ദേവതാരകം : ഭാഗം 25
എഴുത്തുകാരി: പാർവതി പാറു
അങ്ങനെ എല്ലാ കൺഫ്യൂഷനുകളും മാറി… ഇനി ആകെ രണ്ടു ചോദ്യങ്ങൾ ആണ് ബാക്കി.. താരയെ ആരാണ് വിവാഹം ചെയ്തത്, ദേവ എവിടെ… താരയെ ഒരിക്കലും സ്വീകരിക്കാൻ ആവില്ലെന്ന് പറഞ്ഞു പോയ ദേവക്ക് പിന്നീട് എന്ത് സംഭവിച്ചു…. …… വീടിന്റെ ടെറസിൽ ആകാശം നോക്കി കിടക്കുകയായിരുന്നു ദേവ … അവന്റെ ഉള്ളിൽ കഴിഞ്ഞ കുറേ മാസങ്ങൾ ആയി നടന്ന ഓരോന്നും മിന്നി മറഞ്ഞു കൊണ്ടിരുന്നു….. അന്ന് ക്ഷമയെ കണ്ടു തിരിച്ചുവരുമ്പോൾ തന്നെ പ്രദീക്ഷയോടെ നോക്കി നിന്ന താരയുടെ മുഖം അവന്റെ ഉള്ളിൽ നീറ്റലായി ഇന്നും ഉണ്ട്…
അന്ന് അവളുടെ കണ്ണുകളിൽ കണ്ട പ്രണയം ഒറ്റ നിമിഷം കൊണ്ടാണ് താൻ തട്ടി എറിഞ്ഞത്… അവൾക്കെത്ര നൊന്ത് കാണും…. പക്ഷെ ആ നിമിഷത്തിൽ അങ്ങനെ പറയാൻ ആണ് തോന്നിയത്…. മായ അവൾ ആയിരുന്നു തന്റെ പ്രണയത്തിന് അവകാശി എന്നറിഞ്ഞ നിമിഷം താനെത്ര തളർന്നു പോയിരുന്നു.. എന്നിട്ടും ഒരിക്കലും തന്റെ മനസ്സിൽ താരയുടെ മുഖം മാഞ്ഞുപോയി മായ അവിടെ നിറഞ്ഞില്ല…. ആ രാത്രിയിലും തന്റെ സ്വപ്നങ്ങളിൽ താര മാത്രം ആയിരുന്നു… അവളെ അവഗണിച്ച ഓരോ നിമിഷവും താൻ സ്വയം വേദനിക്കുകയായിരുന്നില്ലേ…..
എന്നിട്ടും മായയെ സംഗീതിന് വിട്ട് കൊടുക്കാൻ സമ്മതിച്ച തന്റെ മനസാക്ഷി എന്തുകൊണ്ട് താരയെ സ്വീകരിക്കുന്നതിൽ വിമുഖത കാണിച്ചു??? സത്യത്തിൽ തന്റെ ബോധമനസ് അവളെ തള്ളി പറയുമ്പോഴും ഉപബോധമനസ് അവളെ സ്നേഹിക്കുകയായിരുന്നില്ലേ…. അവൻ ഓർത്തു… ….. അവളോട് ഇഷ്ടമല്ല എന്ന് പറഞ്ഞതിന് പിറ്റേന്ന് അവൾ കോളേജിൽ വരാഞ്ഞപ്പോൾ അവന്റെ ഹൃദയവും നൊന്തു … അവളെ കാണാൻ അവന്റെ മനസ് ആഗ്രഹിച്ചു …. അവൾ ലീവെടുത്ത് നാട്ടിലേക്ക് പോയി എന്നറിഞ്ഞപ്പോൾ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട വേദന അവന് തോന്നി…. അവളെ കാണാതെ ആ രണ്ടു ദിവസങ്ങൾ അവനെങ്ങനെ ഒക്കെയോ ആണ് തള്ളിനീക്കിയത്….
അമ്മയുടെ നിർബന്ധം കാരണം ആണ് ആ വീക്കെൻഡ് അവൻ കാഞ്ഞങ്ങാട്ടേക്ക് പോയത്…. അവന് ഒരു പ്രദീക്ഷ ഉണ്ടായിരുന്നു താരയെ കാണാൻ സാധിച്ചാലോ എന്ന്…. അമ്മവീട്ടിൽ എത്തി പിറ്റേന്ന് രാവിലെ അമ്മ വിളിച്ചുണർത്തി എവിടെയോ പോവാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒട്ടും താല്പര്യം ഇല്ലാതെ ആണ് അവൻ ഇറങ്ങിയത്….. അമ്മമ്മക്കും അമ്മാവനും അച്ഛനും അമ്മയ്ക്കും ഒപ്പം അവൻ ഇറങ്ങി..ഏതോ ഒരു വീട്ടിന് മുന്നിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ അമ്മ പറഞ്ഞു… ദത്താ… നമ്മൾ ഇപ്പോൾ പോവുന്നത് നിനക്ക് പെണ്ണുകാണാൻ ആണ്…. എനിക്കറിയാം നീ സത്യം പറഞ്ഞാൽ വരില്ലെന്ന്… അതാണ് നിന്നോട് പറയാഞ്ഞത്… അമ്മമ്മയുടെ നിർബന്ധം ആണ്… അമ്മമ്മക്ക് വേണ്ടി നീ വാ..
