ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 40
നോവൽ
എഴുത്തുകാരി: അമൃത അജയൻ
” നിഷിൻ ………..” മയിയുടെ ശബ്ദത്തിൽ ആശ്വാസത്തിന്റെയലകൾ തിരതല്ലി …
സിറ്റൗട്ടിൽ ഇരുട്ടായിരുന്നതിനാൽ അവനെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല … ചുവരിൽ ഒരു കൈ താങ്ങിയാണ് നിഷിൻ നിന്നത് …
” കയറി വാ നിഷിൻ …….” മയി പറഞ്ഞിട്ട് തിരിഞ്ഞു നടന്നു …
അവൻ മുന്നോട്ട് കാൽ വച്ചതും വേച്ച് വീഴാൻ പോയി …
” അയ്യോ ഏട്ടാ …….” നിവ അത് കണ്ടു കൊണ്ട് ഓടി വന്നു .. . മയി ഞെട്ടിത്തിരിഞ്ഞു നോക്കി ..
ചുമരിലേക്ക് പിടിച്ച് കുനിഞ്ഞ് നിൽക്കുകയാണ് നിഷിൻ …. മയി ഓടി വന്ന് അവനെ പിടിച്ചു നിവർന്നു നിൽക്കാൻ സഹായിച്ചു ….
” എന്ത് പറ്റി നിഷിൻ …?.” മയി അമ്പരന്നു …
നിവയും ഓടി വന്ന് അവന്റെ മറുകയ്യിൽ പിടിച്ചു …. ഇരുവരും കൂടി താങ്ങിപ്പിടിച്ചു അവനെ അകത്തേക്ക് നടത്തിച്ചു … അവന്റെ ഇടത് കാലിന് പരിക്കേറ്റിരിക്കുന്നു …
മയിയും നിവയും കൂടി നിഷിനെ ഹാളിൽ കൊണ്ടുവന്നിരുത്തി …
അവന്റെ ദേഹത്ത് പലയിടത്തും മുറിവും ചതവുമുണ്ടായിരുന്നു … കണ്ണിനു താഴെയായി എന്തോ കൊണ്ട് വരഞ്ഞത് പോലെയൊരു മുറിവ് …
” വെള്ളം …..” അവൻ തളർന്ന ശബ്ദത്തിൽ പറഞ്ഞു …
മയി കിച്ചണിലേക്കോടി … ആ സമയം വീണയും രാജശേഖറും കൂടി കതക് തുറന്ന് ഇറങ്ങി വന്നു …
” മോനെ ………” ഹാളിലിരിക്കുന്ന നിഷിനെ കണ്ടു കൊണ്ട് രാജശേഖർ ഓടി വന്നു …
” അയ്യോ …… എന്താ കിച്ചൂ ഇതൊക്കെ .. ദേഹത്താകെ ചോര …….” വീണ പരിഭ്രാന്തിയോടെ അവനെയാകമാനം നോക്കി … രാജശേഖറും അവന്റെ കോലമായിരുന്നു നോക്കിയത് …
മയി അകത്ത് നിന്ന് ജഗും ഗ്ലാസുമായി വന്നു … അവൾ ഗ്ലാസിലേക്ക് വെള്ളം പകരാൻ തുടങ്ങിയതും നിഷിൻ കൈ നീട്ടി ജഗ് വാങ്ങി വായിലേക്ക് കമഴ്ത്തി .. പകുതിയോളം വെള്ളം അവൻ ഒറ്റ വലിക്ക് കുടിച്ചു …..
” ഏട്ടനെവിടെ …..” അവൻ തളർന്ന സ്വരത്തിൽ ചോദിച്ചു ….
” മുകളിലുണ്ട് …എഴുന്നേറ്റിട്ടില്ല .. ” നിവ പറഞ്ഞ് …
” ചെന്ന് വിളിക്ക് ……”
അവൾ വേഗം മുകളിലേക്കോടി …
” എന്താ നിഷിൻ … നിന്നെയാരാ ആക്രമിച്ചത് ………… വാ നമുക്കാദ്യം ഹോസ്പിറ്റലിൽ പോയിട്ട് വരാം …..” മയി അവന്റെ താടിയിൽ തൊട്ടു …
” നിൽക് ……..”
പറഞ്ഞിട്ട് അവൻ നിലത്തേക്ക് നോക്കി കണ്ണുകൾ താഴ്ത്തിയിരുന്നു …
സെക്കന്റുകൾ കഴിഞ്ഞപ്പോൾ നിവയ്ക്കൊപ്പം നവീണും ഹരിതയും കൂടി ഇറങ്ങി വന്നു …
” കിച്ചൂ …. ഇതെന്താടാ …….” നവീൺ ഓടി വന്നു ……
നിഷിൻ മുഖമുയർത്തി ഏട്ടനെ നോക്കി ….
