Thursday, January 2, 2025
Novel

ഹൃദയസഖി : ഭാഗം 6

എഴുത്തുകാരി: ടീന കൊട്ടാരക്കര


കൃഷ്ണയ്ക്ക് എന്താ മറുപടി പറയുക എന്ന് അറിയില്ലായിരുന്നു. തന്റെ മനസിലുള്ള കാര്യം തന്നെയാണ് ഹരിയേട്ടനും പറഞ്ഞത്. താനും ഒരുപക്ഷെ തുറന്നു സമ്മതിച്ചേനെ മീനുചേച്ചിയുടെ കാര്യം അറിഞ്ഞില്ലായിരുന്നെങ്കിൽ… ! തന്റെ തൊണ്ട വരണ്ടത് പോലെ അവൾക്ക് തോന്നി.

” എന്താ ഒന്നും പറയാത്തത് ” കൃഷ്ണയുടെ മിണ്ടാതെയുള്ള നിൽപ്പുകണ്ടു ഹരി ചോദിച്ചു.

“ഹരിയേട്ടാ ഞാൻ … ” ഒന്നു നിർത്തി അവൾ ഉമിനീരിറക്കി. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് അമർത്തി തുടച്ചു.

“ഹരീ…. ” അല്പം ഉറക്കെയുള്ള വിളി കേട്ടാണ് ഇരുവരും തിരിഞ്ഞു നോക്കിയത്. യദുവാണ് വിളിച്ചത്.
അവൻ മെല്ലെ നടന്നു ഹരിയ്ക്കും കൃഷ്ണയ്ക്കും അരികിലേക്ക് എത്തി. കൃഷ്ണ അവനെനോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചു. അവൻ ഇരുവരെയും മാറി മാറി നോക്കി.

“എന്താ, എന്ത് പറ്റി രണ്ടുപേർക്കും ” അവൻ സംശയത്താൽ ചോദിച്ചു.

“എന്ത് പറ്റാൻ ” ഹരി ഒന്നും അറിയാത്ത പോലെ ചോദിച്ചു.

“എല്ലാവരും അവിടെ നിക്കുമ്പോ നിങ്ങളെന്താ മാറിനിൽകുന്നെ, ”

“ഞാൻ മാറിനിന്നു കാണുകയായിരുന്നു.. എല്ലാവരും എന്ത് സന്തോഷത്തിൽ ആണല്ലേ ” ഹരി ചോദിച്ചു

“അതേടാ.. ഈ ഔട്ടിങ് എന്തായാലും നന്നായി.. എല്ലാവരുടെയും മുഖത്തുള്ള സന്തോഷം കാണുമ്പോൾ മനസ് നിറയുകയാ. നമ്മുടെ കുടുംബം.. എന്നും ഇങ്ങനെ ഇതേ സന്തോഷത്തോടെ നിലനിൽക്കണം.

എല്ലാവരും ഒത്തൊരുമിച്ചു ഒരു വഴക്കോ പിണക്കമോ പരിഭവമോ ഇല്ലാതെ ഇങ്ങനെ തന്നെ.. ” അവസാനത്തെ വാക്കുകളിൽ യദുവിന്റെ ശബ്ദം ഇടറുന്നത് കൃഷ്ണയും ഹരിയും ശ്രെദ്ധിച്ചു.

അത് അറിഞ്ഞിട്ടെന്നോണം ഹരി അവന്റെ തോളിൽ കൈ ചേർത്തു.

തന്റെ കണ്ണുകളും നിറയുന്നത് കൃഷ്ണ അറിഞ്ഞു. യദു പറഞ്ഞത് പോലെ ഒരിക്കലും ഈ കുടുംബത്തിൽ വഴക്കോ പിണക്കമോ ഉണ്ടാകരുത്. അത്രയ്ക്ക് ആഴമായി എല്ലാവരും തമ്മിൽ സ്നേഹിക്കുന്നു.

അവൾ രവീന്ദ്രനെയും സതീശനെയും നോക്കി. കുട്ടികളോടൊപ്പം തിരമാലകളിൽ കളിക്കുകയാണ്.

രണ്ടു പേരും സ്വന്തം മകളായാണ് തന്നെ കണ്ടിട്ടുള്ളത്. അച്ഛാ എന്നു തന്നെയാണ് ഇരുവരെയും വിളിക്കുന്നതും. ഒരു മകളോടുള്ള എല്ലാ സ്നേഹവും കരുതലും തന്നിട്ടുണ്ട്.

