Thursday, December 19, 2024
Novel

അനുരാഗം : ഭാഗം 7

എഴുത്തുകാരി: അഞ്ജലി അഞ്ജു


എപ്പോൾ മുതലാണ് അവളെ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് അറിയില്ല. ജൂനിയേഴ്സിന്റെ ഇടയിൽ ഒരു അഹങ്കാരി പെണ്ണുണ്ടെന്ന് ആരൊക്കെയോ പറയുന്ന കേട്ടപ്പോൾ ഉണ്ടായ ഒരു കൗതുകം അതാണ് ദേ ഇപ്പോ അവളെ നോക്കി നിൽക്കുന്ന ഈ എന്നിലേക്ക് എത്തിച്ചത്.

ആരോടാണെങ്കിലും മുഖത്തു നോക്കി കാര്യം പറയുന്ന ആ സ്വഭാവവും, ദേഷ്യം വരുമ്പോൾ അത് നിയന്ത്രിക്കാൻ അവൾ പാട് പെടുന്നത് കാണാനുള്ള രസവും സീനിയറെ പോലും വായിനോക്കുന്ന കുറുമ്പും എല്ലാം ആകർഷിക്കുന്നവ ആയിരുന്നു.

പ്രണയമെന്ന് പറയാൻ കഴിയുമോ എന്നറിയില്ല. പക്ഷേ അവളെ കണ്ടു കൊണ്ട് ഇരിക്കാൻ തോന്നുന്നു. ഒരു ഇഷ്ടം അവളോട് മാത്രമായി…

ആ ഇഷ്ടം അവളെ അറിയിക്കാനോ അവളിൽ നിന്നും തിരിച്ചു പിടിച്ചു വാങ്ങാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെങ്കിലും അവൾക്കും എന്നോട് അങ്ങനെ തോന്നുമെങ്കിൽ അത് വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.

അവളെ കാണാതെ പറ്റില്ലെന്നായിരിക്കുന്നു. അത് കൊണ്ടാണ് നിഴലു പോലെ പുറകെ നടക്കുന്നത് ഇതൊക്കെ എങ്ങനെ അവൾ അറിയാനാണ്. മുഴുവൻ സമയവും കണ്ണു രണ്ടും ശ്രീഹന്റെ അടുത്ത് അല്ലേ….

ഇടക്ക് രണ്ടു ചവിട്ട് കൊടുക്കാൻ തോന്നും!!! പന പോലെ നിക്കുന്ന എന്നെ വിട്ടിട്ട് ഒരു നട്ടെല്ലില്ലാത്തവന്റെ പുറകെ നടക്കുന്നു.

ഇടക്ക് ചിരി വരും ഓരോ കാട്ടിക്കൂട്ടൽ കാണുമ്പോൾ. ഇപ്പോൾ തന്നെ, അവന്റെ അടുത്ത് എത്തിയപ്പോൾ ഒരു ബോധം കെടൽ..!

അതിലും എനിക്ക് സംശയം ഉണ്ട്. ഞാൻ പിടിച്ചതിന്റെ നിരാശ ആ മുഖത്തു കാണാമായിരുന്നു. അങ്ങനെ നിന്നെ ഞാൻ അവനെ കൊണ്ട് പിടിപ്പിക്കില്ല മോളേ…
ഒരു പുഞ്ചിരിയോടെ റിഷി അനു പോകുന്നത് നോക്കി നിന്നു.

ശേ എല്ലാ പദ്ധതികളും പാളി പോകുവാണല്ലോ. ഏതായാലും ഫേസ്ബുക്കിൽ ഒരു റിക്വസ്റ്റ് അയച്ചു ഇട്ടേക്കാം.

ഇനി അങ്ങനെ വല്ലതും നോക്കാം. ടെക് ഫെസ്റ്റിൽ ആണ് ഒരു പ്രതീക്ഷ. ആ ടൈമിൽ എങ്കിലും വീഴ്ത്തണം. ഏതായാലും ഈ ആഴ്ച വീട്ടിൽ പോകാം. ഒന്ന് റസ്റ്റ്‌ ഒക്കെ എടിത്തിട്ട് വരാം.

