Monday, November 11, 2024
Novel

നിയോഗം: ഭാഗം 64

രചന: ഉല്ലാസ് ഒ എസ്

ചിന്നസ്വാമി പറഞ്ഞതിന് പ്രകാരം,
കാർത്തിയും, പദ്മയും കൂടി അവിടെ അടുത്തുള്ള ഒരു ഷോപ്പിലേക്ക് വന്നതാണ്..

തണുപ്പ് കൂടുതലുള്ളതിനാൽ കുഞ്ഞിനും അവർക്കും ഒക്കെ ഓരോ സെറ്റർ വാങ്ങണം…പിന്നെ വീട്ടിലേക്ക് ആവശ്യത്തിനുള്ള കുറച്ച് സാധനങ്ങളും…ഒന്ന് രണ്ട് പാത്രങ്ങളും…

അത്യാവശ്യം വേണ്ടതെല്ലാം അവർ പാലക്കാട് നിന്നും കൊണ്ടുവന്നിട്ടുണ്ടായിരുന്നു…

അത് പോരാഞ്ഞിട്ട് വേണ്ടവയൊക്കെ വാങ്ങുവാനും കൂടിയാണ് അവരുടെ ഈ വരവ്..

അതിനുശേഷം കാർത്തി നേരെ കോളേജിലേക്ക് പോയി…

ടൗണിൽ നിന്നും അല്പം മാറിയാണ് കോളേജ്…

നിറയെ ഏലക്കാടിന്റെ നടുവിലായി, പഴയ കൊട്ടാരം പോലെ സാദൃശ്യമുള്ള ഒരു കോളേജ് ആയിരുന്നു അത്..

ബ്രിട്ടീഷ് ഭരണകാലത്ത് പണിത ഏതോ ഒരു സൗധം ആയിരുന്നു എന്നും പിന്നീട് അത്, പുതുക്കി കോളേജ് ആക്കിയതാണെന്നും ഒക്കെ, ചിന്നസ്വാമി അവരോട് പറഞ്ഞിരുന്നു…

കാപ്പി പഴത്തിന്റെ കളർ ഉള്ള,
മുട്ടിന് താഴെ നിൽക്കുന്ന സ്കേർട്ടും,ഷർട്ടും അതിന്റെ പുറത്ത് ഒരു കോട്ടും….

കുറച്ചു പെൺകുട്ടികൾ  നടന്നു നടന്നുവരുന്നുണ്ടായിരുന്നു…

കണ്ടിട്ട് പ്ലസ് ടു കുട്ടികളെ പോലെയുണ്ട്…

കോളേജിന്റെ തൊട്ടടുത്തായി ഹയർസെക്കൻഡറി സ്കൂൾ ഉണ്ടായിരുന്നു..

അവിടെ പഠിക്കുന്ന കുട്ടികളാണ്… ഇന്റർവെൽ ടൈമിൽ അവർ ഇറങ്ങി നടക്കുന്നതാണ്… പത്മ എല്ലാം നിരീക്ഷിച്ചുകൊണ്ട് കാറിൽ ഇരുന്നു…

കുട്ടിമാളു ആണെങ്കിൽ അവളുടെ കയ്യിലിരുന്ന് ഉറങ്ങിപ്പോയിരുന്നു..

അല്പം കഴിഞ്ഞതും കാർത്തി ഓഫീസിൽ നിന്നും ഇറങ്ങിവന്നു..

“ഒരുപാട് സ്റ്റുഡൻസ് ഉണ്ടോ മാഷേ…. വലിയ കോളേജ് ആണല്ലോ…”

അവൻ കാറിലേക്ക് കയറിയപ്പോൾ, പത്മ അവനെ നോക്കി ചോദിച്ചു.

“മ്മ്…… തരക്കേടില്ലാത്ത കോളേജ് ആണ്….. പിന്നെ, ഇവിടുത്തെ രീതിയൊക്കെ എങ്ങനെയാണെന്ന് അറിയില്ല….  നാളെ മുതൽ കോളേജിൽ വന്നു തുടങ്ങണം എന്നാണ് പ്രിൻസിപ്പൽ അറിയിച്ചത്”

.
“അയ്യോ നാളെ മുതൽ വരണോ മാഷേ….. അപ്പോൾ ഞാനും കുഞ്ഞും ഒറ്റയ്ക്ക് അല്ലേ…”

“ഹ്മ്മ്… ഞാൻ സാറിനോട് പറഞ്ഞിട്ടുണ്ട് തിങ്കളാഴ്ച മുതൽ വന്നു തുടങ്ങാമെന്ന്… സാർ എന്നോട് നമ്പർ വാങ്ങിയിട്ടുണ്ട് വൈകുന്നേരം വിളിക്കും….”

