Wednesday, January 22, 2025
Novel

ഭദ്രദീപ് : ഭാഗം 7

എഴുത്തുകാരി: അപർണ അരവിന്ദ്


പ്രണയം തോന്നാൻ നിമിഷങ്ങൾ മതിയോ.. എനിക്ക് അത്ഭുതം തോന്നി.. ആ കണ്ണുകളിലേക്ക് ഞാൻ ആഴ്ന്നിറങ്ങുന്നപോലെ തോന്നുന്നുണ്ടായിരുന്നു..

അദ്ദേഹം അടുത്തുള്ള ഓരോ നിമിഷവും ഗുൽമോഹർ പൂക്കളെപോലെ എന്റെ കവിളും ചുവന്നുതുടുക്കാൻ തുടങ്ങി.. പറഞ്ഞറിയിക്കാൻ പറ്റാത്തവിധം നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു..

അത് ശരി… മഴ കൊണ്ട് നനഞു നിൽക്കാൻവേണ്ടിയാണോ എന്നോട് ബൈ പറഞ്‍ ഇങ്ങോട്ട് വന്നത്.. എന്റെ ഭദ്രേ… നിന്നെക്കൊണ്ട് ഞാൻ തോറ്റു.. ഈ മഴയുംകൊണ്ട് പനി വന്നാൽ അമ്മേടെ വായിന്ന് ഞാൻ കേൾക്കേണ്ടിവരും

ദിയ കലിതുള്ളികൊണ്ട് പാഞ്ഞുവരുന്നുണ്ട്.. ഞാനാണെങ്കിൽ ആകെമൊത്തം നനഞ് കുളിച്ചുനിൽക്കുകയാണ്.. കാറ്റടിക്കുമ്പോൾ ശരീരമാകെ വിറക്കാൻ തുടങ്ങിയിരുന്നു.. ദീപക് സാറും അതേ അവസ്ഥയിലാണ്.. ഞങ്ങൾ രണ്ട് പേരും നനഞ് വിറച്ചു ദിയയെയും നോക്കി നിൽപ്പാണ്

എനിക്ക് വല്ലാണ്ട് തണുക്കുന്നുണ്ട്..
ദിയ വന്നപ്പോൾ കൈ രണ്ടും മുറുക്കിപ്പിടിച്ച് വിക്കി വിക്കി ഞാൻ പറഞ്ഞു.. തണുപ്പുകൊണ്ട് പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു..

മഴ നനഞ് നിന്നാൽ തണുക്കാതെ പിന്നെ എന്താ ഉണ്ടാവാ.. രണ്ടിനും നല്ല തല്ലുകിട്ടാത്ത കുഴപ്പാ… എന്നാലും ന്റെ ദീപു ഏട്ടാ.. ഏട്ടന് പോലും ബോധമില്ലാതായ് പോയല്ലോ
ദിയ വീണ്ടും കണ്ണുരുട്ടാൻ തുടങ്ങി..

ദിയമോളെ.. ഏട്ടൻ ഒന്നിനുമില്ല ട്ടോ.. ഞാൻ വരുമ്പോ ഈ ഭദ്ര മഴകൊണ്ട് നിൽക്കുന്നു.. അവളെ പറഞ്‍ മനസിലാക്കാൻ വന്നതും ഈ ഭദ്ര എന്റെ കുട ഒറ്റ തട്ട്… ശോ… അങ്ങനെയാ ഞാനും നനഞ്ഞത്.. അല്ലാതെ ഈ ഏട്ടൻ ഇങ്ങനെ മഴ നനഞ് നിൽക്കുമോ.. നിനക്കറിയില്ലേ നിന്റെ ദീപുഏട്ടനെ..

ദിയയുടെ മുഖത്തുനോക്കി ദീപക് സാർ കള്ളം പറയുന്നത് കേട്ട് ഞാൻപോലും വാ പൊളിച്ചുപോയി..