വീട്ടിലേക്ക് പോകാനായി നേരെ ഹോസ്റ്റലിൽ നിന്നും ഇറങ്ങി. യൂണിഫോം മാറ്റാൻ ഒന്നും നിന്നില്ല.KSRTC സ്റ്റാൻഡിൽ ചെന്നപ്പോൾ പതിവില്ലാത്ത തിരക്ക് ഉണ്ടായിരുന്നു. എന്റെ ബസ് നോക്കി നിന്നപ്പോളാണ് അത് ഞാൻ കണ്ടത്.

എന്റെ ശ്രീയേട്ടൻ ! ഒരു കറുത്ത ഷർട്ട് ഒക്കെ ഇട്ട് എന്നാ കിടു ലുക്ക്‌ ആണെന്നെ. നോക്കി നിന്നു പോയി.

ശേ ഇതറിഞ്ഞിരുന്നേൽ ഞാനും സുന്ദരി ആയിട്ട് വന്നേനെ ഇത് അവിഞ്ഞ കോലം ആയി പോയല്ലോ?

എന്റെ എതിർ വശത്താണ് പുള്ളി നിക്കുന്നത്. ആളുകളുടെ ഇടയിലൂടെ എന്റെ കണ്ണുകൾ ഇടക്ക് ഇടക്ക് ഏട്ടനെ അന്വേഷിച്ചു ചെന്നു.

പുള്ളിയെ കാണാൻ വേണ്ടി മൂന്ന് എറണാകുളം ബസ്സാണ് ഞാൻ മിസ്സാക്കിയത്. അവസാനം ഏട്ടനെ തൃശൂർ ബസ്സിൽ കയറ്റി വിട്ടിട്ടാണ് ഞാൻ വണ്ടി കേറിയത്.

വീട്ടിൽ ചെന്നതും താമസിച്ചതിന് അമ്മ ചീത്ത പറഞ്ഞു. ഞാൻ സോപ്പൊക്കെ ഇട്ട് അകത്തു പോയി. ഫ്രഷ് ആയി വന്നപ്പോളേക്കും അച്ഛനും എത്തി.

പിന്നെ ആകെ ബഹളമായി. ഞാൻ കോളേജിലെ വിശേഷങ്ങൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

പിന്നെ ശ്രീയേട്ടന്റെ ഫോട്ടോ ഒക്കെ കാണിച്ചു കൊടുത്തു. വളരെ താമസിച്ചാണ് അന്ന് കിടന്നത്. പിന്നെ രണ്ടു ദിവസം പെട്ടെന്ന് പോയി.

ഉച്ചക്കെങ്കിലും ക്ലാസ്സിൽ കയറാം എന്ന് വിചാരിച്ചാണ് നേരത്തേ എഴുന്നേറ്റ് റെഡി ആയത്. താഴേക്ക് ചെന്നപ്പോൾ നമ്മുടെ മാതാശ്രീയും പിതാശ്രീയും കിളി പോയി നിക്കുന്നു.

“അല്ല നീ ഇതെങ്ങോട്ടാ രാവിലെ??” അമ്മയാണ്

“ഞാൻ കോളേജിൽ പോകുന്നു.”

“എന്നിട്ടെന്താ ചുരിദാറൊക്കെ ഇട്ട്.. അമ്പലത്തിലേക്ക് പോലും നീ ഇതൊന്നും ഇടാറില്ലല്ലോ.”

“ആര് പറഞ്ഞു അതൊക്കെ പഴയ അനു. ഞാൻ ഇപ്പോ ചുരിദാറും സാരിയുമൊക്കെയേ ഇടാറുള്ളു.”

“എപ്പോ തൊട്ട്?”

“മനുഷ്യനെ നന്നാകാനും സമ്മതിക്കില്ലേ?
അച്ഛൻ പറ എങ്ങനുണ്ട് ഇപ്പോ? ”

“അടിപൊളി. അച്ഛന്റെ അനുക്കുട്ടൻ സുന്ദരി അല്ലേ. ഇത്രയും നാൾ കുളിക്കാത്ത കൊണ്ടാണ് എന്റെ കൊച്ചു കറുത്ത് ഇരുന്നത്.”

“അച്ഛാ കളിയാക്കല്ലേ..”

“ഏതായാലും ആ കൊച്ചൻ കാരണം ഇവൾ ഒന്ന് നന്നായി കണ്ടല്ലോ. അല്ലെങ്കിൽ ഈ ജന്മം നമുക്ക് ഈ കാഴ്ച കാണാൻ പറ്റുമെന്ന് ഞാൻ കരുതിയതല്ല.”

