തുലാമഴ : ഭാഗം 12
നോവൽ
എഴുത്തുകാരി: പാർവതി പിള്ള
സൂരജിനൊപ്പം അമ്മു താഴേക്ക് ചെല്ലുന്നത് കണ്ട് സൂരജിന്റെ അമ്മ ചോദിച്ചു ദീപ്തി മോളെവിടെ.
എന്തുപറയണമെന്നറിയാതെ നിന്ന അമ്മുവിന്റെ രക്ഷക്കായി സൂരജ് എത്തി. ഏട്ടൻ എന്തോ ആവശ്യത്തിനു വേണ്ടി വിളിച്ചതാ ഇപ്പോൾ വരും അമ്മേ.
കുറെ നേരം കഴിഞ്ഞ് താഴേക്ക് എത്തിയ ദീപ്തിയുടെ പിറകെ സതീഷും ഉണ്ടായിരുന്നു. സൂരജ് സതീഷിനെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി. ദീപ്തി അവിടെ നിന്നും അടുക്കളയിലേക്ക് വലിഞ്ഞു. എന്താടാ.ഇളിക്കുന്നത് …. സതീഷ് സൂരജിനെ നോക്കി കണ്ണുരുട്ടി കാണിച്ചു.
ഇന്ന് വിവാഹം എന്റെ ആയിരുന്നു. അല്ലാതെ ഏട്ടന്റെ അല്ലായിരുന്നു. സൂരജ് പതിയെ സതീഷിനോട് പറഞ്ഞു. അതെ ആയിരുന്നു.
നിന്റെ കല്യാണം പ്രമാണിച്ച് ഒരാഴ്ച കൊണ്ട് അവളെ എനിക്ക് കാണാൻ പോലും കിട്ടുന്നുണ്ടായിരുന്നില്ല. സൂരജ് സതീഷിനെ നോക്കി ആക്കിയൊന്നു ചിരിച്ചു.
രാത്രിയിൽ എല്ലാവരുംകൂടി ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ ദീപ്തി അമ്മുവിനെ സൂര്ജിന്റെ അടുത്തായി പിടിച്ചിരുത്തി.
ഏട്ടത്തിയുടെ കൂടെ ഇരുന്ന് കഴിച്ചോളാം എന്ന് അമ്മു പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. ഇന്ന് സൂരജിന്റെ കൂടെയാണ് ഇരിക്കേണ്ടത് എന്നും പറഞ്ഞ് അവളെയും ഇരുത്തി.
അമ്മുവിന് ആകെ എന്തോ പോലെ തോന്നി. അവൾ കഴിച്ചെന്ന് വരുത്തി കൊണ്ട് പെട്ടെന്ന്തന്നെ എഴുന്നേറ്റു.
സൂരജിന് മനസ്സിലാവുന്നുണ്ടായിരുന്നു അവളുടെ വിഷമം. രാത്രിയിൽ അമ്മുവിനെ സൂരജിന്റെ മുറിയിൽ ആക്കിയതും ദീപ്തിയാണ്.
സൂരജിന്റെ റൂമിലേക്ക് കയറിയ അമ്മു ആകെ പരിഭ്രമത്തിൽ ആയിരുന്നു റൂമിൽ സൂരജിനെ കാണാഞ്ഞ് ആശ്വാസത്തോടെ ബെഡിലേക്ക് ഇരുന്നു.
അപ്പോഴാണ് ബാൽക്കണിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. അവൾ എഴുനേൽക്കാൻ തുടങ്ങിയപ്പോഴേക്കും സൂരജ് അകത്തേക്ക് കയറി.
അവൻ അമ്മുവിനെ അത്ഭുതത്തോടെ നോക്കി. താൻ എപ്പോൾ വന്നു. കുറേ നേരമായോ വന്നിട്ട്. എന്നെ എന്താ വിളിക്കാതിരുന്നത്. ഞാൻ വന്നതേയുള്ളൂ സൂരജേട്ടാ.
താൻ ഇന്ന് ഒരുപാട് ക്ഷീണിച്ചു അല്ലേ. അവൾ പുഞ്ചിരിച്ചു. കിടക്കാം.
നല്ല ക്ഷീണമുണ്ട്. സൂരജ് പറഞ്ഞു. അവൾ അവനെ നോക്കി തലയാട്ടി. അമ്മു ബെഡിന്റെ സൈഡിലേക്ക് കിടന്നു.
