Tuesday, December 17, 2024
Novel

ഭദ്ര IPS : ഭാഗം 12

എഴുത്തുകാരി: രജിത ജയൻ

തേക്കിൻതോട്ടം ബംഗ്ളാവിനു കുറച്ചു മാറിയായിരുന്നു റബ്ബർ പുരയും , പുകപുരയും ഉണ്ടായിരുന്നത്,അവിടെ പുകപുരയ്ക്കുളളിൽ ഷീറ്റുകൾ പുകയ്ക്കാനായി ചകിരിതൊണ്ടുകൾ നിറയ്ക്കുന്ന വലിയ കുഴിയ്ക്കുളളിൽ അഴുകിതുടങ്ങിയ നിലയിൽ ഡോക്ടർ ലീനയുടെ മൃതശരീരം കിടക്കുന്നതൊരു ഞെട്ടലോടെയാണ് ഭദ്ര കണ്ടത്. ..!! ലീനയുടെ കൈകാലുകൾ കൂട്ടി കെട്ടിയ നിലയിലും, വായ തുണികുത്തിനിറച്ച രീതിയിലുമായിരുന്നു…!! തലയിലൂടെ രക്തമൊഴുകി കട്ടപിടിച്ചതിലൂടെ ഉറുമ്പുകളരിച്ചു നടക്കുന്നത് ഭദ്ര നോക്കി നിന്നു. . അഴുകിയ ശവത്തിന്റ്റെ ദുർഗന്ധം അവിടെ പരന്നിരുന്നപ്പോൾ… പുകപുരയിലെ കുഴിയിൽ ചകിരി നിറയ്ക്കാനായി കുഴിയിലെ വേസ്റ്റ് നീക്കിയപ്പോഴാണ് അതിനടിയിലെ ജഡം പണിക്കാരൻ കണ്ടതും ഭയന്നോടിയതും….!! ഒറ്റനോട്ടത്തിൽ തന്നെ ലീനയുടേതൊരു കൊലപാതകമാണെന്ന് വ്യക്തം,ഒരുപാടു ചോദ്യങ്ങൾ അവസാനിപ്പിച്ചു കൊണ്ട് ലീനയും കൊല്ലപ്പെട്ടിരിക്കുന്നു…!! ഭദ്രയ്ക്കു പുറകെ പുകപുരയിലേക്കോടിയെത്തിയ പീറ്റർ ലീനയുടെ മൃതദേഹം കണ്ടു പരിസരംമറന്നു പൊട്ടികരഞ്ഞു , കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാത്ത പോലെ ജോസപ്പൻ ഡോക്ടർ ലീനയുടെ ശവശരീരത്തിലേക്ക് പിന്നെയും പിന്നെയും നോക്കികൊണ്ടിരുന്നു…!!

ഫിലിപ്പ് തീരെ പ്രതീക്ഷിക്കാത്തതെന്തോ മുന്നിൽ കണ്ടതുപോലെ ഞെട്ടി പകച്ചു പോയിരുന്നു… !! തേക്കിൻ തോട്ടം ബംഗ്ളാവിലെ ലീനഡോക്ടർ കൊല്ലപ്പെട്ട നിലയിൽ ബംഗ്ളാവിനടുത്തു തന്നെ ഉണ്ടായിരുന്നു എന്ന വാർത്ത തീ പോലെ തെന്മല ആകെ പടർന്നത് വളരെ പെട്ടെന്നായിരുന്നു..!! ജേക്കബ്ബച്ചനൊപ്പം കാണാതായെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ലീന ബംഗ്ളാവിനടുത്തു തന്നെ കൊല്ലപ്പെട്ടു കിടന്നത് നാട്ടുകാരിൽ പല സംശയങ്ങളും ഉണ്ടാകി. ..!! കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കഥകൾ ലീനയെയും അച്ചനെയും ചേർത്ത് നാട്ടിൽ പ്രചരിച്ചു…,