ഇങ്ങനെയും ഉണ്ടോ മനുഷ്യൻ… എനിക്കാകെ കലി കയറുന്നുണ്ടായിരുന്നു.. എന്നെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് അങ്ങേര് വീണ്ടും ദിയയെ സോപ്പിടാൻ തുടങ്ങി… ദിയ ഒരുവിധം അടങ്ങിയപ്പോൾ ഞങ്ങൾ വീട്ടിലേക്ക് പോകാൻ പുറപ്പെട്ടു.. കാറിന്റെ അടുത്ത് നന്ദന ഞങ്ങളെയും കാത്ത് നിൽക്കുന്നുത് ദൂരെ നിന്നുതന്നെ കാണുന്നുണ്ടായിരുന്നു…

ഓഹോ.. അപ്പൊ അതാണ് കാര്യം… കള്ളാ.. ദീപക് മേനോനെ…
ദിയ ദീപക് സാറിനെ നുള്ളിപ്പറച്ചുകൊണ്ട് ചിരിക്കുന്നുണ്ട്..

എന്താ ദിയേ… നിനക്ക് വട്ടായോ..
സാർ അവളെയും നോക്കി അന്തം വിട്ട് നിൽപ്പാണ്..

ആ.. ഇനി അങ്ങനെയൊക്കെ പറഞ്‍ രക്ഷപെടാൻ നോക്കണ്ട… എല്ലാം മനസിലായി.. ല്ലെ ഭദ്രേ.. ദിയ വീണ്ടും ചിരിക്കാൻ തുടങ്ങി..

എന്താ ദിയേ… എനിക്ക് മനസിലായില്ല. ഞാൻ എന്തെന്നുള്ള മട്ടിൽ ദിയയെ നോക്കി നിന്നു..

എന്റെ ഭദ്രേ.. ഏട്ടൻ രാവിലെ വൈറ്റ് ഷർട്ട്‌ ഇട്ടാണ് വന്നത്.. ഇപ്പൊ നോക്ക് നന്ദു ന് മാച്ച് ആവാൻ ബ്ലൂ ഷർട്ട്‌ ഇട്ട് വന്നത് കണ്ടോ…

ദിയ അതും പറഞ്‍ ചിരിയോട് ചിരി.. എനിക്ക് അത് കണ്ടപ്പോൾ അവള്ക്കൊന്നു കൊടുക്കാനാണ് തോന്നിയത്.. അവളും അവളുടെ ഒരു നന്ദുവും.. ദീപക് സാറിനെ നോക്കിയപ്പോൾ അങ്ങേരും ഒരു ഇളിഞ്ഞ ചിരിയും ചിരിച്ചു നിൽപ്പാണ്..

ഇത്രയും നിസാര കാര്യമായിട്ടുകൂടി എനിക്കെന്തോ വല്ലാത്തൊരു വിഷമം തോന്നി.. ഇനി നന്ദുന് മാച്ച് ആവാനാണോ സാറും ഷർട്ട്‌ മാറ്റി വന്നത്.. എനിക്കാകെ കൺഫ്യൂഷൻ ആയി.. അവരുടെ കൂടെ കാറിൽ കയറുമ്പോളും, ദിയ എന്തൊക്കെയോ പറയുമ്പോളും എന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു…

വീട്ടിൽ എത്തിയപ്പോൾതന്നെ ദിയ മഴകൊണ്ടകാര്യം അമ്മയോട് പറഞ്‍ പിരികേറ്റുന്നുണ്ടായിരുന്നു,അതിന്റെ പ്രതിഫലമെന്നപോലെ അമ്മയോട് നല്ല അസ്സല് ചീത്തയും കേട്ടു….

രാത്രി നല്ല മഴയായിരുന്നു.. എനിക്ക് ഉറക്കം വരുന്നുപോലും ഉണ്ടായിരുന്നില്ല.. നന്ദനയും ദീപക് സാറും മനസ്സിൽ നിറഞ് നിൽക്കുകയാണ്.. അതല്ലെങ്കിലും അങ്ങനെയാണല്ലോ നഷ്ടമാവുമെന്നു തോന്നുന്നിടത് നിന്നാണല്ലോ സ്നേഹം തുടങ്ങുക .

അതേ… എനിക്കും അങ്ങനെതന്നെ… സാർ നന്ദനയ്ക്ക് സ്വന്തമാവുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല.. നെഞ്ച് നീറുന്ന പോലെ തോന്നി.. ദീപക് സാറിന് നന്ദനയെ ഇഷ്ടമായിരിക്കുമോ… ആകെ അസ്വസ്ഥത തോന്നി.. ചിന്തകൾക്കൊടുവിൽ എപ്പോളാണ് ഉറങ്ങിയതെന്ന് ഓർമയില്ല.. രാവിലെ അമ്മ വിളിച്ചപ്പോളാണ് പിന്നെ കണ്ണ് തുറക്കുന്നത്..

