ഭാര്യ-2 : ഭാഗം 7

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

“ആരാ..?” നീലു ചോദിച്ചു. ആ സ്ത്രീയുടെ കൺകോണുകളിൽ നനവൂറിയോ..? മീനാക്ഷി മനുക്കുട്ടനെ അച്ഛന്മാരെ വിളിക്കാൻ പറമ്പിലേക്ക് പറഞ്ഞയച്ചു. “ഞാൻ… ഞാൻ.. നിൻറെ അമ്മയാ മോളെ…” അവർ സ്വയം നിയന്ത്രിച്ചു പറഞ്ഞൊപ്പിച്ചു. നീലു എന്തോ പറയാൻ പോയപ്പോഴേക്കും മീനാക്ഷി അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു. “‘അമ്മ വരൂ. ഉമ്മറത്തേക്കിരുന്നു സംസാരിക്കാം.” അവളെ അത്ര ഇഷ്ടപ്പെടാത്ത മുഖത്തോടെ തന്നെ അവർ ഉമ്മറത്തേക്കു കയറി. അകത്തുനിന്ന് ഗീതയും സുമിത്രയും ഇറങ്ങിവന്നു. ആഗതയെ കണ്ട അവരുടെ മുഖം വിളറി വെളുത്തു. അതേ ഭാവം തന്നെ ആയിരുന്നു ഹരിയിലും ശിവനിലും തനയ്യിലും കാണാൻ കഴിഞ്ഞത്. നീലുവിന്റെ ഭാവം മാത്രം ആർക്കും മനസിലാക്കാനായില്ല.

മീനാക്ഷി കൊണ്ടുകൊടുത്ത സംഭാരം അവർ ആർത്തിയോടെ മോന്തി. നീലുവിനെ പിടിച്ചു അരികിലിരുത്തി. മറ്റാരെയും ഗൗനിക്കുക പോലും ചെയ്യാതെ ആ കയ്യെടുത്തു തന്റെ നെഞ്ചോട് ചേർത്തു. പിന്നെ സംസാരിച്ചു തുടങ്ങി: “മോളെ… ഞാൻ.. നിന്നോടെന്താ പറയേണ്ടത് എന്നെനിക്ക് അറിയല്ല മോളെ. നിന്റെ അച്ഛമ്മ ഒരു പെൺകുഞ്ഞിനെയും കൊണ്ട് ആ പടി കടക്കരുത് എന്നു പറഞ്ഞിട്ടാണ് എന്നെ ആശുപത്രിയിൽ പ്രസവത്തിന് വിട്ടത്. നിൻറെ അച്ഛൻ ആണെങ്കിൽ ഒന്നിനും ധൈര്യം ഇല്ലായിരുന്നു. അമ്മ പറയുന്നത് വേദവാക്യം. നിന്റെ ചേച്ചിയെ തന്നെ അവർക്ക് ചതുർഥി ആയിരുന്നു. വേറെ നിവൃത്തി ഇല്ലാതെയാ നിന്നെ ഞാൻ ആശുപത്രിയിൽ ഉപേക്ഷിച്ചത്. കുറച്ചു ദിവസം മുൻപ് അവിടെ ഉണ്ടായിരുന്ന നഴ്‌സ് ശ്യാമളയെ ഞാൻ കണ്ടു. അവരാണ് പറഞ്ഞത് നീ ജീവിച്ചിരിക്കുന്ന കാര്യം.

എന്നാലും മോളെ.. ഈ പ്രായം വരെ മൂത്തു നരച്ചിരിവിടെ നിന്നിട്ടും നിന്നെ കല്യാണം കഴിച്ചയക്കാൻ ഇവിടെ ആരും ഇല്ലായിരുന്നോ..? അതോ നിന്റെ കയ്യിൽ നിന്നുള്ള വരുമാനം നിലക്കും എന്നു കരുതി ഇവരത് ചെയ്യാതിരുന്നതാണോ?” കേൾക്കാത്തത് എന്തോ കേട്ട രീതിയിൽ എല്ലാവരുടെയും മുഖം മങ്ങി. ഹരിയും ശിവനും അപമാനം കൊണ്ട് തല താഴ്ത്തി പോയി. എല്ലാ കണ്ണുകളും നീലുവിലേക്ക് ചെന്നപ്പോഴും അവൾ നിശ്ശബ്ദയായി നിന്നു. അവളുടെ മൗനം അവരെ കൂടുതൽ ദുഃഖത്തിലാഴ്ത്തി. പെട്ടന്ന് എല്ലാം ഉൾകൊള്ളാൻ നീലുവിന് കഴിയില്ല എന്ന് അറിയാവുന്നതുകൊണ്ടു തന്നെ അവളുടെ അമ്മക്ക് ആ മൗനം അനുകൂലമായി തോന്നി: “എന്തായാലും ഇനി ഇത് വേണ്ട മോളെ.. നിന്റെ പെറ്റമ്മ ജീവനോടെ ഉണ്ട്.