അതിലേറ്റവും പ്രചാരം നേടിയത് ജേക്കബ് അച്ചനുമായവിഹിത ബന്ധം പുലർത്തിയതിന് ലീനയേയും അച്ചനെയും ജോസപ്പൻ ഡോക്ടറും കുടുംബവും വകവരുതീയെന്നതായിരുന്നു.!! അപ്പോഴും അവർ ചിന്തിക്കാൻ മറന്നുപോയൊരു കാര്യമുണ്ടായിരുന്നു, അച്ചനൊപ്പം തന്നെ പോലീസുകാർ കണ്ടെടുത്ത ആ നാലു ശവശരീരങ്ങളെങ്ങനാ സെമിത്തേരിയിൽവന്നുവെന്ന്,അതിനു പുറകിലുള്ള ഇനിയും പുറത്തു വരാത്ത രഹസ്യം എന്തെന്ന്. ..!! &&&&&&&&&&&&&&&&&&& രാത്രി ഗസ്റ്റ് ഹൗസിലെ പുൽത്തകിടിയിലുത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾക്കുളള ഉത്തരം തേടി ഭദ്രയിരിക്കുമ്പോഴാണ് സിഐ രാജീവും കൂട്ടരും അവളുടെ അരികിലെത്തിയത്.. “ഇരിക്കൂ എല്ലാവരും …”

ഇരിപ്പിടങ്ങൾ ചൂണ്ടിക്കാട്ടി ഭദ്ര പറയുമ്പോൾ ഷാനവാസ് ശ്രദ്ധിച്ചിരുന്നു ഭദ്രയുടെ ശബ്ദത്തിലെ തളർച്ച … “മാഡം ,എന്തുപറ്റി ..? മാഡം ആകെ തളർന്നതുപോലെ …, നെറ്റിയിലെ മുറിവ് വേദനിക്കുന്നുണ്ടോ മാഡം ..? അയാൾ ചോദിച്ചു “ഇല്ല ഷാനവാസ്, ഇപ്പോൾ വേദന എന്റെ ശരീരത്തിനല്ല മനസ്സിനാണ്,ഓരോ കുരുക്കുകൾ നമ്മൾ അഴിക്കും തോറും കൂടുതൽ കൂടുതൽ അതുനമ്മളെ വരിഞ്ഞു മുറുക്കുകയാണല്ലോ.’..? “മനസ്സിലായി മാഡം, ഡോക്ടർ ലീനയുടെ മരണം നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഒന്നുതന്നെയാണ്,

ഒന്നുകിൽ ലീന സ്വയം മാറിനിൽക്കുന്നു അല്ലെങ്കിൽ ജോസപ്പനും മക്കളും മാറ്റിനിർത്തിയിരിക്കുന്നു അതായിരുന്നു നമ്മുടെ ഇതുവരെയുള്ള കണക്കുകൂട്ടൽ, പക്ഷേ അതെല്ലാം പാടെ കാറ്റിൽ പറത്തിയാണ് ഇന്ന് ലീനയുടെ ശവശരീരം കിടന്നിരുന്നത്. ..” “ഇനി .., ഇനിയെന്താണ് മാഡം.? ഷാനവാസ് ചോദിച്ചു “കണ്ടു പിടിക്കണം ഷാനവാസ് നമ്മുക്ക്, ഒന്നിനോടൊന്ന് ബന്ധപ്പെട്ടുകിടക്കുന്ന ഈ കേസിന്റെ ഒരു തുമ്പ് നമ്മൾ തേടികണ്ടെത്തിയാൽ നമ്മൾ വിജയിച്ചു,അതുപോട്ടെ എന്തായി തേക്കിൻ തോട്ടത്തിലെ ബാക്കി കാര്യങ്ങൾ. ..?

“ലീനയുടെ ശവശരീരം പോസ്റ്റ് മോർട്ടം കഴിഞ്ഞു നാളെ രാവിലെ മാത്രമേ കിട്ടുകയുളളു,ഒരു കാര്യം ഉറപ്പാണ് മാഡം ലീനയുടെ മരണം അത് ജോസപ്പനും കൂട്ടരും തീരെ പ്രതീക്ഷിക്കാത്ത ഒന്നു തന്നെയാണ് ” എസ് ഐ ഗിരീഷ് പറഞ്ഞു “എങ്ങനെ അങ്ങനെയൊരു നിഗമനത്തിലെത്താൻ സാധിക്കും ഗിരീഷ്..? ഭദ്ര പെട്ടെന്ന് ചോദിച്ചു “മാഡം അത് അവരുടെ ആ സമയത്തുളള പ്രതികരണം നമ്മൾ കണ്ടതല്ലേ ..? ഗിരീഷ് പറഞ്ഞു “ഗിരീഷ്, താനൊരു ഉത്തരവാദിത്വപ്പെട്ട പോലീസ് ഓഫീസർ ആണ്.

