Monday, November 25, 2024
Novel

ദേവാസുരം : ഭാഗം 7

എഴുത്തുകാരി: അഞ്ജലി അഞ്ജു


അമ്പലത്തിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോൾ മനസിൽ മുഴുവൻ ഇന്ദ്രേട്ടനെ പറ്റിയുള്ള ചിന്തകളായിരുന്നു. പുറമെ ദേഷ്യത്തിന്റെ മൂടുപടം ഇട്ടിട്ടുണ്ടെങ്കിലും അകമേ ഒരു പാവമാണെന്നു തോന്നി.

ഏട്ടനോടുള്ള ഭയമെല്ലാം എങ്ങോട്ടോ പോയി മറഞ്ഞത് പോലെ. എത്ര സൗമ്യമായാണ് എല്ലാവരോടും പെരുമാറുന്നത്.

ഏട്ടനോട് വല്ലാത്ത അടുപ്പം തോന്നി അതോടൊപ്പം ആശ്വാസവും എന്നോട് സ്നേഹമൊന്നും കാണിച്ചില്ലെങ്കിലും ഏട്ടന്റെ മനസിൽ ഒരു സ്ഥാനം തന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി.

അച്ഛനും അമ്മയും ഇല്ലാത്ത അനാഥ പെണ്ണിന് സ്വപ്നം കാണാനാവാത്തതാണ് ഇന്ദ്രിയത്തിലെ മരുമകൾ സ്ഥാനം.

എന്നെ വെച്ചു നോക്കുമ്പോൾ ഇന്ദ്രേട്ടൻ എത്രയോ മുകളിലാണ് എനിക്ക് കയ്യെത്തി പിടിക്കാൻ പറ്റുന്നതിലും മുകളിൽ അങ്ങനൊരു സ്ഥാനം ഞാൻ ആഗ്രഹിക്കുന്നത് തന്നെ വിഢിത്തരമാണ്.

ഒരിക്കലും ഏട്ടന്റെ മനസിൽ ഒരു സ്ഥാനം എനിക്കായി ഉണ്ടാവില്ല.

എന്നും ഏട്ടനെ കണ്ടു ജീവിക്കാനുള്ള ഭാഗ്യമെങ്കിലും തന്നാൽ മതിയായിരുന്നു അത് പോലും സ്വാർത്ഥത ആയി പോകും. എന്നെ പോലൊരു പെൺകുട്ടി ഏട്ടന് ചേരില്ല.

“നീ ഇതിൽ തന്നെ ഇരിക്കാൻ പോകുവാണോ?”

ഇന്ദ്രന്റെ ശബ്ദം കേട്ടതും ജാനു ഒന്നു ഞെട്ടി.

“നീ കണ്ണ് തുറന്ന് ഉറങ്ങുവായിരുന്നോ?”

ജാള്യത മറയ്ക്കാൻ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി. ഇന്ദ്രന് മുഖം കൊടുക്കാതെ വേഗം വീട്ടിലേക്ക് പോയി.

അവൾ അകത്തു ചെന്നതും ലിവിങ്ങിൽ ഉഷയും രുദ്രയും ഉണ്ടായിരുന്നു. അവളുടെ മുഖത്തെ സന്തോഷം അവരിലേക്കും പകർന്നിരുന്നു.

“അല്ല എന്താണ് കള്ള ലക്ഷണം ഇങ്ങോട്ട് വന്നേ ചോദിക്കട്ടെ?”

ജാനുവിനെ നോക്കി ചിരിച്ചു കൊണ്ട് രുദ്ര ചോദിച്ചു. ജാനുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു.

“എന്റെ രുദ്രേ നീ എന്റെ കുട്ടിയെ കളിയാക്കാതെ. മോളിവിടെ വന്നിരിക്കൂ. അമ്പലത്തിൽ പോയ വിശേഷം പറയൂ.”

ജാനു സന്തോഷത്തോടെ ഉഷയുടെ അരികിൽ പോയിരുന്നു. ഒരു കൊച്ചു കുട്ടിയെ എന്ന പോലെ ഉഷ അവളെ ചേർത്ത് പിടിച്ചു.

അമ്പലത്തിൽ പോയപ്പോൾ ഉണ്ടായ ഓരോ സംഭവങ്ങളും അവൾ വിവരിക്കാൻ തുടങ്ങി.

