ഹൃദയസഖി : ഭാഗം 11
എഴുത്തുകാരി: ടീന കൊട്ടാരക്കര
“അമ്മയെന്ത് പണിയാ കാണിച്ചത്.. നമ്മളെല്ലാം ഒന്ന് കൂടി ആലോചിക്കുക പോലും ചെയ്യാതെ സമ്മതമാണെന്ന് പറഞ്ഞുകളഞ്ഞല്ലോ ”
അഭിമന്യു പോയതിന് പിന്നാലെ രവീന്ദ്രൻ അമ്മയോട് കയർത്തു.
“ഇതിലെന്താ ഇത്രക്ക് കൂടിയാലോചിക്കാൻ ഉള്ളത് ” അവർ നിസ്സാരമായി ചോദിച്ചു
” നമ്മളൊന്ന് ആലോചിച്ചിട്ട് വിവരം അറിയിക്കാമെന്ന് പറഞ്ഞാൽ മതിയായിരുന്നു. ഉടനടി സമ്മതം പറയേണ്ടിയിരുന്നില്ല ” സതീശനും രവീന്ദ്രനെ അനുകൂലിച്ചു സംസാരിച്ചു.
” നിങ്ങൾക്ക് സമ്മതക്കുറവ് ഉണ്ടോ ” നാരായണിയമ്മ ചോദിച്ചു
” അങ്ങനെയല്ല അമ്മേ .. പക്ഷെ പെട്ടന്നൊരു കല്യാണമെന്നു പറയുമ്പോൾ… അവൾ പഠിക്കുവല്ലേ.. അതൊക്കെ കഴിഞ്ഞ് ആലോചിച്ചാൽ പോരെ.. മാത്രവുമല്ല ഒരു വിവാഹാലോചന ആകുമ്പോൾ എല്ലാത്തിലുമുപരി ചെക്കന്റേയും പെണ്ണിന്റെയും മനസിലെ താല്പര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടേ? രണ്ടു പേർക്കും ഇഷ്ടമാണോന്ന് നോക്കണ്ടേ? ”
മുൻപത്തെ ഒരു അനുഭവം മനസിലുള്ളത് കൊണ്ട് രവീന്ദ്രൻ ചോദിച്ചു. വിവാഹം ചെയ്യാൻ പോകുന്നവരുടെ ഇഷ്ടം കണക്കിലെടുക്കാതെ മുതിർന്നവർ സ്വന്തം ഇഷ്ടം നടപ്പിലാകുന്നതിനോട് അയാൾക്ക് യോജിക്കാൻ കഴിഞ്ഞില്ല.
ശ്രാവണിന് വേണ്ടി മീനാക്ഷിയെ വിവാഹം ചെയ്യിക്കാമെന്നു വാക്ക് കൊടുത്തതും അതിന് പിന്നാലെ മീനുവിന്റെ മനസ്സിൽ ഹരി സ്ഥാനം പിടിച്ചിരുന്നത് തിരിച്ചറിഞ്ഞതുമെല്ലാം അയാളുടെ മനസിലേക്ക് പെട്ടന്ന് പാഞ്ഞെത്തി. പെട്ടന്നൊരു ആലോചന വന്നപ്പോൾ മനസുകൊണ്ട് താല്പര്യം ഉണ്ടെങ്കിലും കൃഷ്ണയ്ക്ക് പൂർണ സമ്മതം ആണെങ്കിൽ മാത്രം ഇതുമായി മുന്നോട്ട് പോകാമെന്നുള്ള ഉറച്ച തീരുമാനത്തിൽ ആയിരുന്നു അയാൾ.
“ആ പയ്യന് താല്പര്യം ഉള്ളത്കൊണ്ടാണല്ലോ നമ്മളോടീകാര്യം തുറന്ന് പറഞ്ഞത്. പിന്നെ കൃഷ്ണവേണി അവൾക്ക് സമ്മതം ആണെങ്കിലും അല്ലെങ്കിലും ഈ കല്യാണം തന്നെ നടക്കും ” നാരായണിയമ്മ ചുണ്ടുകൾ കൂർപ്പിച്ചു പറഞ്ഞു.
