Tuesday, April 1, 2025
Novel

ദ്രുവസായൂജ്യം: ഭാഗം 3

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


ടൗണിലെ ആശുപത്രിയിലാണ് സായുവിനെ എത്തിച്ചത്.
സായുവിനെ കൈകളിൽ വാരിയെടുത്ത് ഓടി കാറിൽ കയറുന്നത് മുതലുള്ള ദ്രുവിനെ അനുഷ കണ്ടറിയുകയായിരുന്നു.

ഇത്രമേൽ സ്നേഹിക്കുന്നുവെങ്കിൽ ഇവരെങ്ങനെ പിരിഞ്ഞുവെന്നത് അവൾക്ക് അത്ഭുതമായി.
അമ്മയോട് പറഞ്ഞതിനുശേഷം അവന്റെ അനുവാദത്തിനുപോലും കാത്തുനിൽക്കാതെയാണ് അവൾ സായുവിനരികിൽ കാറിലിരുന്നത്.

പലപ്പോഴും ബോധമറ്റ് കിടക്കുന്ന സായുവിനെ തിരിഞ്ഞു നോക്കിയാണ് അവൻ വണ്ടിയോടിച്ചത്.
വെപ്രാളപ്പെട്ടുള്ള അവന്റെ ഡ്രൈവിംഗ് കണ്ട് വണ്ടി എവിടെയെങ്കിലും ഇടിക്കുമോയെന്നുകൂടി പലവട്ടം അനുഷ പേടിച്ചു.

അക്ഷമരായി കാഷ്വാലിറ്റിക്ക് പുറത്ത് കാത്തുനിൽക്കുമ്പോഴും പലപ്രാവശ്യം അവൻ നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചിരുന്നു.

നാൽപ്പത് വയസ്സോളം പ്രായം മതിക്കുന്ന ശാന്തയായ സ്ത്രീയായിരുന്നു ഡോക്ടർ.

ഡോക്ടർ എന്റെ സായുവിനെന്താ… നിറകണ്ണുകളോടെ തന്റെ മുൻപിൽ ആധിയോടെ നിൽക്കുന്ന ചെറുപ്പക്കാരനെ അവർ അലിവോടെ നോക്കി.

പേടിക്കേണ്ട. നല്ല ക്ഷീണമുണ്ട് ആ കുട്ടിക്ക്. ഭക്ഷണമൊന്നും സമയത്തിന് കഴിച്ചു കാണില്ല. ബോഡി വീക്ക്‌ ആയത് അതുകൊണ്ടാണ്.

ബോധം വീണിരുന്നു. എങ്കിലും ക്ഷീണം കാരണം മയക്കത്തിലാണ്. ഡ്രിപ്പ് ഇട്ടിട്ടുണ്ട്. അഡ്മിറ്റ്‌ ആകുന്നതാണ് നല്ലത്. ബ്ലഡും യൂറിനും ടെസ്റ്റിന് അയച്ചിട്ടുണ്ട്.

വിതിൻ വൺ ഹവർ റിസൾട്ട്‌ കിട്ടും. അതുകൂടി നോക്കിയിട്ട് ബാക്കി നോക്കാം… അവന്റെ നിറകണ്ണുകൾ കണ്ട് സൗമ്യമായി ഡോക്ടർ പറഞ്ഞു.

നന്ദിയോടവൻ അവരെ നോക്കി.

വാടിത്തളർന്ന് കിടക്കുകയാണ് സായു. വെളുത്ത കൈത്തണ്ടയിൽ ക്യാനുല ഘടിപ്പിച്ചിട്ടുണ്ട്. ഡ്രിപ്പ് ഇറ്റുവീഴുന്നുണ്ട്.

ചൈതന്യം നിറഞ്ഞ മുഖം വാടിക്കരിഞ്ഞ പനിനീർപ്പൂവുപോൽ ആയിരുന്നു.
ചുണ്ടുകളുടെ നിറം നഷ്ടപ്പെട്ട് കരുവാളിച്ചതുപോലെ.