കുട്ടികളെ അമ്മമാർ കേൾക്കുന്നത് പോലെ ഉഷയും കേൾവിക്കാരി ആയപ്പോൾ ജാനുവിലും ആവേശം കൂടി.

ഓരോന്നും പറഞ്ഞോണ്ടിരിക്കുമ്പോളാണ് ഇന്ദ്രനവരെ കടന്നു പോയത്. അവൻ അടുത്തെത്തിയപ്പോൾ പെട്ടെന്ന് ജാനു നിശബ്ദയായി.

കള്ളത്തരം ചെയ്ത കുട്ടിയെ പോലുള്ള അവളുടെ ഇരുപ്പ് അവനിലും സംശയം ഉണ്ടാക്കി. അവളെ ഒന്ന് കൂർപ്പിച്ചു നോക്കി അവൻ മുകളിലേക്ക് പോയി.

അവൻ പോയതും അവൾ വീണ്ടും കഥ പറച്ചിൽ തുടങ്ങി. മുകളിൽ നിന്ന് കൊണ്ട് ഇന്ദ്രനും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലപ്പോഴും അവളുടെ സംസാരം അവനിലും ചിരി പടർത്തി.

ഇടയ്ക്കെപ്പോഴൊക്കെയോ അവളോട്‌ ഉള്ള ദേഷ്യം അവനും മറന്നു പോകുന്നുണ്ടായിരുന്നു.

ഉച്ച കഴിഞ്ഞ് വിരുന്നിനു വേണ്ടി മാധവന്റെ വീട്ടിലേക്കു അവർ യാത്ര തിരിച്ചു. പോകുന്ന വഴിക്ക് പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും ഇടയ്ക്കിടെ ജാനു അവനെ പാളി നോക്കുന്നുണ്ടായിരുന്നു.

എന്തോ അവനെ കാണാനൊരു കൗതുകം അവളിൽ ഉടലെടുത്തിരുന്നു. പോകുന്ന വഴിക്ക് അനുവിനും ശിവയ്ക്കും ചോക്ലേറ്റ് ഒക്കെ വാങ്ങിച്ചു.

ഒരു റെസ്റ്റയിൽസിനു മുന്നിൽ വണ്ടി നിർത്തിയപ്പോൾ എന്തിനാണെന്ന ഭാവമായിരുന്നു ജാനുവിന് ഉണ്ടായത്.

അകത്തേക്ക് ഇന്ദ്രനെ അനുഗമിച്ചു. ശിവയ്ക്കും അനുവിനും ഇഷ്ടായത് എടുക്കാൻ പറഞ്ഞപ്പോൾ സന്തോഷം തോന്നി.

എല്ലാം വില കൂടിയ തുണിത്തരങ്ങൾ ആയത് കൊണ്ട് പലതും സെലക്ട്‌ ചെയ്യാതെ മാറ്റി വയ്ക്കുന്നത് കണ്ട് ഇന്ദ്രൻ തന്നെ സെലക്ട്‌ ചെയ്തു.

മാധവനും നിർമ്മലയ്ക്കും ഓരോ ജോഡി ഡ്രസ്സ്‌ എടുത്തിരുന്നു.

വീട്ടിലേക്ക് കാർ കടക്കുമ്പോൾ തന്നെ മാധവൻ അവരെയും കാത്ത് ഉമ്മറ പടിക്കൽ നിൽക്കുന്നത് കാണാമായിരുന്നു.

“നിർമ്മലേ മക്കള് വന്നു കേട്ടോ..”

അകത്തേക്ക് നോക്കി മാധവൻ പറഞ്ഞത് കേൾക്കേണ്ട താമസം അനുവും ശിവയും ഓടി പാഞ്ഞു പുറത്തേക്ക് വന്നു.

“ജാനു ചേച്ചീ…”

രണ്ടാളും ജാനിയുടെ ചുറ്റും കൂടി. ഓരോന്നും പറഞ്ഞു കൊണ്ടിരുന്നപ്പോളാണ് ഇന്ദ്രനും അങ്ങോട്ടേക്ക് വന്നത്.

“കൊള്ളാം അപ്പോൾ ഞാൻ ഒറ്റക്കായി അല്ലേ?”

അത് പറഞ്ഞതും രണ്ടാളും ക്ഷമ പറച്ചിലൊക്കെ ആയി ഇന്ദ്രന്റെ പിറകെ പോയി. അവർക്ക് വാങ്ങിയ ഡ്രെസ്സുകളും പലഹാരങ്ങളും കണ്ടപ്പോൾ രണ്ടാൾക്കും ഒത്തിരി സന്തോഷായി.

