Monday, April 29, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 16

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

Thank you for reading this post, don't forget to subscribe!

മഴ ശക്തി പ്രാപിച്ചത് കൊണ്ടുതന്നെ ഡ്രൈവറും വസു നിൽക്കുന്നത് കണ്ടിരുന്നില്ല. പെട്ടന്ന് വണ്ടി കണ്ടതും എന്ത് ചെയ്യണമെന്നറിയാതെ വസു തരിച്ചുകൊണ്ട് അതേ നിൽപ്പ് തുടർന്നു.. പിന്നിലേക്ക് ചുവട് വെക്കാൻ ബുദ്ധിപറയുന്നുണ്ടെങ്കിലും ശരീരമത് ഉൾകൊള്ളാത്തത് പോലെ.. തന്റെ ചുറ്റിലുമുള്ളതെല്ലാം കറങ്ങുന്നതായി അനുഭവപെട്ടു.. ശക്തമായ രീതിയിൽ തന്നെ തലപൊട്ടിപിളരുന്നതായി തോന്നിയവൾ സഹായത്തിനെന്നോണം ഒരു പിടിവള്ളിക്കായി കയ്യെത്തിച്ചു… തൊട്ടുതൊട്ടില്ലെന്ന മട്ടിൽ വണ്ടി ബ്രേക്കിടുമ്പോൾ ആരോ ശക്തിയായി വലിച്ചവളെ നെഞ്ചിലേക്ക് ചേർത്തിരുന്നു.

അടുത്തുണ്ടായിരുന്ന വെള്ളക്കെട്ടിലേക്ക് ആ നെഞ്ചോടൊട്ടി വീഴുമ്പോൾ തന്റെ മിടിപ്പിനേക്കാൾ ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തെ അവളും കേൾക്കുകയായിരുന്നു… കുറച്ചു നിമിഷങ്ങൾ നീണ്ട ഭയപ്പാടിനൊടുവിൽ കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് തന്നെ ചേർത്തു പിടിച്ചു എണീക്കാൻ പാടുപെടുന്ന അനന്തനെയാണ്. സമചിത്തത വീണ്ടെടുത്തുകൊണ്ട് വേഗം ചാടിയെഴുന്നേറ്റു. ഇട്ടിരുന്ന ഡ്രെസ്സിൽ അപ്പാടെ തെറിച്ചിരിക്കുന്ന ചെളികണ്ടതും തെല്ലൊരു ജാള്യതയോടെ ചുറ്റും നോക്കി. ആളുകളൊക്കെ തങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടതും അനന്തന് പിന്നിലൊളിച്ചു. നോക്കി നടക്കേണ്ട മോളെ.. ഈ മോൻ വന്നില്ലായിരുന്നെങ്കിലോ? കൂട്ടത്തിൽ ഇത്തിരി പ്രായമായ സ്ത്രീ പറഞ്ഞു. ഞാൻ പെട്ടന്ന് കണ്ടില്ല.. അതുകൊണ്ടാണ്.. എങ്ങനെയോ വസു പറഞ്ഞൊപ്പിച്ചു. സാരമില്ല വാ കയറു.

തന്റെ വണ്ടി പിന്നീട് എപ്പോഴെങ്കിലും ആളെ വിട്ടു എടുപ്പിച്ചോളു. ആൾക്കൂട്ടത്തിൽ നിന്നും അവളെ സംരക്ഷിക്കാനെന്നവണ്ണം തന്നോട് ചേർത്തു നിർത്തി അനന്തൻ മുന്നോട്ട് നടന്നു. വസുവിനെ മുൻപിൽ കയറ്റിയ ശേഷം വണ്ടിയെടുത്തു… സാമാന്യം ഒരു കോർട്ടേഴ്‌സ് എന്ന് തോന്നിക്കുന്ന ഒരു കൊച്ചു വീടിനുമുന്നിൽ വണ്ടി നിർത്തിയപ്പോൾ വസു ഒന്നമ്പരന്നു. സർ.. ഇവിടെ… എന്താണിവിടെ? തെല്ലൊരാശങ്കയോടെ എങ്ങനെയോ ചോദിച്ചു. ഡ്രസ്സ് ഒക്കെ ചീത്തയായില്ലേ? അതുകൊണ്ട് വൃത്തിയാക്കിയിട്ട് പോകാം. തന്റെ ചേട്ടനോട് ലൊക്കേഷൻ ഷെയർ ചെയ്ത് ഇങ്ങോട്ട് വരാൻ പറഞ്ഞോളൂ. അത്രയും പറഞ്ഞു അനന്തൻ ഇറങ്ങി വീട്ടിലേക്ക് നടന്നു. ചുണ്ടിലൊളിപ്പിച്ച കുസൃതി ചിരിയോടെ വസുവും അവനെ പിന്തുടർന്നു. എന്നോട് ഈ കാണിക്കുന്ന പരിഗണന..

