Saturday, January 18, 2025
Novel

തൈരും ബീഫും: ഭാഗം 12

നോവൽ: ഇസ സാം


കോളേജ് മൊത്തം ഞങ്ങളെ നോക്കി നിൽക്കുന്നത് പോലെ തോന്നി…..
“ഒരു റൈഡിനു പോയാലോ?” ഞാൻ ചോദിച്ചു……

“പിന്നെന്താ….എപ്പോഴേ റെഡി……?” അവൾ പറഞ്ഞു…..ചിരിയോടെ
അന്നായിരുന്നു ആദ്യത്തെ ഞങ്ങളുടെ റൈഡ്.

അന്ന് ഞങ്ങൾ നേരെ പോയത് ഒരു കോഫി ഷോപ്പിലേക്കായിരുന്നു…. എന്തോ ഒരു ചിരി ഞങ്ങൾ രണ്ടു പേരിലും ഉണ്ടായിരുന്നു…… ശെരിക്കും എന്തെക്കയോ പറയാൻ വേണ്ടി വന്നു…ഞങ്ങൾ പക്ഷേ ചിരിച്ചും ഇടകണ്ണിട്ടു പരസ്പരം നോക്കിയും ഇരുന്നു. അവസാനം അതൊരു പൊട്ടിച്ചിരിയായി മാറി…….

“എത്രാമത്തെ പ്രേമം ആണു ഞാൻ……..” ഞാനാണേ ……. ചോദിക്കണം എന്ന് വിചാരിച്ചതല്ല….
“മൂന്നാമത്തെ…….” അവളാന്നേ…… ആ ഉത്തരം എനിക്കു ഇഷ്ടായി…… അവൾ അപ്പോഴും ചിരിക്കുന്നുണ്ട്….. പിന്നെ അവളെ പോലൊരു പെൺകുട്ടിക്ക് എന്തായാലും പ്രണയം ഉണ്ടായിരിക്കും എന്നു എനിക്ക് ഉറപ്പായിരുന്നു….

“അച്ചായനോ?” ആ ചോദ്യം എന്റെ മനസ്സിൽ ഒരു മാലാഖയെ ഓർമ്മിപ്പിച്ചു….എന്റെ അനുവാദമില്ലാത്ത ചുംബനം നിറച്ച ആ കണ്ണുകൾ…….

“ഞാൻ നിന്റെ അത്ര മിടുക്കനല്ലാട്ടോ…… ഇത് രണ്ടാമത്തെയാ……..”

അപ്പോഴും ആ ചുണ്ടിൽ ചിരി ഉണ്ടായിരുന്നു…. “അച്ചായൻ തേച്ചതാണോ……..?” ഞാൻ അവളെ അടിമുടി നോക്കി…. ഈ പട്ടത്തി കൊള്ളാലോ….

“അല്ല……ഞങ്ങൾ രണ്ടും കട്ട സീരിയസായിരുന്നു….അതുകൊണ്ടു തന്നെ അത് പൊളിഞ്ഞു കൊളമായി….. …..” ഞാൻ പുറത്തേക്കു നോക്കി പറഞ്ഞു… ഇപ്പോൾ എന്നിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കുന്ന സാൻട്ര….. എന്നിൽ ഒരു നേരിയ നീറ്റൽ ഉള്ളിലെവിടെയോ………

“എന്താ ആലോചിക്കുന്നേ…… ഒത്തിരി നേരായല്ലോ?…….. അച്ചായന്റെ ആദ്യത്തെ പ്രണയം എനിക്ക് പണി തരുമോ ……..” ഞാൻ അവളെ നോക്കി കണ്ണ് ചിമ്മി…..

“അവൾ ഒരിക്കലും പണി തരില്ല…ആർക്കും……നീ പറ……നമുക്ക് എക്‌സിൽ നിന്ന് തന്നെ തുടങ്ങാം……”
എന്തോ ഒരു ഭയങ്കര കാര്യം പറയുന്നതു പോലെ ആശാത്തി ആരംഭിച്ചു….. ആദ്യത്തേത് അഗ്രഹാരത്തിലെ തന്നെ അയൽക്കാരൻ പുള്ളിയുടെ അനിയത്തി ഇവളുടെ അടുത്ത കൂട്ടുകാരി….. കടാക്ഷം ചിരി അമ്പലത്തിൽ പോക്ക് അങ്ങനെ പത്താം ക്‌ളാസിൽ തുടങ്ങി പതിനൊന്നിൽ അവസാനിച്ചു…. ചേട്ടൻ തുടർ പഠനത്തിനായി ദൂരെ പോയി…..ഒരു വിവരവുമില്ല………

അനിയത്തി പറഞ്ഞു അത്രേ ചേട്ടന്റെ കല്യാണം നേരത്തെ ഉറപ്പിച്ചതാണ് എന്ന്…അങ്ങനെ ഒരു തേപ്പു കിട്ടിയ ആഘാതത്തിൽ കൂടെ പഠിച്ചവനെ ഇവൾ പ്രേമിച്ചു തേയ്ച്ചു….. ഇങ്ങനയൊന്നുമല്ല നല്ല വിശദീകരിച്ചാ പറഞ്ഞത്…പലതും കേട്ട് ഞാൻ മിഴിച്ചു പോയി…..ഒരുപാട് ചിരിക്കുകയും ചെയ്തു.