ഇന്ദ്രനാണ് സെലക്ട്‌ ചെയ്‌തെന്ന് അറിഞ്ഞപ്പോൾ സന്തോഷത്തോടൊപ്പം ഒരു സുരക്ഷിതത്വവും മാധവന് തോന്നി. തന്റെ കണക്കു കൂട്ടലുകൾ പിഴയ്ക്കാത്തതിൽ സ്വയം അഭിമാനിച്ചു.

ഇന്ദ്രനോടൊപ്പം കൂടി കഴിഞ്ഞപ്പോൾ ശിവയും അനുവും മറ്റൊരു ലോകത്തായിരുന്നു.

സ്കൂളിലെ വിശേഷം പറച്ചിലും പരസ്പരം കളിയാക്കലും ആകെ ബഹളം. ഇന്ദ്രനും അവരോടൊപ്പം ഒരു കൊച്ചു കുട്ടിയെ പോലെ കൂട്ടായി.

കുറേ നേരത്തെ ബഹളത്തിന് ശേഷം രണ്ടാളും പോയപ്പോൾ ഇന്ദ്രനും മാധവനും തമ്മിലായി സംസാരം.

വളരെ പക്വതയോടെ ആണ് മാധവനോട് ഇന്ദ്രൻ സംസാരിച്ചത്.

മാധവന്റെ കൃഷിയിടത്തെ പറ്റി സംസാരിച്ചപ്പോൾ പരിചയ സമ്പന്നനായ ഒരു നാട്ടിൻപുറത്തുകാരനായി അവൻ മാറുകയായിരുന്നു.

ഇന്ദ്രന്റെ ഓരോ മാറ്റവും രണ്ടു കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു.

ആ കണ്ണുകളിൽ ഇടക്കെപ്പോഴോ നീർത്തിളക്കവും ഉണ്ടായി. രാത്രിയിൽ അവിടെ തങ്ങുമ്പോളും പതിവ് പോലെ ജാനു അവനായി കിടക്ക വിട്ടു കൊടുത്തിരുന്നു.

രാവിലെ തന്നെ തിരികെ ഇന്ദ്രിയത്തിലേക്ക് അവർ പോകാനൊരുങ്ങി. ശിവയ്ക്കും അനുവിനും സങ്കടമുണ്ടെങ്കിലും മാധവന് സന്തോഷമായിരുന്നു.

ജാനുവിന്റെ നല്ല ജീവിതത്തിൽ അയാൾ സംതൃപ്തനായിരുന്നു.

വീട്ടിലേക്കെത്തുമ്പോൾ എല്ലാവരും എങ്ങോട്ടേക്കോ പോകാൻ ഒരുങ്ങി നീക്കുകയായിരുന്നു. രുദ്രയ്ക്ക് കൂട്ടായി ഉഷയും സേതുവും അവരുടെ വീട്ടിലേക്ക് പോവുകയാണ്.

ഇന്ദ്രനതിൽ താല്പര്യമില്ലായ്മ അറിയിച്ചെങ്കിലും രുദ്ര പറഞ്ഞു അതൊക്കെ മാറ്റി.

അവർ പോകുന്നതിലും അവന് വിഷമം ജാനുവിനൊപ്പം ഒറ്റക്ക് അവിടെ നിൽക്കുന്നതിലായിരുന്നു.

ജാനുവിനും മറിച്ചായിരുന്നില്ല. ഒരു അമ്മയുടെയും അച്ഛന്റെയും സ്നേഹം അറിഞ്ഞിട്ടില്ലാത്ത അവൾക്ക് അവരെ പിരിയുന്നതിൽ നിരാശ തോന്നിയിരുന്നു.

അന്ന് അത്താഴത്തിനു ജാനു ഇന്ദ്രനെ വിളിച്ചെങ്കിലും അവൻ കഴിക്കാൻ കൂട്ടാക്കിയില്ല. എന്തോ ജാനുവിനും പിന്നെ കഴിക്കാൻ തോന്നിയില്ല.

രണ്ടാളും ഒന്നും കഴിക്കാതെയാണ് കിടന്നത്. ആ വലിയ വീട്ടിൽ നിശബ്ദത തളം കെട്ടി കിടന്നു. ഇന്ദ്രന് അതിൽ പുതുമയൊന്നും ഉണ്ടായിരുന്നില്ല.

