Sunday, December 22, 2024
Novel

രുദ്രാക്ഷ : ഭാഗം 16

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

വിറയ്ക്കുന്ന മനസ്സോടെ രുദ്ര സിദ്ധുവിന് മുൻപിൽ തളർന്ന് നിന്നു.

കൊന്നോടാ നീയാ പാവത്തിനെ.
എല്ലാവരെയും അകറ്റിയും ഇല്ലാതാക്കിയും നീയെന്താ നേടിയെടുത്തത്. ആദ്യമെനിക്ക് ജന്മം നൽകിയ അമ്മയുടെ ജീവൻ അതിനുശേഷം സ്വന്തം അച്ഛന്റെ ജീവൻ പിന്നീട് നിന്റെ തന്നെ ചോരയെ ഒടുവിലിപ്പോൾ സ്വന്തം കൂടപ്പിറപ്പാണെന്നറിഞ്ഞിട്ട് കൂടി അവനെയും കൊന്നോ നീ.
എന്തിന് വേണ്ടിയാ നീ എല്ലാവരെയും ഇല്ലാതാക്കുന്നത്.. എനിക്ക് വേണ്ടിയോ. ആട്ടിയകറ്റിയില്ലേ ഞാൻ നിന്നെ പുഴുത്ത പട്ടിയെപ്പോലെ. എന്റെ മനസ്സിന്റെ കോണിൽപോലും നിനക്കൊരു കച്ചിത്തുരുമ്പിന്റെ സ്ഥാനം ഇല്ലെന്ന് പറഞ്ഞതല്ലേ ഞാൻ.
ഞാൻ സ്നേഹിക്കുന്നവരെയെല്ലാം ഇല്ലാതാക്കിയിട്ട് എന്നെ മാത്രം എന്തിനാ വെറുതെ വിടുന്നത്.
കൊല്ല്.. ചോര കണ്ട് അറപ്പ് തീർന്ന നിന്റെ കൈകൊണ്ടുതന്നെ ഒരിക്കൽ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്ന എന്നെയും കൊല്ലണം..

നിന്നെ കൊല്ലണമെന്ന് തന്നെയായിരുന്നു എന്റെ ആഗ്രഹം. പക്ഷേ കഴിഞ്ഞില്ല എനിക്ക്.
സ്നേഹം മാത്രം തന്ന് എന്നെ വളർത്തിയ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കരുതെന്ന്. അത് കേട്ട് വളർന്ന മകളാണ് ഞാൻ. ആ എനിക്ക് നിന്നെ കൊല്ലാൻ പറ്റുന്നില്ല.
പക്ഷേ ഇനിയെനിക്ക് സ്വന്തമായി നീ ആരെയും ബാക്കി വയ്ക്കാത്ത ഈ ഭൂമിയിൽ സ്വയം ജീവനൊടുക്കാൻ എനിക്ക് ആരെയും പേടിക്കേണ്ടല്ലോ.
ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് പറഞ്ഞശേഷം അവൾ അകത്തേക്ക് കയറാനായി വെട്ടി തിരിഞ്ഞു.

രുദ്രൂ…
വാതിൽക്കൽ നിറഞ്ഞ മിഴികളുമായി സഞ്ജു നിൽക്കുന്നു.

ഒരു നിമിഷം വാർന്നൊഴുകുന്ന മിഴികളുമായി രുദ്ര പകച്ചു നിന്നു.

ഓടിവന്നവന്റെ മാറിൽ വീഴുമ്പോഴും കൈകൾ അവന്റെ മുഖത്തും കൈകളിലും വല്ലതും സംഭവിച്ചോ എന്നറിയുന്നതിനായി പരതുന്നുണ്ടായിരുന്നു.

നിശബ്ദമായി ഒഴുകിയ കണ്ണുനീർ ഉഗ്രഭാവം പൂണ്ടതുപോലെ അവളുടെ കരച്ചിൽ ഉച്ചത്തിലായി.

