Sunday, December 22, 2024
Novel

ആഇശ: ഭാഗം 16

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

തെറ്റാണ് എന്ന് എനിക്കറിയാം എങ്കിലും ഞാനവനെ സ്നേഹിക്കുന്നു .മറ്റൊരു കുടുംബം അവനുണ്ടെന്നറിയാം എങ്കിലും എങ്ങനയോ എന്റെ മനസ്സടുത്തു പോയി .എന്റെ ഈ തലയിണയിൽ പോലും അവന്റെ ഗന്ധമാണ് .

ആ മണം നുകർന്ന് അവയെ കെട്ടിപ്പിടിക്കുമ്പോൾ എനിക്ക് എവിടക്കയോ അവൻ എന്നിലേക്ക് ലഹരി പടർത്തുന്നു .

ഇനി നാട്ടിൽ എന്ത് ജോലി ആണ് ചെയ്യുക .എന്തെങ്കിലും കണ്ടെത്തണം .ഇപ്പോൾ ഉപ്പാടെ കൂടെ ബേക്കറിയിൽ പോകുവാൻ തുടങ്ങി .

പണ്ട് പാചകം കേക്കുണ്ടാക്കൽ എന്റെ ഇഷ്ട കലയായത് കൊണ്ട് ഉപ്പാന്റെ ബേക്കറിയിൽ അത് പരീക്ഷിക്കാൻ കഴിയില്ല പിന്നെ നല്ല ചോക്കലേറ്റ് കുക്കീസ് കേക്കുകൾ ബേക്ക് ചെയ്യാൻ തുടങ്ങിയ കലകളും ഉണ്ട്.

പക്ഷെ പ്രശ്നം ഉള്ളത് ഒന്ന് ഇടത്തരം കസ്റ്റമേഴ്സ് ആണിവിടെ .

രണ്ട് എന്റെ മനസ്സിൽ ഉള്ള ചോക്കളേറ്റും കേക്കുകളും വാങ്ങാൻ ഉള്ള തരത്തിലുള്ള കൂട്ടരും അധികം ഇവിടെ വരാറില്ല .

ആഗ്രഹം കൊണ്ട് എന്തായാലും എടുത്ത് ചാടണ്ട .ഇവിടുത്തെ ബിസിനസ്സ് ഒക്കെ നോക്കി കണ്ട് ഒന്ന് പഠിച്ചിട്ട് ഇറങ്ങാം .തൽക്കാലം ഉപ്പാന്റെ ഈ ബേക്കറിയിൽ ഇങ്ങനെ കൂടാം .ബോറടിയും മാറും .

സത്യത്തിൽ നാട് ശരിക്കും ഇഷ്ടപ്പെട്ട പോലെ .ഇടവിട്ട മഴയും .പ്രകൃതിയുടെ ഇരുണ്ട് മൂടലും അപ്പോൾ ഒരു ചായയും കുടിക്കണം വല്ലാത്ത ഫീലാണ്.

അഫ്സൽ പതിയെ അടുത്ത് വരാൻ ശ്രമിക്കുന്നുണ്ട് .സ്വന്തം ബേക്കറി പോലെ എല്ലാ സ്വാതന്ത്യവും ഇവിടെ ഉപ്പ അനുവദിച്ചു കൊടുത്തിട്ടുണ്ട് .

ഒരു ദിവസം കടയിലെ തിരക്കിൽ മോളെ സ്കൂളിൽ പോയി കൊണ്ട് വരാൻ വൈകി .

ഉപ്പ കടയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ പോയിരിക്കുന്നു .ഞാൻ ആകെ വിഷമത്തിലായി .

സമയവും പോകുന്നു ഉപ്പാന്റെടുത്ത് വിളിച്ച് വേഗം വരാൻ പറഞ്ഞു .ഉപ്പ ചെയ്തതോ അഫ്സലിനെ വിളിച്ചു പറഞ്ഞു .

