Sunday, November 24, 2024
Novel

Mr. കടുവ : ഭാഗം 12

എഴുത്തുകാരി: കീർത്തി


“ചന്ദ്രുവേട്ടന് അനിയത്തിയോ? എന്നിട്ട് ഞാൻ കണ്ടിട്ടില്ലല്ലോ? അച്ഛനും അമ്മയും ഒന്നും പറഞ്ഞതുമില്ല. ”

ഞാൻ വീണ്ടും ചോദിച്ചു.

“അനിയത്തി ഉണ്ടായിരുന്നു. പക്ഷെ ഇന്നവൾ ജീവിച്ചിരിപ്പില്ല.കൃഷ്ണജ. ഞങ്ങളുടെയൊക്കെ അമ്മുട്ടി. ഒരു കുറുമ്പി.

ഭയങ്കര വായാടിയായിരുന്നു. എല്ലാർക്കും ജീവനായിരുന്നു അവളെ. മൗലിയെക്കാളും രണ്ടു വയസിനു ഇളയതായിരുന്നെങ്കിലും ഒരിക്കൽപോലും അവൾ മൗലിയെ ഏട്ടാ ന്ന് വിളിച്ചുകേട്ടിട്ടില്ല.

അച്ഛനും അമ്മയും വിളിക്കുന്നതുപോലെ അവൾക്കും ‘ചന്ദ്രു ‘ വായിരുന്നു അവൻ. താരയും അമ്മുവും ഒരേ പ്രായക്കാരാണ്.

കൃഷ്ണേട്ടൻ വീട്ടിലേക്ക് വരുമ്പോഴൊക്കെ മിക്കവാറും താരയെയും കൊണ്ടുവരുമായിരുന്നു. അമ്മൂന് കൂട്ടിന്. അമ്മു നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഒരു ദിവസം… !

പാനിയായതുകൊണ്ട് താരയ്ക്ക് അന്ന് സ്കൂളിലേക്ക് പോവാൻ പറ്റിയില്ല.

ക്ലാസ്സ്‌ കഴിഞ്ഞു അമ്മൂനെ വിളിക്കാൻ അവളുടെ ക്ലാസ്സിലേക്ക് ചെന്ന ഞങ്ങൾ കണ്ടത് ജീവനില്ലാതെ ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മുട്ടിയെയാണ്. സ്കൂളിലെ കിണറ്റിൻകരയിൽ കാൽവഴുതി വീണതാണ്.

വീഴ്ചയിൽ അടുത്തുണ്ടായിരുന്ന കല്ലിൽ തലയിടിച്ചിരുന്നു. ടീച്ചേഴ്സും കുട്ടികളുമൊക്കെ കാണുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

അമ്മുട്ടിയുടെ മരണം എല്ലാവരെയും ആകെ തളർത്തി. ലക്ഷ്മിയാന്റിക്ക് സമനില നഷ്ടപ്പട്ടു.

ആകെ തകർന്നുപോയ അവരെയൊക്കെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങളെല്ലാരും ഒരുപാട് കഷ്ടപ്പെട്ടു.

താരയുടെ സാമീപ്യം പതുക്കെ പതുക്കെ ആന്റിയെയും തിരികെ കൊണ്ടുവന്നു. അവരെല്ലാം താരയിൽ അമ്മുവിനെ കണ്ടു.

വർഷങ്ങൾ കടന്നു പോയി. താരയ്ക്ക് കല്യാണാലോചനകൾ വന്നുതുടങ്ങിയപ്പോൾ ആന്റി വീണ്ടും ഡിപ്രഷനിലായിൽ. അവളെ ഒരിക്കലും പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ആന്റി.

വീണ്ടും അമ്മ പഴയതുപോലെ ആകുന്നത് മൗലിയെയും വിഷമിപ്പിച്ചപ്പോൾ ഞങ്ങളാണ് അവനോട് പറഞ്ഞത് താരയെ അവൻതന്നെ വിവാഹം കഴിക്കാൻ. ആദ്യമൊക്കെ അവനതിനെ എതിർത്തെങ്കിലും അമ്മയ്ക്ക് വേണ്ടി സമ്മതിച്ചു.