ഞാൻ പേടിച്ചു സഞ്ജു. എനിക്ക് നീയേയുള്ളൂ ഈ ലോകത്ത്. ആ നിന്നെയും ഇവൻ ഇല്ലാതാക്കിയോ എന്ന് ഞാൻ പേടിച്ചു സഞ്ജു.
കൊച്ചു കുഞ്ഞിനെപ്പോലെ തലയിട്ട് അവന്റെ മാറിലുരുട്ടി പതം പറഞ്ഞ് കരയുന്ന രുദ്രയെ അലിവോടവൻ ചേർത്തു പിടിച്ചു. ഒടുവിലാ നോട്ടം മുറ്റത്ത് നിൽക്കുന്ന സിദ്ധുവിലും തങ്ങിനിന്നു.

പെട്ടെന്നാണ് രുദ്രയ്ക്ക് സ്ഥലകാലബോധം വന്നത്.
സഞ്ജുവിന്റെ മാറിൽ നിന്നും അടർന്നുമാറി അവൾ സിദ്ധുവിനെയും സഞ്ജുവിനെയും മാറിമാറി നോക്കി.

ഇയാളെന്താ ഇവിടെ… എന്തിനാ വന്നത് അവൾ സഞ്ജുവിനോട് ചോദിച്ചു.

അത് അവൻ ക്ഷമ ചോദിക്കാൻ വന്നതാ.. സഞ്ജു പറഞ്ഞതും രുദ്ര പരിഹസിച്ചു ചിരിച്ചു.

ക്ഷമയോ.. അതും ഇയാൾ.
നല്ല തമാശ. പുതിയൊരു അടവുമായി വന്നതാ സഞ്ജു.
ഗ്രേറ്റ്‌ സിദ്ധാർഥ്‌ നാരായൺ.. ഓഹ്
നാരായൺ അത് വേണ്ട. സ്വന്തം മകന്റെ കൈകൊണ്ട് മരിക്കാൻ ഭാഗ്യം ചെയ്ത അച്ഛന്റെ പേര് ഇയാളുടെ കൂടെ വേണ്ട.
മിസ്റ്റർ സിദ്ധാർഥിന് ആരോടെങ്കിലും ക്ഷമ എന്നൊരു വാക്ക് പറയാൻ കഴിയുമോ.
ഇല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.
താൻ ചെയ്ത തെറ്റുകൾക്കൊന്നും ക്ഷമ എന്ന രണ്ടുവാക്ക് താൻ അർഹിക്കുന്നില്ല സിദ്ധാർഥേ.
എന്റെ അമ്മയോട്.. തന്റെ തന്നെ രക്തത്തോട്.. സ്വന്തം അച്ഛനോട്.. അങ്ങനെ ഒരുപാടൊരുപാട് പേരോട് പറയേണ്ടി വരും എങ്കിൽ ക്ഷമ.
നിയമത്തിന്റെ കൈകളിൽ നിനക്ക് രക്ഷപ്പെട്ടു പോകാം. കാരണം അന്ന് എന്റെ അമ്മയെ വണ്ടിയിടിച്ച് കൊന്നയാളെ ഒരു തെളിവുമില്ലാതെ പൈസ കൊടുത്ത് ഒതുക്കിയതല്ലേ. നിയമത്തിന്റെ മുൻപിൽ അയാളെ കൊണ്ട് നിർത്തിയാലും അവസാനം അയാൾ മൊഴി മാറ്റില്ലെന്ന് ഉറപ്പില്ലല്ലോ.. എന്റെ കൈയിൽ അതിനുള്ള തെളിവുമില്ല.
ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ ഇല്ലാതാക്കിയതല്ലേ എല്ലാവരെയും.

