നവമി : ഭാഗം 12
എഴുത്തുകാരി: വാസുകി വസു
പിന്നിൽ ഒളിപ്പിച്ച ചൂരലെടുത്ത് നീതിയെ പൊതിരെ തല്ലി.നിലവിളിച്ചിട്ടും നവി നിർത്തിയില്ല.ഒടുവിൽ കൈകൾ കുഴഞ്ഞപ്പോൾ ചൂരൽ താഴെയിട്ടു.
മുറുവിട്ട് നവി പുറത്തേക്ക് ഇറങ്ങി.നീതിയുടെ ഹൃദയം നീറ്റിയ നിലവിളി പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.പകരം അവളുടെ കണ്ണുകളിൽ അഗ്നി എരിയുക ആയിരുന്നു..
“സർവ്വവും നശിപ്പിച്ചു ചുട്ടു ചാമ്പലാക്കാനുളള ശക്തി നീതിയുടെ കണ്ണുകളിൽ നിന്ന് വർഷിച്ച അഗ്നിക്കുണ്ടായിരുന്നു….
ശരീരം മുഴുവനും ചുട്ടു നീറിയെങ്കിലും മനസിലെ തീ അതിനും മുകളിൽ ആയിരുന്നു. കടപ്പല്ലുകൾ ഞെരിയുന്ന ഒച്ചയിൽ അവളൊന്ന് മുരണ്ടു.
” ഇതുകൊണ്ടൊന്നും തീർന്നില്ല നവി.എനിക്ക് വേദനിച്ചതിന്റെ നൂറിരിട്ടി നീ വിഷമിച്ചിരിക്കും.ഇല്ലെങ്കിൽ ഞാൻ നീതിയല്ല”
കുളിമുറിയിൽ കയറി ഷവറിന് കീഴിൽ നിന്ന് ജലകണങ്ങൾ പുറത്തേക്ക് പതിച്ചതും നീറ്റലിൽ അവളൊന്നു പുളഞ്ഞു.പല്ലുകൾ ഞെരിച്ചു പിടിച്ചു ചുണ്ടുകൾ അമർത്തി വേദന കടിച്ചു പിടിച്ചു.
കുളികഴിഞ്ഞു നീതി പുതിയ വസ്ത്രങ്ങൾ ധരിച്ചു.ഫുൾ ബ്ലാക്ക് ഡ്രസ്.ഇനിയും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നെങ്കിൽ നവിയുടെ പതനം കഴിഞ്ഞിട്ട്.
രാത്രിയിൽ ഭക്ഷണം കഴിക്കാൻ നീതി വന്നില്ല.അച്ഛനും അമ്മയും അവളെ തിരക്കിയതുമില്ല.
💃💃💃💃💃💃💃💃💃💃💃💃💃💃💃
രമണനും രാധയും വിവാഹം കഴിഞ്ഞു എത്തുമ്പോൾ അവിടെമാകെ ശാന്തമായിരുന്നു.രാധ നോക്കുമ്പോൾ മക്കൾ രണ്ടു പേരും കിടക്കുകയാണ്. അവർ വേഷം മാറാൻ തങ്ങളുടെ മുറിയിലേക്ക് കയറി.
💃💃💃💃💃💃💃💃💃💃💃💃💃💃💃
മുറിയിലെത്തിയ നവമി പൊട്ടിക്കരഞ്ഞു കൊണ്ട് കിടക്കയിലേക്ക് വീണു.വേണ്ടിയിരുന്നില്ല എത്രയൊക്കെ ആയാലും നീതി തന്റെ കൂടപ്പിറപ്പ് ആണ്.
ഒരിക്കലും ക്ഷമിക്കാൻ കഴിയുന്ന തെറ്റല്ലെങ്കിലും അവൾ തന്റെ സഹോദരിയാണ്. നീതിയെ തല്ലിയതിൽ നവമിക്ക് സങ്കടം വന്നു.യാതൊരു സമാധാനവും ലഭിച്ചില്ല.
രാത്രി ആയതും അച്ഛനും അമ്മയും വന്നിട്ടും നവമി എഴുന്നേറ്റില്ല.രണ്ടു പേരും പകൽ ഒന്നും കഴിച്ചതുമില്ല.നവിയും നീതിയും ഒരേ കിടപ്പ് ആയിരുന്നു.
