Friday, January 3, 2025
Novel

ഹൃദയസഖി : ഭാഗം 10

എഴുത്തുകാരി: ടീന കൊട്ടാരക്കര


കൃഷ്ണ തന്റെ കൈകളെ അഭിമന്യുവിൽ നിന്നും വിടുവിച്ചു. അവൾ പതിയെ നടന്ന് അവർക്ക് അരികിലെത്തി. “അച്ഛാ ” അവൾ വിളിച്ചു തീർന്നതും രവീന്ദ്രന്റെ കൈ കൃഷ്ണയുടെ മേൽ പതിച്ചതും ഒന്നിച്ചായിരുന്നു.

“മിണ്ടരുത് നീ”

അയാൾ രൗദ്രഭാവത്തിൽ അവളെ നോക്കി.

” അച്ഛാ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല”

“മിണ്ടരുതെന്നാ പറഞ്ഞത് നിന്നോട്.. മറ്റുള്ളവർ പറഞ്ഞു അറിഞ്ഞാണ് ഇങ്ങോട്ടേക്ക് തിരിച്ചത്.

ഇവിടെ എത്തുന്നത് വരെയും കേട്ടതൊന്നും സത്യം ആക്കല്ലേ എന്ന് മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു ഞങ്ങൾ. എന്നാൽ……ഇപ്പോൾ എല്ലാം നേരിട്ട് കണ്ട് ബോധ്യമായി. ”

രവീന്ദ്രന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

സതീശനും അവളെ ദേഷ്യത്തോടെ നോക്കി. കൃഷ്ണ കവിൾ പൊത്തിപ്പിടിച്ചു നിറമിഴികളോടെ നിന്നു.

അഭിമന്യു തിടുക്കത്തിൽ നടന്ന് അവരുടെ അടുത്തേക്ക് എത്തി.

” നിങ്ങൾ തെറ്റിദ്ധരിക്കരുത്. യഥാർത്ഥത്തിൽ എന്താ സംഭവിച്ചതെന്ന് ഞാൻ പറയാം.”

അവൻ സൗമ്യതയോടെ പറഞ്ഞു

“വേണമെന്നില്ല. സ്വന്തം കണ്ണുകൾകൊണ്ട് കാണുകയും കാതുകൾ കൊണ്ട് കേൾക്കുകയും ചെയ്തതിൽ ഇനിയൊരു വിശദീകരണത്തിന് ആവശ്യമില്ല”

“പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കൂ. കൃഷ്ണ വേണി ഇക്കാര്യത്തിൽ തെറ്റുകാരിയല്ല. യഥാർത്ഥത്തിൽ സംഭവിച്ചത്..”

” ഞങ്ങൾക്ക് കേൾക്കേണ്ട എന്ന് പറഞ്ഞില്ലേ. ”

അഭിമന്യുവിനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ സതീശൻ ഇടയ്ക്ക് കയറി.

“ഉം.. കയറു ”

കാറിന്റെ ഡോർ തുറന്ന് അയാൾ കൃഷ്ണയെ നോക്കി. അവൾ ഒന്നും മിണ്ടാതെ അകത്തുകയറി. അവരും പിന്നാലെ കയറി. കാർ അതിവേഗത്തിൽ മുന്നോട്ടെടുത്തു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെയുള്ള കൃഷ്ണയുടെ മുഖം അഭിമന്യുവിൽ. നീറ്റൽ ഉളവാക്കി. അവരുടെ കാർ കണ്ണിൽ നിന്നു മറയുന്നത് വരെയും അവൻ നിശ്ചലനായി നിന്നുപോയി.

തിരികെയുള്ള യാത്രാവേളയിൽ ആരുമൊന്നും മിണ്ടിയില്ല. നടന്ന കാര്യങ്ങളിലൊക്കെയും അവർക്കു അതിയായ വിഷമവും ദേഷ്യവും ഉണ്ടെന്നു അവരുടെ പ്രവർത്തികൾ തെളിയിച്ചു.

മിതമായ വേഗതയിൽ മാത്രം കാറോടിക്കുന്ന രവീന്ദ്രൻ ആദ്യമായാണ് ഇത്രയും സ്പീഡിൽ ഡ്രൈവ് ചെയ്യുന്നത്. എതിരെ വരുന്ന വാഹനങ്ങളെ കൂസാതെയുള്ള അയാളുടെ ഡ്രൈവിങ് കൃഷ്ണയിൽ ഉൾഭയം ജനിപ്പിച്ചു.

അയാളുടെ ശരീരത്തിന് മേലുള്ള മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് കൃഷ്ണയ്ക്ക് ബോധ്യമായതും അവൾ ഭീതിയോടെ അയാളെ നോക്കി.

“അച്ഛാ… ”

ഉറക്കെയുള്ള അവളുടെ വിളിയിൽ രവീന്ദ്രനും സതീശനും ഒരുപോലെ ചിന്തകളിൽ നിന്നു മുക്തരായി.
കാർ സഡൻ ബ്രേക്കിട്ടു നിർത്തി.

അല്പം നേരം സീറ്റിലേക്ക് തല ചായ്ച്ചു വെച്ചു ഇരുന്നു. പതിയെ ഡോർ തുറന്നു സതീശൻ പുറത്തു ഇറങ്ങി. പിന്നാലെ രവീന്ദ്രനും.. അവരെ അൽപനേരം നോക്കിയതിനു ശേഷം കൃഷ്ണയും ഒപ്പം ഇറങ്ങി. റോഡിനു അരികിലായി നിന്നു.

വീണ്ടും മൗനം തളം കെട്ടിനിന്നു. ചുറ്റിനും ഇരുട്ടും നിശബ്ദതയും മാത്രം. നിശബ്ദതയെ ഭേദിച്ചുകൊണ്ട് കൃഷ്ണയുടെ തേങ്ങലുകൾ ഉയർന്നു വന്നു.

“എന്തിനാ നീ കരയുന്നത് ”

മൗനം വെടിഞ്ഞു രവീന്ദ്രൻ ചോദിച്ചു.

“അച്ഛാ ഞാനൊന്നും അറിഞ്ഞിട്ടില്ല.. ” അവൾ വിതുമ്പി.

“പിന്നെ ഞങ്ങൾ കണ്ടതെന്താഡീ . ആ പയ്യൻ പറഞ്ഞതിന്റെയൊക്കെ അർത്ഥം എന്താ…നീ അമ്പലത്തിലേക്കെന്നും പറഞ്ഞു ഇവിടെ വന്നതിന്റെ ഉദ്ദേശം എന്താ… അത്രയും നാട്ടുകാർ അവിടെ കൂടിയത് എന്ത്കൊണ്ടാ..പറയണം നീയിപ്പോൾ… അയാൾ കോപം കൊണ്ട് അലറി.

കൃഷ്ണ വിറച്ചു പോയി. ആദ്യമായാണ് ഇങ്ങനെയൊരു ഭാവം അവൾ കാണുന്നത്.
ഇരുവരുടെയും മുഖത്തു നോക്കാൻ ശേഷിയില്ലാതെ അവൾ നിന്നു കിതച്ചു.

“ഞാൻ.. പറയാം… ” അവളുടെ ശബ്ദം ദുർബലമായി.

എങ്ങനെ പറയണം എവിടെ നിന്നു തുടങ്ങണം എന്നവൾക്ക് അറിയില്ലായിരുന്നു. പറഞ്ഞാൽ ഉണ്ടാകുന്ന അവരുടെ പ്രതികരണം ഊഹിക്കാൻ പോലുമവൾക്ക് കഴിഞ്ഞില്ല. എങ്കിലും എവിടെനിന്നോ ലഭിച്ച മനോധൈര്യത്തിൽ അവൾ സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു.

