ ചെക്കനെ ഒന്ന് നോക്കി. സുന്ദരനാണ്. ഒരു നാല്പത്തിനോടടുത്തു പ്രായം പറയും. വെട്ടിയൊതുക്കിയ മീശയും താടിയും. കാശിയേട്ടനെ ഓർമിപ്പിക്കുന്ന എന്തൊക്കെയോ അയാളിൽ ഉള്ളതായി തോന്നി. വിവാഹം വൈകിയതെന്തേ എന്ന പതിവ് ചോദ്യം അയാളിൽ നിന്ന് ഉണ്ടായില്ല. അച്ഛനും വല്യച്ഛനും എല്ലാം പറഞ്ഞെന്ന് തോന്നുന്നു. ആൾ നേരെ കാര്യത്തിലേക്ക് കടന്നു. ചെറിയൊരു പരിഭ്രമം പ്രകടമായിരുന്നു. “നീലിമ… ഞാൻ രാജേഷ്. ഒരു ബിസിനസ് ഒക്കെയായി ജീവിക്കുന്നു. താൻ.. താൻ KSEBയിൽ അല്ലെ വർക് ചെയ്യുന്നത്?”

“അതേ..” “ഹ്മ്മ… അച്ഛൻ പറഞ്ഞിരുന്നു തന്റെ കാര്യങ്ങളെല്ലാം. എന്റെ കാര്യങ്ങൾ താനും അറിയണമല്ലോ.” “എനിക്കങ്ങനെ ഒന്നും ഇല്ല രാജേഷ്” “പക്ഷെ എനിക്കുണ്ട്. എനിക്കൊരു മുസ്ലിം കുട്ടിയെ ഇഷ്ടമായിരുന്നു നീലിമ. അച്ഛൻ സ്‌കൂൾ മാഷ് ആണ് അറിയാമല്ലോ. ഞങ്ങളുടേത് അന്ന് അത്ര നല്ല സാമ്പത്തികമുള്ള കുടുംബം ഒന്നും ആയിരുന്നില്ല. സാമ്പത്തികവും മതവും വെല്ലുവിളി ആയപ്പോൾ അവളെ വീട്ടുകാർ വേറെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ നടുവിടാൻ തീരുമാനിച്ചു ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ നിൽകുമ്പോൾ അവളുടെ വീട്ടുകാർ അന്വേഷിച്ചെത്തി.

എന്നെ അടിക്കുന്നതിനു പകരം അവളെയാണ് അവർ ഉപദ്രവിച്ചത്. അതും എന്റെ കണ്മുന്നിൽ. രണ്ടു കയ്യും ബന്ധിച്ചു ഒന്നനങ്ങാൻ പോലും കഴിയാതെ ഞാൻ നിന്നു. ഒടുവിൽ അവൾ തല്ലുകൊണ്ട് മരിക്കും എന്നായിട്ടും അവർ അടങ്ങിയില്ല. അവസാനം ഞാൻ തന്നെ പറഞ്ഞു, അവളോട് അയാളെ വിവാഹം കഴിക്കാനും എന്നെ മറക്കാനും. ആ നിമിഷം വരെ ഓരോ അണുവും വേദനിച്ചിട്ടും ഒരുതുള്ളി കണ്ണുനീർ പൊഴിക്കാത്ത അവൾ എന്നെ ഒരു നോട്ടം നോക്കി. എന്റെ ഹൃദയം അവിടെ നിലച്ചു നീലിമ… മനുഷ്യൻ ചില സമയങ്ങളിൽ വല്ലാതെ നിസ്സഹായനായി പോകും.. അങ്ങനെ ആയിരുന്നു അന്നു ഞാനും” രാജേഷിന്റെ കണ്ണിൽ നീർ പൊഴിഞ്ഞു.

അവൻ പറയുന്ന കാര്യങ്ങൾ ഇപ്പോഴും ആ ഹൃദയം മുറിപ്പെടുത്തുന്നുണ്ടെന്ന് നീലു ഓർത്തു. “ആം സോറി. ഞാൻ തന്നെയും കൂടി…..” “ഹേയ് ഇറ്റ്‌സ് ഓക്കെ.. പിന്നെ.. ആ കുട്ടിയെ പിന്നെ കണ്ടില്ലേ..?” “ഇല്ല.. അവളുടെ കല്യാണം അവർ നിശ്ചയിച്ചതുപോലെ നടത്തി. അവസാനം കണ്ടപ്പോഴത്തെ അവളുടെ ആ നോട്ടം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. സ്നേഹിച്ച പെണ്ണിനെ സംരക്ഷിക്കാൻ കഴിയാത്തവൻ എന്ന ചിന്തയും എന്നെ തളർത്തി. അങ്ങനെയാണ് ഞാൻ ദുബായിലേക്ക് പോകുന്നതും സമ്പാദിക്കുന്നതും ഒക്കെ.. എല്ലാത്തിൽ നിന്നും ഒരു ഒളിച്ചോടൽ. പ്രായം നാല്പതിനോട് അടുക്കുന്നു.

