ഹൃദയസഖി : ഭാഗം 3
എഴുത്തുകാരി: ടീന കൊട്ടാരക്കര
കൃഷ്ണവേണി തുടർന്ന് എന്ത് കോഴ്സ് പഠിക്കണമെന്ന കാര്യത്തിൽ ചെമ്പകശ്ശേരിയിൽ പലവിധ ചർച്ചകൾ നടന്നു. ഏതെങ്കിലും പ്രൊഫഷണൽ കോഴ്സ് മതിയെന്ന അഭിപ്രായത്തിലായിരുന്നു ഹരിയും യദുവും മീനാക്ഷിയും.
“എൻട്രൻസ് എക്സാമിന്റെ ഡേറ്റ് കഴിഞ്ഞു പോയതുകൊണ്ട് എൻജിനീയറിങ്ങിനും മെഡിസിനും പോകാൻ പറ്റില്ല. അതിനി അടുത്ത വർഷമേ നടക്കുള്ളൂ.
അത് വരെ വേണമെങ്കിൽ എൻട്രൻസ് കോച്ചിങ്ങിനു പോകാം ” കാവ്യ അഭിപ്രായപ്പെട്ടു.
“അങ്ങനെയാണെങ്കിൽ പാലായിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. നല്ല ടീച്ചിങ് ആണ്.
അവിടെ പോയി പഠിച്ചാൽ കൃഷ്ണയ്ക്ക് മെഡിസിന് മെറിറ്റിൽ തന്നെ സീറ്റ് കിട്ടുമെന്ന് ഉറപ്പാ ” മീനാക്ഷി പറഞ്ഞു.
“അത്ര ദൂരേയ്‌ക്കോ, അതും കൃഷ്ണമോൾ ഒറ്റയ്ക്ക്… അത് വേണ്ട.
ദിവസവും രാവിലെ ഇവിടുന്ന് പോയി വൈകിട്ട് തിരികെ വരാവുന്ന പോലെ മതി.. ഫീസ് എത്ര കൂടിയാലും സാരമില്ല.
ഇവിടെ അടുത്തുള്ളത് നോക്കിയാൽ മതി ” രവീന്ദ്രനും സതീശനും ഒരുമിച്ചു നിർദ്ദേശം മുന്നോട്ട് വെച്ചു.
” പ്രൊഫഷണൽ കോഴ്സിൽ മറ്റൊരു ചോയ്സ് ഉള്ളത് നഴ്സിംഗ് ആണ്. അങ്ങനെയാണെങ്കിൽ ഇവിടുന്ന് മെഡിക്കൽ ഫീൽഡിലേക്കു ഒരാൾ കൂടിയാകും ” യദു പറഞ്ഞു
“നഴ്സിംഗ് വേണ്ട ഏട്ടാ, നല്ല കഷ്ടപാടാ.. പോരാത്തതിന് ദൂരെ നിന്നു പഠിക്കേണ്ടിയും വരും.
ഏട്ടത്തി പറഞ്ഞത് പോലെ നമുക്ക് മെഡിസിൻ അല്ലെങ്കിൽ എൻജിനീയറിങ് നോക്കാം മീനാക്ഷി കാവ്യയുടെ അഭിപ്രായത്തെ പിന്താങ്ങി.
പലവിധ ചർച്ചകൾ മുറുകുമ്പോഴും തുടർന്ന് എന്ത് പഠിക്കണമെന്ന കാര്യത്തിൽ കൃഷ്ണയ്ക്കു ആശയകുഴപ്പം ഒന്നുമുണ്ടായില്ല.
ഡിഗ്രിയ്ക് പോകാം എന്ന തീരുമാനത്തിൽ അവൾ ഉറച്ചു നിന്നു.
തന്റെ ഇഷ്ടവിഷയമായ ഗണിതത്തിൽ ബിരുദം നേടണമെന്നത് അവളുടെ ആഗ്രഹം ആയിരുന്നു.
തന്റെ ജോലി സാധ്യതകളും കണക്കിലെടുത്താണ് കൃഷ്ണ ആ തീരുമാനത്തിലെത്തിയത്.
ഡിഗ്രിയ്‌ക്കൊപ്പം തന്നെ തന്റെ കണക്കിലുള്ള പ്രാവീണ്യം കൊണ്ട് ബാങ്ക് എക്സാമുകൾ എഴുതാമെന്നതും PSC പരീക്ഷകൾക്ക് തയ്യാറെടുക്കാം എന്നതും അവൾക്കു ആത്മവിശ്വാസം നൽകി.
റെഗുലർ കോളേജിൽ അഡ്മിഷനു ശ്രെമിക്കാതെ വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി എടുക്കാം എന്നതും കൃഷ്ണയുടെ തീരുമാനം ആയിരുന്നു.
