Sunday, April 28, 2024
Novel

പ്രണയകീർത്തനം : ഭാഗം 8

Spread the love

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Thank you for reading this post, don't forget to subscribe!

തറവാട്ടിലേക്കുള്ള യാത്രയിൽ കീർത്തന തീർത്തും മൂകയായിരുന്നു..
ട്രെയിനിന്റെ വിൻഡോയിലേക്കു തലചാരിവെച്ചു കണ്ണടച്ചു അവളിരുന്നു…

ഇപ്പോൾ ഇരുട്ടാണ് ഇഷ്ടം…ഒന്നും കാണണ്ടല്ലോ…
കണ്ണടച്ചു ഇരുട്ടാക്കിയാലും ചിലർ മുന്നിൽ നിന്നു പോകില്ല…
മുന്നിൽ വന്നു കൊഞ്ഞനം കുത്തി നിൽക്കും…

അവൾ കണ്ണുകൾ ഒന്നുകൂടി മുറുക്കിയടച്ചു…
അപ്പോൾ ധാരാളം കണ്പീലികൾ അവളെ വന്നു ആലോസരപ്പെടുത്താൻ തുടങ്ങി..

അവൾ ഒന്നിളകിയിരുന്നു..

ഒരു കരതലം നെറുകയില് തലോടിയപ്പോൾ അവൾ മിഴികൾ വലിച്ചുതുറന്നു…

അപ്പച്ചിയാണ്…

“എന്തു പറ്റിയെടാ… ഒരു മൂഡ് ഓഫ്…”

“ഒന്നൂല്ല അപ്പച്ചി…”അവൾ ചിരിക്കാൻ ശ്രെമിച്ചു…

“ചിന്നുചേച്ചിക്കു തിങ്കളാഴ്ചത്തെ പരീക്ഷ ഓർത്തുള്ള പേടിയാമ്മേ” ഋതു പറഞ്ഞു…

“അതിനെന്താ അവിടെ ചെന്നിട്ട് പടിക്കാല്ലോ..”അപ്പച്ചി പറഞ്ഞു…

വീണ്ടും ട്രെയിനിന്റെ ശബ്ദത്തോടൊപ്പം മുന്നോട്ട്…

ഉച്ചയോടെ പേഴുംപാറയിലെ കളരിക്കൽ തറവാട്ടിലെത്തി..

കീർത്തനയുടെ അച്ഛന്റെ പേരിലാണ് തറവാട്..

വീടും തൊടിയും പാടശേഖരവുമോക്കെ അടങ്ങുന്ന ഭാഗം നോക്കിനടത്തുന്നത് അവരുടെ ഒരു അകന്ന ബന്ധുവായ സേതുവേട്ടനാണ്..

സേതുവേട്ടനും ഭാര്യ ഗീതേച്ചിയും മക്കളായ ഗായത്രിയും ഗാഥയും തൊട്ടടുത്തുള്ള വീട്ടിൽ തന്നെയാണ് താമസിക്കുന്നത്…

അവർ ചെന്നു കുളിച്ചു വന്നപ്പോഴേക്കും ഗീതേച്ചി ഭക്ഷണവുമായി വന്നു…

എല്ലാവരും കൂടി കുറെ നാളുകൾക്കു ശേഷം ഒത്തുകൂടുകയായിരുന്നു…അതിന്റെ ചിരിയും ബഹളവും സന്തോഷവുമൊക്കെയായി അന്നത്തെ ദിവസം കടന്നുപോയി…

പിറ്റേദിവസം ശെനിയാഴ്ച…

രാവിലെ ഋതു വന്നു കീർ്‌ത്തനയെ അമ്പലത്തിൽ പോകാൻ വിളിച്ചെങ്കിലും അവൾ പഠിക്കാനുണ്ട്,വൈകുന്നേരം ദീപാരാധനക്ക് കൂടാം എന്നു പറഞ്ഞു ഒഴിഞ്ഞുമാറി…

രാജലക്ഷ്മിയും ഗീതേച്ചിയും അടുക്കളയിൽ തിരക്കിട്ട പണിയിലാണ്…

പെണ്കുട്ടികള് മൂന്നുപേരും കൂടി അമ്പലത്തിൽ പോയി..

കീർത്തന ഒരു ബുക്കും എടുത്തു തെക്കെതോടിയിലേക്കു നടന്നു..