വേഗം റെഡിയായി സ്കൂളിലേക്ക് പോകാനൊരുങ്ങി.. ഇന്നും കൊണ്ടുപോകാൻ ദിയ വരുമെന്ന് പറഞ്ഞിരുന്നു. പുറത്തേക്കിറങ്ങിയതും ദീപക് സാറിന്റെ കാർ മുൻപിൽ എത്തിയിരുന്നു..

ഇന്ന് ദിയ ലീവ് ആണ്… ഭദ്രയെ സ്കൂളിൽ വിടാൻ അവളാണ് പറഞ്ഞത്..
ദീപക് സാർ അമ്മയോട് പറയുന്നത് കേട്ടു..

എന്നെ ആരും കൊണ്ടുവിടുകയൊന്നും വേണ്ടാ..തനിയെ പൊയ്ക്കോളാം..
ഞാൻ കുറച്ച് ഗൗരവത്തിൽ പറഞ്ഞു.

ഞാനും സ്കൂളിലേക്ക് തന്നെയാണ്.. നീ വന്ന് വണ്ടിൽ കയറ്..

അമ്മയുംകൂടെ നിർബന്ധിച്ചപ്പോൾ ഞാൻ സാറിന്റെ കൂടെ കാറിൽ കയറി.. ഞങ്ങൾക്കിടയിൽ ഒന്നും സംസാരിക്കാൻ ഇല്ലായിരുന്നു.. എനിക്കെന്തോ ആ നന്ദനയുടെ മുഖമാണ് എപ്പോളും ഓർമ വരുന്നത്.. ആകെ ഭ്രാന്ത്‌ പിടിച്ചിരിക്കുന്ന അവസ്ഥ…

ഇന്നെവിടെ പോയി സാറിന്റെ നന്ദു..
ഞാനൊരു പുച്ഛഭാവത്തിൽ ചോദിച്ചു..

അതോ..കല്യാണനിശ്ചയം ആവാറായല്ലോ.. അതിന്റെ ഒരുക്കത്തിലാണ്..

നിശ്ചയമോ… ആർക്ക്..

നന്ദുനും…..പിന്നെ…..
ഒന്നും മിണ്ടാതെ ഒരു ഇളിഞ്ഞ ചിരി ചിരിച്ച് അങ്ങേര് മൂളിപ്പാട്ട് പാടാൻ തുടങ്ങി…
എന്റെ സമനില തെറ്റുന്നപോലെ തോന്നി.. നാശം എപ്പോളാണോ ഇയാളുടെ കൂടെ വണ്ടിയിൽ കയറാൻ തോന്നിയത്..

നന്ദു നല്ല കുട്ടിയല്ലേ… എന്താ ഒരു ഐശ്വര്യം.. ആ മുടി കണ്ടാൽ ഏത് മനുഷ്യനും ഒന്ന് നോക്കിപ്പോകും.. ശോ… ഓർക്കും തോറും എനിക്കെന്തോ പോലെ…

അയ്യേ.. ഇതെന്തോന്ന് മനുഷ്യനാ.. ഇങ്ങനെയും ഉണ്ടോ ആണുങ്ങൾ.. അയാൾക്കിട്ടൊരു ചവിട്ട് കൊടുക്കാനാണ് ആദ്യം തോന്നിയത്… തലയ്ക് പ്രാന്ത് പിടിക്കുന്നുണ്ട്.. മൂപ്പരാണെങ്കിലോ നന്ദു നന്ദു ന്ന് പറഞ്‍ അവളുടെ പുരാണമേ പറയാനുള്ളു.. നന്ദു ന് മുടിയുണ്ട്, നന്ദു കാലുണ്ട് നന്ദുന് വാലുണ്ട് അങ്ങനെയങ്ങനെ അവൾക്കില്ലാത്തതൊന്നുമില്ല.. പിന്നെ നമ്മളൊക്കെ ചുമ്മാ ആണല്ലോ.. ഇതൊക്കെ നമുക്കും ഉണ്ട്. എന്റെ മുടിയ്ക്ക് എന്താ ഒരു കുഴപ്പം.. നല്ലതാണല്ലോ.. നന്ദു പുരാണം കേട്ട് എനിക്ക് നല്ല ദേഷ്യം വരാൻ തുടങ്ങി…

വണ്ടി നിർത്തു….
ഞാൻ കുറച്ച് ശബ്‌ദം കനപ്പിച്ചു പറഞ്ഞു..

