Saturday, January 18, 2025
Novel

തൈരും ബീഫും: ഭാഗം 23

നോവൽ: ഇസ സാം

“കാരണം മറ്റൊന്നുമല്ല… ഡേവിസിനെ ഞാൻ അർഹിക്കുന്നില്ല എന്നതാണ്……. എന്നിലെ പ്രണയത്തിൻ്റെ മുഖം മറ്റൊരാളുടേതാണ്…….അത് മാറുന്നില്ല…..വീണ്ടും വീണ്ടും അത് തെളിഞ്ഞു കൊണ്ടിരിക്കുന്നു……..” അത് പറഞ്ഞു ഫോൺ വെക്കുമ്പോ ഞാൻ കരഞ്ഞു പോയിരുന്നു…എനിക്കറിയാം ഡേവിസിനും ഒരുപാട് വേദനിച്ചിട്ടുണ്ടാവും…… എന്നാലും ഉള്ളിലെവിടെയോ എനിക്കു നേരിയ ആശ്വാസം ഉണ്ടായിരുന്നു ഡേവിസ് പിന്നെ വിളിച്ചില്ല…. പക്ഷേ അവൻ വീട്ടിലും പറഞ്ഞില്ല എന്ന് എനിക്ക് മനസ്സിലായി…… രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രത്യേകിച്ച് വിളികൾ ഒന്നും വന്നില്ല…..

ഞാൻ തന്നെ ഡേവിസിൻ്റെ ഡാഡിയെ വിളിച്ചു കല്യാണത്തിൽ നിന്ന് പിന്മാറുകയാണു എന്നും ഡേവിസിനോട് പറഞ്ഞിട്ടുണ്ടു എന്നും പറഞ്ഞു…ആരംഭിച്ചില്ലേ പുകില്….. ഡേവിസിൻ്റെ മമ്മ സംസാരിച്ചു….പിന്നെ ഏതെക്കെയോ കസിന്സും അപ്പാപ്പന്മാരും ഒക്കെ വിളിച്ചു.. ചുരുക്കി പറഞ്ഞാൽ സ്നേഹത്തിൽ ആരംഭിച്ചു ഭീഷണി ആയി…അവസാനം ഞാൻ അവരെ അപമാനിച്ചു എന്നും പറഞ്ഞു പൊട്ടിതെറിക്കലായി….. ഈശോയെ ഞാൻ സംസാരിച്ചു തളർന്നു….. പിന്നെന്താ ഏതോ വകയിലെ എൻ്റെ ബന്ധുക്കൾ ഓരോന്നും തലപൊക്കാൻ തുടങ്ങി……കാര്യം അന്വേഷിച്ചു വന്നവർ എബിയെയും കുഞ്ഞിനേയും കണ്ടു കിളി പോയി നിന്നു ….

കുശലാന്വേഷണം എന്നും പറഞ്ഞു വന്നവർ എന്നെ ചോദ്യം ചെയ്യലായി…….ഡേവിസു പറഞ്ഞത് പോലെ അവൻ്റെ കസിൻസിനു മാത്രമല്ല പിരിപോയതു……അപ്പാപ്പന്മാർക്കും ഒന്നും പിരി ഉണ്ടായിരുന്നില്ല…….. എനിക്ക് ഡേവിസിനോട് ബഹുമാനം തോന്നി…… എനിക്കൊരു മുന്നറിയിപ്പ് എങ്കിലും തന്നതിനു…… എൻ്റെ ബന്ധുക്കളും ഡേവിസിൻ്റെ ബന്ധുക്കളും അങ്ങ് കൂട്ടായി…… അത് ഞാൻ അറിഞ്ഞത് എന്നെ പള്ളിയിലേക്ക് വിളിച്ചപ്പോളായിരുന്നു…… പള്ളിയിൽ ചെന്ന ഞാൻ അവിടെ എബിയുടെ ചേട്ടന്മാരെയും കൂടെ കണ്ടപ്പോൾ കാര്യം ഏകദേശം എനിക്ക് മനസ്സിലായി……

