Wednesday, January 22, 2025
Novel

തനിയെ : ഭാഗം 7

Angel Kollam

വേനലവധിയോടടുത്ത സമയത്താണ് കശുവണ്ടി ഫാക്ടറി പൂട്ടിയത്, അതുകൊണ്ട് കുട്ടികളുടെ പരീക്ഷ കഴിയുമ്പോൾ അവരെ മൂന്നുപേരെയും സ്വന്തം വീട്ടിൽ കൊണ്ടാക്കാമെന്ന് അന്നമ്മ തീരുമാനിച്ചു. ആങ്ങള ഗൾഫിൽ ആയത് കൊണ്ട് അവിടെ സാമ്പത്തിക പ്രയാസങ്ങൾ ഒന്നുമില്ല, കുട്ടികളെങ്കിലും പട്ടിണി ഇല്ലാതെ കഴിയുമല്ലോ എന്നായിരുന്നു അന്നമ്മയുടെ ചിന്ത. പരീക്ഷ കഴിഞ്ഞു, സ്കൂൾ അടച്ചതിന്റെ പിറ്റേന്ന്, അന്നമ്മ മൂന്നുപേരെയും കൂട്ടി സ്വന്തം വീട്ടിലേക്ക് ചെന്നു. അന്നമ്മയുടെ അമ്മ കുട്ടികളെ മൂന്നുപേരെയും ചേർത്ത് പിടിച്ചു ചുംബിച്ചു.

ജോണിന്റെ ഭാര്യ ലിസ,അന്നമ്മയെ സ്നേഹപൂർവ്വം സ്വീകരിച്ചു. കുട്ടികളെ കുറച്ച് ദിവസം ഇവിടെ നിർത്തിയിട്ടു പോകാനാണ് അന്നമ്മ വന്നിരിക്കുന്നതെന്നറിഞ്ഞപ്പോൾ ലിസയുടെ മുഖം കടുത്തു. ജോണിനും ലിസയ്ക്കും ഒറ്റമകൻ ആയിരുന്നു. കൂടെപ്പിറന്ന സഹോദരങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ അന്നമ്മയുടെ പെണ്മക്കളോട് അവൻ സ്നേഹത്തോടെ പെരുമാറി. കുട്ടികളെ അവിടെ നിർത്തിയിട്ടു അന്നമ്മ തിരിച്ചു പോയപ്പോൾ മുതൽ ലിസ പിറുപിറുക്കാൻ തുടങ്ങി. ലിസയുടെ മുഖഭാവത്തിൽ നിന്ന് തന്നെ, തങ്ങൾ അവിടെ നിൽക്കുന്നത് അവൾക്ക് ഇഷ്ടമായില്ലെന്ന് കുട്ടികൾ മനസിലാക്കി.

കുട്ടികൾ അന്നമ്മയുടെ അമ്മയുടെ അടുത്തെത്തി, മെല്ലെ ചോദിച്ചു. “ഞങ്ങളെ അമ്മയുടെ അടുത്ത് കൊണ്ടാക്കുമോ?” “നിങ്ങൾ ഇന്നിങ്ങോട്ട് വന്നതല്ലേ ഉള്ളൂ മക്കളേ?” “സാരമില്ല, നാളെ ഞങ്ങൾക്ക് വീട്ടിൽ പോകണം. ഒറ്റയ്ക്ക് പോകാൻ അറിയത്തില്ല, അതുകൊണ്ട് അമ്മച്ചി കൊണ്ടാക്കണം ” ലിസയുടെ തെളിയാത്ത മുഖവും കണ്ടു അവിടെ നിൽക്കാൻ ആ കുട്ടികൾ താല്പര്യപെട്ടില്ല. അന്നമ്മയുടെ അമ്മ പിറ്റേദിവസം രാവിലെ കുട്ടികളെ മൂന്നുപേരെയും കൂട്ടി അവരുടെ സ്വന്തം വീട്ടിലെത്തി. അന്നമ്മ അവരോട് ദേഷ്യപ്പെട്ടു.