അവിടെ മൂവാണ്ടൻ മാവിന്റെ താഴെ വെറും നിലത്തു അവൾ ബുക്കും തുറന്നു വെച്ചിരുന്നു…

അക്ഷരങ്ങളിലേക്കു നോക്കുന്നുണ്ടെങ്കിലും മനസ്സ് എങ്ങോ ആയിരുന്നു..

ആരൊക്കെയോ അവളെ കളിയാക്കി ചിരിക്കുന്നു…
ആരോക്കെയോ ചേർന്നു അവളെ വിഡ്ഢി വേഷം കെട്ടിക്കുന്നു..
ആരൊക്കെയോ അവളെ നോക്കി കൊഞ്ഞനം കുത്തുന്നു…

മിഴികൾ അറിയാതെ നിറഞ്ഞു വരുന്നുണ്ടായിരുന്നു…

ഒരുവേള അതു പിടിച്ചുനിർത്താനാവാതെ ശക്തമായ തേങ്ങലിനൊപ്പം പുറത്തേക്കു വമിച്ചു..
കണ്ണുനീർ വീണു അക്ഷരങ്ങൾ കുതിർന്നപ്പോൾ കരൾ പറിയുന്ന വേദനയോടെ അവൾ ബുക് അടച്ചു വെച്ചു…

വീണ്ടും ഓർമയുടെ തീച്ചൂളയിലേക്കു മനസു പാറിപ്പോയി..

അപ്പച്ചിയുടെ വിളിയാണ് അവളെ അതിൽ നിന്നും ഉണർത്തിയത്…

****************************************
തറവാട്ടിലേക്ക് പോകാൻ ഹാഫ് ഡേ ലീവ് എടുത്തു വീട്ടിൽ വന്നു ഒന്നു ഫ്രഷ് ആയി ഇറങ്ങാൻ തുടങ്ങുകയായിരുന്നു രോഹിത്…

അപ്പോഴാണ് ഗേറ്റും കടന്നു വരുണിന്റെ കാർ വന്നു നിന്നത്..

ബാഗും തൂക്കി നിൽക്കുന്ന രോഹിതിനെ കണ്ടു വരുണ് ചോദിച്ചു..

“നീയിന്നു ലീവാണോ”

“ആഹ് തറവാട്ടിൽ ഉത്സവം…പോകുവാ..അവരൊക്കെ പോയി…അച്ഛൻ മാത്രേ ഉള്ളൂ.”

“നീയെപ്പോ എത്തി?”ബാംഗ്ലൂർന്നു…”

“എത്തിയതെയുള്ളൂ…കുറച്ചു നേരമായി…ഇവിടടുത് ഒരിടം വരെ വന്നതാ…അപ്പൊ ഇവിടെ കൂടെ കയറാം എന്നു വിചാരിച്ചു..”

“ഏതായാലും നീ വന്നതല്ലേ എന്നെയൊന്നു ബസ്സ്റ്റാൻഡിൽ വിട്ടേക്ക്..”

“വാ കയറു”..വരുണ് കാർ തിരിച്ചു…

****************************************

വൈകുന്നേരം…

ആറുമണി ആയപ്പോൾ എല്ലാവരും അമ്പലത്തിൽ പോകാനൊരുങ്ങി..

ഇനി ദീപാരാധനയും എഴുന്നെള്ളിപ്പും വെടിക്കെട്ടുമൊക്കെ കഴിഞ്ഞു രാത്രിയെ മടക്കമുള്ളു…പറ്റുമെങ്കിൽ ഗാനമേള കൂടി കേട്ടിട്ടെ പോരൂ…

സാധാരണ ഒരു ചുരിദാറും ഇട്ട് മുടിയൊക്കെ വെറുതെ പിന്നി ഇട്ട് നിൽക്കുന്ന കീർത്തനയെ കണ്ടു ഗീതേച്ചിയുടെ മോള് ഗായത്രി ചോദിച്ചു

“ചിന്നൂ…എന്താ ഈ വേഷത്തിൽ..ഒന്നു ഒരുങ്ങഡോ..”

“ഓ…ഇതുമതി”..