പക്ഷേ ഇനി രുദ്രാക്ഷയ്ക്ക് വേണ്ടി എന്ന പേരിൽ നീ ആരുടേയും ജീവനെടുക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ പറയണം. എന്റെ പേരിൽ ഒരു ജീവൻ കൂടി ഈ ഭൂമിയിൽ നിന്നും മാഞ്ഞുപോകാൻ ഞാൻ സമ്മതിക്കില്ല. അതിന് മുൻപേ തീർക്കാം എന്റെ ജീവൻ.
രുദ്ര ഉറച്ച സ്വരത്തിൽ പറഞ്ഞു.

വേണ്ട രുദ്രൂ..
ചിലമ്പിയ സ്വരത്തിൽ സിദ്ധു പറഞ്ഞു.

സ്നേഹം അതെനിക്ക് കിട്ടാക്കനിയായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള പൊരുത്തക്കേടുകൾ അന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടയിൽ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഉണ്ടായിരുന്നത് എന്റെ സിദ്ധിമോളാ.
ആക്‌സിഡന്റിന്റെ രൂപത്തിൽ ദൈവം അവളെ അങ്ങ് വിളിച്ചപ്പോൾ തകർന്നു പോയതാ കുഞ്ഞിലേ ഞാൻ.
ഒന്ന് ചേർത്ത് നിർത്തിയാൽ മതിയായിരുന്നു അവർ. എന്നാൽ അവരോ എന്നെ അകറ്റുകയല്ലേ ചെയ്തത്.
എന്ത് തെറ്റാ ഞാൻ ചെയ്തത്.
വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം കുറെയേറെ സാധനങ്ങളുമായി എത്തിയിരുന്നു. ഓരോ പ്രാവശ്യവും പ്രതീക്ഷിച്ചിട്ടുണ്ട് എന്നെയും കൂടെ കൂട്ടുമെന്ന്. അതുണ്ടായില്ല.
അമ്മാവന്മാരുടെയും അമ്മായിമാരുടെയും കുത്തുവാക്കുകളും അവരുടെ മക്കളുടെ അവഗണയും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ആ അവരെ ഞാൻ എങ്ങനെ സ്നേഹിക്കണമായിരുന്നു.

ഒടുവിൽ അമ്മ എന്നോട് സ്നേഹത്തോടെ സംസാരിച്ച ആ രാത്രി എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരുന്നു.
എന്നാൽ പിറ്റേന്ന് ഞാൻ തൊട്ടറിഞ്ഞതാ ആ തണുപ്പ്. മരണത്തിന്റെ തണുപ്പായിരുന്നു അമ്മയ്ക്ക്.
അവൻ ഭ്രാന്തമായി അവന്റെ കൈകളിലേക്ക് നോക്കി.

വാതിൽപ്പടിയിൽ ചാരി നിൽക്കുകയായിരുന്നു സഞ്ജു. രുദ്രയുടെ കൈകൾ അവനെ അപ്പോഴും താങ്ങിയിരുന്നു.

നിന്നെ ആദ്യമായി കണ്ടപ്പോൾ ഇഷ്ടമായതാ. നീ കൂടെ വേണമെന്ന തോന്നലായിരുന്നു പിന്നെ. മറ്റുള്ളവരെപ്പോലെ നീയെന്റെ ഉപേക്ഷിച്ച് പോകാതിരിക്കാനാ നിന്നെ ഞാൻ….
സിദ്ധു ഒന്ന് നിർത്തിയശേഷം തുടർന്നു.

നിന്റെ അമ്മ പറഞ്ഞു നിന്നെ എന്നിൽനിന്നും അകറ്റുമെന്ന്. മോൾക്ക് ഇങ്ങനൊരുത്തനെ വേണ്ടെന്ന്. നിന്നെ എന്നിൽ നിന്ന് അകറ്റാതിരിക്കാനാ അവരെയും.
നിന്റെ വയറ്റിൽ എന്റെ ജീവൻ വളരുന്നെന്നറിഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് എന്റെ സിദ്ധിമോളെയാ.
അതുപോലെ ആ കുഞ്ഞുപോയാലോ. നിനക്ക് താങ്ങാനാകുമോ. അതുകൊണ്ടാ. പക്ഷേ നീ പടവിൽ നിന്നും വീഴുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.