വിവാഹം വേണമെന്ന് തോന്നിയില്ല ഇതുവരെ.” “പിന്നെ ഇപ്പോ വിവാഹം ആലോചിക്കാൻ കാരണം?” “ഇപ്പോൾ തന്നെ കുറിച്ചു എല്ലാം കേട്ടപ്പോൾ കൂടെ കൂട്ടാൻ ഒരു ആഗ്രഹം തോന്നി. അങ്ങനെയാണ് വന്നു കാണുന്നത്. ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണൽ ആണ് കേട്ടോ…” ആ പ്രതീക്ഷ നിറഞ്ഞ ചിരി നീലുവിനെ വേദനിപ്പിച്ചു. രാജേഷിനോട് ഇഷ്ടക്കേടൊന്നും തോന്നിയില്ല. എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ എവിടെയോ ഒരു സോഫ്റ്റ് കോർണർ ഉണ്ടാകുന്നും ഉണ്ട്. “എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. ഇനി താൻ പറയു” “ഞാൻ… എനിക്ക്… അച്ഛൻ എല്ലാം പറഞ്ഞല്ലോ.

ഞാൻ ഓർഫൻ ആണെന്നും മുൻപ് വന്ന കല്യാണങ്ങൾ മുടങ്ങിയ കഥയും എല്ലാം… അതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല.” “എങ്കിൽ.. തനിക്ക് സമ്മതം ആണെന്ന് കരുതിക്കോട്ടെ ഞാൻ?” അതിനൊരു മറുപടി അവൾക്ക് പറയാൻ ഉണ്ടായിരുന്നില്ല. രാജേഷിന് ഒരു പുഞ്ചിരി അവൾ സമ്മാനിച്ചു. രണ്ടു വീട്ടുകാരും പരസ്പരം കൈകൊടുത്തു പിരിഞ്ഞു. ജാതകത്തിൽ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ട് അതിനു മിനക്കെടുന്നില്ല എന്നവർ തീരുമാനിച്ചു. രാജേഷിന് ദുബായിലെ ബിസിനസിൽ ചില സെറ്റിൽമെന്റ്‌സ് ചെയ്യാനുണ്ട്. അടുത്തയാഴ്ച്ച പോയാൽ ഒരു രണ്ട്- രണ്ടര മാസം എടുക്കും.

അതു കഴിഞ്ഞു വിവാഹം നടത്താം എന്ന് ധാരണയായി. ചെമ്പമംഗലത്ത് എല്ലാവരും അന്ന് അതിയായ സന്തോഷത്തിൽ ആയിരുന്നു. നീലുവിന് അവൾ അർഹിക്കുന്ന തരത്തിൽ ഒരു ബന്ധം കിട്ടിയത് അവർക്ക് വലിയ ആശ്വാസം നൽകി. ഇന്നലെ അവളുടെ അമ്മ വന്ന് പറഞ്ഞ കാര്യങ്ങൾ കൊണ്ടു കൂടിയാണ് ഇത്ര വേഗം ഈ കല്യാണം അവർ പ്രോസിഡ്‌ ചെയ്തത്. എല്ലാത്തിലും ദീർഘവീക്ഷണമുള്ള മീനാക്ഷി പോലും രാജേഷിന്റെ ആലോചനയെ അനുകൂലിച്ചു. നീലുവിന് പക്ഷെ എന്തോ ഒരു കനൽ ഉള്ളിൽ ബാക്കി കിടക്കുന്നതായി തോന്നി. റൂമിൽ ചെന്നു ഫോണെടുക്കാൻ ബാഗ് തുറന്നപ്പോൾ വൈകുന്നേരം വാങ്ങിയ ബജി അതിൽ ഇരിക്കുന്നത് കണ്ടു.

എന്തുകൊണ്ടോ അവൾക്ക് അപ്പോൾ അനീഷിനെ ഓർമ്മവന്നു. വിവാഹത്തെകുറിച്ചു ചില ആശങ്കകളും. പരസ്പരം പ്രണയം തോന്നുന്നവർ അല്ലെ വിവാഹിതരാകേണ്ടത്..? അവരല്ലേ ഒരുമിച്ചു ജീവിക്കേണ്ടത്..? ആണോ? അറിയില്ല. അറേഞ്ച്ഡ് മാര്യേജുകൾ എല്ലാം ഇങ്ങനെയൊക്കെ ആയിരിക്കും. തന്റെ അച്ഛനും അമ്മയും വല്യച്ഛനും വല്യമ്മയും ഒക്കെ അങ്ങനെ ആണല്ലോ. അന്ന് ഫോൺ പോലുമില്ല, ഒന്നു വിളിക്കാനും പരസ്പരം അറിയാനും. പെണ്ണുകാണാൻ വന്നപ്പോൾ കണ്ടു, നിശ്ചയത്തിനു വീണ്ടും കണ്ടു, വിവാഹം കഴിച്ചു, ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. ജീവിതം തുടങ്ങുമ്പോൾ പ്രണയം താനേ തോന്നുമായിരിക്കും. അവൾ സമാധാനിച്ചു. (തുടരും)-

ഭാര്യ-2 : ഭാഗം 7

-

-

-

-

-