നിനക്ക് ഇഷ്ടമായില്ലെന്ന് അമ്മ വീട്ടിൽ എത്തിയിട്ട് എല്ലാവരോടും പറഞ്ഞോളാം. … അമ്മ പറഞ്ഞപ്പോൾ അവന് എതിർക്കാൻ ആയില്ല…. അവിടെ ചെന്ന് കയറുമ്പോൾ അധികം ആരും ഇല്ലായിരുന്നു… പുറത്തേക്ക് ഇറങ്ങി വന്ന ആ മുഖം തന്നെ പഴയ കാലത്തേക്ക് കൊണ്ടുപോയി.. ആ മുഖം താൻ മറന്നിട്ടില്ലായിരുന്നു…. എന്താ മാഷേ ഓർമ ഉണ്ടോ… അയാൾ ചോദിച്ചു… മാഷേ… ആ വിളി തന്നെ താരയെ ഓർമിപ്പിച്ചു… അവൻ ഓർമകളിൽ അയാളുടെ മകളെ ഓർത്തു… അന്നവൾ തന്നോട് പേര് ചോദിച്ചപ്പോൾ മാഷേ.. എന്ന് വിളിക്കാൻ പറഞ്ഞത് ഓർത്തു… പിന്നീടവളെ താൻ കണ്ടിട്ടില്ല…
ഇന്ന് ഇങ്ങനെ ഒരു സാഹചര്യത്തിൽ അവളെ കാണേണ്ടി വന്നതിൽ അവന് വിഷമം തോന്നി…. കയറി ഇരുന്നു അച്ഛനും അവരുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്… അതൊന്നും ശ്രദ്ധിക്കാൻ അവന് കഴിഞ്ഞില്ല… അവന്റെ മനസ് കലുഷിതം ആയിരുന്നു…. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു പെൺകുട്ടി വന്നു നിന്നു… അമ്മ തല ഉയർത്തി നോക്കാൻ ആവശ്യപ്പെട്ടപ്പോൾ മനസില്ലാമനസോടെ അവൻ തല ഉയർത്തി… ആ മുഖം…. തന്റെ ഹൃദയത്തിൽ പതിഞ്ഞ മുഖം….. താര… ആ പഴയ പാവാടക്കാരി അവൾ ആയിരുന്നോ… പക്ഷെ അവൾ ഒത്തിരി മാറിയിരിക്കുന്നു… ചുരുണ്ട നീളമില്ലാത്ത മുടികൾ ഇന്ന് അരക്കൊപ്പം എത്തിയിരിക്കുന്നു…
മെലിഞ്ഞൊട്ടിയ കവിളുകൾ ഇന്ന് വെളുത്ത് തുടുത്തിരുന്നു.. പണ്ടത്തെ പാവാടകാരിയിൽ നിന്ന് അവൾ പക്വത ഒത്ത പെണ്ണായിരിക്കുന്നു… അവളെ ആദ്യം കണ്ടപ്പോൾ തന്നെ എവിടെയോ കണ്ടുമറന്ന പോലെ തോന്നിയത് സത്യം ആയിരുന്നു… ആ നിമിഷം അവന് സന്തോഷമാണോ സങ്കടമാണോ ഉണ്ടായതെന്ന് അറിയില്ല…. അവളോട് സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങുമ്പോൾ അവളോട് എന്ത് പറയണം എന്ന് അവന് അറിയില്ലായിരുന്നു… മൗനം അവർക്കിടയിൽ തളം കെട്ടി കിടന്നു…. ഒടുവിൽ അവൻ തന്നെ സംസാരിച്ചു തുടങ്ങി…. താരേ….. നീ എന്ത്കൊണ്ട് എന്നോട് ഒന്നും പറഞ്ഞില്ല… ഞാൻ മാഷേ എന്ന് വിളിച്ചാലെങ്കിലും എന്നെ ഓർക്കും എന്ന് വിചാരിച്ചു…
പക്ഷെ ആ ഓർമ്മകൾ എന്നിൽ വേരിറങ്ങിയപ്പോൾ.. മാഷിന്റെ അല്ല ദേവ സാറിന്റെ ഉള്ളിൽ നിന്ന് വേരുപിഴുത് പോയിരിക്കും എന്ന് ഞാൻ ഓർത്തില്ല… മാഷ്.. എന്ന് തിരുത്തി അവൾ ദേവ സാർ എന്ന് വിളിച്ചപ്പോൾ അവന് വേദന തോന്നി… തന്റെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു എന്ന് അവന് മനസിലായി… ഇങ്ങനെ ഒരു കണ്ടുമുട്ടൽ പ്രദീക്ഷിച്ചിരുന്നില്ല അല്ലേ… അവൾ ചോദിച്ചു… ഞാനും അറിഞ്ഞിരുന്നില്ല… അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു… സാരമില്ല… ഇവിടെ എല്ലാവരെയും ഞാൻ പറഞ്ഞു മനസിലാക്കാം..ദേവസാറിന് എന്നെ ഒരിക്കലും ഭാര്യ ആയി കാണാൻ താല്പര്യം ഇല്ലല്ലോ…. ഭാര്യ ആയി മാത്രമല്ല .
