Wednesday, April 24, 2024
Novel

ഭദ്രദീപ് : ഭാഗം 2

Spread the love

എഴുത്തുകാരി: അപർണ അരവിന്ദ്

Thank you for reading this post, don't forget to subscribe!

സങ്കടവും ദേഷ്യവും ഒരുമിച്ച് വരുന്നുണ്ടായിരുന്നു, ഭ്രാന്ത്‌ പിടിച്ചുകൊണ്ടാണ് വീട്ടിലേക്ക് പോയത്.. അമ്മ പടിക്കൽ തന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

ഭദ്രേ… എന്തായി മോളെ ജോലി കിട്ടിയോ..?
അമ്മ ആകാംഷയോടെ ചോദിച്ചു.. ഉത്തരം പറയാതെ അമ്മയെ ഓടിപ്പോയി കെട്ടിപിടിച്ചു.. രാവിലെ മുതൽ അടക്കിവെച്ച സങ്കടങ്ങൾ മുഴുവൻ അമ്മയുടെ മുന്നിൽ കരഞ്ഞു തീർത്തു..

സാരല്ല മോളെ.. ഇത് മോൾക് ചേർന്ന ജോലി അല്ലായിരുന്നു, അതാണ് കിട്ടാതെ പോയത്.. എന്റെ കുട്ടി ഇങ്ങനെ കരയാതെ, എല്ലാത്തിനും ഒരു പോംവഴി ഉണ്ടാകും.. ദൈവം നമ്മുടെ കൂടെ ഉണ്ട്.. അമ്മ എന്തൊക്കെയോ പറഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു
പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്..

ഹലോ.. ഭദ്ര അല്ലേ…

അതെ.. ഭദ്ര ആണ്.. ആരാണ് സംസാരിക്കുന്നത്.

മഹാലക്ഷ്മിയിൽ നിന്നാണ്, ഇന്റർവ്യൂ സെലക്ട്‌ ആയിട്ടുണ്ട്.. നാളെ ഇങ്ങോട്ടൊന്ന് വരേണ്ടിവരും.. ഒരാഴ്ച്ച കഴിഞ്ഞാണ് ഇനാഗുറേഷൻ . അതിന് മുൻപ് നിങ്ങൾക്ക് കുറച്ച് ട്രെയിനിങ് ഒക്കെ ഉണ്ടാകും..

ഒട്ടും പ്രതീക്ഷിക്കാതെ കാൾ വന്നപ്പോൾ എന്താണ് പറയേണ്ടതെന്ന് ഒരു പിടിയും ഇല്ലായിരുന്നു.. ഓക്കേ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു..

മോളെ.. ആരാ വിളിച്ചത്.. അമ്മ തോളിൽ തട്ടികൊണ്ട് ചോദിച്ചു..

അത്.. അമ്മേ…എനിക്ക്.. അവിടെ.. ജോലി കിട്ടി..

ആണോ… അമ്മയുടെകണ്ണുകൾ വിടരുന്നുണ്ടായിരുന്നു . സന്തോഷം കൊണ്ട് എന്റെ നെറുകയിൽ ചുംബിക്കുമ്പോളും ആ കണ്ണുകളിൽ നീർ തിളക്കമുണ്ടായിരുന്നു.

ജോലി കിട്ടിയതിൽ സന്തോഷം ഉണ്ടായിരുന്നെങ്കിലും അവിടേക്കു പോകാൻ വല്ലാത്ത ഭയമുണ്ടായിരുന്നു.. വെട്ടുപോത്തിന്റെ സ്വഭാവമുള്ള ദീപക് മേനോൻ എന്നെ കണ്ടാൽ കടിച്ചുകീറും..ഉറപ്പ്.. വലിയ ഡയലോഗ് ഒക്കെ അടിച്ചാണ് അവിടുന്ന് ഇറങ്ങി പോന്നത്.. നാണമില്ലാതെ അങ്ങോട്ട്‌ തന്നെ കയറിച്ചെന്നാൽ… ഓഹ്.. ആലോചിക്കുമ്പോൾ തലയ്ക്ക് പ്രാന്ത് പിടിക്കുന്നു..പക്ഷെ ജീവിക്കാൻ ഒരു ജോലി വളരെ അത്യാവശ്യമാണ്.. അഭിമാനം മാത്രം നോക്കിനിന്നാൽ രണ്ട് ജീവനുകൾ വിശന്ന് മരിക്കും… അതികം ചിന്തിച്ചു കാടുകയറാൻ വയ്യ.. ജോലിക്ക് ജോയിൻ ചെയ്യണം..