മനസ് നീറി സമാധാനം ലഭിക്കാതെ വന്നതോടെ അവൾ എഴുന്നേറ്റു ചേച്ചിയുടെ റൂമിലേക്ക് ചെന്നു.കതക് ലോക്ക് ചെയ്തിരുന്നില്ല.അവൾ മുറിയിലേക്ക് പ്രവേശിച്ചു.
ലൈറ്റ് ഇട്ടിരുന്നു.കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് ദൃഷ്ടികൾ ഉറപ്പിച്ചു കിടക്കുകയാണ് നീതി.നവമിക്ക് സങ്കടവും കരച്ചിലും വന്നു.
“ചേച്ചി എന്നോട് ക്ഷമിക്ക്” കരഞ്ഞു കൊണ്ട് ചേച്ചിയുടെ കാലിൽ കെട്ടിപ്പിടിച്ചു.ചുടു കണ്ണുനീർ ചാലിട്ടൊഴുകി നീതിയുടെ കാൽപ്പാദത്തിലേക്ക് വീണു.
നീതിയിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.നിശ്ചലമായി കിടക്കുകയാണ്. കുറച്ചു നേരം കരഞ്ഞ് കഴിഞ്ഞപ്പോൾ മനസ്സിനു കുറച്ചു സമാധാനം തോന്നി.
നവി എഴുന്നേറ്റ് ചെന്ന് നിലത്തേക്ക് മുട്ടുകളൂന്നി നീതിയുടെ മുന്നിൽ ഇരുന്നു.
“ചേച്ചി എന്നോട് ക്ഷമിച്ചൂന്ന് ഒന്ന് പറയണേ..സോറി റിയലി സോറി”
നീതിയുടെ കവിളിൽ നവമി അമർത്തി ചുംബിച്ചു. “സാരമില്ലേടി ചേച്ചി ക്ഷമിച്ചു” അങ്ങനെയൊന്ന് കേൾക്കാൻ കൊതിച്ചെങ്കിലും കഴിഞ്ഞില്ല.കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് നവി മുറിവിട്ടിറങ്ങി..
“നീയൊന്നും കഴിക്കുന്നില്ലേ മോളേ?”
“വിശപ്പില്ല അമ്മേ” രാധയുടെ ചോദ്യത്തിന് ഉത്തരം നൽകിയട്ട് അവൾ മുറിയിലേക്ക് പോയി.”രണ്ടിനും ഇന്നിത് എന്ത് പറ്റി.അവർ താടിക്ക് കയ്യും കൊടുത്തു ഇരുന്നു.
“ചോറ് എടുത്തു വെക്ക്” രമണൻ വിളിച്ചു പറഞ്ഞതോടെ അവർ ഭർത്താവിനും അവർക്കും കൂടി ഭക്ഷണം വിളമ്പി കൊണ്ട് വന്നു.
“രണ്ടിനും എന്തുപറ്റിയെന്ന് അറിയില്ലല്ലോ?”
ഭക്ഷണം കഴിക്കുന്നതിനിടയിൽ രാധ ആവലാതിപ്പെട്ടു.ഭർത്താവ് രൂക്ഷമായി ഒന്ന് നോക്കിയതോടെ അവർ നിശബ്ദയായി..
ഭക്ഷണം കഴിച്ചു കഴിഞ്ഞു രമണൻ നവമിയുടെ മുറിയിലെത്തി.അച്ഛനെ കണ്ടതും പെട്ടെന്ന് അവൾ എഴുന്നേറ്റു. മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു
“എന്ത് പറ്റിയെടീ വിശപ്പില്ലാത്തത്.രണ്ടും പകൽ ഒന്നും കഴിച്ചിട്ടില്ലെന്ന് അമ്മയുടെ പരാതിയുണ്ടല്ലോ?”
“ഹേയ് ഒന്നുമില്ല അച്ഛാ” അങ്ങനെ പറഞ്ഞെങ്കിലും അവളിലൊരു കടലിരമ്പുന്നുണ്ടെന്ന് അയാൾക്ക് തോന്നി. കൂടുതൽ വിഷമിപ്പിക്കണ്ടെന്ന് കരുതി അയാളൊന്നും ചോദിച്ചില്ല.
