Sunday, November 24, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അനന്തന്റെ കൂടെയുള്ള ആളെ മനസ്സിലായതും ദേഷ്യവും വിഷമവും കലർന്ന സമ്മിശ്രമായൊരു വികാരം അവളിൽ ഉടലെടുത്തു. പക്ഷെ ഏതോ ഒരോർമ്മ അവളിൽ പ്രതീക്ഷയുടെ ഒരു ഇത്തിരി വെട്ടം നിറച്ചു.. കുറച്ചു മാറി നിന്ന് കൊണ്ട് വസു അവരെ വീക്ഷിച്ചു. സാരി സെക്ഷനിൽ നിന്നും സാരി വലിച്ചെടുത്തു നോക്കുന്ന തിരക്കിലായിരുന്നു അനന്തൻ. ഓരോ സാരി എടുത്തു പ്രതീക്ഷയോടെ നോക്കുന്നു. എന്നാൽ പൊടുന്നനെ തന്നെ എന്തോ ഓർമയിൽ തിരികെ വെക്കുകയും ചെയ്യുന്നു… കുറച്ചു നേരം അവന്റെ ചെയ്തികൾ നോക്കി അങ്ങനെ തന്നെ നിന്നു വസു.

അപ്പോഴാണ് ഡിസ്‌പ്ലേയിൽ ഇരിക്കുന്ന സാരിയിലേക്ക് അവളുടെ കണ്ണുകളിടഞ്ഞത് . സിമ്പിൾ വർക്കുകളോടെയുള്ള കണ്ണന്റെ പടമുള്ള ഡിസൈൻ സെറ്റ് സാരിയായിരുന്നു അത്. അതിന്റെ ഭംഗിയുമാസ്വദിച്ചങ്ങനെ നിന്നു. തുടരെ തുടരെയുള്ള ഫോൺ റിങ് കേട്ടതും ഷോപ്പിൽ നിന്നും പുറത്തിറങ്ങി കൊണ്ട് കാൾ അറ്റൻഡ് ചെയ്തു. സുദേവായിരുന്നു അത്. പെട്ടന്ന് വരാമെന്ന് പറഞ്ഞു ഫോൺ വച്ചു തിരിഞ്ഞതും ആരുടെയോ മേൽ ചെന്നിടിച്ചു. വീഴാതിരിക്കാനായി തന്നെ ചേർത്തു പിടിച്ചിരിക്കുന്ന കൈകളിലേക്ക് നോക്കി പിന്നീട് മുഖത്തേക്കും. നന്ദൻ… സർ.. ക്രമാതീതമായി ഉയർന്ന ശ്വാസത്തെ പിടിച്ചു കെട്ടി അവന്റെ കണ്ണുകളിലേക്ക് നോട്ടമയച്ചു. ആർ യൂ ഓക്കേ? അവളുടെ കവിളിൽ തട്ടി അവൻ ചോദിച്ചു. ന്റെ നന്ദാ.. നന്ദനാകെ ഇത് മാത്രേ ചോദിക്കാനറിയു? എപ്പോഴും ആർ യൂ ഓക്കേ?

തെല്ലൊരു ദേഷ്യത്തോടെ അവൾ സ്വയം പറഞ്ഞുകൊണ്ട് അവന്റെ കൈകളിൽ നിന്ന് ഊർന്നു മാറി. കുഴപ്പമൊന്നുമില്ല സർ.. വസു മറുപടി പറഞ്ഞു. അല്ല സർ എന്താണിവിടെ? ഞാൻ കുറച്ചു ഷോപ്പിംഗ് ഒക്കെ ഉണ്ടായിരുന്നു. അതിന് വന്നതാണ്. അനന്തൻ മറുപടി പറഞ്ഞു. തനിക്ക് വിരോധമില്ലെങ്കിൽ എന്നെയൊന്ന് സഹായിക്കാമോ ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്യാൻ.. തിരിച്ചൊരു പുഞ്ചിരിയിൽ ഉത്തരമൊതുക്കി അവനൊപ്പം നേരത്തെ കണ്ട ഷോപ്പിലേക്ക് തിരികെ കയറുമ്പോൾ തന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കുന്ന ഒന്ന് അവിടെയുണ്ടെന്ന് അവൾക്കറിയാമായിരുന്നു. തിരികെ ഡിസ്‌പ്ലേയിൽ നോക്കിയപ്പോൾ ആ സാരി അപ്രത്യക്ഷമായത് അവൾക്ക് കുറച്ചു സങ്കടമൊക്കെ നൽകിയെങ്കിലും. അതിനെ കാര്യമാക്കി എടുത്തില്ല. അനന്തന്റെ കൂടെയുള്ള നിമിഷങ്ങളത്രയും ആസ്വദിക്കുകയായിരുന്നു.