ഇത്തരം കാര്യങ്ങൾ പെട്ടെന്ന് വിലയിരുത്താൻ പാടില്ല. .!! മാഡം അത്.. .., ഗിരീഷ് പതർച്ചയോടെ ഭദ്രയെ നോക്കി .. “കുറ്റപ്പെടുത്തിയതല്ല ഗിരീഷ് , ഇപ്പോൾ ഈയൊരവസരത്തിൽ നമ്മുടെ മുന്നിൽ നില്ക്കുന്ന ഏതൊരാളെയും നമ്മൾ സംശയത്തിന്റ്റെ നിഴലിൽ കൂടിമാത്രമേ നോക്കാൻ പാടുകയുളളു..” “ശരിയാണ് മാഡം പറഞ്ഞത് , രാജീവ് ഭദ്രയെ പിൻതാങ്ങി… “ഇപ്പോൾ തന്നെ നോക്കൂ , നമ്മൾ രാവിലെ ചെന്നപ്പോൾ ജോസപ്പൻ ഡോക്ടർ നമ്മളെ നേരിട്ടത് വളരെ തന്റ്റേടത്തോടെയാണ് സംശയങ്ങൾ ഉണ്ടെങ്കിലത് ജേക്കബ് അച്ചനോടോ,

ലീനയോടോ നേരിട്ട് ചോദിച്ചു മനസ്സിലാക്കാൻ നമ്മളോടയാൾ പറഞ്ഞത്, അതായത് അച്ചൻ മരിച്ചു കഴിഞ്ഞു പിന്നെ ലീന, അവൾ എവിടെ എന്ന് പോലും ഉറപ്പില്ലാത്തൊരവസ്ഥയിൽ ഒരാൾക്കങ്ങനെ പറയാൻ കഴിയില്ല ., ഷുവറായിട്ടും ജോസപ്പനറിയാമായിരുന്നു ലീന ജീവനോടെ തിരിച്ചു വരില്ലായെന്ന്…!! “ആ ഉറപ്പ് അയാൾക്കെങ്ങനെ കിട്ടി. ..? ഭദ്ര പറഞ്ഞു നിർത്തി “മാഡം ജോസപ്പനെ അറസ്റ്റ് ചെയ്താലോ ഇപ്പോൾ തന്നെ.? നാട്ടിൽ പലവിധ സംസാരങ്ങളാണ് ബംഗ്ളാവിലുളളവരെ പറ്റി, ഷാനവാസ് പറഞ്ഞു .

“നോ ,ഷാനവാസ് ആളുകൾ പറയുന്നത് കേട്ടല്ല നമ്മൾ ഒരാളെ പറ്റി തീരുമാനിക്കേണ്ടത് നമ്മുടെ കണ്ടെത്തലുകളിലൂടെ ആവണം…,നാടൊട്ടുക്കും തേക്കിൻ തോട്ടംക്കാരും നമ്മൾ പോലീസും ലീനയെ തിരഞ്ഞപ്പോൾ അവളാ ബംഗ്ളാവിന്റ്റെ അടുത്ത് തന്നെയുണ്ടായിരുന്നു, മാത്രമല്ല ജേക്കബ്ബച്ചനെയും ലീനയേയും കാണാതായത് ഒരേ രാത്രിയാണ് പക്ഷേ അച്ചന്റ്റെ മൃത ശരീരത്തിനുളളത്ര പഴക്കംലീനയുടെ മൃതദേഹത്തിനില്ല, അതായത് കാണാതായ അന്നു ലീന കൊല്ലപ്പെട്ടിട്ടില്ല പിന്നീടാണവൾ മരണപ്പെട്ടത് ആം ഐ കറക്ട് .” “യെസ് മാഡം..”