അഫ്സൽ വന്നു പക്ഷെ വണ്ടി ഉപ്പ കൊണ്ട് പോയിരിക്കുന്നു .പിന്നെ അഫ്സൽ തന്നെ പോയി അവളെ സ്കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വന്നു .ഇതൊക്കെ ഫോണിൽ അറിഞ്ഞ നജീബ് പൊട്ടിത്തെറിച്ചു .

നിന്നെ അവൻ കെട്ടുകയോ കെട്ടാതിരിക്കയോ ചെയ്യട്ട് പത്ത് വയസ്സ് കഴിഞ്ഞ കുട്ടിയാ അസാധാരണ വളർച്ചയും ഉണ്ടവൾക്ക് അവളെ അഫ്സലല്ല കൊണ്ട് വരണ്ടത് .

ഉള്ള ഒരു കൊച്ചിനെ നോക്കാൻ വയ്യെങ്കിൽ പിന്നെ നിനക്ക് എന്ത് ഉത്തരവാദിത്വമാണ് ആയിശാ .അൽപം ബോധം വേണ്ടേ …. എന്ന് തുടങ്ങി കലപില .ഞാൻ എങ്ങിനയും ഫോൺ കട്ടാക്കി .

എങ്കിലും അവൻ പിണങ്ങിയില്ല .അവൻ രാവിലെയും ഉച്ചക്കും രാത്രിയിലും വിളിക്കും പക്ഷെ കൂടുതൽ സംസാരിക്കാൻ കഴിയില്ല .

ഇവിടെ കടയിലല്ലേ മിക്കപ്പോഴും തിരക്ക് ആയിരിക്കും രാത്രിയിൽ വീട്ടിലെത്തുമ്പോഴേക്കും ക്ഷീണവും .

അങ്ങിനെ മണിക്കുറും ദിവസങ്ങളും മാസങ്ങളും നീങ്ങുന്നത് ഞാനറിയാതെ പോയി തുടങ്ങി .
ഇതിനിടയിലാണ് അഫ്സൽ ചോദിക്കുന്നത് .

അല്ല ആയിശാ നീ ഇനി ദുബായിക്ക് പോകുന്നില്ലേ ? …എന്തേ എല്ലാം പറഞ്ഞു തരുന്ന ഉപ്പ അത് മാത്രം പറഞ്ഞില്ലേ നിന്നോട്..

ഇല്ലാ …. പറഞ്ഞില്ല
ഞാൻ ഇനി പോകുന്നില്ല ദുബായിക്ക് .

അപ്പോൾ അവിടുത്തെ സൂപ്പർമാർക്കറ്റുകളോ?
അത് വിറ്റിട്ടാ വന്നത് .

അത് ശരി അത് വിറ്റ കാശിനാ അപ്പോൾ നീ വീട് വാങ്ങിയതല്ലേ ..ഞാൻ കരുതി സമ്പാദ്യത്തിൽ നിന്നാണന്ന് ,ആരേലും കൈയ്യിലിരിക്കുന്ന സ്ഥാപനം വിൽക്കുമോ ?
അവിടെ സ്ഥിതികൾ മോശമായി തുടങ്ങി ഇനി റിസ്ക് എടുക്കണ്ടാന്ന് കരുതി .

ഞാൻ കരുതി നീ മകളുടെ അടുത്ത് രണ്ട് മൂന്ന് മാസം നിൽക്കാനുള്ള കൊതി കൊണ്ട് വന്ന് നിൽക്കുകയാണന്ന് .

പത്ത് പതിനൊന്ന് വർഷം …ഹും…ഇത്രയും നാൾ നീ ദുബായിൽ പ്രവാസിയായി ജോലി എടുത്തിട്ട് എന്തുണ്ടാക്കി ? ഒരു വീടിന്റെ വീതം നൽകി സ്വന്തമാക്കിയതോ ? എത്ര മണ്ടത്തരമായ തീരുമാനമാ നീ എടുത്തത് .
അല്ല …

ഒന്ന് ആലോചിച്ചു കൂടാർന്നോ എല്ലാം അവസാനിപ്പിക്കും മുമ്പ് .എത്രയോ പേർ ഇപ്പോഴും ദുബായിൽ പിടിച്ചു നിൽക്കുന്നു .