അവളെ സ്നേഹിച്ചുതുടങ്ങി. ചോദിച്ചപ്പോൾ അവൾക്കും സമ്മതമായിരുന്നു.

ആ സമ്മതം ഗൗതമിന്റെ തന്ത്രമായിരുന്നെന്ന് ആരും അറിഞ്ഞില്ല. ഗൗതം മൗലിയുടെ വീട്ടിലേക്ക് വരുമ്പോളൊക്കെ താരയെ കാണാറുണ്ടായിരുന്നു. അതിനിടയിൽ എപ്പോഴോ ആണ് അവര്തമ്മില് പ്രണയത്തിലായത്.

അതുപക്ഷേ ഞങ്ങളാരും അറിഞ്ഞിരുന്നില്ല. അത്ര മനോഹരമായി അവൾ മൗലിയെ സ്നേഹിക്കുന്നതായി അഭിനയിച്ചു.

ഡിഗ്രി പഠനം കഴിഞ്ഞ് മൗലി ലണ്ടനിലേക്ക് പോകുന്നതിന് മുൻപ് വീട്ടിൽ കാര്യം അവതരിപ്പിച്ചു. അവന്റെ ആഗ്രഹത്തിന് എല്ലാവരും സമ്മതിച്ചു.വിവാഹം നിശ്ചയിച്ചു.

നാടൊട്ടുക്കും ക്ഷണിച്ചു ഒരാഘോഷമായിട്ടാണ് വിവാഹ ഒരുക്കങ്ങൾ നടന്നത്. അങ്കിളിന്റെ ബിസിനസ് ഫ്രിണ്ട്സും വീട്ടുകാരും നാട്ടുകാരും പങ്കെടുത്ത വലിയൊരു ചടങ്ങ്.

അവരുടെയെല്ലാം മുന്നിൽ തലകുനിച്ചു നിൽക്കേണ്ടിവന്നു മൗലിക്കും കുടുംബത്തിനും.

മുഹൂർത്തത്തിന് തൊട്ടുമുൻപ് അവൾ ഗൗതമിന്റെ കൂടെ ആരുമറിയാതെ ഇറങ്ങിപ്പോയി.

പാവം ആന്റി അത് സഹിക്കാൻ കഴിയാതെ സ്ട്രോക്ക് വന്നു ആ മണ്ഡപത്തിൽ കുഴഞ്ഞുവീണു.

ഗൗതമിന്റെ ചതി മാത്രമല്ല , അവന്റെ അച്ഛനും വിശ്വനങ്കിളും തമ്മിലുള്ള ബിസിനസ് ക്ലാഷും ഒരു കാരണമായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.

പിറ്റേന്ന് ഗൗതമിന്റെ കൂടെ വീട്ടിലേക്ക് കയറിവന്ന താരയെ കൃഷ്ണേട്ടനും ഒരുപാട് ശപിച്ചു.

ഇത്രയും കാലം ഉപ്പും ചോറും തന്ന കുടുംബത്തിനോട് മകൾ കാണിച്ച ചതിയോർത്ത് കൃഷ്ണേട്ടൻ മനസുരുകിയാണ് മരിച്ചത്.

അതിനുശേഷം മൗലി ഇങ്ങനെയാണ്. ഒന്നിനും ഒരു താല്പര്യമില്ലാതെ, ഞങ്ങളെപോലും ഒഴിവാക്കി, എല്ലാറ്റിൽനിന്നും ഒറ്റപ്പെട്ടു കഴിഞ്ഞുകൂടി. വർഷങ്ങൾക്കുശേഷം ഇന്നാണ് അവനിൽ ഞങ്ങൾ ആ പഴയ മൗലിയെ കാണുന്നത്.

അത്രമാത്രം ചതിയാണ് താര ഞങ്ങൾ ഓരോരുത്തരോടും ചെയ്തത്. ”

“ങീ….. ങീ….. ങീ ”

വിദൂരതയിലേക്ക് നോക്കികൊണ്ട് കഥ പറഞ്ഞവസാനിപ്പിച്ച അച്ചുവേട്ടൻ ആ കരച്ചിൽകേട്ട് വെപ്രാളത്തോടെ ചുറ്റും നോക്കി.

