Thursday, November 21, 2024
Novel

Mr. കടുവ : ഭാഗം 9

എഴുത്തുകാരി: കീർത്തി


എങ്ങനെയെങ്കിലും കടുവയുടെ മൗനവ്രതം നിർത്തിക്കണമെന്ന് വിചാരിച്ചു കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഇടയിലേക്കാണ് അമ്മ കടന്നുവന്നത്.

“മോള് വന്നുവോ? ”

“ദാ എത്തിയിട്ട് കുറച്ചു നേരയതേയുള്ളൂ. സാറിനോട് സംസാരിച്ചു നിക്കാർന്നു. ”

“സാറോ? അതൊന്നും വേണ്ട. മോള് അന്ന് പറഞ്ഞപോലെ ചന്ദ്രുവേട്ട ന്ന് വിളിച്ചാമതി. ”

സമ്മതം കിട്ടാൻവേണ്ടി കടുവയെ നോക്കിയപ്പോൾ അവിടെ ഒരു കുലുക്കവമില്ല. ആ മൗനം ഞാൻ സമ്മതമായെടുത്തു.

“ശരി അമ്മേ. ”

“മോൾക്ക് ഇന്നിനി എന്തെങ്കിലും തിരക്കുണ്ടോ? ”

“പ്രത്യേകിച്ചൊന്നും ഇല്ല. എന്താ അമ്മേ? ”

“ഒന്ന് അമ്പലത്തിൽ പോവാനായിരുന്നു. ഇവന്റെ പേരിൽ ചുറ്റുവിളക്ക് ശീട്ടാക്കീട്ടുണ്ടാർന്നു ബുക്കിങ് ഒരുപാടുള്ളതോണ്ട് ഇന്നേക്കാണ് ഡേറ്റ് കിട്ടിയിരിക്കണത്. അതിനാ. ”

“മ്മ്…. ഞാൻ വരാലോ. എപ്പഴാ പോണതെന്ന് പറഞ്ഞാമതി. ഞാൻ റെഡി. ”

“എന്നാ മോള് ചെന്ന് തയ്യാറായിക്കോ കുറച്ചു കഴിഞ്ഞ് വിശ്വേട്ടൻ വരും. എന്നിട്ട് പോവാം. ”

“ശരി. ”

അങ്ങനെ അമ്പലത്തിൽ പോവാൻ തയ്യാറായി. ഈ നാട്ടിൽ വന്നിട്ട് ഇത്രയും ദിവസായെങ്കിലും ഇതുവരെ എനിക്ക് ആ അമ്പലത്തിലേക്ക് പോവാൻ പറ്റീട്ടില്ല. ചുവപ്പും ഗോൾഡും കരയുള്ള ഒരു മുണ്ടും നേര്യതും എടുത്തുടുത്തു.

ഈറൻ മുടി കുളിപ്പിന്നലിട്ട് വിടർത്തിയിട്ടു. സാധാരണ ഇടാറുള്ള സിമ്പിൾ വളകൾ രണ്ടു കൈയിലും ഓരോന്ന്, ഡയമണ്ട് പെന്ഡന്റ് ഉള്ള ചെറിയ ചെയിനും അതിന്റെ മാച്ച് കമ്മലും.

കഴിഞ്ഞു ഒരുക്കം. വാതിൽ പൂട്ടി അമ്മയുടെ അടുത്തേക്ക് വച്ചുപിടിച്ചു.

ഹാളിലേക്ക് കേറിചെന്നപ്പഴേ കണ്ടു മുട്ടുവരെ കൈ മടക്കിവെച്ച് ഒരു ചുവന്ന ചെക്ക് ഷർട്ടും അതിനു ചേർന്ന കരയുള്ള മുണ്ടുമുടുത്ത് സോഫയിലിരുന്ന് ഫോണിൽ തുഴഞ്ഞുകൊണ്ടിരിക്കുന്ന കടുവ.