പിറ്റേന്ന് രാവിലെ തന്നെ ടെക്സ്റ്റ്‌യിൽസിലേക് പുറപ്പെട്ടു.. അന്നത്തെ പോലെ ലേറ്റ് ആവാതിരിക്കാൻ നേരത്തെ തന്നെ പുറപ്പെട്ടിരുന്നു.. നെറ്റിയിലെ മുറിവ് ഉണങ്ങിയിരുന്നു.. എന്റെ ഫേവറിറ്റ് റെഡ് കളർ സാരി ഉടുത്താണ് ഇറങ്ങിയത്.. ഫസ്റ്റ് ഇമ്പ്രെഷൻ കുളമാവാതിരിക്കാൻ പ്രേത്യേകം ശ്രെദ്ധിച്ചിരുന്നു.. പറഞ്ഞ സമയത്തിനേക്കാളും പത്തു മിനിറ്റ് മുൻപേതന്നെ ഞാൻ അവിടെയെത്തി. എന്നെപോലെ വേറെ കുറെ പെൺകുട്ടികളും അവിടെ നിൽക്കുന്നുണ്ടായിരുന്നു.. കുറച്ച് പേരുമായി അപ്പോൾ തന്നെ കമ്പനിയായി.. ഞാനും അശ്വതിയുമായിരുന്നു പെട്ടന്ന് സുഹൃത്തുക്കൾ ആയത്.. ഒരു പാവം അമ്പലവാസി കുട്ടിയായിരുന്നു അശ്വതി.

പെൺപടകളുടെ ഇളക്കം കണ്ടാണ് ഞങ്ങളും തിരിഞ്ഞ് നോക്കിയത്…ദൈവമേ അതാ വരുന്നു കാലമാടൻ.. “മിസ്റ്റർ ദീപക് മേനോൻ…” അങ്ങേരെ കാണുന്നത് പോലും എനിക്ക് കലിപ്പായിരുന്നു..

പക്ഷെ അങ്ങേരെ കാണാൻ വേണ്ടി മാത്രമാണ് പലരും ഈ ജോലി തിരഞ്ഞെടുത്തത് എന്ന നഗ്ന സത്യം ഞാൻ പെട്ടന്ന് തന്നെ കണ്ടുപിടിച്ചു. അശ്വതി പോലും അങ്ങേരെ കണ്ട് ഫ്ലാറ്റായി… എന്തൊരു ദാരിദ്ര്യം… ശരീരം മുഴുവൻ മസില് ഉരുട്ടി വെച്ചിട്ടുണ്ട് എന്നല്ലാതെ തലയിൽ അഞ്ചുപൈസയുടെ വെളിപാട് അയാൾക്കില്ല.. കാലൻ. അത് വല്ലതും ഈ പെൺപടകൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ.. അതുമില്ല..

വലിയ പോസ്സ് ഇട്ടാണ് നടപ്പ്.. കണ്ടാലും മതി.. എനിക്ക് ഓടി പോയ്‌ ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്..

പെൺപടകളുടെ ഒലിപ്പിക്കൽ അങ്ങേര് നന്നായി എൻജോയ് ചെയ്യുന്നുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം.. അതിനിടയ്ക്ക് മുഖം വീർപ്പിച്ച് നിൽക്കുന്ന എന്നെ അങ്ങേരൊന്ന് ഇരുത്തി നോക്കിയിട്ട് അകത്തേക്ക് കയറി പോയ്‌. കുറച്ച് കഴിഞ്ഞപ്പോൾ രാഘവൻ സർ ഓഫീസിലേക്ക് എത്തി..