വീട്ടിലിരുന്നു പഠിക്കാമെന്നുള്ളത് കൊണ്ടുതന്നെ തന്റെ സമയത്തിന് അനുസരിച്ചു PSC പഠനവും മുടങ്ങാതെ നടത്താമെന്നും അവൾ കണക്കു കൂട്ടി.
എക്സാം ഫീ ഒഴികെ മറ്റൊരു ചിലവും വരുന്നില്ലന്നുള്ളതും അവൾ കണ്ട പ്രത്യേകത ആയിരുന്നു.
ആഴ്ചയിൽ ഒരിക്കൽ യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന ഡിസ്റ്റന്റ് എഡ്യൂക്കേഷൻ ക്ലാസ്സുകളിൽ പങ്കെടുക്കാനും തീരുമാനമായി.
തുടർന്നു എല്ലാം വേഗത്തിൽ തന്നെ നടന്നു.
യൂണിവേഴ്സിറ്റിയിൽ പോകാനും രെജിസ്ട്രേഷൻ കാര്യങ്ങൾ ശെരിയാക്കാനുമായി ഹരിയും മീനാക്ഷിയും ആയിരുന്നു മുന്നിൽ.
അവർ രണ്ടുപേരും ഓടിനടന്ന് എല്ലാം പടിപടിയായി നിർവഹിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കൃഷ്ണയുടെ യൂണിവേഴ്സിറ്റി രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.
അവൾക്കു പഠിക്കാനുള്ള പുസ്തകങ്ങളും ഗൈഡുകളും മുറിയിൽ നിരന്നു.
+2 കഴിഞ്ഞതോടു കൂടി പഠിച്ച പുസ്തകങ്ങളെല്ലാം പഴയ ചാക്കിലാക്കി ഒരിടത്തു കൂട്ടിവെച്ചതാണ്. വീണ്ടും പടിക്കുമെന്ന് ഒരിക്കലും കരുതിയതല്ല.
നടന്നതെല്ലാം ഒരു സ്വപ്നം പോലെ കൃഷ്ണയ്ക്ക് തോന്നി. പുതിയ പുസ്തകങ്ങളിൽ വിരലോടിച്ചുകൊണ്ട് ഓരോ ചിന്തകളിൽ മുഴുകി നിൽക്കുമ്പോഴാണ് ഹരി അവിടേക്ക് കടന്നു വന്നത്
“അങ്ങനെ പഠിക്കാനുള്ള പുസ്തകങ്ങളെല്ലാം എത്തി, ഇനി പഠിക്കേണ്ടത് നിന്റെ ഡ്യൂട്ടി ”
പുസ്തകങ്ങൾ ഷെൽഫിലേക്ക് അടുക്കിവെച്ചുകൊണ്ട് ഹരി പറഞ്ഞു. മറുപടിയായി അവളൊന്നു പുഞ്ചിരിച്ചതേയുള്ളു.
“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ” ഹരി ചോദിച്ചു
” മം.. എന്താ ഹരിയേട്ടാ ”
“ശെരിക്കും… പഠനച്ചിലവ് കുറയ്ക്കാൻ വേണ്ടിയല്ലേ നീ ഡിസ്റ്റന്റ് എഡ്യൂക്കേഷനിൽ പഠിക്കാമെന്നു തീരുമാനിച്ചത് ” ഹരി അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.
കൃഷ്ണ മെല്ലെ മന്ദഹസിച്ചു.
“ഒരു തരത്തിൽ പറഞ്ഞാൽ അതെ.. അച്ഛമ്മ പഠിപ്പിക്കാമെന്നു പറഞ്ഞെങ്കിലും എനിക്കെന്തോ ഒരു പേടി.. പൂർണ്ണമനസ്സോടെ ആണോ അത് പറഞ്ഞതെന്ന് അറിയില്ലല്ലോ. ”
“നിനക്ക് അമ്മമ്മയെ മനസിലാകാഞ്ഞിട്ടാ ഇങ്ങനൊക്കെ ചിന്തിക്കുന്നേ.
നിനക്ക് ബാങ്ക് എക്സമിനു പഠിക്കാൻ താല്പര്യം ഉണ്ടെന്നൊക്കെ അമ്മാവൻ വഴി അറിഞ്ഞതും ആളെവിട്ടു കുറച്ചു ഗൈഡ്സ് ദൂരെ നിന്നും വരുത്തിച്ചു.
ഇതൊക്കെ നീ പഠിക്കുന്നതിൽ സമ്മതം ഇല്ലാഞ്ഞിട്ടാണോ? ”
കൃഷ്ണ അമ്പരപ്പോടെ അവന്റെ വാക്കുകൾ കേട്ടുനിന്നു.