ഈ ചിത്തിരത്തോണി തുഴഞ്ഞു അക്കരെ ചെന്നെത്തുമോ എന്തോ? ഒരുങ്ങിയിക്കുന്നത് കണ്ടിട്ട് നല്ല കൗതുകം തോന്നി. കുഞ്ഞുകുട്ടികളെ അണിയിച്ചൊരുക്കി അമ്മമാര് ‘ഇപ്പൊ വരാം ഇവിടെ നല്ല കുട്ടിയായിട്ടിരിക്കണം ‘ന്ന് പറഞ്ഞേൽപ്പിച്ച് പോയതുപോലുണ്ട്.

ഓടിച്ചെന്നു ആ കവിളിൽ പിടിച്ചുവലിക്കാൻ തോന്നി. പക്ഷെ അടിചെയ്തുകഴിഞ്ഞാലുണ്ടാവുന്ന വിപത്ത് ഓർത്തപ്പോൾ ആ ആഗ്രഹം മനസ്സിൽത്തന്നെ കുഴിച്ചുമൂടി. വേറെയാരെയും കാണാനില്ല. ഒരുങ്ങുന്നതേ ഉണ്ടാവൂ.

ആളനക്കം കണ്ടിട്ട് തോണിയിൽ നിന്നും തലയുയർത്തി നോക്കി. എന്നെ കണ്ടതും ആ മുഖമൊന്ന് വിടർന്നു. പക്ഷെ നിമിഷനേരംകൊണ്ട് തന്നെ അത് അങ്ങേര് തല്ലിക്കൊഴിച്ചു. ഞങ്ങളിപ്പോ ഫ്രണ്ട്‌സല്ലേ അതുകൊണ്ട് മുഖത്തേക്കുനോക്കി ഭംഗിയായൊന്ന് ചിരിച്ചു കൊടുത്തു. എവിടന്ന് !നോ റെസ്പോണ്ട്സ്.

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാൻ അടുത്തേക്ക് ചെന്നു. സോഫയിൽ നിന്നെഴുന്നേറ്റു നിന്നു. ഏയ്‌ ഇരുന്നോളു ഇത്രയ്ക്ക് ബഹുമാനമൊന്നും വേണ്ടന്നേ.

“ഹായ്… ”

ചിരിച്ചു കൊണ്ട്തന്നെ ഞാൻ പറഞ്ഞു. ഞാനേ പറഞ്ഞുള്ളൂ.

“ഫ്രണ്ട്‌സായാൽ ഇങ്ങനെ വേണം. ”

“എങ്ങനെ? ”

ഓ…. വായിൽ നാക്കുണ്ട്. ഭാഗ്യം.

“ദാ ഇങ്ങനെ. റെഡ്. റെഡ്. എന്താ മനപ്പൊരുത്തം ലേ? ”

ഞങ്ങളുടെ രണ്ടാൾടേം ഡ്രസ്സ്‌ ചൂണ്ടി ഞാൻ പറഞ്ഞു.
എന്നിട്ട് കടുവ സ്വയം ഒന്ന് വിലയിരുത്തി മുകളിലേക്ക് പോവാൻ തിരിഞ്ഞു.

“നീ ഈ നേരത്ത് എങ്ങോട്ടാ? ”

ഒരുങ്ങിവന്ന അച്ഛൻ കടുവയോട് ചോദിച്ചു.

“റൂമിലേക്ക് ”

“അതല്ല. പുറത്ത് എങ്ങോട്ടെങ്കിലും പോകുന്നുണ്ടോന്ന്? ”

“അമ്പലത്തിലേക്കല്ലേ പോണത്? ”

“നീയ്യും വരണുണ്ടോ? ”

അച്ഛന് അത്ഭുതം.

