Saturday, January 18, 2025
Novel

വരാഹി: ഭാഗം 3

നോവൽ
ഴുത്തുകാരി: ശിവന്യ

“ഇതെന്നതാ കൊച്ചേ ഈ സാരി ഉടുത്തേക്കുന്നെ…. ഇഷ്ടമായില്ലെന്ന് പറഞ്ഞ് മാറ്റി വച്ചതല്ലായിരുന്നോ ഇത് “……

രാവിലെ ആരാമത്തിലേക്ക് പോകുവാനായി വെള്ള സാരി ധരിച്ചു കൊണ്ട് ഇറങ്ങി വന്ന അന്നയെ കണ്ട് അലക്സ് അമ്പരന്നു പോയി…

വിവാഹശേഷം അലക്സിന്റെ ഒരു സുഹൃത്ത് സമ്മാനിച്ചതായിരുന്നു ആ സാരി…. വെള്ളയിൽ ചെറിയ ചുവന്ന പൂക്കളുള്ള പേപ്പർ സിൽക്ക് സാരി…. വെള്ള ആയതോണ്ട് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് അന്ന അത് ഉടുത്തതേയില്ല…..

” ഇന്നൊരു സ്പെഷൽ ഡേ ആണ് ഇച്ചായാ…. വൈറ്റ് സാരി തന്നെ വേണം…. വൈറ്റ് വേറെ ഇല്ലാത്തത് കൊണ്ട് ഇതെടുത്തു….. ”

“അതെന്നതാടീ ഞാനറിയാത്തൊരു സ്പെഷ്യൽ ” ??

“അതൊക്കെയുണ്ട്…. വൈകിട്ട് വന്നാൽ പറയാം…. ”

അലക്സ് അമർത്തി ഒന്ന് മൂളി…..

” റോസി കൊച്ച് വിളിച്ചില്ലല്ലോ അമ്മച്ചി ”…

ചായ ടേബിളിലേക്ക് എടുത്ത് വെക്കുന്നതിനിടയിൽ അന്ന കത്രീനാമ്മയോട് ചോദിച്ചു…. റോസി അലക്സിന്റെ അനിയത്തിയാണ്…. കോട്ടയത്ത് തന്നെയാണ് കെട്ടിച്ചയച്ചതെങ്കിലും റോസി വല്ലപ്പോഴുമേ സ്വന്തം വീട്ടിലേക്ക് വരാറുള്ളൂ….

“രാത്രി വിളിച്ചാരുന്നു മോളേ…. ഇങ്ങോട്ട് വരാൻ പറഞ്ഞപ്പോൾ അവൾക്ക് സമയമില്ല പോലും….. ഇതിന് മാത്രം എന്നതാണാവോ അവൾക്കവിടെ പണി”….

“ആ… അവളാണല്ലോ ഇപ്പോ കോട്ടയം കലക്ടർ… അമ്മച്ചി അതറിഞ്ഞില്ലാരുന്നോ….”

അലക്സ് പറഞ്ഞത് കേട്ട് കത്രീനാമ്മയും അന്നയും ചിരിച്ച് പോയി….

“അതല്ലിച്ചായാ…. അവള് തന്നെ വേണ്ടേ കൊച്ചിന്റെയും റോയിച്ചന്റെ അപ്പച്ചന്റെയും അമ്മച്ചീടയും ഒക്കെ കാര്യം നോക്കാൻ…. അവള് മാറി നിന്നാ പിന്നെ ഒക്കെ തകിടം മറിയൂലെ….അതാവും”….

അന്ന പറഞ്ഞു…

“ഓഹോ… അപ്പോ നാത്തൂനും നാത്തൂനും ഒന്നായില്ലിയോ…”

” അല്ലേലും ഞങ്ങളൊന്ന് തന്നെയാ… അല്ലിയോ “…

അവൾ കത്രീനാമ്മയെ നോക്കി കണ്ണിറുക്കി….

” പിന്നല്ലേ…. ”

” അത്ശരി…. അപ്പോ ഞാനിപ്പോ ഔട്ടായല്ലേ…. ശരി നടക്കട്ടെ…. ”

അവൻ ഭക്ഷണം മതിയാക്കി എഴുന്നേറ്റു….

***************************

പതിവ് പോലെ അന്നയെ ആരാമത്തിലിറക്കി അലക്സ് ഹോസ്പിറ്റലിലേക്ക് പോയി….