ഹരിയ്ക്കു കൃഷ്ണയോടു ഉണ്ടായിരുന്ന ഇഷ്ടവും., അവൾക്ക് തിരികെ ഉണ്ടായിരുന്നിട്ടും തുറന്നു പറയാതെ മനസിന്റെ അടിത്തട്ടിൽ കുഴിച്ചു മൂടിയ ഇഷ്ടവും അതിന്റെയെല്ലാം തെളിവുകളായ ബുക്കുകളും അവ നശിപ്പിക്കാൻ പോയപ്പോൾ തുടർന്നുണ്ടായ സംഭവവികാസങ്ങളുമെല്ലാം.. !

എല്ലാം പറഞ്ഞു കഴിഞ്ഞതും അവൾ കരഞ്ഞു പോയിരുന്നു.

“ഞാൻ തെറ്റുകാരി അല്ല അച്ഛാ.. ”
ഇരുകൈകളാലും മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞു.
ഒരു കൈ ചുമലിൽ പതിച്ചപ്പോഴാണ് അവൾ മുഖം ഉയർത്തി നോക്കിയത്.

സതീശനാണ്. സഹതാപം നിറഞ്ഞ കണ്ണുകളോടെ അയാൾ അവളെ നോക്കി.
പിന്നിലായി രവീന്ദ്രനും.
തന്റെ വാക്കുകൾ അവരിൽ ഉണ്ടാക്കിയ ഞെട്ടലും അത്ഭുതവും അവരുടെ മുഖത്തു നിന്നും അവൾ വായിച്ചെടുത്തു.

“എന്റെ മോൾക്ക്‌ വേണ്ടി നീ ഒഴിഞ്ഞു മാറിയത് ആണല്ലേ.. ഹരിയിൽ നിന്ന്… ”

അയാൾ തളർന്ന ശബ്ദത്തോടെ ചോദിച്ചു.

രവീന്ദ്രന്റെ ചോദ്യം കൃഷ്ണയെ കൂടുതൽ തളർത്തി.
“താൻ ഒഴിഞ്ഞു മാറിയത് ആണോ… മീനുചേച്ചിക്ക് വേണ്ടി… “അവളുടെ മനസ്സിൽ വീണ്ടും ചോദ്യങ്ങൾ കുമിഞ്ഞു കൂടി.

അവൾ എന്തോ പറയാൻ ഭാവിച്ചു. എന്നാൽ രവീന്ദ്രനെ കണ്ണുകളിലെ ദൈന്യത അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

ഒരു അച്ഛന്റെ എല്ലാ ആധികളോടും കൂടിയാണ് അയാൾ ആ ചോദ്യം ഉന്നയിച്ചതെന്ന് കൃഷ്ണയ്ക്ക് ബോധ്യമായിരുന്നു. ഒരുവശത്ത് സ്വന്തം രക്തത്തിൽ പിറന്ന മകൾ. മറുവശത്ത് സ്വന്തം എന്ന് കരുതി സ്നേഹിക്കുന്ന മകൾ. രണ്ടുപേർക്കുമിടയിൽ നീതി ആർക്കൊപ്പം എന്നറിയാതെ ആ അച്ഛന്റെ ഹൃദയം പിടച്ചു.

“പറ മോളെ.. നീ വിട്ടു കൊടുത്തതാണോ ഹരിയെ.. ”

സതീശനും അവളുടെ മറുപടിക്കായി കാത്തു.

“ഒരിക്കലുമല്ല അച്ഛാ.. ഞാൻ വിട്ടുകൊടുത്തത് അല്ല…. മീനു ചേച്ചിക്ക് വേണ്ടി ദൈവം തീരുമാനിച്ചതാണ് ഹരിയേട്ടനെ.. അതു മനസ്സിലാക്കി ഞാൻ പ്രവർതിച്ചെന്നേയുള്ളൂ”
കൃഷ്ണ പറഞ്ഞു.

” പക്ഷേ ദൈവത്തിന്റെ തീരുമാനം മറിച്ചാണെങ്കിലോ? ”

സതീശൻ ചോദിച്ചു. കൃഷ്ണ കണ്ണ് മിഴിച്ച് അയാളെ നോക്കി.

” ദൈവം തീരുമാനിച്ചിരിക്കുന്നത് നീയും ഹരി ഒന്നാവാൻ ആണെങ്കിലോ.. അതിന് നിമിത്തം എന്നോണം ആയിരിക്കാം ഒരുപക്ഷേ ഞങ്ങളിപ്പോൾ കാര്യമറിഞ്ഞത്. ”

കൃഷ്ണ ഒന്നും മനസ്സിലാകാതെ രവീന്ദ്രനും സതീശനെയും മാറിമാറി നോക്കി. അവളുടെ മുഖഭാവം മനസിലായിട്ടെന്നോണം രവീന്ദ്രൻ ഒന്നുകൂടി വ്യക്തമായി പറഞ്ഞു.

” മോളെ നീയൊരു വാക്ക് പറഞ്ഞാൽ ഹരിയുടെയും നിന്റെയും വിവാഹം ഞങ്ങൾ നടത്തും..മീനാക്ഷിയോട് കാര്യങ്ങൾ ഞാൻ പറയാം.. അവൾക്കു മനസിലാകും നിന്നെ ”

അവർ എങ്ങോട്ടേക്കാണ് പറഞ്ഞു വരുന്നതെന്ന് അവൾക്കു മനസിലായി. ഒരേ പോലെ അത്ഭുതവും ബഹുമാനവും ആ മനുഷ്യനോട് കൃഷ്ണയ്ക്ക് തോന്നി.

സ്വന്തം മകളുടെ ഭാവിക്കു വേണ്ടി സ്വാർത്ഥത യോടെ ചിന്തിക്കാതെ തനിക്കുവേണ്ടി കൂടി കരുതുന്നു ഉണ്ടല്ലോ എന്ന ചിന്ത അവളുടെ കൺകോണിൽ നനവ് ഉണ്ടാക്കി .

അവ നീർമുത്തുകൾ ആയി താഴേക്ക് പതിച്ചു. കണ്ണുകൾ തുടച്ചു മുഖം ഉയർത്തിയപ്പോഴാണ് രവീന്ദ്രനും സതീശനും കണ്ണീർ വാർക്കുക ആയിരുന്നു എന്ന് അവൾ മനസ്സിലാക്കിയത്.

” അച്ഛാ.. എന്റെ മനസ്സിൽ ഹരിയേട്ടൻ ഉള്ള സ്ഥാനം വളരെ വലുതാണ്.

ഇന്നും എന്റെ ഹൃദയത്തോട് ചേർന്നിരിക്കും ഹരിയേട്ടൻ.. അതൊരു ആത്മസൗഹൃദം മാത്രമായിരിക്കട്ടെ.. പ്രായത്തിന്റെ ചാപല്യങ്ങൾ മൂലം ഞാൻ പലതും ചിന്തിച്ചു കൂട്ടി.. എന്നാൽ അതൊക്കെയും തെറ്റായിരുന്നുവെന്ന് ഇന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്..