“അമ്മച്ചി എന്ത് പണിയാണ് ഈ കാണിച്ചത്? എനിക്ക് ജോലിയില്ലാതെ നിൽക്കുവാ.. അതിയാനാണെങ്കിൽ കിട്ടുന്ന കാശ് മുഴുവനും കള്ള് കുടിച്ചു കളയാനേ ഉള്ളൂ, ഇതിനിടയ്ക്ക് ഈ പിള്ളേരെങ്കിലും മൂന്ന് നേരം ഭക്ഷണം കഴിച്ചോട്ടെയെന്ന് കരുതിയല്ലേ അവിടെ കൊണ്ടാക്കിയത്? പിന്നെന്തിനാ ഉടനെ ഇവരെ തിരിച്ചു കൊണ്ട് വന്നത്?” “അന്നമ്മേ, നിനക്കറിയാമല്ലോ ലിസയുടെ സ്വഭാവം. അവൾ ചുമ്മാ പിറുപിറുത്തു കൊണ്ടിരിക്കുവാ, അതൊക്കെ കണ്ടില്ലെന്ന് നടിച്ചു പിള്ളേർക്ക് അവിടെ നിൽക്കാൻ മനസ്സ് വന്നില്ല,

അവർ നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ പിള്ളേരെ തിരികെ കൊണ്ട് വന്നത് ” അന്നമ്മ ആലോചനയോടെ നിന്നു. എന്നിട്ട് അപേക്ഷാഭാവത്തിൽ ചോദിച്ചു. “എനിക്ക് കുറച്ച് പൈസ തരുമോ അമ്മച്ചി?” “എന്റെ കയ്യിൽ എവിടുന്നാ അന്നമ്മേ പൈസ? ജോൺ ഫോൺ ചെയ്യുമ്പോൾ ഞാൻ അവനോട് പറയാം. അവൻ വല്ലതും അയച്ചു തന്നാൽ ഞാൻ കൊണ്ട് തരാം ” അന്നമ്മയുടെ അമ്മ യാത്ര പറഞ്ഞു പോയി. അന്നമ്മ തൊടിയിലെ ചേനയും ചേമ്പും ഒക്കെ പിഴുതെടുത്തു പുഴുക്ക് ഉണ്ടാക്കി കുട്ടികൾക്ക് കൊടുത്തു. അന്നമ്മയുടെ മനസ്സിൽ ആധി ആയിരുന്നു. ഇതൊക്കെ കൊണ്ട് എത്രനാൾ മുന്നോട്ട് തള്ളി നീക്കാൻ കഴിയും?

രണ്ടാഴ്ച കഴിഞ്ഞപ്പോൾ അന്നമ്മയുടെ അമ്മ രണ്ടായിരം രൂപയുമായി വന്നു. പെങ്ങളും മക്കളും പട്ടിണി കിടക്കാതിരിക്കാൻ വേണ്ടി ജോൺ അയച്ചു കൊടുത്തതായിരുന്നു അത്. കവലയിലെ കടയിൽ സാധനം വാങ്ങാൻ പോയപ്പോൾ അവൾ തങ്കച്ചനോട് പരിഭവം പോലെ പറഞ്ഞു. “ഒരു ജോലിക്ക് വേണ്ടി ഞാൻ എവിടെയെല്ലാം അന്വേഷിച്ചു, ഒന്നും ശരിയായില്ല.” “അന്നമ്മേ.. ഒരു ജോലി ഉണ്ട്, പക്ഷേ നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്നറിയില്ല ” “മാന്യമായ എന്ത് ജോലിയും ഞാൻ ചെയ്യും ” “നമ്മുടെ കനാലിന്റെ അവിടുന്ന് രണ്ട് കിലോമീറ്റർ ഉള്ളിലോട്ടു പോയാൽ ഒരു പാറമട ഉണ്ട്.