“ന്റെ പോന്നു പെങ്ങളെ കരച്ചിലൊന്ന് നിർത്ത്. ഇങ്ങനെ കരായുംന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ കഥ പറയില്ലാരുന്നു. ”

“പ്രിയ ഇങ്ങനെ കരയല്ലേ. നിർത്ത്… ”

“പെങ്ങളെ ഇങ്ങനെ കരയല്ലേ. ആരേലും കണ്ടോണ്ട് വന്നാൽ ഞാനെന്തെങ്കിലും ചെയ്തു പറഞ്ഞു ന്നൊക്കെയല്ലേ വിചാരിക്കാ. എനിക്ക് ആലോചിക്കാൻക്കൂടി വയ്യല്ലോ ന്റെ ദൈവമേ… ”

“ങീ….. ങീ…. ”
അവരൊന്തൊക്കെ പറഞ്ഞിട്ടും ഞാൻ കരച്ചിൽ നിർത്തിയില്ല.

“ന്റെ പെങ്ങളെ ഒന്ന് നിർത്ത്. ഈശ്വര…. ആ മൗലിയെങ്ങാനും കണ്ടാൽ എന്നെ ഇന്ന് തെക്കോട്ടെടുക്കേണ്ടി വരൂലോ !”

അച്ചുവേട്ടൻ നെഞ്ചത്ത് കൈവെച്ചു മുകളിലേക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

“നിങ്ങളാരും എന്താ ഇതൊന്നും എന്നോട് നേരത്തെ പറയാഞ്ഞേ?”

കരച്ചിലിനിടയിലും ഞാൻ ചോദിച്ചു.

“അതിനു നീ ഇപ്പഴല്ലേ കഥ ചോദിച്ചത് ”
അച്ചുവേട്ടൻ പറഞ്ഞു.

“എന്നാലും ആർക്കെങ്കിലും പറയര്ന്നു. ങീ….. ”

“ഇപ്പൊ പറഞ്ഞില്ലേ. പോട്ടെ നിർത്ത്. പ്ലീസ്. ”

“ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം. താര പോയില്ലേ? ”

“അതിനെന്താ? ”

“ഞാനെന്തൊക്കെയാ അവളോട്‌ പറഞ്ഞത്? അങ്ങനെയൊന്നും പറയരുതായിരുന്നു. ”

“പിന്നെ….? ”

“ഒന്നും പറയരുതായിരുന്നു. ഞാനിനി എന്ത് ചെയ്യും.? ”

“പിന്നെന്ത്‌ പറയണമായിരുന്നു.? ”
ഒരുമാതിരി പുച്ഛം കലർന്ന ശൈലിയിൽ അച്ചുവേട്ടൻ ചോദിച്ചു.

“അവളെ ഒന്നും പറയരുതായിരുന്നു. ഒന്നും പറയരുതായിരുന്നു.”

ഞാൻ താരയുടെ സൈഡായോ എന്നുള്ള സംശയത്തിൽ എന്നെത്തന്നെ നോക്കിയിരുന്ന അവരെ നോക്കി ഞാൻ പറഞ്ഞു.

“പ്രവൃത്തികാണിക്കണമായിരുന്നു. ആ ചുവന്നുതുടുത്ത കവിളിൽ പ്രവൃത്തിച്ചുകാണിക്കണമായിരുന്നു. ഞാനിനി എന്ത് ചെയ്യും? അവൾ പോയില്ലേ? അയ്യോ… ഞാനിതെങ്ങനെ സഹിക്കും. ”

“ഇതിനായിരുന്നോ ഇങ്ങനെ കരഞ്ഞുവിളിച്ചത്? ”

“എന്നാലും അച്ചുവേട്ടാ ആ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ പറ്റീല്ലല്ലോ? ”

ഞാൻ നിരാശ പ്രകടിപ്പിച്ചു.

‘ ഇവളാള് ശെരിയല്ല ‘ ന്നുള്ള രീതിയിൽ എന്നെയൊന്നു ഉഴിഞ്ഞുനോക്കികൊണ്ട്‌ അച്ചുവേട്ടൻ രാധുവിനോട് പറഞ്ഞു.