അന്ന റൗണ്ട്സിനിറങ്ങുമ്പോഴും അരുൺ എത്തിയിട്ടില്ലായിരുന്നു…..

അന്ന ഓരോ പേഷ്യന്റ്സിനെയായി കണ്ട് അവരിലൊരാളെ പോലെ സംസാരിച്ച് ഇടപഴകുന്നത് കണ്ടപ്പോൾ സിസ്റ്റർ ജിൻസിക്ക് ആശ്ചര്യമായിരുന്നു…..

ഒരു അപരിചതത്വവും ഇല്ലാതെ ഓരോരാളുടേയും പേര് വിളിച്ച് കൊണ്ടായിരുന്നു അന്ന അവരോട് ഇടപ്പെട്ടിരുന്നത്….

അതിലുപരി ആരാമത്തിലെ സിസ്റ്റർമാർക്കെല്ലാം അദ്ഭുതമായത് അന്നയുടെ രീതികളായിരിന്നു…

പേഷ്യന്റ്സിന്റെ മുൻപിൽ അവളൊരു ഡോക്ടർ ആയിരുന്നില്ല…
അവരെ പോലൊരാൾ…..
ഡോക്ടേഴ്സ് ഏപ്രൺ വരെ അന്ന ഉപയോഗിച്ചിരുന്നില്ല….
സ്റ്റതസ്കോപ്പ് കയ്യിലെടുത്തതല്ലാതെ അവളത് ഉപയോഗിച്ചില്ല…

അവസാനം വരാഹിയുടെ സെല്ലിന് മുൻപിലെത്തിയപ്പോൾ ജിൻസി ഒന്ന് പകച്ചു… അന്ന ആണെങ്കിൽ അറ്റൻഡർ രമേഷിനെ വിളിച്ച് സെൽ തുറക്കാനാവശ്യപ്പെട്ടു…

” അത് വേണോ മാഡം”..??

ജിൻസി അവളെ നിരുത്സാഹപ്പെടുത്തി..

“എന്താ സിസ്റ്റർ ….”

” വരാഹി ഇന്നലെ ശരിക്കുറങ്ങിയിട്ടില്ലെന്ന് തോന്നുന്നു…. രാത്രി മുഴുവൻ എന്തൊക്കെയോ ബഹളം കേട്ടിരുന്നു…. ”

” എന്നിട്ട് സെഡേഷനൊന്നും കൊടുത്തില്ലേ ….??”

“ഇല്ല “….

“വൈ ?”

അന്നയുടെ മുഖം ഇരുണ്ടു….

” അത് പിന്നെ…. മാഡം….. ഡ്യൂട്ടിയിൽ ഞാനായിരുന്നില്ല…. ”

ജിൻസി തല താഴ്ത്തി…

” റബ്ബിഷ്…. അന്ന പല്ലു കടിച്ചു….

നിങ്ങളൊക്കെ എന്താ ഇത്ര ഇറെസ്പോൺസിബിളായി
പെരുമാറുന്നത് “….

ജിൻസി ക്ക് മറുപടി ഉണ്ടായിരുന്നില്ല…..

അപ്പോഴേക്കും രമേഷ് വരാഹിയുടെ സെല്ലിന്റെ വാതിൽ തുറന്നിരുന്നു….

” രമേഷ് ഇവിടെ തന്നെ ഉണ്ടാവണം…. ”

അന്ന ഓർമ്മിപ്പിച്ചു…..

അന്ന ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി…

അവൾ അങ്ങനൊരു മുറി ആദ്യമായ് കാണുന്ന പോലെ നോക്കി നിന്നു…

എന്തൊക്കെയോ എഴുതി വലിച്ചെറിഞ്ഞതുപോലെ റൂമിൽ അവിടവിടെ ആയി പേപ്പറുകൾ….

ആരാമത്തിലെ മറ്റു റൂമുകൾക്കൊന്നും ഇല്ലാത്തൊരു പ്രത്യേകത ആ റൂമിനുണ്ടായിരുന്നു…. ഒരു ഷെൽഫ് നിറയെ പുസ്തകങ്ങൾ….. വരാഹിയുടെ ഇഷ്ട്ടത്തിനനുസരിച്ച് സെബാനച്ചൻ ചെയ്തു കൊടുത്ത സൗകര്യം…..