“സത്യം ആണോ ഹരിയേട്ടാ ഇതൊക്കെ ”
“അതേടാ.. ഇന്ന് രാവിലെ ഞാൻ കൊണ്ടുവന്നു തന്ന ഗൈഡ്സ് ഇല്ലേ, ഒരു ചെറിയ പാക്കറ്റ്. അത് രാവിലെ ഇവിടെ എത്തിയതേ ഉള്ളു.
എന്താണെന്നു കൂടി ഞാൻ നോക്കിയില്ല. അമ്മമ്മ പറഞ്ഞു വരുത്തിച്ചതാണെന്നു മാത്രം പറഞ്ഞു ”
“ആര് പറഞ്ഞു ”
“മംഗലത്തു വീട്ടിലെ ഒരു പുള്ളി ഇല്ലേ, പോലീസിലുള്ള ആൾ.. അഭി… അഭിമന്യു ”
“അഭിമന്യു !”
ആ പേര് കേട്ടതും കൃഷ്ണയുടെ നെഞ്ചിൽ വെള്ളിടി വെട്ടി. അവൾ മറ്റെന്തോ ചിന്തിച്ചു നിന്നു
“നീ എന്താ ആലോചിക്കുന്നേ ” അവളുടെ മുഖത്തേക്ക് കൈകൾ വീശി ഹരി ചോദിച്ചു.
“ഒന്നുല്ല ” അവൾ തല ഒന്ന് കുടഞ്ഞതിനു ശേഷം മറുപടി നൽകി. അതോടൊപ്പം ചില പഴയ ഓർമ്മകളെയും അവൾ കുടഞ്ഞെറിഞ്ഞു.
“ഇനി സമയം കളയേണ്ട. പഠിച്ചോ എങ്കിൽ ”
“മം ”
“പിന്നെയൊരു ഗിഫ്റ്റ് ഉണ്ട്.” ഹരി കുസൃതിയോടെ ചിരിച്ചു
“എന്താ ” കൃഷ്ണ ആകാംഷയോടെ ചോദിച്ചു.
“ഒരു കുഞ്ഞു നോട്ട് ബുക്ക് ” അവൻ ചെറിയൊരു ബുക്ക് അവൾക്കു നേരെ നീട്ടി. അത് പതിവുള്ളതാണ്.
ഹരി എവിടെ പോയിട്ട് വന്നാലും ചില നോട്ട് ബുക്സ് വാങ്ങിക്കൊണ്ടു വരും.
കൃഷ്ണ ചെറുതായി കഥകളും കവിതകളും കുറിയ്ക്കുമെന്നു അറിയാവുന്നതുകൊണ്ട് അവൾക്കു വേണ്ടി വാങ്ങുന്നതാണ്.
അവളുടെ ചെറിയ എഴുത്തുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ്. പക്ഷെ അവൾ എഴുതുന്നതൊന്നും ഹരിയെ കാണിക്കാറില്ലായിരുന്നു.
അവൻ നിബന്ധിച്ചാലും എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറും.
കാരണം ആ ബുക്കുകളിലൊക്കെയും അവൾ എഴുതിയിരുന്നത് തന്റെ ജീവിതം ആണ് അവളുടെ ഹൃദയത്തിലെ ചിന്തകൾ ആണ് , തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഒളിപ്പിച്ചു വെച്ച ഹരിയോടുള്ള പ്രണയം ആണ്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാത്രി വൈകിയും ഉറക്കം വരാതെ കൃഷ്ണ മുറിയിലൂടെ നടന്നു.
ഓരോ ചിന്തകളിൽ മുഴുകി ഇരിക്കവേ രാവിലെ കൊണ്ട് വന്ന ഗൈഡ്സ് ഇരിക്കുന്നത് അവളുടെ കണ്ണിൽ പെട്ടു.
അതെല്ലാം എടുത്ത് നോക്കിയതും ഉടനെ തന്നെ അവൾ തിരികെ വെച്ചു.
കട്ടിലിനു അടിയിലായി വെച്ചിരിക്കുന്ന അവളുടെ പഴയ പെട്ടി തുറന്നു. അതിൽ അടുക്കിവെച്ചിരുന്ന കുറെ ബുക്സ് എടുത്തു.
മെല്ലെ ഓരോ പേജുകളായി മറിച്ചു. എല്ലാം ഹരിയേട്ടന് വേണ്ടി എഴുതിയതാണ്.
ഓരോ വരികളിലൂടെ അവളുടെ മിഴികൾ പായുമ്പോഴും ഓരോരോ ഓർമ്മകൾ വന്നു അവളെ പൊതിഞ്ഞുകൊണ്ടിരുന്നു.