ഇനി ഒരിക്കലും മാഷിന്റെ കൺ മുന്നിൽ വരാതിരിക്കാൻ ഞാൻ ശ്രമിക്കാം….. അവന്റെ മറുപടിക്ക് പോലും കാത്തുനിൽക്കാതെ അവൾ അകത്തേക്ക് കയറി…. അവൻ തിരിച്ചറിയുകയായിരുന്നു… തന്റെ വാക്കുകളുടെ മൂർച്ചയിൽ അവളുടെ ഹൃദയം എത്രത്തോളം പിടഞ്ഞു പോയിരിക്കുന്നു എന്ന്…. അവിടെ നിന്ന് ഇറങ്ങുമ്പോൾ അമ്മയും മൗനം ആയിരുന്നു… വീട്ടിൽ എത്തി ആരോടും മിണ്ടാതെ അവൻ മുകളിൽ വരാന്തയിൽ പോയി ഇരുന്നു…. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ അവനരികിൽ വന്നിരുന്നു…. ഒരിക്കൽ ഇങ്ങനെ സംഭവിക്കുമ്പോൾ നീ സന്തോഷിക്കും എന്നായിരുന്നു എന്റെ വിശ്വാസം… പക്ഷെ അത് സംഭവിച്ചില്ല… നിനക്കും താരക്കും കൂടുതൽ വേദന ആണ് ഉണ്ടായത് അല്ലേ…
അമ്മേ… അവൻ വിളിച്ചു… ഞാൻ എല്ലാം അറിഞ്ഞു ദത്താ… താര എന്നോട് പറഞ്ഞു എല്ലാം… കരയുക ആയിരുന്നു അവൾ എന്റെ മുന്നിൽ… നീ അവളെ തള്ളി പറഞ്ഞത് അത്രത്തോളം അവളെ വേദനിപ്പിച്ചു കളഞ്ഞിരിക്കുന്നു… ദേവ…. നീ അവളുടെ സ്നേഹം തിരിച്ചറിഞ്ഞിട്ടും എന്തിനാണ് ഇങ്ങനെ ചെയ്തത്… നീയും അവളെ സ്നേഹിച്ചിരുന്നില്ലേ… അവളെ തള്ളിപ്പറയാൻ മാത്രം എന്ത് തെറ്റാണ് അവൾ ചെയ്തത്… അവളൊരു തെറ്റും ചെയ്തില്ല… തെറ്റ് ചെയ്തത് ഞാൻ ആണ് അമ്മേ….. അവൻ എല്ലാം അമ്മയോട് പറഞ്ഞു…. മോനേ.. നിനക്ക് തെറ്റ് പറ്റില്ല എന്നാണ് ഞാൻ വിചാരിച്ചത്… അത് കൊണ്ട് തന്നെ ആണ് ഇത്രയും നാൾ നിന്നോട് ഞാൻ ഒന്നും പറയാതിരുന്നത്….