“എന്താ എനിക്ക് അമ്പലത്തിലേക്ക് വരാൻ പാടില്ലേ? ”

“കുറച്ചു കാലായിട്ട് ആ പതിവില്ലാത്തോണ്ട് ചോദിച്ചതാണേ. നീയ്യും കൂടി വരുന്നതിൽ സന്തോഷം മാത്രേള്ളൂ. ”

“എന്നാ വാ ഇറങ്ങാം. മോള് വാ ”

അമ്മയാണ്.

“ഞാൻ ഈ ഷർട്ട്‌ മാറ്റീട്ട് വരാം. ”
ഓ……. രണ്ടാളും മാച്ച് ഉണ്ടെന്ന് പറഞ്ഞതോണ്ടാ.

“അതെന്തിനാ മാറ്റണത്. നല്ല ഷർട്ടാണല്ലോ. ”

“അത്… പിന്നെ…. ആ ഇത് ചെക്ക് ഷർട്ടാണ്. ഇപ്പഴാ ശ്രദ്ധിച്ചത്. ”

“അതിനെന്താ ചെക്ക് ഷർട്ട്‌ ഇട്ടിട്ട് ചെന്നാൽ അമ്പലത്തിൽ കയറ്റില്ല്യാന്ന് പൂജാരി പറഞ്ഞുവോ? ഇനിപ്പോ ഇത് മാറ്റാനൊന്നും നേരല്ല്യ. ഇപ്പൊതന്നെ വൈകി. നിങ്ങൾ വന്നേ. ”

അച്ഛൻ അതും പറഞ്ഞു പുറത്തേക്ക് നടന്നു.

“വണ്ടി ഞാനോടിക്കാം. ”

വേറെ നിവർത്തിയില്ലാതെ ഷർട്ട്‌ മാറ്റാനൊന്നും നിക്കാതെ അച്ഛന്റെ കൈയിൽനിന്നും കീ വാങ്ങി കാറിൽ പോയിരുന്നു. അച്ഛൻ കടുവയോടൊപ്പം മുമ്പിലും ഞാനും അമ്മയും പിറകിലും കയറി. പോകുന്ന വഴിയിൽ അമ്മ അമ്പലത്തിനെക്കുറിച്ചുള്ള ഐ തിഹ്യങ്ങളും മറ്റു കഥകളും പറഞ്ഞുതന്നു.

ഇടയ്ക്ക് അച്ഛനും ഓരോന്ന് പറഞ്ഞു തരുന്നുണ്ട്. എല്ലാം ഞാൻ മൂളികേട്ടുകൊണ്ടിരുന്നു. അങ്ങനെ കഥകളൊക്ക കേട്ടുകൊണ്ടിരിക്കുമ്പോളാണ് ഫ്രണ്ട് മിററിലൂടെ രണ്ടു കണ്ണുകൾ ഇടയ്ക്കിടെ എന്നെ തേടിയെത്തുന്നുണ്ടെന്ന് ഞാനറിഞ്ഞത്. മിററിലൂടെത്തന്നെ പുരികം പൊക്കി എന്താന്ന് ചോദിച്ചതും വേഗം നോട്ടം മാറ്റി.

പിന്നെയും ഒന്നുരണ്ടു തവണ ഞങ്ങൾ അങ്ങനെ കളിച്ചു.

“മോനെ ചന്ദ്രു…. നിന്റെ കല്യാണമൊക്കെ കണ്ട്, നിന്റെ കുഞ്ഞുങ്ങളെയൊക്കെ കുറച്ചു കാലം കളിപ്പിച്ചനടന്നിട്ട് വേണം കണ്ണടക്കാൻ എന്നാണ് എന്റെ ആഗ്രഹം. ”

അച്ഛൻ കടുവയോട് പറഞ്ഞു. പെട്ടന്ന് ഇപ്പോൾ അച്ഛൻ എന്താണ് അങ്ങനെ പറഞ്ഞത് എന്നോർത്ത് ഞാനും അമ്മയും പരസ്പരം നോക്കി.