“മ്മ്…..”

 

 

*****

ദിവസങ്ങൾ പിന്നിട്ടു കൊണ്ടേയിരുന്നു..

കാർത്തിയും പത്മയും അവരുടെ കുട്ടി മാളുവുമൊത്തു സന്തോഷത്തോടെ ജീവിക്കുക ആണ്.
മറ്റാർക്കും അവിടെ സ്ഥാനം ഇല്ലായിരുന്നു.

 

ഇരുവരുടെയും പിണക്കങ്ങൾ ഒക്കെ മെല്ലെ മേലെ ഉരുകി ഒലിച്ചു പോയിരിന്നു..

ഇടയ്ക്ക് അവരോട് പിണങി പോയിരുന്ന പ്രണയം വീണ്ടും പൂത്തു തളിർക്കുക ആയിരുന്നു..

തണുപ്പും,കുളിരും വേനലും, വർഷവും ഒക്കെ മാറി മാറി വന്നു.

ഓരോ രാവും നിദ്രയെ പുൽകുമ്പോൾ
കാർത്തിയും പദ്മയും പരസ്പരം മത്സരിച്ചു പ്രണയിച്ചു.

എന്തെങ്കിലും ആവശ്യം വന്നാൽ മാത്രം അവർ നാട്ടിലേക്ക് പോകും
എല്ലാവരെയും കാണും.. ശേഷം തിരികെ മടങ്ങി പോരുകയും ചെയ്തു..

***

വർഷങ്ങൾ പെട്ടന്ന് കടന്നു പോയി..

കാർത്തിയും പദ്മ യും,  കുട്ടിമാളുമൊത്ത് നാലഞ്ചു വർഷത്തോളം കട്ടപ്പനയിൽ ആയിരുന്നു….

ആ നാടും,അവിടുത്തെ ആളുകളും അന്തരീക്ഷവും ഒക്കെ,അവർക്ക് ഒരുപാട് ഇഷ്ടമായിരുന്നു..

വളരെ നിഷ്കളങ്കരായ നല്ലവരായ ഗ്രാമവാസികൾ ആയിരുന്നു , അവിടെ ഉണ്ടായിരിന്നത്…

ഒരുപാട് വികസനങ്ങൾ ഒന്നുംതന്നെ അവിടെ വന്നു തുടങ്ങിയിട്ടില്ലായിരുന്നു…

മാതാപിതാക്കൾക്ക്
ഒക്കെ ആണെങ്കിലും, വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ച് ഒന്നും വലിയ അറിവില്ലായിരുന്നു…

കാലത്തെ മുതൽ അവരെല്ലാവരും എന്തെങ്കിലുമൊക്കെ ജോലി തേടിയിറങ്ങും,വൈകുന്നേരം വീട്ടിൽ മടങ്ങിയെത്തും, അന്നത്തേടം കൊണ്ട് ജീവിച്ചു പോകുന്നവരായിരുന്നു, ഏറിയ പങ്കും..

അവർക്ക് വലിയ ജ്ഞാനം ഒന്നും ഇല്ലാതിരുന്നത് കൊണ്ട്,, കുട്ടികളെയും ആ രീതിയിലൊക്കെ ആയിരുന്നു വളർത്തിയത്…

സ്കൂളിൽ പോയിട്ട് വന്നു കഴിഞ്ഞാൽ കുട്ടികൾ ഒക്കെ, വെറുതെ കളിച്ചു നടക്കും…

കാർത്തി ആ ഗ്രാമത്തിന് നല്ലൊരു മാതൃകയാക്കുകയായിരുന്നു…

അവൻ കോളേജിൽ നിന്നും വന്നു കഴിഞ്ഞാൽ, അവിടെ ഉണ്ടായിരുന്ന പത്തിരുപത് കുട്ടികൾക്ക്,, പാഠഭാഗങ്ങളൊക്കെ പറഞ്ഞു കൊടുക്കുവാനായി  തുടങ്ങി.

ഫ്രീ ആയിട്ടായിരുന്നു അവൻ അവരെയൊക്കെ പഠിപ്പിച്ചത്..

ആദ്യമാദ്യം കുട്ടികൾ ആരും കൃത്യസമയത്ത് ഒന്നും എത്തുകയില്ലായിരുന്നു..

പക്ഷേ കാർത്തി അവരെ ഒക്കെ സ്ഥിരമായിട്ട് നിർബന്ധിച്ച് കൊണ്ടേയിരുന്നു….

കുട്ടികളുടെയൊക്കെ മാതാപിതാക്കളെയും അവൻ ഞായറാഴ്ച ദിവസങ്ങളിൽ, അവരുടെയൊക്കെ വീടുകളിൽ പോയി കണ്ടു…. വിദ്യാഭ്യാസത്തെക്കുറിച്ചും സ്വന്തമായി ഒരു തൊഴിൽ നേടുന്നതിനെക്കുറിച്ച് അവൻ അവരെയൊക്കെ പറഞ്ഞു മനസ്സിലാക്കി..