മീനാക്ഷി.. സ്വന്തം സഹോദരി തന്നെയാണ് തനിക്ക്. അത്രമേൽ ഇഷ്ടം തന്നോടുണ്ട്. ഒരു അനിയത്തിയോടുള്ള എല്ലാ പരിഗണനയും തന്നിട്ടുണ്ട്.

യദുവും അതേപോലെ തന്നെ.
പിന്നെ അച്ഛമ്മ…. ! പ്രകടിപ്പിക്കുന്നില്ലെങ്കിലും ഉള്ളിൽ എവിടെയോ തന്നോട് സ്നേഹമുണ്ട്.

അത്കൊണ്ട് മാത്രമല്ലെ ആരോരും ഇല്ലാഞ്ഞിട്ടു ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്.
ധന്യ, ധ്വനി, ദേവിക എല്ലാവരും തന്റെ സഹോദരിമാർ അല്ലെ.

തന്നോട് സ്നേഹം ഇല്ലെങ്കിൽ പോലും ശോഭയും സുഭദ്രയും തന്റെ അമ്മയുടെ സ്ഥാനത്ത് അല്ലെ.

പാർവതിയും രാധാകൃഷ്ണനും സ്നേഹത്തോടെ ഒരു വാക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല.

എങ്കിലും അവരുടെയൊക്കെ മനസിലും തന്നോടൊരു ദയ ഉള്ളത്കൊണ്ടാകില്ലേ ഇത്രയും നാൾ തനിക്ക് ചെമ്പകശ്ശേരിയിൽ നിൽക്കാൻ പറ്റിയിട്ടുള്ളത്.

ആരെങ്കിലും എതിർത്തിരുന്നെങ്കിൽ എന്നേ ഇവിടെനിന്നു പോകേണ്ടി വന്നേനെ.

ഓരോന്നൊക്കെ ചിന്തിക്കുംതോറും കൃഷ്ണയ്ക്ക് മനസിന്‌ ഭാരം അധികരിച്ചു.കണ്ണുകൾ നിറയുന്നത് ആരും കാണാതെയിരിക്കാൻ അവൾ മുഖം തിരിച്ചു. കുറേനേരം കടലിലേക്ക് നോക്കി നിന്നു.

“നമുക്ക് തിരിച്ചാലോ ഹരി, നേരം വൈകുന്നു ” യദുവിന്റെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നു പിന്തിരിപ്പിച്ചത്.

അവൾ ഹരിയെ പാളിയൊരു നോട്ടം നോക്കി. അവനും എന്തൊക്കെയോ ചിന്തകളിൽ നിന്നു ഞെട്ടിയുണർന്നത് പോലെ അവൾക്ക് തോന്നി.

“പോകാം.. എല്ലാവരോടും പറയ് വെള്ളത്തിൽ ഇറങ്ങിയത് മതിയെന്ന്. ” ഹരി യദുവിനോട് പറഞ്ഞു.

“വാ നമുക്ക് അങ്ങോട്ടേക്ക് ചെല്ലാം ” യദു ഹരിയേയും കൃഷ്ണയെയും കൂട്ടികൊണ്ട് നടന്നു.

കൃഷ്ണയിൽ നിന്നു മറുപടി കിട്ടാത്തതുകൊണ്ടാകും അവിടെ നിന്നു തിരികെ പോകുമ്പോഴും ഷോപ്പിംഗിനു കയറിയപ്പോഴുമെല്ലാം ഹരിയുടെ കണ്ണുകൾ അവൾക്കുമേൽ ആയിരുന്നു.

ഡ്രൈവിങ്ങിനു ഇടയിലും തന്റെ കണ്ണുകൾ മിററിലൂടെ പിൻസീറ്റിലെ കൃഷ്ണയിലേക്കു പോകുന്നത് അവൻ അറിഞ്ഞു.

ഇടയ്ക്ക് ഫുഡ്‌ കഴിക്കാനായി അവർ ഒരു ഹോട്ടലിൽ കയറി. നാരായണിയമ്മയും രവീന്ദ്രനും സതീശനും അവരുടെ ഭാര്യമാരും ഒരു ടേബിളിനു ചുറ്റുമായി ഇരുന്നു.

പാർവതിയും രാധാകൃഷ്ണനും യാദവും യദുവും ഭാര്യയുമായി മറ്റൊരുടേബിളിന് ചുറ്റും ഇരിപ്പുറപ്പിച്ചു.