ഓരോന്നും സെലക്ട് ചെയ്യുമ്പോൾ അവൻ കാണിക്കുന്ന സൂക്ഷ്മത. ഇഷ്ടമുള്ള ഒന്ന് കാണുമ്പോൾ വിടരുന്ന കണ്ണുകൾ. വിരിയുന്ന പുഞ്ചിരി എല്ലാം തന്നെ അവളെ കൊല്ലാതെ കൊല്ലുന്നതായി അവൾക്കനുഭവപ്പെട്ടു. അവനോട് ചേർന്നു നിൽക്കുമ്പോൾ തന്നിൽ മുളപൊട്ടിയൊഴുക്കന്നതെന്താണെന്ന് മനസിലാക്കാൻ അവൾ വൃഥാ പരിശ്രമിച്ചുകൊണ്ടിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവനൊപ്പം വേണ്ടതെല്ലാം സെലക്ട് ചെയ്തു. അപ്പോഴെല്ലാം തന്നെ അവനിലേക്ക് അറിയാതെതന്നെ അവളുടെ ഓരോ നോട്ടവും എത്തിക്കൊണ്ടിരുന്നു. എന്നാൽ അപ്പോഴൊന്നും തന്നെ അവന്റെ കൂടെയുണ്ടായിരുന്ന ആളെ ഒന്ന് പരതുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല വസു. എല്ലാം പാടേ വിസ്മരിച്ചുകൊണ്ട് താനും നന്ദനും മാത്രമുള്ളൊരു ലോകം അവൾ കെട്ടിപടുത്തിരുന്നു.

അവൾ വരുന്നതിനുമുമ്പ് അവൻ സെലക്ട് ചെയ്തത് പാക്ക് ചെയ്തു കിട്ടി. അതിനൊപ്പം ഇപ്പോഴുള്ളതും ചേർത്തു ബില്ലിടാൻ പറഞ്ഞു അനന്തൻ. തനിക്ക് ആകെ മുഷിച്ചിലായോ സിഷ്ഠ? ഞാൻ കാരണം.. അനന്തൻ ചോദിച്ചു. ഇല്ല്യ.. മറിച്ചു സന്തോഷം മാത്രമേയുള്ളു…വസു മറുപടിയായി പറഞ്ഞു. എങ്കിൽ ശരി നമുക്ക് ഫുഡ് കോർട്ടിൽ പോയി വല്ലതും കഴിക്കാം. എന്റെ കൂടെ ഫ്രണ്ട്സ് ഉണ്ടായിരുന്നു. അവരോട് ഞാൻ വിളിച്ചു പറയാം. ശരി… അവന്റെ കൂടെയുള്ള ഓരോ നിമിഷവും അതിന്റെ ഭംഗിയൊട്ടും ചോരാതെ തന്നെ തന്നിലേക്ക് ചേർക്കാൻ അവളുടെയുള്ളം വെമ്പൽ കൊണ്ടിരുന്നിരിക്കാം.