“അതെന്തിനാ ഇപ്പൊ പറഞ്ഞത്? ”

കടുവ ചോദിച്ചു.

“ഈ രീതിയിലാണ് നീ വണ്ടി ഓടിക്കുന്നതെങ്കിൽ എന്റെ ആഗ്രഹം നടക്കുമെന്ന് തോന്നണില്ല. ”

ഒന്നും മനസിലാവാതെ കടുവ അച്ഛനെ നോക്കി.

“അച്ഛന്റെ പൊന്നുമോൻ മുമ്പിലേക്ക് നോക്കി ഓടിക്ക്. അല്ലാതെ….. ”

കാര്യം മനസിലായ കടുവ മിററിലൂടെ ഒരിക്കൽക്കൂടി എന്നെ നോക്കിയശേഷം ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.
അമ്പലത്തിലേക്ക് ഉള്ള ദൂരം കുറഞ്ഞുവെന്ന് ചെവിയിലേക്ക് ഒഴുകിയെത്തിയ കൃഷ്ണഭക്തി ഗാനത്തിൽ നിന്നും എനിക്ക് മനസിലായി.

അമ്പലത്തിൽ അത്യാവശ്യം തിരക്കുണ്ട്. സെറ്റ് സാരിയുടുത്ത അമ്മമാരും പട്ടുപാവാടയും ദാവണിയുമൊക്കെ ഉടുത്ത തരുണീമണികളും അവരെ വായിനോക്കിയിരിക്കുന്ന കുറെ കോഴിക്കുഞ്ഞുങ്ങളും വേറെ മുതിർന്ന ആളുകളും.

ഇവരുടെയൊക്കെ ഇടയിലൂടെ ഓടിനടക്കുന്ന കുറെ കുറുമ്പന്മാരും കുറുമ്പികളും.

വണ്ടികൾ വരുന്ന വഴി ഒഴികെ അമ്പലത്തിന്റെ ചുറ്റും പാടമാണ്. നടക്കൽ നിന്നും കുറച്ചു മാറി ഒരു വലിയ ആൽമരം തറയെല്ലാം കെട്ടി തലയെടുപ്പോടെ നിൽക്കുന്നു. അതിന്റെ ഒരു വശത്താണ് വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇരുട്ട് തുടങ്ങിയിട്ടില്ല. ആ അന്തരീക്ഷത്തിന് ഏതൊരാളുടെയും മനസിലെ ടെൻഷനും മറ്റു ഭാരങ്ങളും ഇല്ലാതാക്കാൻ മാത്രമുള്ള ശക്തിയുണ്ടായിരുന്നു.

ഒപ്പം ചൂടും തണുപ്പും കലർന്ന പ്രത്യേകതരം കാറ്റിൽ ചന്ദനത്തിന്റെ നറുമണം നാസികയിലേക്ക് അടിച്ചുകയറിയപ്പോൾ ഒരുനിമിഷം ആ സുഗന്ധത്തിൽ മതിമറന്നു കണ്ണടച്ചുപോയി.

കാർ പാർക്കിങ്ങിലേക്ക് കടക്കുമ്പോഴേ കണ്ടു രാധുവും രാഗിയും കൂടി ആൽത്തറയിൽ കുറച്ചു ചെറുപ്പക്കാരോട് സംസാരിച്ചു നിൽക്കുന്നത്.

വണ്ടി നിർത്തി കടുവ പുറത്തിറങ്ങിയതും ആൽത്തറയിൽ കണ്ട ചെറുപ്പക്കാരുടെ കൂട്ടത്തിലെ രണ്ടുപേർ ഓടിവന്ന് കടുവയെ ഉടുമ്പടക്കം കെട്ടിപിടിച്ചു. കടുവ തിരിച്ചും. കളഞ്ഞുപോയ എന്തോ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു അവർക്ക്.

