Sunday, December 22, 2024
Novel

പ്രണയവിഹാർ: ഭാഗം 16

നോവൽ: ആർദ്ര നവനീത്‎


പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ശ്രാവണിക്ക് തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു.
കണ്ണാടിക്ക് മുൻപിൽ നിന്നവൾ അതിൽ തെളിഞ്ഞ തന്റെ രൂപത്തെ നോക്കി.
കൺതടങ്ങൾ ചുവന്ന് വീർത്തിട്ടുണ്ട്.
കരഞ്ഞിട്ടുണ്ടെന്ന് വ്യക്തമാണ്.
അവൾക്ക് സ്വയം പുച്ഛം തോന്നി.
സ്നേഹിച്ച പുരുഷനോട് നീതി പുലർത്താൻ മാത്രമല്ല സൗഹൃദങ്ങളോട് പോലും നീതി പുലർത്താൻ ആയില്ല.
മറ്റുള്ളവർക്കായി പത്തിയെരിയുന്ന കർപ്പൂരം പോലെയാണ് ശ്രാവണിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് അവളോർത്തു.

ഫ്രഷ് ആയി താഴേക്ക് ഇറങ്ങി വന്നപ്പോൾ അമ്മയും അച്ഛനും ഏട്ടനും ഡൈനിങ്ങ് ടേബിളിൽ ഉണ്ടായിരുന്നു.
ഒന്നും മിണ്ടാതെ അവളിറങ്ങുന്നത് കണ്ടാകാം തരുണി അവളെ വിളിച്ചത്.

ശ്രാവണീ.. മോൾ കഴിക്കുന്നില്ലേ.

ഇല്ല വിശപ്പില്ല. ഇന്ന് പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യാനുണ്ട്. നേരത്തെ പോകണം..
തിരികെ ഒരു മറുപടിക്ക് കാത്തുനിൽക്കാതവൾ ഇറങ്ങി.

കോളജിൽ പോകുവാനോ ആരെയും ഫേസ് ചെയ്യുവാനോ അവൾക്ക് ആഗ്രഹമില്ലായിരുന്നു.
എങ്കിലും അതിനി മറ്റെന്തെങ്കിലും പ്രശ്നത്തിലേക്ക് വഴി തിരിച്ച് വിടേണ്ട എന്ന് കരുതിയവൾ കോളേജിലേക്ക് തിരിഞ്ഞു.

സ്കൂട്ടി പാർക്ക്‌ ചെയ്യുമ്പോൾ തന്നെ കണ്ടു.
തന്നെ പ്രതീക്ഷിച്ച് നിൽക്കുന്ന സുഹൃത്തുക്കളെ വിഹാന്റെ മുഖം കാണുന്തോറും ഉള്ള് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.
കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.
മുഖം തളർന്നിരുന്നു.

കുറ്റവാളിയെപ്പോലെ അവർക്ക് മുൻപിൽ തല കുനിച്ചു നിന്നു.
എല്ലാവർക്കും അറിയേണ്ടത് തന്റെ മാറ്റവും ഇന്ദ്രന്റെ കൂടെ പോകാനുള്ള സാഹചര്യവുമായിരുന്നു.
അപ്പോഴും വിഹാന്റെ മൗനം മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു.
ആ മനസ്സിനേറ്റ മരവിപ്പിന് കാരണക്കാരി താനാണെന്ന ബോധ്യം അവൾക്കുണ്ടായിരുന്നു.

ഒടുവിലെല്ലാം തുറന്നു പറയുമ്പോൾ കവിൾ പുകച്ചുകൊണ്ട് ഐഷുവിന്റെ കൈകൾ ഉയർന്നു താണിരുന്നു.

അടിയുടെ വേദനയേക്കാൾ എത്രയോ അധികമായി മനസ്സ് നോവുന്നു.
ആരുമറിയാതെ ആർക്കും അറിയാനിട നൽകാതെ..
കണ്ണുനീർ പോലും പിണങ്ങിയിരിക്കുന്നു.

അമ്മയുടെ സ്നേഹം കണ്ടപ്പോൾ മറക്കാൻ കഴിഞ്ഞോ നിനക്ക് വിഹാനെ.. സഞ്ജു ദേഷ്യപ്പെട്ടു.