എനിക്ക് വേണ്ടി എപ്പോളും സംസാരിച്ചിരുന്നത് അദ്ദേഹമായിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങളെ ഓരോരുത്തരെയായി അദ്ദേഹം ക്യാബിൻലേക്ക് വിളിച്ചു..

എന്റെ ഊഴം ആയപ്പോൾ ഭാഗ്യത്തിന് ദീപക് എന്ന മാരണം അവിടെ ഉണ്ടായിരുന്നില്ല..

ആ സമാധാനത്തിൽ ഞാൻ അകത്തേക്ക് കയറി. ജോലിയെ പറ്റിയും അവിടുത്തെ ചുറ്റുപാടിനെ പറ്റിയും രാഘവൻ സർ വ്യക്തമായി പറഞ്ഞു തന്നു.. ഒരാഴ്ച കഴിഞ്ഞാണ് ഇനാഗുറേഷൻ, അന്ന് മുതൽ ഡ്യൂട്ടിക് വരണമെന്ന് പറഞ് അദ്ദേഹം പൊയ്ക്കോളാൻ പറഞ്ഞു..

സർ.. എനിക്ക്…. എന്റെ സംശയം ചോദിക്കാൻ രാഘവൻ സർ നെ ഞാൻ പതിയെ വിളിച്ചു

എന്തുപറ്റി ഭദ്ര…

സർ അത്… ഞാൻ ജോലി വേണ്ടെന്ന് പറഞ് അഹങ്കാരം കാണിച്ചിട്ടുകൂടി എന്തുകൊണ്ടാണ് സർ എന്നെ തിരഞ്ഞെടുത്തത്, ദീപക് സർ എതിർപ്പ് പറഞ്ഞിട്ട് കൂടി സർ എനിക്ക് വേണ്ടി സംസാരിച്ചു.. ഇപ്പോളും എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.. എങ്ങനെയാണ് നന്ദി പറയേണ്ടതെന്നും അറിയില്ല..

ഹ ഹ ഹ…. ഭദ്ര ഇത്ര സിംപിൾ ആയി സംസാരിക്കുമോ.. ഇങ്ങനെയല്ലല്ലോ ഞാൻ കണ്ടിരുന്ന ഭദ്ര..

ഞാൻ പതിയെ പുഞ്ചിരിച്ചു..

ലുക്ക്‌ ഭദ്ര… നീ കരുതും പോലെ നന്ദി പറയേണ്ടത് എന്നോടല്ല.. ദീപക്നോടാണ്.. തന്നെ ഇവിടെ നിയമിച്ചത് അവനാണ്..

സർ എന്തൊക്കെയാണ് പറയുന്നത്, എനിക്ക്…..

വിശ്വസിക്കാൻ കഴിയില്ല എന്നല്ലേ ഭദ്ര പറഞ്ഞു വരുന്നത്.. ഹം.. ദീപക് അങ്ങനെയാണ്.. അവന്റെ ദേഷ്യവും വാശിയും കണ്ടാൽ ആരും അവനെ ഒരു ദുഷ്ടനായേ കരുതുകയുള്ളു.. പക്ഷെ ഒരു പെൺകുട്ടിയുടെ ജോലി തട്ടിത്തെറിപ്പിക്കാൻ മാത്രം ദുഷിച്ചവനൊന്നുമല്ല എന്റെ മകൻ. തനിക്ക് ഇവിടെ ജോലി കൊടുക്കരുത് എന്ന് പറഞ് അവന് ഇന്നലെ ഒരുപാട് ഫോൺ കാൾ വന്നിരുന്നു.. ഇത്ര ഇഷ്യൂ ഉള്ള കേസ് ആണെങ്കിൽ ഭദ്രയെ അപ്പോയ്ന്റ്മെന്റ് ചെയ്യണ്ട എന്ന് ഞാൻ പോലും പറഞ്ഞു.. എന്നിട്ട് പോലും ദീപക് നിന്നെ ഇവിടെ ജോയിൻ ചെയ്യിക്കാൻ വാശി പിടിച്ചു.. സ്വന്തമായി അഭിപ്രായങ്ങൾ പറയുന്ന തന്റേടമുള്ള ഒരു സ്റ്റാഫ്‌ ഇവിടെ അത്യാവശ്യമാണെന്ന് പറഞ് നിന്നെ ഇവിടെ നിയമിച്ചത് ദീപക്ക് ആണ് ഭദ്ര…