അവിടെ മെറ്റൽ അടിക്കാനും ലോഡ് കയറ്റാനും ഒക്കെ ആളെ ആവശ്യമുണ്ട്. സാധാരണ പുരുഷന്മാർ ചെയ്യുന്ന ജോലിയാണ്. നിന്റെ കഷ്ടപ്പാട് കണ്ടത് കൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ ” “എനിക്ക് അവിടൊരു ജോലി കിട്ടുമോ?” “അന്നമ്മേ, നീ നാളെ അവിടെ പോയി അതിന്റെ കോൺട്രാക്ടറോട് ഒന്ന് സംസാരിച്ചു നോക്ക് ” അന്നമ്മ പിറ്റേദിവസം രാവിലെ പാറമടയിലെത്തി, അതിന്റെ കോൺടാക്ടറോട് സംസാരിച്ചു. ശാരീരിക അധ്വാനം ഏറെ വേണ്ട ജോലിയായതിനാൽ അയാൾ അന്നമ്മയെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചത്. അന്നമ്മയുടെ ആത്മവിശ്വാസം കണ്ടപ്പോൾ ജോലിക്ക് വന്നോളാൻ കോൺടാക്ടർ സമ്മതിച്ചു.

അന്ന് രാത്രിയിൽ ജോസഫ് വീട്ടിലേക്ക് വന്നപ്പോൾ, താൻ പിറ്റേദിവസം മുതൽ പാറമടയിൽ ജോലിക്ക് പോകുകയാണെന്ന കാര്യം അന്നമ്മ അയാളെ അറിയിച്ചു. ജോസെഫിന്റെ ഉള്ളിൽ ഏറെനാളായി ഉറങ്ങിക്കിടന്ന ആ ക്രൂരത വെളിവാകാൻ തുടങ്ങി. “അത്രയും ആണുങ്ങൾ ജോലി ചെയ്യുന്നിടത്ത്‌ നീ ജോലിക്ക് പോകാൻ ഞാൻ സമ്മതിക്കില്ല ” “അവിടെ ആരൊക്കെ ജോലി ചെയ്യുന്നു എന്നുള്ളത് എന്നെ ബാധിക്കുന്ന പ്രശ്നമല്ല ” “പക്ഷേ എനിക്ക് പ്രശ്നമാണ്, കുറേ നാളായി ഞാനൊന്ന് ഒതുങ്ങിയപ്പോളേക്കും തള്ളയും മക്കളും കൂടി എന്റെ തോളിൽ കയറാൻ തുടങ്ങിയതാണ്.

ഇന്നത്തോട് കൂടി ഞാൻ എല്ലാം അവസാനിപ്പിച്ചു തരാം ” പറയുക മാത്രമല്ല ജോസഫ് അന്നമ്മയുടെ കഴുത്തിൽ കുത്തിപിടിക്കുകയും ചെയ്തു. ഒരു നിമിഷത്തേക്ക് അന്നമ്മയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ജിൻസി ഓടി വന്നു, ജോസെഫിന്റെ കൈയിൽ കടിച്ചു, അയാൾ കൈ അയച്ചതും അന്നമ്മയെ പിടിച്ചു മാറ്റി. ജിൻസിയുടെ കണ്ണുകളിൽ തീ കത്തുന്നുണ്ടായിരുന്നു. “ഇനി എന്റെ അമ്മയെ എന്തെങ്കിലും ചെയ്താൽ അപ്പനാണെന്നൊന്നും ഞാൻ നോക്കത്തില്ല, നിങ്ങളെ കൊന്നിട്ട് ഞാൻ ജയിലിൽ പോകും ” അന്നമ്മ അവളുടെ വാ പൊത്തി. “അങ്ങനെ ഒന്നും പറയരുത് മോളെ ”

“അമ്മയ്ക്ക് നാണമില്ലല്ലോ, എന്നും ഈ അടിയൊക്കെ കൊണ്ടിട്ട് മിണ്ടാതെയിരിക്കാൻ? ” ജോസഫ് ദേഷ്യത്തോടെ ഉച്ചത്തിൽ തെറി പറയാൻ തുടങ്ങി. എന്നിട്ട് അവരെ നാലുപേരെയും ഒരു റൂമിലാക്കി ആ റൂമിന്റെ വാതിൽ പുറത്ത് നിന്ന് കുറ്റിയിട്ടു കൊണ്ട് പറഞ്ഞു. “എന്നെ നിങ്ങൾ എല്ലാവരും കൂടി കൊല്ലും എനിക്കറിയാം ” പിറ്റേന്ന് രാവിലെ ജോസഫ് ഉറക്കമുണർന്നപ്പോളാണ് അയാൾ അവരെ പൂട്ടിയിട്ടിരുന്ന മുറിയുടെ വാതിൽ തുറന്നത്. ജോസഫ് രാവിലെ തന്നെ ജോലിക്കിറങ്ങി പോയി, അതിന്റെ പിന്നാലെ ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് അന്നമ്മയും ജോലിക്ക് പോയി. പാറമടയിലെ ജോലി അതികഠിനമായിരുന്നു.