മീനു ചേച്ചി ഹൃദയം നൽകി സ്നേഹിച്ചതാണ് ഹരിയേട്ടനെ…. ഒരു നിധി കിട്ടിയ സന്തോഷത്തോടെ ചേച്ചി ആയിരിക്കുവാണ് . അത് തട്ടിയെടുക്കാൻ ഞാനില്ല.. ഞാനതിന് അർഹതയുമല്ല …”
ഉറച്ച ശബ്ദത്തോടെ അവൾ പറഞ്ഞു.

“ഹരിയേട്ടനും എന്നോട് തോന്നിയിരുന്ന ഇഷ്ടം വെറും ആകർഷണം മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞു.. എന്നാലിന്ന് ഹരിയേട്ടൻ മീനുചേച്ചിയെ പ്രണയിക്കുന്നുണ്ട്… മീനു ചേച്ചി തിരികെയും…

ഈ ഒരു സാഹചര്യത്തിൽ ഞാൻ അവർക്കിടയിൽ തടസമായി ഉണ്ടാകരുത്..
ഞാൻ ആ ബുക്കുകളിൽ ഒളിപ്പിച്ച പ്രണയം ഹരിയേട്ടൻ ഒരിക്കലും അറിയാൻ പാടില്ല .. ”

അവളുടെ പക്വത നിറഞ്ഞ സംസാരം അവരിൽ അവരിൽ അത്ഭുതം ജനിപ്പിച്ചു.

“പക്ഷെ മോളെ… നിനക്ക് ഇഷ്ടമാണെന്ന് ഹരി അറിഞ്ഞാൽ… അവൻ നിന്നെ കൈവിടുമെന്നു തോന്നുന്നോ ” സതീശൻ ആശങ്കയോടെ ചോദിച്ചു.

“ഇല്ലച്ഛാ.. ഹരിയേട്ടന്റെ മനസിലെ പ്രണയം മീനുചേച്ചിയോട് ആണ്.. അവർ അത്രമേൽ സ്നേഹിക്കുന്നുണ്ട്.

ഞാൻ ഹരിയേട്ടന്റെ ആത്മമിത്രം മാത്രമാണ്..പക്ഷെ ഞാനും ഇഷ്ടപ്പെട്ടിരുന്നു എന്ന തിരിച്ചറിവ് ഹരിയേട്ടനെ വേദനിപ്പിക്കും.. മീനു ചേച്ചിയുമായുള്ള ജീവിതത്തെ അത് ബാധിക്കും.. അത്കൊണ്ട് മാത്രമാണ് ആ ബുക്കുകൾ ഞാൻ നശിപ്പിക്കാൻ തീരുമാനിച്ചത്…!”

“ഹരിയേട്ടനുമായി ചേരേണ്ടത് മീനു ചേച്ചിയാണ്.. ഞാൻ അല്ല.. ”

“എനിക്ക് വേണ്ടി സ്വന്തം മകളോട് വിവാഹത്തിൽ നിന്നു പിന്മാറണം എന്നുവരെ പറയാൻ അച്ഛൻ തയ്യാറായില്ലേ. അത് ആ വലിയ മനസിന്റെ നന്മ ആണ്.. ആ സ്നേഹം മാത്രം മതിയെനിക്ക്..അല്ലാതെയൊന്നും വേണ്ട… ” കൃഷ്ണ ഇരുവരുടെയും കൈകൾ കൂട്ടിപ്പിടിച്ചു പറഞ്ഞു.

“നീയും എന്റെ മകൾ തന്നെയാണ്.. ഒരു മകൾക്കു വേണ്ടി മറ്റൊരു മകളോട് നീതികേടു കാണിക്കാൻ വയ്യ അച്ഛന്.. നിനക്ക് കിട്ടേണ്ട ജീവിതം മീനാക്ഷിയ്ക്കു കൊടുക്കുന്നത് എങ്ങനെയാ.. ”

“ഒരിക്കലും അല്ലച്ഛാ.. മീനു ചേച്ചിക്ക് കിട്ടേണ്ടുന്ന ജീവിതം എനിക്ക് വാങ്ങി തരാൻ ആണ് അച്ഛൻ ഇപ്പോൾ നോക്കുന്നത് ” അവൾ പുഞ്ചിരിക്കാൻ ശ്രെമിച്ചു.

“ഞാൻ പൂർണമനസോടെ അംഗീകരിക്കുന്നു ഹരിയേട്ടൻ മീനുചേച്ചിക്ക് ഉള്ളത് ആണെന്ന്..മറ്റുള്ളവരെല്ലാം അങ്ങനെ തന്നെയാണ് കരുതുന്നത് . ഇനിയതിൽ മാറ്റമൊന്നും വരരുത്…”

“മോളെ… പക്ഷെ.. നീ..
നിനക്ക് പേരുദോഷം ആയില്ലേ അത്രയും നാട്ടുകാരുടെ മുന്നിൽ.. ”

കൃഷ്ണയുടെ ശരീരമൊന്നു വിറച്ചു. അഭിമന്യു പറഞ്ഞ കാര്യങ്ങൾ അവളുടെ മനസിലേക്ക് ഓടിയെത്തി.
അഭിമന്യു വിവാഹം ചെയ്യാൻ പോകുന്ന പെണ്ണ്… അവളുടെ തല പെരുകാൻ തുടങ്ങി.

“എനിക്കിപ്പഴും അറിയില്ലച്ഛാ അയാൾ അങ്ങനെയൊക്കെ പറഞ്ഞതിന്റെ ഉദ്ദേശം..”

“നിന്നെ അത്രയും പേരുടെ മുന്നിൽ തെറ്റുകാരിയായി നിർത്താതെ ഇരിക്കാൻ ആകും അങ്ങനെ പറഞ്ഞിട്ടുണ്ടാകുക ” സതീശൻ പറഞ്ഞു.

“അതെ.. നിന്നെ നാട്ടുകാർക്ക് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കാൻ അവൻ ആഗ്രഹിച്ചിട്ടുണ്ടാകില്ല.. മാത്രവുമല്ല മോളെ..

അങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങളെ ഒരുമിച്ചു കണ്ടാൽ അത് അവന്റെ ജീവിതത്തെയും ബാധിക്കും.. അത്കൊണ്ടൊക്കെയാകും അങ്ങനെ സംസാരിച്ചിട്ടുണ്ടാകുക. ” രവീന്ദ്രൻ അവളെ സമാധാനിപ്പിച്ചു.

“ഞങ്ങൾ പെട്ടന്നുണ്ടായ വികാരത്തിന്റെ പുറത്ത് കാര്യം അറിയാതെ ക്ഷോഭിച്ചു.. മോളെ തല്ലുകയും ചെയ്തു. ” അയാൾ അവളുടെ കവിളിൽ തലോടി.

“പാവം പയ്യൻ.. അവൻ പറയുന്നതൊന്നും കേൾക്കാൻ കൂടി നമ്മൾ തയ്യാറായില്ല..നാളെ തന്നെ നമുക്ക് പോയൊന്നു കാണണം ഏട്ടാ ” സതീശൻ പറഞ്ഞു.

“അതെ.. അത് വേണം.. നമ്മുടെ കുട്ടിയെ രക്ഷിക്കാൻ തക്ക സമയത്ത് ദൈവം കൊണ്ടെത്തിച്ചതാ അയാളെ… കണ്ടു നന്ദി പറയണം ” രവീന്ദ്രൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കാറിൽ കയറാൻ പറഞ്ഞു.