എന്റെ കൂടെ ഞാൻ കൊണ്ടുപോകാം നിന്നെ. നിന്റെ അച്ഛൻ ലോറി അപകടത്തിൽ തളർന്ന് കിടക്കുകയാണ്. നിന്നെ കണ്ടാൽ ഒരുപാട് സന്തോഷം ആകും ആ പാവത്തിന്.” അപ്പോഴും നീലു ഒന്നും മിണ്ടിയില്ല. വീട്ടുകാർ എല്ലാവരും ഞെട്ടലിൽ ആയിരുന്നു. നീലുവിനെ ഇവിടെ നിന്ന് കൊണ്ടുപോവുക എന്നു പറഞ്ഞാൽ അവർക്ക് ചിന്തിക്കാൻ പോലുമാവില്ല. കുട്ടികൾ രണ്ടാളും ഒന്നും മനസിലാകാതെ നിന്നു. നീലു പ്രതികരിക്കുന്നില്ല എന്ന് കണ്ട അവർ തുടർന്നു: “മോളെ നിന്റെ ചേച്ചിയുടെ മോൾക്ക് കല്യാണ പ്രായം ഒക്കെ ആയി. അറിയുമോ നിനക്ക്..? സർക്കാർ ജോലിക്കാരിയായ കുഞ്ഞമ്മ ഇവിടെ ഉള്ളപ്പോൾ അതൊരു ധർമകല്യാണം ആയി നടത്തേണ്ട ആവശ്യം ഉണ്ടോ മോളെ? അതിന്റെ കുറച്ചിൽ നിനക്കല്ലേ..?

നിൻറെ അനിയന്മാർ രണ്ടാളും ഗൾഫിൽ പോകാൻ വിസ വരാൻ കാത്തു നിൽക്കുകയാണ്. ഇപ്പോ നിന്നെ ഞാൻ അന്വേഷിച്ചു കണ്ടു പിടിച്ചത് നിന്റെ കൂടിപ്പിറപ്പുകളെയൊക്കെ സഹായിക്കാൻ ഉള്ള ഈശ്വരനിശ്ചയം നിനക്കായത് കൊണ്ടായിരിക്കും” അവർ പ്രതീക്ഷയോടെ നീലുവിനെ നോക്കി. “കഴിഞ്ഞോ?” എടുത്തടിച്ചത് പോലെ ആയിരുന്നു ചോദ്യം. അവർ ഒന്ന് ഞെട്ടിയതായി തോന്നി. “ഇനി എനിക്ക് സംസാരിക്കാമല്ലോ അല്ലെ..?” നീലു എല്ലാവരെയും ഒന്ന് നോക്കി. പിന്നെ പറഞ്ഞുതുടങ്ങി: “ഇത്രയും കാലം എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു. ഞാൻ എന്തെങ്കിലും ഒരു അവിഹിത സന്തതി ആയിരിക്കും എന്ന്. വളർത്താൻ വയ്യാത്ത അവസ്ഥയിൽ എന്റെ അമ്മ അച്ഛനില്ലാത്ത ഈ കുഞ്ഞിനെ ഉപേക്ഷിച്ചതാകും എന്നു. പക്ഷെ ഇപ്പോ.. എനിക്ക് അറപ്പ് തോന്നുകയാണ് നിങ്ങളോട്.