സ്നേഹമെന്ന വികാരത്തിന് എന്റെ മനസ്സിൽ വിഹാന്റെ രൂപമാണെന്ന് ആർക്കുമറിയില്ലല്ലോ.
മനസ്സ് നിറയെ അവൻ മാത്രമാണെന്ന് ഉച്ചത്തിൽ അലറിക്കരയുകയായിരുന്നു അപ്പോഴും മനസ്സ്.
പെറ്റമ്മയുടെ മരണത്തിന് താൻ ഹേതുവാകരുതെന്ന ചിന്ത അത് മാത്രമായിരുന്നു ഇങ്ങനൊരു തീരുമാനത്തിന് പിന്നിൽ.
ഇന്ദ്രമൗലിയുടെ പേര് കൊത്തിയ താലി ഏറ്റുവാങ്ങുവാൻ താൻ കാണില്ലെന്ന യാഥാർഥ്യം ആർക്കുമറിയില്ലല്ലോ.
കാരണം മനസ്സിൽ മരണം വരെയും വിഹാൻ മാത്രമേയുള്ളൂ.
അടുത്ത ജന്മമെന്നൊന്ന് ഉണ്ടെങ്കിൽ വിഹാന്റെ പെണ്ണായി ജനിക്കണം.
അവന്റെ സ്നേഹം ആവോളം അനുഭവിക്കണം.

കണ്ണുനീർതുള്ളികളുടെ അനുഗ്രഹത്തോടെ നെറുകയിൽ തണുപ്പ് പടരുന്നു.
വിഹാന്റെ അധരങ്ങളുടെ തണുപ്പ്.
കണ്ണുകളടച്ചത് ഏറ്റുവാങ്ങി.
ചുണ്ടുകൾ വിറകൊണ്ടത് എന്തിനായിരുന്നു.. പിണങ്ങിനിന്ന കണ്ണുനീരിനെ തടയിടാനാകാതെയോ.

ഒരു വാക്കുപോലും പറയാതെ അവൻ നടന്നകന്നു.
അവന്റെ ഒരിക്കലും വറ്റാത്ത സ്നേഹവും കരുതലും പ്രണയവും എല്ലാം ആ ചുംബനത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് തനിക്കല്ലാതെ മറ്റാർക്കാണ് അറിയാവുന്നത്.

എന്റെ ഹൃദയം നിന്നിലുള്ളപ്പോൾ ഞാനെങ്ങനെയാണ് വിഹാൻ നിന്നിൽ നിന്നുമകലുന്നത്.
തുടിക്കുന്ന ഹൃദയത്തിലെ ഓരോ ഹൃദയത്തുടിപ്പും നിനക്ക് വേണ്ടിയാകുമ്പോൾ ഈ പാഴ്‍ശരീരം മാത്രമേ ശ്രാവണിക്കിപ്പോൾ ഉള്ളൂ.

വയ്യ.. ഇനിയൊന്നിനും വയ്യ.
കണ്ണുകൾക്ക് വല്ലാത്ത ഭാരം തോന്നി.
വകവയ്ക്കാതെ സ്കൂട്ടിയുമായി വീട്ടിലേക്ക് തിരിച്ചു.

ഗേറ്റിന് മുൻപിൽ സ്കൂട്ടി ഒതുക്കിയശേഷം വീട്ടിലേക്ക് നടന്നു .
പൂമുഖത്ത് എത്തിയപ്പോൾ കേൾക്കാമായിരുന്നു അകത്താരുടെയൊക്കെയോ ശബ്ദം.
പുറത്തെ കാർ കണ്ട് മനസ്സിലായി അകത്തുള്ളത് മൗലിയുടെ അമ്മയാകാമെന്ന് .

വാതിൽക്കലെത്തിയതും കേട്ട വാക്കുകൾ അവിടെ പിടിച്ചു നിർത്തിപ്പോയി.