സൂരജ് കിടന്നുകൊണ്ട് ലൈറ്റ് ഓഫ് ചെയ്തു.
അമ്മു മെല്ലെ കണ്ണുകളടച്ചു.കണ്ണിലേക്ക് ചെറുതായി മയക്കം വന്നപ്പോഴാണ് തന്റെ വയറിലൂടെ ബലിഷ്ഠമായ കൈകൾ ചുറ്റി വരുന്നത് അമ്മു അറിഞ്ഞത്.
ഭയന്നു പോയ അമ്മു ഉറക്കെ അലറി കരഞ്ഞു. പകച്ചുപോയ സൂരജ്
ചാടിയെഴുന്നേറ്റു ലൈറ്റിട്ടു. അമ്മു ഭയത്തോടെ സൂരജിനെ നോക്കി.
അവൻ അവളുടെ അടുത്തേക്ക് ചെന്നു. എന്താ അമ്മു എന്തു പറ്റി.
അവൻ അവളുടെ തോളിൽ കൈ വച്ചു.
അവൾ ആ കൈ തട്ടിമാറ്റി.
അപ്പോഴേക്കും വെളിയിൽ നിന്നും എല്ലാവരും വിളിക്കാൻ തുടങ്ങി. സൂരജ് അമ്പരപ്പോടെഅമ്മുവിനെ നോക്കി. അമ്മു ഭയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. സൂരജ് വേഗം ചെന്ന് വാതിൽ തുറന്നു.
സതീഷും ദീപ്തിയും അകത്തേക്ക് കയറി.
എന്താടാ എന്തുപറ്റി. അപ്പോഴേക്കും താഴെനിന്നും എല്ലാവരും വിളിച്ചു
ചോദിച്ചു തുടങ്ങി. വരുണും ജോബിയും സൂരജിന്റെ മുഖത്തേക്ക് നോക്കി.
അമ്മു ഓടിവന്ന് ദീപ്തിയുടെ കയ്യിൽ പിടിച്ചു. പിന്നെ വിങ്ങി കരഞ്ഞു. സതീഷ് സൂരജിനെ നോക്കി. രക്തമയം നഷ്ടപ്പെട്ട് വല്ലാതെ നിൽക്കുന്ന സൂരജിനെ കണ്ടു സതീഷിന് എന്തോ പന്തികേട് തോന്നി. താഴെ നിന്നുംകയറിവന്ന അച്ഛനോട് അമ്മു പല്ലിയെ കണ്ട് പേടിച്ചതാണെന്ന്പറഞ്ഞു.
എല്ലാവരും റൂമുകളിലേക്ക് പോയി. സതീഷ് സൂരജിനെ നോക്കി.
അവനേംവിളിച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങി. എന്താടാ എന്തുപറ്റി.
ഏട്ടാ അത്.. ഞാൻ…
അവൻ എന്തുപറയണമെന്നറിയാതെ നിന്നു.
എടാ അവൾ ചെറിയ കുട്ടിയല്ലേ.
ഏറിയാൽ 20 വയസ്സ് പ്രായം കാണും.
സൂരജ് അന്തംവിട്ട് സതീഷിനെ നോക്കി.
ഏട്ടാ അതിന് ഞാൻ ഒന്നും…..
ആയിക്കോട്ടെ അവൾക്ക് എല്ലാവരെയും ഒന്ന് പരിചയം ആകട്ടെ.
ഏട്ടാ അവളെ ഞാൻ ഒന്ന്
കെട്ടിപ്പിടിച്ചതിനാ അവൾ കിടന്നു കാറിയത്.
കെട്ടിപ്പിടിച്ചതിനോ .
അതെ. പക്ഷേ ലൈറ്റ് ഓഫ് ചെയ്തിട്ടാ. അവൾ പേടിച്ചു പോയി എന്നു തോന്നുന്നു. സതീഷ് സൂരജിനെ നോക്കി ചിരിച്ചു.
സൂരജും സതീഷും റൂമിൽ ചെന്നപ്പോൾ അമ്മുവിന്റെ അടുത്തു ഇരിക്കുകയായിരുന്നു ദീപ്തി. സതീഷ് ദീപ്തിയെ വിളിച്ചു.
വാ പോകാം. റൂമിൽ ചെന്ന് സതീഷിനോട് ദീപ്തി ചോദിച്ചു. എന്താ ഏട്ടാ പറ്റിയത്. അമ്മു ഒന്നും പറഞ്ഞില്ലേ.