ഒരു വാക്ക് എന്നോട് ചോദിച്ചു കൂടാർന്നോ ആയിശാ?
അഫ്സലിന്റെ ചോദ്യം അൽപം ശബ്ദം ഉയർന്നു തന്നെയായിരുന്നു . ബേക്കറിയിൽ വന്നവർ ശ്രോതാക്കളായ പോലെ .

അതെന്തിനാ അഫ്സൽ നിന്നോട് ഞാൻ ചോദിക്കുന്നത് .അതെന്റെ ഇഷ്ടം എന്റെ തീരുമാനങ്ങൾ .നിനക്ക് പണം ആയിരിക്കും വലുത് എനിക്ക് എന്റെ മകളും കുടുംബവുമാണ് .

പിന്നെ ഞാൻ ഇത്രയും നാൾ എന്തുണ്ടാക്കിയെന്ന് ചോദിക്കാൻ നീയാരാണ് ?നീയെന്തിനാ കണക്കെടുക്കാൻ വരുന്നത് നിന്നോടാരേലും പറഞ്ഞാർന്നോ കണക്കെടുക്കാൻ .

‘പ്രവാസികളുടെ സമ്പാദ്യം അവരുടെ കുടുംബമാണ് ”
നീ എന്തേ പ്രവാസിയാകാത്തത് .പ്രയാസങ്ങൾ നേരിടാത്തത് കൊണ്ട് അല്ലേ …
പക്ഷെ പ്രസാസികൾക്ക് പ്രതിസന്ധികളെ അതിജീവിക്കാനറിയാം .

ടോ …കുടുംബത്തിന് വേണ്ടി ജീവനും സ്വന്തം ജീവിതവുമാണടോ ഓരോ പ്രവാസികളും ബലി കൊടുക്കുന്നത് .

എന്നാ വന്നേ .. എന്നാ പോകുന്നേ … ഇത്രയും നാൾ എന്തുണ്ടാക്കി …
ഇതല്ലാതെ… സുഖമാണോ … കുടുംബം സന്തോഷമായിരിക്കുന്നോ എന്നൊക്കെ ചോദിച്ച് ചോദ്യങ്ങൾ മാറ്റി പിടിക്കണം ഇനിയെങ്കിലും നിങ്ങൾ ഒക്കെ …ഒരിറ്റ് കരുണയോടെ പ്രവാസികളോട് സംസാരിക്കാൻ പഠിക്കണം .

ടോ ഈ അങ്ങാടി അല്ല ഇവിടുത്തെ പള്ളിയിലും കാരുണ്യ പ്രവർത്തനത്തിലും രാഷ്ട്രീയത്തിലും ഈ നാട് മുഴുവനും വലിയ തോതിൽ തന്നെ എല്ലാറ്റിലും പ്രവാസികളുടെ കൈയ്യൊപ്പുണ്ട് .അതോർമ്മയിൽ വെച്ച് ഇനിയെങ്കിലും ഒരു പ്രവാസിയെ കാണുമ്പോൾ ബഹുമാനിക്കാൻ പഠിക്കുക .

ആയിശ ബേക്കറിയിൽ ഉള്ളവരോടായി നോക്കി തന്നെയാണത് പറഞ്ഞത് .അഫ്സൽ ഇനി തന്നോട് പറയാനുള്ളത് എന്റെ കാര്യങ്ങളിൽ താൻ കാണിക്കുന്ന അധിക ആത്മാർത്ഥത അത് തുടരണോന്നില്ല .

അപ്പോൾ ഞാൻ നിന്റെ ആരുമല്ലേ ആയിശാ ?
നമ്മൾ ഒന്നിക്കാനുള്ളവരല്ലേ …?