വളർത്താനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും സ്വന്തം അമ്മയിയമ്മയുടെ മുന്നിൽ നിന്ന് സംസാരിക്കാൻ പോലും ധൈര്യം കാണിക്കാതെ നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിച്ച നിങ്ങളോടെനിക്ക് അറപ്പാണ്, വെറുപ്പാണ്.” “മോളെ ഞാൻ…” “വേണ്ട. ഒരക്ഷരം നിങ്ങൾ ഇനി ശബ്ദിക്കരുത്. ഇപ്പോഴും എന്നെ അന്വേഷിച്ചു വന്നത് എന്നോടുള്ള സ്നേഹം കൊണ്ടല്ല, എന്റെ ജോലിയും സമ്പത്തും കണ്ടിട്ടാണ്. എന്തേ, എന്നെ തള്ളിക്കളഞ്ഞു ജന്മം നൽകിയ ആൺമക്കൾ വരുന്നില്ലേ ചേച്ചിയുടെ മോളെ കെട്ടിക്കാനും അച്ഛനെ ചികിൽസിക്കാനും..?” അവർ മറുപടിയില്ലാതെ തലകുനിച്ചു. “പിന്നെ നിങ്ങൾ പറഞ്ഞ ഈ സർക്കാർ ജോലി എനിക്ക് ആരും വീട്ടിൽ കൊണ്ടുവന്ന് തന്നതല്ല. എന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് എന്നെ പഠിപ്പിച്ചതിന്റെ ഫലമാണ് അത്. മനസിലായോ?”

അവർ ആയെന്ന ഭാവത്തിൽ തലയാട്ടി. “എന്നാൽ പിന്നെ “”അമ്മ”‘ ചെല്ലു. ഞാൻ ഒന്നു കിടക്കട്ടെ” നിറഞ്ഞുവന്നു കണ്ണുകൾ എല്ലാവരിലും നിന്ന് മറയ്ക്കാൻഅകത്തേക്ക് പോകാൻ തുനിഞ്ഞ നീലു പെട്ടന്ന് നിന്നു തിരിഞ്ഞവരെ നോക്കി. ആ കണ്ണുകളിൽ വീണ്ടും പ്രതീക്ഷ തിളങ്ങി. “ചേച്ചിയുടെ മോൾക്ക് വയസ് ഇരുപത് പോലും ആയിട്ടില്ലല്ലോ. അതിനെ മര്യാദക്ക് പഠിപ്പിക്കാൻ നോക്കു. ഇല്ലെങ്കിൽ അതും ഇതുപോലെ മകളുടെ കല്യാണത്തിന് ആരുടെയെങ്കിലും മുന്നിൽ കൈ നീട്ടേണ്ടി വരും.” ആ മുഖം മങ്ങി. നീലു അകത്തേക്ക് കടക്കുന്നതിന് മുൻപ് ഗീതയെയും സുമിത്രയെയും ചേർത്തു പിടിച്ചു. “കണ്ടിട്ടില്ലെങ്കിൽ കണ്ടോളൂ. ഇതാണെന്റെ അമ്മ. ഇത് വല്യമ്മ. ആ നിൽക്കുന്നത് അച്ഛനും വല്യച്ഛനും ഏട്ടനും എടത്തിയും എന്റെ ഉണ്ണികളും. ജന്മം നൽകിയ അമ്മ എന്ന നിലയിൽ എപ്പോ വേണമെങ്കിലും എന്നെ വന്ന് കാണാം. അമ്മക്ക് മാത്രം വേണമെങ്കിൽ എന്റെ അനുവാദത്തോടെ ഇവിടെ താമസിക്കാം.

അതും എന്റെ അനുവാദത്തോടെ മാത്രം. അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. ജന്മം കൊണ്ട് മാത്രം ആരും അമ്മയാകില്ല എന്നാണ് എന്റെ വിശ്വാസം.” കുഞ്ഞുങ്ങൾ ഒഴികെ അവിടെ കൂടിനിന്ന എല്ലാവരും കരയുകയായിരുന്നു. നീലുവിന്റെ അമ്മ സങ്കടം കൊണ്ടും മറ്റെല്ലാവരും സന്തോഷം കൊണ്ടും. “ഊണ് കൊടുത്തിട്ട് വിട്ടാൽ മതി അമ്മേ” അവൾ ഗീതയോട് പറഞ്ഞു മുറിയിലേക്ക് കയറി പോയി. തന്റെ പെറ്റമ്മയുടെ കണ്ണുനീർ അവളെ പൊള്ളിച്ചെങ്കിലും അവരുടെ സ്വാർത്ഥത അവളിൽ കോപം ഉളവാക്കി. താൻ അനാഥയാണ് എന്ന് തിരിച്ചറിഞ്ഞ സമയത്തു തന്നെ അന്വേഷിച്ചു കണ്ടുപിടിച്ചതാണ് തന്റെ കുടുംബം. ഒക്കെ അറിഞ്ഞിട്ടു ഇപ്പോൾ പതിനാല് വർഷം കഴിഞ്ഞു. വീട്ടമ്മയായ അമ്മക്ക് പറ്റിയ അബദ്ധം ആണ് താനെന്ന് കരുതിയാണ് ഇതുവരെ ജീവിച്ചത്.

അവരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തേണ്ട എന്നു കരുതി പിന്നീട് ആ വഴിക്ക് പോയില്ല. പക്ഷെ കാര്യങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു. അമ്മയുടെ ഭർത്താവിന്റെ ആക്സിഡന്റും അനിയന്മാരുടെ കുത്തഴിഞ്ഞ ജീവിതവും പതിനെട്ട് വയസിൽ വിവാഹം കഴിപ്പിച്ചയച്ച ചേച്ചിയുടെ ദുരിതവും എല്ലാം. അച്ഛനാണ് അതെന്ന് അറിയില്ലായിരുന്നു. എങ്കിലും പലരിലൂടെയായി അവർ പോലുമറിയാതെ സാമ്പത്തികമായി സഹായിച്ചിരുന്നു. മുപ്പത്തിയാറു വർഷങ്ങൾക്ക് ശേഷം പെറ്റമ്മ അന്വേഷിച്ചു വന്നപ്പോൾ അത്ഭുതം തോന്നി. ഒപ്പം സന്തോഷവും. പക്ഷെ അവർക്ക് വേണ്ടത് തന്നെയല്ല, താൻ കൂടെ ചെന്നാൽ കിട്ടുന്ന പണത്തെ മാത്രമാണ് എന്നു തിരിച്ചറിഞ്ഞപ്പോൾ വെറുപ്പ് തോന്നി. “വേണ്ട. എനിക്കാരും വേണ്ട..” മുഖം കഴുകി അമർത്തി തുടച്ചു വേഷം മാറി സ്‌കൂട്ടറിന്റെ ചാവിയും എടുത്തു നീലു പുറത്തേക്കിറങ്ങി.

ഈ സമയം മീനാക്ഷി എല്ലാവരെയും ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു. നീലുവിന്റെ അമ്മയോട് പക്ഷഭേദം കാണിക്കാൻ ഒന്നും നിന്നില്ല. മീനാക്ഷിയുടെ സാനിധ്യം ആ സാഹചര്യത്തിന്റെ സമ്മർദത്തിന് അയവു വരുത്തി. ഊണ് കഴിക്കാൻ നീലുവിനെ വിളിക്കാൻ വന്നപ്പോഴാണ് അവൾ പുറത്തേക്ക് പോകാൻ റെഡിയായി വരുന്നത് കാണുന്നത്. “നീ ഇത് എവിടേക്കാ..?” തനയ് ചോദിച്ചു. “ഏട്ടാ.. ഞാൻ.. ഞാനൊന്ന് പുറത്തു പോയിട്ട് വരാം.” “ഊണ് കഴിക്കുന്നില്ലേ?” “വേണ്ട ഏട്ടാ. വിശപ്പില്ല” വീണ്ടും എന്തോ പറയാൻ തുടങ്ങിയെങ്കിലും അതു വിഴുങ്ങി അവൻ നീലുവിനെ പോകാൻ അനുവദിച്ചു. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 എവിടേക്കാണ് പോകേണ്ടത് എന്നൊരു രൂപവും കിട്ടിയില്ല. മനസ് ആകെ കലങ്ങി മറിഞ്ഞതുപോലെ. ടൗണിലേക്ക് നീങ്ങാൻ തീരുമാനിച്ചു.