“രാധികേ നീ ഇവളെ നോക്ക് ഞാൻ പോവാ. ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല. കരച്ചിലും പിഴിച്ചിലുമൊക്കെ കഴിഞ്ഞിട്ട് വായോ രണ്ടും. ”

അതും പറഞ്ഞു അച്ചുവേട്ടൻ അവിടെനിന്നും പേടിച്ചോടി. രാധു എന്തൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കി. എന്നെങ്കിലും താരയെ കൈയിൽ കിട്ടുമെന്ന് ഞാനും ആശ്വസിച്ചു.

അപ്പോഴേക്കും പ്രസാദം വാങ്ങാൻ പോയവരും അച്ഛനും പിന്നെ കടുവച്ചേട്ടനും കൂട്ടുകാരും വന്നു.

എല്ലാവരും യാത്ര പറഞ്ഞിറങ്ങി. പോകുന്നതുവരെ അച്ചുവേട്ടൻ ‘പറയല്ലേ പറയല്ലേ’ ന്ന് കണ്ണുകൊണ്ട് കാണിക്കുന്നുണ്ടായിരുന്നു. പറയില്ലെന്ന് ഞാനും കാണിച്ചു.

ഇരുട്ടായത് കൊണ്ട് രാധുവിനെയും അമ്മയെയും രാഗിയെയും ഞങ്ങളുടെ കൂടെ കൂട്ടി അവരുടെ വീട്ടിൽ ഇറക്കികൊടുത്തു.

അവര് ഇറങ്ങിപോയതിന് ശേഷം വണ്ടിയിൽ തികച്ചും നിശബ്ദതയായിരുന്നു. ആരുംതന്നെ ഒന്നും മിണ്ടിയില്ല.

എങ്കിലും അച്ഛന്റെയും അമ്മയുടെയും മുഖം പതിവിൽ വിപരീതമായി വളരെ പ്രസന്നമായിരുന്നു.

എന്നാൽ എന്റെ മനസാകെ അസ്വസ്ഥമായിരുന്നു. അമ്മുട്ടിയായിരുന്നു എന്റെ മനസ്സിൽ നിറയെ.

“പെൺകുട്ട്യോൾ അച്ഛാ ന്ന് വിളിക്കണത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണെ” ന്ന് അച്ഛൻ ഒരിക്കൽ പറഞ്ഞതാണ് എനിക്ക് ഓർമ വന്നത്.

അത് പറഞ്ഞപ്പോൾ അന്ന് അമ്മയുടെയും അച്ഛന്റെയും കണ്ണിൽ കണ്ട നീർത്തിളക്കത്തിന്റെ കാരണം ഇന്നാണെനിക്ക് മനസിലായത്.

ദിവസവും അച്ഛൻ ഓഫിസിൽന്ന് വരുമ്പോൾ കൊണ്ടുത്തരാറുള്ള എണ്ണപലഹാരത്തിന്റെയും ചോക്കലേറ്റ്കളുടെയും കാരണവും.

ഒരുതരത്തിൽ ഞാനും ഇവരും ഒരുപോലെയാണെന്ന് എനിക്ക് തോന്നി. അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഞാനും മകളെ നഷ്ടപ്പെട്ട ഇവരും.

എന്നാലും ഒരു പെൺകുട്ടിക്ക് ഇത്രയും ക്രൂരയാവാൻ കഴിയുമോ?

സ്വന്തം മകളെ പോലെ സ്നേഹിച്ച ഇവരോട്, സ്വന്തം അച്ഛനോട് ഇങ്ങനെ ചതിക്കാണിക്കാൻ എങ്ങനെ കഴിഞ്ഞു.?

അച്ചുവേട്ടൻ പറഞ്ഞുതന്ന കാര്യങ്ങൾ ഓർക്കുംതോറും ഞാൻപോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.

“എന്താ മോളെ? ”
കലങ്ങിയ കണ്ണുകളുമായി അമ്മയെത്തന്നെ നോക്കിയിരിക്കുന്നത് കണ്ട് അമ്മ എന്നോട് ചോദിച്ചു.

“ഞാൻ കുറച്ചുനേരം അമ്മയുടെ മടിയിൽ കിടന്നോട്ടെ? ”

അത് ചോദിക്കുമ്പോൾ എന്റെ ശബ്ദം ഇടറുന്നത് ഞാൻ അറിഞ്ഞു.