“അച്ഛാ ഞാനാന്ന് കെട്ടിപ്പിടിച്ചോട്ടെ” അനുവാദം ലഭിക്കും മുമ്പ് അച്ഛന്റെ ചുമലിൽ മുഖം അമർത്തി നവമി പൊട്ടിക്കരഞ്ഞു.
സങ്കടം കൂടുതൽ ആയാലേ മകൾ ഇങ്ങനെ ചെയ്യൂന്ന് രമണനു നന്നായിട്ട് അറിയാം.
ചോദിക്കാതെ അവളെല്ലാം തുറന്നു സംസാരിക്കാറാണ് പതിവ്.പക്ഷേ അന്നത് തെറ്റി.ഒരുവാക്ക് പോലും നവമിയിൽ നിന്ന് പുറത്ത് വന്നില്ല.
💃💃💃💃💃💃💃💃💃💃💃💃💃💃💃
ക്ലാസ് റൂമിൽ നിന്ന് എങ്ങനെയും രക്ഷപ്പെടാനൊരു ശ്രമം നടത്തി നോക്കി ധനേഷും കൂട്ടുകാരും. പക്ഷേ അത് പരാജയപ്പെട്ടതോടെ നിരാശരായി.
രാത്രി ആയപ്പോഴേക്കും വിശപ്പും ദാഹവും അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല.
അവിടെ പരാക്രമം നടത്തിയെങ്കിലും നിലവിളി കേൾക്കാൻ ക്യാമ്പസിൽ ആരും ഉണ്ടായിരുന്നില്ല.
പിറ്റേന്ന് പകലും രാത്രിയും ആയതോടെ അവർ അവാരാകെ കുഴഞ്ഞു ശബ്ദം പോലും വെളിയിൽ വന്നില്ല.അവിടെ വരാൻ തോന്നിയ നിമിഷത്തെ അവർ സ്വയം പഴിച്ചു.
💃💃💃💃💃💃💃💃💃💃💃💃💃💃💃
രണ്ടു ദിവസം പതിയെ കടന്നു പോയി. നീതിയിൽ പക ജ്വലിച്ചു നിന്നു.നവമിയോട് പക വീട്ടാനൊരു അവസരത്തിനായി അവൾ കാത്തിരുന്നു.
നവിയിൽ സങ്കടം ഉണ്ടെങ്കിലും ചേച്ചിയുമായി ഇണങ്ങാനായി അവൾ ശ്രമിച്ചു. നീതി ഒഴിഞ്ഞ് മാറി തന്നെ നടന്നു.
💃💃💃💃💃💃💃💃💃💃💃💃💃💃💃
മൂന്നാം ദിവസം രാത്രി ആയപ്പോഴേക്കും ധനേഷും കൂട്ടുകാരും വളരെയധികം ക്ഷീണിതരായിരുന്നു.
പാതിരാത്രി കഴിഞ്ഞു കാണും കതക് തുറന്നു ആരോ അവർക്ക് അടുത്തെത്തി.ആരാണെന്ന് അവർക്ക് മനസ്സിലായില്ല.
ഇരുളിൽ നിന്ന് ആരോ അവരെ ശക്തമായി പ്രഹരിച്ചു.വലിയ തടിക്കഷണം കൊണ്ടായിരുന്നു അടി.
ശരീരമാകെ നീറിപ്പുകഞ്ഞു.തല്ലിയത് ആരെന്ന് അവർക്ക് മനസ്സിലായില്ല.കുറെ കഴിഞ്ഞു ആ രൂപം വന്നതു പോലെ പുറത്തേക്കിറങ്ങി.കതക് ലോക്ക് ചെയ്തില്ല.
വെളുപ്പാൻ കാലത്ത് എപ്പഴോ ധനേഷും കൂട്ടുകാരും കൂടി അവിടെ നിന്ന് നീങ്ങിയും നിരങ്ങിയും രക്ഷപ്പെട്ടു.
മർദ്ദനത്തിന്റെയും വിശപ്പിന്റെയും തളർച്ചയുണ്ടെങ്കിലും എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപ്പെടാനുളള ത്വര ആയിരുന്നു മനസ്സിൽ.
പകൽ വിദ്യാർത്ഥികൾ എത്തിയാൽ എല്ലാം കുഴഞ്ഞ് മറിയുമെന്ന് അറിയാം.