എന്താ ഭദ്രേ… എന്താ പറഞ്ഞത്..

വണ്ടി നിർത്താൻ..

താൻ ഇതെന്തൊക്കെയാ പറയുന്നേ.. സ്കൂൾ എത്താൻ ആവുന്നേയുള്ളു..

സാർ പ്ലീസ് വണ്ടി നിർത്തു.. ഇല്ലെങ്കിൽ ഞാനിപ്പോൾ ഡോർ തുറന്ന് പുറത്തേക്ക് ചാടും..

എന്റെ ആ ഡയലോഗിൽ മൂപ്പര് പേടിച്ചു വണ്ടി നിർത്തി.. ഒന്ന് നോക്കുക പോലും ചെയ്യാതെ കാറിൽ നിന്നിറങ്ങി ഞാൻ മുൻപോട്ട് നടന്നുനീങ്ങി..ദീപക് സാർ അപ്പോളും ഒന്നും മനസിലാകാതെ തരുത്ത് നിൽക്കുകയായിരുന്നു..

ബസ്സിൽ തൂങ്ങിപ്പിടിച്ച് സ്കൂളിൽ എത്തിയപ്പോൾ മുൻപിൽ തന്നെ ദീപക് സാർ ഉണ്ട്.. ഒന്ന് പുഞ്ചിരിക്കാൻ പോലും എനിക്കപ്പോൾ തോന്നിയില്ല.. എന്തോ മരവിച്ച അവസ്ഥയായിരുന്നു.. ക്ലാസ്സ്‌ എടുക്കുമ്പോഴും വരാന്തയിലൂടെ പലപ്പോളായി ദീപക് സാർ നടക്കുന്നത് കണ്ടിരുന്നു, വൈകുന്നേരം വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോളും സാർ എന്നെയും കാത്ത് ഗ്രൗണ്ടിൽ നിന്നെങ്കിലും ഞാൻ ബസ്സിനാണ് പോയത്.. പകുതിവഴിയിൽ എത്തിയപ്പോളാണ് ദിയയുടെ ഫോൺ കാൾ വരുന്നത്..

ഹലോ.. ഭദ്രേ

എന്താ ദിയാ

നീ എന്താ എനിക്ക് വയ്യെന്നറിഞ്ഞിട്ടും ഒന്ന് വിളിക്കുക പോലും ചെയ്‍തിരുന്നേ… എനിക്ക് സങ്കടായിട്ടോ.. ഏട്ടൻ നിന്നെ ഡ്രോപ്പ് ചെയ്ത് തന്നില്ലേ..

സോറി ദിയ…

എന്താടി.. എന്താ ഉഷാറില്ലല്ലോ.. എന്ത് പറ്റി

ഒന്നുമില്ല.. ഞാൻ വിളിക്കാം ദിയാ..

ഓഹ് വെക്കല്ലേ… ഒരു കാര്യം ണ്ട്.. നിന്നോട് ഒന്ന് വീട്ടിൽ വരാൻ പറഞ്ഞിട്ടുണ്ട് അച്ഛൻ.. ഈ വഴി വരണേ നീ.. അച്ഛൻ നിന്നെ കാത്തിരിക്കയാണ്..

എന്തിനാ ദിയാ.. എന്തെങ്കിലും പ്രോബ്ലം..

അറിയില്ല ഭദ്രേ… നീ വാ..

ഹലോ… ഹലോ….