“അതുപോലെതന്നെ , അവളുടെ തലയുടെ പിൻഭാഗം ശക്തമായ അടിയേറ്റ് തകർന്നിരുന്നു അതിൽ നിന്നൊഴുകിയ രക്തം ആ പുകപുരയുടെ ഉളളിലും അവൾ കിടന്ന കുഴിയിലും ഉണങ്ങി പിടിച്ചിട്ടുണ്ട് ,പക്ഷേ വേറെ പറമ്പിലെവിടെയും രക്തം വീണപാടുകൾ ഇല്ല , അതായത് അവൾ കൊല്ലപ്പെട്ടതാ പുകപുരയുടെ ഉളളിൽ വെച്ചു തന്നെയാവണം അല്ലേ രാജീവ്..? “അതെ മാഡം..,, “ഇന്ന് ആരാണത് ആദ്യം കണ്ടത്, ആ ജോലികാരൻ തന്നെയല്ലേ. ? ഭദ്ര ഷാനവാസിനെ നോക്കി … അതെ മാഡം, ലീനയെ കാണാതായതിൽ പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബംഗ്ളാവിലെ പറമ്പിൽ ടാപ്പിംഗോ മറ്റുപണികളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല ,

ഇന്നാണ് വീണ്ടും പണികൾ പുനരാരംഭിച്ചത് അതും ജോസപ്പൻ പറഞ്ഞിട്ട്…, അങ്ങനെ പുകപുര വൃത്തിയാക്കാൻ ചെന്നപ്പോഴാണ് ലീനയുടെ ശവശരീരം കാണുന്നത് പക്ഷേ മാഡം…,പറഞ്ഞു വന്നത് പൂർത്തിയാക്കാതെ പെട്ടെന്ന് നിർത്തി ഷാനവാസ് ഭദ്രയെ നോക്കി അവളും അവനെതന്നെ സൂക്ഷിച്ച് നോക്കിയിരിക്കുകയായിരുന്നു ഉം …പറയൂ എന്തു പറ്റി ഷാനവാസ് ..? “അതു മാഡം .., ജോസപ്പനാണ് ലീനയെ കൊന്നു അവിടെ ഒളിപ്പിച്ചതെങ്കിൽ പണിക്കാരോടെങ്ങനെ പണികൾ വീണ്ടും ആരംഭിക്കാൻ പറയും….അപ്പോൾ …?

“യെസ് ഷാനവാസ്, ഈ ചോദ്യമാണ് കുറെ നേരമായെന്നെ കൺഫ്യൂഷനാക്കികൊണ്ടിരിക്കുന്നത്… കാരണം നമ്മൾ ഇന്നവിടെ ചെല്ലും എന്ന് മുൻധാരണ അയാൾക്ക് ഇല്ലെങ്കിലും നമ്മുടെ വരവയാൾ ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നു ,ആ നിലയ്ക്ക് ഈ കൊല നടത്തിയതയാൾ ആണെങ്കിൽ ഇന്ന് അവിടെ ജോലികൾ പുനരാരംഭിക്കാനൊരിക്കലും അയാൾ പറയില്ല. ..!! അപ്പോൾ പിന്നെ ആര് കൊന്നു ഡോക്ടർ ലീനയെ…? ഭദ്ര ചോദിച്ചു മാഡം ..,പീറ്റർ ..? രാജീവ് സംശയത്തോടെ ഭദ്രയെ നോക്കി “യെസ് ,ഇനി അങ്ങനെ ഒന്നു ചിന്തിച്ചു നോക്കാം, പക്ഷേ എന്തിന് എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്…,

