തൈരും ബീഫും: ഭാഗം 17 NEW
നോവൽ: ഇസ സാം
” …ഇങ്ങനെ നോക്കല്ലേ …..ഞാൻ പിന്നെ പോവില്ലാ ….” അപ്പോഴാ ഞാൻ ശ്രദ്ധിച്ചത് അപ്പനും എല്ലാരും ഞങ്ങളെ നോക്കി ചിരിക്കുന്നു…….ശോ …നാണക്കേടായി…… “എബിയുടെ ഫ്രണ്ടാ അപ്പ……ഞാൻ കണ്ടിട്ടുണ്ട്……അതാ…….” ഞാൻ അപ്പനോട് പറഞ്ഞിട്ട് മാറി നിന്നു. പലപ്പോഴും കണ്ണുകൾ ഇടഞ്ഞപ്പോൾ ഡേവിസ് ഇങ്ങോട്ടു തന്നെ നോക്കി ഇരിപ്പുണ്ട്….ഞാൻ പതുക്കെ അകത്തോട്ടു വലിയാൻ തുടങ്ങിയതും…… “അങ്കിളേ …എനിക്ക് സാൻട്രയോട് മാത്രം സംസാരിക്കണം…….” അവനാണ് …. കർത്താവേ ഇത് എന്ത് സാധനമാണ്……. അപ്പൻ ചിരിച്ചു…. “പിന്നെ സംസാരിക്കാതെ ……… സാൻഡി ….
നിങ്ങൾ ഒന്ന് നടന്നേച്ചും വാ……..” അപ്പനാണേ….. അപ്പൻ എന്നെ നോക്കി പോകാനായി കണ്ണുകൾ കൊണ്ട് അനുവാദം തന്നു…… ഡേവിസ് മുറ്റതോട്ട് ഇറങ്ങി കഴിഞ്ഞിരുന്നു…..അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു….. ഞാനും അവനു ഒപ്പം ഇറങ്ങി…… റബ്ബർ മരങ്ങൾക്കിടയിലേക്കു അവൻ നടന്നു തുടങ്ങിയിരുന്നു…… ഞാനും അവനെ അനുഗമിച്ചു….. അവൻ എന്നെ തിരിഞ്ഞു നോക്കുന്നെ ഉണ്ടായിരുന്നില്ല……ഈശോയെ ഇവൻ റബ്ബർക്കാടും എന്റെ ആസ്തിയും അറിയാൻ വന്നതാണോ…. എന്തോ സംസാരിക്കണം എന്ന് പറഞ്ഞിട്ട് ഒന്നും മിണ്ടുന്നില്ലല്ലോ…..മിണ്ടുന്നില്ലേൽ വേണ്ട……..അല്ലേലും എനിക്കിതു വേണം….എത്രയോയോ തവണ ഇവൻ എന്നോട് മിണ്ടാൻ നടന്നിട്ടുണ്ട്…അന്നൊന്നും ഞാൻ തിരഞ്ഞു നോക്കിയിട്ടില്ല….ഇപ്പൊ കണ്ടില്ലേ എന്റെ വീട്ടിൽ എന്റെ അപ്പന്റെ അനുവാദത്തോടെ ഞാൻ അവൻ്റെ പുറകെ നടക്കുന്നു…എന്തായാലും രക്ഷപ്പെട്ടു …മിണ്ടാത്തത് നന്നായി…..
