Sunday, December 22, 2024
Novel

അഖിലൻ : ഭാഗം 11

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


ഡിപ്പാർട്മെന്റ് ലക്ഷ്യമാക്കിയുള്ള ഓട്ടത്തിൽ ഞാൻ കണ്ടു സ്റ്റെപ് കയറി വരുന്ന അയാളെ.. പ്രവീൺ.. ! എന്റെ കാലുകൾ നിശ്ചലമായി.

എന്നെ തേടിയുള്ള വരവ് ആയിരിക്കും.. തല്ക്കാലം മറഞ്ഞിരിക്കുകയെ വഴി ഉണ്ടായിരുന്നുള്ളൂ. കതക് പാളികൾക്കിടയിലൂടെ അയാൾ കടന്നു പോകുന്നത് കണ്ട ശേഷമാണ് പുറത്തു ഇറങ്ങിയത്.അപ്പോഴേക്കും ശാരിയും എന്റെ അടുത്ത് എത്തി.

“പേടിക്കണ്ട.. അയാൾ പോയി.. ചിലപ്പോൾ സാറിനെ കാണാൻ വന്നത് ആയിരിക്കും. ”

തല്ക്കാലം ആശ്വാസം തോന്നി.

ടാ അയാൾ ഇനിയും വരുവോ… എനിക്ക് ആകെ പേടിയാകുന്നു.

ഇല്ലെടാ .നീ എന്തിനാ പേടിക്കുന്നെ… ഞങ്ങൾ എല്ലാവരും ഇല്ലേ കൂടെ. ആദ്യം നമുക്ക് സാറിനെ കണ്ടു കാര്യങ്ങൾ പറയാം. വാ.

ഞങ്ങൾ ചെല്ലുമ്പോൾ സാർ ക്ലാസ് എടുക്കാൻ പോകുന്ന തിരക്കിൽ ആയിരുന്നു.

സാർ… എനിക്കൊരു കാര്യം പറയാൻ ഉണ്ട്.

എന്താണെങ്കിലും പിന്നെ പറയാം.. എനിക്ക് ഇപ്പോൾ ക്ലാസ് ഉണ്ട്. താൻ പോയി ക്ലാസിൽ കയറാൻ നോക്ക്.

ഒന്നും കേൾക്കാൻ തയ്യാർ ആകാതെ ഒറ്റ പോക്ക് ആയിരുന്നു.

“ഇനി എന്താടാ ചെയ്യാ..? സാർ ഒന്ന് നിന്നത് പോലും ഇല്ല ”

“സാരമില്ല… പോകുന്നെന് മുന്നേ നമുക്ക് പറയാലോ.. നീ ക്ലാസിൽ പൊക്കോ. ”
അവളെന്നെ സമാധാനിപ്പിച്ചു വിട്ടു.
പക്ഷേ ഉച്ചകഴിഞ്ഞു സാറിനെ കാണാൻ ചെന്നപ്പോൾ ആണ് സാർ ഹാഫ് ഡേ ലീവ് എടുത്തു പോയെന്ന് അറിയുന്നത്.

ഇനി എന്താ ചെയ്യാ ശാരിമോളെ… സാർ ഹാഫ് ഡേ ലീവ് ആണെന്ന് ആ പറയണേ.

ഓഹ്… ഗോഡ്.. ഇത് വല്ലാത്ത ചതി ആയി പോയി. ഇനി എന്ത് ചെയ്യും.

നിരാശയോടെ ആണ് ഞങ്ങൾ മടങ്ങിയത്.
എടോ .. ഒന്ന് നിന്നേ..

വിപിൻ ഓടി കിതച്ചു വരുന്നത് കണ്ടപ്പോൾ ഞാൻ അവളെ വിട്ടു മുന്നോട്ടു നടന്നു.

രണ്ടും വർത്താനം ഒക്കെ കഴിഞ്ഞു പെട്ടന്ന് വന്നേക്കണം കെട്ടോ. ഞാൻ മുന്നോട്ടു നടന്നു

കൃഷ്ണേന്ദു . . ഒന്ന് നിന്നേ… എനിക്ക് തന്നോടും കൂടി ചിലതു പറയാൻ ഉണ്ട്.