ഇല്ല ഞാൻ കുറെ ചോദിച്ചു.
സതീഷ് അവിടെ നടന്നത് പറഞ്ഞു.
ദീപ്തി ചിരിയോടെ ബെഡിലേക്ക് ഇരുന്നു.
ഏട്ടന്റെ അല്ലേ അനുജൻ.ഇങ്ങനെ ഉണ്ടായില്ലെങ്കിലേ അതിശയമുള്ളൂ.
സതിഷ് കള്ളച്ചിരിയോടെ മീശ പിരിച്ചു കൊണ്ട് ദീപ്തിയുടെ അടുത്തേക്ക് ചെന്നു.
സൂരജിന്റെ മുഖത്തേക്ക് നോക്കാൻ അമ്മുവിന് വിഷമം തോന്നി.
ഈശ്വരാ സൂരജേട്ടൻ എന്തു വിചാരിച്ചു കാണും. ആകെ നാണക്കേടായി.
സൂരജ് ഏട്ടന് ദേഷ്യം കാണുമോ എന്നോട്.
സൂരജ് മെല്ലെ അവളെ വിളിച്ചു.
അമ്മൂസെ. അവൾ മുഖമുയർത്തി നോക്കി. പേടിച്ചുപോയോ താൻ. അവൾ മെല്ലെ തലയാട്ടി.
സോറി ഡോ..
സൂരജ് ഏട്ടാ ഞാൻ. അറിയാതെ പെട്ടെന്ന്.. സാരമില്ലെടോ താൻ കിടന്നോ.
തന്റെ അനുവാദമില്ലാതെ ഞാൻ തന്റെ വിരൽത്തുമ്പിൽ പോലും തൊടില്ല കേട്ടോ. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൻ ബെഡിന്റെ സൈഡിലേക്ക് കിടന്നു.
അവളും മറുവശത്ത് ചെന്നു കിടന്നു.
അവൾ സൂരജിനെ നോക്കി. കൈ എടുത്ത് കണ്ണുകൾക്ക് മുകളിലൂടെ വച്ചിരിക്കുന്നു. സൂരജേട്ടന് വിഷമമായി എന്ന്
തോന്നുന്നല്ലോ മഹാദേവ.
അവൾക്ക് വല്ലാതെ വിഷമം തോന്നി.
അവൾക്ക് പെട്ടെന്ന് വീട് ഓർമ്മ വന്നു. എല്ലാവരും കിടന്നു കാണുമോ. എന്തൊക്കെയോ ഓർത്തുകൊണ്ട് അവൾ എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ സൂരജ് ഉണരുമ്പോൾ ഏഴു മണി കഴിഞ്ഞിരുന്നു. അമ്മുവിനെ നോക്കിയപ്പോൾ തന്നോട് ചേർന്നു
തന്റെ ചൂടുപറ്റി ചുരുണ്ടു കൂടിയാണ് കിടപ്പ്. കൊച്ചുകുട്ടികളെപ്പോലെ നിഷ്കളങ്കമായി കിടക്കുന്ന അവളെ കണ്ടപ്പോൾ അവന് ചിരിവന്നു.
അവളെ ഉണർത്താതെ അവൻ ബാത്ത് റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴും അവൾ ഉണർന്നിട്ടില്ല.
ജോബിയും വരുണം അമ്മയെയും കൂട്ടി രാവിലെ തിരിക്കും എന്ന് പറഞ്ഞതുകൊണ്ട് അവൻ വെളിയിലേക്കിറങ്ങി.
അവർ മൂന്നാളും പോകാൻ
റെഡി ആയിരുന്നു.
എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.
ജോബി അവന്റെ കയ്യിൽ പിടിച്ചു.
അമ്മു മോൾ എവിടെ. അമ്മ ചോദിച്ചു. അവൾ എഴുന്നേറ്റില്ല.
സാരമില്ല മോനെ നല്ല ക്ഷീണം കാണും. ഇന്നലെ നല്ല അലച്ചിൽ അല്ലായിരുന്നോ. എഴുന്നേൽക്കുമ്പോൾ പറഞ്ഞാൽ മതി. രണ്ടാളും അങ്ങോട്ടേക്ക് ഇറങ്ങണം.
ഞായറാഴ്ച ശീതളിന്റെ വീട്ടിലേക്ക് പോകുന്നുണ്ട്. നിങ്ങൾ രണ്ടാളും വരണം. അതുകഴിഞ്ഞെ ഇവനെ വിടുന്നുള്ളൂ.