” ചതി………….. ” കുറേ സമയത്തെ മൗനത്തിന് ശേഷം അവൻ പറഞ്ഞു …
കൂടി നിന്നവരുടെയെല്ലാം നെറ്റിയിൽ ചുളിവുകൾ വീണു …
” എന്താടാ…. തെളിച്ച് പറയ് ….” രാജശേഖർ നിഷിന്റെയടുത്തേക്ക് ഇരുന്നു …
” ആദർശ് ചതിക്കാനാ കൊണ്ടുപോയത് ….” അവന്റെ ശബ്ദം നേർത്തു പോയി …
മയിയൊഴിച്ച് ബാക്കിയെല്ലാവരും അവൻ പറഞ്ഞത് കേട്ടു ഞെട്ടി …
” ആദർശോ …. അവനെന്തു ചെയ്തു ….” നവീൺ ചോദിച്ചു ..
” പറയാനൊരുപാടുണ്ട് … ” അവൻ തളർച്ചയോടെ പറഞ്ഞു …
നവീൺ അവന്റെ കൈയിലേയും ദേഹത്തേയും മുറിവുകൾ പിടിച്ചു നോക്കി … ഇടതേ കാലിന് സാരമായ പരിക്കുകളുണ്ടെന്ന് നവീന് മനസിലായി …
” ആദ്യം ഇതൊക്കെയൊന്ന് ഡ്രസ് ചെയ്ത് കൊടുക്കട്ടെ … അത് കഴിഞ്ഞ് സംസാരിക്കാം …. ” നവീൺ പറഞ്ഞു ….
* * * * * * * * * * * * *
രണ്ട് മണിക്കൂറുകൾക്ക് ശേഷം ….
നിഷിന്റെയടുത്ത് തന്നെ എല്ലാവരും ഉണ്ടായിരുന്നു … നവീൺ അവന്റെ മുറിവുകൾ ഡ്രസ് ചെയ്തിരുന്നു ..
” ആദർശ് എന്നെ കൊണ്ടുപോയത് ബോണക്കാടുള്ള അവന്റെ പഴയൊരു ബംഗ്ലാവിലേക്കാ … അവിടെ ചെന്നിട്ട് ഒരു ഫോൺ തരാമെന്ന് പറഞ്ഞിട്ട് തരാതിരുന്നപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നിയിരുന്നു …
അന്ന് രാത്രി ഞാൻ ഉറങ്ങിയതേയില്ല … പിറ്റേന്ന് കോടതിയിൽ സമർപ്പിക്കാനുള്ള ജാമ്യാപേക്ഷയുടെ പേപ്പേർസുമായി ആദർശിന്റെയാളുകളും വക്കീലും കൂടി വന്നു …
ജാമ്യത്തിനുള്ള പേപ്പേർസിന്റെ കൂട്ടത്തിൽ ഒന്ന് രണ്ട് ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറുകളും ഉണ്ടായിരുന്നു .. അവർ കോടതിയിലെത്തിയ ശേഷം മറ്റെന്തെങ്കിലും ആവശ്യത്തിന് എന്റെ ഒപ്പ് വേണ്ടി വന്നാൽ തിരിച്ച് അവിടെ വരെ വരുന്നത് റിസ്ക് ആയത് കൊണ്ട് അതിൽക്കൂടി സൈൻ ചെയ്യാൻ പറഞ്ഞു …
ഞാൻ ചെയ്തില്ല .. അത്രേം വലിയ സ്റ്റാംപ് പേപ്പേർസ് ഈ ഒരു കേസിൽ കോടതി നടപടികൾക്ക് ആവശ്യം വരില്ലെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു ..