ഫുഡ് കോർട്ടിൽ എത്തിയതും തനിക്ക് എന്താണ് പ്രിയം എന്ന് ചോദിച്ച അനന്തന് നേരെ ചെറിയൊരു പുഞ്ചിരി നൽകി. വെയ്റ്റർ വന്നു ചോദിച്ചതും അവൾ ആദ്യം തിരക്കിയത് നൊങ്ക് ആണ്. പിന്നീട് ഇളനീരും. രണ്ടും ഉണ്ടെന്ന് പറഞ്ഞപ്പോൾ. അവ രണ്ടും ജ്യൂസ് ആക്കി മിക്സ് ചെയ്തു കൊണ്ടുവരാൻ പറഞ്ഞു. അവളുടെ ഇഷ്ടം അറിഞ്ഞതും അനന്തൻ ആദ്യമൊന്ന് ഞെട്ടിയെങ്കിലും. പിന്നീട് ചിരിയോടെ അവനും അത് തന്നെ ഓർഡർ ചെയ്തു. സർ.. സർ നും ഇങ്ങനെ കഴിക്കാൻ ഇഷ്ടമാണോ? തെല്ലൊരു അമ്പരപ്പോടെ അവൾ അന്വേഷിച്ചു. ഇഷ്ടമാണ്. പക്ഷെ മിക്സ് ചെയ്തു കഴിച്ചു നോക്കിയിട്ടില്ല. ഇനി നോക്കാം. അവന്റെ ആ മറുപടിയിൽ വസുവൊന്ന് പുഞ്ചിരിച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കഴിച്ചിറങ്ങിയതും അനന്തനെ ഒരുപറ്റം ചെറുപ്പക്കാർ വളഞ്ഞു. എല്ലാവരും അവനെ കെട്ടിപ്പിടിക്കുന്നു. സംസാരിക്കുന്നു. അങ്ങനെ കുറെ. അവരെ കണ്ടതും മാറി നിൽക്കുന്ന വസുവിനെ പരിചയപെടുത്താനും അനന്തൻ മറന്നില്ല. അല്ല മാളു എവിടെ? നിന്റെ കൂടെയുണ്ടെന്നാണല്ലോ പറഞ്ഞത്? അനന്തനോടെ കൂട്ടത്തിൽ ഒരാൾ തിരക്കിയതും വസുവും അനന്തനെ നോക്കി. ആ എന്റെ കൂടെയുണ്ടായിരുന്നു. പരിചയമുള്ള ആരുടെയോ കാൾ വന്നപ്പോൾ പോയതാണ്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. അനന്തൻ മറുപടിയെന്നോണം പറഞ്ഞു തീർന്നതും അവന്റെ ഫോണും റിങ് ചെയ്തു. ഫോൺ എടുത്തു കൊണ്ടു തന്നെ മറു വശത്തു നിന്നിരുന്ന മാളുവിനെ കൈകാട്ടി വിളിച്ചു. അവനടുത്തെത്തിയ മാളവിക കുറച്ചപ്പുറം നിൽക്കുന്ന വസുവിനെ കണ്ടതും അവളോട് ഹായ് പറഞ്ഞു.

മറ്റുള്ളവരോട് സംസാരിച്ചു നിന്നു. അപ്പോൾ ശരി നന്ദൻ സർ ഞാൻ പോകുന്നു. നേരം വൈകിയല്ലോ. ആ ഓക്കേ സിഷ്ഠ. ഇനി കോളേജ് തുറന്നിട്ട് കാണാം. അവരോട് യാത്ര പറഞ്ഞു നടക്കുമ്പോഴാണ് പിറകെ നിന്നും മാളവിക അവളെ വിളിക്കുന്നത് കേട്ടത്. എന്താണെന്നറിയാൻ അവിടെ തന്നെ നിന്നു. വസിഷ്ഠ ഞാൻ എന്റെ വിവാഹത്തിന് ക്ഷണിക്കുവാണ്. തിരുവോണം കഴിഞ്ഞു രണ്ടാമത്തെ ദിവസമാണ്. ചെന്നൈയിൽ വെച്ചിട്ടാണ്. പറ്റുമെങ്കിൽ വരണം. മാളവിക പറഞ്ഞു നിർത്തി. ശ്രമിക്കാം.. വരാൻ പറ്റിയില്ലെങ്കിലും എന്റെ എല്ലാവിധ പ്രാർത്ഥനകളും ഉണ്ടായിരിക്കും. മിസ്സ് നന്നായിരിക്കൂ. പിന്നെ എന്നെ അനന്തന്റെ കൂടെ കാണുമ്പോൾ താൻ ഇത്ര ടെൻസ്ട് ആവേണ്ട കാര്യമില്ല. ഷോപ്പിൽ തന്നെ ഞാൻ കണ്ടിരുന്നു.