എന്താ…

അഖിലൻ സാറിനെ കുറിച്ച് ഞാൻ കുറെ കാര്യങ്ങൾ അറിഞ്ഞു.. അത് പറയാൻ വന്നത് ആണ്.

എന്താ വിപിൻ..? ഞാൻ ആകാംക്ഷയോടെ തിരക്കി.

ഈ പ്രവീൺ എന്ന് പറയുന്ന ആള് സാറിന്റെ സഹോദരൻ ആണ്. എന്തോ മാനസിക പ്രശ്നമായി കുറേ നാളായി ചികിത്സയിൽ ആയിരുന്നെന്നാ അറിയാൻ കഴിഞ്ഞത്.

എന്തോ വല്യ കാര്യം പറയും പോലെ വിപിൻ അത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.

ഇതാണോ കണ്ടു പിടിച്ച വല്യ കാര്യം.. എന്നാലും എന്റെ ശാരി മോളെ… കഷ്ടം കെട്ടോ. വന്നു പറയുന്നത് കേട്ടപ്പോൾ ഞാൻ കരുതി…

ഞാൻ കളിയാക്കി പറഞ്ഞപ്പോൾ രണ്ടു പേരുടെയും മുഖം വല്ലാതെ ആയി.

എന്താ വിപിൻ.. ഇതൊക്കെ ഞങ്ങൾ നേരത്തെ അറിഞ്ഞത് ആണ്.

അല്ല ശാരി… എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി പറയാൻ ഉണ്ട്.

ഇനി ഒന്നും പറയണ്ട… എല്ലാം ഞങ്ങൾക്ക് അറിയാം. വാ ശാരി.

വിപിനെ കൂടുതൽ ഒന്നും പറയാൻ അനുവദിക്കാതെ ഞാൻ അവളെയും വിളിച്ചു കൊണ്ട് പോന്നു.

അവൻ വേറെന്തോ പറയണംന്ന് പറഞ്ഞിട്ട് നീ എന്താ നിൽക്കാതെ..?

എന്ത് പറയാനാടാ… എല്ലാം നമുക്ക് അറിയാവുന്ന കാര്യങ്ങൾ അല്ലെ. അതിൽ കൂടുതൽ എന്തെങ്കിലും കണ്ടു പിടിച്ചു കൊണ്ട് വരട്ടെ.. എന്നിട്ട് കേൾക്കാം.

എന്നാ ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.. നന്ദൂട്ടാ.. ഇല്ലേ ചിലപ്പോൾ ആള് പിണങ്ങും.

ഹ്മ്മ്.. ഓക്കേ ഓക്കേ.

ഫോണിൽ സംസാരിച്ചു പതുക്കെ ആണ് അവളുടെ വരവ്. തനിച്ചുള്ള നടപ്പിൽ ഞാൻ ഇന്നത്തെ കാര്യങ്ങൾ ഓർത്തെടുത്തു.

ആ ജ്യോതി..അവൾക്ക് സാറിനെ കാണുമ്പോൾ ഇത്തിരി ഇളക്കം കൂടുതലാ.. ഒക്കെ ഞാൻ ശെരിയാക്കുന്നുണ്ട്.
ഇന്ന് എന്തായിരുന്നു സന്തോഷം… ഓർത്തപ്പോൾ എനിക്ക് കലി കയറി.

നന്ദൂട്ടാ…

എന്താടാ… ഞാൻ തിരിഞ്ഞു നിന്നു.

ഡാ സാർ അയാള്ടെ കൂടെയാ പോയിരിക്കുന്നത്.. ആ പ്രവീൺന്റെ കൂടെ.

അയാൾക്ക് ഒപ്പമോ..? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇനി അയാൾ സാറിനെ എന്തെങ്കിലും ചെയ്താലോ..?