ആദ്യം അവർ സൈൻ ചെയ്യിക്കാൻ ശ്രമിച്ചു .. അനുസരിക്കാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി … അതിനുശേഷം ആദർശ് രംഗത്തു വന്നു … പല ഭീഷണികളും നടത്തി … എന്നെ കൊല്ലുമെന്ന് പറഞ്ഞു … അതേതായാലും അവൻ ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു …
അവനാണ് എന്നെ മാറ്റിയതെന്ന് നിങ്ങൾക്കെല്ലാവർക്കുമറിയാമല്ലോ … അവർ അടുത്ത പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു …
ഇന്നലെ രാത്രി എനിക്ക് കാവലിരുന്ന രണ്ട് ഗുണ്ടകളെ , അവരുറക്കം തൂങ്ങിയ തക്കത്തിന് ചെയർ കൊണ്ട് അടിച്ചിട്ടിട്ട് ഞാനവിടുന്നിറങ്ങിയോടി .. മറ്റ് ഗുണ്ടകൾ എന്നെ പിന്തുടർന്നു .. പല വട്ടം അവരുടെ കൈയിൽ പെട്ടതാ …
എങ്ങനെയൊക്കെയോ രക്ഷപെട്ടു ഓടി ചെന്നത് തേയില തോട്ടത്തിലെ പണിക്കാരുടെ കോളനിയിലാ .. അവിടെയും അവന്റെ ഒറ്റ്കാരുള്ളത് കൊണ്ട് രാത്രി തന്നെ അവർ ചരക്ക് കൊണ്ടുവരുന്ന വണ്ടിയിൽ എന്നെയിവിടെയെത്തിച്ചു ….”
അവനെങ്ങനെയൊക്കെയോ പറഞ്ഞു തീർത്തു ..
ഒരാക്ഷൻ സിനിമ കാണുന്നത് പോലെ എല്ലാവരും സ്തംബ്ധരായി നിൽക്കുകയായിരുന്നു .. ആദർശ് അങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാൻ അവർക്കാകുമായിരുന്നില്ല …
” ആദർശ് …. അവൻ …. അവനെന്തിന് ഇങ്ങനെയൊക്കെ ചെയ്യണം … ?” വീണ മനസിലാകാതെ ചോദിച്ചു …
“ആലപ്പുഴയിൽ കായലിനോട് ചേർന്ന് പുതിയൊരു റിസോർട്ടിന് പ്ലാൻ ചെയ്യുന്നുണ്ട് .. . അത് കായലിന് ദോഷമാണ് .. ഭൂമിക്കും … അതിന് അപ്രൂവൽ കൊടുക്കാൻ കഴിയില്ല …
ഞാനാ റിപ്പോർട്ട് റെവന്യൂ ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ട് … അതോടു കൂടി ആ പ്രോജക്ടിന് തിരശീല വീണു ..
പക്ഷെ അതിൽ കണ്ണുവച്ച കച്ചവട കൊതിയന്മാർക്ക് വിട്ടു കളയാൻ വയ്യ … ആ പ്രോജക്ടിൽ ആദർശിന് പാർട്ണർ ഷിപ്പുണ്ട് … റിപ്പോർട്ട് പഠിച്ചപ്പോൾ ഒരിടത്തും ആദർശിന്റെ പേരോ അവന്റെ കമ്പനിയുടെ പേരോ ഞാൻ കണ്ടില്ല ..
അത് കൊണ്ട് ഇത് വരെ എനിക്ക് സംശയവുമില്ലായിരുന്നു .. അവന്റെ ബിനാമിയുടെ പേരാണ് പ്രോജക്ടിലുള്ളത് .. ”
മയി ,പ്രദീപ് ആ വിഷയം പറഞ്ഞത് പെട്ടന്ന് ഓർത്തു .. എത്ര പെട്ടന്നാണ് നിഷിന്റെ പ്രശ്നങ്ങൾ ആ വിഷയത്തിലേക്ക് ചെന്ന് ചേരുന്നത് ….
നവീണും മറ്റുള്ളവരും പകച്ചിരിക്കുകയായിരുന്നു …
” അവരിനി അടങ്ങിയിരിക്കുമെന്ന് നീ കരുതുന്നുണ്ടോ …..?” നവീൺ ചോദിച്ചു …
” ഇല്ല …. ഈ വീട്ടിൽ നിന്ന് ആരെയെങ്കിലും തട്ടിക്കൊണ്ട് വന്ന് എന്റെ മുന്നിൽ വച്ച് വിലപേശാനായിരുന്നു പ്ലാൻ എന്ന് തോന്നുന്നു .. അത് കൊണ്ടാ രാത്രി തന്നെ ഞാനവിടുന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് … ”
അവൻ പറഞ്ഞത് കേട്ട് എല്ലാവരും നടുങ്ങിപ്പോയി ….