പിന്നെ അച്ഛൻ്റെ മധ്യസ്ഥതയിൽ ചർച്ച ആരംഭിച്ചു….. എന്റെ ഭാഗത്തു ഞാൻ മാത്രം… “ഈ കൊച്ചു ഞങ്ങളുടെന്ന് ബലമായി കാശ് മേടിച്ചു…… ഞങ്ങടെ കൊച്ചനെ ഞങ്ങൾ നോക്കി കൊള്ളാം എന്ന് പറഞ്ഞതാ…… അപ്പൊ ഇവള് നോക്കും എന്ന ഒറ്റ വാശി……..” എബിയുടെ ചേട്ടന്മാർ. “ഇവള് ഞങ്ങളുടെ ഡേവിചനേ പറഞ്ഞു പറ്റിച്ചു….ഞങ്ങളെയും വഞ്ചിച്ചു…… പാവം ചെക്കൻ….അവനു വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ടൊന്നുമല്ല……ആ മാത്യുച്ചായനെ ഓര്ത്താ…..” ഡേവിസിൻ്റെ ബന്ധുക്കൾ…. “മാത്യുച്ചായനോ പോയി…… ഇനി ഞങ്ങളേലും നോക്കണ്ടായോ……? വല്ലവരെയും കൊച്ചിനെ നോക്കേണ്ട കാര്യം എന്ന…….?

അല്ലേലും കുരിശിങ്കലിലെ കൊച്ചനെയും കുഞ്ഞിനേയും ഈ കൊച്ചു എന്നാത്തിനാ നോക്കുന്നെ……..” എൻ്റെ ബന്ധുക്കളാണേ……. അങ്ങനെ ഘോരം ഘോരമായി അവർ വാദിച്ചു കൊണ്ടിരുന്നു…ഞാൻ നിശബ്ദമായി അവരെ വീക്ഷിച്ചു…… അച്ഛനും നിശ്ശബ്ദനായിരുന്നു…..ഒടുവിൽ അവർ തളർന്നു നിർത്തി….. “അപ്പൊ… സാൻട്ര പറയ്…….” അച്ഛനാണെ…. “ഞാൻ എന്ന പറയാനാ……. ഈ ഇടവകയിൽ ഒരു പെൺകുട്ടിക്ക് കല്യാണം വേണ്ടാന്നു വെക്കാൻ പാടില്ലേ…….. ഒരു സഹപാഠിയെയും കുഞ്ഞിനേയും സംരക്ഷിക്കാൻ പാടില്ലേ…… പിന്നെ ഈ കുരിശിങ്കൽകാരോട് ഞാൻ എന്ന പറയാനാ……

അവർക്കു അവനെ സംരക്ഷിക്കാനൊരു മനസ്സുണ്ടായിരുന്നു എങ്കിൽ ഒരിക്കലും എബിയും കുഞ്ഞും എൻ്റെ വീട്ടിൽ ഉണ്ടാവില്ലായിരുന്നു……. എബിയുടെ മമ്മയെ നിങ്ങൾ എന്തെങ്കിലും അറിയിച്ചിട്ടുണ്ടോ? അവർക്കു ഫോൺ വിളിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും നിങ്ങൾ കൊടുക്കുന്നുണ്ടോ?പിന്നെ ഡേവിസിനോട് ഞാൻ ക്ഷമ പറഞ്ഞു…നിങ്ങൾ ഓരോരുത്തരോടും ഞാൻ പല വട്ടം ക്ഷമ പറഞ്ഞു…..” കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം …… “മോൾടെ മാമോദീസ ഉടനെ ഉണ്ടാവും…… എൻ്റെയൊപ്പം എബിയും കുഞ്ഞും എന്നും ഉണ്ടാവും……ഇനി എന്തൊക്കെ സംഭവിച്ചാലും…..”