എന്റെ അപ്പന് വേണ്ടി ഞാൻ കല്യാണം കഴിക്കുന്നത് ആണ് എന്ന് പറയാൻ പറ്റുമോ..എന്താണു എനിക്ക് പറയാനുള്ളതു ..ഒരു പ്ലസ് ടു പ്രണയത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു വിഡ്ഢി ആണ് എന്നോ……എന്റെ പ്രണയത്തിന്റെ മുഖം എന്നോ പതിഞ്ഞുപോയതായാണ് എന്നോ……വര്ഷങ്ങളായി ഞാനതിനെ മായ്ക്കുന്നു……വീണ്ടും വീണ്ടും തെളിയുന്നതല്ലാതെ മങ്ങുന്നില്ല എന്ന് പറയാനോ…. പെട്ടന്നു ഡേവിസ് തിരിഞ്ഞു നിന്നു……ഞാനതൊട്ടും പ്രതീക്ഷിക്കാത്ത കൊണ്ട് തന്നെ ഞാൻ ഒന്ന് പരുങ്ങി…… “എന്താ ആലോചിച്ചത് എന്ന് ഞാൻ പറയട്ടെ…….?” എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു…ഈശോയെ ഞാൻ ഇപ്പൊ പെടുമല്ലോ ….. “വേണ്ട…പറയണ്ട……” ഞാനാണേ “പറയാന്നേ ……..” ഡേവിസാണ് . “വേണ്ടാന്നേ ……..” ഞാൻ മുന്നോട്ടു കയറി നടന്നു….. അവനും എന്റൊപ്പം നടന്നു എത്തി….. “ഈ വേഗത നേരത്തെ നടന്നപ്പോൾ ഇല്ലായിരുന്നല്ലോ…….?”
ഡേവിസ് കുസൃതിയോടെ ചോദിച്ചു. “അത് പിന്നെ……ഡേവിസ് മുന്നിൽ നടക്കുവല്ലേ……അതുകൊണ്ടാ ഞാൻ പതുക്കെ നടന്നത്……” ഞാൻ പറഞ്ഞുകൊണ്ട് നടന്നു… “എനിക്ക് മുന്നിൽ നടക്കാൻ ഇഷ്ടല്ല……നമുക്കു ഇങ്ങനെ ഒരുമിച്ചു നടക്കാം…. എന്റെ ഒപ്പം നടക്കുന്ന സാൻഡ്രയെ ആണ് എനിക്കിഷ്ടം……” ഞാൻ ഒന്ന് നിന്നു …അവനും……. ആ കണ്ണുകളിൽ നിറച്ചും പ്രണയമായിരുന്നു…..ഒരുപാട് തവണ ഞാൻ എബിയിൽ കാണാൻ ആഗ്രഹിച്ച പ്രണയം……ഇന്ന് ആ പ്രണയം മറ്റൊരു കണ്ണിൽ ….ഞാൻ എന്റെ കണ്ണുകൾ മാറ്റി വിദൂരതയിലേക്ക് ആക്കി…… “എനിക്കും നിനക്കും പറയാൻ പ്രണയകഥകൾ ഉണ്ടാവും…..അത് നമുക്ക് ഇപ്പൊ പറയണ്ട…..കുറെ വർഷങ്ങൾ ഒക്കെ കഴിഞ്ഞു മക്കളും കൊച്ചുമക്കളും ഒക്കെ ആവുമ്പൊ ഞാനൊരു അപ്പാപ്പനും നീ ഒരു സാന്ടറ അമ്മാമ്മ യും ഒക്കെ ആവുമ്പൊ നമുക്ക് പറഞ്ഞു ചിരിക്കാം…….ഇപ്പൊ നമുക്ക് പ്രസന്റ് മതി……..