ഇരുവരുടെയും മുഖത്തു കൃഷ്ണ ശ്രീജിത്തിന്റെ കയ്യിൽ നിന്നു രെക്ഷപെട്ടതിന്റെ ആശ്വാസം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..എന്നാൽ അഭിമന്യുവുമായി അവളുടെ പേർ ചേർക്കപ്പെട്ടതിന്റെ ആശങ്കയും സ്ഫുരിച്ചു നിന്നു. കാർ വീണ്ടും സ്റ്റാർട്ട്‌ ചെയ്തു അവർ യാത്ര തുടർന്നു.

കൃഷ്ണയുടെ മനസ് കലുഷിതമായിരുന്നു.

” എന്ത് കൊണ്ട്..? അയാൾക്ക്‌ നാട്ടുകാരോട് സത്യം തുറന്നു പറയാമായിരുന്നല്ലോ… അയാളൊരു പോലിസ് അല്ലെ…അയാൾ എന്ത് മുട്ടാപ്പോക്കു ന്യായം പറഞ്ഞാലും അവർ വിശ്വസിക്കുമായിരുന്നു.. എന്നിട്ടും… എന്നിട്ടും എന്തിനാ അയാൾ തന്നെ കല്യാണം കഴിക്കാൻ പോവാണെന്നു അവകാശപ്പെട്ടത്… ” കൃഷ്ണയുടെ മനസ്സിൽ ദേഷ്യം തോന്നി.

അത്രയും പേർക്ക് മുന്നിൽ തന്നെ അപമാനിച്ചത് പോലെ അവൾക്കു അനുഭവപ്പെട്ടു.
അഭിമന്യു തന്നെ വിവാഹം ചെയ്യാൻ പോകുന്ന ആളാണെന്നാണ് ഇപ്പോൾ അവരെല്ലാം കരുതുക.. ആ വാർത്ത ഇപ്പോൾ പലരും അറിഞ്ഞിട്ടുമുണ്ടാകും..

എന്നാൽ യാതൊരു സത്യവുമില്ലാത്ത ആ വാർത്ത തന്റെ ജീവിതത്തെ ബാധിക്കില്ലേ… ഇനി തന്റെ ഭാവി എന്തായി തീരും… !
അവളുടെ തല പുകഞ്ഞു.

***********************

കാർ ചെമ്പകശ്ശേരിയ്ക്കു മുന്നിലെത്തി.
ഗേറ്റ് കടന്നു അകത്തേക്ക് കയറ്റി പാർക്ക്‌ ചെയ്തു. രവീന്ദ്രൻ തിരിഞ്ഞ് പിന്സീറ്റിലിരിക്കുന്ന കൃഷ്ണയെ നോക്കി. അവൾ അയാളെയും നോക്കി.

ഡ്രൈവിംഗ് സീറ്റിൽ നിന്നും അയാളും പിന്നാലെ സതീശനും ഇറങ്ങി. ഒന്ന് മടിച്ചതിനു ശേഷം കൃഷ്ണയും പിന്നാലെയിറങ്ങി.

അകത്തേയ്ക്കു കയറാൻ അവൾക്കു ഭയം തോന്നി. രവീന്ദ്രൻ അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറി.

അകത്തേയ്ക്കു കാലെടുത്തു വെച്ചതും അവളുടെ മുഖം വിളറി. ചെമ്പകശ്ശേരിയിലെ എല്ലാവരും അവിടെ ഉണ്ടായിരുന്നു ഹരിയും കുടുംബവും ഉൾപ്പെടെ. എല്ലാവരും അവളെ കാത്തിരിക്കുകയാണ് എന്ന് മനസിലായി.

കൃഷ്ണയെ കണ്ടതും അവരുടെയെല്ലാം മുഖം കടുത്തു. ഒരു ശത്രുവിനെ പോലെ അവളെ നോക്കി.

“കൃഷ്ണവേണി.. ഇങ്ങോട്ടേക്കു മാറി നിൽക്ക് ”
രവീന്ദ്രന് പിറകിലായി മറഞ്ഞു നിന്ന അവളോട് നാരായണിയമ്മ ആവശ്യപ്പെട്ടു. അവൾ മുന്നിലേക്ക്‌ നീങ്ങി നിന്നു.

അവളെയൊന്നു അടിമുടി നോക്കിയതിനു ശേഷം നാരായണിയമ്മ കൃഷ്ണയുടെ കവിളിൽ ആഞ്ഞടിച്ചു.

അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ വേദനയാൽ അവൾ പിന്നിലേക്ക് വീണുപോയി.

“അമ്മേ എന്താ ഈ കാണിക്കുന്നത് ” രവീന്ദ്രൻ പെട്ടന്ന് അവരെ തടഞ്ഞു.

“അങ്ങോട്ട് മാറി നിൽക്കെടാ.. നിങ്ങൾ രണ്ടും കൂടിയല്ലേ ഇവളെ തലയിൽ കയറ്റി വെച്ച് കൊണ്ട് നടന്നത്.. എന്നിട്ടെന്തായി.. മാനം കെടുത്തിയില്ലേ ഇവൾ നമ്മളെയൊക്കെ ”
അവർ കോപത്തോടെ ശബ്ദമുയർത്തി.

കൃഷ്ണയെ വീണ്ടും പിടിച്ചെഴുന്നേല്പിച്ചു ഇരു കവിളുകളിലും മാറി മാറി അടിച്ചു.

“ഒന്ന് നിർത്തു അമ്മേ… കാര്യം അറിയാതെ ഇവളെ തല്ലല്ലേ ”

സതീശൻ ഓടി വന്നു അവരെ പിടിച്ചു മാറ്റി.

“ഇനിയെന്താ അറിയാൻ ഉള്ളത്…സകലരും അറിഞ്ഞില്ലേ.. ഇവളെ ഏതോ ഒരുത്തനുമായി വീട്ടിൽ നിന്നു നാട്ടുകാർ പിടിച്ചെന്ന് ” സുഭദ്ര ഇടപെട്ടു.

“ഇത്രയും നാണക്കേട് ഇനി നമുക്ക് വരാൻ ഉണ്ടോ… കേട്ടതും തൊലി ഉരിഞ്ഞു പോയി ” പാർവതിയും പറഞ്ഞു.

“ആര് അറിഞ്ഞെന്നാ നിങ്ങളെല്ലാം പറയുന്നത്.. ഒന്നുമില്ല.. ആ വീടിനു അടുത്തുള്ള കുറച്ചു ആൾക്കാർ.. അല്ലാത്ത ആരും അറിഞ്ഞിട്ടില്ല.. ഇനി നിങ്ങളായി ആരോടും പറഞ്ഞു നടക്കാതെ ഇരുന്നാൽ മതി. ” രവീന്ദ്രൻ ശബ്ദം ഉയർത്തി.

“അത് ശെരി.. അധികം ആരും അറിഞ്ഞില്ലെന്ന് കരുതി ഇവൾ ചെയ്തതിനെ നീ ന്യായീകരിക്കുന്നോ ”

“അമ്മേ.. അതിന് അവൾ തെറ്റൊന്നും ചെയ്തിട്ടില്ല ”

“പിന്നെ എങ്ങനെയാടാ അമ്പലത്തിലേക്ക് പോയ ഇവളെ ഏതോ ഒരുത്തനോടൊപ്പം നാട്ടുകാർ വീട്ടിൽ നിന്നു പിടിച്ചത് ” അവർ കൃഷ്ണയ്ക്ക് നേരെ കൈ ചൂണ്ടി അലറി.