“താനിങ് വന്നേ”ഗായത്രി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവരുടെ വീട്ടിലേക്കു പോയി…

അവളുടെ മുറിയിൽ ചെന്നു അലമാര തുറന്നു ഒരു കവറിലിരുന്ന ബ്ലാക്കിൽ സ്വർണക്കരയുള്ള ദാവണി എടുത്തു കൊടുത്തു..

“എന്റേതിടാൻ ബുദ്ധിമുട്ടില്ലെങ്കിൽ ഇതിടൂ”…

“ഇടാൻ പ്രയാസമുണ്ടായിട്ടല്ല..അതു വേണോ”?..

“വേണം… തനിക്കെന്തു പറ്റി.. മുൻപ് വന്നപ്പോൾ ഇങ്ങനല്ലാരുന്നല്ലോ?”..

“ഏയ് ഒന്നൂല്ല..”

അവൾ ദാവണി ഉടുത്തു..

ഗായത്രി അവളുടെ മുടി വിതർത്തിട്ടു..അതിൽ മുല്ലപ്പൂ ചൂടി കൊടുത്തു…കണ്ണിൽ കരിമഷി എഴുതി കൊടുത്തു…

കണ്ണാടി അവളുടെ മുഖത്തിനു നേരെ കൊണ്ടു വന്നു…

“ദാ നോക്ക്…ഇപ്പൊ സുന്ദരിയായില്ലേ…”

കീർത്തന ചിരിച്ചു…

അവർ അമ്പലത്തിൽ ചെന്നു ദീപാരാധന തൊഴുതു… കുറച്ചു സമയം എവിടെങ്കിലും ഇരിക്കാം എന്നും പറഞ്ഞു രണ്ടു മൂന്നു കുമ്പിൾ കപ്പലണ്ടി വറുത്തതും വാങ്ങി ഒരു കോണിൽ പോയി ഇരുന്നു…

“നല്ല തിരക്കുണ്ട് അല്ലെ.”..രാജലക്ഷ്മി ഗീതേച്ചിയോട് ചോദിച്ചു…

“ഒരു ആഖോഷങ്ങളും ഇപ്പൊ ആരും മുടക്കാറില്ലല്ലോ…” അവർ മറുപടി നൽകി..

കുറച്ചു കഴിഞ്ഞപ്പോൾ ഋതുവിന്റെ തോളിൽ പിടിച്ചമർത്തി കൊണ്ട് ഒരാൾ അവരുടെ അടുത്തേക്കിരുന്നു…

“ആഹ്…രോഹിതേട്ടൻ എത്തിയോ”

ഋതു പറയുന്നത് കേട്ടാണ് കീർത്തന തലയുയർത്തി നോക്കിയത്..

രോഹിതേട്ടനോടൊപ്പം തൊട്ടടുത്തിരിക്കുന്നു ഉണ്ണ്യേട്ടൻ..

ബ്ളാക് ഷർട്ടും ബ്ളാക് കരയുള്ള മുണ്ടും ആണ് വേഷം….

രോഹിതേട്ടന്റെ ഷർട്ട് ആണത്…

“ആഹ്..വരുണ്കുട്ടാ…മോനും പൊന്നോ”?അപ്പച്ചിയുടെ വാത്സല്യം പൊഴിയാൻ തുടങ്ങി..

ഉണ്ണ്യേട്ടൻ ചിരിച്ചു കൊണ്ട് എന്നെ പാളി നോക്കി…

“എല്ലാവരും കൂടി ചിരിയും ബഹളവുമായി..”
കീർത്തന വല്യ താൽപര്യമില്ലാത്ത രീതിയിൽ മണ്ണിൽ കളം വരച്ചിരുന്നു…

ഇടക്ക് ഒന്നു മിഴികളുടക്കിയപ്പോൾ അവൻ പുരികമുയർത്തി എന്താന്നു ചോദിച്ചു…

അവൾ മറുപടിയൊന്നും പറയാതെ മിഴികൾ താഴ്ത്തിയിരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ ഗീതേച്ചിയുടെ ഇളയ മോള് ഗാഥ രോഹിത്തിന്റെ കയ്യിൽ തൂങ്ങി…എട്ടാം ക്ലാസ്സിലാണ് അവൾ പഠിക്കുന്നത്…

“ഏട്ടാ വളയും മാലയുമൊക്കെ വാങ്ങി താ”…

“ഏട്ടാ എനിക്ക് കോളിഫ്ലവർപൊരിച്ചത്..ഋതു ഏറ്റുപിടിച്ചു..