അന്ന പതിയെ നടന്ന് ഇരുമ്പ് കട്ടിലിൽ ചരിഞ്ഞ് കിടന്നുറങ്ങുന്ന വരാഹിയുടെ അടുത്തെത്തി…

വെള്ള പൈജാമയും കുർത്തയും ആയിരുന്നു അവളുടെ വേഷം….. ചെമ്പിച്ച മുടി മുകളിലേക്ക് ഉയർത്തി കെട്ടിവെച്ചിരിക്കുന്നു….. വെളുത്ത നീണ്ട കയ്യിൽ ചിലയിടത്തൊക്കെ കടിച്ചത് പോലെ രക്തം കല്ലിച്ച് നീലിച്ച പാടുകൾ…..

ഇന്നലെ രാത്രിയിലെ പരാക്രമം ആയിരിക്കാം എന്ന് അന്ന ഊഹിച്ചു…..

അന്ന ഇമകളനക്കാതെ ഒരു സ്വപ്നത്തിലെന്നവണ്ണം വരാഹിയെ നോക്കി നിന്നു….

“മാഡം വരാഹി നല്ല ഉറക്കമാണ്….. ഇപ്പോ ഉണർത്തിയാൽ ചിലപ്പോ… ”

അന്ന രൂക്ഷമായി ജിൻസിയെ നോക്കിയതിനെ തുടർന്ന് പിന്നീടവളൊന്നും മിണ്ടിയില്ല….

ഉറക്കത്തിൽ അവ്യക്തമായി വരാഹി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…
അന്ന അതിന് കാതോർത്തു….

” ഹർഷാ… പോകല്ലേ ഹർഷാ…. എന്നെ വിട്ട് പോകല്ലേ…. ”

“ഹർഷൻ”….

അന്ന ആ പേര് മനസ്സിൽ പറഞ്ഞു….

പെട്ടെന്ന് വരാഹി ഞെട്ടിയുണർന്നു….

അവൾ ഭീതിയോടെ അന്നയുടെ മുഖത്തേക്ക് നോക്കി…..

അന്നക്ക് അപ്പോൾ ഒരു യോഗിനിയുടെ മുഖമായിരുന്നു…

പക്ഷേ ജിൻസിയേയും അന്നയേയും ഞെട്ടിച്ച് കൊണ്ട് വരാഹി ഓടി വന്നു അന്നയെ കെട്ടിപ്പിടിച്ചു…..

”ചേച്ചീ…. എന്റെ ഹർഷൻ…. അവൻ…. അവനെന്നെ…”…

വരാഹി പൊട്ടിക്കരഞ്ഞു….. പെട്ടെന്ന് അവളുടെ മുഖം മാറി…. ആ മുഖത്ത് പിന്നെ രൗദ്രഭാവമായിരുന്നു…. സകലതിനേയും നശിപ്പിക്കാനുള്ള ത്വര അവളിൽ ഉടലെടുക്കുന്നത് അന്ന അറിഞ്ഞു….

” സിസ്റ്റർ സെഡേഷൻ എടുക്ക്… ഫാസ്റ്റ്….”

അപ്പോഴും അവൾ വരാഹിയുടെ പിടി അയച്ചിരുന്നില്ല…..

വരാഹി ശക്തിയിൽ കുതറി മാറാൻ ശ്രമിക്കും തോറും അന്ന കൂടുതൽ ശക്തിയിൽ സ്നേഹത്തിൽ അവളെ ചേർത്ത് പിടിച്ചു….. വരാഹിയുടെ പല്ല് അന്നയുടെ ചുമലിൽ ആഴ്ന്നിറങ്ങുന്നതിന് മുൻപേ സെഡേഷനുമായി ജിൻസി ഓടി എത്തി….

രമേഷും ജിൻസിയും കൂടി വരാഹിയെ അടക്കി നിർത്തി….

അന്ന കയ്യിലെ ഞരമ്പ് കണ്ടെടുത്ത് കുത്തിവെക്കുമ്പോഴും വരാഹി കുതറി കൊണ്ടിരുന്നു…. അപ്പോഴും അവളുടെ കണ്ണുകൾ അന്നയുടെ മുഖത്തായിരുന്നു….. പതിയെ അവളൊരു മയക്കത്തിലേക്ക് ഊളിയിട്ടു…..

അന്ന റൂമിൽ നിന്നിറങ്ങുന്നതിന് മുൻപായി വരാഹി എഴുതി വലിച്ചെറിഞ്ഞ പേപ്പറുകൾ എടുക്കാൻ മറന്നില്ല…..