“അവൾ അമ്പലത്തിലേക്ക് തന്നെയാ പോയത്.. ചിലപ്പോൾ വീട്ടിലൊന്നു കയറുമെന്ന് എന്നോട് പറഞ്ഞിരുന്നു..എന്നോട് പറഞ്ഞിട്ട് തന്നെയാ അവൾ പോയത്.. അല്ലാതെ നിങ്ങളെല്ലാം കരുതും പോലെ എല്ലാവരെയും ഒളിച്ചു പോയതല്ല.. ”
രവീന്ദ്രൻ പറഞ്ഞു.

“എന്നിട്ട് എങ്ങനെയാ ഇവളോടൊപ്പം ഏതോ ഒരുത്തൻ അവിടെ വന്നത് ” പാർവതി ചോദിച്ചു.

“അത് ഏതോ ഒരുത്തൻ അല്ല…. നമ്മുടെ സബ് ഇൻസ്‌പെക്ടർ ആണ്… അഭിമന്യു ”

എല്ലാവരും മുഖത്തോട് മുഖം നോക്കി.

“അഭിമന്യുവോ… ” നാരായണിയമ്മ വിശ്വാസം വരാതെ ചോദിച്ചു.

“അതെ അമ്മേ… ആ പയ്യൻ അവിടെ വന്നത് കൊണ്ടാണ് കൃഷ്ണയ്ക്ക് ആപത്ത് സംഭവിക്കാതെ ഇന്ന് തിരികെ കിട്ടിയത്.. അല്ലെങ്കിൽ നാട്ടുകാർക്ക് പറഞ്ഞു നടക്കാനുള്ള ഒരു ബലാത്സംഗ ഇരയായി ഇവൾ മാറിയേനെ ”

“എന്താ രവീന്ദ്രമ്മാമ്മേ ഉണ്ടായത്.. ഒന്ന് തെളിച്ചു പറ.. ”
ഹരി അക്ഷമനായി ചോദിച്ചു.

അയാൾ അവിടെ നടന്ന എല്ലാ കാര്യങ്ങളും വിശദമായി അവരോട് പറഞ്ഞു.

ശ്രീജിത്ത്‌ അവളെ ആക്രമിക്കാൻ വന്നതും അഭിമന്യു രക്ഷകനായി അവതരിച്ചതും തുടർന്നു അവന്റെ കെണിയിൽ പെട്ടു അഭിയും കൃഷ്ണയും നാട്ടുകാർക്ക് മുന്നിൽ നിന്നതും, സന്ദർഭോചിതമായുള്ള അഭിയുടെ ഇടപെടൽ മൂലം പ്രശ്നം വഷളാകാതെ ഇരുന്നതുമെല്ലാം അയാൾ വിശദീകരിച്ചു.

ഹരിയോടുള്ള പ്രണയം പേറുന്ന ബുക്കുകൾ നശിപ്പിക്കാനാണ് അവൾ ചെന്നതെന്ന കാര്യം ഒഴികെ. !

എല്ലാം കേട്ടതിനു ശേഷം ഹരിയ്ക്കു അവളോട് അലിവ് തോന്നി.

“എന്തിനാ ഇവൾ ഒറ്റയ്ക്ക് പോകാമെന്നു പറഞ്ഞപ്പോൾ സമ്മതിച്ചത്.. അതും സന്ധ്യാ നേരത്ത് ” അവൻ രവീന്ദ്രനോട് ചോദിച്ചു.

“പെട്ടന്ന് വരുമല്ലോയെന്ന് കരുതിയിട്ടാ.. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ആരും വിചാരിച്ചില്ലല്ലോ ” അയാൾ നെടുവീർപ്പിട്ടു.

ഹരി ചെന്ന് കൃഷ്ണയെ ചേർത്തു പിടിച്ചു.

“ഒരുപാട് പേടിച്ചു പോയി… നിന്നെക്കുറിച്ചു എല്ലാരും ഒന്നടങ്കം പറഞ്ഞപ്പോൾ… അത് ശെരിവെച്ചു ഇവർ നിന്നെ തിരക്കി വന്നപ്പോൾ.. ”

സത്യം തിരിച്ചറിഞ്ഞ ആശ്വാസത്തോടെ ഹരി അവളുടെ മുഖത്തേക്ക് നോക്കി.
ഹരിയേട്ടനും അത് വിശ്വസിച്ചോ എന്നൊരു ചോദ്യം കൃഷ്ണയുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. അത് മനസിലാക്കിയിട്ടെന്നോണം അവൻ കണ്ണുകളാൽ ക്ഷമാപണം നടത്തി.

“ആർക്കറിയാം എന്താ സത്യമെന്ന്… അവനും ഇവളും തമ്മിൽ എന്തെങ്കിലും ബന്ധം കാണും… ഇല്ലെങ്കിൽ എങ്ങനെയാ കൃത്യ സമയത്ത് അവൻ അവിടെ വന്നത് ” പാർവതി ചോദിച്ചു.

“അത് തന്നെ..അല്ലെങ്കിൽ തന്നെ നോക്കണേ., ഇവൾ ആപത്തിൽ പെടുന്നു ഉടനടി മറ്റവൻ രക്ഷിക്കാൻ വരുന്നു… രണ്ടും കൂടിയുള്ള ഒത്തുകളി അല്ലെ ഇത്.. പിടിക്കപ്പെട്ടപ്പോൾ പറഞ്ഞ കള്ളങ്ങൾ ആയിക്കൂടെ ഇതൊക്കെ ” ശോഭ അഭിപ്രായപ്പെട്ടു.

“കുടുംബക്കാരെ നാണം കെടുത്തി ഒരുത്തന്റെ കൂടെ പോയതല്ലേ ഇവളുടെ അമ്മ.. അമ്മയുടെ അല്പം സ്വഭാവം എങ്കിലും കാണിക്കാതെ ഇരിക്കുമോ ഇവൾ.. ”
അവർ തമ്മിൽ പിറുപിറുത്തു.

താൻ ചെയ്യാത്ത ഒരു തെറ്റിന് തന്റെ അമ്മയെക്കുറിച്ചു പോലും ആക്ഷേപം പറയുന്നതിൽ കൃഷ്ണയ്ക്ക് വേദന തോന്നി.

തിരികെ ഒന്നും പറയാൻ പറ്റില്ല.. അവർക്കു മുന്നിൽ താൻ തെറ്റുകാരിയാണ്.. പിടിക്കപ്പെട്ടവൾ ആണ്.. അനാശാസ്യബന്ധം ആരോപിക്കപ്പെട്ടവൾആണ്.
ഉമിനീരിറക്കി അവർ പറയുന്നതെല്ലാം കേട്ടു നിന്നു.

“മതി.. നിർത്ത്.. ” നാരായണിയമ്മ കൈ ഉയർത്തി

“കാര്യങ്ങളെല്ലാം രവീന്ദ്രൻ വിശദീകരിച്ചല്ലോ.. ഇനി നിങ്ങളെല്ലാം കൂടി അവളെ വിധിക്കാൻ നിൽക്കേണ്ട ”

“ഇതൊക്കെ സത്യമാണോന്ന് ആര് അറിയുന്നു അമ്മേ.. നമ്മുടെ തറവാടിന് പോലും നാണക്കേട് ആയില്ലേ ഇക്കാര്യം ” രാധാകൃഷ്ണൻ ചോദിച്ചു.