“എന്നാ എല്ലാം വാ..ഇനി വാങ്ങിതന്നില്ലെന്നും പറഞ്ഞു അടിയുണ്ടാക്കണ്ട…”രോഹിത് എഴുന്നേറ്റു…വരുണും..

“ചിന്നു..നീ വരുന്നില്ലേ”?രോഹിത് ചോദിച്ചു..

“ഇല്ലേട്ടാ…”ഞാനില്ല…

“ഇങ്ങോട്ട് വന്നേ.”..ഋതു വന്നു അവളെ ബലമായി പിടിച്ചെഴുന്നേല്പിച്ചു…

നല്ല തിരക്കായിരുന്നു..

രോഹിത് ഗാഥകുട്ടിയുടെ കയ്യിൽ പിടിച്ചു മുൻപേ നടന്നു ..തൊട്ടുപുറകിൽ വരുണും..

അവന്റെ പുറകിൽ ഗായത്രിയും ഋതുവും കൂടി സംസാരിച്ചുകൊണ്ട് നടക്കുന്നു…

ഏറ്റവും പുറകിലായി കീർത്തനയും…

ഇടക്ക് ഒന്നു തിരിഞ്ഞു നോക്കിയ വരുണ് അവൾ ഒറ്റക്ക് നടക്കുന്നത് കണ്ടു..

അവൻ സൈഡിലേക്ക് ഒതുങ്ങി നിന്നു..അവൾ മറികടന്നു കഴിഞ്ഞപ്പോൾ അവളുടെ പുറകിലായി നടന്നു…

അവൾ എന്തൊക്കെയോ ആലോചിച്ചു നടക്കുകയായിരുന്നു…

ഇടക്ക് കുറെ ആണ്കുട്ടികള് തിരക്ക് കൂട്ടി വന്നപ്പോൾ അവനുമായി അവൾ കൂട്ടിമുട്ടി…

വേഗം തന്നെയവൾ നീങ്ങി നടന്നു..

വീണ്ടും തിരക്കനുഭവപ്പെട്ടപ്പോൾ അവൻ പറഞ്ഞു…

“ചിന്നു…ഇങ്ങോട്ട് നീങ്ങി നടക്ക്..അവരെ മുട്ടുന്നതിലും നല്ലത് എന്നെ മുട്ടുന്നതല്ലേ…”

അവൾ അത് കേട്ടതായി പോലും ഭാവിച്ചില്ല…

വരുണ് വേഗം അവളുടെ അപ്പുറത്തെ വശത് വന്നു നടന്നു..

അപ്പോഴാണ് രണ്ടു ദിക്കിൽ നിന്നും വാദ്യമേളങ്ങളും ഗരുഡൻ പയറ്റുമൊക്കെയായി താലപ്പൊലി വന്നത്….

ആ തിരക്കിനിടയിൽ രോഹിതും പെണ്കുട്ടികളുമായിട്ടു വരുണും കീർത്തനയും കൂട്ടം പിരിഞ്ഞു പോയി..

വരുണ് കുറേനേരം നോക്കിയിട്ടും അവനെ കണ്ടില്ല…വിളിച്ചു നോക്കിയിട്ടും കിട്ടിയില്ല…

തിരക്ക് നന്നായി കൂടുന്നുണ്ടായിരുന്നു…

അവൻ ഒരു വിധത്തിൽ അവളുമായി നടന്നു…

ഒരു വളക്കടയുടെ അടുത്തു ചെന്നപ്പോൾ അല്പംതിരക്ക് കുറവ് തോന്നി…

അവൻ അവളുടെ കയ്യിൽ ബലമായി പിടിച്ചു കടയുടെ ഒരു കോണിലേക്കു മാറ്റി നിർത്തി..

അധികം വെട്ടമില്ലാത്ത ഒരു സ്ഥലം..ആരും പെട്ടെന്ന് ശ്രെദ്ധിക്കില്ല..

“നിനക്കെന്താ പറ്റിയെ”..?

അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു..

അവൾ മിഴികൾ താഴ്ത്തി നിന്നു…””ആ നോട്ടം താങ്ങാൻ വയ്യ!!..””