അച്ഛനെ കാണാൻ പോയപ്പോൾ ഒരു കുമ്പസാരം പോലെ ഏറ്റു പറഞ്ഞു. നിന്റെ അമ്മയെ കണ്ടതും എന്റെ സ്വഭാവം അറിയിച്ചതും.

ജയിലിൽ കിടക്കുമ്പോഴും എന്റെ മനസ്സ് പറഞ്ഞു ഞാൻ വിളിച്ചാൽ നീ വരുമെന്ന്.
ഒരുപാട് അന്വേഷിച്ചു.
ഒടുവിൽ നിന്റെ മുൻപിൽ എത്തിയപ്പോൾ ഒരുപാട് സന്തോഷിച്ചു.
പക്ഷേ അപ്പോഴും നിനക്കെന്നെ വേണ്ടായിരുന്നു. അതെന്നിൽ വാശിയാ നിറച്ചത്.
ഒടുവിൽ സഞ്ജുവിനോട് ഇടപെടുന്നത് കൂടി കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.
അതുകൊണ്ടാണ് അവനെയും കൊല്ലാൻ നോക്കിയത്.
പക്ഷേ അവൻ അപ്പോഴും പറഞ്ഞത്.
രുദ്രുവിനെപ്പറ്റിയാ..

ഒടുവിൽ എന്റെ കൂടപ്പിറപ്പായി ഒരാൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്കെന്റെ സിദ്ധിയെയാ ഓർമ്മ വന്നത്. അവളുടെ സ്നേഹമാ ഓർമ വന്നത്.

ഒടുവിൽ സത്യമാണെന്ന് ബോധ്യപ്പെട്ടപ്പോൾ കുറ്റബോധമായിരുന്നു
ഒരിക്കൽ മരിച്ചുപോയ കൂടപ്പിറപ്പിനെ ഓർത്തു കരഞ്ഞവൻ ഇന്ന് കൂടപ്പിറപ്പിന്റെ ജീവൻ എടുക്കാൻ ശ്രമിച്ചു.

തെറ്റാണ് ഞാൻ ചെയ്തതെല്ലാം. ഏത് ഗംഗയിൽ കുളിച്ചാലും മോക്ഷം കിട്ടാത്തത്ര പാപം ഉണ്ട് തലയ്ക്ക് മീതെ.

ഇനിയൊരിക്കലും രുദ്രു.. അല്ല രുദ്രാക്ഷയുടെ ജീവിതത്തിൽ സിദ്ധാർഥ്‌ കടന്നു വരില്ല എന്ന വാക്ക് തരണമായിരുന്നു.
പിന്നെ എന്റെ ഏട്ടനോട് ചെയ്ത പാപങ്ങൾക്ക് മാപ്പും.
നിങ്ങൾ ഒന്നിക്കണം. ഏൽപ്പിച്ചിട്ടുണ്ട് എന്റെ സ്വഭാവം കാരണം നഷ്ടം മാത്രം സംഭവിച്ചിട്ടുള്ള പെണ്ണിന്റെ ജീവിതം.
രുദ്രയെ സ്നേഹിക്കാനും അവളിലെ സ്ത്രീക്ക് അർഹിക്കുന്ന ബഹുമാനവും പ്രണയവും അംഗീകാരവും നൽകാൻ അർഹമായ കൈകളിൽ തന്നെയാണ് നീയുള്ളത്.

പെണ്ണെന്നാൽ അടിമയാവേണ്ടവളല്ല മറിച്ച് പുരുഷനെപ്പോലെ അല്ലെങ്കിൽ അവനെക്കാൾ ഉയരത്തിൽ മുന്നേറേണ്ടവളാണ്.
ഒരു സ്ത്രീയുടെ പരാജയത്തിൽ പുരുഷന് പങ്കുള്ളത് പോലെ അവളുടെ വിജയത്തിലും ഉയർച്ചയിലും പുരുഷന് പങ്കുണ്ടെന്ന് എല്ലാവരും ഉൾക്കൊള്ളണം.