വരും തലമുറ , നിങ്ങളെയൊക്കെ പോലെ കഷ്ടപ്പാടും ദുരിതവും അറിഞ്ഞ്, ജീവിക്കാതെ കൊണ്ട്, ഉയർന്ന ഒരു ജോലി നേടി, തരക്കേടില്ലാത്ത നിലയിൽ ജീവിക്കണം….. കുട്ടികളെയൊക്കെ പഠിപ്പിക്കുന്ന കാര്യം ഞാനേറ്റു, പക്ഷേ കുടുംബത്തിലും അതിനുള്ള ഒരു സാഹചര്യം ഉണ്ടാകണം..  അതിനു മാതാപിതാക്കളായ നിങ്ങൾ ഓരോരുത്തരും ആണ്,അവരെ പ്രോത്സാഹിപ്പിക്കേണ്ടത്…

അങ്ങനെയങ്ങനെ നിരന്തരം,കാർത്തി അവരോടൊക്കെ സംസാരിച്ചു, കാര്യങ്ങൾ മനസ്സിലാക്കിച്ചു.

ഒരു ആറുമാസകാലം കൊണ്ട്,ആ ഗ്രാമത്തിലെ കുട്ടികളെല്ലാവരും,അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തി..

എല്ലാ കുട്ടികൾക്കും ഒരു കൃത്യനിഷ്ഠ വരുത്തിക്കുവാൻ ആയിരുന്നു കാർത്തി ആദ്യം ശ്രമിച്ചത്….

അവൻ എങ്ങനെയാണ് പഠിച്ചു വന്നത് അതുപോലെ തന്നെ അവൻ കുട്ടികൾക്കും പറഞ്ഞു കൊടുത്തു….

സ്വന്തം കുഞ്ഞുങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ, അവരുടെ അച്ഛനമ്മമാരിലും പ്രതിഫലിച്ചു..

അവരും തങ്ങളുടെ ജീവിതത്തിൽ കുറച്ചൊക്കെ ഉത്തരവാദിത്തം കൊണ്ടുവരാൻ ശ്രമിച്ചു..

അന്നന്ന് മാത്രം കഴിയാതെ നാളേക്ക് എന്തെങ്കിലും സ്വരുക്കൂടി,  സമ്പാദിക്കുവാനായി അവൻ അവരെ പഠിപ്പിച്ചു..

പതിയെ പതിയെ, ആ ഗ്രാമവും ഗ്രാമാന്തരീക്ഷവും ഗ്രാമവാസികളും ഒക്കെ, അവരുടെ ജീവിതം നിലവാരം ഉയർത്തിക്കൊണ്ടു വരുവാനായി തുടങ്ങിയിരുന്നു.

കോളേജിലും അവൻ നല്ലൊരു അധ്യാപകനായിരുന്നു..

ഒരുപാട് കടും പിടുത്തങ്ങൾ ഒന്നും പിടിക്കാതെ,കൊണ്ട് എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിച്ച്, ഒരു സ്വന്തം സഹോദരന്റെ സ്ഥാനത്തായിരുന്നു അവൻ ആ കോളേജിൽ നിലകൊണ്ടത്..

അങ്ങനെയിരിക്കുകയാണ്, മീനൂട്ടിക്കൊരു വിവാഹാലോചന വന്നത്….

പയ്യൻ വിദേശത്താണ്..

വിവാഹം കഴിഞ്ഞാൽ മീനൂട്ടിയെയും അവൻ കൊണ്ടുപോകും…

കാര്യങ്ങളൊക്കെ തിരക്കിയപ്പോൾ തരക്കേടില്ലാത്ത കുടുംബം…

കാർത്തിയും പത്മയും കുഞ്ഞുവാവയും ആയിട്ട് , പാലക്കാട്ടേക്ക് പോയി.

ചെറുക്കനെ കാണുവാനായി..

ചെന്ന് കണ്ടതും അവരെയൊക്കെ കാർത്തിക്കും ബോധിച്ചു,,

ഒന്ന് രണ്ട് ആളുകൾ വഴി,പയ്യന്റെ കുടുംബത്തെക്കുറിച്ച് തിരക്കിയപ്പോൾ, എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്..

പിന്നെ അങ്ങോട്ട് എല്ലാം വേഗത്തിൽ ആയിരുന്നു.

വിവാഹ നിശ്ചയവും കല്യാണവും ഒക്കെ ഒന്നരമാസം കൊണ്ട് തീരുമാനിച്ചു.