അവരോടൊപ്പം ഇരിക്കാൻ പോയ കൃഷ്ണയെ ഹരി പിടിച്ചു തന്റെ അരികിലായി ഇരുത്തി.

ധന്യയും ദേവികയും ധ്വനിയും മീനാക്ഷിയുമാണ് അവരെ കൂടാതെ ഉണ്ടായിരുന്നത്. മീനാക്ഷി ഹരിയ്ക്കു ഇടതു വശത്തും കൃഷ്ണ വലതു വശത്തുമായി ഇരുന്നു.

ഫുഡ്‌ ഓർഡർ ചെയ്ത്കഴിഞ്ഞു എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു. എന്നാൽ കൃഷ്ണയുടെ മുഖം മ്ലാനമായിരുന്നു.

ഇത്രയും നാൾ ഹരിയേട്ടനും മീനുചേച്ചിയും ആയിരുന്നു തന്നോട് മിക്കപ്പോഴും കൂടെ ഉണ്ടായിരുന്നത്.

എവിടെയെങ്കിലും പുറത്ത് പോകുമ്പോഴോ, ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോഴോ, സംസാരിക്കുമ്പോഴോ ഒക്കെ തന്റെ കൂടെ കാണും രണ്ടുപേരും.

മറ്റുള്ളവർക്ക് അത്ര ഇഷ്ടമാകുന്നില്ലെന്നു കരുതി സ്വയമേ മാറിനിന്നാലും ഹരിയേട്ടൻ പിടിച്ചു കൂടെ നിർത്തും. ഹരിയേട്ടന്റെ ഇടവും വലവും കൃഷ്ണയും മീനാക്ഷിയും ആണെന്ന് യദു പലപ്പോഴും പറയാറുണ്ടായിരുന്നു.

അത് കേൾക്കുമ്പോൾ ഉള്ളാലെ സന്തോഷം തോന്നിയിരുന്നു ഇത്രയും നാൾ. പക്ഷേ ഇന്ന് എന്തുകൊണ്ടോ ആ സന്തോഷം തോന്നുന്നില്ല.

ഇന്ന് ഹരിയേട്ടന് തന്നോട് ഇഷ്ടം ഉണ്ടായിരുന്നെന്ന് അറിഞ്ഞപ്പോൾ.. എന്നാൽ മീനുചേച്ചിയും ഹരിയേട്ടനെ ഇഷ്ട്ടപ്പെടുന്നു എന്നു മനസിലാക്കിയപ്പോൾ എന്തോ.. താനൊരു അധികപ്പറ്റു ആണെന്ന് തോനുന്നു.

കൃഷ്ണ മീനാക്ഷിയെ നോക്കി. ദേവികയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്. ഇടയ്ക്ക് ഹരിയേയും ശ്രെദ്ധിക്കുന്നുണ്ട്. അവൾക്ക് പാവം തോന്നി.

നിഷ്കളങ്കമായി ചിരിക്കുകയാണ് മീനുവേച്ചി. ഉള്ളിലൊരു പ്രണയത്തെയും ഒളിപ്പിച്ചുകൊണ്ട്. തന്റെ സ്നേഹത്തേക്കാൾ പ്രാധാന്യം മീനുചേച്ചിയ്ക്ക് ഉണ്ടെന്നു തോന്നിപോയി.

ഹരിയേട്ടനെ കിട്ടാൻ തന്നെക്കാൾ അർഹത മീനുചേച്ചിക്ക് ആണ് ഉള്ളത്.

പലപ്പോഴും സംസാരത്തിന്റെ ഇടയിലെല്ലാം മീനുചേച്ചിയുടെ കണ്ണുകൾ ഹരിയേട്ടനിൽ ഉടക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്.

മുടങ്ങാതെ വ്രതം നോൽക്കുന്നത് എന്തിനാണെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ മനസ്സിൽ ആഗ്രഹിച്ച ആളെ കിട്ടാനാണെന്നു പറഞ്ഞതും, പെട്ടന്ന് തന്നെ അമളി പറ്റിയപോലെ ചേച്ചി കണ്ണുകൾ ഇറുക്കി അടച്ചതും അവൾക്കു ഓർമ വന്നു.അന്ന് അതത്ര കാര്യമായി എടുത്തില്ല.

പഠിച്ചുകൊണ്ട് ഇരിക്കുന്ന സമയത്തു തന്നെ ചേച്ചിക്ക് ധാരാളം കല്യാണ ആലോചനകൾ വന്നതാണ്.