ഏത് പേരിട്ടാണ് ഞാൻ വിളിക്കേണ്ടത്? എങ്ങിനെയാണ് ഞാൻ കാണേണ്ടത്? സ്വയം മനസ്സിൽ ചോദ്യമുന്നയിച്ചവൾ അവനെ പിന്തുടർന്നു. അകത്തു കയറിയതും ബാത്ത് ടവൽ അവൾക്ക് കയ്യിൽ കൊടുത്തു കൊണ്ട് അവൻ ബാത്റൂം കാണിച്ചുകൊടുത്തു. ഞാൻ പുറത്തുണ്ടാകും. അത്രമാത്രം പറഞ്ഞവൻ പുറത്തേക്കിറങ്ങി. ചെളിയെല്ലാം കഴുകി കളഞ്ഞു മേല്കഴുകി. അനന്തൻ ഉപയോഗിച്ച ടവൽ തന്റെ ദേഹത്തോട് ചേർത്തപ്പോൾ അവന്റെ സ്പർശം തന്നിൽ നിറഞ്ഞതു പോലെ അനുഭവപെട്ടു. മേല്കഴുകി പുറത്തിറങ്ങിയ വസു സുദേവിനെ വിളിച്ചു കാര്യം പറഞ്ഞു. ലൊക്കേഷൻ അയച്ചു കൊടുത്തു. വീടിന്റെ ഉമ്മറത്തു ഇരിക്കുന്ന അനന്തനെ കണ്ടതും അങ്ങോട്ടേക്ക് ചെന്നു. അമ്മച്ചി ഇവിടില്ല.. മാളൂന്റെ അവിടെയാണ്. അവളോടെന്ന പോലെ അവൻ പറഞ്ഞു. വിവാഹമൊക്കെ നന്നായി നടന്നോ? വസു തിരക്കി. നന്നായിരുന്നു. അച്ഛന്റെ വീട്ടുകാരെല്ലാം നന്നായിട്ട് തന്നെയാണ് പെരുമാറിയത്.

ഇപ്പോൾ കുറെ ബന്ധങ്ങളിൽ ചെന്നു പെട്ടു. അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. സർ പോയി ഫ്രഷായിക്കോളൂ ഇച്ഛൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ഇവിടിരുന്നോളാം. മുഷിഞ്ഞുകൊണ്ട് എത്രനേരമാണെന്ന് വെച്ചാ ഇങ്ങനിരിക്ക്യ? അവൾ പറഞ്ഞതും അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി. വല്ലാത്ത ദാഹം തോന്നിയത് കൊണ്ട് തന്നെ അവൾ അടുക്കള ലക്ഷ്യമാക്കി അകത്തേക്ക് പോയി. അമ്മച്ചിയില്ലെങ്കിലും നല്ല വൃത്തിയോടെ ചിട്ടയോടെ തന്നെയാണ് അവൻ അടുക്കള സൂക്ഷിച്ചിരുന്നത്. ചായ ഉണ്ടാക്കാനായി പാത്രമെടുത്തു ഫ്രിഡ്ജിൽ നോക്കിയപ്പോൾ പാലും ഇരിക്കുന്നത് കണ്ടു. പാലും വെള്ളവും ചേർത്ത് ഗ്യാസിൽ വെച്ചു. ഏലക്ക തിരഞ്ഞു കണ്ടുപിടിച്ചു. തൊട്ടടുത്ത പാത്രത്തിൽ തന്നെ ചുക്കും കണ്ടതുകൊണ്ട് അതും പൊടിച്ചു ചേർത്ത് പൊടിയിട്ടിളക്കി.