” ആ ചഞ്ചലിന് പിന്നിലും അവർ തന്നെയാകും മോനെ …..” വീണ പറഞ്ഞു …
” അല്ല …. അങ്ങനെയായിരുന്നെങ്കിൽ , എന്നെ കൊണ്ട് സൈൻ ചെയ്യിപ്പിക്കാൻ ശ്രമിക്കില്ലായിരുന്നു …
ഏത് വിധേനെയും എന്റെ സസ്പെൻഷൻ നീട്ടി , എന്റെ സ്ഥാനത്ത് അവർക്ക് ഫേവർ ചെയ്യുന്നവരെ എത്തിച്ച് കാര്യങ്ങൾ നീക്കിയേനെ .. ഇതങ്ങനെയല്ല എന്റെ സിഗ്നേച്ചർ ആണ് ആവശ്യം …
അതിനർത്ഥം ഓഫീസ് സീൽ അവർക്ക് നൽകാൻ മറ്റാരോ ഉണ്ട് എന്റെയോഫീസിൽ തന്നെ … അത് മാത്രമല്ല ഡേറ്റും പഴയതാണ് … ഞാൻ സസ്പെൻഷനാകുന്നതിന് തൊട്ടു മുൻപുള്ള ദിവസത്തെ ഡേറ്റ് ….”
” നമുക്ക് കേസ് കൊടുക്കാം മോനെ …..” വീണ പറഞ്ഞു …
” അമ്മയെന്താ പറയുന്നത് … അവരെന്നെ തട്ടിക്കൊണ്ട് പോയതല്ലല്ലോ … പോലീസിനെ വെട്ടിച്ച് മാറി നിൽക്കാൻ ശ്രമിച്ചതല്ലേ അവന്റെ സഹായത്തോടെ … ”
” അപ്പോ …. ഇനിയെന്താ ചെയ്യേണ്ടത് ….” രാജശേഖർ ചോദിച്ചു ..
” നിങ്ങളെല്ലാവരും സൂക്ഷിക്കണം … അവരടങ്ങിയിരിക്കില്ല … മറ്റെന്തോ ചതി പ്ലാൻ ചെയ്യുന്നുണ്ട് … ഏട്ടൻ ഇന്ന് തന്നെ പോലീസ് സ്‌റ്റേഷനിൽ പോയി നമ്മുടെ വീടിന് പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടണം … ചഞ്ചലിന്റെ വിഷയത്തിൽ ഞാൻ അറസ്റ്റിലായാലും നിങ്ങൾ സൂക്ഷിക്കണം … ”
” ചഞ്ചലിന്റെ കേസ് ഇനി നിഷിനെ പിന്തുടരില്ല … നാളത്തെ ദിവസത്തോടെ അതവസാനിക്കും …..” മയിയാണ് പറഞ്ഞത് …
നിഷിൻ അവിശ്വസനീയതയോടെ അവളെ നോക്കി …..
രാജശേഖറൊഴികെ മറ്റെല്ലാവരും അത് കേട്ട് അമ്പരന്നു ..
” അതെങ്ങനെ …….?” വീണയുടെ മുഖം വിടർന്നു ….
” സോറി അമ്മ … തത്ക്കാലം ആ വിഷയമെനിക്ക് നിഷിനോട് മാത്രമേ ഷെയർ ചെയ്യാൻ കഴിയു ….. അത് കഴിഞ്ഞ് എല്ലാവരോടും പറയാം ….”
വീണയുടെ മുഖം കടന്നൽ കുത്തിയത് പോലെ ചുവന്നെങ്കിലും അവരൊന്നും പറഞ്ഞില്ല … മകൻ തിരിച്ചു വന്നതും , കേസിൽ നിന്ന് രക്ഷപ്പെടുമെന്ന് അറിഞ്ഞതും തന്നെ ആശ്വാസകരമായിരുന്നു ….
” എങ്കിൽ നമുക്കിനി ഭക്ഷണം കഴിക്കാം … അവർ എന്താന്ന് വച്ചാ ഡിസ്കസ് ചെയ്യട്ടെ ….” നവീൺ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു …
എല്ലാവരും അവനെ അനുകൂലിച്ചു …
” പിന്നെ ഞാൻ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ നീ കൂടെ വരണം .. ഓർത്തോയിലൊന്ന് കാണിക്കണം കാല് …” നവീൺ ഇറങ്ങാൻ നേരം പറഞ്ഞു ….
നിഷിൻ സമ്മതം മൂളി ….
എല്ലാവരും പുറത്തിറങ്ങിയപ്പോൾ മയി ചെന്ന് കതകടച്ചിച്ചിട്ട് നിഷിന്റെയടുത്ത് വന്നിരുന്നു … നിമിഷങ്ങളോളം അവർ മുഖത്തോട് മുഖം നോക്കിയിരുന്നു .. .