ഉയർന്ന ഉദ്യോഗവും കുടുംബ മഹിമയുമുള്ള ഒരുപാട് പേർ, എല്ലാം മീനുചേച്ചി തന്നെ ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഒഴിവാക്കി.

പക്ഷെ ഇപ്പോൾ മനസിലാകുന്നു മീനുവേച്ചി വ്രതം നോറ്റതും വരുന്ന ആലോചനകളെല്ലാം നഖശിഖാന്തം എതിർത്തതും ഹരിയേട്ടനോടുള്ള അടങ്ങാത്ത സ്നേഹം മൂലമാണെന്ന്.

ചിന്തകൾക്ക് വിരാമമിട്ടു കസേരയിലേക്ക് ചാഞ്ഞതും കണ്ടത് തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ഹരിയേട്ടനെ ആണ്.

സംശയഭാവത്തിൽ നോക്കുകയാണ്.
എന്താണെന്നു കണ്ണുകൾ കൊണ്ട് ചോദിച്ചതും ഒന്നുമില്ലന്ന അർത്ഥത്തിൽ തലയാട്ടി.

ഫുഡ്‌ കഴിച്ചു രാത്രിയോടെ എല്ലാവരും തിരികെയെത്തി. മനോഹരമായ ഒരു ദിവസം കിട്ടിയതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തു പ്രകടനം ആയിരുന്നു.

കുറച്ചു നേരം എല്ലാവരുമായി സംസാരിച്ചിരുന്നതിനു ശേഷം ഹരിയും അച്ഛനും അമ്മയും പോകാനായി ഇറങ്ങി.

പോകുന്നതിനു മുൻപായി കൃഷ്ണയോട് നാളെ സംസാരിക്കാം എന്ന് ഹരി ആംഗ്യം കാട്ടി. അവൾ നിർവികാരതയോടെ തലയാട്ടുക മാത്രമാണ് ചെയ്തത്.

പുറത്തു നിന്ന് ആഹാരം കഴിച്ചതുകൊണ്ടു അടുക്കളയിൽ കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല. നേരത്തെ തന്നെ ഉറങ്ങാനായി കൃഷ്ണ മുറിയിലെത്തി.

പക്ഷെ ഉറങ്ങാനാകാതെ അവൾ കണ്ണുകൾ അടച്ചു മേശമേൽ തലവെച്ചു കിടന്നു. ഓരോ ഓർമകളിൽ അവളുടെ കണ്ണിൽ നിന്നു കണ്ണുനീർ ധാരയായി ഒഴുകി.

പല സമയത്തും ഹരിയേട്ടനോട് ഇഷ്ടം തോന്നിയിട്ടുണ്ട്. അത് പ്രണയം ആണോയെന്ന് അറിയില്ല. പ്രണയം ആണെന്ന് താൻ വിശ്വസിച്ചു.

ഹരിയേട്ടന്റെ ഓർമകളിൽ എഴുതിയ വരികൾ.. പൊട്ടകവിതകൾ, എല്ലാം പ്രണയം ആണെന്ന് മനസിനോട് പറഞ്ഞു.

ആഗ്രഹിക്കാൻ യോഗ്യത ഇല്ലന്ന് തലച്ചോർ പറയുമെങ്കിലും ഹൃദയം അത് അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു.

അർഹത ഇല്ലാതെ ആഗ്രഹിച്ചതിനൊക്കെ കടിഞ്ഞാണിട്ട് വെച്ചിരിക്കുകയായിരുന്നു.

എന്നെങ്കിലും ഒരിക്കൽ ഹരിയേട്ടൻ തന്നെ ഇഷ്ട്ടപെടുന്നു എന്ന് പറയുന്നത് കേൾക്കാൻ കൊതിച്ചിട്ടുണ്ട്.

തന്നോട് അങ്ങനെയൊരു ഇഷ്ടം ഉണ്ടെന്നു അറിഞ്ഞാൽ താനും തിരികെ അറിയിച്ചേനെ ഉള്ളിൽ ഒളിപ്പിച്ച ഇഷ്ടം. എന്നാലിന്ന് കൊതിച്ചത് കേട്ടപ്പോൾ മനസ് തുറന്നൊന്നു സന്തോഷിക്കാൻ പോലും പറ്റുന്നില്ല.

കുറെ നേരത്തെ ആലോചനകൾക്കൊടുവിൽ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൃഷ്ണ ഒരു തീരുമാനത്തിലെത്തി.

 

(തുടരും )

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5