അഫ്സലേ പണ്ടത്തെ പ്രണയം പറഞ്ഞ് മുതലെടുക്കാൻ വരരുത് അതിനിനി ശ്രമിക്കരുത്.
നീ ആണായിരുന്നേൽ അന്ന് നീ എന്നെ തന്നെ കെട്ടിയേനെ .എന്റെ ഉപ്പ പണ്ട് നിനക്കന്ന് വാക്കും തന്നു. നിനക്ക് അന്ന് സംശയ രോഗമായിരുന്നു .

കുറേ ആണും പെണ്ണും കെട്ടവൻമാർ അങ്ങനാ സൗന്ദര്യമുള്ളവളെ തന്നെ സ്വന്തമാക്കണം പിന്നെ അവരെ സംശയിച്ച് ബുദ്ധിമുട്ടിക്കുകയും വേണം, അവനവന് നോക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടേൽ മാത്രം പിറകേ പോയാൽ പോരേ .

ഇല്ലേൽ ആ പണിക്ക് നിക്കരുത് അത് പ്രേമിക്കാനായാലും കല്യാണം കഴിക്കാനായാലും .

പിന്നെ നീ വേറെ കല്യാണം കഴിച്ചു അവിടെ നിനക്ക് അവളുടെ സൗന്ദര്യമല്ലായിരുന്നു അവളുടെ സ്വത്ത് ആയിരുന്നു നിനക്ക് വലുത് .അതവൾ മനസ്സിലാക്കിയപ്പോൾ നീ എന്റെ സൗന്ദര്യം വിളമ്പി കൊണ്ടിരുന്നു അവളോട് ഒരു കാരണം പോലെ .

നീ എന്ന ആൺ വർഗ്ഗം ഓർക്കാനുണ്ട് … സ്ത്രീയുടെ സൗന്ദര്യത്തിനല്ല വില .അവളുടെ മനസ്സിനാണ് .ഈ ആയിശാക്ക് എന്താ സൗന്ദര്യമില്ലേ എന്നിട്ടോ … എന്റെ കൂടാരുണ്ട് തുണയായിട്ട് … ഈ സൗന്ദര്യത്തിൽ ഒരു അർത്ഥവുമില്ലെന്ന് കുറേ മുമ്പ് അഹങ്കരിച്ച ഞാൻ പഠിച്ചു കഴിഞ്ഞു അഫ്സൽ.

നിന്റെ ഭാര്യ സജ്നയെ ഞാൻ കണ്ടു കുറച്ച് ദിവസം മുമ്പ് ഒരു കല്യാണ വീട്ടിൽ വെച്ച് അന്നാ കാര്യങ്ങൾ ഞാനറിഞ്ഞത് ,അവളുടെ ഉപ്പ നിന്റെ മൊഞ്ച് കണ്ടാ കെട്ടിച്ചു തന്നത് അഫ്സലേ ,അവളും അതാ അന്ന് നോക്കിയിരുന്നത് .ഇപ്പോൾ അവളുടെ ഭർത്താവ് വെളുത്തിട്ടല്ലേലും ആണാണത്രെ.

സ്നേഹിക്കുന്ന പെണ്ണിന് അല്ലേൽ ഭാര്യക്ക് സൗന്ദര്യമുണ്ടായാലും ഇല്ലേലും ആണാവുക ആദ്യം .

അല്ലാതെ അവളുടെ കാശും സ്വത്തും കണ്ടല്ല സ്നേഹിക്കണ്ടത് .. അവളുടെ നിറവും സൗന്ദര്യവും സ്വത്തും നോക്കാതെ സ്നേഹിക്കാൻ പഠിക്കുക .

പിന്നെ ആയിശാടെ വരുമാനവും സൗന്ദര്യവും നോക്കി ആരും വരണ്ട .കുറേ അനുഭവങ്ങളിലൂടെ പഠിച്ച് തന്നാ ഇപ്പോൾ നിൽക്കുന്നത് .
ഇനി അഫ്സലിന് പോകാമല്ലോ അല്ലേ …

എനിക്ക് ഇപ്പോഴാ ശരിക്കും സമാധാനമായത് .കുറേ നാളായി ഇവനോടിത് പറയണം പറയണം എന്ന് കരുതി വിമ്മിഷ്ടപ്പെട്ട് നടക്കുകയായിരുന്നു .
നോക്കുമ്പോൾ എല്ലാം കേട്ട് ഉപ്പ മുന്നിൽ .