താനാണ് അവളുടെ അവസ്ഥയ്ക്ക് കാരണക്കാരനെന്നത് ഓരോ നിമിഷവും അവനെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു.

ബെഡിന്റെ സൈഡിലായി അവൾക്കരികിൽ അവനിരുന്നു.
അതിനുള്ളിലെ കസേരയിൽ അനുഷയും.

സമയം കടന്നുപോയി.

കൃഷ്ണമണികൾ ചലിച്ചു ചുളുങ്ങിയ മുഖത്തോടെ സായു മിഴികൾ തുറന്നു.

ഭാരം കാരണം അടഞ്ഞുപോയ മിഴികളെ തുറന്നു വയ്ക്കാൻ അവൾ നന്നേ പണിപ്പെട്ടു.
ആദ്യം നോട്ടമെത്തിയത് തന്റെ കൈകളെ കൈക്കുള്ളിലാക്കി തലകുമ്പിട്ടിരിക്കുന്ന ദ്രുവിലായിരുന്നു.

കഴിഞ്ഞുപോയതോരോന്നും കൊടുങ്കാറ്റുപോലെ അവളിലേക്ക് ആഞ്ഞടിച്ചു.

ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ അവൾ കിടക്കയിലേക്ക് തന്നെ വീണു.

കൈ വലിഞ്ഞ് ക്യാനുലയിൽനിന്നും ഡ്രിപ് വയർ വേർപെട്ടു.
രക്തം ഒഴുകിയിറങ്ങി.

ദ്രുവ് ഞെട്ടിയിരിക്കുകയായിരുന്നു.
അവളുടെ കൈയിൽനിന്നും ഒഴുകുന്ന രക്തം കണ്ടവൻ പരിഭ്രമിച്ചു.
അവളുടെ കൈ പിടിക്കാൻ നോക്കിയെങ്കിലും അത് വകവയ്ക്കാതെ അവൾ കൈ മാറ്റി.

വെളുത്ത നിറമുള്ള ബെഡ്ഷീറ്റിൽ രക്തം കൊണ്ടുള്ള പൂക്കൾ പ്രത്യക്ഷപ്പെട്ടു.
അനുഷ പേടിച്ച് നഴ്സിനെ വിളിക്കാനോടി.

സായൂ പ്ലീസ്… എന്നോടുള്ള ദേഷ്യം നിന്റെ ശരീരത്തോട് തീർക്കരുത്. ഒരുപാട് രക്തം പോകുമെടീ…

നിസ്സഹായതയോടെ ദയനീയമായി അവൻ കരയുകയായിരുന്നു. എന്നാൽ അവന്റെ കണ്ണുനീർ അവളുടെ മനസ്സിനെ തെല്ലും അലിയിക്കാൻ കഴിവുള്ളവയായിരുന്നില്ല..

ഡോക്ടറും നഴ്സും എത്തിയപ്പോൾ വാശി കാണിക്കുന്ന സായുവിനെയും അവളുടെ മുൻപിൽ ദയനീയമായി കേഴുന്ന ദ്രുവിനെയുമാണ് കണ്ടത്.

ഒരുവേള ആ കാഴ്ച ഒരു സ്ത്രീയായ അവരിൽപോലും നോവുണർത്തി. സായുവിനോട് അവർക്ക് അതിയായ ദേഷ്യം തോന്നി.

സായൂജ്യ… അവരുടെ കർക്കശസ്വരം നാലുചുവരുകൾക്കുള്ളിൽ മുഴങ്ങി.
അവളുടെ മിഴികൾ ഡോക്ടറിൽ ഉറച്ചു.

ഞാനാണ് തന്നെ ചികിൽസിക്കുന്നത്. എന്റെ പേഷ്യന്റ് ആണ് നിങ്ങൾ. എന്റെ പേഷ്യന്റിന്റെ സ്വഭാവം ഇങ്ങനെ നോക്കിനിൽക്കാൻ എനിക്ക് സാധിക്കില്ല..