ചുറ്റിക ഉപയോഗിച്ച് ചെറിയ പാറക്കല്ലുകൾ മെറ്റലാക്കി മാറ്റുമ്പോൾ അന്നമ്മയുടെ ഉള്ളം കൈ പൊട്ടി ചോര വരുമായിരുന്നു. അവിടെ ജോലിക്ക് ചെന്ന ആദ്യദിവസം തന്നെ താൻ ഉദേശിച്ചതിലും കഷ്ടത നിറഞ്ഞതാണ് അവിടത്തെ പണിയെന്ന് അന്നമ്മ മനസിലാക്കി. എന്തൊക്കെ സംഭവിച്ചാലും തോറ്റു പിന്മാറുകയില്ലെന്ന് അവൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഒരിക്കൽ താൻ തോറ്റു പോയാൽ ജീവിതം തന്നെ കൈവിട്ടു പോകും എന്നറിയാവുന്നത് കൊണ്ട് അന്നമ്മ പാറമടയിലെ ആ ജോലി സന്തോഷത്തോടെ ചെയ്യാൻ തുടങ്ങി. രണ്ടു വർഷങ്ങൾ കടന്ന് പോയി. കുട്ടികൾ മൂന്നുപേരും മിടുക്കികളായി വളർന്നു.

ജിൻസി പത്താം ക്ലാസ്സിൽ എത്തിയിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷ ജീവിതത്തിലെ വളരെ സങ്കീർണ്ണമായ ഒരു ഘട്ടമാണെന്ന് ജിൻസിക്കറിയാം. തനിക്ക് പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങിയാൽ മാത്രമേ പ്ലസ് ടുവിന് സയൻസ് ബാച്ചിലേക്ക് അഡ്മിഷൻ ലഭിക്കുകയുള്ളൂ. നേഴ്സ് ആകണമെന്ന് മനസ്സിൽ ആഗ്രഹമുണ്ട്. നഴ്സിംഗ് പഠിപ്പിക്കാനൊക്കെ ഒത്തിരി രൂപ ചിലവാകുമെന്നറിയാം. താൻ പഠിച്ചു നല്ലൊരു ജോലി വാങ്ങിയാൽ പിന്നെ അമ്മയേയും അനിയത്തിമാരെയും തനിക്ക് സംരക്ഷിക്കാൻ കഴിയും. മനസ്സിൽ ഒരുപാട് ആഗ്രഹങ്ങളും പേറിയാണ് അവൾ നടക്കുന്നത്.

ആ വീട്ടിൽ ഇതുവരെ വൈദ്യുതി കണക്ഷൻ പോലും കിട്ടിയിട്ടില്ല, അതുകൊണ്ട് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരുന്നാണ് കുട്ടികൾ പഠിക്കുന്നത്. രാത്രിയിൽ ജോസഫ് മദ്യപിച്ചു വന്നു ബഹളം വയ്ക്കുന്നത് കൊണ്ട് ജിൻസിയ്ക്ക് വായിക്കുന്ന പാഠഭാഗങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലായിരുന്നു, അത്കൊണ്ട് ജോസഫ് ഉണരുന്നതിന് മുൻപ് വെളുപ്പിന് തന്നെ ഉണർന്ന് അവൾ പഠിക്കാൻ തുടങ്ങി. പബ്ലിക് എക്സാമിന് രണ്ടാഴ്ച ബാക്കിയുള്ളപ്പോളാണ് സ്കൂളിൽ സ്റ്റഡി ലീവ് നൽകിയത്. ജോസഫ് വീട്ടിലില്ലാത്തത് കൊണ്ട് പകലെല്ലാമിരുന്ന് പഠിക്കാമല്ലോ എന്ന സന്തോഷത്തിലായിരുന്നു ജിൻസി.