—–അത് ആദ്യം കണ്ടപ്പോൾ മുതൽ അങ്ങനാണല്ലോ..ഇപ്പോഴും മാറ്റമൊന്നുമില്ല….അതുപോലെ തന്നെ…മാറ്റമില്ലാത്ത ഒരേ ഒരു കാര്യം!!———

“ചിന്നൂ…”ഇങ്ങോട്ട് നോക്ക്..”

അവൾ അവന്റെ മുഖത്തേക്ക് നോക്കി…ആ കണ്പീലികൾ ആണ് ആദ്യം കണ്ടത്…

അവൾ അതിൽ നോക്കി നിന്നു…

എന്തിനെന്നറിയാതെ മിഴികൾ നിറയാൻ തുടങ്ങി…

കവിളുകളെ പൊള്ളിച്ചുകൊണ്ടു ഒരു തുള്ളി അടർന്നു വീണു…

“കരയല്ലേ…ഇത് കാണാനാണോ ഞാൻ ഇവിടെ വരെ വന്നത്”?

“എത്തിയതെ ഉണ്ടായിരുന്നുള്ളൂ…നിന്നേകാണാനായി വീട്ടിൽ ചെന്നപ്പോൾ ആണ് രോഹിത് ഇങ്ങോട്ടു പോരുന്നെന് അറിഞ്ഞത്…”

” നേരെ ഇങ്ങോട്ട് പൊന്നു…..ഇവിടെ വന്നപ്പോൾ നീ മിണ്ടുന്നുമില്ല…ഇതിനാണോ ഞാൻ ഓടി വന്നേ?”

അവൾക്കൊന്നും പറയാൻ പറ്റുന്നില്ലായിരുന്നു…

“കണ്ണുതുടക്…ഒരു കരച്ചിലുകാരി വന്നിരിക്കുന്നു…..ഇങ്ങനെ നേർവസ് ആകരുത് കേട്ടോ…”

“ദാവണിയൊക്കെ ഉടുത്തു ചുന്ദരി ആയിട്ടുണ്ടല്ലോ..കണ്ണെടുക്കാൻ തോന്നുന്നില്ലാട്ടോ”…അവൻ ചിരിയോടെ പറഞ്ഞു…

°°°°എന്തൊക്കെയാ എന്റെ മഹാദേവ….സത്യമാണോ ഈ പറയുന്നതൊക്കെ?°°°°°°ഈ ആളെ താനെങ്ങനാ അവിശ്വസിക്കാ….

സത്യമേതാ മിഥ്യ ഏതാ എന്നറിയാതെ അവൾ ഉഴറി…

ഒന്നവൾക്കു മനസിലായി…ഈ മുഖം കാണാതെ…ഈ സ്വരം കേൾക്കാതെ…ഈ നിശ്വാസം ഏൽക്കാതെ…തനിക്കു ജീവിക്കാൻ കഴിയില്ലെന്ന്….

ഈ ആൾ ഇല്ലെങ്കിൽ താനൊരു മരപ്പാവ മാത്രമായി പോകുമെന്നു….ശ്വാസം കിട്ടണമെങ്കിൽ ഈ ആൾ ഒരു ഇളം തെന്നലായി തന്നരികിൽ വേണമെന്ന്….

വീണ്ടും ആ കണ്ണുകൾ ജലസാഗരമായി..

പിറ്റേന്ന് ഉച്ചയോടെ അവർ തിരിച്ചു പോന്നു….

വരുണിന്റെ കാറിലാണ് പോന്നത്…

ഋതുവും രോഹിതും കൂടി എന്തൊക്കെയോ തമാശകൾ പറയുന്നുണ്ടായിരുന്നു…

കീർത്തന നിശ്ശബ്ദയായിരുന്നു…

പുറത്തെക്കു നോക്കി വ്യസനത്തോടെ ഇരിക്കുന്ന അവളെ വരുണ് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…

ഇടക്ക് മിററിലൂടെ മിഴികൾ കോർത്തപ്പോൾ അവൾ നോട്ടം മാറ്റി…

ഇനിയും ഒരിക്കൽ കൂടി ആ പീലികൾ കാണാതിരിക്കുവാനായി കണ്ണുകൾ പൂട്ടി അപ്പച്ചിയുടെ തോളിലേക് ചാഞ്ഞു…

****************************************ആശ ഹോസ്പിറ്റലിൽ ആണ്….നാളെയാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്….ഇന്നേ അഡ്മിറ്റായി….