വസു മറുപടിയൊന്നും പറഞ്ഞില്ല. മാളവിക തുടർന്നുകൊണ്ടിരുന്നു.. ഞാനിപ്പോഴും ഒന്നേ തന്നോട് പറയുന്നുള്ളു. അനന്തനോട് എനിക്ക് താൻ കരുതി വച്ചിരിക്കുന്നതുപോലെ പ്രണയമൊന്നുമില്ല. എന്റെ പ്രണയത്തിന്റെ അവകാശിയല്ല അനന്തൻ ഒരിക്കലും. ഞാൻ അങ്ങനെയൊന്നും.. വസു പറഞ്ഞൊപ്പിച്ചു. താൻ വിചാരിച്ചില്ലെന്ന് കള്ളം പറയേണ്ട വസിഷ്ഠ എനിക്ക് തന്നെ മനസിലാവും. ഒരുപക്ഷെ മറ്റാരേക്കാളും. ഏതോ ഓർമയിൽ മാളവികയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീട് അത് കാര്യമാക്കാതെ പറഞ്ഞു. അടിമപ്പെട്ടു പോകരുത് ഒരിക്കലും.. മനുഷ്യരാണ് ബലഹീനതകൾ ഉണ്ടായിരിക്കും. മാളവികയുടെ വാക്കുകളൊന്നും പിടികിട്ടിയില്ലെങ്കിലും. വസു പുഞ്ചിരിക്കാനൊരു ശ്രമം നടത്തി. വരട്ടെ.. പിന്നീട് എപ്പോഴെങ്കിലും കാണാം. മാളവിക പറഞ്ഞു.

ഞാൻ… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? വസു ഒന്നാലോചിച്ച ശേഷം മാളവികയോടായി ചോദിച്ചു. പറയാം. ഞാൻ തന്നോട് എന്തിനു കള്ളം പറയണം. ഞാൻ ഒരിക്കലും കള്ളം പറയാറില്ല വസിഷ്ഠ. അപ്രിയമെന്നു തോന്നിയാൽ പറയില്ല അത്രമാത്രം. ആ നക്ഷത്രങ്ങളേ കാവൽ പുസ്തകം മിസ്സ് ആണോ എടുത്തേ? ഒന്ന് ചിന്തിച്ച ശേഷം മാളവിക അത് താനാണ് എടുത്തതെന്ന് പറഞ്ഞു. നിരാശതോന്നിയെങ്കിലും വസു അത് വിദഗ്ധമായി തന്നെ മറച്ചുപിടിച്ചു. പക്ഷെ വസിഷ്ഠ അത് തിരികെ കൊടുത്തത് അനന്തൻ ആണെന്ന് തോന്നുന്നു. ഞാൻ റിസൈന്‍ ചെയ്ത കൂട്ടത്തിൽ അവന്റെ കയ്യിൽ കൊടുത്തായിരുന്നു. വായിച്ചിട്ട് തിരികെ റിട്ടേൺ ചെയ്‌തോളാമെന്നും പറഞ്ഞതായി ഞാൻ ഓർക്കുന്നുണ്ട്. എന്തേ ചോദിക്കാൻ? ഒന്നുമില്ല മിസ്സ്.. ഞാൻ അന്വേഷിച്ചു ചെന്നപ്പോൾ മിസ്സിന്റെ കയ്യിലാണെന്നാണ് അറിഞ്ഞത്.