നീ നാല് വർഷം നിന്നെ കാണാതെ നിന്നെ പ്രണയിച്ച മായയുടെ പ്രണയം കണ്ട് അതിശയിച്ചു തള്ളിപ്പറഞ്ഞത് 9 വർഷമായി നിന്നെ മാത്രം സ്വപ്നം കണ്ട താരയുടെ പ്രണയം ആണ്…. അമ്മേ അമ്മ എന്തൊക്കെ ആണ് ഈ പറയുന്നത്… അതെ മോനേ അവൾ പണ്ട് മുതലേ നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു… നീ പണ്ട് അവൾക്ക് കണക്ക് ട്യൂഷൻ എടുത്തിരുന്ന കാലം തൊട്ടേ അവളുടെ ഉള്ളിൽ നീ മാത്രം ആയിരുന്നു.. നിനക്ക് വേണ്ടി ആണ് അവൾ കോളേജിൽ ജോലിക്ക് വന്നത് പോലും… ഇത്രയും വർഷമായി അവളുടെ ഉള്ളിൽ നീ മാത്രമേ ഉള്ളൂ… നിനക്ക് വേണ്ടി ആണ് അവൾ കാത്തിരുന്നത്.. നീ അല്ലാതെ ഒരു ലോകം അവൾക്കില്ല ദത്താ… ഇതെല്ലാം അമ്മക്ക് അറിയുമായിരുന്നോ…
അവൻ അത്ഭുതത്തോടെ ചോദിച്ചു… മ്മ്.. അവൾ നമ്മുടെ വീട്ടിൽ വന്ന ആ ദിവസം നീ ഓർക്കുന്നില്ലേ… അന്ന് രാത്രി അവൾ എന്നോടെല്ലാം പറഞ്ഞിരുന്നു… പക്ഷെ നിന്നോട് പറയരുത് എന്നും… നീ സ്വയം എല്ലാം അറിയട്ടെ എന്നും പറഞ്ഞു… ഒരു പക്ഷെ ഞാൻ അന്ന് തന്നെ നിന്നോട് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു… വൈകി പോയി മോനേ..ഒത്തിരി വൈകി പോയി… . അവളുടെ ഉള്ളിൽ നീ പറഞ്ഞ വാക്കുകൾ അത്രയും ആഴത്തിൽ പതിഞ്ഞു പോയി… വർഷങ്ങൾ ആയി അവളുടെ ഉള്ളിൽ ഒരു ദേവ വിഗ്രഹം പോലെ പൂവിട്ടു പൂജിച്ച നിന്നെ നീ തന്നെ ഇല്ലാതാക്കി… നിനക്ക് ഇഷ്ടം അല്ലാതെ നിന്റെ ജീവിതത്തിലേക്ക് വരാൻ അവൾക്കും താല്പര്യം ഇല്ല…
അവളുടെ അച്ഛനോട് സംസാരിച്ചു ഈ കല്യാണം അവൾ തന്നെ ഒഴിവാക്കും.. ഒരിക്കലും ഒരു അഡ്ജസ്റ്മെന്റോടെ ഉള്ള വിവാഹ ജീവിതം നിങ്ങൾക്കു വേണ്ടാ…. അമ്മേ.. ഞാൻ അവളോട് സംസാരിച്ചു നോക്കട്ടെ… എനിക്ക് മാപ്പ് നൽകാൻ അവൾക്ക് സാധിച്ചാലോ… വർഷങ്ങൾ ആയുള്ള അവളുടെ പ്രണയത്തെ ആണ് നീ തള്ളിപ്പറഞ്ഞത്…അതവളിൽ മുറിവ് ആയി തന്നെ ഉണ്ട്… അതില്ലാതെ ആക്കാൻ ഇനി നിന്റെ വാക്കുകൾക്ക് കഴിയണം എന്നില്ല… അമ്മയുടെ വാക്കുകൾ അവന്റെ ഹൃദയത്തെ കുത്തിനോവിച്ചു. തിരിച്ചു കോളേജിൽ പോവാൻ അവന് തോന്നിയില്ല… അവൻ ഒരു ആഴ്ച ലീവ് എടുത്തു…. ഒരു മാറ്റം അനിവാര്യമാണ് എന്ന് അവനും തോന്നി… അമ്മക്കും അച്ഛനും ഒപ്പം അവനും നാട്ടിലേക്ക് പോന്നൂ..
താരയുടെ ഓർമകളുമായി… രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവന് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റം കിട്ടിക്കൊണ്ടുള്ള ട്രാൻസ്ഫർ ലെറ്റർ വന്നു… അമ്മയെ പിരിഞ്ഞിരിക്കാൻ കഴിയാത്തതിനാൽ ജോയിൻ ചെയ്ത സമയത്ത് അവൻ കൊടുത്തിട്ടതായിരുന്നു… സത്യത്തിൽ അത് അവനൊരു ആശ്വാസം ആയി… താരയോടൊപ്പം ചിലവഴിച്ച നല്ല നാളുകളുടെ ഓർമയിൽ അവളില്ലാതെ അവിടെ ജോലി ചെയ്യാൻ അവനും ബുദ്ധിമുട്ട് ആയിരുന്നു… പക്ഷെ അവന്റെ ഉള്ളിൽ വേദന ആയിരുന്നു…. ഇത്രയും നാൾ തന്നെ സ്നേഹം കൊണ്ട് പൊതിയാൻ വെമ്പിയ ഹൃദയം കാണാതെ പോയതിൽ ഉള്ള വേദന….