ഹേയ്… അറിഞ്ഞിടത്തോളം അയാൾക് സാറിനെ ജീവൻ ആണ്. അതുകൊണ്ട് ആ കാര്യം ഓർത്തു നീ ടെൻഷൻ അടിക്കേണ്ട.

ഇത്… ഇതാരാ നിന്നോട് പറഞ്ഞത്.

വിപിൻ ആണ്.

ഹ്മ്മ്. വേറെ… വേറെ ന്താ പറഞ്ഞത്

പിന്നെ ഒന്നും പറഞ്ഞില്ല… ആരോ വിളിക്കുന്നു എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു.

എനിക്ക് നിരാശ തോന്നി.ഇത് പറയാൻ ആവും പാവം നിൽക്കാൻ പറഞ്ഞത്. അപ്പോഴതെ ഒരു ബുദ്ധിക്ക് ഓടി പോരുകയും ചെയ്തു. അവിടെ നിന്നായിരുന്നുവെങ്കിൽ ഡീറ്റെയിൽ ആയിട്ട് ചോദിക്കാമായിരുന്നു അല്ലെ..

ഹ്മ്മ്.. പിന്നെ നിനക്ക് സന്തോഷം തരുന്ന ഒരു ന്യൂസ്‌ കൂടെ ഉണ്ട്..

എന്ത്…

സാറിന്റെ നമ്പർ..
അവൾ ഫോൺ ഉയർത്തി കാണിച്ചു ഒറ്റ ഓട്ടം.എന്നെ കുറേ ചുറ്റിച്ച ശേഷം അവൾ നമ്പർ മാത്രം വിളിച്ചു പറഞ്ഞു.

അല്ലാ ഇതിപ്പോ നമ്പർ മാത്രം കിട്ടിയിട്ട് ഞാൻ ന്ത്‌ ആക്കാനാ.. ആ ഫോൺ കൂടി ഇങ്ങു താ.

എന്തോ… അത് എങ്ങനെ ആയിരുന്നു… എനിക്ക് ആരുടെയും സഹായം വേണ്ട.. എല്ലാം അറിയാം.. അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നല്ലോ.. എല്ലാത്തിനും കൂടി ഒരു സോറി പറഞ്ഞാൽ നമ്പറും തരാം.. ഫോണും തരാം.

ദുഷ്ടത്തി… അവസരം മുതലെടുക്കുകയാണ്. എല്ലാത്തിനും സോറി.. സോറി… സോറി.. ഇരു ചെവിയിലും കൈ പിടിച്ചു ഞാൻ സോറി പറഞ്ഞു.

ദാ വിളിച്ചോ… അവൾ ഫോൺ എനിക്ക് തന്നു.

“താങ്ക്സ് ടാ..” ഞാൻ അവൾക് കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു. സാറിന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങിയതോടെ എന്റെ നെഞ്ചിടിപ്പു കൂടാൻ തുടങ്ങി.

ഹലോ

ഹലോ സാർ… ഞാൻ കൃഷ്‌ണേന്ദുവാ …

എനിക്ക് അറിയാമായിരുന്നു നീ വിളിക്കുമെന്ന്.അവന്റെ ശബ്ദം കേൾക്കാൻ വിളിച്ചത് ആയിരിക്കും അല്ലേ.. പക്ഷേ എന്ത് ചെയ്യാൻ അവനു നിന്നോട് സംസാരിക്കണ്ടയെങ്കിലോ.
അപ്പുറത്ത് നിന്ന് ഉറക്കെയുള്ള ചിരി കേട്ടപ്പോൾ എനിക്ക് ആളെ മനസിലായി

പ്രവീൺ… !നിങ്ങൾ എന്തിനാ സാറിന്റെ ഫോൺ എടുത്തത്… സാർ എവിടെ. എനിക്ക് സാറിനോട് സംസാരിക്കണം.