നീ പെണ്ണാണന്ന് മറന്നു പോയോ ആയിശ .ഇത്രയും പേരുടെ മുന്നിൽ വെച്ച് അവനെ ഇത്രയും പറയേണ്ടിയിരുന്നില്ല .

ആണായ ഉപ്പാനോട് പല തവണ ഞാൻ പറഞ്ഞിരുന്നു .ഉപ്പ അവനെ ഭാവി മരുമോനാക്കിയോ എന്ന് വരെ തോന്നി പ്പോയി .അതു കൊണ്ടാ ഉപ്പാ പെണ്ണായ ഞാൻ പറയണ്ടി വന്നത് .

ഇതെല്ലാം കേട്ട് നജീബേ നീയെന്തിനാടാ ഇത്രക്ക് ഫോണിലൂടെ ഇളിക്കുന്നത് .അല്ല ഞാനും ഒരു പ്രവാസിയാണേ ?

ആണോ …….
ടീ വല്ലോന്റ മേക്കിട്ട് കേറീട്ട് എന്റെ തോളത്ത് കേറാൻ വരണ്ട .
ഞാൻ വരുന്നില്ലടാ പോത്തേ ….
ടി മരമാക്രി അധികം കളിക്കണ്ടാട്ടോ …
നീ പോട …
നീ പോടി ……

ടാ വല്ലാത്ത തലവേദന ഇന്ന് ….
എങ്കിൽ നീ എന്റെ മടിയിൽ തല വെക്ക് ….
ഈ ഫോണിലൂടയോ …

ആടി …. നീ തല വെക്ക് …..
ഞാൻ തലയിണയെ കെട്ടി പിടിച്ച് തല അതിന്റെ മേൽ വെച്ച് ഒരു ചെവിയിൽ ഫോണും ചേർത്ത് വെച്ചു .

അവൻ പാടി തന്നു ഈണത്തിൽ പല പാട്ടുകൾ .അവന്റെ മടിയിൽ തല വെച്ച് തന്നെ കേൾക്കും പോലെ …. അവൻ പാട്ടുകാരനല്ലെങ്കിലും സ്വരം നന്നല്ലെങ്കിലും ആർക്കും ഇഷ്ടപെടില്ലെങ്കിലും എനിക്ക് മനോഹരമായി തോന്നി ആ ഈണങ്ങളും സ്വരവും .

സ്നേഹത്തോടെ നജീബിന്റെ പാടുന്ന ആ പാട്ടുകൾ എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവുകയായിരുന്നു.എനിക്കാ ശബ്ദം പകർന്ന മധുരം വല്ലാത്ത ഒരുനഭുവം പകർന്നു തന്ന പോലെ .

ഞാനാ മടിയിൽ കിടന്നുറങ്ങാൻ കൊതിച്ചു .അവന്റെ കൈകൾ എന്റെ മുടി ഇഴകളിലൂടെ സഞ്ചരിക്കും പോലെ .ഞാനവനിൽ അലിഞ്ഞു ചേരുകയായിരുന്നു .

ഒരിക്കലും ഓർമ്മയിൽ ഇങ്ങനൊരു മയക്കം ഉണ്ടായിട്ടില്ല .ഞാൻ അവന്റെയൊപ്പം പറന്നു നടക്കും പോലെയാണ്…. .ഞാൻ അന്ന് ഉറങ്ങി പോയത് എപ്പഴാണെന്ന് പോലുമറിയില്ല .

രാവിലെ തന്നെ പെരുമഴയാണ്. അതിരാവിലെ
ഞാനന്ന് കുളിക്കുമ്പോൾ വെള്ളത്തിന് ഇളം ചൂട് ഉള്ളത് പോലെ .