എന്റെ സ്വരം ദൃഡമായിരുന്നു……. “…എന്ത്……….മാമോദീസായോ……. നമ്മുടെ കൂട്ടരല്ലല്ലോ എബി കെട്ടിയതു…….?” ഒരു ബന്ധു……മറ്റുള്ളവരുടെ കാര്യം എത്ര സ്പഷ്ടമായി അറിയാം എന്ന് നോക്കിയേ……പിന്നെ അതായി പാട്ട്….. അച്ഛനും ഇടയ്ക്കു ഇടയ്ക്കു കൂടെ മൂളുന്നുണ്ട്…… കൂടെ പാടിയാലോ എന്ന് ഒരാലോചന പുള്ളിക്ക് ഉണ്ട് എന്ന് തോന്നി……. ഞാൻ അങ്ങോട്ട് പറഞ്ഞു…… “ദേ…അച്ചോ…… ഇന്നത്തെ പിള്ളേരെല്ലാം പള്ളിയും അമ്പലവും ഒക്കെ വിട്ടു സ്വസ്ഥമായി ജീവിക്കാൻ തുടങ്ങി…. അച്ഛനു ഫ്രീ ആയിട്ട് ഒരു കുഞ്ഞാടിനെ തരുവാണ്‌ ….വേണമെങ്കിൽ സ്വീകരിച്ചോ…

ഇല്ലേൽ അവളും ജീവിച്ചോളും സ്വസ്ഥമായി ……..എല്ലാത്തിനും അധിപനായ ആ ഏക ശക്തിയിൽ വിശ്വസിക്കാൻ ഇന്നത്തെ പിള്ളാർക്ക് അമ്പലവും പള്ളിയും ഒന്നും വേണ്ട…….അത് കൊണ്ട് അച്ഛൻ തീരുമാനിച്ചോ…സമ്മതമാണേൽ എന്നെ വിളിച്ചാൽ മതി……” അതും പറഞ്ഞു ഞാൻ ഇറങ്ങി…..അച്ഛനും ബാക്കി ഉള്ളവരും കിളി പറന്നു ഇരിക്കുന്നുണ്ടായിരുന്നു….പിന്നെ അത് മുറുമുറുക്കലായി.അഹങ്കാരി എന്നാണു …ഞാൻ അതൊന്നും നോക്കീല്ല…അവിടന്ന് ഓടി രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. മാത്യുച്ചായൻ്റെ മോള് സാൻട്ര ആ കുരിശിങ്കലിലെ പയ്യനെ നോക്കുന്നു അവൻ്റെ കുഞ്ഞിനേയും വളർത്തുന്നു…

അതും കല്യാണം കഴിക്കാതെ…… ഭയങ്കര സംഭവമായിരുന്നു…….പള്ളിയിൽ ചെന്നാലും അടക്കം പറച്ചൽ എനിക്കും കേൾക്കാം……..നാട്ടുകാർക്ക് ഞാൻ ഇത്രയും പ്രിയപ്പെട്ട ഒരാൾ ആയിരുന്നു എന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത്…… മാമോദീസയ്ക്കു അച്ഛൻ സമ്മതിച്ചു…..അങ്ങനെ ഞാൻ എബിയുടെയും ശ്വേതയുടെയും മോളെ എൻ്റെ മോളാക്കി…… ഞാനവൾക്കു ഈവ തരകൻ എന്ന പേരിട്ടു…. അച്ഛൻ്റെയും മറ്റും സഹായത്തോടെ അവളെ ഞാൻ ദത്തു എടുത്തതായി രേഖയും ഉണ്ടാക്കി…….. കാരണം ശ്വേതയെ എനിക്ക് അത്ര വിശ്വാസം ഇല്ലായിരുന്നു….എന്നെങ്കിലും അവൾ തിരിച്ചു വന്നാലോ…….

അന്ന് എനിക്ക് ഒറ്റപെടാൻ വയ്യ…………..ആ ദിവസങ്ങളിൽ എപ്പോഴോ മോളി ആന്റ്റിയുടെ ഫോൺ കാൾ എന്നെ തേടി എത്തി…..എപ്പോഴോ ഒരവസരം കിട്ടിയപ്പോൾ ഒളിച്ചു വിളിച്ചതാ……ഞാൻ എബിയുടെ കാര്യവും മോൾടെ കാര്യവും ശ്വേതയെക്കുറിച്ചും ഒക്കെ ചുരുക്കി പറഞ്ഞു… അടുത്ത ദിവസം തന്നെ അവരോടു വഴക്കിട്ടു ഒന്ന് കണ്ടിട്ട് വരാം എന്നും പറഞ്ഞു ആന്റ്റി വന്നു……. എബിയെ കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു…..മോളെ ഒരുപാട് ഉമ്മവെച്ചു…… “സാൻഡി ഞാൻ ഒന്നും അറിഞ്ഞില്ല മോളേ……