പതഞ്ഞു തൂവുന്ന പരുവമെത്തിയതും ഇറക്കി വെച്ചു. എന്നാൽ അറിയാതെ കൈ പാത്രത്തിൽ തൊട്ടതും പൊടുന്നനെ തിരികെ എടുത്തു. സിങ്കിലെ പൈപ്പ് തുറന്ന് പൊള്ളിയ വിരൽ കഴുകി കൊണ്ടിരുന്നു. എന്ത് പറ്റി സിഷ്ഠ? കൈ കഴുകി കൊണ്ടിരിക്കുന്ന അവളുടെ തൊട്ടരികിലെത്തി അനന്തൻ ചോദിച്ചതും ഒന്ന് ഞെട്ടി കൊണ്ടവൾ തിരിഞ്ഞു. അത് ഞാൻ ചായയിട്ടപ്പോൾ പൊള്ളി പോയി. വസു അവനെ തൊട്ടടുത്ത് കണ്ട വെപ്രാളത്താൽ പറഞ്ഞൊപ്പിച്ചു. എവിടെ പൊള്ളിയത് നോക്കട്ടെ. അനന്തൻ അവളുടെ കൈയെടുത്ത് നോക്കി. മെല്ലെ ഉള്ളം കയ്യിൽ ചുവന്നു കിടന്ന പാടിലേക്ക് നോക്കി ഊതി കൊടുത്തു. അവന്റെ നിശ്വാസങ്ങൾ തന്നിൽ ഏൽപ്പിക്കുന്ന മാറ്റങ്ങൾ അറിഞ്ഞതും അവൾ മെല്ലെ തന്റെ കണ്ണുകളടച്ചു. വസൂ നിന്റെ നന്ദൻ പപ്പൻ സർ അല്ലെങ്കിൽ ഞാനും ദേവേട്ടനും എന്ത് തീരുമാനമെടുത്താലും അനുസരിക്കുമെന്ന് വാക്ക് തരണം നീ. മനസിലൂടെ ഹരിയുടെ വാക്കുകൾ കടന്നു പോയതും ഞെട്ടി കണ്ണ് തുറന്നു.

തന്റെ കയ്യിലും വിരലിലും സൂക്ഷ്മതയോടെ തലോടി കൊണ്ടിരിക്കുന്ന അനന്തന്റെ കണ്ണിലെ പിടച്ചിൽ കണ്ടതും, തന്റെ നന്ദൻ അനന്തനല്ലെന്ന് വിശ്വസിക്കാൻ തനിക്ക് കഴിയുന്നില്ലെന്ന് വസു മനസിലാക്കി. പക്ഷെ ഇനിയും ഒളിച്ചുകളിക്കേണ്ട ഇന്ന് കൊണ്ട് തനിക്കൊരു മറുപടി കിട്ടിയേതീരൂ. അനന്തന്റെ കണ്ണിലെ പിടിച്ചിൽ തന്നോടുള്ള പ്രണയമാണോയെന്ന് അറിഞ്ഞേ പറ്റു. സർ ഇപ്പോൾ കുറഞ്ഞു.. വേദനയില്ല. വസു പറഞ്ഞൊപ്പിച്ചു. ശ്രദ്ധിക്കേണ്ടേ സിഷ്ഠ? ഞാൻ മരുന്നെടുത്തു വരാം..തിരിഞ്ഞു പോകാനാഞ്ഞ അനന്തനെ വിലക്കി കൊണ്ടവൾ മുന്നിൽ കയറി നിന്നു. സർ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം. എനിക്കറിഞ്ഞേ തീരു ഇനിയും വിഡ്ഢി വേഷം കെട്ടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വസു ധൈര്യം സംഭരിച്ചു പറഞ്ഞു. സിഷ്ഠ താനെന്താ ഉദ്ദേശിക്കുന്നതെന്ന്.. അനന്തൻ പറഞ്ഞു മുഴുമിക്കുന്നതിനു മുൻപ് തന്നെ വസു തന്റെ കൈകളാൽ അവന്റെ വാ മറച്ചു..