രാജി… ആ ബ്ലഡ് ക്ലീൻ ചെയ്ത് ആ ക്യാനുല റിമൂവ് ചെയ്യൂ.
നഴ്സ് ഡോക്ടർ പറഞ്ഞതനുസരിച്ചു.

അവരുടെ വാക്കിന്റെ ആജ്ഞയിലാകാം സായു നിശബ്ദയായി അടങ്ങി കിടന്നു.

സായുവിനെ അനുഷയുടെ സഹായത്തോടെ എഴുന്നേൽപ്പിച്ചശേഷം അവർ ബെഡ്ഷീറ്റ് മാറ്റി വിരിക്കുകയും ക്യാനുല റിമൂവ് ചെയ്ത് മറ്റൊരു ക്യാനുല വയ്ക്കുകയും ചെയ്തു.
അവളെ കിടത്തിയശേഷം ഡ്രിപ് വീണ്ടും ഘടിപ്പിച്ചു.

കൈകൾ മാറിൽ പിണച്ച് സായുവിനെയും ഒതുങ്ങി മാറി നിൽക്കുന്ന ദ്രുവിനെയും ഡോക്ടർ വീക്ഷിക്കുകയായിരുന്നു.

ഒറ്റ നോട്ടത്തിൽ എന്തൊക്കെയോ വിഷമം ഉള്ളിലൊതുക്കി നടക്കുന്ന പെൺകുട്ടിയാണ് സായൂജ്യയെന്ന് അവർ മനസ്സിലാക്കി.

അതേസമയം ദ്രുവിന്റെ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്ന ആധിയും സ്നേഹവും എല്ലാത്തിലുമുപരി നിസ്സഹായതയും വേദനയും അവർ തിരിച്ചറിഞ്ഞു.

അൽപ്പസമയം റൂമിൽ നിശബ്ദത തളംകെട്ടിനിന്നു.

ഡോക്ടറുടെ വാക്കുകളാണ് നിശബ്ദത ഭേദിച്ചത്.
സായൂജ്യയുടെ ടെസ്റ്റ്‌ റിപ്പോർട്സ് കിട്ടി.

സായൂജ്യയ്ക്ക് നല്ല ക്ഷീണമുണ്ട്. ബോഡി വീക്ക് ആണ്. ഹീമോഗ്ലോബിൻ കുറവാണ്.
ഇതൊക്കെ ഒരുപാട് ശ്രദ്ധിക്കണം ഈ അവസ്ഥയിൽ..

സായുവിന്റെ മുഖത്തെ അലക്ഷ്യഭാവം അവരിൽ അരിശമുണർത്തി.

താനിത് ശ്രദ്ധിക്കാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ വയറ്റിൽ കിടക്കുന്ന ജീവനോട് കൂടി ചെയ്യുന്ന ദ്രോഹമാണ്..
കുറ്റപ്പെടുത്തലോടുകൂടി അവർ ഉറപ്പിച്ച സ്വരത്തിൽ പറഞ്ഞു.

ജനാലയിലൂടെ കടന്നുവന്ന കാറ്റുപോലും ഒരു നിമിഷം തറഞ്ഞുനിന്നു.

കേട്ടത് വിശ്വസിക്കാനാകാതെ സായു ഒരുനിമിഷം അമ്പരന്നു.
അടുത്തനിമിഷം അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു.

ആ കൈകൾ ഉദരത്തോട് ചേർന്നു. ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്തു അവൾ.

അനുഷ അപ്പോഴും വിശ്വസിക്കാനാകാതെ തരിച്ചു നിൽക്കുകയായിരുന്നു.

ദ്രുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ആ മിഴികൾ നിറഞ്ഞു.

സായുവിന്റെ ഞൊടിയിടയിൽ ഭാവമാറ്റം ഡോക്ടർ കാണുകയായിരുന്നു.
അവരിൽ നേർത്ത പുഞ്ചിരി തെളിഞ്ഞു.