കാർത്തി പറഞ്ഞതിൽ പ്രകാരം, പത്മ നേരത്തെ തന്നെ നാട്ടിലേക്ക് പോന്നിരുന്നു..

കാരണം അവനും കൂടി ഇല്ലാത്ത സ്ഥിതിക്ക്,അച്ഛനും അമ്മയും ഒറ്റയ്ക്ക് എല്ലാ കാര്യങ്ങൾക്കും ഓടി നടക്കണമല്ലോ..

പത്മയും കൂടിയുണ്ടെങ്കിൽ എന്തെങ്കിലും ഒരു സഹായം ആകട്ടെ എന്ന് കരുതിയായിരുന്നു..

കാർത്തിയെ പിരിഞ്ഞു പോരുവാൻ അവൾക്ക് നല്ല വിഷമമായിരുന്നു….

കാലത്തെ 9 മണിയാകുമ്പോഴേക്കും  കോളേജിലേക്ക് പുറപ്പെട്ടാൽ,അവൻ വരുന്നതുവരെ അവൾ അക്ഷമയോടെ കാത്തിരിക്കുമായിരുന്നു…

“എന്റെ പെണ്ണേ ഞാൻ ഗൾഫിൽ ഒന്നും പോയിട്ടല്ലല്ലോ വരുന്നത് നീ ഇങ്ങനെ വാതിൽ പടിയിൽ കാത്തുനിൽക്കുവാനായി… ”

ഇടയ്ക്കൊക്കെ അവൻ പത്മയെ കളിയാക്കുo..

അതിനു മറുപടിയായി, കുട്ടി മാളു കാണാതെ, അവന്റെ കവിളിൽ ഒരു കടി വച്ച് കൊടുത്തിട്ട് അവൾ ഓടി മറയും…

**

വിവാഹത്തിന് നാലുദിവസം മുന്നേ ലീവ് എടുത്തിട്ട്, കാർത്തി യും പാലക്കാടെയ്ക്ക് തിരിച്ചു.

ആർഭാടമായ രീതിയിൽ തന്നെയായിരുന്നു മീനൂട്ടിയുടെ വിവാഹം…

 

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ അവൾ തിരികെ ഭർത്താവുമൊത്ത് അവന്റെ ജോലിസ്ഥലത്തേക്ക് പോകുകയും ചെയ്തു..

രണ്ടു ദിവസങ്ങൾക്ക് ശേഷം കാർത്തിയും പത്മയും കൂടി കട്ടപ്പനയിലേക്കും മടങ്ങി..

മീനൂട്ടിയും കൂടി പോയതോടെ അച്ഛനും അമ്മയും വീട്ടിൽ ഒറ്റയ്ക്കായി…

ഇടയ്ക്കൊക്കെ അച്ഛന് നെഞ്ചിനു വേദന വരുമായിരുന്നു…

അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ പോയി മെഡിസിൻ എടുത്തു കൊണ്ടിരിക്കുകയും ആയിരുന്നു..

ഒരു ദിവസം അമ്പലത്തിൽ പോയി വന്നശേഷം,അത്താഴം കഴിക്കുവാനായി തുടങ്ങുകയായിരുന്നു കാർത്തിയുടെ അച്ഛൻ..

നെഞ്ചിനകത്ത് ഒരു വല്ലാഴിക പോലെ തോന്നിയിട്ട് അയാൾ ചാരുകസേരയിൽ പോയിരുന്നു..

കുറച്ച് സമയമായിട്ടും അനക്കം ഇല്ലാതെ വന്നപ്പോൾ, സീത ഭർത്താവിനെ തിരഞ്ഞ് ഉമ്മറത്തേക്ക് വന്നു..

നെഞ്ചുവേദന എടുത്ത് പുളയുന്ന ആളെ ആണ് അവർ അവിടെ കണ്ടത്.

പിന്നീട് ആളുകൾ എല്ലാവരും ചേർന്നു വേഗം അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു.

മേജർ അറ്റാക്ക് ആയിരുന്നു എന്നും എപ്പോളും ഇനി ആളുടെ കാര്യത്തിൽ ഒരു ശ്രെദ്ധ വേണം എന്നും ഡോക്ടർ അറിയിച്ചു.

കാർത്തിയ്ക്ക് ആണെകിൽ
കട്ടപ്പനയിൽ നിന്നും മടങ്ങുക അല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു..

അവർ അവിടെ നിന്നും തിരിച്ചു പോന്നപ്പോൾ ആ ഗ്രാമം മുഴുവൻ കരഞ്ഞു.

കാരണം അത്രമാത്രം പ്രിയപ്പെട്ടവർ ആയിരുന്നു അവർക്ക് മാഷും കുടുംബവും

….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…