ഞാൻ എന്റെ ടൗവ്വൽ മാറ്റി ഷവറിനടിയിൽ നിന്ന് കൊണ്ട് തന്നെ ബാത്ത്റൂമിലെ കണ്ണാടിയിൽ ഞാൻ എന്റെ ശരീരത്തെ നോക്കി കണ്ടു.എന്റെ കൈകൾ കൊണ്ട് ഞാൻ എന്റെ മേനിയിൽ തഴുകുമ്പോൾ മനസ്സിൽ നജീബായിരുന്നു .

ക്ഷീണം വരും വരെ ഷവറിന് കീഴേ നിന്നു ഞാൻ .കുളിച്ച് തോർത്തി വന്നപ്പോൾ വല്ലാത്ത കുളിര് .

ഒരുങ്ങി വണ്ടിയിൽ നല്ല പാട്ടുമിട്ട് മരങ്ങൾക്കിടയിലൂടെ പോകുമ്പോൾ മനസ്സിന് നല്ല സന്തോഷം പകരുന്ന പോലെ …………

നജീബിനെ വിളിച്ചു …. എന്നാടാ ഇനി നാട്ടിലോട്ട് … വരണോ …..?
എന്നാ വാടാ ….വെൽക്കം ടു കേരള …

വരുമെന്ന് പ്രതീക്ഷിച്ചില്ല … അവൻ പത്ത് ദിവസത്തിനുള്ളിൽ വന്നു .രണ്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് അവൻ വന്നു .

ഞങ്ങൾ പരസ്പരം കണ്ടു മുട്ടിയ അവിടെ വെച്ച് തന്നെ വീണ്ടും .
പക്ഷെ ഇത്തവണ ഞാൻ ബസിലാണ് അവിടേക്ക് പോയത് .

അവൻ ബൈക്കിലുമെത്തി .എന്നെയും പിന്നിലിരുത്തി കൊണ്ട് പറന്നു നടന്നു അവൻ എങ്ങോട്ടന്നില്ലാതെ .ഞാൻ എന്നെ തന്നെ മറന്നു പോയ നിമിഷങ്ങൾ .

ഇഷ്ടമുള്ളതും ഉപ്പിലിട്ടതും പൊരിച്ചതുമെല്ലാം വാങ്ങി തന്ന് അന്ന് നല്ലൊരു ദിവസം സമ്മാനിച്ചിട്ടാണവൻ പോയത് .
ഒരാഴ്ചക്കുള്ളിൽ തന്നെ അവൻ തിരികെ പ്രവാസ ലോകത്തേക്ക് മടങ്ങി .

ഫോൺ വിളികൾ തുടർന്നു ഞങ്ങൾ .ഇതിനിടയിൽ ആണ് എന്റെ മനസ്സിലെ ആഗ്രഹം പോലെ പുതിയ രീതിയിൽ പുതിയ ചോക്കളേറ്റിന്റെയും കേക്കിന്റെയും കട തുടങ്ങുന്നതിനെ പറ്റി പറയുന്നത് .

കേട്ടപ്പോൾ നല്ല ഐഡിയ ആണന്ന് തോന്നി .അത് ചിലവാകുന്ന ഇടം കണ്ടെത്തണമല്ലോ അതിന് ഷോപ്പിങ്ങ് മാളുകളിൽ ഒരു നല്ല സ്പെയിസ് കിട്ടണം .ഞാൻ പിന്നെ അതിന് പിറകേയായി .ആയിടക്ക്

ലുലു മാൾ കൊച്ചിയിൽ വരുന്നത് .നജീബിന്റെ നാട് .നജീബ് ആരെയൊക്കയോ വിളിച്ചു ലുലു മാളിൽ ഒരു ഷോപ്പ് ഒപ്പിച്ചു .

അവൻ തന്നെ ആ ഷോപ്പിന്റെ ഒരു വർഷത്തേക്കുള്ള പണം അടച്ചു .മറ്റ് വർക്കുകൾ ചെയ്ത് അടിപൊളിയാക്കി ഞാൻ ഗൾഫിലെ കടകൾ പോലെ .