നിന്നോട് അവനു സംസാരിക്കണ്ട എന്ന് പറഞ്ഞില്ലേ. ഇനി മേലാൽ ഈ നമ്പറിൽ വിളിക്കരുത്. വിളിച്ചാൽ…

ഞാൻ വിളിക്കും. അല്ലെങ്കിൽ എന്നെ വിളിക്കരുത് എന്ന് സാർ പറയട്ടെ.. അപ്പോൾ ഞാൻ അനുസരിക്കാം.
വിട്ടു കൊടുക്കാൻ ഞാനും തയ്യാർ അല്ലായിരുന്നു.

ഞാൻ പറഞ്ഞത് തന്നെ ആണ് അവനും പറയാൻ ഉള്ളത്.

ഇല്ലാ… ഞാൻ വിശ്വസിക്കില്ല.

താൻ ഒരു ഫൂൾ ആണ് കൃഷ്ണേന്ദു. അവന്റെ അറിവില്ലാതെയാണ് ഞാൻ പറയുന്നത് എന്ന് തനിക്കു തോന്നുന്നുണ്ടോ. അതും അവൻ എന്റെ കൂടെ എന്റെ അടുത്ത് തന്നെ ഉള്ളപ്പോൾ..

ശെരിയാണ്.. സാർ അയാൾക് ഒപ്പമാണ് പോയിരിക്കുന്നത് എന്നാണ് വിപിൻ പറഞ്ഞത്. അപ്പോൾ സാർ അറിഞ്ഞു കൊണ്ട് തന്നെയാവും അയാൾ ഇങ്ങനെ ഒക്കെ പറയുന്നത്. എന്റെ കണ്ണ് നിറയാൻ തുടങ്ങി.ഞാൻ മൗനം പാലിച്ചതോടെ അയാൾ എന്തൊക്കെയോ പറയാൻ തുടങ്ങി.
ഒന്നും മിണ്ടാതെ നിന്ന് കരയുന്ന എന്നെ കണ്ടപ്പോഴാണ് ശാരി വന്നു ഫോൺ പിടിച്ചു വാങ്ങുന്നത്. പക്ഷേ അപ്പോഴേക്കും മറുതലക്കൽ കാൾ കട്ട് ആയിരുന്നു. ഞാൻ കരഞ്ഞു കൊണ്ട് എല്ലാം പറഞ്ഞു.

എത്ര മോശമായാ അയാൾ സംസാരിച്ചത് എന്നറിയോ.. സാർ അവിടെ ഉണ്ടായിട്ടും..

എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.
ദേഷ്യം കൊണ്ട് ശാരി തിരിച്ചു വിളിച്ചുവെങ്കിലും ഫോൺ ഓഫ്‌ ആയിരുന്നു.

ഇതിനുള്ളത് നമുക്ക് നേരിട്ട് ചോദിക്കാം.. ഒക്കെ വേണ്ടന്ന് വച്ചു പോയത് അല്ലേ ഞാൻ.. എന്നിട്ട് പിന്നേയും ഓരോന്ന് പറഞ്ഞു അടുത്ത് കൂടി മോഹിപ്പിചിട്ട്.. ഇതു ഞാൻ സഹിക്കില്ല. എന്റെ സങ്കടം വാശിയായി മാറുകയായിരുന്നു. പിറ്റേന്ന് സാറിനെ കാത്തിരുന്നുവെങ്കിലും സാർ ലീവിൽ ആണെന്ന് അറിയാൻ കഴിഞ്ഞു. പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് സാർ കോളേജിൽ വന്നത്. ഉച്ച കഴിഞ്ഞു കെ എസ് യു സ്ട്രൈക്ക് വിളിച്ചത് കൊണ്ട് ക്ലാസ് ഇല്ലായിരുന്നു.മിക്കവരും തന്നെ പോവുകയും ചെയ്തു. സാറിനെയും കാത്തു ഞാൻ ക്ലാസിൽ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സാർ അത് വഴി വന്നു.

ഒന്ന് നിന്നേ… എനിക്ക് സംസാരിക്കണം.
ഞാൻ വഴി തടഞ്ഞു കൊണ്ട് മുന്നിൽ കയറി നിന്നു.

മാറു കൃഷ്ണേന്ദു.. തന്റെ കുട്ടികളിക്ക് നിന്ന് തരാൻ എനിക്കിപ്പോ സമയം ഇല്ല.