💃💃💃💃💃💃💃💃💃💃💃💃💃💃💃
അടുത്ത ദിവസം ക്ലാസ് ഉളളതിനാൽ നവി നേരത്തെ കിടന്നു.
വെളുപ്പിനെ എഴുന്നേൽക്കണം. കിടന്ന് കഴിഞ്ഞപ്പോൾ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു.
അച്ഛൻ ആയിരിക്കുമെന്ന് കരുതി നവി വാതിൽ തുറന്നു. അവൾ അത്ഭുതപ്പെട്ടു.
“അമ്മ വാതിക്കൽ നിൽക്കുന്നു. ഇത് പതിവില്ലാത്തതാണ്”
“എന്താ അമ്മേ” ആശ്ചര്യത്തോടെ തിരക്കി.ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു അവർ മുറിയിലേക്ക് കയറി.
“വാതിൽ അടച്ചേക്ക്” അതുകേട്ടവൾ മുറി ലോക്ക് ചെയ്തു. അമ്മയുടെ ലക്ഷ്യം എന്താണെന്ന് ആദ്യം നവിക്ക് മനസ്സിലായില്ല.
“അമ്മ ഇനി മുതൽ ഇവിടെയാണ് കിടക്കുന്നത്. എന്റെ മോൾക്ക് തരാൻ കഴിയാതിരുന്ന സ്നേഹം മുഴുവനും എനിക്ക് നൽകണം”
നവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അമ്മ ആത്മാർത്ഥമായിട്ടാണ് പറയുന്നത്. അവർ ഒരുപാവം ആണെന്ന് ആ നിമിഷം തോന്നിപ്പോയി.
“അമ്മേ” തേങ്ങിക്കരഞ്ഞു അമ്മയുടെ മാറിലേക്ക് ചാഞ്ഞു.രാധയും കരയുക ആയിരുന്നു. ഓർമ്മകൾ അവരുടെ മനസ്സിലൊരു വേലിയേറ്റം സൃഷ്ടിച്ചു.
വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞട്ടും ഒരുകുഞ്ഞിക്കാല് കാണാൻ രാധക്കും രമണനും കഴിഞ്ഞില്ല.വിളിക്കാത്ത ദൈവങ്ങളും നേർച്ചയിടാത്ത അമ്പലങ്ങളും പള്ളികളുമില്ല.നടത്താത്ത ട്രീറ്റ്മെന്റില്ല.
സമപ്രായക്കാരെല്ലാം വിവാഹം കഴിഞ്ഞു കുട്ടികളും ആയിട്ടും രാധ പ്രഗ്നന്റ് ആകാത്തതിനാൽ അമ്മായിയമ്മയിൽ നിന്നും നാത്തൂനിൽ നിന്നും പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നു.ആ സമയത്ത് രമണൻ തികഞ്ഞ മദ്യപാനി ആയിരുന്നു.
മച്ചിയെന്ന വിളിപ്പേര് കേട്ട് സഹിക്കാൻ കഴിയാതെ ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടുണ്ട്. അതെല്ലാം തികഞ്ഞ പരാജയമായിരുന്നു.
ആ സമയത്ത് ആരോ പറഞ്ഞ പ്രകാരം ദൂരെയുള്ളൊരു ഗൈനക്കോളജിസ്റ്റിനെ കാണുന്നത്.
അവരുടെ ട്രീറ്റ്മെന്റിലൂടെ പുരോഗതി ഉണ്ടായി.രാധ പ്രഗ്നന്റായി..
ഭർത്താവിൽ നിന്ന് പ്രഗ്നന്റ് ടൈമിൽ അവർക്ക് കരുതലോ സ്നേഹമോ ലഭിച്ചിട്ടില്ല.
ഫുൾ ടൈം തണ്ണിയിൽ കഴിയുന്ന ആൾക്ക് എവിടെ ഭാര്യയെ സ്നേഹിക്കാൻ സമയം. കടിഞ്ഞൂൽ സന്തതിയോട് പരിഭവങ്ങൾ അവർ പറഞ്ഞു.
വീർത്ത് വരുന്ന വയറ് നോക്കി സങ്കടങ്ങളുടെ കെട്ടഴിക്കുന്നത് പതിവായി.
എന്തിനും ഏതിനും കടിഞ്ഞൂൽ സന്തതി ആയിരുന്നു അവർക്ക് ആശ്വാസം.