അമ്മ എന്താ പറയുന്നതെന്ന് മനസിലാകാതെ സതീശൻ രവീന്ദ്രനെ നോക്കി. അയാളും അമ്മ എന്താ ഉദ്ദേശിക്കുന്നതെന്ന് അറിയാതെ നിൽപ്പാണ്. രണ്ടുപേരുടെയും മുഖഭാവം ശ്രെധിച്ചുകൊണ്ട് അവർ തുടർന്നു.
“പഠിപ്പൊക്കെ കല്യാണം കഴിഞ്ഞും ആകാം. എന്നാൽ ഉടനെ കല്യാണം നടത്തുന്നതാണ് നല്ലത്.. അല്ലെങ്കിൽ അത് ഇവളുടെ ജീവിതത്തെ തന്നെയാകും ബാധിക്കുക ”
“ആ പയ്യൻ തന്നെ ഇങ്ങനെയൊരു ആലോചന മുന്നോട്ട് വെച്ച സ്ഥിതിക്ക് ഇനിയെന്തിനാ താമസിപ്പിക്കുന്നത്. അല്ലെങ്കിൽ തന്നെ അവനുമായി അടുപ്പമുണ്ടെന്ന് നാട്ടുകാരെല്ലാം അറിഞ്ഞ പെണ്ണിനെ കെട്ടാൻ വേറെ ആര് വരും?
നാരായണിയമ്മയുടെ ചോദ്യത്തിൽ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകും അവർ പിന്നെയൊന്നും പറഞ്ഞില്ല. ശോഭയും സുഭദ്രയും അമ്മ പറയുന്നതാണ് ശെരി എന്ന അർത്ഥത്തിൽ തലകുലുക്കി .
കൃഷ്ണയ്ക്കും അക്കാര്യം ബോധ്യമായിരുന്നു. അഭിമന്യുവുമായി അടുപ്പമുണ്ടെന്ന് നാട്ടുകാരുടെ മുന്നിൽ തെളിയിക്കപ്പെട്ടതു കൊണ്ട് തനിക്കും അയാൾക്കും മറ്റൊരു വിവാഹജീവിതം സാധ്യമല്ല എന്നതു ഒരു വസ്തുത തന്നെയാണ്.
സത്യമാണെന്നു അറിയാമായിരുന്നിട്ടും അംഗീകരിക്കാൻ മനസിന് മടിയുള്ളത് പോലെ.
അവൾക്ക് പെട്ടന്ന് അഭിയെ ഓർമ വന്നു. അവൻ ചെയ്തതിൽ എന്താണ് തെറ്റെന്നു കണ്ടെത്താൻ അവളുടെ മനസ് വെമ്പൽ കൊണ്ടു. കുറച്ചു നേരം സ്വയം മനസിനോട് വാദപ്രതിവാദം നടത്തിയെങ്കിലും അതിൽ അഭി കുറ്റക്കാരൻ അല്ലെന്നു തെളിഞ്ഞു നിന്നു.
താൻ സ്വയം അയാളുടെ മേൽ കുറ്റം ആരോപിക്കുകയാണ്. താനും മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല. തന്റെയും അയാളുടെയും ഭാവിയെ കരുതിയാകം ഇങ്ങനെയൊരു കല്യാണാലോചന അയാൾ മുന്നോട്ട് വെച്ചതെന്നു അവൾ കരുതി . അഭിയ്ക്ക് തന്നെ ഇഷ്ട്ടമാണ് എന്ന സത്യത്തേക്കാൾ അവൾക്ക് വിശ്വസിക്കാൻ ഇഷ്ടം അതായിരുന്നു. !