അവളുടെ സ്നേഹം താൻ അർഹിക്കുന്നില്ല… അവളെ മനസിലാക്കാൻ കഴിയാതെ പോയ എനിക്ക് ഒരിക്കലും അവളുടെ സ്നേഹത്തിനായി കൊതിക്കാൻ അർഹത ഇല്ല… അവൻ ഓർത്തു… ………. പുറത്തെ ഇരുട്ടിലേക്ക് നോക്കി താരയും ഇരുന്നു… അവളുടെ ഓർമ്മകൾ അന്ന് വിനുവിനെ കണ്ട ദിവസത്തിലേക്ക് പോയി… താരേ.. നീ എനിക്കൊരു വാക്ക് തന്നിരുന്നു.. നിന്റെ പ്രണയം നിന്നെ തള്ളിപ്പറയുന്ന നിമിഷം.. എന്റെ പ്രണയം സ്വീകരിക്കുമെന്ന്.. ഞാനിന്നും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ്… നിന്റെ ഈ മുറിവ് ഉണക്കാൻ എനിക്ക് സാധിക്കും… ഞാൻ ഉണ്ട് നിനക്ക്…
വിനു അവളുടെ കൈകൾ അവന്റെ കൈകളിൽ കൂട്ടിപിടിച് പറഞ്ഞു… താരയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു… വിനുവിന് അത് സഹിക്കാൻ ആയില്ല… വിനുവേട്ടാ…. അന്ന് ഞാൻ അത് പറയുമ്പോൾ എനിക്ക് നൂറു ശതമാനം എന്റെ പ്രണയത്തിൽ വിശ്വാസം ഉണ്ടായിരുന്നു… പക്ഷെ ഇന്ന് എല്ലാം തകർന്നു… ഞാൻ ജീവൻ മാത്രം അവശേഷിക്കുന്ന ഒരു പെണ്ണാണ്… എന്റെ ഹൃദയവും.. ആത്മാവും എപ്പോഴേ മരിച്ചു പോയിരിക്കുന്നു…. എന്നെ സ്നേഹിക്കാൻ കൊള്ളില്ല വിനുവേട്ടാ…. സ്നേഹിക്കാൻ കൊള്ളില്ല…എനിക്കും ഇനി ആരെയും സ്നേഹിക്കാൻ ആവില്ല… ഈ ജന്മത്തിലെ സ്നേഹം മുഴുവൻ ഞാൻ നൽകി കഴിഞ്ഞു… ഇനി എന്നിൽ ഒന്നും ഇല്ല ..
വിനുവിന്റെ ഉള്ളു പിടഞ്ഞു… അവളുടെ ഈ അവസ്ഥക്ക് താൻ കൂടി കാരണം ആണല്ലോ എന്നവൻ ഓർത്തു… എല്ലാം തന്റെ സ്വാർത്ഥത ആയിരുന്നു…. താര സ്നേഹിക്കുന്നത് ദേവയെ ആണെന്ന് അവൾ സംഗീത്തിനോട് പറയുന്നത് കേട്ടപ്പോൾ തുടങ്ങിയ സ്വാർഥത…. ആ പ്രണയം തകർത്ത് അവളെ സ്വന്തം ആക്കുക എന്ന് മാത്രമായിരുന്നു ലക്ഷ്യം… അങ്ങനെ ആണ് ആ വർഷത്തെ ക്യാമ്പിന് തന്നോടൊപ്പം മായ വരുന്നത്… അവൾക്ക് സംഗീത്തിനോടുള്ള സ്നേഹം അറിഞ്ഞു കൊണ്ടാണ് സംഗീതും താരയും തമ്മിൽ ഉള്ള ബന്ധം അവൾക്ക് മുന്നിൽ പ്രണയം ആണെന്ന് തെറ്റദ്ധരിപ്പിച്ചത്…
അത് വിശ്വസിച്ച മായ തന്റെ ജോലി എളുപ്പം ആക്കി… ഒരു ജോലി നേടി അവളെ സ്വന്തമാക്കാൻ ഇരിക്കുമ്പോൾ ആണ് ദേവയും താരയും വീണ്ടും ഒരേ കോളേജിൽ എത്തിയത് അറിയുന്നത്… തന്റെ ഭയം ആണ് മായയെ വീണ്ടും ഇവിടെ വരുത്തിച്ചത്… അവളെ കൊണ്ട് ആ ബന്ധം തകർക്കാൻ എളുപ്പത്തിൽ സാധിച്ചു… പക്ഷെ ഒപ്പം തകർന്നത് താര കൂടി ആയിരുന്നു… ഈ താരയെ ആണോ ഞാൻ സ്നേഹിച്ചത്…. അവളുടെ ഉള്ളിൽ എത്രത്തോളം വേരിറങ്ങി പോയതാണ് ദേവയോടുള്ള പ്രണയം എന്ന് വിനു തിരിച്ചറിയുകയായിരുന്നു… എന്റെ സ്നേഹം ജയിക്കാൻ തനിക്ക് താരയെ വിവാഹം ചെയ്യാം… പക്ഷെ അതുകൊണ്ട് താനാഗ്രഹിച്ച പോലുള്ള ഒരു ജീവിതം കിട്ടില്ലെന്ന് ഉറപ്പാണ്…