ആൽത്തറയിലെ മറ്റുള്ളവർ എഴുന്നേറ്റുനിന്ന് അത്ഭുതത്തോടെ അതെല്ലാം നോക്കുന്നുണ്ട്. അവരെല്ലാം കടുവയുടെ ചങ്കുo കരളുമൊക്കെയാണെന്ന് തോന്നുന്നു.

അവര് പരസ്പരം എന്തൊക്കെയോ ചോദിക്കുകയും പറയുകയും ഇടക്ക് കടുവയെ പിടിച്ചു ഉന്തുകയും, പുറത്തും നെഞ്ചിലും ഇടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

വേദനിച്ചുവെന്ന് തോന്നണു കടുവ നെഞ്ചിൽ ഉഴിയുന്നുണ്ട്. രാധു എന്റടുത്തേക്ക് ഓടിവന്നു. അച്ഛനും അമ്മയും സന്തോഷത്തോടെ ഇതെല്ലാം നോക്കിനിൽക്കുകയാണ് ഒപ്പം കണ്ണിലൊരു നീർത്തിളക്കവും. കണ്ണ് തുടച്ചുകൊണ്ട് അമ്മ രാധുവിനോട് ചോദിച്ചു.

“നിങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളൂ? സുമതി വന്നില്ലേ? ”
അമ്മ രാധൂനോട് ചോദിച്ചു.

“അമ്മ ഉള്ളിലേക്ക് പോയിട്ടുണ്ട്. ഞങ്ങൾ അവരെ കണ്ടപ്പോൾ നിന്നതാണ്. ”

“വന്നിട്ട് കുറെ നേരെയോ? ”

ഞാൻ ചോദിച്ചു.

“ഇല്ലടി ഇപ്പോ എത്തിയതേയുള്ളു. അമ്മ അകത്തേക്കു പൊയ്ക്കോളൂ ഞാൻ ഇവളേംക്കൊണ്ട് വന്നോളാം. ”

“വേഗം വരണം. വിളക്ക് തെളിയിക്കാനുള്ളതാണ്. ”

അതുപറഞ്ഞു അമ്മ അമ്പലത്തിലേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് എന്റെ നാളു ചോദിച്ചു.

“മകം ”
ഞാൻ പറഞ്ഞു.

“പിന്നെ വരുമ്പോൾ ചന്ദ്രൂനെക്കൂടി വിളിക്കണം. ”

അമ്മ അകത്തേക്ക് പോയി. രാധു എന്നെയും കൂട്ടി ആൽത്തറ ലക്ഷ്യമാക്കി നടന്നു. അങ്ങോട്ട്‌ നടക്കുന്നതിനിടയിൽ അവിടെയിരുന്ന് ആ ചെറുപ്പക്കാരോട് ചിരിച്ചു കളിച്ചു സംസാരിക്കുന്ന കടുവയെ കണ്ടു. ഇന്നേവരെ കാണാത്ത പുതിയൊരു കടുവയെയാണ് ഞാനവിടെ കണ്ടത്. എന്നെ കണ്ടതും ആളുടെ ചിരി സ്വിച്ചിട്ടപോലെ നിന്നു അത് എന്റെയുള്ളിൽ ഒരു നോവുണ്ടാക്കുന്നത് ഞാനറിഞ്ഞു.

ഇയാളുടെ സന്തോഷം ഇല്ലാതാക്കുന്നത് ഞാനാണോ. എന്നെ കാണുന്നത് ഇത്രയും ദേഷ്യമാണോ? ഞാൻ ചിന്തിച്ചു.
ഞങ്ങൾ വരുന്നത് കണ്ട് കൂട്ടത്തിൽ ഒരുത്തൻ മുടിയെല്ലാം കൈകൊണ്ട് ചീകിയൊതുക്കി ഡീസന്റ് ആണെന്ന് വരുത്തുന്നുണ്ടായിരുന്നു.ഒറ്റനോട്ടത്തിൽ ആളൊരു അസ്സല് കൊഴിയാണെന്ന് മനസിലായി. ബാക്കിയുള്ളവർ എന്നെത്തന്നെ ഉറ്റുനോക്കുണ്ട്.