ഈശോയെ അപ്പൊ തേപ്പു കിട്ടിയും കൊടുത്തും തഴക്കം വന്നവൾ ആണ്…. പക്ഷേ എന്നാലും എല്ലാം മനസ്സിൽ ഉള്ളതുപോലെ തുറന്നു പറയുന്ന പ്രകൃതം എനിക്കിഷ്ടായി…..പലതും പറഞ്ഞും ചിരിച്ചും അന്ന് ഞങ്ങൾ തിരിച്ചു കോളേജിൽ കയറിയില്ല……

അതൊരു തുടക്കം മാത്രമായിരുന്നു…പിന്നീട് ഒരുപാട് ദിവസങ്ങൾ ഞങ്ങൾ മുങ്ങീട്ടുണ്ട്……ഞാൻ അവളെ ഹോസ്റ്റലിൽ ആക്കി….. ബൈക്കിൽ നിന്ന് ഇറങ്ങിയിട്ട് എന്റെ ഹാൻഡ്‌ലിൽ ചാരി നിന്ന് എന്റെ കൈപിടിച്ചു ചോദിച്ചു…നല്ല പ്രതീക്ഷയോടെ പ്രണയത്തോടെ…….

“അപ്പൊ ഇതാണ് ഞാൻ….ഇനി അച്ചായൻ പറ മുന്നോട്ട് പോവണമോ വേണ്ടയോ….?”

ആ കണ്ണുകൾ എന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്നതായി തോന്നി……

“മുന്നോട്ടൊക്കെ പോവാം………നമുക്ക് നോക്കാലോ തേപ്പാണോ അല്ലയോ എന്നു..”

അതും പറഞ്ഞു അവളോടു യാത്ര പറയുമ്പോൾ ഞാൻ കണ്ടിരുന്നു ഹോസ്റ്റലിന്റെ മുന്നിൽ നിന്നു എന്നെ നോക്കി ചിരിക്കുന്ന സാൻഡ്രയെ ….അന്ന് അവൾ ഒഴിഞ്ഞുമാറീല്ല…… പിന്നീടങ്ങോട്ടു ഒരു ദിവസവും അവൾ ഒഴിഞ്ഞു മാറീല്ല….. എന്നോട് സംസാരിക്കുമായിരുന്നു…

ശ്വേതയോടും നല്ല കൂട്ടായിരുന്നു….പക്ഷേ ഞാൻ സ്കൂളിൽ കണ്ട ശാന്തയായി അധികമാരോടും ഒരുപാട് അടുക്കാത്ത സാൻട്ര ആയിരുന്നില്ല…… അത്യാവശ്യം കൂട്ട് ഒക്കെ ഉണ്ടായിരുന്നു….അങ്ങനെ രണ്ടു മൂന്ന് വർഷങ്ങൾ കടന്നുപോയി…. ഒരു നേരമ്പോക്ക് പോലെ തുടങ്ങിയ ഞങ്ങളുടെ ബന്ധം ഓരോ വർഷങ്ങൾ കടന്നു പോവും തോറും അച്ചായാ എന്നുള്ള അവളുടെ വിളിയിൽ ആരംഭിച്ചയ് അതിൽ ലയിച്ചു അതിൽ അവസാനിക്കുന്നതായി തോന്നി കൊണ്ടിരുന്നു…..

പിന്നെ എന്റെ പട്ടെത്തി അവൾ ആള് പൊളി ആയിരുന്നു….നർത്തകി പാട്ടുകാരി കലാകാരി അങ്ങനെ…..അവൾ പങ്കെടുക്കാത്ത ഒരു പരിപാടിയും കോട്ടയത്ത് നടന്നിട്ടില്ല…ചിലതിനൊക്കെ അവളുടെ അപ്പാവും അമ്മാവും പാലക്കാടിൽനിന്നു വരും……

അവർ വരാത്തപ്പോ ഞാനും സാൻട്രയും കൂടെ പോവും…… അവൾക്കു അതൊരു ആവേശവും ഭ്രമവുമായിരുന്നു…മതസരങ്ങൾക്കു സമ്മാനം കിട്ടീലെ പിന്നെ
സ്വൈര്യം തരില്ല….മിക്കപ്പോഴും അവൾക്കു കിട്ടാറുമുണ്ട്…..