ഞാൻ അങ്ങിനെ ചോക്കളേറ്റ് മിഠായികളും …. പല തരം കേക്ക് കളുമായി കാര്യങ്ങൾ തുടങ്ങി .എല്ലാ ഉൽപന്നവും നമ്മൾ നിർമ്മിക്കുന്നത് മാത്രം .

ഷാഹിനായും ഞാനും കൊച്ചിയിൽ ഒരു ഫ്ലാറ്റിലേക്ക് വാടകക്കായി താമസം മാറ്റാൻ തീരുമാനിച്ചു .

പിന്നങ്ങോട്ട് വേറെ ഫ്ലാറ്റെടുത്ത് മാറിയാൽ മതിയെന്ന് നജീബ് .തൽക്കാലം തന്റെ വീട്ടിൽ നിൽക്കാനായിരുന്നു അവൻ പറഞ്ഞത് .

അത് എങ്ങനെ എന്ന് എനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല .പക്ഷെ നജീബിന്റെ ഭാര്യ എന്നെ വിളിച്ചു .
ആയിശ അല്ലേ ഞാനാണ് ഫസീല അറിയുമോ ?
ഇല്ല …

ഞാൻ നജീബിക്കാന്റെ വൈഫാണ് .ആയിശ എന്ന ഫ്രണ്ട് ഉണ്ട് ഒറ്റക്ക് കൊച്ചിയിൽ വരികയാ കൂടെ നിർത്താമോന്ന് ഇക്ക ചോദിച്ചു .ഞാൻ ഓകെ പറഞ്ഞു കേട്ടോ … എനിക്ക് ഒരു കൂട്ടാവുമല്ലോ എന്ന് ഞാൻ …..

അങ്ങിനെ ഞാൻ നജീബിന്റെ വീട്ടിൽ .ഷാഹിനാക്കും ജീവൻ വെച്ചു .നല്ല രണ്ട് കൂട്ടുകാരെ കിട്ടി കൂടെപ്പിറപ്പിനെ പോലെ .

സത്യത്തിൽ നജീബ് എന്റെ മുമ്പിൽ പുതിയ ലോകം തുറന്നിടുകയായിരുന്നു .ദുബായിയുടെ കേരള വേർഷൻ തന്നെയാണ് കൊച്ചി .

അങ്ങിനെ കച്ചവടത്തിനൊപ്പം എന്റെ ഉൽപന്നങ്ങളും വർധിച്ചു വന്നു .തരക്കേടില്ലാത്ത കച്ചവടം .ഞായറാഴ്ച ഞാൻ നാട്ടിൽ പോകും .

എല്ലാം കൊണ്ടും സന്തോഷം .പക്ഷെ നജീബിനെ ഞാൻ വിളിച്ചിട്ടില്ല .അവൻ ഫസീലയെ വിളിക്കുമ്പോൾ എന്നെത്തിരക്കും അപ്പോൾ മാത്രം സംസാരിക്കും .അല്ലാതെ അവനും എന്നെ വിളിച്ചതേയില്ല .

എന്റെ ഉള്ളിന്റയുള്ളിൽ പക്ഷെ അവനോട് പ്രണയം വർദ്ധിച്ചിട്ടേ ഉണ്ടായിരുന്നുള്ളു .നല്ല സുഖമുള്ള സ്വപ്നങ്ങൾ തന്ന രഹസ്യപ്രണയം .

അവന് തീർച്ചയായും ഫസീലായയും എന്നെയും പൊന്ന് പോലെ നോക്കാൻ കഴിയുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു എന്നും .

ഞങ്ങൾക്ക് മുഴുവനായി തന്നെ ചിലവിനയച്ചിരുന്നതും അവൻ .ഞാൻ ഷാഹിനയുടെ ഫീസ് മാത്രം അറിഞ്ഞാൽ മതി .ആ പ്രാവശ്യം അവൻ രണ്ട് വർഷം നിന്നിട്ടാണ് നാട്ടിലേക്ക് വന്നത് .