വേറെ ഒന്നും പറയാതെ ദിയ ഫോൺ വെച്ചു.. ഈശ്വരാ ദീപക് സാർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ… അദ്ദേഹത്തോട് ധിക്കാരം കാണിച്ചപോലെയാണല്ലോ ഞാൻ പെരുമാറിയത്…മനസ്സ് നിറയെ ആകെയൊരു ഭയം നിറഞ്ഞിരുന്നു.. ദിയയുടെ വീടിന്റെ അടുത്താണ് ബസ്സ് ഇറങ്ങിയത്.. സകല ദൈവങ്ങളെയും വിളിച്ചുകൊണ്ട് ഞാൻ അവളുടെ വീട്ടിലേക്ക് നടന്നു..

അച്ഛനും അമ്മയും ദിയയും എന്നെ കാത്തിരിക്കുകയായിരുന്നു.. ദീപക് സാർ എന്നെ ശ്രെദ്ധിക്കുകപോലും ചെയാതെ ചായ കുടിച്ചുകൊണ്ടിരിക്കുകയാണ്.. അമ്മ എന്നെ തൊട്ടും തലോടിയും ഓരോ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്.. ഭാമയോടും അമ്മയോടും വരാൻ വൈകുമെന്ന് അറിയിച്ചിരുന്നു..

ഭദ്രേ… മോളെ.. ഞാൻ വിളിച്ചത് എന്തിനാണെന്ന് പറഞ്‍ തുടങ്ങാം… അല്ലെ..
രാഘവൻ സാർ എന്നെ നോക്കി ചോദിച്ചു..

പറയൂ സാർ… എന്താണ് പ്രശ്നം.. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ..

ഏയ്.. അതൊന്നുമല്ല ഭദ്രേ… നീ ഞങ്ങളുടെ കമ്പനിയിൽ ജോയിൻ ചെയ്തത് മുതൽ നമുക്ക് പല ഫോൺ കോളുകളും വന്നിരുന്നു..നിന്നെ ജോലിയിൽ നിന്നൊഴിവാക്കാൻ പലരും ശ്രെമിച്ചു.. ഞാനും ദീപക്കും അതിനെ പറ്റി ഒരന്വേഷണം നടത്തി,ആരാണ് അതിന് പിന്നിലെന്ന് കുറച്ചു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്..

എന്താണ് പറയുന്നതെന്ന് വ്യകതമാകാതെ ഞാൻ അദ്ദേഹത്തെ നോക്കിനിന്നു..

എല്ലാത്തിനും പിന്നിൽ.. ആ രവി ശങ്കർ തന്നെയാണ് മോളെ.. അയാളാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത്..

അറിയാം സാർ.. പക്ഷേ എന്തിനാണ് അയാൾ ഞങ്ങളുടെ കുടുംബം തകർക്കുന്നത് എന്നുമാത്രമാണ് അറിയാത്തത്.. ഉപകാരം അല്ലാതെ മറ്റൊന്നും ഞങ്ങൾ ചെയ്തിട്ടില്ല.. പക്ഷേ എന്ത്‌ ചെയ്യാം…
എന്റെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി..

രവിശങ്കറും നിങ്ങളുടെ കുടുംബവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ..

ഇല്ലാ സാർ.. ഒരിക്കൽ ജോലി അന്വേഷിച്ച് രവി അങ്കിൾ വീട്ടിൽ വന്നതായിരുന്നു.. അങ്ങനെയാണ് അച്ഛൻ അയാളെ കണ്ടുമുട്ടുന്നത്..

ഓഹോ.. അങ്ങനെയാണോ കരുതിയിരിക്കുന്നത്.. നിങ്ങളെ അയാൾ പറ്റിക്കുകയായിരുന്നു.. മോൾടെ അച്ഛന് ഒരു സഹോദരി ഉള്ള കാര്യം അറിയാമോ..

ആ അറിയാം… സുഭദ്ര അപ്പച്ചി.. അപ്പച്ചിയുടെ ഓർമയിലാണ് എനിക്ക് ഭദ്ര എന്ന് പേരിട്ടത്.. അന്യജാതിയിൽപെട്ട ആളുമായി ഇഷ്ടത്തിലായതുകൊണ്ട് തറവാട്ടിൽ നിന്ന് ഒളിച്ചോടിയതായിരുന്നു അപ്പച്ചി.. അച്ഛൻ എപ്പോളും അത് പറഞ്‍ കരയുമായിരുന്നു.. അന്നത്തെ കാലമല്ലേ.. തറവാട്ടിൽ കയറാൻ പോലും പിന്നീട് അപ്പച്ചിയെ അനുവദിച്ചില്ല.. എവിടെയാണെന്നോ എന്താണെന്നോ അറിയില്ല..