രാഘവൻ സർ പറഞ്ഞവസാനിപ്പിച്ചപ്പോളും എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.. കേട്ടതൊന്നും എന്റെ മനസ്സിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.. ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി..

ആളുകൾ എത്ര വ്യത്യസ്തരാണ്… സത്യസന്ധനാണെന്നു കരുതിയ രവി അങ്കിൾ ഞങ്ങളെ ചതിച്ചു..ഒട്ടും പ്രതീക്ഷിക്കുക പോലും ചെയ്യാതെ ഞങ്ങളുടെ ജീവിതം തകർത്തത് അയാളാണ്.. പക്ഷെ ഇപ്പോൾ ദീപക് സർ.. അദ്ദേഹത്തെ എത്രമാത്രം ഞാൻ തെറ്റുദ്ധരിച്ചു.. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി..

ടീ……

പുറകിൽ നിന്ന് ഒരാർപ്പ് കേട്ടാണ് തിരിഞ്ഞു നോക്കിയത്…. ദീപക് സർ… അയാൾ എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നുണ്ട്.. അങ്ങേരുടെ നോട്ടത്തിൽ ഞാൻ ഭസ്മമാകുന്ന പോലെ തോന്നി.. അയാളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു..

എന്തൊക്കെയായിരുന്നു നിന്റെ കഥാപ്രസംഗം.. ഭദ്രകാളിയെ പോലെ ഉറഞ്ഞുതുള്ളിയാണല്ലോ നീ ഇവിടുന്ന് പോയത്..എന്നിട്ട് എന്തെ ഇങ്ങോട്ട് തന്നെ വലിഞ്ഞു കയറി വന്നത്..

അയാളുടെ ചുണ്ടിൽ ഒരു പുച്ഛം മിന്നിമറയുന്നുണ്ടായിരുന്നു.. ഇത്രയേറെ അപമാനിതയായ് പത്മനാഭൻ നായരുടെ പ്രിയപുത്രി ഭദ്ര നിൽക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല.. ഭൂമി പിളർന്ന് എന്റെ ശരീരം താഴോട്ടു പോയിരുന്നെങ്കിലെന്ന് ആ നിമിഷം ഞാൻ കൊതിച്ചുപോയി..

ടീ… നിന്നോടാണ് ചോദിച്ചത്..
അയാൾ വീണ്ടും അലറി..

ഞാൻ.. എന്നെ… എന്നെ ജോലിക്ക് വിളിച്ചത് കൊണ്ട് വന്നു.. ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു..

അയ്യെടാ… എന്താ ഒരു പറച്ചിൽ.. നാണമില്ലെടി നിനക്ക്.. അന്തസ് ഉള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ.. പറഞ്ഞ വാക്കിന് വില ഇല്ലാത്ത ഓരോ ജന്തുക്കൾ. ….
അയാൾ എന്തൊക്കെയോ നിന്ന് പറയുന്നുണ്ട്.. എത്ര വലിയ പ്രശ്നങ്ങൾ തലയിൽ വന്നു വീഴുമ്പോളും ഞാൻ പിടിച്ചുനിന്നിരുന്നു പക്ഷെ ഇത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. കണ്ണുകൾ നിറയാൻ തുടങ്ങി.. നെഞ്ചിൽ വലിയ ഭാരം തങ്ങി നിൽക്കുന്നപോലെ തോന്നി..