അച്ഛനും അമ്മയും അത് പറഞ്ഞു ചിരിച്ചപ്പോൾ സത്യം പറയാല്ലോ എനിക്കും ചിരി വന്നു.
ഞാൻ വേഗം ഭക്ഷണം ഒക്കെ കഴിച്ചിട്ട് ഇറങ്ങാൻ തുടങ്ങി.

“ഞാൻ ഇപ്പോൾ ഒരു കാര്യം പറഞ്ഞേക്കാം ചിലപ്പോൾ ഇനി ഞാൻ വരുമ്പോ എന്റെ കൂടെ ശ്രീയേട്ടനും കാണും അപ്പോ ഞാൻ നേരത്തേ ഇത് പറഞ്ഞില്ലെന്നു പറയരുത്.”

“ഞങ്ങൾ വിളക്കുമായി കാത്തിരുന്നോളാം നീ ഇങ്ങു പോര്.” അച്ഛൻ ആണ്.

“ഏട്ടൻ എന്താണീ പറയുന്നത് അങ്ങനൊന്നും ഇവർ ചെയ്യില്ല.”

കണ്ണു നിറഞ്ഞു പോയി

“അമ്മയ്ക്ക് എന്നെ ഇത്ര വിശ്വാസം ഉണ്ടായിരുന്നോ അറിഞ്ഞിരുന്നില്ല..”

“നിന്നെ അല്ല അവനെയാ വിശ്വാസം. അവനേ അടക്കവും ഒതുക്കവും ഉള്ള ചെറുക്കനാ. നീ എന്തൊക്കെ ചെയ്താലും അവൻ നിന്നെ നോക്കില്ല..”
തളരരുത് രാമൻകുട്ടി തളരരുത്..

മുഖവും വീർപ്പിച്ചു ഞാൻ ഇറങ്ങി.

ആഹ് അമ്മ പറഞ്ഞതിലും കാര്യം ഉണ്ട്. പുള്ളി ഒന്ന് എന്നെ നോക്കിയാലെങ്കിലും മതിയായിരുന്നു.

ഈ വെളുപ്പാൻ കാലത്ത് ചുരിദാറൊക്കെ ഇട്ട് പോന്നത് തന്നെ എങ്ങാനും അന്നത്തെ പോലെ കണ്ടാലോ എന്നോർത്തിട്ടാണ്.

സ്വപ്നം കണ്ടത് തന്നെ മിച്ചം ജ്യോതിയും വന്നില്ല തീയും വന്നില്ല ശ്രീയേട്ടനും വന്നില്ല. ഹോസ്റ്റലിനു മുന്നിൽ ബസിറങ്ങിയപ്പോ റിഷി ചേട്ടനെ കണ്ടു പുള്ളി എന്നെ നോക്കുന്നെന്ന് തോന്നിയപ്പോ ഞാൻ അവിടുന്ന് മുങ്ങി… ഞാൻ ഓടി പിടിച്ചു കോളേജിൽ ചെല്ലണ്ടായിരുന്നു.

ഇന്ന് പുള്ളിക്കാരൻ വന്നിട്ടില്ല. ആകെ ശോകം.

പിറ്റേ ദിവസം ആള് വന്നു പക്ഷെ എന്നെ കാണുമ്പോൾ തന്നെ ക്ലാസ്സിലേക്കോ മറ്റോ കേറുന്നു. രക്ഷപ്പെട്ടു പോകുന്ന പോലെ ആദ്യമൊക്കെ ഞാൻ അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് വല്ലാത്ത സങ്കട തോന്നി.

ഞാൻ ശല്യപ്പെടുത്തി എന്നൊക്കെ ഓർത്തപ്പോൾ എന്നോട് തന്നെ പുച്ഛവും വെറുപ്പും ദേഷ്യവും തോന്നി.

അല്ലെങ്കിലും അയാളെ നോക്കാൻ പോലുമുള്ള അർഹത എനിക്കില്ല. കാണാൻ പോലും കൊള്ളില്ല.

ആരും ഭാര്യയായി എന്റെ സ്വഭാവം ഉള്ള പെണ്ണിനെ ആഗ്രഹിക്കില്ല. ഒരു ചെറുക്കന്റെ പിറകെ അതും സീനിയർ എന്ന് പോലും നോക്കാതെ ഇങ്ങനെ നടക്കാൻ ആർക്ക് കഴിയും. കഷ്ടം അനു നീ ഇത്രക്ക് അധഃപതിച്ചു പോയോ.