ഇല്ല അറിയിച്ചില്ല എന്നതാവും ശെരി ….എൻ്റെ മൊബൈലും അവർ എടുത്തു മാറ്റി….. എബിയുടെ അപ്പനും ഒട്ടും വയ്യ….. അപ്പൻ ഒറ്റയ്ക്കാവും എന്നും പറഞ്ഞു അവർ പള്ളിയിലും വിടാറില്ല……ഒടുവിൽ ഞാൻ എബിച്ചനെ കണ്ടേ പറ്റുള്ളൂ എന്ന് ബഹളം വെച്ചപ്പോഴാ മോൾടെ ഒപ്പം ആണ് എന്ന് പറഞ്ഞത്……” ആന്റ്റി കരിച്ചിലിനിടയിൽ പറഞ്ഞു……. “ഇപ്പൊ അലക്സിയുടെയും സെബാൻറെയും ഭരണം അല്ലയോ…അപ്പൻ വീണു പോയില്ലേ……..പുറമെ അങ്ങനാണേലും എബിയോട് സ്നേഹം ഉണ്ടായിരുന്നു….” ആന്റ്റി പറയുന്നത് ഞാൻ നിശബ്ദം കേട്ടു നിന്നു. “മോൾടെ കെട്ടു ഒക്കെ മുടങ്ങി അല്ലേ….

അറിഞ്ഞോ അറിയാതെയോ എൻ്റെ എബിച്ചനും അതിനു ഒരു കാരണമായി……. അവനെ നോക്കേണ്ടവൾ ഇട്ടേച്ചും പോയി…… എനിക്ക് ഒന്നും ചെയ്യാൻ പറ്റുകേല……അലക്സിയും സെബാനും അവനെ ചികിതസിക്കില്ല……അവൻ തീർന്ന് കിട്ടിയാൽ അവർക്കു അത്രയും സന്തോഷം……..അവനു അപ്പൻ ഒരു പതിനഞ്ചു ലക്ഷം രൂപ ഫിക്സഡ് ഇട്ടിട്ടുണ്ട്…..അവനു അറിയുകേല…..ആർക്കും അറിയുകേല….. ഞാൻ ശ്വേതയോടു മാത്രമേ പറഞ്ഞിട്ടുള്ളു…….” ആന്റ്റി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി പോയി…… ശ്വേത വീണ്ടും എന്നെ ഞെട്ടിച്ചു……. “ഏതു ബാങ്കിലാ……. എബിയുടെ പേരിലെ അക്കൗണ്ട് ആണോ? “

ഞാനാണേ….. ” പാസ് ബുക്കും മറ്റും ഞാൻ ശ്വേതയ്ക്ക് കൊടുത്തിരുന്നു……. എന്നാ മോളെ….. അവള് അതും കൊണ്ട് പോയോ…..?” ആന്റ്റി ദയനീയമായി എന്നോട് ചോദിച്ചു…… “അറിയില്ല…..നമുക്ക് നോക്കാം…..” ഞാൻ പറഞ്ഞു…… “മോൾക്ക് ഒരുപാട് ബുദ്ധിമുട്ടാവും….എനിക്കറിയാം……കുഞ്ഞിനെ ഞാൻ കൊണ്ട് പോയാലോ…..?” ആന്റ്റി ആണ്…. എന്റെ നെഞ്ചിൽ എന്തോ കൊത്തി വലിക്കുന്നത് പോലെ തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു…..ശബ്ദം ഇടറി….. “അത് എന്നാത്തിനാ……. ഈവ എൻ്റെ മോളല്ലേ….. കർത്താവായിട്ടു എനിക്ക് തന്നതാ……. ഞാൻ ഒന്ന് ജീവിച്ചോട്ടെ ആന്റ്റി…….