അതേ… കുട്ടിക്കളി തന്നെയാ. പക്ഷേ സാർ അത് കേട്ടിട്ട് പോയാൽ മതി.

ഇത് വല്യ ശല്യം ആയല്ലോ.. എന്താ തന്റെ പ്രശ്നം…

എനിക്ക് അറിയണം… സാർ എന്നോട് കാണിക്കുന്ന അടുപ്പം എന്ത് അർത്ഥത്തിൽ ആണെന്ന്.. ചുമ്മാ പാവ കളിപ്പിക്കാൻ ആണെങ്കിൽ സമ്മതിക്കില്ല ഈ കൃഷ്‌ണേന്ദു..

ഇതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം.. ഇപ്പോൾ ഇതൊന്നും പറയാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ല ഞാൻ.

അറിയാം.. പ്രിയ സുഹൃത്തിന്റെ ഒപ്പം ആയിരുന്നല്ലോ.. അതിന്റെ ബാക്കി ആയിരിക്കും ഉള്ളിൽ..
ഞാൻ പുച്ഛത്തോടെ പറഞ്ഞു.

അതേ… അത് തന്നെയാ..പക്ഷേ അതൊന്നും പറഞ്ഞാൽ തനിക്കു മനസിലാകില്ല.

ഇനി എന്ത് മനസ്സിലാകാനാ.. എനിക്ക് എല്ലാം മനസിലായി. അയാള്ടെ പുറകെ നടന്നു സാർ സ്വന്തം ജീവിതമാ ഇല്ലാതെ ആക്കുന്നത്..ആ ഭ്രാന്തൻ ജീവിച്ചിരിക്കും വരെ അത് അങ്ങനെ തന്നെ ആയിരിക്കും.

അയാളെ കുറിച്ച് പറഞ്ഞത് കൊണ്ടാകും സാറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടങ്ങിയിരുന്നു.

ആദ്യം അയാളെ പിടിച്ചു ചങ്ങലക്ക് ഇടുകയാ വേണ്ടേ.. അല്ലേ വല്ല ഷോക്ക് കൊടുത്തു തളർത്തി ഇടണം.

മുഖമടചു ഒരടിയായിരുന്നു ആദ്യം
അവൻ എന്റെ കൂടെ പിറപ്പാ… അവനെ കുറിച്ച് പറയാൻ നിനക്ക് ഒരു അവകാശവുമില്ല.. പിന്നെ കുറച്ചു ഇഷ്ടം തോന്നിയതിന്റെ പേരിൽ ആണ് നിന്റെ ഈ പ്രഹസനമെങ്കിൽ ഇത് കൂടി കേട്ടോ..ഞാൻ നിന്നെ പ്രേമിക്കുന്നോന്നുമില്ല.
കുറച്ചു പരിഗണന കൊടുത്തപ്പോൾ തലയിൽ കയറി നിരങ്ങുന്നോ..

കലി തുള്ളി സാർ ഇറങ്ങി പോയിട്ടും ഞാൻ ആ മരവിച്ച അവസ്ഥയിൽ ആയിരുന്നു. സ്വപ്നം കണ്ടത് എല്ലാം വെറുതെ ആയിരുന്നുവെന്ന് ഓർത്തപ്പോൾ എന്റെ നെഞ്ചു പൊട്ടി. കരഞ്ഞു കൊണ്ടാണ് ഹോസ്റ്റലിലേക്ക് പോയത്. വിഷമത്തിൽ ശരിയെ വിളിക്കാനും മറന്നു.
എന്നെയും കാത്തു നിന്ന പ്രവീൺന്റെ മുന്നിലേക്ക് ആണ് ഞാൻ ഓടി ചെന്നത്.
കരഞ്ഞു വീർത്ത എന്റെ മുഖം കണ്ടതും അയാൾ ചിരിക്കാൻ തുടങ്ങി.