ഒരല്പം ഇഷ്ടം എങ്കിലും തിരിച്ചു കാണിച്ചിരുന്നേൽ ഈ നടപ്പിന് അർത്ഥം എങ്കിലും ഉണ്ടാകുമായിരുന്നു ഇത് ഇപ്പോ എല്ലാവർക്കും പറഞ്ഞു രസിക്കാൻ ഒരു കഥ.

ആ കഥയിലെ വെറും കോമാളി ആയില്ലേ ഞാൻ. എനിക്ക് വല്ലാത്ത മടുപ്പ് തോന്നി.

എങ്ങനെയെങ്കിലും എല്ലാവരിൽ നിന്നും ഒളിച്ചോടാൻ മനസ് കൊതിച്ചു. കോളേജിൽ നിന്നും ഹോസ്റ്റൽ മുറിയിലേക്കെത്തുമ്പോൾ ആരും കാണാതെ ഒന്ന് കരയാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് തോന്നിയത്.

അത് കൊണ്ട് തന്നെ വന്നപ്പോളേ ബെഡിലേക്ക് കിടന്നു. അപ്പോളേക്കും ചായ കുടിക്കാനായി വിളിക്കാൻ പാറു വന്നിരുന്നു.

“അനു വാ നമുക്ക് ചായ കുടിച്ചിട്ട് വരാം.”

“എനിക്ക് വേണ്ട നീ പൊയ്ക്കോ.”

“അതെന്നാ നിനക്ക് വയ്യേ..”

“കുഴപ്പം ഒന്നുമില്ല ”

“എങ്കിൽ വാ.. കോളേജിൽ വെച്ചും മൂഡ് ഓഫ്‌ ആയിരുന്നല്ലോ? നമുക്ക് ചായ കുടിച്ചു പുറത്ത് പോയി ഇരിക്കാം… നീ വിഷമിക്കാതെ നമുക്ക് ശ്രീയേട്ടനെ വീഴ്ത്താൻ വഴി നോക്കാമെന്നേ.”

“എപ്പോളും ഒരു ശ്രീയേട്ടൻ ശ്രീയേട്ടൻ!! അയാള് കാരണമാണ് ഞാൻ ഇങ്ങനെ കിടക്കുന്നെന്ന് നിന്നോട് ആരാണ് പറഞ്ഞത്. അല്ലെങ്കിലും എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം ഞാൻ നിന്റെ അഭിപ്രായം ചോദിച്ചോ? ”

നല്ല ദേഷ്യത്തിൽ തന്നെയാണ് അങ്ങനെ പറഞ്ഞത്. അവളുടെ മുഖത്തേക്ക് നോക്കിയപ്പോളാണ് അവളോട് ഞാൻ പറഞ്ഞതിന്റെ വ്യാപ്തി മനസിലായത്.

നിറഞ്ഞ കണ്ണുകൾ മറച്ചു പിടിക്കാൻ പാടുപെടുന്ന അവളെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

ഒന്നും മിണ്ടാതെ തലയും കുനിച്ചു അവൾ പുറത്തേക്ക് നടന്നു പോയപ്പോളാണ് ഞാൻ ശെരിക്കും ഒറ്റപ്പെട്ടു പോയത്. എന്തിനും കൂടെ നിന്നിട്ടേ ഉള്ളൂ.

തെറ്റ് ചൂണ്ടി കാണിച്ചു തന്നപ്പോളും വാശി പിടിച്ചത് ഞാനാണ്. അവസാനം അവളും എന്റെ ഇഷ്ടത്തിന് വേണ്ടി പ്രയത്നിച്ചു. അപ്പോളത്തെ ദേഷ്യത്തിൽ പറഞ്ഞതാണ്.

ഇല്ലാത്ത പ്രണയത്തിന് വേണ്ടി നിസ്വാർത്ഥമായ ഒരു സൗഹൃദം കൂടി ഞാൻ നഷ്ടപെടുത്തിയോ? ഇനി അവൾ എന്നോട് മിണ്ടാതിരിക്കുമോ?