വഴിയരികിൽ കരിക്ക് വിൽക്കുന്നത് കണ്ടപ്പോൾ ഒരെണ്ണം വാങ്ങി കുടിച്ചു. തിരികെ വണ്ടിയിൽ കയറാൻ പോകുമ്പോഴാണ് അനീഷിനെ വീണ്ടും കണ്ടത്. “പെങ്ങ.. സോറി നീലിമ എന്താ ഇവിടെ..? വണ്ടി വീണ്ടും ഓഫ് ആയോ?” നീലുവിന് ദേഷ്യം വന്നു: “ഓഫ് ആയതൊന്നും അല്ല. ഞാനൊരു കരിക്ക് കുടിക്കാൻ നിന്നതാണ്” “ടെൻഷൻ വരുമ്പോൾ കരിക്ക് കുടിക്കുന്നത് നല്ലതാണോ?” തന്റെ കണ്ണുകളിലേക്ക് നോക്കിയുള്ള അവന്റെ ചോദ്യത്തിൽ അവളൊന്നു പതറി. “അതിന്.. എനിക്ക്.. എനിക്ക് ടെൻഷൻ ഉണ്ടെന്ന് അനീഷിനോട് ആരു പറഞ്ഞു..?” “ആരും പറയേണ്ട. എന്തോ കാര്യമായ കുഴപ്പത്തിൽ ആണെന്ന് ഈ നെറ്റിയിൽ എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ട്.” അവൻ പറഞ്ഞതു കേട്ട് നീലുവിന്റെ കൈ അറിയാതെ നെറ്റിയിലേക്ക് പോയി.

അതുകണ്ട് അവൻ പൊട്ടിച്ചിരിച്ചു. അബദ്ധം പിണഞ്ഞത് മനസിലായി ആദ്യം അരിശം തോന്നിയെങ്കിലും മെല്ലെ ആ ചിരി നീളുവിലേക്കും പടർന്നു. “എന്തായാലും ടെന്ഷനിൽ അല്ലെ. ഞാനീ മ്യൂസിയവും സൂ വും ഒക്കെ കാണാൻ പോകുവാ. ഒരു കമ്പനിക്ക് വരുന്നോ?” അവന്റെ വാക്ക് നിരസിക്കാൻ അവൾക്ക് അപ്പോൾ മനസ് വന്നില്ല. ആരെങ്കിലും ഒന്ന് കൂടെയിരിക്കാൻ ആ നിമിഷം അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു. “എന്റെ കൂടെ വന്നാൽ ഹസ്ബൻഡിന് കുഴപ്പം ഒന്നും കാണില്ലല്ലോ അല്ലെ?” ആ ചോദ്യം നീലുവിനെ വീണ്ടും അമ്പരപ്പിച്ചു. “ഞാൻ മാരീഡ്‌ അല്ല അനീഷ്.” സാധാരണ അത് പറയുമ്പോൾ കാണാറുള്ള സഹതാപം ആ മുഖത്തു കണ്ടില്ല. അവിടെ അത്ഭുതം മാത്രം ആയിരുന്നു. “ഞാനും.

ഞങ്ങടെ ഹൈറേഞ്ചിലേക്ക് പെണ്ണ് കിട്ടാൻ ഇല്ലന്ന്..” അവൻ ചിരിച്ചു, അവളും. രണ്ടാളും ടിക്കറ്റെടുത്ത് മൃഗശാലക്ക് അകത്തേക്ക് കടന്നു. “എങ്ങനെയുണ്ട് ഞങ്ങളുടെ തൃശൂർ? ഇഷ്ടമായോ?” “പിന്നെ.. നല്ല സ്ഥലം ആണ്. പക്ഷെ ആളുകൾ ഒക്കെ മടിയന്മാർ ആണല്ലോ?” നീലു അവനെ കൂർപ്പിച്ചു നോക്കി. “നോക്കേണ്ട. എല്ലാവരും അല്ല. പക്ഷെ ഞങ്ങളുടെ നാട്ടിലേക്കാളും പണിക്കാർ അല്പം ഉഴപ്പാണ് എന്നു തോന്നി. “ആണോ..?” “ആന്നേ.. പിന്നെ ഇവിടെ ചെറിയ പിള്ളേര് മുതൽ പ്രായമായ അപ്പാപ്പന്മാർ വരെ സൈക്കിളിൽ അല്ലെ പോകുന്നെ. അത് ഞാൻ അവിടെങ്ങും കണ്ടിട്ടില്ല.” അത് ശരിയാണെന്ന് നീലുവിനും തോന്നി. വെറുതെ ജങ്ഷനിൽ പോയി നിന്നാൽ നാലു പേരെങ്കിലും സൈക്കിളിൽ വരുന്നത് കാണാം. “അനീഷ് ഇനിയെന്നാണ് നാട്ടിലേക്ക്?” “അടുത്തയാഴ്ച പോണം. അളിയനും പെങ്ങളും വരുന്നുണ്ട്.