മനസിലെ ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടു മുഖം ഉയർത്തി നോക്കിയപ്പോഴും രവീന്ദ്രനും സതീശനും അമ്മയുമായി തർക്കം നടക്കുകയാണ്. ഹരിയേട്ടൻ അവരുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. യദുവും യാദവും നാരായണിയമ്മയെ അനുകൂലിച്ചു സംസാരിച്ചു.
നേരിട്ട് ഇടപെട്ടില്ലെങ്കിൽ പോലും മറ്റു പലരുടെയും മനസിലും ഈ കല്യാണം തന്നെ നടക്കണം എന്നാണ് ആഗ്രഹം എന്നവൾക്ക് മനസിലായി .
“ഹരിയുടെയും മീനാക്ഷിയുടെയും കല്യാണം നമ്മൾ നടത്താൻ തീരുമാനിച്ചിരിക്കയല്ലേ.. അതോടൊപ്പം ഇവളുടെയും നടത്താം..എന്തായാലും കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് വെച്ച് താമസിപ്പിക്കേണ്ട. അടുത്ത മാസത്തിനു ഉള്ളിൽ തന്നെ അതങ്ങു കഴിയട്ടെ ” കുറെ നേരത്തെ സംസാരങ്ങൾക്ക് ഒടുവിൽ ഒരു ആജ്ഞാസ്വരത്തിൽ നാരായണിയമ്മ പറഞ്ഞു.
പിന്നീട് എതിർപ്പുകളും മുറുമുറുക്കലും ഒന്നും തന്നെ ഉണ്ടായില്ല.
അമ്മയുടേത് തറവാട്ടിലെ അവസാനവാക്ക് ആണെന്ന് കൃഷ്ണയ്ക്ക് അറിയാമായിരുന്നു. രവീന്ദ്രനും സതീശനും ഇടയ്ക്ക് അവളെ നോക്കി. അതിൽ ഒരു അപേക്ഷ സ്വരം ഉള്ളത് പോലെ അവൾക്ക് തോന്നി. വിവാഹത്തിന് താനായി ഇനി എതിർപ്പ് പറയരുതെന്ന പോലെ.
അവൾ ഹരിയെ നോക്കി.
അവൻ മീനാക്ഷിയുമായി മൗന സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കയായിരുന്നു. അടുത്ത മാസം കല്യാണം നടത്താമെന്നു പറഞ്ഞു കേട്ടതും ഇരുവരുടെയും മുഖം തെളിഞ്ഞു വന്നത് അവൾ നേരിട്ട് കണ്ടതാണ്. സന്തോഷത്തിന്റെ അതിപ്രസരം ഇരുവരിലും അവൾക്ക് കാണാമായിരുന്നു.
രവീന്ദ്രൻ മെല്ലെ അവൾക്കരികിലേക്ക് എത്തി.
“മോളെ…അഭിമന്യുവുമായുള്ള വിവാഹത്തിന്… ”
“എനിക്ക് സമ്മതമാ അച്ഛാ ”
അയാൾ ചോദിച്ചു തീരുന്നതിനു മുൻപ് തെല്ലും ആലോചിക്കാതെ അവൾ മറുപടി നൽകി.
എന്ത്‌കൊണ്ടാണ് താൻ അങ്ങനെ പറഞ്ഞതെന്ന് അവൾക്ക് അറിയില്ലായിരുന്നു.മീനാക്ഷിയുടെയും ഹരിയുടെയും മുഖം മനസിലേക്ക് ഓടിയെത്തിയപ്പോൾ പറഞ്ഞു പോയതാണ്.
തനിക്ക് സമ്മതം അല്ലെന്ന് പറഞ്ഞാൽ അതിന്റെ പേരിൽ പലവിധ ചർച്ചകൾ വീണ്ടും ഉണ്ടാകും. കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരും. ചിലരുടെയെങ്കിലും പരിഹാസത്തിനും ആക്ഷേപത്തിനും ചെവികൊടുക്കേണ്ടി വരും. അതിനേക്കാൾ ഉപരി ഇപ്പോൾ നിറഞ്ഞ സന്തോഷത്തിൽ നിൽക്കുന്ന ഹരിയേട്ടന്റെയും മീനു ചേച്ചിയുടെയും വിവാഹത്തിന് താനായി ഒരു തടസ്സം ആകും.
