Friday, December 27, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 24

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അത്രയും പറഞ്ഞുകൊണ്ട് വസു തന്റെ മുറിയിലേക്ക് പോയി.. തന്നെ നോക്കിയിരിക്കുന്ന പാറുവിന്റെ മടിയിൽ സങ്കടങ്ങൾ പെയ്തു തീർത്തു.. അവൾക്കിപ്പോൾ ആവശ്യം അതാണെന്ന് മനസിലായത് കൊണ്ട് തന്നെ പാറുവും അവളെ കരയാൻ അനുവദിച്ചു.. ഈ പെയ്ത്ത് കൊണ്ട് നിന്റെ വേദനയെല്ലാം ഒഴിഞ്ഞു പോകും… നാളെ മുതൽ നിന്നെ താങ്ങാൻ മറ്റൊരു കരങ്ങളുണ്ടായിരിക്കും പാറു മനസ്സിൽ ചിന്തിച്ചു. വേദനകളെല്ലാം പെയ്തൊഴിഞ്ഞപ്പോൾ വസു മെല്ലെ എഴുന്നേറ്റു. പാറുവിനെ നോക്കി പുഞ്ചിരിച്ചു.

നിനക്ക് പ്രണയമായിരുന്നോ വസൂ പപ്പൻ സർ നോട്? തെല്ലൊരു നേരത്തെ ആലോചനക്ക് ശേഷം അവൾ ചോദിച്ചു.. നേർത്ത ഒരു പുഞ്ചിരിയോടെ വസു പറഞ്ഞു തുടങ്ങി. അറിയില്ല… പ്രണയമായിരുന്നോ എന്ന് എനിക്കിന്നും അറിയില്ല.. എന്തോ നന്ദൻ സർ എന്റെ അരികിലെത്തുമ്പോൾ ഹൃദയം പ്രിയപെട്ടതെന്തോ ആണെന്ന് പറഞ്ഞു തുടികൊട്ടാറുണ്ടായിരുന്നു. ശ്വാസം പോലും വിലങ്ങുന്നത് പോലെ… എന്റെ കയ്യിൽ അദ്ദേഹത്തിന്റെ പുസ്തകമെത്തിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.. എല്ലാര്ക്കും തോന്നും വസിഷ്ഠ ലക്ഷ്മി ഒരു ഭ്രാന്തിയാണെന്ന്.

കയ്യിൽ കിട്ടിയ എഴുത്തിന്റെ പേരിൽ ഒരാളോട് പ്രണയം തോന്നി പോയവളാണെന്ന്. മുന്നും പിന്നും നോക്കാതെ മായികവലയിൽ പെട്ടുപോയവളാണെന്ന്. നിനക്കും തോന്നിയില്ലേ പാറു അങ്ങനെ? പാറുവിന്റെ മുഖത്തേക്ക് നോക്കി വസു. അവളെത്തന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുകയായിരുന്നു പാറുവപ്പോൾ. നീ ഇല്ലെന്ന് പറയേണ്ട.. പക്ഷേ ഞാൻ പറയട്ടെ നിന്നോട്.. ആ കത്തുകൾ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിലും അനന്തൻ സർ നോട് എനിക്ക് എന്തെന്നില്ലാത്ത.. പേരറിയാത്ത എന്തോ ഒന്ന് തോന്നുമായിരുന്നു ..

ചിലപ്പോൾ പ്രണയത്തിനുമപ്പുറം എന്ത് പേരു ചൊല്ലിയാണ് അതിനെ വിളിക്കേണ്ടത് എന്ന് എനിക്കിപ്പോഴും അറിയില്ല. കത്തുകൾ കിട്ടിയത് കൊണ്ട് മാത്രമാണ് ഞാൻ ഉള്ളിൽ കുഴിച്ചു മൂടിയ പലതും പുറത്തേക്ക് വന്നതെന്ന് മാത്രം. ഞാൻ ചിലപ്പോൾ ആ കത്തുകളുടെ ഉടമയെ പ്രണയിച്ചു കാണും.. നിങ്ങളുടെ ഒക്കെ വിശ്വാസപ്രകാരം അതൊരിക്കലും അനന്തൻ സർ അല്ലെന്നും എനിക്കറിയാം. എങ്കിലും അനന്തനോളം പ്രിയപെട്ടതാവില്ല ഒന്നും അത് കത്തുകൾക്കുടമ അനന്തൻ ആണെങ്കിലും അല്ലെങ്കിലും. ആളെ കുറിച്ചൊന്നും തന്നെ അറിയാത്തപ്പോഴും ആ പേര് മാത്രം ഉരുവിട്ട് എത്ര തവണ ഞാൻ നീര്മാതളത്തിലേക്ക് നോക്കിയിരുന്നിട്ടുണ്ടെന്ന് നിനക്കറിയുമോ?