അമ്മ പറഞ്ഞു.
ഞങ്ങൾ ഉറപ്പായും വരും അമ്മേ.
സൂരജ് പറഞ്ഞു.
അവരെ യാത്രയാക്കാൻ എല്ലാവരും
ഇറങ്ങി വന്നു.
പതിവ് സമയത്താണ് അമ്മു ഉണർന്നത്.
ഒരു നിമിഷം വേണ്ടി വന്നു അവൾക്ക് സ്വബോധത്തിൽ എത്താൻ.
അവൾ ചുറ്റും നോക്കി. ചാടി എഴുന്നേറ്റു. ബെഡിൽ നോക്കി. സൂരജേട്ടൻ എവിടെ. എഴുന്നേറ്റ് പോയോ. അവൻ ക്ലോക്കിലേക്ക് നോക്കി. ഏഴര കഴിഞ്ഞിരിക്കുന്നു.
ഈശ്വരാ…..
ചാടിയെഴുന്നേറ്റ് ഇടാനുള്ള ഡ്രസ്സും
എടുത്തു കൊണ്ട് ബാത്റൂമിലേക്ക് കയറി. പെട്ടെന്ന് കുളികഴിഞ്ഞ് റെഡിയായി. മഹാദേവാ ഞാൻ എങ്ങനെ താഴേക്ക് ഇറങ്ങി ചെല്ലും. ഇത്രയും സമയം ആയല്ലോ.
സൂരജേട്ടൻ എവിടെയാണോ ആവോ.
ദീപ്തി ഏട്ടത്തിഎഴുന്നേറ്റ് കാണുമോ.
അവൾ സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് താഴേക്കിറങ്ങി.
താഴേക്ക്ചെന്നപ്പോഴാണ് അമ്മായി അവളെ കണ്ടത് . അവർ അവളെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി. ഇപ്പോഴാണോ ഇറങ്ങിവരുന്നത്.
വിവാഹം കഴിഞ്ഞ് ഒരു വീട്ടിൽ വന്നു കയറിയാൽ രാവിലെ എഴുന്നേൽക്കണം എന്ന് അറിയില്ലേ. രാവിലെ എഴുന്നേറ്റ് രണ്ടാളും ക്ഷേത്രത്തിൽ പോയിട്ട് വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ വീട്ടിൽനിന്നും അല്ലേ ഇതൊക്കെ പഠിപ്പിച്ചു
വിടേണ്ടത്. അവർ പറഞ്ഞു കൊണ്ട് വെളിയിലേക്കിറങ്ങി.
അവരുടെ സംസാരം കേട്ട് അവൾക്ക്
സങ്കടം സഹിക്കാൻ പറ്റിയില്ല.
കണ്ണുകൾ നിറഞ്ഞൊഴുകി. എത്ര ഒതുക്കിയിട്ടും തേങ്ങൽ പുറത്തുവന്നു.
മുകളിൽ നിന്നും താഴേക്ക് ഇറങ്ങിവന്ന സതീഷ് കണ്ടത് തേങ്ങിക്കരയുന്ന അമ്മുവിനെ ആണ്. അവൻ വേഗം വന്ന് അവളുടെ മുഖം പിടിച്ചുയർത്തി.
എന്താ മോളെ എന്തുപറ്റി.
എന്തിനാ കരയുന്നത്.
അമ്മുവിന് വാക്കുകൾ പുറത്തു വരുന്നുണ്ടായിരുന്നില്ല.
അമ്മേ… ദീപ്തീ…
സതീഷ് ഉറക്കെ വിളിച്ചു.
പതിവില്ലാതെ സതീഷിന്റെ ശബ്ദം ഉയർന്നത് കേട്ട് എല്ലാവരും അവിടേക്ക് വന്നു. തേങ്ങിക്കരയുന്ന അമ്മുവിനെ കണ്ട് എല്ലാവരും പകച്ചുനിന്നു.
എന്നാൽ സൂരജ് ഇതൊന്നുമറിയാതെ വെളിയിൽ അച്ഛനൊപ്പം വിരുന്നിനുള്ള അറേജ് മെന്റ്സ് നടത്തുകയായിരുന്നു.
എന്തുപറ്റി. എന്താ മോളെ.
ഗായത്രി അവളെ ചേർത്ത് പിടിച്ചു.
അമ്മുവിന് എന്തു പറയണമെന്ന് അറിയില്ലായിരുന്നു.