ഹം.. രവി ശങ്കർ സുഭദ്രയുടെ ഭർത്താവാണ് ..

എന്താ….. എന്തൊക്കെയാണ് സാർ പറയുന്നത്..

സത്യമാണ് മോളെ.. . രവി ശങ്കർ സ്വത്തിന് മോഹിച്ചുതന്നെയായിരുന്നു സുഭദ്രയെ പ്രണയിച്ചത്.. പക്ഷെ അയാൾ പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ല..വർഷങ്ങൾക്ക് ശേഷം അയാൾ നിങ്ങളുടെ കുടുംബത്തിലേക്ക് കടന്ന് വന്നത് വലിയ കണക്കുകൂട്ടലുകൾ നടത്തിയാണ്..

മോളുടെ അച്ഛനോട് സുഭദ്രയുടെ പേര് പറഞ്‍ രവിശങ്കർ പലപ്പോളും പണം വാങ്ങാൻ തുടങ്ങി.. ഏറെ നാളുകൾക്ക് ശേഷം സുഭദ്രയെ കണ്ട സന്തോഷത്തിലായിരുന്നു മോളുടെ അച്ഛൻ. രവിയുടെ ചതികൾ അദ്ദേഹത്തിന് മനസിലായത് പോലുമില്ല..

ചവിട്ടി നിൽക്കുന്ന മണ്ണുപോലും നഷ്ടമായി എന്ന അവസ്ഥ വന്നപ്പോളാണ് അദ്ദേഹത്തിന് തനിക്ക് വന്ന ചതി മനസിലായത്.. മാനസികമായി അദ്ദേഹത്തെ തളർത്തി മരണംവരെയെത്തിക്കാൻ അവർക്ക് പെട്ടന്ന് കഴിഞ്ഞു…

നിങ്ങളുടെ കുടുംബത്തിന്റെ നാശമാണ് അവർക്ക് കാണേണ്ടത്.. സ്വത്ത്‌ മുഴുവൻ ഒറ്റയ്ക്ക് അനുഭവിക്കാൻ നിങ്ങൾ അവരെ മനപ്പൂർവം ഒഴിവാക്കിയതാണെന്നു പറഞ്‍ എല്ലാത്തിനും പകരം ചോദിക്കാനാണത്രെ രവിശങ്കർ തിരിച്ചുവന്നത്..

ഈശ്വരാ… ഞാൻ എന്തൊക്കെയാണ് കേൾക്കുന്നത്.. കേട്ടതൊന്നുമെനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. കരഞ്ഞുകൊണ്ട് ഞാൻ നിലത്തിരുന്ന് പോയി… സ്വത്തിന് വേണ്ടി സ്വന്തം സഹോദരനെ പോലും മരണത്തിന് വിട്ടുകൊടുത്തെന്നോ… ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു..

അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ വീണ്ടും എന്നെ തളർത്താൻ തുടങ്ങി.. ദിയയും അമ്മയും എന്തൊക്കെയോ പറഞ്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.. അവിടെ ഇനിയും നിൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു.. ആരുമില്ലാത്തൊരിടത്ത് പോയ്‌ സ്വസ്ഥമായി കരയാനാണ് എനിക്കപ്പോൾ തോന്നിയത്… കരച്ചിൽ പിടിച്ചു നിർത്താൻ പറ്റാതായപ്പോൾ വീട്ടിലേക്ക് പോകണമെന്ന് പറഞ്‍ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങി

മോളെ.. ഞങ്ങൾ എല്ലാവരും കൂടെയുണ്ട്… ധൈര്യമായിരിക്കു… എല്ലാത്തിനും വഴിയുണ്ട്..
രാഘവൻ സാർ തോളിൽ തട്ടികൊണ്ട് ആശ്വസിപ്പിച്ചു.. സാറിന്റെ നിർബന്ധംകൊണ്ട് ദീപക് സാർ എന്നെ വീട്ടിൽ കൊണ്ടുവിടാം എന്ന് പറഞ്ഞു.. ആ ദിവസം ഒന്ന് അവസാനിച്ചെങ്കിൽ എന്ന് തോന്നിപോയി.. രാവിലെ മുതൽ തുടങ്ങിയതാണ് കരച്ചിൽ.. വിശ്വസിക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ നെഞ്ച് കുതിമുറിക്കുന്നുണ്ടായിരുന്നു..