എനിക്ക് ഭ്രാന്ത് തന്നെ ആയിരുന്നു.. പക്ഷേ ആ ഭ്രാന്തിന്റെ പേരിൽ ഞാൻ ഇതുവരെ ആരെയും എന്റെ ജീവിതത്തിലേക്ക് മനഃപൂർവം വലിച്ചിഴച്ചിട്ടില്ല.. അനന്തൻ സർ നെ പോലും ഞാൻ അടുത്തു ചെന്ന് പ്രണയം ഭിക്ഷ ചോദിച്ചിട്ടില്ല. അന്ന് മറ്റൊരാളുടേതായ ദിവസം മനസ് കൈവിട്ടുപോയപ്പോൾ ഞാൻ അറിയാതെ എന്റെ സ്നേഹം മുഴുവൻ ചുംബനങ്ങളാക്കി കൊടുത്തിട്ടേയുള്ളു.. വേണമെങ്കിൽ എനിക്ക് പറയാമായിരുന്നു നിങ്ങളില്ലെങ്കിൽ വസിഷ്ഠ ജീവനോടെ ഉണ്ടാവില്ല എന്ന്.. പക്ഷേ ഞാൻ അത് ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല.. കൈവിട്ടു പോയ നിമിഷത്തെ പൊട്ടബുദ്ധിക്ക് ഞാൻ എന്റെ ജീവൻ മാത്രമേ എടുക്കാൻ നോക്കിയിട്ടൊള്ളു. അതൊരിക്കലും പകയോ പ്രതികാരമോ അല്ല.

എന്തോ അങ്ങനെ ചെയ്യാൻ തോന്നി മറക്കാൻ കഴിയാത്തത് കൊണ്ടാവാം.. അല്ലെങ്കിലും മറക്കാൻ എനിക്ക് ഈ ജന്മം കഴിയില്ല.. ഇനി ഒരു ജന്മം ഉണ്ടോ അതും അറിയില്ല.. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ മിഥുനചേച്ചി എന്റെ നന്ദനെ കണ്ടുപിടിക്കുന്നതിനും മുൻപ് ഞാൻ സ്വന്തമാക്കിയിരിക്കും.. എന്റെ സ്വാർത്ഥത തന്നെ ആണത്. വിട്ടുകൊടുക്കാൻ മനസ് വരാഞ്ഞിട്ട്.. എന്നെങ്കിലും ഒരിക്കൽ അവരെ നേരിൽ കാണുമെങ്കിൽ എനിക്ക് പറയണം കൊടുക്കാനുള്ള സ്നേഹമൊക്കെ ഇപ്പോഴേ അനന്തന് കൊടുത്തോളാൻ… ഇനിയൊരു ജന്മത്തിലും വസിഷ്ഠ അനന്തനെ നോക്കു കൊണ്ടുപോലും ആർക്കും വിട്ടു കൊടുക്കില്ല..

അത്രയും പറഞ്ഞു വസു കിടക്കാനായി എഴുന്നേറ്റു.. കണ്ണേട്ടൻ.. അപ്പോൾ കണ്ണേട്ടനെയോ? പാറു ഒന്ന് സംശയിച്ചാണെങ്കിലും ചോദിച്ചു.. എന്നേക്കാൾ എന്തുകൊണ്ടും യോഗ്യതയുള്ള ആരെങ്കിലും എവിടെയെങ്കിലും ഉണ്ടായിരിക്കും.. ഹരിയുടെയും ഇച്ചേട്ടന്റെയും ജീവിതം ഒരു കരക്കടിഞ്ഞാൽ ഞാൻ നന്തൂട്ടനെ ബന്ധനങ്ങളിൽ നിന്നും മുക്തനാക്കും.. നന്ദൂട്ടൻ?? മനസിലാവാതെ പാറു നെറ്റി ചുളിച്ചു. എല്ലാരുടേം കണ്ണൻ ഒരിക്കൽ വസിഷ്ഠയുടെ നന്ദൂട്ടൻ ആയിരുന്നു. എന്തോ ഓർമയിൽ അവളുടെ കണ്ണുകൾ നനഞ്ഞു. ചെറിയൊരു തെറ്റിദ്ധാരണ വളർന്ന് വളർന്ന് ഈഗോ ആയി.. ആരാദ്യം മിണ്ടും… പിന്നീട് മിണ്ടാതായപ്പോൾ ഇടക്കൊക്കെ ദേഷ്യമായി… നിനക്കിഷ്ടം ആയിരുന്നോ കണ്ണേട്ടനെ?