രണ്ടുദിവസം അഡ്മിറ്റ് ആക്കുകയാണ്.
ക്ഷീണമൊക്കെ മാറട്ടെ… അരുമയായി അവളുടെ കവിളിൽ തഴുകിയശേഷം അവർ പുറത്തേക്കിറങ്ങി.

ദ്രുവ് അവളുടെ അരികിലേക്കിരുന്നു. അനുഷ അപ്പോഴും കഥയറിയാതെ അമ്പരന്ന് നിൽക്കുകയായിരുന്നു.

ദ്രുവ് അവളുടെ പ്രണയമാണ്. അപ്പോൾ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ദ്രുവിന്റേതാണോ.? അതിന് സായു വിവാഹിതയാണോ.

നൂറ് ചോദ്യങ്ങൾ അവളിലുയർന്നു. എല്ലാത്തിനും ഉത്തരം നൽകാൻ സായുവിന് മാത്രമേ കഴിയുള്ളൂ എന്നവൾക്ക് ബോധ്യമായിരുന്നു.

അപ്പോഴും തന്റെ ഉദരത്തിൽ കൈ ചേർത്ത് വല്ലാത്തൊരു അനുഭൂതിയോടെ കിടക്കുകയായിരുന്നു സായു.

ദ്രുവ് അവൾക്കരികിലായിരുന്നു.
അവളുടെ വയറിലേക്കവന്റെ നോട്ടം പാഞ്ഞു.

നിറകണ്ണുകളോടെ അവൻ വയറിലേക്ക് കൈകൾ നീട്ടിയതും അതിന് സമ്മതിക്കാതെ തട്ടിയെറിഞ്ഞു സായു.

എന്റെ ശരീരത്തിൽ തൊടരുത് നിങ്ങൾ. അവളുടെ ഭാവം കണ്ട് ദ്രുവ് അമ്പരന്നു.

നമ്മുടെ കുഞ്ഞാ സായൂ. ഒന്ന് തൊട്ടോട്ടെടീ ഞാൻ അവൻ കേഴുന്നത് കണ്ട് അനിതയുടെ മിഴികൾ പോലും നിറഞ്ഞു.

ഹ്മ്മ്… അത് ഞാനാണ് പറയേണ്ടത്. കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന്.
എന്റെ വയറ്റിൽ ഒരു ജീവൻ കുരുത്തിട്ടുണ്ടെങ്കിൽ അതിന്റെ സൃഷ്ടാവ് ഒരിക്കലും നിങ്ങളല്ല… വാശിയായിരുന്നു അവളുടെ വാക്കുകളിൽ.

സഹിക്കാവുന്നതിനുo അപ്പുറമായിരുന്നു ദ്രുവിന് അത്. ചാടിയെഴുന്നേറ്റവൻ മുഷ്ടി ചുരുട്ടി ചുവരിൽ ആഞ്ഞിടിച്ചു.

ഒന്നല്ല പലപ്രാവശ്യം..
അനുഷ ഞെട്ടി പിന്നോട്ട് മാറി. സായുവിൽ പുച്ഛം നിറഞ്ഞൊരു ഭാവമായിരുന്നു.

ഒന്നരവർഷം പ്രണയിച്ച് നിന്റെ കഴുത്തിൽ താലി ചാർത്തിയിട്ടുള്ളത് സത്യമാണെങ്കിൽ.. മൂന്ന് വർഷം എന്നോടൊപ്പം കഴിഞ്ഞിട്ടുള്ളത് സത്യമാണെങ്കിൽ..

എന്നോടൊപ്പം ഒരേയൊരു പെണ്ണേ ചേർന്നിട്ടുള്ളൂ അത് സായൂജ്യ ദ്രുവാംശ് മാത്രമാണ്.