കുറച്ചു കാലമായി രുദ്ര വരുമ്പോൾ മാത്രമാണ് അനക്കം ഉണ്ടായിരുന്നത് എന്നാൽ ജാനുവിന് ശ്വാസം മുട്ടുന്ന പോലെയാണ് തോന്നിയിരുന്നത്.

അനുവിന്റെയും ശിവയുടെയും ഒച്ചപ്പാടുകൾക്ക് ഇടയിൽ നിന്നും പെട്ടെന്ന് നിശബ്ദമായൊരു താഴ്വാരത്തിൽ പെട്ടത് പോലെ.

അപരിചിതരെ പോലെ അന്നത്തെ രാത്രി അവർ തള്ളി നീക്കി.

പിറ്റേ ദിവസവും അതിരാവിലെ എഴുന്നേറ്റ് തന്റെ ജോലികളിൽ ജാനു വ്യാപൃതയായിരുന്നു. തലേ ദിവസത്തെ പോലെ സിന്ദൂരം തൊടാൻ അവൾ മറന്നിരുന്നില്ല.

പൂർണമായും ഒരു ഗൃഹനാഥയിലേക്ക് അവൾ മാറിയിരുന്നു.

ചായയുമായി തന്നെ വിളിക്കാൻ വന്ന ജാനുവിന്റെ മുഖത്തെ പ്രകാശം അവനിലേക്കും പകരുന്നുണ്ടായിരുന്നു.

രാവിലത്തെ ഭക്ഷണം തയ്യാറാക്കി വിളിക്കാൻ വന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല.

അവനെ കാണാതെ ആയപ്പോൾ ഉള്ളിലെവിടെയോ ഭയം ഉരുണ്ടു കൂടുന്നത് അവളറിഞ്ഞു.

ഫോണിൽ വിളിക്കാമെന്ന് വെച്ചാൽ ആകെ ഉള്ളത് ലാൻഡ് ഫോണാണ്.

അവന്റെ നമ്പർ അറിയുകയുമില്ല. ഭർത്താവിന്റെ ഫോൺ നമ്പർ പോലുമറിയാത്ത ഒരു ഭാര്യ! അവൾക്ക് സ്വയം പുച്ഛം തോന്നി. പുറത്തേക്ക് കണ്ണുംനട്ടു വാതിൽ പടിയിൽ തന്നെ അവൾ കാത്ത് നിന്നു.

ഓരോ ശബ്ദം കേൾക്കുമ്പോളും പ്രതീക്ഷയോടെ അവളുടെ കണ്ണുകൾ അവനെ തിരഞ്ഞു പക്ഷെ നിരാശയായിരുന്നു ഫലം. ഉച്ചക്കത്തേക്കുള്ള ഊണ് തയ്യാറായി കഴിഞ്ഞിട്ടും ആളെ കാണാനില്ല. ജാനുവിൽ നിരാശയും സങ്കടവും കുമിഞ്ഞു കൂടി.

ഒരു പരിചയുവുമില്ലാത്ത ഒരിടത്ത് തന്നെ ഒറ്റക്കാക്കി പോയ ഇന്ദ്രനോട് ദേഷ്യം തോന്നി.

രാവിലെ മുതൽക്കേ ഒന്നും കഴിച്ചില്ലെങ്കിലും തളർച്ചയൊന്നും അവൾ അറിഞ്ഞിരുന്നില്ല. സമയം ഒരു മൂന്നു മണിയോടടുത്തപ്പോളാണ് ഇന്ദ്രൻ വന്നു കയറിയത്.

ദേഷ്യം കൊണ്ട് എന്തൊക്കെയോ ചോദിക്കാനും പറയാനും ഉണ്ടായിരുന്നെങ്കിലും അവൾ മൂകയായി അവനെ സ്വീകരിച്ചു.

പുറത്ത് നിന്ന് കഴിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞു ഇന്ദ്രൻ മുകളിലേക്ക് പോകുമ്പോൾ ഉള്ളിലെവിടെയോ ചെറു നോവ് പടർന്നിരുന്നു.