“ആരാ രാധികേ ഇത്? ”

കൂട്ടത്തിൽ ഒരു ചേട്ടൻ ചോദിച്ചു.

“ഇതാണ് പ്രിയ. സ്കൂളിലെ പുതിയ ടീച്ചർ. ”

പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുന്നേ ആ കോഴി എന്റെ അടുത്തേക്ക് വന്നു.

“ഹായ് പ്രിയ. ഞാൻ അശ്വിൻ. പ്രിയക്ക് എന്നെ അച്ചുവേട്ടാ ന്ന് വിളിക്കാം. ഈ മൗലീടെ കൺസ്ട്രക്ഷൻ കമ്പനിയിലെ HR മാനേജറാണ്.പ്രിയയ്ക്ക് എന്തവശ്യത്തിനും അച്ചുവേട്ടനൊന്ന് വിളിച്ചാൽ മതി. കേട്ടോ. ”

എന്റെ നേർക്ക് വലതുകൈ നീട്ടിക്കൊണ്ട് കോഴിക്കുഞ്ഞ് പറഞ്ഞു. ഒരു വശപ്പിശക് ഫീലിംഗ് എക്സ്പ്രഷനിട്ട് ഞാനും കോഴികുഞ്ഞിന് കൈകൊടുത്തു.

“ഹായ്.. ”

ഇതൊക്കെ കണ്ട് കടുവയുടെ ദേഷ്യം മൂര്ധന്യവസ്ഥയിൽ എത്തുന്നതും മറ്റുള്ളവർ വായപൊത്തി ചിരിക്കുന്നതും കണ്ടു. കോഴി എന്റെ കൈയിലെ പിടിവിടാതെ തന്നെ അവരുടെ അടുത്തേക്ക് കൊണ്ടുപോയി.

“പ്രിയക്കുട്ടിക്ക് അച്ചുവേട്ടൻ ഇവരെയൊക്കെ പരിചയപ്പെടുത്തിത്തരാം ട്ടോ. ദാ ഇത് ഹരി, ഇത് മിഥുൻ, ഇത് സുധീഷ്. ഞങ്ങളെല്ലാരും മൗലീടെ ക്ലാസ്സ്‌മേറ്റ്സ് ആണ്. കോളേജ് ടൈം വരെയും ഒരുമിച്ചായിരുന്നു. ”

എല്ലാവരെയും പരിചയപ്പെടുത്തി തരുന്നതിനോടൊപ്പം എനിക്ക് നേരെ നീട്ടിയ അവരുടെ കൈകളിൽ അച്ചുവേട്ടൻ തന്നെ ഷേക്ക്‌ ഹാൻഡ് കൊടുത്തു. ‘എന്തുവാടെ ‘ ന്നുള്ള അർത്ഥത്തിൽ അവരൊക്കെ അച്ചുവേട്ടനെ നോക്കി പുച്ഛിച്ചു. ഞാൻ എല്ലാരേയും നോക്കി പുഞ്ചിരിച്ചു.

ആ ചേട്ടന്മാരെ എന്നോടൊന്നും ചോദിക്കാനോ പറയാനോ സമ്മതിക്കാതെ അച്ചുവേട്ടൻ എന്നോട് എന്തൊക്കെയോ കലപില ചിലച്ചുകൊണ്ടേയിരുന്നു.

ചിരിച്ചു കൊണ്ടുതന്നെ ഞാനതെല്ലാം കേട്ടുകൊണ്ടിരുന്നു. ഈ കൊഴിടെ കൈയിൽന്ന് എന്നെയൊന്നു രക്ഷിക്കടി ‘ന്ന് പറയാൻ രാധൂനെ നോക്കിയപ്പോൾ അവളാ ചേട്ടന്മാരോട് ഭയങ്കര കത്തി.