പാറു ചോദിച്ചു. ചിലപ്പോൾ… അനന്തനെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ പ്രണയിച്ചേനെ എന്ന് പറയുമെന്ന് നീ കരുതിയോ? ഒരിക്കലുമില്ല.. അനന്തൻ എന്റെ പ്രാണൻ ആണ്.. പിന്നെ നന്ദൂട്ടൻ എന്നിൽ നിന്നകന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അനന്തനെ കാണില്ലായിരിക്കും.. കണ്ടാലും ഇങ്ങനെ ഒക്കെ തോന്നിയത് ഞാൻ അറിയണമെന്നുമില്ല.. കാരണം നന്ദൂട്ടൻ എനിക്ക് അത്രയും സ്പെഷ്യൽ ആയിരുന്നു. നന്ദൂട്ടൻ ഉള്ളപ്പോൾ എനിക്ക് ആരെയും നോക്കേണ്ടി വരില്ല… ഞാൻ എന്താഗ്രഹിച്ചാലും പറയാതെ ഞാൻ അറിയാതെ തന്നെ നടത്തി തരുമായിരുന്നു.. അതിനർത്ഥം കണ്ണേട്ടൻ നിന്നെ പ്രണയിക്കുന്നു എന്നാണോ? ഒരിക്കലും അല്ല.. പക്ഷേ എന്നെ നന്ദൂട്ടനോളം മനസിലാക്കാൻ ആർക്കും സാധിക്കില്ല.. ഹരിയോടുള്ളതിനേക്കാൾ എന്നും കൂട്ട് എന്നോടായിരുന്നു..

മുറിഞ്ഞു പോയെങ്കിലും എനിക്ക് വേണ്ടി എന്തും ചെയ്യാൻ ഇന്നും ഒരു മടിയും നന്ദൂട്ടൻ കാണിക്കില്ല. പക്ഷേ എന്നെ പോലെ മറ്റൊരാൾക്ക് മനസ്സിൽ സ്ഥാനം കൊടുത്ത ഒരു പെണ്ണല്ല എന്റെ നന്ദൂട്ടന്റെ ജീവന്റെ പാതിയാവേണ്ടത്.. നാളെ… നാളെ ചിലപ്പോൾ എല്ലാ ബന്ധവും ഉപേക്ഷിച്ച് അനന്തൻ സർ നിന്റെ അരികിലേക്ക് വന്നാൽ? ഉത്തരമില്ലാത്ത സമസ്യയാണ് പാറു.. അങ്ങനെ വരുമോ എന്റെ നന്ദൻ… ഞാനും ആഗ്രഹിക്കുന്നുണ്ട് നന്ദൂട്ടന്റെ താലി എന്റെ കഴുത്തിൽ വീഴുന്നതിനു മുന്പാണെങ്കിൽ തീർച്ചയായും ചിലപ്പോൾ ഞാൻ കൂടെ പോയെന്ന് വരും… അത് എന്റെ പ്രണയത്തെ ചൊല്ലി ആകണമെന്നില്ല.. നന്ദൂട്ടന് ഞാൻ ചേരില്ല.. എന്റെ കൂടെ ജീവിച്ചൊരു രണ്ടാംകെട്ടുകാരൻ ആവാതിരിക്കാനാണ്..

നിന്നെ… നിന്നെ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ലല്ലോ വസു… ഞാൻ ഇങ്ങനെയാണ്… എന്നെ എനിക്ക് പോലും മനസിലാവില്ല പാറു… കൂടുതലൊന്നും പറയാതെ ബെഡിന്റെ ഓരം ചേർന്ന് പാറു കിടന്നു.. അടുത്തായി വസുവും.. ഹരി അവളെന്നെ മനസിലാക്കിയില്ലല്ലോ പാറു… അവളുടെ ഏട്ടനെ പോലും അവൾ… സാരോംല്ല എല്ലാം നല്ലതിനെന്ന് കരുതൂ.. അത്രയും പറഞ്ഞു പാറുവും വസുവിനോട് ചേർന്ന് കിടന്നു… പുറത്തു അവരുടെ റൂമിന് വെളിയിലായി നിന്നിരുന്ന മഹിയുടെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.. മഹീ…. അവന്റെ തോളിൽ പതിഞ്ഞ കരസ്പർശമാണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്…