പരമാവധി സമയമിരുന്നു പഠിച്ചു നല്ല മാർക്ക് വാങ്ങണമെന്ന സ്വപ്നം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ. ജോസഫ് കൂട്ടുകാരൻമാരോടൊപ്പമിരുന്നു മദ്യപിക്കുമ്പോൾ ജിൻസി ഏത് സമയത്തും തന്നെ എതിർത്തു സംസാരിക്കുന്ന വിവരം അവരോട് പറഞ്ഞു. കൂട്ടത്തിൽ ബുദ്ധിമാനെന്ന് നടിക്കുന്ന ഡേവിഡ്, ജോസെഫിന്റെ നേർക്ക് നോക്കിയിട്ട് പറഞ്ഞു. ” നിന്റെ മോൾക്ക് ഭയങ്കര അഹങ്കാരമാണ്. അല്ലെങ്കിലും ഈ പെൺപിള്ളേരെ പഠിപ്പിച്ചാൽ അവളുമാർ അഹങ്കാരികളായി മാറും. അവളെ പഠിപ്പിക്കാൻ അനുവദിക്കരുത് ” “അവൾ നന്നായിട്ട് പഠിക്കുന്ന കൊച്ചാണ്. ഞാൻ കിടന്ന് തെറി പറഞ്ഞാലും ഞാനില്ലാത്ത സമയം നോക്കി അവൾ പഠിക്കും ” “അതാ പറഞ്ഞത്, നീ അതിന് അനുവദിക്കരുതെന്ന്.

അവൾ പത്താം ക്ലാസ്സ്‌ പാസ്സായാൽ തുടർന്ന് പഠിച്ചു, ജോലി കിട്ടിപോകും. പിന്നേ നിന്നെ ഒരു വിലയും കാണത്തില്ല.” കൂട്ടുകാരന്മാരുടെ ഉപദേശം ജോസെഫിന്റെ മനസിനെ സ്വാധീനിച്ചു. ജിൻസി പത്താം ക്ലാസ്സിലെ പരീക്ഷ എഴുതാതെ മുടക്കണമെന്ന് അയാൾ മനസിലോർത്തു. അന്ന് വൈകുന്നേരം വീട്ടിലെത്തിയ ജോസഫ് ആരോടും ഒന്നും സംസാരിക്കാതെ കട്ടിലിൽ കിടന്നു. അന്നമ്മയും മക്കളും ഉറങ്ങിയെന്നു മനസിലായപ്പോൾ മെല്ലെ എഴുന്നേറ്റു, ജിൻസിയുടെ ബാഗും പുസ്തകങ്ങളും ഇരിക്കുന്നിടത്തേക്ക് ചെന്നു. കയ്യിലിരിക്കുന്ന ചെറിയ ടോർച്ചിന്റെ വെളിച്ചത്തിൽ അയാൾ ആ പുസ്തകങ്ങൾ ജിൻസിയുടേത് തന്നെയെന്ന് ഉറപ്പ് വരുത്തി.

ശബ്ദം ഉണ്ടാക്കാതെ ആ ബാഗും പുസ്തകങ്ങളും മുറ്റത്തെത്തിച്ചു, അടുക്കളയിൽ നിന്നും മണ്ണെണ്ണ എടുത്തുകൊണ്ടു വന്നു, ആ പുസ്തകങ്ങൾക്ക് മുകളിലേക്ക് ഒഴിച്ചു. ഒരു തീപ്പെട്ടികൊള്ളി ഉരച്ചു അതിന് മുകളിലേക്കിട്ടപ്പോൾ, ആ പുസ്തകങ്ങളെല്ലാം നിമിഷനേരം കൊണ്ട് അഗ്നിക്കിരയായി. മുഖത്ത് വല്ലാത്തൊരു സംതൃപ്തിയോടെ ജോസഫ് വീണ്ടും ഉറങ്ങാൻ കിടന്നപ്പോൾ, അന്നമ്മയും മക്കളും ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലായിരുന്നു. വെളുപ്പിനെ ഉണർന്നയുടനെ ജിൻസി തന്റെ ബാഗും പുസ്തകങ്ങളും വച്ചിരിക്കുന്ന മുറിയിലേക്കെത്തി. തന്റെ ബാഗ് അവിടെ കാണാതിരുന്നപ്പോൾ അവൾ അമ്പരന്ന് പോയി.