ഈ എബിയെ എനിക്കെന്തു ഇഷ്ടായിരുന്നു എന്നറിയോ…….ഞാൻ എന്നും അവനെ വിട്ടു കൊടുത്തിട്ടേയുള്ളു……അകറ്റി നിർത്തിയിട്ടേയുള്ളു……. ഇങ്ങനെയെങ്കിലും…എനിക്ക് വേണം….” ഞാനതു പറഞ്ഞപ്പോഴേക്കും കരഞ്ഞു പോയിരുന്നു……ആന്റ്റി എന്നെ നെഞ്ചോടെ ചേർത്തു പിടിച്ചു.എത്രയോ നാളുകളായി എന്നെ ആരെങ്കിലും ഒന്ന് ചേർത്ത് പിടിച്ചിട്ടു……എൻ്റെ അപ്പൻ പോയപ്പോഴും കരയാത്തതു കൊണ്ട് തന്നെ ആരും എന്നെ ആശ്വസിപ്പിച്ചിരുന്നില്ല…….. “അവനും അങ്ങനെ തന്നായിരുന്നു…….നിൻ്റെ മനസമ്മതത്തിനു വന്നിട്ട് തിരിച്ചു പോരുമ്പോ അവനു ഭയങ്കര സങ്കടായിരുന്നു.. എന്താണു എന്ന് ചോദിച്ചപ്പോ പറഞ്ഞതാ ……

നീ മര മണ്ടിയാണ്…… ഒരിക്കൽ പോലും അവനോടുള്ള ഇഷ്ടം പുറത്തു പറയാണ്ട് ഇപ്പൊ കിടന്നു നീറുന്ന കണ്ടില്ലേ എന്ന്……..അവള് പണ്ട് എന്നെ ഒന്ന് സഹിച്ചിരുന്നെങ്കിൽ ഒന്ന് ക്ഷമിച്ചിരുന്നു എങ്കിൽ ഒരു പട്ടത്തിയും എൻ്റെ ജീവിതത്തിൽ വരുകേലായിരുന്നു എന്ന്……..” എന്നെ തഴുകി കൊണ്ട് മോളി ആന്റ്റി പറഞ്ഞു…..എപ്പോഴെക്കെയോ അത് കേൾക്കാൻ ഒരുപാട് കൊതിച്ച ഒരു സാൻഡി ഉണ്ടായിരുന്നു…ഞാൻ എബിയെ നോക്കിയപ്പോൾ അവൻ നിശ്ചലനായി മേലോട്ട് നോക്കി കിടക്കുന്നു ഒന്നും അറിയാതെ….. ….. ആന്റ്റി കുറച്ചു നേരം നിന്നിട്ടു പോയി…….പിന്നെ ഇടയ്ക്കു ഇടയ്ക്കു വരും….. ഈവയെ കളിപ്പിക്കും… എബിയോട് എന്തെക്കെയോ വർത്തമാനം പറയും…..

ഒരിക്കൽ എന്നോട് പറഞ്ഞു….. “അവൻ എണീക്കും ഒരിക്കൽ…. നിനക്ക് വേണ്ടി…… നിൻ്റെ ഈവയ്ക്കു വേണ്ടി…….” അത് പറയുമ്പോ ഞങ്ങൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു….. ആ കണ്ണീരിനു നിരാശയുടെ രുചി ആയിരുന്നില്ല….പ്രതീക്ഷയുടെ…….. ഡേവിസും വന്നിരുന്നു അവൻ്റെ കല്യാണം വിളിക്കാൻ…… ” എൻ്റെ അയൽക്കാരിയും കളിക്കൂട്ടുകാരിയും ആയിരുന്നു…… എന്നോട് കുഞ്ഞിലെ അസ്ഥിക്കു പിടിച്ച പ്രണയമായിരുന്നു അത്രേ…ഞാൻ അറിഞ്ഞില്ല… എനിക്ക് നാട്ടിലെ പെൺകുട്ടികളെയാണ് ഇഷ്ടം എന്നറിഞ്ഞു ഡെസ്പ് അടിച്ചു നടക്കുവായിരുന്നു……