എന്തൊക്കെയോ പറയണമെന്നുണ്ട് … വാക്കുകളെവിടെയോ കുടുങ്ങിക്കിടന്നു … അവൻ പോയതു മുതൽ ഹൃദയത്തിലെവിടെയോ ഒരു ശൂന്യതയായിരുന്നു … ആ ശൂന്യത തന്റെ ചിന്തകളെ പോലും ബാധിച്ചിരുന്നു …
ഇപ്പോൾ അവന്റെ അസാനിധ്യം സൃഷ്ടിച്ച വിള്ളലുകളെല്ലാം വെളിച്ചം കൊണ്ടാരോ നികത്തിയത് പോലെ …
അവനും അവളെ തന്നെ നോക്കിയിരുന്നു …
അവൾ കൈയുയർത്തി അവന്റെ മുഖം കടന്നെടുത്തു … പിന്നെ ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു … പിന്മാറാൻ തുടങ്ങവെ , അവനവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു … തുരുതുരെ അവളുടെ നെറ്റിയിലും കവിളിലും ചുംബിച്ചു .. ഗാഢമായി ആശ്ലേഷിച്ച ശേഷം അവനവളെ തന്നിൽ നിന്നടർത്തി മാറ്റി …
” പറ …. ചഞ്ചലിന്റെ വിഷയം ഇനിയെന്നെ പിന്തുടരില്ലെന്ന് പറയാൻ കാരണമെന്താ …?” കുറച്ചു സമയം കൂടി അവളുടെ മുഖത്ത് നോക്കിയിരുന്നിട്ട് അവൻ ചോദിച്ചു …
” പറയാം ……..” അവളവന്റെ കരം കവർന്നെടുത്തു ….
തലേ ദിവസം ചഞ്ചലിനെ ഹോട്ടലിൽ പോയി കണ്ടതു മുതലുള്ള എല്ലാ കാര്യങ്ങളും അവൾ തുറന്നു പറഞ്ഞു …..
എല്ലാം കേട്ട് കഴിഞ്ഞ നിഷിൻ സ്തംഭിച്ചിരുന്നു …..
” കുറച്ചു കൂടി കരുതൽ ആ കുട്ടിയോട് കാണിക്കാമായിരുന്നില്ലെ …. നിഷിൻ ?” അവൾ ചോദിച്ചു …
” മയി …. ഞാൻ …… ” അവന്റെ വാക്കുകൾ മുറിഞ്ഞുപോയി ….
” കുറ്റപ്പെടുത്തിയതല്ല … വാവയെപ്പോലെയായിരുന്നു അവളെന്ന് പറയുമ്പോഴും ,വാവയായിരുന്നു ആ സ്ഥാനത്തെങ്കിൽ നിഷിൻ ഇത്രയും കെയർലെസ്സാകില്ലായിരുന്നു … ശരിയല്ലേ . ” അവൾ ചോദിച്ചു …
അവൻ മുഖം താഴ്ത്തി …
” എനിക്ക് വിശ്വസിക്കാൻ വയ്യ … നിന്റെ ചാനലിൽ ഇങ്ങനെയൊരു ചതി ……” അവൻ അവളുടെ കണ്ണിലേക്ക് നോക്കി …
” ചാനലിന്റെയറിവോടെയല്ല നിഷിൻ … നിന്റെയാ ഫ്രണ്ടില്ലേ … സുനിൽ കുമാർ … ചാനൽ ചീഫിന്റെ മകൻ .. അവന്റെ ചതിയാ … ”
” അവളെ വിശ്വസിക്കാമല്ലോ അല്ലെ …. ”
” നൂറു ശതമാനം … കേട്ട് കഴിഞ്ഞപ്പോഴും പൂർണമായി ഞാനവളെ വിശ്വസിച്ചിരുന്നില്ല … പക്ഷെ ഇന്നലെ രാത്രി എനിക്കത് ബോധ്യപ്പെട്ടു .. ആ തെളിവുകൾ ഉൾപ്പെടെ എന്റെ കൈയിൽ ഉണ്ട് …..” മയി പതിയെ എഴുന്നേറ്റു ജനലിനടുത്തേക്ക് നടന്നു …
” തെളിവോ …..?” നിഷിൻ അമ്പരപ്പോടെ ചോദിച്ചു …
മയി നേർത്തൊരു പുഞ്ചിരിയോടെ പുറത്തെ വിടർന്നു വരുന്ന പ്രഭാതത്തിലേക്ക് നോക്കി … അവൾക്കാ പകലിനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി …
…(തുടരും )
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