അന്നമ്മയും അവളും കൂടി വീട്ടിനുള്ളിൽ തിരച്ചിൽ നടത്തി,ബാഗ് കാണാത്ത നിരാശയിൽ വിഷമിച്ചു നിൽക്കുമ്പോളാണ് മുറ്റത്ത് എന്തോ കരിഞ്ഞു കിടക്കുന്നത് പോലെ തോന്നിയത്. ജിൻസി കതക് തുറന്നു വെളിയിലേക്കോടിയിറങ്ങി. ‘തന്റെ ബാഗും പുസ്തകങ്ങളും കത്തികരിഞ്ഞു കിടക്കുന്നു ‘ ആ കാഴ്ച കണ്ടതും ജിൻസിയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. ഒരു വർഷം പഠിപ്പിച്ച പാഠങ്ങളാണ് കത്തിക്കരിഞ്ഞു കിടക്കുന്നത്. പരീക്ഷയ്ക്ക് ഇനി രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ. നോട്സ് എഴുതിയെടുത്തു പഠിക്കാനുള്ള സമയവുമില്ല. ആ വീടിന്റെ മുറ്റത്ത് തളർന്നിരിക്കുമ്പോൾ ‘ ഈ നരകത്തിൽ നിന്നും തങ്ങൾ രക്ഷപെടാൻ ദൈവം പോലും ആഗ്രഹിക്കുന്നില്ലേ?

എന്നാണ് ജിൻസി മനസ്സിൽ ചിന്തിച്ചത്. ജോസഫ് ഉണർന്നു വന്നപ്പോൾ അന്നമ്മ അയാളെ ചോദ്യം ചെയ്തു, തെല്ലും കുറ്റബോധമില്ലാതെ അന്നമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ജോസഫ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. താൻ തളർന്നിരിക്കേണ്ട സമയമല്ലെന്ന് ജിൻസി തീരുമാനിച്ചു. തന്റെ സ്കൂളിൽ പഠിക്കുന്ന ഒരു പയ്യന്റെ വീട് ഇവിടെ അടുത്തുണ്ട്, അവന്റെ വീട്ടിൽ പോയി നോട്ട് നോക്കി പഠിക്കാമെന്ന് കരുതി. അങ്ങനെ ജിൻസിയും രതീഷും ഒരുമിച്ചിരുന്നു പഠിക്കാൻ ആരംഭിച്ചു.

വളരെ പ്രധാനമായ ചില പാഠഭാഗങ്ങൾ, അവന്റെ ബുക്ക്‌ നോക്കി ചെറിയ നോട്ടുകളാക്കി ജിൻസി പഠിച്ചു. അവൾ പരീക്ഷയ്ക്ക് തോറ്റ് പോകുമെന്നാണ് എല്ലാവരും കരുതിയത്, പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് നല്ല മാർക്ക് വാങ്ങി ജിൻസി പത്താം ക്ലാസ്സ്‌ വിജയിച്ചു. അന്നമ്മയുടെ മുഖം അഭിമാനം കൊണ്ട് വിടർന്നു. സ്കൂളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങിൽ പ്രധാനധ്യാപകന്റെ കയ്യിൽ നിന്നും മെഡൽ ഏറ്റ് വാങ്ങുമ്പോൾ തന്റെ മനസിലെ ഏറ്റവും വല്യ ആഗ്രഹം സഫലമായ സന്തോഷമായിരുന്നു ജിൻസിയ്ക്ക്.

തുടരും.. 

തനിയെ : ഭാഗം 6