ഞാനൊരു ഡോക്ടർ അല്ലേ. എനിക്കറിയാം എത്ര ടാബ്ലറ്റ്സ് കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന്.
ബാക്കിയെല്ലാം ഞങ്ങളുണ്ടാക്കിയ തിരക്കഥ.
സ്വന്തം ഹോസ്പിറ്റലിലെ ഡോക്ടറിനെക്കൊണ്ട് മകളുടെ മനസ്സ് ഇളക്കുവാൻ കഴിഞ്ഞു.
അങ്ങനെ എവിടെയോ കിടക്കുന്ന ദരിദ്രവാസികൾക്ക് അനുഭവിക്കാനല്ല ഞങ്ങൾ ഈ കണ്ട സ്വത്തുക്കൾ സമ്പാദിച്ചിട്ടിരിക്കുന്നത്.
എന്റെ മകൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്.
അവളുടെ അമ്മ.
അതിന് സാധിച്ചില്ലെങ്കിൽ ഞങ്ങളെന്തിനാ അവളുടെ അച്ഛനും അമ്മയുമായി ജീവിക്കുന്നത്.
പൊട്ടിച്ചിരി അകത്ത് മുഴങ്ങി കൂട്ടത്തിൽ അഭിനന്ദനവും .

വെറുത്തു പോയി അമ്മയെന്ന സ്ത്രീയെ.

അകത്തേക്ക് പാഞ്ഞുകയറുമ്പോൾ എല്ലാവരും അമ്പരന്നു.

നിങ്ങളൊരു അമ്മയാണോ.. എന്തിന് ഒരു സ്ത്രീയെങ്കിലുമാണോ.
സ്വന്തം സ്വാർത്ഥത മുൻനിർത്തി മാത്രം ജീവിക്കുന്നവർ. മകളുടെ ജീവിതത്തിനും ഇഷ്ടത്തിനും അൽപ്പമെങ്കിലും വില കാണിച്ചു കൂടായിരുന്നോ നിങ്ങൾക്ക്.
അമ്മയെന്ന പദത്തിന്റെ അർത്ഥം അറിയാമോ നിങ്ങൾക്ക്.
നിങ്ങളുടെ നാടകം മനസ്സിലാക്കാതെ പോയ ഞാനാണ് വിഡ്ഢി പമ്പരവിഡ്ഢി.
എന്തിനാ നിങ്ങളെനിക്ക് ജന്മം നൽകിയത് കൊന്നുകളഞ്ഞു കൂടായിരുന്നോ എന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി വേദനിപ്പിക്കാതെ കൊന്നുകൂടായിരുന്നോ നിങ്ങൾക്ക്..

അമ്മയുടെ കൈകൾ കവിളിലും ചുമലിലും ആഞ്ഞു പതിക്കുമ്പോഴും പരിഹാസം നിറഞ്ഞ ഭാവത്തോടെ മൗലിയുടെ അമ്മ നിൽക്കുമ്പോഴും മനസ്സിൽ അമ്മ എന്ന സ്ത്രീയോടുള്ള ദേഷ്യവും വെറുപ്പും മാത്രമായിരുന്നു .
ലോകത്ത് മക്കളുടെ മനസ്സ് കാണാൻ ശ്രമിക്കാത്ത പണത്തിന് പ്രാധാന്യം നൽകുന്ന അമ്മമാരുമുണ്ടല്ലോ എന്ന സഹതാപമായിരുന്നു.

അടികൊണ്ട് ശരീരത്തിൽ പാടുകൾ തിണർത്തു കിടന്നു .
എല്ലാവരോടും ദേഷ്യമായിരുന്നു.
വീട്ടിൽ നിന്നിറങ്ങാതെ റൂമിന് വേലിയിൽ പോലുമിറങ്ങാതെ പ്രതിഷേധിച്ചു .
ആഹാരം കഴിക്കാതെ സന്തോഷിക്കാതെ മെലിഞ്ഞു.
വിഹാനരികിൽ പോകണമെന്ന് മനസ്സ് പറഞ്ഞപ്പോഴും അത് അനുസരിച്ചില്ല.
ഒരിക്കൽ അമ്മയുടെ നാടകം കണ്ട് അവനെ വേണ്ടെന്ന് വച്ചതാണ്. തിരികെ അവനരികിലേക്ക് പോയാൽ ഇരുകൈയും നീട്ടി അവൻ സ്വീകരിക്കുമെന്നുമറിയാം. പക്ഷേ അവിടെയും തോൽക്കുന്നത് അവനായിരിക്കും.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൾ മുഖമുയർത്തി.
അമ്മയെക്കണ്ട് വെറുപ്പോടെ മുഖം തിരിച്ചു.