പ്രതീക്ഷിക്കാതെയുള്ള എന്റെ ആ ചോദ്യത്തിൽ തികട്ടിവന്ന കരച്ചിലിനിടയിലും അമ്മ എന്നെ ചേർത്തുപിടിച്ച് മടിയിലേക്ക് കിടത്തി. ആ നിമിഷം എത്രശ്രമിച്ചിട്ടും കരച്ചിൽ നിയന്ത്രിക്കാൻ എനിക്കായില്ല.

പിറകിലേക്ക് തിരിഞ്ഞുനോക്കിയ അച്ഛനും ഈ കാഴ്ച കണ്ട് കണ്ണു തുടക്കുന്നുണ്ടായിരുന്നു.

രണ്ടു തുള്ളി കണ്ണീർ എന്റെ കവിളിനെ സ്പർശിച്ചപ്പോഴാണ് അമ്മയും കരയുകയാണെന്ന് മനസിലായത്.

ഈ കണ്ണീരിന് അമ്മുവിനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ അടയാളമാണ് , ആ അമ്മയുടെ മാതൃത്വത്തിന്റെ.

സ്നേഹിച്ചു കൊതിതീരും മുന്നേ മകളെ നഷ്ടപ്പെട്ട അമ്മയുടെ വേദന.

പക്ഷെ ആ സമയം ഞാനനുഭവിച്ചത് എനിക്ക് നഷ്ടമായ അമ്മയുടെ സ്നേഹമാണ്.

അമ്മയുടെ മടിത്തട്ടാണ് ഒരു മകൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് തോന്നിപ്പോയി.

ഞാൻ വേഗം എഴുന്നേറ്റു അമ്മയുടെ കണ്ണ് തുടച്ചുകൊടുത്തു.

അതിനിടയിൽ രണ്ടുവശത്തേക്കും തലചെരിച്ചുകൊണ്ട് കരയരുതെന്ന് പറയാതെ പറഞ്ഞു.

ഉടനെ അമ്മ എന്നെ കെട്ടിപിടിച്ചു ശേഷം ആ തോളിലെന്റെ തല ചേർത്തുപിടിച്ച്കിടത്തി തലോടിക്കൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ ഫ്രണ്ട് മിററിലൂടെ നോക്കിയപ്പോൾ അതിൽ കണ്ട പ്രതിബിംബത്തിലെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

വീട്ടിലെത്തി കാർ നിന്നതും മുഖത്തേക്ക് പോലും നോക്കാതെ അച്ഛനോടും അമ്മയോടും പോവാണെന്നു പറഞ്ഞ് കണ്ണുതുടച്ചുകൊണ്ട് ഔട്ട്‌ ഹൗസിലേക്ക് നടന്നു.

വാതിൽ തുറക്കുന്നതിനിടയിൽ പുറകിൽ ആരുടെയോ സാമിപ്യം ഞാനറിഞ്ഞു.

തിരിഞ്ഞുനോക്കാതെ തന്നെ ആരാണെന്ന് എനിക്ക് മനസിലായി. അനങ്ങാതെ ഞാനങ്ങനെത്തന്നെ നിന്നു
.
“വണ്ടിയിൽ വെച്ച് നടത്തിയ പ്രകടനം ആത്മാർഥമായിട്ടല്ലെങ്കിൽ ഇവിടംക്കൊണ്ട് നിർത്തിയേക്കണം. ഇനിയും ആ പാവങ്ങളെ വിഷമിപ്പിക്കാൻ ഞാനാരെയും സമ്മതിക്കില്ല. ”

ഞാനാ കാണിച്ചത് മുഴുവനും അഭിനയമാണെന്നാണ് വിചാരിച്ചിരിക്കുന്നത്. അല്ലേലും ചന്ദ്രുവേട്ടനെ കുറ്റം പറയാൻ പറ്റില്ല.

ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പിന്നൊന്ന് സംശയിക്കും. അതുപറഞ്ഞ് ചന്ദ്രുവേട്ടൻ പോകാൻ തിരിഞ്ഞപ്പോൾ ഞാനൊന്ന് തിരിഞ്ഞുനോക്കി.