അവന് ചെയ്ത തെറ്റുകൾ ഓർത്ത് പശ്ചാത്താപം തോന്നി.. അവളോട് ഒരു വാക്ക് പോലും പറയാതെ അവൻ അവിടെ നിന്ന് പോയി… വീട്ടിൽ എത്തിയിട്ടും അവളുടെ മനസ് ശാന്തമായില്ല…. അവളുടെ മാറ്റം അച്ഛനും അമ്മയ്ക്കും ഉള്ളിൽ വിഷമം ഉണ്ടാക്കി… രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആണ് ദേവ താരയെ പെണ്ണുകാണാൻ വന്നത്… അവൾ ഒത്തിരി കൊതിച്ച നിമിഷം.. വീട്ടുകാരുടെ സമ്മതത്തോടെ തന്റെ പ്രണയം സഫലീകരിക്കുന്ന മുഹൂർത്തം… പക്ഷെ ഇന്ന് എല്ലാവരും സന്തോഷിക്കുമ്പോൾ തനിക്ക് മാത്രം സന്തോഷിക്കാൻ ആവുന്നില്ല… ഉള്ളിൽ വേദന മാത്രം…
ദേവയോട് കല്യാണത്തിൽ നിന്ന് പിന്മാറാം എന്ന് പറയുമ്പോൾ വാക്കുകൾ ഇടറാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു…. ദിവസങ്ങൾ വീണ്ടും കടന്നു പോയി… താര ജോലി രാജി വെച്ചു… വീട്ടിൽ അവളുടെ മുറിയിൽ തന്നെ ഒതുങ്ങി…. ദേവയെ മറക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി… അവൾക്ക് ഒരിക്കലും അതിന് കഴിയില്ലായിരുന്നു…. ഒരു ദിവസം അച്ഛൻ അവളുടെ തിരുമാനം എന്താണെന്ന് ചോദിച്ചു…. അച്ഛാ… ഈ വിവാഹം നടക്കാൻ പാടില്ല.. ദേവ സാർക്ക് എന്നെ ഇനി ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയില്ല…. അപ്പോൾ നിനക്കോ… ഞാൻ.. ഞാൻ സ്നേഹിക്കും.. അച്ഛാ…
എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ… വെറുക്കാൻ കഴിയില്ല അച്ഛാ…എത്രയൊക്കെ ആട്ടിപായിച്ചാലും വീണ്ടും വീണ്ടും സ്നേഹിച്ചു പോവും… അങ്ങനെ ആണെങ്കിൽ ഈ വിവാഹം നടക്കും… അച്ഛാ… ദേവ സർ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ… ഉണ്ട്… അവന് സമ്മതം ആണ്…. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി കൊടുത്തതാവും… അല്ലെങ്കിലും ആ ജന്മം അങ്ങനെ ആണല്ലോ… എല്ലാം മറ്റുള്ളവർക്ക് വിട്ട് കൊടുത്തല്ലേ ശീലം… അതെന്തോ ആയിക്കോട്ടെ… നിനക്ക് ഈ ജന്മം അവനെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ ആവില്ലെന്ന് അച്ഛനറിയാം… അത് കൊണ്ട് തന്നെ നിന്നെ മറ്റൊരാളിൽ കെട്ടി വെക്കാൻ എനിക്ക് കഴിയുകയും ഇല്ല…
നിനക്ക് ഈ ജന്മം തരാൻ കഴിയുന്ന ഏറ്റവും നല്ലസമ്മാനമാണ് ദേവ… നീ സമ്മതിക്കണം… അതും പറഞ്ഞു അച്ഛൻ പുറത്തേക്ക് ഇറങ്ങി…. വാതിലിൽ എത്തി തിരിഞ്ഞു നിന്ന് പറഞ്ഞു….. മോളേ സ്നേഹം കൊണ്ട് ഉണാങ്ങാത്ത മുറിവുകൾ ഇല്ല…. അതെന്റെ മോൾ എന്നെങ്കിലും തിരിച്ചറിയും… അവൾക്ക് അച്ഛനെ എതിർത്തു പറയാൻ കഴിഞ്ഞില്ല… ഒരു പാവ കണക്കെ എല്ലാം അനുസരിച്ച് നിന്നു.. തന്റെ മാഷ് തന്നെ ഒരിക്കലും സ്നേഹിക്കില്ലെന്നുള്ള വേദന അവളിൽ ഒരു നെരിപ്പോടായി കിടന്നു .. അപ്പോഴും അവളുടെ ഉള്ളിൽ അന്ന് ദേവ പറഞ്ഞ വാക്കുകൾ മനസിനെ തളർത്തുകയായിരുന്നു……..