“മോൾ നന്നായി ആലോചിച്ചിട്ടാണോ ” സതീശൻ ചോദിച്ചു.
“അതെ.. സമ്മതമാണ് ” ശബ്ദം ഇടറാതെയിരിക്കാൻ പരമാവധി ശ്രേദ്ധിച്ചുകൊണ്ട് അവൾ പറഞ്ഞു. അതോടൊപ്പം ഹരിക്ക് നേരെ നേർത്തൊരു പുഞ്ചിരി നല്കാനും അവൾ മറന്നില്ല.
തന്നോട് സമ്മതം ചോദിക്കുമ്പോഴും സതീശനും രവീന്ദ്രനും ഒരുപോലെ മനസാലെ തന്റെയും അഭിമന്യുവിന്റെയും വിവാഹം ആഗ്രഹിക്കുന്നു എന്ന് കൃഷ്ണയ്ക്ക് തോന്നി.
ഒരുപക്ഷെ കൃഷ്ണയുടെ മനസ് അവർ തൊട്ടറിഞ്ഞത് കൊണ്ടാകും, ഹരിയുടെയും മീനാക്ഷിയുടെയും ഒപ്പം കൃഷ്ണയ്ക്കും ഒരു ജീവിതം കിട്ടണമെന്ന് അവർ ആഗ്രഹിച്ചത്. രവീന്ദ്രനും സതീശനും മാത്രമായുള്ള ചർച്ചയിൽ അവരത് സംസാരിക്കയും ചെയ്തിരുന്നു.
കൃഷ്ണ സമ്മതം അറിയിച്ചത് കൊണ്ട് തുടർന്നു വേറെ ചർച്ചകൾ ഒന്നും നടന്നില്ല. അവളുടെ ഉള്ള് കാണാൻ ആർക്കും കഴിഞ്ഞിരുന്നുമില്ല. ഹരിയ്ക്ക് പോലും അതിനു സാധിച്ചില്ലല്ലോ എന്ന് കൃഷ്ണ അത്ഭുതത്തോടെ ആലോചിച്ചു.
പിന്നെയെല്ലാം വളരെ പെട്ടന്ന് തന്നെ നടന്നു. രവീന്ദ്രൻ അഭിമന്യുവിന്റെ വീട്ടുകാരുമായി കാര്യങ്ങൾ സംസാരിച്ചു. ഇരു കൂട്ടർക്കും താല്പര്യം ആയ സ്ഥിതിക്ക് എത്രയും വേഗം വിവാഹം നടത്താമെന്നു തീരുമാനം ആയി.
പെണ്ണുകാണൽ ചടങ്ങ് നടത്താം എന്ന് തീരുമാനിക്കുകയും അതിനായി തൊട്ടടുത്ത ദിവസം തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു.
കൃഷ്ണയെക്കാണാൻ അഭിയും വീട്ടുകാരും വരുന്നത് പ്രമാണിച്ച് ഹരി ലീവെടുത്തു രാവിലെ തന്നെ ചെമ്പകശ്ശേരിയിൽ എത്തിയിരുന്നു. കൃഷ്ണയെ ഒരുക്കാനായി ധന്യയും ധ്വനിയും അവളുടെ കൂടെ നിന്നു.
ഇളം പച്ച നിറത്തിലുള്ള ധാവണിയാണ് അവൾ ധരിച്ചിരുന്നത്. ഹരിയുടെ സെലെക്ഷൻ ആയിരുന്നു അത്. അധികം ചമയങ്ങൾ ഒന്നുമില്ലാതെ തന്നെ അവൾ ഒരുക്കം പൂർത്തിയാക്കി.