പിന്നീട് എനിക്കും കിട്ടിയില്ലായിരുന്നു അതാണ്. പെട്ടന്ന് വായിൽ വന്ന ഒരു കള്ളം വസു പറഞ്ഞു. ഓഹ്.. അത്രേ ഒള്ളോ.. മാളവിക ചോദിച്ചു. നിങ്ങളിവിടെ നില്കുവാണോ? അങ്ങോട്ടേക്ക് വന്ന അനന്തൻ ചോദിച്ചു. ആ.. ഞാൻ വസിഷ്ഠയെ വിവാഹത്തിന് ക്ഷണിക്കുവാരുന്നു. മാളവിക പറഞ്ഞു. അനന്തൻ വസുവിനെ നോക്കിയപ്പോൾ അവൾ പൊടുന്നനെ നോട്ടം മാറ്റി. നമുക്കിറങ്ങാം.. വൈക്കീട്ടത്തെ ട്രെയിനിന് നിനക്ക് പോകണ്ടേ? അനന്തൻ മാളവികയോട് ചോദിച്ചതും അവൾ മറുപടിയെന്നോണം തലയാട്ടി. അവന്മാരൊക്കെ ഒന്ന് കറങ്ങിയിട്ടേ വരുന്നുള്ളു എന്നാണ് പറഞ്ഞത്. ഞാൻ കാർ എടുത്തിട്ട് വരാം. നീ പിറകെ വന്നാൽ മതി. അനന്തൻ മാളവികയോട് പറഞ്ഞുകൊണ്ട് വസുവിനെ നോക്കി പോകുന്നെന്ന് പറഞ്ഞിറങ്ങി. അനന്തൻ പോയ വഴിയെ തന്നെ നോക്കി നിൽക്കുന്ന വസുവിനെ മാളവിക പയ്യെ തട്ടി വിളിച്ചു. ഞാൻ ഇറങ്ങുവാണ്. നേരെ ചെന്നൈയിലേക്ക് പോകാനാണ് പ്ലാൻ.

ഞാൻ പറഞ്ഞതൊന്നും മറക്കണ്ട. ആർക്കും ഒരു ബന്ധത്തിനും ഒരു പരിധിയിൽ കവിഞ്ഞു അടിമപ്പെടരുത്. അനന്തൻ നിന്റേതാണെങ്കിൽ മറ്റൊന്നിനെയും നീ ഭയക്കേണ്ട ആരെയും. അത്രയും പറഞ്ഞുകൊണ്ട് അനന്തന്റെ ഫോൺ വന്നതും മാളവികയും യാത്രയായി.. തിരികെ തന്റെ വണ്ടി ഇരിക്കുന്നിടത്തെത്തി. വാങ്ങിയ ഗിഫ്റ് വൃത്തിയായി ഡിക്കിയിൽ അടുക്കി വെച്ചു. വണ്ടിയെടുക്കാൻ നേരമാണ് തന്റെ സ്കൂട്ടിയുടെ ഹാൻഡ്‌ലിൽ ഇരിക്കുന്ന എൻവലപ്പ് ശ്രദ്ധിക്കുന്നത്. കണ്ടപ്പോൾ തന്നെ ചുറ്റും കണ്ണോടിച്ചു നോക്കി അസ്വാഭാവികമായി ആരെയും കണ്ടില്ല.

മെല്ലെ ആ എൻവലപ്പ് കയ്യിലെടുത്തു. പുറത്തു തന്നെ ഇങ്ങനെ കുറിച്ചിരുന്നു. … എന്റെ സിഷ്ഠയ്ക്ക്.. ❤️ അത് വായിച്ചതും അവളിൽ എന്തെന്നില്ലാത്ത ഒരു കുളിരനുഭവപ്പെട്ടു. പെട്ടന്നാണ് അവളുടെ അമ്മയുടെ ഫോൺ കാൾ വന്നത്. കാൾ അറ്റൻഡ് ചെയ്ത് അവൾ സംസാരിച്ചു. പെട്ടന്ന് തന്നെ വരാമെന്ന് പറഞ്ഞു ഫോൺ വെച്ചു.. ഒന്നുകൂടി എൻവലപ്പ് നോക്കി. ചെറുചിരിയോടെ തന്റെ ഹാൻഡ് ബാഗിൽ നിക്ഷേപിച്ചു. വണ്ടിയെടുത്തു. അവളുടെ ചെയ്തികളെല്ലാം കാറിന്റെ വ്യൂ മിററിൽ നോക്കി കണ്ടിരുന്ന ആ വ്യക്തിയിലും ഒരു പുഞ്ചിരി വിടർന്നു. ചെമ്പകം പൂക്കും… കാത്തിരിക്കൂ 😊 അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12