കല്യാണം കൂടെ ഉറപ്പിച്ചപ്പോൾ പൂർത്തിയായി…… അന്ന് നമ്മുടെ കല്യാണം മുടങ്ങിയപ്പോൾ പുള്ളിക്കാരി എത്തി……പിന്നെ നിഷേധിക്കാൻ തോന്നീല…… പ്രണയം നിഷേധിക്കപ്പെടുമ്പോ ഭയങ്കര വേദന ആണു…….മറ്റൊരാൾക്ക് അത് സമ്മാനിക്കാൻ തോന്നീല്ല…….” ഡേവിസാണ്……. “ഞാൻ വരും ഡേവിസ്…….മിന്നു കെട്ടിന്…പക്ഷേ നിൻ്റെ കസിൻസും അപ്പാപ്പന്മാരും എന്നെ വെറുതെ വിടുമോ…..” ഞാൻ തെല്ലും തമാശയും അൽപ്പം കാര്യത്തിലും ചോദിച്ചു…… “ഹഹ…… അവർ നിന്നെ പഞ്ഞിക്കിടും……..അത് കൊണ്ട് വേണ്ട…..ഞങ്ങൾ കെട്ട് കഴിഞ്ഞു വരാം……” വീണ്ടും ഒരുപാട് സംസാരിച്ചു….. എനിക്ക് ഡേവിസിനോട് ബഹുമാനം തോന്നിയതേയുള്ളൂ….

അവൻ മോൾക്ക് ഒരുപാട് കളിപ്പാട്ടവും ഉടുപ്പും ഒക്കെ വാങ്ങി വന്നിരുന്നു…… എബിയെയും കണ്ടു…… “വേഗം എണീറ്റ് വാടാ എബിച്ചാ……നമുക്ക് ഹിമാലയത്തിലോട്ടു വിടണ്ടേ………” എബിയോട് പറയുന്നുണ്ടായിരുന്നു… ഇറങ്ങാൻ നേരം ഞാനും അവൻ്റെ ഒപ്പം കാറിനടുത്തു വരെ ചെന്നു. അവൻ ഡോറിൽ പിടിച്ചു ഒന്ന് തിരിഞ്ഞു നിന്നു….. “സാൻഡി……നിൻ്റെ പ്രണയത്തിൻ്റെ മുഖം എബിയുടേതാണ് എന്ന് എനിക്കറിയില്ലായിരുന്നു……. ആ പ്രണയത്തിനു ഇത്രയും ആഴം ഉണ്ടായിരുന്നു എന്നും എനിക്കറിയില്ലായിരുന്നു……..” അവൻ ഒന്ന് നിർത്തി….. “ഞങ്ങൾ തമ്മിൽ അങ്ങനെ പ്രണയിച്ചു നടന്നിട്ടൊന്നുമില്ല…….പരസ്പരം തുറന്നു സംസാരിച്ചിട്ട് പോലും ഇല്ല….

എബിയുടെ മനസ്സിൽ ഞാൻ ഇപ്പോഴും ഉണ്ടോ എന്ന് പോലും എനിക്കറിയില്ല……പക്ഷേ എനിക്ക് അവനിൽ നിന്ന് വിട്ടു പോകാൻ കഴിയുന്നില്ല……… അവനും ഈവയുമാണ് എൻ്റെ ലോകം…അതിനുമപ്പുറമുല്ല ലോകം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല……..” ഞാൻ പറയുന്നത് നിശബ്ദതയുടെ വിവേകത്തോടെ ഡേവിസ് കേട്ടു….. “എബി ഉണരും സാൻഡി……. നിൻ്റെ പ്രണയത്തിനു സ്നേഹത്തിനു അവനെ ഉണർത്താൻ കഴിയും……..ഞങ്ങളുടെ പ്രാര്ഥനയുണ്ട്……” അതും പറഞ്ഞു ഡേവിസ് പോയി….. അവൻ പറഞ്ഞത് പോലെ ഭാര്യയും കൂട്ടി വന്നു…ഇപ്പോഴും എന്നെ വിളിക്കാറുണ്ട്…….. നാട്ടിൽ ഇടയ്ക്കു ഒന്ന് വന്നപ്പോ വന്നിരുന്നു……