“നീയെന്താ ഈ ആഭരണങ്ങൾ ഒന്നും ധരിക്കാഞ്ഞത് ” അവിടേക്ക് കയറിവന്ന ഹരി ചോദിച്ചു.
“ഞങ്ങൾ പറഞ്ഞതാ ഹരിയേട്ടാ.. കേൾക്കണ്ടേ.ഇത്രയും മതിയെന്ന് പറഞ്ഞു നിൽക്കുവാ . ” ധന്യ പറഞ്ഞു
“അതെന്താ അങ്ങനെ ”
ചോദ്യത്തോടൊപ്പം ഹരി മാറ്റി വച്ചിരുന്ന സ്വർണവളകൾ എടുത്ത് അവളുടെ കയ്യിൽ അണിയിക്കാൻ തുടങ്ങിയതും അവൾ കൈകൾ പിൻവലിച്ചു. എന്താണെന്ന് അവൻ മുഖം ഉയർത്തി നോക്കി.
“വേണ്ട ഹരിയേട്ടാ.. എനിക്കിത് മതി ” അപ്പുറത്തായി മാറ്റി വെച്ചിരുന്ന കുപ്പിവളകളിലേക്ക് നോക്കി അവൾ പറഞ്ഞു.
“എങ്കിൽ ഞാൻ അണിയിച്ചു തരട്ടെ ”
നിറഞ്ഞ സ്നേഹത്തോടെയുള്ള അവന്റ ചോദ്യം കൃഷ്ണയ്ക്ക് നിഷേധിക്കാൻ ആയില്ല. അവൾ അറിയാതെ തന്നെ കൈകൾ നീണ്ടു. കുപ്പിവളകൾ ഓരോന്നായി അവൻ അണിയിച്ചു കൊടുത്തു.
ഹരിയുടെ നിർബന്ധപ്രകാരം ചെറിയൊരു മാലയും കൂടി ധരിച്ചു.
“ഇപ്പോൾ സുന്ദരി ആയി ” ഹരി അവളുടെ ഇരു കവിളുകളിലും പിടിച്ചു കൊണ്ട് പറഞ്ഞു. കൃഷ്ണ മെല്ലെയൊന്ന് പുഞ്ചിരിച്ചു.
“റെഡി ആയില്ലേ കൃഷ്ണേ.. അവരൊക്കെ എത്തിയിട്ടുണ്ട് ” മുറിയിലേക്ക് കടന്ന് വന്ന കാവ്യാ പറഞ്ഞു
“റെഡി ആയി ഏട്ടത്തി. ഞങ്ങൾ ഇറങ്ങുവാ ”
ഹരി കൃഷ്ണയുടെ തോളിൽ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
കാവ്യക്ക് പിന്നാലെ ധന്യയും ധ്വനിയും അതിനു പിറകിലായി ഹരിയും കൃഷ്ണയും മുറി വിട്ടിറങ്ങി.
മീനാക്ഷി ഒരു ട്രേയിൽ നിറയെ ചായക്കപ്പുകളുമായെത്തി കൃഷ്ണയ്ക്ക് നേരെ നീട്ടി. അവളതു വാങ്ങിക്കൊണ്ടു നേരെ പുറത്തേക്ക് ചെന്നു.
അഭിമന്യുവിനോടൊപ്പം വന്നവരെ ആരെയും അവൾക്ക് പരിജയം ഉണ്ടായിരുന്നില്ല. നാരായണിയമ്മയുടെ അനുവാദത്തോടെ അവൾ എല്ലാവർക്കും ചായ നൽകി.
അഭിമന്യുവിന് ചായ നൽകുമ്പോൾ അവരുടെ കണ്ണുകൾ തമ്മിലൊന്ന് ഇടഞ്ഞു. അവൻ പുഞ്ചിരിയോടെ ചായ എടുത്തു.
തിരികെയൊരു മങ്ങിയ പുഞ്ചിരി അവളും നൽകി.
(തുടരും )