ഏട്ടനെ ഏൽപ്പിച്ചിട്ടുണ്ട് രുദ്രയുടെ ജീവിതത്തിൽ നിയമപരമായി എനിക്ക് നിലനിൽക്കുന്ന അവകാശങ്ങൾ അവസാനിപ്പിക്കുന്ന രേഖ.
അർഹതയില്ലെന്നറിയാം എന്നാലും മാപ്പ്..

നിറകണ്ണുകളോടെ പടികളിറങ്ങിപ്പോകുന്ന രൂപം രുദ്ര അറിഞ്ഞ സിദ്ധാർഥിന്റെതല്ലായിരുന്നു. അതൊരു പുതിയ മനുഷ്യന്റെയായിരുന്നു.
കൂടപ്പിറപ്പ് നഷ്ടമായ ഷോക്കിൽ മാറിമറിഞ്ഞ ജീവിതം മാറ്റിമറിക്കാൻ വീണ്ടും സ്വന്തം രക്തം തന്നെ വേണ്ടിവന്നു എന്ന തിരിച്ചറിവ് ഉൾക്കൊണ്ട മനുഷ്യന്റെ.

ആശ്വാസത്തിന്റെയോ വേദനയുടേതോ എന്നറിയാത്ത ഒരു വികാരം അപ്പോൾ രുദ്രയിൽ പ്രകടമായി.
എങ്കിലും സിദ്ധാർഥിന്റെ അവസ്ഥയോടോ അവന്റെ മാറ്റത്തോടോ ദയയുടെ ചെറുകണിക പോലും അവളിൽ രൂപo കൊണ്ടില്ല.

കൂടപ്പിറപ്പാണെന്നറിഞ്ഞിട്ടും നിസ്സഹായതയോടെ അവന്റെ ക്രൂരത ഏറ്റു വാങ്ങേണ്ടി വന്ന.. ജനിച്ചിട്ട് ഇന്നുവരെ അമ്മയുടേയോ അച്ഛന്റെയോ സ്നേഹമറിയാതെ അനാഥ മന്ദിരത്തിൽ വളർന്ന.. തേടിയെത്തുന്ന സമ്മാനപ്പൊതികളിൽ മാത്രം അമ്മയുടെ വാത്സല്യം നുകർന്ന.. ഒടുവിൽ അമ്മയാണെന്നറിഞ്ഞ നിമിഷംപോലും അമ്മയുടെ വാത്സല്യം അനുഭവിക്കാൻ ഭാഗ്യം ജനിക്കാത്ത.. ഒരന്യനെപ്പോലെ സ്വന്തം അമ്മയുടെ ശവം കണ്ടുനിൽക്കേണ്ടി വന്ന സഞ്ജയ്‌ എന്ന മനുഷ്യന്റെ ഹൃദയം നോവുന്നത് രുദ്ര അറിഞ്ഞു. അവൾ മാത്രമേ അറിഞ്ഞുള്ളൂ.

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ സിദ്ധു അകന്ന് പോകുന്നതും നോക്കി നിശ്ചലം നിന്നു സഞ്ജയ്‌.. അവന്റെ മാറോട് ചേർന്ന് അവന്റെ രുദ്രുവും..

(തുടരും )

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

രുദ്രാക്ഷ : PART 5

രുദ്രാക്ഷ : PART 6

രുദ്രാക്ഷ : PART 7

രുദ്രാക്ഷ : PART 8

രുദ്രാക്ഷ : PART 9

രുദ്രാക്ഷ : PART 10

രുദ്രാക്ഷ : PART 11

രുദ്രാക്ഷ : PART 12

രുദ്രാക്ഷ : PART 13

രുദ്രാക്ഷ : PART 14

രുദ്രാക്ഷ : PART 15