കാരണം ലീനയുടെ നേർക്ക് നമ്മൾ ചൂണ്ടുന്ന ഏതു കുറ്റത്തിലും പീറ്ററിനും പങ്കുണ്ടാവും ,അപ്പോൾ ലീനയെ ഇല്ലാത്താക്കിയതു കൊണ്ടു മാത്രം അവൻ രക്ഷപ്പെടില്ല അതുകൊണ്ട് തന്നെ അവനല്ല ലീനയെ കൊന്നത് …!! “പിന്നെ ഉള്ളത് ഫിലിപ്പാണ്, പക്ഷേ അവനെ ഒട്ടും സംശയിക്കാൻ പറ്റുന്നില്ല, കാരണം ലീനയെ കാണാതായ രാത്രിയിൽ തന്നെ യാണ് ഫിലിപ്പ് ഇവിടെ ഫ്ളൈറ്റ് ഇറങ്ങിയത് പക്ഷേ അവൻ ബംഗ്ളാവിൽ എത്തുന്നതിനു മുമ്പ് തന്നെ അച്ചനും ലീനയും അപ്രത്യക്ഷരായിരുന്നു ..!! ഭദ്ര പറഞ്ഞു നിർത്തിയപ്പോൾ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുടെയിടയിൽ പെട്ടുഴറി സിഐ രാജീവനും സംഘവും ..

“മാഡം അപ്പോൾ ഇവരൊന്നും അല്ലാതെയിനിയും പുറത്തൊരാൾ ഉണ്ടോ …? നമ്മുക്കും ജോസപ്പനും ഇടയിൽ…? ഷാനവാസ് ചോദിച്ചു “അന്വേഷിച്ചു കണ്ടു പിടിക്കണം ഷാനവാസേ നമ്മൾ അതെല്ലാം ..,പക്ഷേ എവിടെ നിന്ന് തുടങ്ങും എന്നാണ് ” പാതി തളർന്നശബ്ദത്തിൽ ഭദ്ര പറഞ്ഞപ്പോൾ തങ്ങളുടെ എല്ലാം ഊർജ്ജം നഷ്ടപ്പെടുന്നതുപോലെ ഷാനവാസിനു തോന്നി…, ഭദ്രമാഡത്തിന്റ്റെ ധൈര്യവും തന്റ്റേടവുമാണ് തങ്ങളെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നതെന്ന് ഷാനവാസും കൂട്ടരും തിരിച്ചറിയുകയായിരുന്നപ്പോൾ…!! ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കിയൊരു വാഹനം വരുന്നതുകണ്ട ഭഭ്ര അങ്ങോട്ടു നോക്കി ..

ഡിജിപി ദേവദാസും ഹരികുമാറുമായിരുന്നു വന്നത് .. ഭദ്രയുൾപ്പെടെ എല്ലാവരും ദേവദാസിനു സല്യൂട്ട് നൽകിയപ്പോൾ അയാളവരുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി …, എപ്പോഴും ആത്മവിശ്വാസം നിറഞ്ഞുനിന്നിരുന്ന ആ മുഖങ്ങളിലെല്ലാം തന്നെയിപ്പോൾ മങ്ങലേറ്റതയാൾ ശ്രദ്ധിച്ചു .. “എന്തു പറ്റി ഭദ്ര. .? “നത്തിംഗ് സാർ.. എവിടെ തുടങ്ങണമെന്നൊരു കൺഫ്യൂഷൻ. ..” ഭദ്ര തലതാഴ്ത്തികൊണ്ടു പറഞ്ഞു ഭദ്ര കമോൺ.. തനിക്ക് എന്തു പറ്റി. ..? ഇതിനെകാൾ വലിയ കേസുകൾ കണ്ടു പിടിച്ചു തെളിയിച്ചവളല്ലേ താൻ, എന്നിട്ടിപ്പോഴെത്തു പറ്റി ..? ദേവദാസ് ഭദ്രയുടെ ചുമലിൽ പിടിച്ചു കുലുക്കി …

“സാർ അത് ഇപ്പോൾ ലീനയും കൊല്ലപ്പെട്ടപ്പോൾ മനസ്സിലാകെയൊരു ഭയം…!! “എന്തു ഭയം ഭദ്ര.. ..? “അവശേഷിക്കുന്ന ആ നാലു പെൺകുട്ടികളെ കൂടി നമ്മുക്ക് നഷ്‌ടപ്പെടുമോയെന്ന്..!! ഭദ്രയുടെ ആ ചോദ്യം ചെന്നുതറച്ചതവിടെ കൂടിയ എല്ലാവരുടെയും നെഞ്ചിലായിരുന്നു ..!! “ഭദ്ര ..,വാട്ട് യൂ മീൻ ..? “സാർ നമ്മൾ അടുത്ത് ചെല്ലുംതോറും ഓരോ ജീവനുകൾ നഷ്ടപ്പെട്ടു പോയാൽ… ..,, “ഭദ്ര. ….,,,,,” പെട്ടെന്ന് ദേവദാസിന്റ്റെ ശബ്ദം ഉയർന്നതും ഭദ്ര അമ്പരപ്പോടെ അയാളെ നോക്കി .. “ലുക്ക് ഭദ്ര…, താനൊരു ധൈര്യമുളള പെണ്ണാണ് എന്നാണ് ഞാനിതുവരെ കരുതീത് ..!!