ദുഷ്ട. ഇങ്ങനെയൊരാൾ ഇവിടെയുള്ളത് തന്നെ മറന്ന ലക്ഷണമാണ്. അവരാണെങ്കിലോ കൂട്ടുകാരനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ എല്ലാരും കടുവയെ പൊതിഞ്ഞിരിക്കാണ്. ഒരുമാതിരി ചക്കക്കൂട്ടാൻ കണ്ടപോലെ.

പുള്ളിക്കാരൻ അവരോടു സംസാരിക്കുന്നുണ്ടെങ്കിലും നോട്ടം മുഴുവനും എന്നെയും അച്ചുവേട്ടനെയുമാണ്. ആ മുഖത്തേക്കൊന്ന് നോക്കിയപ്പോൾ എന്നെ നോക്കി പേടിപ്പിക്കാണ്. ഞാനൊരു ചിരിയങ്ങ് പാസ്സാക്കി.

അല്ലാതെന്ത് ചെയ്യാൻ. ഈശ്വര .. ഇന്നിനി എത്ര ചെടിച്ചട്ടികളാണാവോ പൊട്ടിചിതറാൻ പോണത്. ആവോ? എന്നെയിങ്ങനെ പേടിപ്പിക്കണ നേരം തന്റെ കോഴികൂട്ടുക്കാരനെ പിടിച്ചു എവിടെലുമൊന്ന് പ്രതിഷ്ഠിക്ക് മനുഷ്യ. ഹും….

എങ്ങനെ പോയാലും എന്റെ നെഞ്ചത്തോട്ടാണല്ലോ എല്ലാം കൂടി വരുന്നത്. ഒരു വഴി കാണിച്ചുതരണേ കൃഷ്ണ….
ഞാൻ രാധൂനെ തോണ്ടിവിളിച്ചു.

“ടി നമുക്ക് തൊഴാൻ പോവാം. ”

“ഹാ.. എന്താ പ്രിയകുട്ടിക്ക് ഇത്ര ധൃതി. അച്ചുവേട്ടനും തോഴനുണ്ട്. ഒരുമിച്ചു തൊഴാന്നെ. ”

കോഴയാണ് മറുപടി തന്നത്.
അവന്റെയൊരു പിയക്കുറ്റി. ഇവനെ ഇന്ന് ഞാൻ…..
ഞാൻ രാധൂനെ ദയനീയമായൊന്ന് നോക്കി.

“ഞങ്ങൾ പോവാ ഏട്ടാ. ദീപം തെളിയിക്കണം . ”

എന്റെ അവസ്ഥ രാധൂന് മനസിലായെന്ന് തോന്നുന്നു.

“എന്നാ വാടാ നമുക്കും തൊഴുതിട്ട് വരാം. മൗലി വാടാ. ”

ഹരിയേട്ടൻ എല്ലാരേം വിളിച്ചു ആൽത്തറയിൽ നിന്നെണീറ്റു. എണീറ്റ് നിവർന്ന ഹരിയേട്ടന്റെയും ചന്ദ്രുവേട്ടന്റെയും മുഖം ദേഷ്യംകൊണ്ട് ചുവക്കുന്നത് കണ്ടു. ഒപ്പം ചന്ദ്രവേട്ടന്റെ കൈകൾ ഹരിയേട്ടനിൽ പിടിമുറുക്കുന്നതും.

ഇത്രയും നേരം ചിരിച്ചു കളിച്ചു എന്നോട് ഒലിപ്പിച്ചോണ്ട് നിന്നിരുന്ന അച്ചുവേട്ടന്റെ മുഖത്തും ദേഷ്യം തന്നെ. അവരുടെ നോട്ടം പിന്തുടർന്ന് എന്റെ കണ്ണുകളും ആ ദിശയിലേക്ക് സഞ്ചരിച്ചു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8