നിന്നെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ എനിക്കുണ്ടായിരുന്നു.
നിന്നെയൊരു ഡോക്ടർ ആയി കാണണമെന്ന് ആഗ്രഹിച്ചു. അത് നടന്നില്ല.
ഇത്രയും വർഷങ്ങളായി ഞാനും നിന്റെ അച്ഛനും നിലനിർത്തിയ വാര്യത്തിന്റെ സൽപ്പേരിന് കോട്ടം തട്ടാൻ ഞങ്ങൾ അനുവദിക്കില്ല.
ഒരാഴ്ചയ്ക്കകം നിന്റെയും മൗലിയുടെയും വിവാഹം.
മൂന്ന് മാസത്തിനകം അവന്റെ പഠനം പൂർത്തിയാകും.
അല്ലെങ്കിലും അവൻ ജോലിക്ക് പോയിട്ട് വേണ്ട നിങ്ങൾക്ക് കഴിഞ്ഞു കൂടാൻ.
കോടിക്കണക്കിന് രൂപയുടെ ബിസ്സിനസ്സ് ഡീലുകൾ ഒരുദിവസം നടത്തുന്ന കുടുംബമാണ്.
അവൻ തീരുമാനിക്കട്ടെ ഇനി നിന്റെ പഠനവും മറ്റും.
നാളെ ബ്യൂട്ടീഷൻ വരും.
നിന്റെയീ കോലം മാറ്റാൻ .

അവർ പോയപ്പോൾ പല തീരുമാനങ്ങളും അവൾ എടുക്കുകയായിരുന്നു.
ഇവിടെയെങ്കിലും എനിക്ക് ജയിക്കണം.. അവളുടെ മനസ്സ് ജയത്തിനായി മുറവിളി കൂട്ടി . അതൊരു ലഹരിയായി അവളുടെ സിരകളിലൂടെ കുതിച്ചു .
ആ ലഹരിയിൽ അവളൊന്ന് ചിരിച്ചു.
വല്ലാത്ത വശ്യമായ ചിരി.

പാറിപ്പറന്ന മുടിയുമായി അതേ വേഷവുമായി വീട്ടിൽ നിന്നുമിറങ്ങി. എങ്ങോട്ടെന്നില്ലാതെ..
ശക്തമായ ഇടിയും അതിന് കൂട്ടായി മഴയും ആർത്തലച്ചെത്തി.

“ഇന്ദ്രമൗലി കാളിംഗ് ”
ഫോൺ ശബ്‌ദിച്ചു.

ഫോൺ ചെവിയോട് ചേർത്തു.

എന്റെ ശ്രാവണി അറിഞ്ഞു കാണുമല്ലോ.
ഒരാഴ്ച.. ഏഴ് ദിവസങ്ങൾ കഴിഞ്ഞാൽ നീ ഈ മൗലിയുടെ റാണിയാണ്.
ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു ഉന്മാദമാണെടീ നീയെനിക്ക്.
അവന്റെ കണ്ണുനീർ എനിക്ക് കാണണം.
നിന്റെ കഴുത്തിൽ കെട്ടിയ താലിയുമായി എന്റെ പേരിൽ നിന്റെ സീമന്തരേഖയിലെ ചുവപ്പുമായി പൂർണ്ണമായും സ്വന്തമാക്കിയ നിന്റെ കൈയും പിടിച്ച് നിൽക്കണം ഈ മൗലിക്ക് വിഹാന്റെ മുൻപിൽ..

നടക്കില്ല മൗലീ.. വ്യാമോഹമാണ് നിന്റെ.
ഞാൻ പറഞ്ഞത് നീയോർക്കുന്നില്ലേ മൗലീ ഈ ശ്രാവണി എന്നും വിഹാന്റേതായിരിക്കുമെന്ന്.

എടീ.. വലിയൊരു തെറിയായിരുന്നു മറുവശത്ത് മുഴങ്ങിയത്.