ഇപ്പോൾ എന്തായി… ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചില്ലെ..നാണം ഉണ്ടെങ്കിൽ അവന്റെ പിന്നാലെ പോകരുത്. അവനൊരു കൊലപാതകി ആണെന്ന് പറഞ്ഞിട്ടും അവള്ടെ ഒരു പ്രേമം. ത്ഫൂ..

അയാളെ കണ്ടതും എന്റെ സകല നിയന്ത്രണവും തെറ്റി
ഒക്കെ താൻ കാരണ… ഞങ്ങൾക്കിടയിലെ എല്ലാ പ്രശ്നവും താനാ.. തന്റെ ഭ്രാന്തിന് ഇല്ലാതാക്കാൻ സാറിന്റെ ജീവിതമേ കണ്ടുള്ളോ. തനിക്കു ഭ്രാന്ത് കാണിക്കാൻ ഇത് മെന്റൽ ഹോസ്പിറ്റൽ അല്ല.

ആർക്കാടി ഭ്രാന്ത്… അയാൾ എന്റെ കഴുത്തിൽ പിടിച്ചു ഞെരിച്ചു കൊണ്ട് ചോദിച്ചു. ഒരു വിധത്തിൽ ആണ് ഞാൻ ആ പിടി വിടുവിച്ചത്.

തനിക്കു തന്നെ… തന്റെ അമ്മ മരിച്ച അന്ന് തുടങ്ങിയതാ തന്റെ അസുഖം. അന്ന് മുതൽ .. ജീവിക്കാൻമറന്നു, എന്തിന് മനസ് അറിഞ്ഞു ഒന്ന് ചിരിക്കാൻ കൂടി മറന്നു തന്റെ പിന്നാലെ ഓടുകയാ എന്റെ സാർ ഇങ്ങനെ ഒരാൾക്കു ശല്യം ആകാതെ പോയി ചത്തൂടെ തനിക്കു..

പോകാം… ഞാൻ പോകാം.. അയാൾ പുലമ്പാൻ തുടങ്ങി. പോകുമ്പോൾ അവനെയും കൊണ്ട് പോകാം… പോകാം.
എന്നെ നോക്കി അട്ടഹസിച്ചു കൊണ്ട് അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

ഈശ്വരാ… അയാൾ ഇനി സാറിനെ എന്തെങ്കിലും ചെയ്യുമോ… ഞാൻ തിരിഞ്ഞു കോളേജിലേക്ക് ഓടി. ഞാൻ ഹോസ്റ്റലിലേക്ക് പോന്നത് അറിഞ്ഞു ശാരി എന്റെ പുറകെ വരുന്നുണ്ടായിരുന്നു.

എന്താടാ എന്തു പറ്റി..?

എന്റെ വെപ്രാളം പിടിച്ചുള്ള വരവ് കണ്ടപ്പോഴേ അവൾ ഓടി വന്നു.

ടാ അയാൾ വന്നു. ഞാൻ നടന്നത് എല്ലാം അവളോട് പറഞ്ഞു.

നീ ഒന്ന് സാറിനെ വിളിക്ക് ശാരി മോളെ… എനിക്ക് ആകെ പേടി തോന്നുന്നു.

അവൾ അപ്പോൾ തന്നെ സാറിന് ഫോൺ ചെയ്തു.സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി.

ഇനി എന്താ ചെയ്യാ ഈശ്വരാ… എനിക്ക് ആകെ പേടിയാകുന്നു.

കുറച്ചു കഴിഞ്ഞു ഞങ്ങൾ ഒന്ന് കൂടി ട്രൈ ചെയ്തു.

ടാ… ബെൽ ഉണ്ട്.
ഭാഗ്യത്തിനു മറുതലക്കൽ ഫോൺ അറ്റൻഡ് ആയി.

ഹലോ… സാർ..

പക്ഷേ അപ്പുറം നിശബ്ദമായിരുന്നു. പെട്ടന്ന് ആരുടെയോ അലറിയുള്ള കരച്ചിൽ കേട്ടു. ഞാൻ അറിയാതെ ഫോൺ എന്റെ കൈയിൽ നിന്ന് ഊർന്ന് വീണു.

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10