അത് പോരേ …….ഞാൻ റെഡിയാണ്….ഇപ്പൊ അറിയണോ എന്റെ കഥകൾ ….?” ഈശോയെ ഇത് എന്ത് സാധനാണു……. ഞാൻ ചിരിച്ചു പോയി….. ” വേണ്ട…….. എനിക്ക് അങ്ങനെ പ്രണയകഥകൾ ഒന്നുമില്ല ..ഒരു കഥയേ ഉള്ളൂ …….” ഞാനാണേ . അവൻ എന്നെ നോക്കി പതുക്കെ ഒരു രഹസ്യം പോലെ പറഞ്ഞു. “ഒരു കഥ…….ഭയങ്കര പ്രശ്നമാണ്…..” എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു…. “..എനിക്ക് ഒരുപാട് കഥകൾ ഉണ്ടായിരുന്നു…… പിന്നെ അവസാനത്തേതു ഞാൻ മിന്നു കെട്ടുന്ന പെണ്ണാവാണം എന്ന നിർബന്ധം എനിക്കുണ്ട്…..” .ഞങ്ങൾ ഒരുപാട് സംസാരിച്ചു …അല്ല ഡേവിസ് സംസാരിച്ചു.എന്റൊപ്പം നടക്കുന്ന ഒരുപാട് സംസാരിക്കുന്ന ഈ കാപ്പി കണ്ണുള്ള ചെറുപ്പക്കാരനോട് എനിക്ക് എന്നാണു കർത്താവേ പ്രണയം തോന്നുന്നത്…
“തനിക്ക് വേറെ കല്യാണം നോക്കുന്നു എന്ന് എബി പറഞ്ഞപ്പോൾ അപ്പൊ കേറി പോരുവായിരുന്നു……പപ്പയെയും മമ്മയെയും കൊണ്ട്……” ഡേവിസ് പറഞ്ഞു…ഞങ്ങൾ നടന്നു തിരിച്ചു വീട്ടിലേക്കു എത്തിയിരുന്നു……. “എബി പറഞ്ഞോ? ……..” ഞാൻ പെട്ടന്ന് ചോദിച്ചു .അത് എനിക്ക് പുതിയ അറിവായിരുന്നു….ഇപ്പൊ കുറച്ചായി അവൻ എന്നെ വിളിച്ചിട്ട് . “അതേ…….. അവനാ എല്ലാ ഡീറ്റൈൽസും തന്നതു …….” അതും പറഞ്ഞു അവൻ വീട്ടിലേക്കു കയറി…… “എത്ര നേരായി പോയിട്ട്……എല്ലാം കൂടെ ഇന്ന് പറഞ്ഞാൽ ബാക്കി ദിവസങ്ങൾ പിന്നെ എന്തോ ചെയ്യും……” ആരോ അങ്ങനെ പറഞ്ഞു….എല്ലാരും കൂടെ ചിരിക്കുന്നു…ഒപ്പം ഞാനും…..അപ്പൻ എന്നെ നോക്കി ഇഷ്ടായോ എന്ന് ചോദിച്ചു…..ഞാൻ അതെ എന്ന് കണ്ണുകൾ കൊണ്ടു പറഞ്ഞു…..അപ്പന് എന്നിട്ടും സമാധാനമായില്ല ….
എല്ലാരും മുന്നിൽ ഇരിക്കുമ്പോൾ എന്നെ വിളിച്ചു കൊണ്ട് അകത്തേക്ക് വന്നു ചോദിച്ചു…..അപ്പന് അങ്ങനെ നടക്കാൻ ഒക്കെ ബുദ്ധിമുട്ടാണ്…ക്ഷീണമാണ് എപ്പോഴും…… “മോൾക്ക് ഇഷ്ടായോ ….ഇല്ലേൽ പറ …… അപ്പൻ വേറെ നോക്കാം ….. ” ദിവസങ്ങൾ പോലും എണ്ണപ്പെട്ട എന്റെ അപ്പൻ ……. വേറെ നോക്കാൻ ഇനി ദിവസങ്ങൾ കുറവാണ് എന്ന് അറിയാമായിരുന്നിട്ടും…. ആ വേദന മറച്ചു എന്റെ മുന്നിൽ നിൽക്കുന്ന അപ്പൻ….. “ഡേവിസിനെക്കാളും നല്ല ചെക്കനെ എനിക്ക് കിട്ടുകേല അപ്പ…….. എനിക്ക് ഇഷ്ടായി……” അപ്പൻ ആശ്വാസത്തോടെ കണ്ണടച്ച് എന്നെ ചേർത്ത് പിടിച്ചു……എന്റെ നെറുകയിൽ ചുണ്ടു ചേർത്തു …… അടുത്താഴ്ച മനസമ്മതത്തിനു വേണ്ടി തിയതിയും ഉറപ്പിച്ചാണ് അവർ പോയതു …