വിളമ്പി വെച്ച ഭക്ഷണം തിരികെ എടുത്ത് വെച്ച് മുറ്റത്തെ മാവിൻ ചുവട്ടിൽ പോയി ഇരിക്കുമ്പോൾ മനസ് ശൂന്യമായിരുന്നു. കുട്ടിക്കാലം മുതൽക്കേ പട്ടിണി കിടന്ന് ശീലമായതിനാലാവാം വിശപ്പൊന്നും അറിയുന്നുണ്ടായിരുന്നില്ല.

പലപ്പോഴും വിശന്നിട്ടും കണ്ണുനീരിൽ കുതിർന്ന ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കിടന്നിട്ടുണ്ട്.

ചിലപ്പോഴൊക്കെ കഴിക്കാൻ എത്തുമ്പോൾ ഒഴിഞ്ഞ പാത്രങ്ങളാണ് ഉണ്ടായിരുന്നത്.

പക്ഷെ എന്തു കൊണ്ടോ ഇത്രത്തോളം ഒറ്റപ്പെടൽ അവിടെ അനുഭവിച്ചിരുന്നില്ല.

എത്രയൊക്കെ വിഷമങ്ങൾ ഉണ്ടായാലും ആശ്വസിപ്പിക്കാനും ആരൊക്കെയോ ഉണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയെയും ഓർത്തു.

പാവം സ്വന്തം ഭർത്താവിൽ നിന്നും എത്രത്തോളം ദുരിതം അനുഭവിച്ചിട്ടുണ്ടാകും.

അവസാന ശ്വാസം വലിക്കുമ്പോളും താൻ പ്രാണനായി കണ്ട ഭർത്താവിന്റെ കൈ കൊണ്ട് മരിക്കുന്നതിലാവാം ഏറ്റവും വിഷമിച്ചിട്ടുള്ളത്.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

അവളോടൊപ്പം ഇരിക്കാനുള്ള മടി കൊണ്ടാണ് രാവിലെ തന്നെ പുറത്തേക്ക് പോയത്. ഉമ്മറപടിയിലുള്ള അവളുടെ നിൽപ്പ് കണ്ടപ്പോളേ മനസ്സിലായിരുന്നു നന്നായി പേടിച്ചെന്നു.

അവളുടെ മുഖത്തു നിന്നും പറയാതെ പോയതിലെ പരിഭവവും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.

അവളും ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്ന് അറിഞ്ഞിട്ടും കഴിച്ചെന്നു കള്ളം പറഞ്ഞു ഒഴിവാകാൻ ആണ് തോന്നിയത്.

ഒന്നും കഴിക്കാതെ അവളും പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം.

എത്രയൊക്കെ വെറുപ്പ് നിറച്ചു വെച്ചിട്ടും അവളെ കാണുമ്പോൾ സഹതാപമായി മാറുന്നു.

വീണ്ടും അവളുടെ കണ്ണുകളിലെ നിരാശ കണ്മുന്നിൽ തെളിഞ്ഞു വന്നപ്പോൾ എന്ത് കൊണ്ടോ അതിനു നേരെ കണ്ണടയ്ക്കാൻ കഴിഞ്ഞില്ല.

താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ നിറഞ്ഞ കണ്ണുകളോടെ ആലോചനയിലാണ്ട ജാനുവിനെയാണ് കണ്ടത്.

അൽപ സമയം അവളെയും വീക്ഷിച്ചു നിന്നു. ഒറ്റ നോട്ടത്തിൽ ഒരു പാവം പെണ്ണ്.

എന്ത് കൊണ്ടാണ് അവൾ തന്റെ പ്രണയം ഉപേക്ഷിച്ചതെന്ന് ഇപ്പോളും അറിയില്ലെങ്കിലും അവളിലും എന്തൊക്കെയോ ശെരികൾ ഉണ്ടെന്ന് അവനും തോന്നി തുടങ്ങിയിരുന്നു.

“എനിക്ക് വിശക്കുന്നു.”

അവളെ ചിന്തകളിൽ നിന്ന് ഉണർത്താൻ എന്ന വണ്ണം അവൻ പറഞ്ഞു.

“ദാ ഇപ്പോ എടുത്തു വെക്കാം.”

ചാടി പിടഞ്ഞെഴുന്നേറ്റ് കൊണ്ട് അവൾ പറഞ്ഞു. നിറഞ്ഞിരുന്ന കണ്ണുകൾ അമർത്തി തുടച്ചു ചെറു പുഞ്ചിരിയോടെ അവൾ അകത്തേക്ക് ഓടി.

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

ദേവാസുരം : ഭാഗം 6