അവന്റെ വരവിനായി ഫസീലയുടെ തയ്യാറെടുപ്പുകൾക്കൊപ്പം എന്റെ മനസ്സും സന്തോഷം കൊള്ളുകയായിരുന്നു .ഷാഹിനാക്ക് 13 വയസ്സും തികഞ്ഞ സമയം .

നജീബ് വന്നു വീട്ടിൽ സന്തോഷങ്ങൾ കൊണ്ട് നിറഞ്ഞു .സിനിമയും ബീച്ചും ഒക്കെയായി ഉത്സവ ലഹരി .അന്ന് അവൻ ഒറ്റക്കാണ് എന്റെ ഷോപ്പിൽ വന്നത് .അവനോടായി ഞാനന്ന് ചോദിച്ചു .

അല്ലടാ … എന്താ നിന്റെ ഉദ്ദേശം .
എന്ത് ഉദ്ദേശം ആയിശാ ….
നമ്മുടെ കാര്യം ….

നീയിപ്പോൾ ഹാപ്പി അല്ലേ ,ഞാനും ഹാപ്പിയാണ് .

എന്റെ ആദ്യ പ്രണയ നായികയുടെ ജീവിത മുന്നേറ്റം കണ്ട് .

ടാ ……. നിനക്ക് എന്നെ ഇഷ്ടമല്ലേ …?

അതേടീ പെരുത്തിഷ്ടാ …. ഐ ലൗ യു .
എന്നാ എന്നെയങ്ങ് കെട്ടടാ….

അപ്പോൾ ഫസീലയോ ……????

എന്താടാ നീ ഇങ്ങനെ … നീയല്ലേ വേണമെങ്കിൽ കെട്ടും എന്ന് പറഞ്ഞത് .

അതോ … അത് നീ വല്ല കുഴിയിലും പോയി ചാടാതിരിക്കാൻ പറഞ്ഞതല്ലേ …..
എനിക്കപ്പോൾ കരച്ചിൽ വരുമെന്നായി .
നജീബ് എന്നെ ചേർത്തു പിടിച്ചു .

ടീ ജീവിതത്തെ ബോൾഡായി ഇത്രയും നേരിട്ട നിന്നെ എനിക്കിഷ്ടം തന്നെ .മുമ്പ് പറഞ്ഞ എന്റെ വാക്കിൽ മാറ്റവും ഇല്ല .അങ്ങനൊരവസ്ഥ വരികയാണങ്കിൽ .
ഞാൻ നജീബിന്റെ മുഖത്തേക്ക് നോക്കി .

പിന്നെ ….ആയിശാ ഞാനിന്ന് വരെ ഫോണിലൂടെയോ നേരിലോ നിന്നോട് വല്ല വൃത്തികേടും പറഞ്ഞിട്ടുണ്ടോ ?
”ഇല്ല ….”

ടീ പ്രണയം പവിത്രമാണ് .അത് ഉടയാതെ കൊണ്ട് നടക്കണം .എന്റെ പ്രണയം ആയ നീ നന്നായി ജീവിക്കണം .നിന്റെ മകൾ വളർന്നു വരുന്നു എന്ന് നീ മറക്കരുത് .

അവളുടെ ഭാവി ഇതൊക്കെയാ നമ്മൾ ഇപ്പോൾ നോക്കേണ്ടത് അല്ലാതെ നമ്മുടെ ഭാവിയെ കുറിച്ചല്ല ചിന്തിക്കേണ്ടത് .

അപ്പോൾ നീ എന്നെ കല്യാണം കഴിക്കില്ലേ ?
എന്തിന് ആയിശാ …….?

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7

ആഇശ: ഭാഗം 8

ആഇശ: ഭാഗം 9

ആഇശ: ഭാഗം 10

ആഇശ: ഭാഗം 11

ആഇശ: ഭാഗം 12

ആഇശ: ഭാഗം 13

ആഇശ: ഭാഗം 14

ആഇശ: ഭാഗം 15