വന്നതിന് പിറ്റേന്നുതന്നെ ബന്ധുക്കളുടെ കുറ്റം പറയുന്നത് എങ്ങനെ.
അവൾ ഒന്നും മിണ്ടാതെ നിന്നു.
വീട്ടിലെ എല്ലാവരെയും ഓർത്താണോ
അമ്മു സങ്കടം. ദീപ്തി ചോദിച്ചു. അവൾ അതേ എന്ന് തലയാട്ടി. ദീപ്തി അവളെ കിച്ചണിലേക്ക് കൊണ്ടുപോയി. ചായ കൊടുത്തു.
അപ്പോഴാണ് അപ്പച്ചി പറഞ്ഞത്.
മോളെ രാവിലെ രണ്ടാളും കൂടി ക്ഷേത്രത്തിലേക്ക് പോയിട്ട് വാ കേട്ടോ. അവൾ ചിരിയോടെ പറഞ്ഞു. പോകാം അപ്പച്ചി.
അവൾ ദീപ്തിയെ നോക്കി.
സൂരജ് വെളിയിൽ ഉണ്ട്.
അമ്മു മുകളിലേക്ക് വാ. അമ്മുവിനെയും കൂട്ടി ദീപ്തി മുകളിലേക്ക് ചെന്നു.
സെറ്റ് സാരി ആണ് അമ്മുവിന്ഉടുക്കാൻ എടുത്തു വച്ചത്.
അവളെ ഭംഗിയായിചൊറിഞ്ഞ് ഉടുപ്പിച്ചു. നന്നായി ചേരുന്നുണ്ട് അമ്മുവിന്. ദീപ്തി ചിരിയോടെ പറഞ്ഞു. ഞാൻ സൂരജിനെ പറഞ്ഞു വിടാം. അവൾ താഴേക്ക് പോയി.
അമ്മു റെഡിയായി താഴേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് സൂരജ് അകത്തേക്ക് വന്നത്. ആഹാ സുന്ദരിയായല്ലോ അമ്മൂസ്. അവൻ ചിരിയോടെ പറഞ്ഞു.
അവൾ പരിഭവത്തോടെ അവനെ നോക്കി. എന്താ അമ്മുസെ എന്തുപറ്റി.
എന്നാലും സൂരജേട്ടൻ എഴുന്നേറ്റു പോയപ്പോൾ എന്നെ വിളിച്ചില്ലല്ലോ. അതുകൊണ്ടല്ലേ
അമ്മായിയുടെ കയ്യിൽ നിന്നും എനിക്ക് വഴക്ക് കേട്ടത്.
സൂരജ് അവളെ അമ്പരപ്പോടെ നോക്കി. എന്തിന്..
അത് അമ്മു ഒന്നു പരുങ്ങി.
ഒന്നൂല്ല സൂരജേട്ടാ..
അമ്മു അവൻ ദേഷ്യത്തോടെ വിളിച്ചു. അവൾ ഞെട്ടലോടെ അവനെ നോക്കി. എന്താ താഴെ ഉണ്ടായത്.
എന്താണെന്ന് ഒന്നും അറിയില്ല.
അമ്മു പക്ഷേ ഭയങ്കര കരച്ചിൽ ആയിരുന്നു. വാതിലിൽ വന്നു നിന്നുകൊണ്ട് സതീഷ് പറഞ്ഞു.
സൂരജ് അമ്മുവിനെ ദേഷ്യത്തോടെ നോക്കി. അവൾ താഴെ നടന്നതൊക്കെ സൂരജിനോട് പറഞ്ഞു. അവൻ ദേഷ്യംകൊണ്ട് വിറച്ചു.
ഇതൊരു കല്യാണവീട് ആണ്.
ആരോടും ഒന്നും പറയാൻ നിൽക്കണ്ട. അവരൊക്കെ ഇന്നുതന്നെ മടങ്ങിപ്പോകും. സൂരജിനോട് പറഞ്ഞുകൊണ്ട് സതീഷ് താഴേക്ക് നടന്നു.
സൂരജ് അമ്മുവിന് അരികിലേക്ക് വന്നു. തനിക്ക് വിഷമം ആയി അല്ലേ.
അമ്മു തേങ്ങലോടെ അവന്റെ
നെഞ്ചിലേക്ക് ചാഞ്ഞു. സാരമില്ല പോട്ടെ. അവൻ അവളെ ആശ്വസിപ്പിച്ചു.
(തുടരും )