ആർത്തു ചിരിച്ചു അവൾ…

ഞാൻ പോകുകയാണ് മൗലീ. നിന്റെ താലി എന്റെ കഴുത്തിൽ വീഴില്ല.ഇത് ശ്രാവണിയുടെ വാക്കാണ്.

ഫോൺ കട്ട് ചെയ്തിട്ടവൾ വിഹാന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു.

ദിവസങ്ങൾക്കുശേഷം വിഹാന്റെ സ്വരം തേൻപോലെ ഒഴുകിയെത്തി.
നിശ്വാസത്തിലൂടെ അവർ പരിഭവം പങ്കിട്ടു.

ശ്രീക്കുട്ടീ…

കണ്ണുകളടച്ചവൾ അവന്റെ ശബ്ദം മനസ്സിലേക്ക് ആവാഹിച്ചു.

പോകുവാ വിഹാൻ ഞാൻ.
എല്ലാവരും എന്നെ പറ്റിച്ചപ്പോഴും സ്നേഹം നടിച്ച് ആടിത്തിമിർത്തപ്പോഴും നീയായിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്.
നിനക്കറിയില്ലേ വിഹാൻ നീ കൂടെയില്ലാത്ത നിന്റെ ശ്രീക്കുട്ടി കാണില്ലെന്ന്.
നീയാണെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന്.
“വരും ജന്മമുണ്ടെങ്കിലേ പൂമരം
നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടും ”
നിനക്കേറെ ഇഷ്ടമുള്ള വരികൾ..
ഈ അവസാന നിമിഷം എനിക്കതാണ് നിന്നോട് പറയാനുള്ളത്.
അടുത്ത ജന്മം നിന്റെ ശ്രീക്കുട്ടി വരും നിന്റെ പെണ്ണായി.. നമ്മൾ ആഗ്രഹിച്ച ജീവിതം ജീവിച്ചു തീർക്കാൻ..
നമ്മുടെ പ്രണയം പുഴപോലെ ഒഴുക്കാൻ..
ഈ ജന്മം ശ്രാവണി അവസാനിപ്പിക്കുകയാണ് ഇവിടെ ..

ശ്രീക്കുട്ടീ.. മോളേ വേണ്ട.
നീയെവിടെയാ.
നീയില്ലാതെ പറ്റില്ലേടീ എനിക്ക്.
പോകല്ലേടീ എന്നെ തനിച്ചാക്കി..

ശക്തമായ ഇടി മുഴങ്ങി.
വിഹാന്റെ പരിഭ്രമവും കരച്ചിലും കാതിലേക്കൊഴുകിയെത്തി.

സോറി വിഹാൻ.
എന്നെ പ്രസവിച്ച സ്ത്രീയ്ക്ക് വേണ്ടി നിന്നെ വേണ്ടെന്ന് വയ്ക്കാൻ ശ്രമിച്ചവളാണ് ഞാൻ.
ആ എനിക്ക് അർഹതയില്ല നിന്റെ ജീവിതത്തിലേക്ക് വരാൻ.
വന്നാലും സമ്മതിക്കില്ല അവൻ.
ഞാൻ കാരണം നിനക്കോ ഞാൻ സ്നേഹിക്കുന്നവർക്കോ ഒരു പോറൽ പോലുമേൽക്കാൻ ഞാൻ സമ്മതിക്കില്ല.
അമ്മയോടും അച്ഛനോടും പറയണം മാപ്പ്. ഞാൻ നിന്നിലുണ്ട് വിഹാൻ.
ഞാനില്ലെന്ന് കരുതി വിഷമിക്കരുത്.
നല്ലൊരു നിലയിലെത്തണം.
ഐ ലവ് യു ആൻഡ് ഐ വിൽ മിസ്സ്‌ യു എ ലോട്ട്..

വലിയൊരു ശബ്ദം മാത്രം കേട്ടു. പിന്നീട് ഒന്നും കേട്ടില്ല..

വിഹാൻ സ്തംഭിച്ചു നിന്നു.
പിന്നെ അലറിക്കരഞ്ഞു.

ശ്രീക്കുട്ടീ..

(തുടരും )

..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

പ്രണയവിഹാർ: ഭാഗം 15