ഡേവിസ് എന്റെ നമ്പറും വാങ്ങി…. വിളിക്കാം എന്നും പറഞ്ഞു……അവരൊക്കെ പോയി കഴിഞ്ഞപ്പോൾ അപ്പനെ ഞാൻ മുറിയിലേക്ക് കൊണ്ട് പോയി കിടത്തി…… ഇപ്പോൾ എപ്പോഴും കിടക്കുവാണു ……വേദനാസംഹാരികളുടെ ശക്തി കൊണ്ട് ശരീരം ശോഷിച്ചു കൊണ്ടിരുന്നു…. “സാൻഡി……ആ മൊബൈൽ ഒന്നു എടുത്തേ ……?” അപ്പനാണു . ഞാൻ മൊബൈൽ എടുത്തു കൊടുത്തു….മുറിവിട്ടിറങ്ങുമ്പോൾ ഞാൻ കേട്ടു … “മോനെ എബി…… ചെക്കൻ വന്നിരുന്നു….എനിക്കിഷ്ടപ്പെട്ടു മനസമ്മതവും ഉറപ്പിച്ചിട്ടാ അവർ പോയത്…………………” അങ്ങനെ അങ്ങനെ എന്തെക്കെയോ അപ്പൻ ചിരിച്ചു കൊണ്ട് എബിയോട് സംസാരിക്കുന്നു…… ഞാൻ നടന്നു എന്റെ മുറിയിലേക്ക് എത്തി….എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി…… എബി അവൻ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു …
ഇന്ന് അവനു ഒരു പെണ്ണുണ്ട് കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ ഒരു കുഞ്ഞും വരും…ഞാൻ ഇന്നും ആ പ്ലസ് ടു കാരിയായി അവിടെ തന്നെ നിൽക്കുന്നു……കാലങ്ങൾ കഴിഞ്ഞിട്ടും എത്ര ശ്രമിച്ചിട്ടും ഞാൻ എന്താണ് ഇങ്ങനെ…….. എന്തിനാണ് എനിക്കിത്ര വേദന…… ഇന്നു ഞാൻ സന്തോഷിക്കേണ്ട ദിവസമല്ലേ …….തിരിച്ചും മറിച്ചും ചിന്തിച്ചും കരഞ്ഞും എന്നെ തന്നെ കുറ്റപ്പെടുത്തിയും ഒടുവിൽ പ്രാർത്ഥനയിൽ തന്നെ അഭയം പ്രാപിച്ചു…….ഉള്ളുരുകി പ്രാർത്ഥിച്ചു……… വൈകുന്നേരം ശ്വേത വിളിച്ചിരുന്നു……അത് ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്…..കാരണം എന്റെ മറുപടികൾക്ക് കാതോർത്തു ശ്വേതയ്ക്കപ്പുറം ഒരാൾ ഉണ്ടല്ലോ…… “സാൻഡി …… എങ്ങനെയുണ്ട് ഞങ്ങളുടെ ഡേവിസ് ….?” ശ്വേതയാണ്. “ഡേവിസ് ……… നല്ല വ്യെക്തിയാണ്…….പോസിറ്റീവ്,ഫ്രാങ്ക് ആൻഡ് സിൻസിയർ ടൂ ………..”