പക്ഷേ തന്റെ ഇപ്പോഴത്തെ ഈ ആക്ടിഡ്യൂട് അത് ഒരു സാധാരണ പെണ്ണിന്റെയാണ്.., പ്രതിസന്ധികളിൽ തളരുന്ന സാധാരണ പെണ്ണിന്റെ…!! ദേവദാസ് കനത്ത ശബ്ദത്തിൽ പറഞ്ഞു നിർത്തി … “സോറി സാർ .., പറഞ്ഞു കൊണ്ട് ഭദ്ര അയാളെ നോക്കി.. “ഓകെ .., ഇപ്പോൾ ഞാൻ വന്നത് ഇതാ, ഇതു തരാനാണ്..,, ഭദ്രയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു കൊണ്ട് ദേവദാസ് കയ്യിലിരുന്ന ഫയൽ ഭദ്രയുടെ നേരെ നീട്ടി .. “പോസ്റ്റ് മോർട്ടം റിപ്പോർട്ട് ..!! ഭദ്ര വേഗം അതു തുറന്നു നോക്കി ,, അവളുടെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു ..

ആ പെൺകുട്ടികളുടെ റിപ്പോർട്ട് നോക്കിയതും ഭദ്ര അവിശ്വസനീയതയോടെ ദേവദാസിനെ നോക്കി …!! ആ റിപ്പോർട്ടിലൂടെ കണ്ണോടിച്ച ഓരോരുത്തരും ഞെട്ടലോടെ ദേവദാസിനെയും ഭദ്രയെയും പകച്ചു നോക്കി..!! “സാർ ….., ഇത്. ..? ഇത് …,, ഭദ്രയുടെ ശബ്ദം പതറുന്നുണ്ടായിരുന്നു അപ്പോൾ …!! “യെസ് ഭദ്ര …, ജേക്കബ്ബച്ചന്റെയും ശവകുഴിതൊമ്മിയുടെയും മരണം അവരിൽ ഹൃദയസ്തംഭനം ഉണ്ടാവാനുളള മരുന്ന് ഇഞ്ചക്ട് ചെയ്തതു കൊണ്ടാണ് …!! “പക്ഷേ ,ആ പെൺകുട്ടികൾ….., അദ്ദേഹം പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ഭദ്രയുടെ മുഖത്തേക്ക് നോക്കി സാർ ഇങ്ങനെ ഒക്കെ. .?

അതെങ്ങനെ സംഭവിക്കും സാർ..? അവൾ പകച്ച മിഴികളോടെ ദേവദാസിനെ നോക്കി.. സംഭവിക്കും എന്നല്ല ഭദ്ര.., സംഭവിച്ചു കഴിഞ്ഞു അത് …!! മരിച്ച ആ മൂന്നു പെൺകുട്ടികളിലോരോരുത്തരുടെയും ഉളളിൽ അഞ്ചു മാസത്തോളം പ്രായമുള്ള ആറു ജീവനുകൾ ഉണ്ടായിരുന്നു .., മൊത്തം പതിനെട്ടു ജീവനുകൾ …!! അവയുടെ അനിയന്ത്രിതമായ വളർച്ചയെ തുടർന്ന് വയറു പിളർന്നാണവരുടെ മരണം സംഭവിച്ചിരിക്കുന്നത്..!! ഡി ജി പി ദേവദാസ് പറഞ്ഞു നിർത്തിയപ്പോൾ ആ വാക്കുകൾ ഉൾക്കൊള്ളാൻ കഴിയാത്തവിധം ഭദ്രയുടെ കാതുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു….!!

തുടരും…..

ഭദ്ര IPS : ഭാഗം 11