അങ്ങനെ ഞാനും ജീവിച്ചു തുടങ്ങി……. …..ഒരുപാട് സങ്കീർണതകൾക്കും വേദനകൾക്കും വഴിത്തിരിക്കുകൾക്കും ഒടുവിൽ എൻ്റെ ജീവിതവും ഒഴുകാൻ തുടങ്ങി…… ഈവ എൻ്റെ ഒറ്റപെടലുകൾ ഇല്ലാതാക്കൻ കർത്താവായ തന്ന മാലാഖയെ പോലെയാണ് എനിക്ക് തോന്നിയത്…..അവളുടെ കരിച്ചിലും ചിരിയും സാൻഡ്രസ് കാസ്സിലിൽ മുഴുവൻ കേൾക്കുമായിരുന്നു…..ഭയങ്കര കരിച്ചിൽക്കാരി ആയിരുന്നു……ഇപ്പോഴും അവളുടെ വജ്രായുധം കരച്ചിൽ തന്നെയാണ്….ശ്വേതയ്ക്ക് അസഹ്യമായ ചെറുതും വിരസവുമായി തോന്നിയ തൊട്ടിൽ കമ്പ് തൊട്ടു കട്ടിൽ വരെയുള്ള ദൂരമായിരുന്നു എൻ്റെ ലോകം സന്തോഷം സംതൃപ്‌തി മാതൃത്വം പ്രണയം എല്ലാം…… ഈവയുടെ വളർച്ചയുടെ ഓരോ ഘട്ടവും ഞാൻ ഫോട്ടോ എടുത്തു വെചു……

എബി ഉണരുമ്പോ അവനെ കാണിക്കാൻ……. അവളുടെ പിറന്നാളിന് ഞങ്ങൾ എൻ്റെ പപ്പയുടെ ഓൾഡ് അജ് ഹോമിലാണ് ആഘോഷിക്കുന്നത്……. അവൾ എന്നെ മമ്മ എന്ന് വിളിച്ചപ്പോൾ ഞാൻ അറിഞ്ഞ സന്തോഷം അതിനു അതിരുകൾ ഇല്ലായിരുന്നു……അവൾ ഭയങ്കര കുറുമ്പി ആയിരുന്നു…..ഇപ്പോഴും അതെ……എന്നെ കാത്തിരിക്കാൻ ഒരാൾ….ഞാൻ കുളിക്കുമ്പോ എന്നെ അക്ഷമയോടെ കാത്തു നിൽക്കുന്നു…. തിരിച്ചു വരുമ്പോ പരിഭവിക്കുന്നു…രാത്രി ആ കുഞ്ഞി കൈകളാൽ എന്നെ ചുറ്റി പിടിച്ചു അവൾ കിടക്കും…

ഞാൻ എബിക്ക് തല ചീകുമ്പോ അവളും വാങ്ങി ചീകി കൊടുക്കും……എന്നെ മമ്മ എന്ന് വിളിച്ചപ്പോ ഞാനവൾക്കു അവളുടെ അപ്പായിയെയും കാണിച്ചു കൊടുത്തു…വിളിപ്പിച്ചു പഠിപ്പിച്ചു……. എന്നും രാവിലെ അവനൊപ്പം അവൻ്റെ ചൂട് അടിപ്പിച്ചു കിടത്തി ശീലിപ്പിച്ചു….അവളുടെ അപ്പൻ്റെ നെഞ്ചിലെ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും കലവറ എന്നെങ്കിലും ഞങ്ങൾക്കായി തുറക്കാൻ പ്രാർത്ഥിച്ചു…..

ഇസ സാം…..

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12

തൈരും ബീഫും: ഭാഗം 13

തൈരും ബീഫും: ഭാഗം 14

തൈരും ബീഫും: ഭാഗം 15

തൈരും ബീഫും: ഭാഗം 16

തൈരും ബീഫും: ഭാഗം 17

തൈരും ബീഫും: ഭാഗം 18

തൈരും ബീഫും: ഭാഗം 19

തൈരും ബീഫും: ഭാഗം 20

തൈരും ബീഫും: ഭാഗം 21

തൈരും ബീഫും: ഭാഗം 22