തിരിഞ്ഞു നോക്കുമ്പോൾ അവനെ തന്നെ നോക്കി നിൽക്കുന്ന നിക്കിയെ കണ്ടതും മഹി കരഞ്ഞു കൊണ്ടവനെ കെട്ടിപിടിച്ചു.. സാരോംല്ല മഹി.. പോട്ടെടാ… അവളിപ്പോൾ ഒന്നും അറിയണ്ട… നീ ഇനി നിന്റെ മനസിലുള്ളത് അവളെ അറിയിക്കേണ്ട… അവൾ നന്നായിട്ടിരിക്കെട്ടെടാ.. അതല്ലേ നമുക്കും വേണ്ടത്… പക്ഷേ നിക്കി… എത്രയാന്ന് വെച്ച ഞാൻ… അവള് ഉരുകുന്നത് കണ്ടില്ലെടാ… പറ്റണില്ല എനിക്ക്.. എല്ലാം നല്ലതിനാണ്… കണ്ണേട്ടൻ എല്ലാം മനസിലാക്കി പെരുമാറും… നീ നോക്കിക്കോ എന്നെങ്കിലും വസിഷ്ഠ ഹരിനന്ദ് ലെ നന്ദനെ പ്രണയിച്ചു തുടങ്ങും.. അത്രയും പറഞ്ഞു മഹിയെയും കൂട്ടി നിക്കി താഴേക്ക് പോയി.. ഇതെല്ലാം കേട്ടിരുന്ന മറ്റൊരു വ്യക്തിയിലും എന്തെന്നില്ലാത്ത സങ്കടം തന്നെയായിരുന്നു..

താൻ കരണമാണല്ലോ ഇതെല്ലാം എന്നുള്ള സങ്കടം… ഇതേ സമയം നിലാവിനെ നോക്കി നിന്നവനും കണ്ണുനീർ വാർക്കുകയായിരുന്നു.. സാരമില്ല… എന്നിലേക്ക് തന്നെയല്ലേ ഒടുക്കം നീയെത്തുക…. മെല്ലെ കണ്ണുനീരിനെ വിഷാദത്തെ പുഞ്ചിരി ആവരണം ചെയ്തു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാവിലെ പതിവിലും നേരത്തെ ഉണർന്നു… കുളിച്ചു മാറ്റിയപ്പോഴേക്കും പാറുവും എഴുന്നേറ്റിരുന്നു.. മെല്ലെ കണ്ണാടിയുടെ മുന്നിലേക്ക് നടന്നു. കണ്ണുകൾക്കെല്ലാം ഇന്നും വിഷാദം തന്നെയാണല്ലോ.. അത്രമേൽ ആഗ്രഹിച്ച ദിവസം.. പക്ഷേ … അനന്തന്റെ താലിക്ക് പകരം ഹരിനന്ദ് ന്റെ താലിയുടെ അവകാശം.. മിഴിക്കോണിൽ വീണ്ടും നീർമണികൾ സ്ഥാനം പിടിച്ചതും അത് തൂത്തു കളഞ്ഞു…

ഇനി പുറമേ കരയേണ്ട… അതിനും അവകാശമില്ല… അകമേ മാത്രം… അകമേ മാത്രം കണ്ണുനീർ പൊഴിക്കുക.. ഇനീം കരയല്ലേ ന്റെ പെണ്ണേ… പാറു അവളോട് ചേർന്നു നിന്നു പറഞ്ഞു…. എത്ര നാളാണ് ഈ വേഷം എന്നറിയില്ല… മുഖമൂടി അണിഞ്ഞേ പറ്റു… നന്ദൂട്ടനെ പറ്റി ആലോചിക്കുമ്പോഴാണ്… അതിനെ കുറിച്ചിപ്പോൾ നീ ആലോചിക്കേണ്ട.. എല്ലാം നല്ലതിനെന്ന് വിശ്വസിക്ക് .. പാറു അവളോട് പറഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഒരുക്കാനുള്ള ബ്യൂട്ടിഷ്യൻ എത്തി… പിന്നീട് തകൃതിയായുള്ള ഒരുക്കങ്ങളും ദക്ഷിണ കൊടുപ്പുമായി സമയം ഇഴഞ്ഞു നീങ്ങി.. സെറ്റ് സാരിയുടുത്ത് കണ്ണന്റെ മുൻപിൽ നിന്ന് തൊഴുതു.. എത്രയോ നാളായിരിക്കുന്നു ഇങ്ങോട്ട് വന്നിട്ട്…