ഡേവിസിനോടു പരിചയപ്പെട്ട ആർക്കും ഇങ്ങനെയൊക്കെ അവനെ പറ്റി പറയാൻ കഴിയുള്ളൂ….. അവൻ ഒന്നും ഒളിച്ചു വെക്കില്ല…അവന്റെ പ്രണയവും ദേഷ്യവും അബദ്ധവും സ്നേഹവും ഒന്നും….. “അപ്പൊ നമ്മുടെ ചെക്കൻ കൊള്ളാല്ലോ …….ഒറ്റ ദിവസം കൊണ്ട് സാൻട്ര തരകനെ ഇമ്പ്രെസ്സ് ചെയ് പ്പിച്ചല്ലോ……..” “മ്മ് ……. ചെക്ക് അപ്പ് ഒക്കെ കഴിഞ്ഞോ……. ചെക്കൻ ചവിട്ടൊക്കെ തുടങ്ങിയോ ……..?” ഞാനാണ്. “ആറാം മാസം അല്ലേ …… ചവിട്ടൊക്കെ ഉണ്ട് ……… എനിക്ക് ട്രാവൽ ചെയ്യാൻ പറ്റാത്തത് കൊണ്ട …….അങ്ങോട്ട് വരാത്തെ …….” അങ്ങനെ ഞങ്ങളുടെ കത്തി ആരംഭിച്ചു….അപ്പൻ്റെ കാര്യവും ഒക്കെ ചോദിച്ചു……..ഞങ്ങൾ ഒരു മണിക്കൂർ കത്തി വെച്ചു . അപ്പോൾ എനിക്ക് ഒരു ഉന്മേഷവും ഒക്കെ വരും …… പിന്നെ എബി എന്റെ ആരും അല്ല എന്ന ബോധവും എനിക്കുണ്ടാവും…… അത് നല്ലതല്ലേ……. രാത്രി അപ്പന്റെ ഒപ്പമാണ് ഞാൻ കിടക്കാറ്……. അപ്പന് വയ്യാത്തതല്ലേ …. രാത്രി ചിലപ്പോൾ ഉറങ്ങില്ല…….
അസ്വസ്ഥത പെട്ട് കൊണ്ടിരിക്കും…. അന്നും അങ്ങനെ തന്നെ …… “സാൻഡി …..ശെരിക്കും നിനക്കിഷ്ടായോ ………?” അപ്പനാണേ…. “ഇത് എത്രാമത്തെ തവണയാ അപ്പ……. എനിക്കിഷ്ടായി …..” ഞാൻ അപ്പന്റെ കൈ എടുത്തു എന്റെ കവിളിൽ വെച്ച് കിടന്നു . “നല്ല പയ്യനാ…… അവൻ നിന്നെ സ്നേഹിക്കുന്നതിനേക്കാളും കൂടുതൽ എന്റെ സാൻഡി തിരിച്ചു സ്നേഹിക്കണം കേട്ടോ ………” അപ്പൻ പറഞ്ഞു…… “മ്മ് …..” ഞാൻ വെറുതെ മൂളിയതേയുള്ളു……ഞാൻ ശ്രമിക്കുവാണു അപ്പാ…… “സാൻഡി നമ്മൾ സ്നേഹിക്കുന്നവർ സന്തോഷമായി ഇരുന്നാലേ നമ്മൾക്കും സന്തോഷം ഉണ്ടാവുള്ളൂ…….. ….ഈ പ്രണയം ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നും അല്ല…….എന്നാൽ ആദ്യ പ്രണയവും പല ഭാവത്തിൽ നമ്മളുടെ കൂടെ എന്നും ഉണ്ടാവും…….ചിലപ്പോൾ സൗഹൃദം…മറ്റു ചലപ്പോൾ സ്വകാര്യ സ്വപ്നമായി….ഓർമ്മയായി……പരിചയക്കാരനായി…….