അറിയില്ലെന്ന് മാത്രം പറയരുത്. അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു. എന്തിനെന്നില്ലാതെ വസുവിന്റെ കണ്ണുകളും നിറഞ്ഞു കൊണ്ടിരുന്നു… ആ കണ്ണുകളുടെ ആഴങ്ങളിൽ എവിടെയോ താൻ തിരഞ്ഞു കൊണ്ടിരിക്കുന്ന പ്രണയം ഒളിഞ്ഞിരിക്കുന്നതായി തോന്നിയവൾക്ക്. പ്രതീക്ഷ….. എവിടെയോ താനൊരു കച്ചിത്തുരുമ്പ് കാണുന്നുണ്ട്. പ്രതീക്ഷയുടെ പ്രത്യാശയുടെ… കുറച്ചു നേരമായി മുഴങ്ങി കൊണ്ടിരിക്കുന്ന കാളിങ് ബെൽ കേട്ടതും ഞെട്ടിയുണർന്ന് വസു അനന്തനെ നോക്കി. വസുവിനെ തന്നെ നോക്കി നിന്ന അനന്തൻ അവളുടെ കൈ മാറ്റി പുറത്തോട്ട് ചെന്നു. പുറത്തു അക്ഷമനായി കാത്തു നിൽക്കുന്ന സുദേവിനെ കണ്ടതും അനന്തൻ അകത്തേക്ക് വിളിച്ചു. ഞാൻ കരുതി എനിക്ക് വഴി തെറ്റിയെന്ന്. കുറച്ചു നേരമായി പുറത്തോട്ട് കാണാത്തത് കൊണ്ട്. സുദേവ് പറഞ്ഞു.

ഞാൻ കുളിക്കുവാരുന്നു. ആകെ മുഷിഞ്ഞായിരുന്നു. അനന്തൻ ചിരിയോടെ പറഞ്ഞു. അല്ല വസു..? വസു എവിടെ? ചുറ്റും കണ്ണുകൾ കൊണ്ട് പരത്തുന്നതിനോടൊപ്പം സുദേവ് തിരക്കി. ഞാൻ ഇവിടെ തന്നെ ഉണ്ട് ഇച്ഛാ.. എങ്ങും പോയിട്ടില്ല. അടുക്കളയിൽ നിന്നും ചായയുമായി വരുന്ന വസുവിന്റെ ശബ്‌ദം കേട്ടതും സുദേവ് ഒന്ന് ഞെട്ടി. അനന്തൻ ഇരിക്കുന്നത് കൊണ്ടു തന്നെ ചിരി കടിച്ചു പിടിച്ചു. അല്ലാ വസൂട്ട നീ എപ്പഴാ ഇവിടത്തെ വീട്ടുകാരി ആയത്. നമ്മടെ വീട്ടിലാണെങ്കിൽ നീയൊരു ചായ പോലും എനിക്ക് ഇട്ടു തരാറില്ലല്ലോ.? അത് പിന്നെ എനിക്ക് ദാഹിച്ചപ്പോൾ.. അവൾ തെല്ലൊരു കുറുമമ്പോടുകൂടെ സുദേവിനോട് പറഞ്ഞു. ആ അങ്ങനെയാണ് കാര്യമല്ലേ ഞാൻ വെറുതെ നിന്നെ തെറ്റിദ്ധരിച്ചു. സുദേവ് അവളെ കളിയാക്കി. സുദേവ് നും അനന്തനും ഒപ്പം ഇരുന്നു ചായ കുടിച്ചു. അവളും എഴുന്നേറ്റു.

സുദേവ് യാത്രപറഞ്ഞുകൊണ്ട് ആദ്യമിറങ്ങി. ഫോൺ മറന്നു വെച്ചെന്ന് കള്ളം പറഞ്ഞു കൊണ്ട് വസു തിരികെ അനന്തനരികിലെത്തി. അവനെയൊന്ന് നോക്കി.. തിരിഞ്ഞു പോകാനാഞ്ഞ വസുവിനെ അനന്തൻ പുറകെ നിന്നും വിളിച്ചു. സിഷ്ഠ തനിക്ക് എന്നോട് എന്തോ ചോദിക്കാനുണ്ടായിരുന്നില്ലേ? നാളെ.. നാളെ താൻ ഫ്രീ ആകുമ്പോൾ പറഞ്ഞോളൂ.. ശരി സർ.. അവനെയൊന്ന് നോക്കി അവൾ അവിടെ നിന്നും ഇറങ്ങി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 തിരിച്ചുള്ള യാത്രയിൽ സുദേവ് വീട്ടിലേക്കുള്ള വഴിയല്ലാതെ പോകുന്നത് കണ്ടതും വസു എങ്ങോട്ടാണ് എന്ന് തിരക്കി. അവളോടൊന്നും തിരിച്ചു പറയാതെ അവൻ വണ്ടി നേരെ ബീച്ചിലേക്കാണ് കൊണ്ടുപോയത്. ബീച്ചിലെത്തി ആളൊഴിഞ്ഞ കോണിൽ സുദേവ് ചെന്നിരുന്നു… തിരയിലൂടെ കാലുകൾ വലിച്ചു നടക്കുമ്പോൾ വെറുതെ കടലിലേക്ക് കണ്ണെറിഞ്ഞു..