***********************

അരുൺ വരുമ്പോൾ വരാഹി എഴുതിയതൊക്കെ വായിച്ചു നോക്കുകയായിരുന്നു അന്ന…..

പലതിലും ഷേക്സ്പിയറും ഹെമിങ് വേയും മാർക്ക് ട്വയിനും ഒക്കെ എഴുതിയ പ്രണയത്തെ കുറിച്ചുള്ള പ്രശസ്തമായ വരികളായിരുന്നു…..

അവസാനമായി മലയാളത്തിൽ എഴുതിയ ഒരു വരി അവൾ വായിച്ചു…..

“എന്റെ ദാഹം നിന്റെ പ്രണയത്തോട് മാത്രമാണ്….”

” അന്ന…. അരുൺ വന്നത് അവൾ കണ്ടില്ല….

ഹലോ മാഡം…. ”

അന്ന മുഖമുയർത്തി നോക്കി…..

” അരുൺ…. വരൂ….. ”

വരാഹിയുടെ റൂമിൽ നടന്ന കാര്യങ്ങളൊക്കെ അവൾ അരുണിനെ പറഞ്ഞ് കേൾപ്പിച്ചു….

“എന്താണ് യഥാർത്ഥത്തിൽ അവളുടെ ലൈഫിൽ സംഭവിച്ചതെന്ന് അറിയാമോ അരുൺ…. ആരാണീ ഹർഷൻ…”

അവൾ പ്രതീക്ഷയോടെ അരുണിനെ നോക്കി…

“ദേവാശിഷ് പറഞ്ഞ് കുറച്ച് കാര്യങ്ങളൊക്കെ എനിക്കറിയാം…. പക്ഷേ ഇവിടെ വെച്ച് സംസാരിക്കാൻ പറ്റില്ല…. പുറത്തെവിടെയേലും വെച്ച്….”

“ഒകെ… എങ്കിൽ നമുക്ക് എന്റെ വീട്ടിൽ കൂടാം… ഈവനിംഗ് ഒരുമിച്ചിറങ്ങാം….. അതാകുമ്പോൾ അമ്മച്ചി നല്ല ഏലക്കാ പൊടിച്ചിട്ട കട്ടൻ കാപ്പി ഇട്ടു തരും…. ”

അന്ന ആവേശത്തോടെ പറഞ്ഞു….

” ഒകെ….”

***************************

പരിചയമില്ലാത്തൊരു കാർ നെല്ലിക്കാട് തറവാടിന്റെ ഗേറ്റ് കടന്ന് വരുന്നത് കണ്ടപ്പോൾ കത്രീനാമ്മ പുറത്തേക്കിറങ്ങി വന്നു….

കാറിൽ നിന്നും അന്നയും അരുണും ഇറങ്ങി വരുന്നത് കണ്ട് അവർ അമ്പരന്നു പോയി….

“അമ്മച്ചിയിതെന്നാ ഇങ്ങനെ നോക്കുന്നെ”…..

അന്നയും പിന്നാലെ അരുണും വരാന്തയിലേക്ക് കയറി…

“അമ്മച്ചീ… ഇത് ഡോക്ടർ അരുൺ…. എന്റെ കൂടെ ആരാമത്തിലുള്ളതാണ്….”

കത്രീനാമ്മയുടെ മുഖത്ത് ആശ്ചര്യവും സന്തോഷവും നിറഞ്ഞു…

”വരൂ മോനേ….. ”

അവർ ആതിഥ്യ മര്യാദയോടെ അരുണിനെ അകത്തേക്ക് ക്ഷണിച്ചു…

നിമിഷ നേരം കൊണ്ട് ഡൈനിങ് ടേബിളിൽ അരുണിനെ സൽക്കരിക്കാനുള്ള ഒരുക്കം നടന്നു…

അന്ന ഒരു കപ്പ് കാപ്പിയെടുത്ത് അരുണിന്റെ കയ്യിൽ കൊടുത്തു….

“ദേവാശിഷ് വരാഹിയുടെ ഹസ്ബന്റാണ്….. അപ്പോൾ ഹർഷൻ..” ?

കാപ്പി അൽപ്പം മൊത്തി കുടിച്ചു കൊണ്ട് അരുൺ പറഞ്ഞു….

” ഹർഷൻ അവളുടെ കാമുകനും….”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2