ദീപക് സാറിന്റെ കൂടെ കാറിൽ കയറുമ്പോളും ഞാൻ അദേഹത്തൊടൊന്നും മിണ്ടിയില്ല.. കണ്ണിലൂടെ അപ്പോളും കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.. അച്ഛനെ കുറിച്ചോർക്കുമ്പോൾ നെഞ്ച് പൊട്ടുന്നപോലെ തോന്നി..

കൈ ചേർത്ത് കൂടെ നടത്തിയ എന്റെ അച്ഛൻ..ആദ്യാക്ഷരം കുറിപ്പിച്ച എന്റെ അച്ഛൻ, കരയുമ്പോൾ എന്റെ കൂടെ കരഞ്ഞ എന്റെ അച്ഛൻ…. അവസാനമായി ആ ചിത കത്തിയമരുന്നതാണ് കണ്ടത്.. ഓർമ്മകൾ കണ്ണീരായി ഒഴുകിക്കൊണ്ടേയിരുന്നു… നിഷ്കളങ്കമായ വിശ്വാസവും സ്നേഹവുമാണ് അച്ഛന്റെ മരണത്തിന് കാരണം…

ഓരോന്നും ഓർക്കുംതോറും ജീവൻ നഷ്ടപെടുന്നപോലെ വേദന തോന്നുന്നു.. ദീപക് ഏട്ടൻ വിളിച്ചപ്പോളാണ് കാറിൽ നിന്ന് ഇറങ്ങിയത്.. വീട് എത്തിയെന്ന് കരുതി പുറത്തിറങ്ങി നോക്കുമ്പോൾ വിജനമായ ഒരിടവഴിയിലായിരുന്നു ഞങ്ങൾ നിൽക്കുന്നത്… എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന അർത്ഥത്തിൽ ഞാൻ അദ്ദേഹത്തെ നോക്കി..

ഭദ്രേ… നിന്നോട് എന്താ പറയേണ്ടതെന്ന് അറിയില്ല.. പക്ഷെ നീ കരയുന്നത് കാണുമ്പോൾ ചങ്ക് പൊട്ടുന്നപോലെ തോന്നുന്നു.. സങ്കടം തൊണ്ടയിൽ കെട്ടിനിന്ന് എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു… എനിക്ക് സഹിക്കാൻ കഴിയുന്നില്ല…

അദേഹത്തിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.. ആ കണ്ണുകൾ നിറയുന്നത് ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു.. എന്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു അപ്രതീക്ഷിതമായി ആ കൈകൾ എന്നെ വാരി പുണർന്നു..

ഒന്ന് ചേർത്ത് പിടിക്കാൻ, ആശ്വസിപ്പിക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച നിമിഷങ്ങളായിരുന്നു അത്..ആ തോളിൽ തലവെച്ച് ഞാൻ പൊട്ടിക്കരഞ്ഞു.. എന്റെ വിഷമങ്ങൾ പെയ്ത് തീരും വരെ അദ്ദേഹമെന്നെ ചേർത്ത് പിടിച്ചു..

അച്ഛന്റെ മരണശേഷം ആദ്യമായാണ് ആ സംരക്ഷണം തിരിച്ചു കിട്ടിയതുപോലെ അനുഭവപ്പെടുന്നത്, അച്ഛൻ ചേർത്ത് പിടിക്കും പോലെ അതേ വാത്സല്യത്തോടെ ദീപക് സാറും എന്നെ ചേർത്തുപിടിച്ചു.. ഞാനൊരിക്കലും തനിച്ചാക്കില്ല എന്ന് എനിക്കപ്പോൾ തോന്നി

തുടരും

ഭദ്രദീപ് : ഭാഗം 1

ഭദ്രദീപ് : ഭാഗം 2

ഭദ്രദീപ് : ഭാഗം 3

ഭദ്രദീപ് : ഭാഗം 4

ഭദ്രദീപ് : ഭാഗം 5

ഭദ്രദീപ് : ഭാഗം 6