അത് നിനക്ക് എന്നേക്കാൾ വ്യക്തമാണ് സായൂ. നിന്നെ അല്ലാതെ മറ്റൊരു പെണ്ണിന്റെ സ്നേഹവും ചൂടും തേടി പോകാൻ മാത്രം അധംപതിച്ചിട്ടില്ല ദ്രുവ്.

അവന്റെ ഉറച്ച വാക്കുകൾ അവിടെ മുഴങ്ങി.

കൂടെ കഴിഞ്ഞതും കിടന്നതുമായ കണക്കുകൾ മാത്രമേ പറഞ്ഞുളളൂ ദ്രുവാംശ്. ഇനിയുമുണ്ട് പറയാനേറെ.. അത് പറയുന്നില്ലേ…. അവളുടെ സ്വരത്തിലെ പരിഹാസം അവൻ തിരിച്ചറിഞ്ഞു.

സായൂ… എന്തൊക്കെയാ ഇത്. കുറേ മണിക്കൂറായി മുൻപിൽ നടക്കുന്നതൊന്നും മനസ്സിലാകാതെ നിൽക്കുകയാണ് ഞാൻ.
നിന്റെ വിവാഹം കഴിഞ്ഞതാണോ. ഇയാളാണോ നിന്റെ ഭർത്താവ്… അനുഷ ചോദിച്ചു.

ദീർഘമായൊന്ന് ശ്വസിച്ചു സായു.

മ്.. അതെ. എന്റെ വിവാഹം മൂന്ന് വർഷം മുൻപ് കഴിഞ്ഞതാണ്.

ഈ നിൽക്കുന്ന അഡ്വക്കേറ്റ് ദ്രുവാംശുമായി. എന്നെ പ്രണയമെന്തെന്ന് പഠിപ്പിച്ചവൻ. എന്റെ കഴുത്തിൽ താലി ചാർത്തിയവൻ.

ആരും കൊതിക്കുന്ന ജീവിതം എനിക്കായി നല്കിയവൻ. സായൂജ്യയുടെ പ്രാണനായിരുന്നവൻ. എന്റെ ശ്വാസമായിരുന്നവൻ.

എന്നിലേക്ക് അലിഞ്ഞു തീർന്നവൻ. പെണ്ണിന്റെ പരിപൂർണ്ണത അറിയിച്ചവൻ…

മാതൃത്വത്തിന്റെ അനുഭൂതി എനിക്ക് പകർന്നു നല്കിയവൻ.. ഒടുവിൽ എന്നെ അമ്മേയെന്ന് വിളിച്ച് കൊതി തീരുംമുൻപേ…

എന്റെ മാറിന്റെ ചൂടേറ്റുറങ്ങേണ്ട എന്റെ പൊന്നുമോളെ സ്നേഹിച്ചു കൊതിതീരും മുൻപേ ഞാൻ നൊന്തു പ്രസവിച്ച എന്റെ മോളെ കൊലയ്ക്ക് കൊടുത്തവൻ…

അവസാനം പറഞ്ഞു തീർന്നതും അവളുറക്കെ കരഞ്ഞു.

ആ കണ്ണുനീരിൽ എല്ലാ വേദനകളും അടങ്ങിയിരുന്നു.
തന്റെ പ്രണയം നഷ്ടമായതിന്റെ നോവ്…

അടിവയറ്റിലെ നോവ് തീരുoമുൻപ് പൊലിഞ്ഞുപോയ കുഞ്ഞിന്റെ വേർപാടിന്റെ വേദന…
അവൾക്ക് വേണ്ടി നൽകേണ്ട അമൃത് കല്ലിച്ച് മാറ് വിങ്ങിയ വേദന…

ഒരു സ്ത്രീ സഹിക്കേണ്ടി വന്ന യാതനകളും… അങ്ങനെ എല്ലാം..

അവളുടെ വേദന അവളവിടെ പേമാരിയായി പെയ്തു.
ആ പേമാരിയിൽ ദ്രുവ് അടിപടലം ആടിയുലഞ്ഞു.

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2