ഏകദേശം ഏഴുമണിയോട് അടുത്തിരിക്കുന്നു.. ഇരുളിമ മെല്ലെ കടലിൽ നിന്നും കരയെ പുൽകാനാണെന്നവണ്ണം അരിച്ചു കയറി തുടങ്ങിയിരിക്കുന്നു. ദൂരെ ചെറിയൊരു പൊട്ടുപോലെ കാണുന്ന ചന്ദ്രന്റെ നിലാവിനെ നോക്കിയവൾ നിന്നു. സൂര്യനുപേക്ഷിച്ചെങ്കിലും ചന്ദ്രന്റെ നിലാവിൽ തിളങ്ങുന്ന കടല് കണ്ടതും, പകലിനേക്കാൾ കടലിനു സൗന്ദര്യം രാത്രിയിലാണെന്ന് തോന്നിയവൾക്ക് . കടലിന്റെ രൗദ്രഭാവവും ശാന്തഭാവവും ഒരുപോലെ ആവാഹിക്കാൻ ചന്ദ്രന് കഴിയുന്നതെങ്ങനെ എന്നവൾ ചിന്തിച്ചു. തിരികെ സുദേവിന്റെ അടുക്കലെത്തി ഇരിപ്പുറപ്പിച്ചു. ഇച്ഛാ.. എന്താ.. വല്ല ടെൻഷനും ഉണ്ടോ? മുഖവുരയില്ലാതെ തന്നെ വസു ചോദിച്ചു. ഇല്ല.. പക്ഷെ കുറച്ചു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.. എന്തോ ഒന്ന് നിന്നെ അലട്ടുന്നതായി തോന്നിയെനിക്ക്.

അവളുടെ കണ്ണിനടിയിലെ കറുപ്പിൽ വിരലോടിച്ചാണ് സുധിയത് പറഞ്ഞത്. അത് ഇച്ഛാ ഞാൻ ഒരു വായനയിൽ പെട്ടുപോയി. അതിന്റെ ക്ഷീണവും മറ്റുമാണ് ഇച്ഛൻ കണ്ടതെന്ന് തോന്നുന്നു. വസു അവന്റെ കൈകളിൽ മുഖം ചേർത്തു കിടന്നു. വിശ്വസിച്ചോട്ടെ വസൂട്ട.. നീ ഓക്കേ ആണെന്ന്.. ഇച്ഛന് തെറ്റുപറ്റിയതാണെന്ന്. എന്താ ഇച്ഛാ ഞാൻ പറഞ്ഞില്ലേ… ഞാൻ പെർഫെക്റ്റ്ലി ഓക്കേ ആണ്.. ചിരിയോടെ എന്നാൽ ഉള്ളിൽ ചിലത് കണക്കു കൂട്ടി അവൾ പറഞ്ഞു. തിരികെ അവന്റെ കയ്യും പിടിച്ചു നടക്കുമ്പോൾ മനസ്സിൽ നൂറാവർത്തി മാപ്പ് ഇരക്കുകയായിരുന്നു വസു അവളുടെ ഇച്ഛനോട്. കൂടാതെ നാളെ തന്നെ ഇതിനൊരു തീരുമാനമെടുക്കണമെന്നും മനസ്സാൽ അവൾ നിശ്ചയിച്ചിരുന്നു.

ഇന്ന് തന്റെ കണ്മുന്നിൽ അരങ്ങേറിയ രംഗങ്ങൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ തന്റെ മുന്നിലിരുന്ന പേപ്പർ കഷ്ണം ചുരുട്ടിയെറിഞ്ഞവൻ. മതി എല്ലാം അവസാനിപ്പിക്കാം. നേരിട്ട് നിന്റെ മുന്നിൽ എത്തിയിരിക്കും ഞാൻ. നാളെ.. നാളെ തന്നെ.. ഇനിയൊട്ടും വൈകില്ല…

ചെമ്പകം പൂക്കും… 😊കാത്തിരിക്കുക.

അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15