എന്തിനും ഏതിനും സഹായത്തിനായി രാജലക്ഷ്മിയും അച്ചുവും അവരുടെ കൂടെ തന്നെയുണ്ട്…

ഏറെ കാത്തിരിക്കേണ്ടി വന്നില്ല… സന്ധ്യയോടെ അവൾ പ്രസവിച്ചു…
നല്ല മിടുക്കനൊരു ആണ്കുഞ്ഞു…

****************************************
കീർത്തനയുടെ അവസാനത്തെ മോഡൽ പരീക്ഷ…

ഉച്ചവരെയെ പരീക്ഷ ഉള്ളൂ…ഇപ്പൊ സ്ഥലമൊക്കെ പരിചയമായതിനാൽ…, രോഹിത്തിനു ഉച്ചക്ക് വിളിക്കാൻ വരാൻ ബുദ്ധിമുട്ടായതിനാൽ അവൾ തനിയെ ബസിൽ വരും…

അന്ന് കോളേജിൽ നിന്ന് ഇറങ്ങാൻ താമസിച്ചു…സ്ഥിരം പോകുന്ന ഡയറക്ട് ബസ് പോയ്‌പ്പോയി…ഇനിയിപ്പോ ചുറ്റി പോകുന്ന ബസാണ്…

സാരമില്ല…പത്തുമിനിറ്റ് കൂടുതൽ ഇരിക്കണം എന്നേയുള്ളൂ….അതിനു പോകാം….അവൾ വിചാരിച്ചു…

ഇനി പ്രാക്ടിക്കൽ ഒന്നുകൂടി ചെയ്തു നോക്കാൻ മാത്രേ കോളേജിൽ പോകേണ്ടതുള്ളൂ…അത് എന്നാണ് ചെല്ലേണ്ടത് എന്നു വാട്‌സ്ആപ്പിൽ അറിയിക്കാമെന്നാണ് ആനന്ദ് സാർ പറഞ്ഞിരിക്കുന്നെ…

അതും കൂടി കഴിഞ്ഞാൽ ഒന്നര മാസതോളം സ്റ്റഡിലീവാണ്..പിന്നെ പരീക്ഷ….

എന്തോക്കെയോ ആലോചിച്ചോണ്ട് നിന്നപ്പോൾ ബസ് വന്നു…

അവൾ കയറി ഒരു സൈഡ് സീറ്റിലിരുന്നു….

മനസ് പാറിപ്പാറി ദൂരെ ഏതോ മേച്ചിൽപ്പുറം തേടി പൊയ്ക്കൊണ്ടിരുന്നു….

ഏതൊക്കെയോ വളവു തിരിഞ്ഞു ബസ് ഒരു മെയിൻ റോഡിലേക്ക് കയറാൻ കിടക്കുകയാണ്….

അവളുടെ കണ്ണുകൾ പെട്ടെന്ന് എതിർവശത്തുള്ള മെഡിക്കൽസ്റ്റോറിന്റെ മുന്നിൽ നിൽക്കുന്ന ആളിൽ പതിഞ്ഞു..

തിരിഞ്ഞു നിൽക്കുകയാണ്….

എങ്ങനെ നിന്നാലും..മുഖം മറച്ചു നിന്നാലും അവൾക്കു മനസിലാക്കാൻ പറ്റുന്ന ഒരേ ഒരാൾ…

വരുണ് ആയിരുന്നു അത്…

ഒരു കാഴ്ച കൂടി അവൾ കണ്ടു!!

മെഡിക്കൽ സ്റ്റോറിന്റെ കുറച്ചപ്പുറത്തേക്കു മാറ്റി വെച്ചിരിക്കുന്ന ബുള്ളറ്റിൽ ചാരി.. മൊബൈൽ നോക്കി കൊണ്ട്…., ഇടക്കിടെ അക്ഷമയോടെ വരുണിനെ തിരിഞ്ഞു നോക്കുന്ന സ്വപ്ന!!!

തുടരും

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3

പ്രണയകീർത്തനം : ഭാഗം 4

പ്രണയകീർത്തനം : ഭാഗം 5

പ്രണയകീർത്തനം : ഭാഗം 6

പ്രണയകീർത്തനം : ഭാഗം 7