അവസാനമായി വന്ന ദിവസത്തെ കുറിച്ചാലോചിച്ചതും വസുവിനെ വിഷാദം വന്നു മൂടി.. തന്റെ അടുത്താരുടെയോ സാമിപ്യം അറിഞ്ഞതും തലചെരിച്ചു നോക്കി… അനന്തനെ കണ്ടതും വീണ്ടും കണ്ണമർത്തി പിടിച്ചു വീണ്ടും തുറന്നു.. തൊട്ടരികിൽ കണ്ണൻ നിൽക്കുന്നത് കണ്ടതും നേരെ നോട്ടം ശ്രീകോവിലിലേക്ക് പായിച്ചു.. തിരുമേനി പ്രസാദം തന്നതും ഇലച്ചീന്തിൽ മറ്റുപൂക്കൾക്കിടയിൽ ഒളിഞ്ഞിരുന്ന വെള്ളചെമ്പകം കണ്ടു… കയ്യിലെടുത്തതും കണ്ണിൽ നിന്നൊരുതുള്ളി അതിന്റെ ഇതളിലേക്ക് ഇറ്റി വീണു. അനന്തന്റെ കൂടെ ഇവിടെ നിന്നു തൊഴുതതും ഹരിക്ക് കൊടുത്ത വാക്കുകളുമെല്ലാം ഓർമകളിൽ നിന്ന് ഇരച്ചെത്തി.. മോളെ തൊഴുത് വരൂ… മുഹൂർത്തത്തിന് സമയമായി..

അത്രയും പറഞ്ഞു സുമ നീങ്ങിയതും.. ആരും കാണാതെ ആ ചെമ്പകപൂവെടുത്ത് മുടിയിലേക്ക് തിരുകി വെച്ചു.. അമ്പലത്തിൽ തന്നെ തയ്യാറാക്കിയിട്ടുള്ള മണ്ഡപത്തിൽ കണ്ണന്റെ തൊട്ടരികിൽ ഇരുന്നു.അവരുടെ താലികെട്ട് കഴിഞ്ഞതും സുദേവിന്റെയും ഹരിയുടെയും താലികെട്ടാണ്.. അതുകൊണ്ട് തന്നെ ഹരിയാണ് അവളുടെ തൊട്ടുപിറകിൽ നിന്നത്… എന്തോ ആലോചനയിൽ ക്ഷേത്രകവാടത്തിലേക്ക് നോക്കിയതും അനന്തന്റെ മുഖം കണ്ടവൾ ഞെട്ടി തരിച്ചു.. ഉടനെ ഓർമയിൽ തെളിഞ്ഞത് പാറുവിന്റെ വാക്കുകളായിരുന്നു.. അഥവാ തിരികെ വന്നാൽ? വീണ്ടും വീണ്ടും ആ വാക്കുകൾ തന്നെ തന്നിലേക്ക് തറഞ്ഞു കയറിക്കൊണ്ടിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയൊന്നും അവളുടെ കാതുകളിൽ പതിച്ചതില്ല… തന്നെ കൊണ്ടുപോകാൻ വന്നതായിരിക്കുമോ..?

എന്ന ചിന്തയിൽ കണ്ണുകൾ ഇറുകെ പൂട്ടി.. ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചു തന്നെ കൊണ്ടുപോകാൻ വന്നതാണെങ്കിൽ… താനും പോകുമെന്ന ദൃഢനിശ്ചയത്താൽ കണ്ണുകൾ ഇറുകെ പൂട്ടി കഴുത്തിലുള്ള ഹാരം പൊട്ടിച്ചെറിയാനെന്നവണ്ണം കൈകൾ അവയിൽ പതിഞ്ഞു. ചുറ്റും മറ്റൊന്നുമില്ല താനും അനന്തനും മാത്രം.. അതേ തന്നെ കൊണ്ടു പോകാൻ വന്നതാണ്… ഇറങ്ങി പോകണം.. അടഞ്ഞു കിടന്ന മിഴികളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.. ചിന്തകളിൽ തന്റെ പ്രണയം… നന്ദൂട്ടന്റെ മുഖവും… വേണ്ട താൻ കാരണം നന്ദൂട്ടന്റെ ജീവിതവും… ഉള്ളിൽ അതി ഭീകരമായൊരു യുദ്ധം ആരംഭിച്ചപ്പോഴും വസു തന്റെ മിഴികൾ ഇറുകെ പൂട്ടി കൈകൾ അതി ശക്തിയായി ഹാരങ്ങൾ പൊട്ടിച്ചെറിയാൻ പാകത്തിൽ അവയിൽ പിടി മുറുക്കി കൊണ്ടിരുന്നു.. കാത്തിരിക്കാം… ചെമ്പകം പൂക്കും യാമങ്ങൾക്കായി.. അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 16

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 19

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 20

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 21

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 22

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 23