നിന്റെ നാവിറങ്ങി പോയോ..
ദീപക് സർ വീണ്ടും എനിക്ക് നേരെ തർക്കിക്കാൻ വന്നു.. അയാൾ അടുക്കുംതോറും ഞാൻ പിറകോട്ട് നടന്നു. അവസാനം ഒരു ചുമരരികിൽ തട്ടി ഞാൻ നിന്നുപോയി..

നീ രക്ഷപെട്ടു ഓടുകയോണോ… ഹ ഹ… അത് കൊള്ളാമല്ലോ… ഭദ്രകാളിക്ക് പേടിയോ.. ഇത് എന്റെ സ്ഥലമാണ് മോളെ.. ഇവിടുന്ന് നീ രെക്ഷപെടുന്നത് എനിക്കൊന്ന് കാണണമല്ലോ..
ചുവന്ന കണ്ണുകൾ ഉരുട്ടി കാണിച്ച് എന്റെ മുൻപിൽ അയാൾ കലിതുള്ളി നിന്നു..
രണ്ട് കൈകളും ചുവരിൽ ഉറപ്പിച്ചു വെച്ച് എന്നെ അയാൾ തടഞ്ഞുവെച്ചിരുന്നു. പെട്ടന്ന് ഞാൻ ആ കൈകൾ തട്ടിമാറ്റി

സർ പറഞ്ഞത് ശരിയാണ് . അന്തസ്സില്ലാ, അഭിമാനമില്ല.. എല്ലാം…എല്ലാം നഷ്ടമായി..വാക്കുകൾക്കിടയിലും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

കണ്ണ് തുടച്ചുകൊണ്ട് ഞാൻ തുടർന്നു,
ഇതിലെല്ലാം അപ്പുറം വിശപ്പ് എന്നൊരു വികാരമുണ്ട്, സ്നേഹം എന്നൊരു ബന്ധമുണ്ട്.. പെറ്റമ്മയുടെയും കുഞ്ഞനുജത്തിയുടെയും കരഞ്ഞുതളർന്ന കണ്ണുകൾക്ക് മുൻപിൽ എന്ത് അഭിമാനം..

എന്ത് അന്തസ്സ്… അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല സർ .. മാനം വിറ്റ് ജീവിക്കുന്ന ഒരു വൃത്തികെട്ട പെണ്ണല്ല ഞാൻ, വല്ലവരുടെയും മുതൽ മോഷ്ടിക്കുന്ന കള്ളിയുമല്ല..

ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന ഒരു സാധാരണ പെണ്ണാണ് … എ… നി… ക്ക്… എനിക്ക് ജീവിച്ചേ മതിയാകൂ… അയാൾക്ക് മുൻപിൽ ഞാൻ പൊട്ടിക്കരഞ്ഞുപോയ്… ഇതുവരെ പിടിച്ചുവെച്ച സങ്കടം അറിയാതെ പുറത്തുവന്നുപോയ്..

ദീപക് സർ വല്ലാതെ പരിഭ്രാന്തനായപോലെ തോന്നി . എന്നെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അയാൾ പാടുപെടുന്നുണ്ടായിരുന്നു.. ഒന്നും മിണ്ടാതെ അയാൾ നടന്നുനീങ്ങി.. കണ്ണുതുടച്ച് അവിടെനിന്ന് പടിയിറങ്ങുമ്പോളും ഞാൻ കരയുകയായിരുന്നു.. എന്തിനാണ് അയാളുടെ മുൻപിൽ നിന്നു ഞാൻ കരഞ്ഞതെന്ന് എനിക്കപ്പോളും അറിയില്ലായിരുന്നു..രക്ഷകനാണെന്ന് കരുതിയ ആൾ തന്നെ വീണ്ടും മുഖം കറുപ്പിച്ചതുകൊണ്ടാകാം ഒരുപക്ഷെ ഞാൻ തളർന്ന് പോയത്..
അഭിമാനം നഷ്ടപെട്ട ഭദ്ര.. ഞാൻ മനസ്സിൽ പിറുപിറുത്തു.

തുടരും

ഭദ്രദീപ് : ഭാഗം 1