പ്രസവം കഴിഞ്ഞു നീതി ജനിച്ചതോടെ പൂർണ്ണമായും അവളായി അവരുടെ ലോകം.വികാരങ്ങൾ ഉണരുമ്പോൾ മാത്രം ഭാര്യയെ മാത്രം രമണനു ആവശ്യമുളളായിരുന്നു..
നീതി ജനിച്ചു അധികം താമസിയാതെ രാധ വീണ്ടും പ്രഗ്നന്റായി.
നീതിയുടെ ജനനശേഷം ഒന്നരവർഷം കഴിഞ്ഞു നവിയെ പ്രസവിച്ചെങ്കിലും മൂത്ത മകളായിരുന്നു രാധക്ക് ഏറ്റവും പ്രിയം.
നീതിയുമായി ഒരുമാനസികമായ അടുപ്പം രാധക്ക് ഉണ്ടാകാൻ കാരണം ഭർത്താവിന്റെ മദ്യപാനവും ഭർതൃവീട്ടുകാരും ഒരു കാരണമായിരുന്നു.
“അമ്മ എന്തിനാണ് കരയുന്നത്” നവിയുടെ ചോദ്യമാണ് രാധയെ ചിന്തയിൽ നിന്നും ഉണർത്തിയത്.
“ഒന്നൂല്ലെടീ മോൾ ഉറങ്ങിക്കോ” കണ്ണുനീർ തുടച്ചിട്ട് രാധ പറഞ്ഞു. നവി അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു.അവരുടെ ശരീരം വിറകൊള്ളുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..
💃💃💃💃💃💃💃💃💃💃💃💃💃💃💃
അടുത്ത ദിവസം നവമി ഒറ്റക്കാണ് കോളേജിൽ പോയത്.
നീതി പോയിരുന്നില്ല.കോളേജിൽ ചെല്ലുമ്പോൾ അഥർവിനെ കാണണമെന്ന് അവൾക്ക് തോന്നി.
മനസിൽ പ്രണയത്തിന്റെ നീർച്ചാലുകൾ ഉറവയെടുത്ത് കഴിഞ്ഞിരുന്നു.
ഉച്ചകഴിഞ്ഞ് അവൾ അഥർവിനെ ക്ലാസിൽ തിരക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. മനസ് ശ്വാസം മുട്ടി പിടഞ്ഞതോടെ ദൂരെ നിന്നെങ്കിലും കാണാൻ അവളൊന്ന് കൊതിച്ചു.
കോളേജ് വിട്ടു കഴിഞ്ഞാണു ഗേറ്റിനു അരികിൽ വെച്ച് അവനെ കണ്ടത്.
നവിയും ഹൃദയും നടന്ന് ചെല്ലുമ്പോൾ അവരുടെ ക്ലാസിലെ അക്ഷരയുടെ തോളത്ത് കൈ വെച്ച് അഥർവ് പൊട്ടിച്ചിരിക്കുന്ന കാഴ്ച ആയിരുന്നു. എന്തിനെന്ന് അറിയാതെ നവിയുടെ കണ്ണുകൾ നിറഞ്ഞു.
“ഹായ് നവി” അവളെ കണ്ടതും വിളിച്ചു കൊണ്ട് അഥർവും അക്ഷരയും അവർക്ക് അരികിലെത്തി..
“ഡോ അക്ഷരക്ക് എന്നോട് കടുത്ത പ്രേമം.ദേ ഇപ്പോൾ പ്രൊപ്പോസൽ ചെയ്തതെയുള്ളൂ ഇവൾ”
നവിയുടെ മുഖത്ത് കരിനിഴൽ വീണു.പതർച്ച പുറത്ത് കാണാതിരിക്കാൻ അവൾ ശ്രമിച്ചു..
“ഗുഡ്..made for each other”
ഇത്രയും പറഞ്ഞു നവി പെട്ടെന്ന് നടന്ന് നീങ്ങി.”ഡീ ഞാനും വരുന്നൂന്ന് പറഞ്ഞു ഹൃദ്യ പിറകെ ഓടിച്ചെന്നു.
നനഞ്ഞൊഴുകിയ മിഴിനീർ കണങ്ങൾ ഷാളാൽ നവമി ഒപ്പി.തന്റെ സങ്കടം ആരും കാണാതിരിക്കാനായിട്ട്…
തുടരും….