ദേവക്ക് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കുമ്പോൾ അവളുടെ ഹൃദയം പിടയുന്ന പോലെ തന്നെ ദേവയുടെ ഹൃദയം പൊള്ളുകയായിരുന്നു… താൻ തള്ളിപ്പറഞ്ഞവൾ തനിക്ക് മുന്നിൽ കഴുത്ത് നീട്ടുമ്പോൾ അവൾക്ക് തന്നോട് ക്ഷമിക്കാൻ ആവുമോ എന്നായിരുന്നു അവന്റെ ഉള്ളിലെ ഭയം… എന്നെങ്കിലും ഒരിക്കൽ അവൾ തന്നെ മനസിലാക്കും എന്ന പ്രദീക്ഷയോടെ അവൻ അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി…. ………………… രാത്രി 8 മണിയോടെ അവർ ദേവയുടെ വീട്ടിൽ എത്തി… അമ്മ നിലവിളക്ക് കൊടുത്ത് അവളെ സ്വീകരിച്ചു… ഈ നേരം ഒന്നും അവൾ അറിയാതെ പോലും ദേവയെ നോക്കിയിട്ടില്ല…
അതിന് അവൾക്ക് ശക്തി ഇല്ലായിരുന്നു… അവളുടെ മാനസികാവസ്ഥ മനസിലാക്കി കൊണ്ടു തന്നെ ദേവയും പരമാവധി അകലം പാലിച്ചു… തനിക്ക് മാപ്പുതരാൻ അവൾക്ക് സമയം കൊടുത്തേ മതിയാവു എന്ന് അവന് അറിയാമായിരുന്നു… രാത്രി കുളിച്ചു മാറി സെറ്റും മുണ്ടും ഉടുത്ത് മുല്ലപ്പൂ ചൂടി അവളെ മണിയറയിലേക്ക് അയക്കുമ്പോൾ അമ്മ പറഞ്ഞു… മോളേ അവന്റെ തെറ്റ് അമ്മ ന്യായികരിക്കാൻ ശ്രമിക്കുക അല്ല… നീ അവനോട് ക്ഷമിക്കണം…. നീ അവനെ പഴയപോലെ സ്നേഹിക്കണം.. ആരു പറഞ്ഞു അമ്മേ ഞാൻ സ്നേഹിക്കുന്നില്ലെന്ന്… എന്റെ ഉള്ളിൽ എന്നും സ്നേഹം മാത്രമേ ഉള്ളൂ…
അത് കേട്ടാൽ മതി മോളേ… ചെല്ല് അവൻ കാത്തിരിക്കുന്നുണ്ടാവും…. നിർവികാരതയോടെ ആണ് അവൾ മുറിയിലേക്ക് കയറിയത്.. ദേവ ബാൽക്കണിയിൽ ആയിരുന്നു അവൾ വന്നത് അറിഞ്ഞു അവൻ അകത്തേക്ക് വന്നു… അപ്പോഴാണ് താര തല ഉയർത്തി അവനെ നോക്കിയത്… അവന്റെ കണ്ണുകളിൽ കുറ്റബോധം നിറഞ്ഞിരുന്നു… വെറുപ്പ് നിറഞ്ഞ കണ്ണുകൾ ആയിരുന്നു അവൾ പ്രദീക്ഷിച്ചത്… അവൾക്ക് ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ വേദന തോന്നി… തന്നോട് പറഞ്ഞതിലെല്ലാം അവൻ പശ്ചാത്തപിക്കുന്നുണ്ടെന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു… കുറെ സമയം അവർ അങ്ങനെ തന്നെ നിന്നു… ഒടുവിൽ ദേവ തന്നെ സംസാരിച്ചു തുടങ്ങി… ഉറക്കം വരുന്നുണ്ടോ…
കാറിൽ ഇരുന്നു ഉറങ്ങിയത് കാരണം അവൾ ഇല്ലെന്നു മറുപടി പറഞ്ഞു… എനിക്ക് തന്നോട് അല്പം സംസാരിക്കാൻ ഉണ്ട്… വാ… അവൻ അവളെയും കൂട്ടി ബാൽക്കണിയിലേക്ക് നടന്നു…. ഗ്ലാസ് റൂഫ് ചെയ്ത ബാൽക്കണി… അവിടെ ഇരുന്നാൽ ആകാശം ശെരിക്കും കാണാം… ബാൽക്കണി യുടെ കൈവരികൾക്ക് ചുറ്റും മുല്ല പടർത്തിയിരുന്നു… നടുവിലായി ഒരു ആട്ടുകട്ടിലും ഒരറ്റത്ത് ഒരു ചാരുകസേരയും…. ദേവ ബാൽക്കണിയുടെ കൈ വരികളിൽ പിടിച്ചു ദൂരേക്ക് നോക്കി നിന്നു… താര അടുക്കട്ടിലിന്റെ ഓരത്ത് ഇരുന്ന് ആകാശത്തേക്ക് നോക്കിയും… താരേ … നിന്റെ ഹൃദയം ഇപ്പോഴും വേദനിക്കുന്നത് എനിക്ക് കാണാം.. തെറ്റ് മുഴുവൻ എന്റെ ആണ്…. ഞാൻ ഒന്നും അറിഞ്ഞില്ല.. അല്ല അറിയാൻ ശ്രമിച്ചില്ല… ഇന്നെനിക്ക് അതിൽ കുറ്റബോധം ഉണ്ട്… നീ അറിയണം എന്ത്‌കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന്…