“സത്യം ആണോന്ന് ഞാൻ അന്വേഷിച്ചോളാം..പിന്നെ തറവാടിന് നാണക്കേട് ഉണ്ടാകുന്ന കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല.. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അത് ഉടനെ പരിഹരിക്കയും ചെയ്യാം ” അവർ പറഞ്ഞു

“നാണക്കേട് ഉണ്ടായത് എങ്ങനെ പരിഹരിക്കാൻ ആണ്. ഇവിടെ നിർത്തി പഠിപ്പിച്ചതൊക്കെ മതി. ഇവളെ എത്രയും പെട്ടന്ന് ആർക്കെങ്കിലും കെട്ടിച്ചു വിടണം.അല്ലാതെ എന്ത് പരിഹാരം? ” സുഭദ്ര പുച്ഛത്തോടെ പറഞ്ഞു.

“അവളെ കെട്ടിക്കണോ കെട്ടിയിടണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം.. തല്ക്കാലം ഇക്കാര്യം ആരുമിനി ചർച്ച ചെയ്യേണ്ട ” നാരായണിയമ്മ അത്രയും പറഞ്ഞു അകത്തേക്ക് നടന്നു.

“അവൾക്ക് വല്ലതും കഴിക്കാൻ കൊടുക്ക് ” ഒന്ന് തിരിഞ്ഞു നിന്ന് കാവ്യയെ നോക്കി പറഞ്ഞിട്ട് അവർ അകത്തേക്ക് പോയി.
കാവ്യ വന്നു കൃഷ്ണയെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.

“നമ്മൾ എന്തിനാ ഈ കാര്യത്തിലൊക്കെ ഇടപെടുന്നതെന്നു” പറഞ്ഞു മറ്റുള്ളവരും തിരികെ പോയി. ഹരി അൽപ നേരം കൂടി അവിടെ നിന്നു കൃഷ്ണയെ ഭക്ഷണം കഴിച്ചു മുറിയിൽ കൊണ്ടാക്കി, അവളെയൊന്നു ശ്രെധിച്ചോളാൻ മീനാക്ഷിയോട് പ്രത്യേകം പറഞ്ഞിട്ടാണവൻ തിരികെ പോയത്.

കൃഷ്ണ ഉറക്കത്തിലേക്കു വഴുതി വീഴുന്നത് വരെയും മീനാക്ഷി അവൾക്കരികിലിരുന്നു.

**********************************

പിറ്റേന്ന് രാവിലെ മീനാക്ഷി വന്നു നോക്കുമ്പോൾ തളർന്നുറങ്ങുകയായിരുന്നു കൃഷ്ണ. അവൾ കൃഷ്ണയ്ക്ക് അരികിലായി വന്നിരുന്നു.

അവളുടെ തലയിൽ തഴുകി. മീനാക്ഷിയുടെ കണ്ണിൽ നിന്ന് രണ്ടുതുള്ളി കണ്ണീർ കൃഷ്ണയുടെ മുഖത്തേക്ക് പതിച്ചു. മുഖത്തു നനവ് അനുഭവപ്പെട്ടതും അവൾ ആയാസപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു.

തന്റെ അരികിലായി ഇരിക്കുന്ന മീനാക്ഷിയെ കണ്ടു വാതിലിനു അരികിലായി ഹരിയേയും.

കൃഷ്ണയെത്തന്നെ നോക്കി നിൽക്കുകയാണ് ഹരി. അവന്റെ നോട്ടം നേരിടാനാവാതെ അവൾ മുഖം താഴ്ത്തി.

അവൻ മെല്ലെ അവൾക്കരികിലേക്കു എത്തി. അൽപനേരം അവർക്കിടയിൽ മൗനം ഘനീഭവിച്ചു നിന്നു.

മീനാക്ഷിയോട് അപ്പുറത്തേക്ക് പൊയ്ക്കോളാൻ അവൻ കണ്ണുകൾ കൊണ്ട് പറഞ്ഞു. അവൾ ഇരുവരെയുമൊന്ന് നോക്കി പുറത്തേക്കു പോയി.

“കൃഷ്ണേ.. ” അവൻ അലിവോടെ വിളിച്ചു.

“മ്മ് ” അവളൊന്നു മൂളി.

“”ഞാനൊരു കാര്യം ചോദിക്കട്ടെ..സത്യം പറയോ ”

അവളുടെ കൈ തന്റെ കൈക്കുള്ളിലാക്കി ഹരി ചോദിച്ചു.

മ്മ്.. വീണ്ടും മൂളൽ മാത്രം.

“നിനക്ക് അയാളെ ഇഷ്ടമായിരുന്നു അല്ലെ.. അഭിമന്യുവിനെ? ”

അവൾ തലയുയർത്തി അവനെ നോക്കി.. എന്ത് പറയണമെന്ന് അറിയാതെ നിന്നു.

“പറ മോളെ.. നിനക്ക് ഇഷ്ടം ആയിരുന്നില്ലേ?

ഇല്ലന്ന് അവൾ യാന്ത്രികമായി തലയാട്ടി.

“അയാൾക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണല്ലേ.. ” അവൻ വീണ്ടും ചോദിച്ചു.

“മ്മ് ” അവളുടെ ശബ്ദം തീർത്തും ദുർബലമായി.

“നിനക്ക് അല്പം പോലും ഇഷ്ട്ടമില്ലേ.. അതോ ഉള്ളിൽ ഉണ്ടായിട്ടും നീ പ്രകടിപ്പിക്കാത്തത് ആയിരുന്നോ ”

“എന്താ ഹരിയേട്ടാ ഇങ്ങനെ ചോദിക്കുന്നത് ”

“എനിക്ക് അങ്ങനെ തോന്നി… നിന്റെ ഉള്ളിൽ അഭിമന്യുവിനോട് ഇഷ്ടം ഉണ്ടായിരുന്നെന്ന്.. ”

“ഇല്ല…. എനിക്ക് ഇഷ്ടം ഇല്ല ”
അവൾ തല ചലിപ്പിച്ചു.

“ഉണ്ടായിരുന്നു കൃഷ്ണേ… അതാണ്‌ സത്യം.. നീ ഒരിക്കൽ പോലും പ്രകടിപ്പിച്ചില്ലയെങ്കിലും, നീ പോലും അറിയാതെ നിന്റെ ഉള്ളിലെവിടെയോ ഒരു ഇഷ്ട്ടമുണ്ട് അയാളോട്.. ”

“ഇല്ല ഹരിയേട്ടാ.. “അവൾ ചിണുങ്ങലോടെ പറഞ്ഞു

“ആണോ… ”

“മ്മ് ”

“എങ്കിൽ പിന്നെ എന്തുകൊണ്ടാ നിനക്ക് എന്നോട് ഇഷ്ടം തോന്നാഞ്ഞത്.. കാരണം നിന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ അഭിമന്യു സ്ഥാനം പിടിച്ചിരുന്നു..

നീ പോലും അറിയാതെ.. അത്കൊണ്ടാകും എനിക്ക് തോന്നിയ പോലൊരു ഇൻഫാക്ച്വഷൻ പോലും നിനക്ക് എന്നോട് തോന്നാഞ്ഞത് ” ഹരി ചിരിച്ചു.

അഭിമന്യുവിനോടുള്ള ഇഷ്ടം കാരണം ആണത്രേ തനിക്ക് ഹരിയേട്ടനോട് ഇഷ്ടം തോന്നാഞ്ഞതെന്ന്..

കൃഷ്ണയ്ക്ക് ദേഷ്യവും സങ്കടവും ഒരുപോലെ അനുഭവപ്പെട്ടു.

“എന്നാലും നീയെന്നോട് ഒന്ന് സൂചിപ്പിച്ചിട്ടിലാട്ടോ ” ഹരി പരിഭവം നടിച്ചു.