ഞാൻ അവളെ എന്ത് പറഞ്ഞു സമാധാനപ്പെടുത്തും. ഒരായിരം തവണ അവളോട് ദേഷ്യപ്പെട്ട നിമിഷത്തെ ഞാൻ ശപിച്ചു. കുറേ നേരം ഒന്നും ചെയ്യാനാവാതെ ഇരുന്നു.

ചായ കുടിക്കാൻ പോയ എല്ലാവരും തിരികെ വന്നിട്ടും പാറുവിനെ കാണാതായപ്പോൾ ഞാനും റൂമിൽ നിന്നിറങ്ങി.

സ്റ്റഡി ഹാളിൽ ഒരു മൂലയിൽ ഡെസ്കിൽ തല വെച്ചു കിടക്കുന്ന പാറുവിനെ ഞാൻ കണ്ടു.

അവളുടെ അടുത്തേക്ക് ചെല്ലാൻ എന്തോ ഒരു പേടി തോന്നി അവളും കൂടെ എന്നോട് മുഖം തിരിച്ചാൽ അതെനിക്ക് സഹിക്കാനാവില്ല. അവളുടെ അടുത്തേക്ക് ഞാൻ മടിയോടെ നടന്നു.

“പാറു..”

“എന്തേയ് ദേഷ്യം ഒക്കെ മാറിയോ?”

പെട്ടെന്ന് തല പൊക്കി ചിരിയോടെ അവൾ ചോദിച്ചപ്പോൾ അത്ഭുതം ആണ് തോന്നിയത്.

“സോറി ടാ. ഞാൻ പെട്ടെന്ന് ദേഷ്യം വന്നപ്പോൾ…”

“എന്തിനാടാ സോറി. എനിക്ക് അറിയില്ലേ നിന്നെ. അല്ല ഇന്ന് ആരോടായിരുന്നു ദേഷ്യം?”

“അത് ശ്രീയേട്ടൻ.. അയാളെന്നെ നോക്കുന്ന പോലും ഇല്ല ഇനി അതോണ്ട് ഞാനും നോക്കില്ല.”

“ആഹാ അത്രേ ഉള്ളോ.. ആ മനുഷ്യനോടുള്ള ദേഷ്യം പാവം എന്നോട് തീർത്തു. എനിക്ക് ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട് കേട്ടോ. അത് മറക്കണ്ട!”

ഞാൻ വിഷമത്തോടെ തലതാഴ്ത്തി.

“എന്റെ അനുവിനെ എനിക്ക് അറിയില്ലേ. നീ ഇടക്ക് ചീത്ത വിളിച്ചാലും വേറെ ആരെ കൊണ്ടും എന്നെ ഒന്നും പറയിക്കില്ലല്ലോ..അത് കൊണ്ട് ഞാൻ ഇത് സഹിച്ചോളാം. പിള്ളേർ പറയുന്നത് ഞാൻ ക്യാഷ് കൊടുത്ത് കൊണ്ട് നടക്കുന്ന ഗുണ്ട ആണ് നീയെന്നാ.”

അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും ചിരി വന്നു.

“ആഹാ ചിരിച്ചല്ലോ. അല്ലാ ഇനിയും ശ്രീയേട്ടൻ എന്നും പറഞ്ഞു നീ വരുവോ?”

“എന്റെ പട്ടി വരും. അല്ലെങ്കിലും ആ പേടിത്തൊണ്ടനെ എനിക്ക് വേണ്ട. നാണം ഇല്ലാത്ത മനുഷ്യൻ. കണ്ടാലേ ബംഗാളി. കുളിക്കത്തും ഇല്ല. എനിക്ക് ഒരു അബദ്ധം പറ്റി പോയതാ. ഞാൻ സൂപ്പർ അല്ലേ? എനിക്ക് ഇതിലും നല്ല ചെക്കനെ കിട്ടില്ലേ?”

പാറു എന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.

“നീ എന്താ ചിരിക്കുന്നെ?”

“ഒന്നുമില്ല ഇതിന് മറുപടി ഞാൻ പിന്നെ പറയാം. ഒരു അവസരം കിട്ടട്ടെ.”

“നീ ഉദേശിച്ചത്‌ എനിക്ക് മനസിലായി അത് ഇനി ഒരിക്കലും നടക്കില്ല.”

കഠിനമായ തീരുമാനങ്ങളൊക്കെ എടുത്ത് ഞങ്ങൾ റൂമിലേക്ക് നടന്നു.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6