അങ്ങനെയൊക്കെ…….പക്ഷേ മിന്നുകെട്ടുന്ന പെണ്ണിനോട് അല്ലെങ്കിൽ മിന്നു കെട്ടിയ പുരുഷനോട് തോന്നുന്നത് അത് പ്രണയം മാത്രമല്ല സ്നേഹമാണ്……..ഈ ലോകത്തു ഏതു കോണിൽ ചെന്നാലും തിരികെ അവളിലേക്ക് തന്നെ വന്നു ചേരാൻ എല്ലാ പുരുഷനും ആഗ്രഹിക്കും……സ്ത്രീകളും അങ്ങനെത്തന്നെയാണ്……എന്റെ സന്ധിക്കും കഴിയും…….ഡേവിസിനെ സ്നേഹിക്കാൻ ….ഒരുപാട് ……..” ഞാനും അങ്ങനെതന്നെ ആഗ്രഹിക്കുന്നു അപ്പ…….. മനസമ്മതത്തിനു ഒരുക്കം ആരംഭിച്ചു…അപ്പന് ഒന്നും കഴിയുമായിരുന്നില്ല…… ഞാൻ തന്നെയാണ് ബന്ധുക്കളെയൊക്കെ ക്ഷണിച്ചതും വേണ്ട ഒരുക്കങ്ങൾ ഒക്കെ ചെയ്തതും…അപ്പൻ എന്നെ എല്ലാം പഠിപ്പിച്ചു തന്നു കൊണ്ടിരുന്നു….. ഓൾഡ് അജ് ഹോം അതിന്റെ ഉത്തരവാദിത്തങ്ങൾ……തയ്യൽ യൂണിറ്റ്……
അങ്ങനെ ഓരോന്നും ….ഞാൻ ഇതിനിടയ്ക്കു എം.ഡി ക്കു തയ്യാറെടുക്കുന്നുണ്ടു ……പിന്നെ അടുത്തൊരു ഹോസ്പിറ്റലിൽ പ്രാക്ടിസിനു പോകുന്നുണ്ട്……അപ്പന്റെ നിര്ബന്ധമാണ് …….ഉദ്ദേശം മറ്റൊന്നുമല്ല……സൗജന്യ ചികിത്സാ ആരംഭിക്കാനുള്ള ഒരു പരിശീലനം …… “അല്ല അപ്പ….അപ്പൊ ഞാൻ ഡേവിസിന്റെ കൂടെ കാനഡയിൽ പോകണ്ടായോ…..” ഒരിക്കൽ ഞാൻ ചോദിച്ചു….. “പിന്നേ …പോണം…… എന്നെങ്കിലും നാട്ടിൽ വന്നു സെറ്റിൽ ആവുമ്പൊ നീ സൗജന്യമായി ചികിതസിച്ചാൽ മതി….. ഇനിയിപ്പോ അങ്ങനെ മതി…. മാത്രമല്ല… അവിടെ ജോലി ചെയ്യുമ്പോ ഒത്തിരി കാശ് കിട്ടില്ലയോ…അപ്പൊ ഇവിടെ നല്ല രീതിയിൽ ഒരു ക്ലിനിക് തുടങ്ങിയാൽ മതി…..” അപ്പനാണേ……എന്തെല്ലാം പദ്ധതികളാ ……. ”
ഓഹോ….മൂപ്പീന്ന് വെൽ പ്ലാൻഡ് ആണല്ലോ ….” അപ്പൻ ചിരിച്ചു…….”പിന്നെ എനിക്ക് ഇനി കുറച്ചു സമയം അല്ലേ ഉള്ളൂ ………. എല്ലാം പ്ലാൻ ചെയ്യേണ്ടായോ ?” “…..കേക്കട്ടെ ഇനി എന്തൊക്കെയാ പ്ലാൻ………” ഞാൻ ചോദിച്ചു. “എന്റെ സാന്ഡിക്ക് ഒരു അഞ്ചു പിള്ളാര് വേണം……” ഞാൻ ഞെട്ടി പോയി….. “അഞ്ചു പിള്ളാരോ ………. എന്നാത്തിനാ ….” ഞാനാണേ … “അതോ……ഇത് പോലെ നീയങ്ങു മേലോട്ടു പോവുമ്പോ……അവരാരും ഒറ്റപ്പെടാതിരിക്കാൻ ……..” അത് പറയുമ്പോ അപ്പന്റെ ശബ്ദം ഇടറിയിരുന്നു……… ഞാൻ അപ്പന്റെ നെഞ്ചിൽ തല ചായ്ച്ചു ……. എന്റെയും കണ്ണ് നിറഞ്ഞിരുന്നു……എന്നാലും കരയാൻ ഞാൻ തയ്യറല്ലയിരുന്നു…….ഞാൻ തല പൊക്കി അപ്പനോട് ചോദിച്ചു…… “മൊത്തം എനിക്കിട്ടുള്ള പണി ആണല്ലോ മൂപ്പീന്നെ ………” കണ്ണീരിനിടയിലും അപ്പൻ ചിരിച്ചു…….”ഞാൻ ആരാ മോൻ …….”
ഇസ സാം