“അച്ഛന്റെയും അമ്മയുടെയും വിഷമം കാണാൻ വയ്യല്ലേ.? എങ്കിൽ കേട്ടോളൂ ഇന്ന് ആ മനസുകൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ചന്ദ്രുവേട്ടനെക്കുറിച്ച് ഓർത്താണ്. മകന്റെ ഇപ്പോഴത്തെ സ്വഭാവമോർത്താണ്.

അവരുടെ പഴയ ചന്ദ്രുനെ അവരെത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് അറിയുമോ? ആ അമ്മയും അച്ഛനും ഇന്ന് ഭഗവാന്റെ മുന്നിൽ തൊഴുതു പ്രാർഥിച്ചത് മുഴുവൻ നിങ്ങളൊന്ന് പഴയതുപോലെ ചിരിച്ചകളിച്ചു നടക്കുന്നത് കാണാനാണ്. അത് ആദ്യം സാധിച്ചുകൊടുക്ക്.

എന്നിട്ട് മതി എന്റെ അഭിനയത്തിന് അവാർഡ് തരല്.

അവരോടുള്ള എന്റെ സ്നേഹം കള്ളമായി തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്.

ഒരിക്കലും തിരിച്ചുകിട്ടാത്ത എന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം എനിക്കിന്ന് അനുഭവിക്കാൻ കഴിയുന്നത് അവരിൽനിന്നാണ്.

അതുകൊണ്ട് എന്റെ സ്നേഹത്തിൽ എത്രത്തോളം ആത്മാർഥതയുണ്ടെന്ന് ആരെയും പറഞ്ഞുബോധ്യപ്പെടുത്തണ്ട ആവശ്യം എനിക്കില്ല. എനിക്ക് ഉറങ്ങണം. നല്ല ക്ഷീണം. ”

അവസാനം ഒരു ശുഭരാത്രിയും നേർന്ന് ഞാൻ അകത്തുകയറി കതകടച്ചു.

എന്തുകൊണ്ടോ ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

എങ്ങനെയാണ് നേരം വെളുപ്പിച്ചതെന്ന് എനിക്കും ദൈവത്തിനും മാത്രേ അറിയൂ.

മനസ് മുഴുവൻ അച്ചുവേട്ടൻ പറഞ്ഞുതന്ന കടുവയുടെ കഥയായിരുന്നു.

അമ്മയ്ക്ക് വേണ്ടിയാണെങ്കിൽ പോലും ആ മനസ്സിൽ ഒരുവൾക്ക് സ്ഥാനം കൊടുത്തിരുന്നുവെന്ന് ഓർത്തപ്പോൾ എന്റെയുള്ളിൽ ഒരു വേദന അനുഭവപ്പെടുന്നത് ഞാനറിഞ്ഞു.

ഒരുപക്ഷെ അന്ന് ആ വിവാഹം നടന്നിരുന്നെങ്കിൽ……? അതാലോചിച്ചപ്പോൾ ആകെ ഉണ്ടായിരുന്ന ഇത്തിരി മനസമാധാനം കൂടി പോയിക്കിട്ടി.

ആ കടുവ ആരെ വേണേലും സ്നേഹിച്ചോട്ടെ , കല്യാണം കഴിച്ചോട്ടെ. എനിക്കെന്താ? ഹും….. കാട്ടുകടുവ. !

ഇനി പഴയത് പോലെ നല്ലകുട്ടിയായിട്ട് , വേറെ വല്ല പെണ്ണുങ്ങളെയും പ്രേമിക്കുവോ?
അല്ല ഞാനെന്തിനാ ഇതൊക്കെ ആലോചിച്ചു തല പുണ്ണാക്കുന്നേ..?

എന്നെ കാണുന്നതേ ആ കടുവയ്ക്ക് ദേഷ്യാണ്. ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് തന്നെ വഴക്കിടാനാണ്.

താര പറഞ്ഞത് പോലെ മംഗലം ഗ്രൂപ്പിന്റെ ഓണർക്ക് ടീച്ചർ. !!!

ഒന്നും വേണ്ട. കടുവയ്ക്ക് കാടുവേടെ വഴി. എനിക്ക് എന്റെ വഴി. അത് മതി.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11