“എനിക്ക് ഇഷ്ടമല്ല ഹരിയേട്ടാ അയാളെ ”

കൃഷ്ണ കരച്ചിലിന്റെ വക്കോളമെത്തി.

“ഹ.. ഞാൻ വെറുതെ പറഞ്ഞതല്ലേടി.. വിട്ടുകള.. ” ഹരി അവളെ ആശ്വസിപ്പിച്ചു.

“നിന്നോട് അത്രയും കരുതൽ കാണിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി പുള്ളിക്ക് നിന്നോട് മുടിഞ്ഞ പ്രേമം ആണെന്ന്.. അത് നിനക്കും ഉണ്ടോന്ന് അറിയാനൊന്ന് ടെസ്റ്റ്‌ ചെയ്തത് അല്ലെ ഞാൻ. ”

അവളുടെ കൺതടങ്ങളിൽ തലോടി ഹരി പറഞ്ഞു.

” രവീന്ദ്രമ്മാമ എന്നോട് എല്ലാം പറഞ്ഞിരുന്നു. എന്റെ അഭിപ്രായത്തിലും അഭിമന്യു നല്ല ആളാ.. നിനക്കും തിരികെയൊരു ഇഷ്ടം ഉണ്ടെങ്കിൽ.. നമുക്ക് ഒന്ന് ആലോചിച്ചാലോ ” അവൻ കുസൃതിയോടെ പറഞ്ഞു.

കൃഷ്ണ ദേഷ്യത്തോടെ മുഖം തിരിച്ചിരുന്നു.

എല്ലാവരും പറയുന്നത് ശെരിയാണ്. അഭിമന്യു തക്കസമയത് വന്നത് കൊണ്ടാണ് താൻ രക്ഷപെട്ടത്… അല്ലെങ്കിൽ ശ്രീജിത്ത്‌ തന്നെ….. അവൾ കണ്ണുകൾ ഇറുക്കി അടച്ചു.

ഇപ്പോൾ മാത്രമല്ല.. മുൻപ് പലപ്പോഴും ശ്രീജിത്ത്‌ തന്റെ അരികിലെത്തുമ്പോളെല്ലാം അവിടെ അഭിമന്യുവും ഉണ്ടായിരുന്നു.. ഒരു കരുതലായി.. കാവലായി..

തിരികെയൊരു നന്ദി വാക്ക് പറയാൻ പോലും തനിക്ക് കഴിഞ്ഞിട്ടില്ല. പറയാൻ ശ്രെമിച്ചപ്പോൾ കേൾക്കാൻ അവൻ നിന്നു തന്നിട്ടുമില്ല.

എന്തുകൊണ്ടും താൻ അഭിമന്യുവിന് കടപ്പെട്ടവൾ ആണ്. പക്ഷേ അവന്റെ സ്നേഹത്തെ അംഗീകരിക്കാൻ തനിക്ക് കഴിയുനില്ല.

തലേന്ന് അത്രയും നാട്ടുകാരോട് തന്നെ കല്യാണം കഴിക്കാൻ പോവാണെന്നു പറഞ്ഞപ്പോൾ.. അതിന്റെ പേരിൽ താൻ ഇവിടെ എല്ലാവരുടെയും മുന്നിൽ ആക്ഷേപിക്കപ്പെട്ടപ്പോൾ എന്ത്കൊണ്ടോ അവൾക്കു അരിശം വന്നു.. അഭിമന്യു മനഃപൂർവം ചെയ്തത് അല്ലെന്നു അറിയാമെങ്കിലും..

അയാളുമായി തന്റെ പേർ ചേർത്തു ഇവിടെ എല്ലാവരും കുത്തി സംസാരിക്കുന്നത് കേൾക്കുമ്പോൾ തെറ്റുകാരൻ അല്ലെന്നു അറിഞ്ഞിട്ടും അവൾക്ക് അഭിയോട് ദേഷ്യമാണ് തോന്നിയത്.

മീനാക്ഷി വന്നു വിളിച്ചപ്പോഴാണ് കൃഷ്ണ ചിന്തകൾക്ക് വിരാമമിട്ടത്.

“കൃഷ്ണേ..അങ്ങോട്ട്‌ വരാൻ പറഞ്ഞു അച്ഛമ്മ… ആ ആൾ വന്നിട്ടുണ്ട് നിന്നെ കാണാൻ ”

“ആരാ ” ഹരി ചോദിച്ചു

“അഭിമന്യു ”

കൃഷ്ണയും ഹരിയും മുഖത്തോട് മുഖം നോക്കി. അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ഹരി ഉമ്മറത്തേക്ക് വേഗത്തിൽ നടന്നു.

അവർ ചെല്ലുമ്പോൾ നാരായണിയമ്മയോട് സംസാരിക്കുകയാണ് അഭി. അടുത്തായി രവീന്ദ്രനും ഉണ്ട്. സംസാരത്തിനു ഇടയിൽ ഒന്ന് തിരിഞ്ഞ് നോക്കിയ അഭിമന്യുവിന്റെ കണ്ണുകൾ കൃഷ്ണയിൽ ഉടക്കി.

അവളും ആദ്യമായാണ് അഭിയെ പോലീസ് യൂണിഫോമിൽ കാണുന്നത്. അവന്റെ കൈയിലെ മുറിവിലേക്ക് കൃഷ്ണയുടെ കണ്ണുകൾ നീണ്ടു.

“ഇഷ്ടം ഇല്ലെന്നൊക്കെ പറഞ്ഞിട്ട് നോക്കാതെ പെണ്ണെ ” ഹരി അവളെ കളിയാക്കി.

“മിണ്ടാതെയിരിക്ക് ഹരിയേട്ടാ ” അവൾ ദേഷ്യത്തിൽ പറഞ്ഞു.

അവൻ ഊറിച്ചിരിച്ചുകൊണ്ട് അവളുടെ തോളിൽ ചേർത്തു പിടിച്ചു നിന്നു.

“കൃഷ്ണവേണി ഇവിടെ വരൂ ”

ഗൗരവം തുളുമ്പുന്ന ശബ്ദത്തിൽ അഭിമന്യു വിളിച്ചു. അവൾ മെല്ലെ നടന്നു അങ്ങോട്ടേക്ക് ചെന്നു.

“അവരെ ഇങ്ങോട്ട് കൊണ്ടുവാ ” കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിനോട് അവൻ പറഞ്ഞു. അയാൾ പുറത്തേക്ക് പോയി. അപ്പോഴേക്കും അടുക്കളയിൽ നിന്നു സുഭദ്രയും ശോഭയും ഉൾപ്പെടെ എല്ലാവരും അങ്ങോട്ടേക്ക് എത്തി.

പുറത്തേക്ക് പോയ കോൺസ്റ്റബിൾ തിരികെയെത്തി. കൂടെയുണ്ടായിരുന്ന ആളുകളെ കണ്ടു കൃഷ്ണ ഞെട്ടിപ്പോയി.
ശ്രീജിത്ത്‌.

കൂടെ അവന്റെ ചില കൂട്ടുകാരും. കയ്യിൽ വിലങ്ങു അണിയിച്ചു നിർത്തിയിരിക്കുകയാണ്.

“ഇങ്ങോട്ട് നീങ്ങി നിൽക്കെടാ ” അഭിമന്യു ആജ്ഞാപിച്ചു

അവർ മുന്നിലേക്ക് നീങ്ങി എല്ലാവരും കാൺകെ തല കുനിച്ചു നിന്നു.

അഭി എഴുന്നേറ്റു വന്നു ശ്രീജിത്തിന്റെ താടി ചൂണ്ടുവിരൽ കൊണ്ട് ഉയർത്തി.