അവൻ മായ അവനെ തെറ്റ് ധരിപ്പിച്ച കാര്യം അവളോട് പറഞ്ഞു… അവൾ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്….. മായ… അവൾ അവളെന്തിന് അങ്ങനെ ചെയ്തു…. ഞാൻ എന്ത് തെറ്റാണ് അവളോട് ചെയ്തത്…. കുറച്ചു ദിവസം മുന്നെ വിനു എന്നെ കാണാൻ വന്നിരുന്നു … വിനു ദേവയോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു…. മായ ഹോസ്പിറ്റലിൽ ആയ വിവരവും അറിയിച്ചിരുന്നു…. അവനോട് ക്ഷമ ചോദിച്ചിരുന്നു… അവൻ അതെല്ലാം താരയോട് പറഞ്ഞു… അവളിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നു…. അതുമെല്ലെ കരച്ചിലായി… ദേവക്ക് അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ തോന്നി..പക്ഷെ അവൾ തന്നോട് ക്ഷമിച്ചു എന്ന് പറയാതെ തനിക്കെങ്ങനെ കഴിയും…അവൾക്ക് തന്നോട് എന്ന് ക്ഷമിക്കാൻ കഴിയുന്നുവോ അന്ന് മാത്രമേ അവൾ തനിക്ക് ഭാര്യ ആവുകയുള്ളൂ..
അന്ന് മുതലേ ഒരുമിച്ച് ജീവിച്ചു തുടങ്ങാൻ ആവൂ… അവനോർത്തു… അവൻ അവൾക്കരികിൽ പോയി ഇരുന്നു.. ആ സാമിപ്യം അറിഞ്ഞ പോലെ അവൾ തല ഉയർത്തി…. എനിക്ക് എനിക്കവളെ കാണണം… യാമിയെ… എന്നെ കൊണ്ട് പോവില്ലേ അവളുടെ അടുത്ത്…. പോവാം നാളെ തന്നെ പോവാം നമുക്ക്… അവനവളെ ആശ്വസിപ്പിച്ചു…. വാ ഇപ്പൊ വന്ന് കിടക്ക്…. അവൻ എഴുനേറ്റ് നിന്ന് പറഞ്ഞു… ഞാൻ.. ഞാനിന്ന് ഇവിടെ കിടന്നോട്ടെ… അവൾ വിക്കി വിക്കി പറഞ്ഞു… അവനവളെ തടുക്കാൻ കഴിഞ്ഞില്ല…. അവളെ ബാൽക്കണി യിൽ ആക്കി അവൻ മുറിയിലേക്ക് നടന്നു…. താര ആ ആട്ടുകട്ടിലിൽ തന്റെ പ്രിയപ്പെട്ട നക്ഷത്രങ്ങളെയും നോക്കി കിടന്നു… അവളുടെ ഉള്ളിൽ ദേവ എല്ലാം അറിഞ്ഞ സന്തോഷം ഉണ്ടെങ്കിലും അതിലേറെ മായയുടെ അവസ്ഥ വേദന ഉണ്ടാക്കി…
അവളെ കാണാൻ താരയുടെ ഹൃദയം തുടിച്ചു….. എന്തെല്ലാമോ ഓർത്ത് അവൾ മയക്കത്തിലേക്ക് വഴുതി വീണു… പക്ഷെ ദേവക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല… കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി…. ചുരുണ്ടു കൂടി ഉറങ്ങുന്ന താരയെ നോക്കി…. കുറേ നേരം അവൻ അവളെ തന്നെ നോക്കി നിന്നു… ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ചു… അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന്… കാറ്റിൽ പാറുന്ന അവളുടെ മുടിയിഴകളെ ഒതുക്കി…. കരഞ്ഞു വീർത്ത അവളുടെ കണ്ണുകളിൽ ചുംബിച്ചു…… അവന്റെ സ്നേഹത്തിന്റെ ആദ്യ മുദ്രണം എന്ന പോലെ….
തുടരും…