അവര് തിരുവനന്തപുരത്താണ്.” “എന്തു ചെയ്യുന്നു?” “പെങ്ങള് അവിടൊരു കോളേജിൽ ടീച്ചർ ആണ്. അളിയൻ ടെക്‌നോപാർക്കിൽ” “ആഹാ.. കൊള്ളാലോ. വീട്ടിൽ ആരൊക്കെയുണ്ട്..?” “പപ്പയും അമ്മയും പെങ്ങളും ഇപ്പോ അളിയനും. എന്നേം പഠിപ്പിക്കാൻ വിട്ടതാ. അന്ന് നമ്മക്ക് അതിലൊന്നും താല്പര്യം തോന്നിയില്ല. ക്ലാസ് കട്ട് ചെയ്തു കൂലിപ്പണിക്ക് പോയി. കാശ് കിട്ടി തുടങ്ങിയപ്പോൾ അത് സ്ഥിരമാക്കി. ഒടുവിൽ അപ്പൻ കണ്ടു പിടിച്ചു. പിന്നെ പുള്ളീടെ കൂടെ പറമ്പിലേക്കിറങ്ങി. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ” അവൻ ഒന്നു നേടുവീർപ്പെട്ടു. “എന്നാര് പറഞ്ഞു..? പഠിക്കാൻ പ്രായം ഒരു പ്രശ്നം ആണോ അനീഷ്? തൊണ്ണൂറ്‍ വയസുള്ള അമ്മ SSLC പാസായ കഥ വായിച്ചില്ലേ? വേണമെന്ന് വച്ചാൽ നടക്കും” “അതും ശരിയാണ്” അവൻ ചിന്തയോടെ പറഞ്ഞു.

സൂവിൽ കറങ്ങി ഒരുമിച്ചു ഭക്ഷണവും കഴിഞ്ഞു വടക്കുംനാഥനിൽ കുറെ നേരം ഇരുന്നു പുത്തൻപള്ളിയിലും ഒന്നു കയറിയിട്ടാണ് അവർ പിരിഞ്ഞത്. ഈ സമയം കൊണ്ട് നീലുവും അനീഷും നന്നായി അടുത്തു. പെങ്ങൾ വിളി മാറ്റിയത് നന്നായി എന്ന് ഇരുവർക്കും തോന്നി. പ്രത്യേകിച്ചു അനീഷിന്. ഇടക്ക് പലപ്പോഴും തന്റെ മനസ് കൈവിട്ടു പോകുന്നത് അവൻ അറിഞ്ഞു. ഒരുമിച്ചു സമയം ചിലവഴിക്കുമ്പോൾ മറ്റൊരിക്കലും ലഭിക്കാത്തവണ്ണം സമാധാനവും സന്തോഷവും ഉള്ളിൽ നിറയുന്നതായി അവർ രണ്ടാൾക്കും തോന്നി. അതുവരെ ഉണ്ടായിരുന്ന വേദനകളും സമ്മർദ്ധങ്ങളും ആവിയായി പോയതുപോലെ.

മുപ്പത്തിയാറും മുപ്പതിമൂന്നും വയസുള്ള തങ്ങൾക്ക് ഈ പ്രായത്തിൽ ഒരു പ്രണയം.. അല്ലെങ്കിലും ഇത്ര ചുരുങ്ങിയ സമയത്തെ ഇടപെടൽ കൊണ്ടു പ്രണയം തോന്നുമോ? അതും പുരുഷനേക്കാൾ പ്രായക്കൂടുതൽ സ്ത്രീക്ക് ഉള്ളപ്പോൾ..? രണ്ടാളും ജീവിതത്തിന്റെ കയറ്റിറക്കങ്ങൾ കണ്ടു വന്നവരാകുമ്പോൾ പ്രത്യേകിച്ചും..? അല്ല. പ്രണയം അല്ല. പക്ഷെ എന്തോ ഒരു മാജിക്, അത് തങ്ങൾക്കിടയിൽ ഉള്ളതുപോലെ. അത് എന്താണെന്ന് മാത്രം അപ്പോൾ അവർക്ക് മനസിലായില്ല… (തുടരും)-

ഭാര്യ-2 : ഭാഗം 6

-

-

-

-

-