“ഇവനെ ഞാൻ ഇന്നലെ രാത്രി തന്നെ പൊക്കി. കൂടെയുള്ള സംഘത്തെയും.കേസ് രജിസ്റ്റർ ചെയ്യാൻ പോകുന്നതിനു മുൻപ് ഇവിടേയ്ക്ക് കൊണ്ടുവരണമെന്ന് തോന്നി ”

കൃഷ്ണയെ നോക്കിയാണ് അവൻ അത് പറഞ്ഞത്.

ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാവരും അറിഞ്ഞു കാണുമല്ലോ.. വീണ്ടും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എന്നാൽ നിങ്ങൾ പലരും അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്

എല്ലാവരും എന്തെന്ന അർത്ഥത്തിൽ നോക്കി

കൃഷ്ണവേണിക്ക് ഏതോ ഒരാളുമായി തെറ്റായ രീതിയിൽ ബന്ധമുണ്ടെന്ന് ശ്രീജിത്ത്‌ നാട്ടിലൊക്കെ പറഞ്ഞു പരത്തിയിരുന്നു. അതും നാളുകൾക്കു മുൻപേ.

എല്ലാവരും അമ്പരപ്പോടെ അവളെ നോക്കി.

അതിന്റ പിന്നിലുള്ളത് ഇവന്റെ കുരുട്ട് ബുദ്ധി ആയിരുന്നു.. കാര്യം എന്താണെന്ന് ഇവൻ തന്നെ പറയട്ടെ ”

ശ്രീജിത്തിനെ മുന്നിലേക്ക്‌ നിർത്തി അവൻ പറഞ്ഞു.

“പറയ് എന്താ കാര്യമെന്ന്..എല്ലാവരും കേൾക്കണം ഉറക്കെ പറ..ഇല്ലെങ്കിൽ അറിയാലോ ഇന്നലെ കിട്ടിയതിന്റെ ബാക്കി ഇവിടെ നിന്നു നീ വാങ്ങും ” അഭിമന്യു അവനോട്‌ പുരികം ഉയർത്തി പറഞ്ഞു.

“ഞാൻ പറയാം.. ”

“വേണിയ്ക്ക് വേറെ ആണുങ്ങളുമായി ബന്ധം ഉണ്ടെന്ന് ഞാൻ മനഃപൂർവം വരുത്തിതീർത്തതാ.. അങ്ങനെ മറ്റുള്ളവർക്കിടയിൽ അവൾക്ക് ചീത്തപ്പേര് വീണാൽ അവളെയാരും കല്യാണം ആലോചിച്ചു വരില്ല..

മാത്രവുമല്ല ഇവിടെ നിന്ന് അവളെ പുറത്താക്കുകയും ചെയ്യും.. ആരും സഹായം ഇല്ലാതെയാകുമ്പോൾ അവളെ എന്റെ കയ്യിൽ കിട്ടുമെന്ന് എനിക്ക് അറിയായിരുന്നു.. അതിന് വേണ്ടിയാ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത് ” അവൻ തല കുനിച്ചു നിന്ന് പറഞ്ഞു

“ഇന്നലെ വേണിയെ ഒറ്റക്ക് കിട്ടിയപ്പോൾ ഞാൻ അവളെ കീഴടക്കി സ്വന്തമാക്കാൻ നോക്കി..അപ്പോഴാ സർ വന്നത്..സാറിന്റെ കയ്യിൽ നിന്നും ഓടി രെക്ഷപെട്ടതാ ഞാൻ. പിന്നെ നോക്കിയപ്പോഴാ കണ്ടത് കതക് അടഞ്ഞത്..

അത് ഒരു കെണിയാക്കി ഞാൻ കൂട്ടുകാരെ വിവരം അറിയിച്ചു. അങ്ങനെയാ നാട്ടുകാരെല്ലാം കൂടിയത് ”

“കതക് അടഞ്ഞതോ.. നീ അടച്ചത് അല്ലെ ”

രവീന്ദ്രൻ ചോദിച്ചു

“അല്ല ഞാനല്ല കതക് അടച്ചത്.. ”

“മതി.. ഇവന്മാരെ കൊണ്ട് പോ ” അഭിമന്യു ഇടപെട്ടു.
കൃഷ്ണയെ ഒന്ന് പാളിനോക്കികൊണ്ട് അവൻ പുറത്തേക്ക് പോയി.

“ഭവനഭേദനം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, തുടങ്ങിയവക്കെതിരെ കേസ് എടുക്കാം. കൂടാതെ ഒരു മാനനഷ്ട കേസ് ഫയൽ ചെയ്യിക്കണം കൃഷ്ണവേണിയെക്കൊണ്ട് ” അവൻ നാരായണിയമ്മയോട് പറഞ്ഞു.

“മ്മ്.. അതെല്ലാം വേണ്ടപോലെ ചെയ്യിക്കാം ”

“വേറെ നടപടികൾ എന്തെങ്കിലും ഉണ്ടോ ”

“ഇനി പ്രത്യേകിച്ച് ഒന്നുമില്ല. പിന്നെ തികച്ചും അൺഒഫീഷ്യൽ ആയൊരു കാര്യം പറയാനുണ്ട് ” അവൻ പറഞ്ഞു

“എന്താ ” രവീന്ദ്രൻ ചോദിച്ചു.

“കൃഷ്ണവേണിയെ എനിക്ക് വിവാഹം ചെയ്യാൻ താല്പര്യം ഉണ്ട്.. “ഒന്നു ദീർഘമായി ശ്വാസം എടുത്തു അവൻ പറഞ്ഞു.

കൃഷ്ണ തലയ്ക്കു അടിയേറ്റത് പോലെ നിന്നു.

“നിങ്ങളെല്ലാരും ആണ് കൃഷ്ണയ്ക്ക് ഉള്ളതെന്ന് എനിക്കറിയാം. അത്കൊണ്ടാണ് എല്ലാവരോടും ചോദിക്കുന്നത്. ആർക്കും എതിർപ്പില്ലെങ്കിൽ ഞാൻ എന്റെ വീട്ടുകാരുമായി വന്നു ഒഫീഷ്യൽ ആയി സംസാരിക്കാം ”

അവൻ ബഹുമാനത്തോടും അത്യധികം വിനയത്തോടും കൂടിയാണ് പറഞ്ഞത്.

എല്ലാവരും അന്യോന്യം നോക്കി. ചിലർ മുറുമുറുക്കാൻ തുടങ്ങി.

” കൃഷ്ണവേണിയെ അഭിമന്യുവിന് വിവാഹം ചെയ്തു തരാൻ ഞങ്ങൾക്ക് സമ്മതമാണ് ”

നാരായണിയമ്മ ഉറക്കെ പറഞ്ഞു. അഭിമന്യുവിന്റെ മുഖം തെളിഞ്ഞു. ഇരുവരും പുഞ്ചിരിച്ചു.

എന്നാൽ കൃഷ്ണയുടെ രക്തം ഉറഞ്ഞു. കാതുകൾ കൊട്ടിയടച്ചു. നിന്ന നിൽപ്പിൽ അവൾ ഉരുകാൻ തുടങ്ങി.

ഹരിയുടെ കൈകൾ അവളെ ചേർത്തു പിടിച്ചിരുന്നു

(തുടരും )

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6

ഹൃദയസഖി : ഭാഗം 7

ഹൃദയസഖി : ഭാഗം 8

ഹൃദയസഖി : ഭാഗം 9