“എന്നെ പുണരുന്ന കാറ്റിനു നിന്റെ ഗന്ധമാണ്. ആ കാറ്റിൽ അലിയാൻ ഞാൻ വെമ്പൽ കൊള്ളുന്നു, ഒരിക്കലും എന്നിൽ നിന്നു അകന്നു പോകില്ലയെങ്കിൽ മാത്രം ”
പണ്ടൊരിക്കൽ ഹരിയേട്ടൻ എഴുതി നൽകിയതാണ്. എന്ത്‌കൊണ്ടാണ് അങ്ങനെ എഴുതിയതെന്നു തനിക്ക് ഇപ്പോഴും അറിയില്ല.
കണ്ണുകൾ അടച്ചു കൃഷ്ണ ചിന്തയിലാണ്ടു.
‘എന്നു മുതലാണ് ഹരിയേട്ടനോട് തന്റെ ഉള്ളിൽ പ്രണയം മൊട്ടിട്ടത്.. ശെരിക്കും പറഞ്ഞാൽ അറിയില്ല.
ഹരിയേട്ടൻ എഴുതി നൽകിയ വരികളുടെ അർത്ഥം എന്താണെന്നു പൂർണമായി മനസിലാക്കാൻ കഴിയുനില്ല.
ഒരു പക്ഷെ ആ വരികളിലൂടെയാവാം തനിക്ക് ഹരിയേട്ടനോട് അങ്ങനെ തോന്നിയത്.
ഹരിയേട്ടൻ ചിലപ്പോൾ സൗഹൃദത്തെ മനസ്സിൽ കരുതിയാകും അങ്ങനെ എഴുതിയത്.
ഒരുപാട് തവണ തന്നോട് പറഞ്ഞിട്ടുണ്ട് ജീവിതം മുഴുവൻ ഹൃദയസഖിയായി താൻ ഉണ്ടാകുമെന്ന്.
അതൊരു ആത്മമിത്രം ആയി മാത്രമാകുമെന്നു കരുതാനും വയ്യ.
എന്നാൽ പ്രണയത്തോടെയുള്ള ചില നോട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
കണ്ണിൽ കുസൃതി ഒളിപ്പിച്ചുള്ള ചില നേർത്ത നോട്ടങ്ങൾ. അതിന്റെയൊന്നും അർത്ഥം മനസിലാക്കാൻ തനിക്ക് കഴിയാതെ പോയി.
തുറന്നു ചോദിക്കാനുള്ള ധൈര്യവും ഇല്ല. ഹരിയേട്ടന്റെ മനസിൽ അങ്ങനെയൊന്നും ഇല്ലെങ്കിൽ..
അത് പിന്നീട് തങ്ങളുടെ സൗഹൃദത്തെ ബാധിച്ചാലോ എന്നു പേടിച്ചിട്ടുണ്ട്.
കുറെ നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് അവൾ കണ്ണ് തുറന്നു.
‘പാടില്ല..മറ്റുള്ളവരുടെ മുന്നിൽ തങ്ങൾ ആത്മമിത്രങ്ങൾ ആണ്. എന്നും അങ്ങനെ തന്നെ ആയിരിക്കും എന്നുള്ള വിശ്വാസത്തിലാണ് അവർ.
ആ വിശ്വാസത്തെ ഹനിക്കുന്നതൊന്നും താൻ ചെയ്യാൻ പാടില്ല.
ഈ തറവാട് ആണ് തനിക്ക് ഇത്രയും നാൾ തണലായി ഉണ്ടായിരുന്നത്.
ഇവിടുള്ളവർ തന്നെ സ്വന്തമായി കാണുന്നതും സ്നേഹിക്കുന്നതും, തന്നെപ്പോലൊരു പെൺകുട്ടിക്ക് സ്വപ്നം കാണുന്നതിനും മേലെയാണ്.
തനിക്ക് ലഭിക്കുന്ന ഔദാര്യമാണ് ഇവരുടെയെല്ലാം സ്നേഹം. അത് തന്റെ പൊട്ടമനസിലെ ചിന്തകൾ കാരണം നഷ്ട്ടപെടരുത്.
“എന്നെ പുണരുന്ന കാറ്റിനു നിന്റെ ഗന്ധമാണ്. ആ കാറ്റിൽ അലിയാൻ ഞാൻ വെമ്പൽ കൊള്ളുന്നു, ഒരിക്കലും എന്നിൽ നിന്നു അകന്നു പോകില്ലയെങ്കിൽ മാത്രം ”
ആ വരികൾ ഒന്നുകൂടി അവൾ ഉരുവിട്ടു.
ആ വരികളിൽ ഹരിയേട്ടൻ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് സൗഹൃദം ആണെന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു. കൃഷ്ണ ദീർഘമായി ഒന്ന് നിശ്വസിച്ചു.
ഹരിയോട് തോന്നിയ അവളുടെ പ്രണയത്തെ തന്റെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് യാത്രയയച്ചു.
(തുടരും )
എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.