പക്ഷേ കൂട്ടുപോവുന്ന ഞങ്ങളുടെ കാര്യം
കഷ്ടമായിരുന്നു…പള്ളിപ്പാട്ടും സിനിമാടാൻസും മാത്രം കണ്ടു വളർന്ന ഞങ്ങൾ രണ്ടും കണ്ണുമിഴിച്ചു ഇരിക്കും….. കലാകാരന്മാരും നർത്തകരും നിറഞ്ഞ സദസ്സിൽ വഴിതെറ്റിവന്ന രണ്ടു കുഞ്ഞാടുകളെ പോലെ ഞങ്ങൾ ഇരിക്കും……

പക്ഷേ സാന്ദ്ര സമ്മതിച്ചു തരില്ല…എന്തോ മനസ്സിലാവുന്ന കണക്കു ഇരിക്കും…എല്ലാ മത്സാരാർത്ഥികൾക്കും കൈകൊട്ടും…… അടുത്ത് ഏതെങ്കിലും മത്സാരാർത്ഥി വന്നിരുന്നാൽ പറയും….

“സൂപ്പർ ആയിരുന്നു….നല്ല ഭാവങ്ങളായിരുന്നു……” ഈശോയെ അവൾ തള്ളി മറിക്കുന്നതു കണ്ടു ഞാൻ ഞെട്ടാറുണ്ട്…. ഇത് കേട്ട് കേട്ട് ഗതികെട്ട് ഞാനൊരു ദിവസം ചോദിച്ചു
“ഡീ സാൻട്ര…… ആ നർത്തകി എന്താ കളിക്കുന്നേ…….” ഞാൻ അവളെ ഇടകണ്ണിട്ടു നോക്കി……ഒന്ന് ഞെട്ടിയിട്ടുണ്ട്.

“അത്…..അത്…..മോഹിനിയാട്ടം..കണ്ടില്ലേ …വൈറ്റ് ഡ്രസ്സ്…” എന്നെ നോക്കി നല്ല ഗൗരവത്തിൽ പറഞ്ഞു….കൂട്ടത്തിൽ ഒരു ഡയലോഗും….

.” കഥയറിയാതെ ആട്ടം കാണുന്ന ഒരു സഹൃദയൻ……ഇരിക്കുന്നത് കണ്ടാൽ അങ്ങ് ആസ്വദിച്ചു തകർക്കുവാണു എന്ന് തോന്നും……” ഒരു ലോഡ് പുച്ഛം വാരി വിതറി ആസ്വാദക സാൻഡ്ര.

“ശെരി…… എങ്കിൽ പിന്നെ നീ ആ നൃത്തത്തിന്റെ കഥ ഒന്ന് പറഞ്ഞെ….?” ഞാനാണേ….. ഒട്ടും ഗൗരവം ഞാനും കുറച്ചില്ല.

മ്മടെ ആസ്വാദക കണ്ണ് തള്ളി വീണ്ടും നൃത്തം നോക്കുന്നു…….
“ഒന്ന് പോടാ….കഥയൊക്കെ കഥകളിയിലേ ഉണ്ടാവുള്ളൂ……. ഇതിനു കഥയൊന്നുമില്ല……..”

ഞാൻ ഉറക്കെ ചിരിക്കാൻ തുടങ്ങി…… ശെരിക്കും കഥയുണ്ട് എന്ന് തോന്നുന്നു……മുൻപ് എപ്പോഴോ ശ്വേത പറഞ്ഞത് ഓർക്കുന്നു കൃഷ്ണന്റെ ജീവിതത്തിലെ സംഭവങ്ങളും ഗോപികമാരുടെ കാത്തിരിപ്പും ഒക്കെയാണ് മോഹിനിയാട്ടത്തിലെ ഇതിവൃത്തം എന്ന്……

എനിക്ക് വലിയ ഉറപ്പൊന്നുമില്ലാ എങ്കിലും എന്റെ മുന്നിലിരിക്കുന്ന ആസ്വാദകയ്ക്കു പണി കൊടുക്കാൻ ഈ അറിവ് തന്നെ ധാരാളമായിരുന്നു. നന്നായി വിളറി ചമ്മി ഇരിപ്പുണ്ട്……. എന്നിട്ടു എന്നെ നോക്കി നന്നായി ഇളിച്ചു……

“എങ്കിൽ പിന്നെ നീ പറ എന്താ കഥാ എന്ന്………”

ഈശോയെ……..പണി പാളിയോ… എന്നാലും തോൽക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാനൊരു ആസ്വാദകനെ പോലെ അങ്ങട് ആരംഭിച്ചു……
“സാൻഡ്ര……. അതായതു നമ്മൾ ആ നർത്തകിയുടെ കണ്ണിലേക്കു നോക്കണം….പിന്നെ അവളിൽ വിരിയുന്ന ഭാവങ്ങൾ…പിന്നെ അവളുടെ മുദ്ര……പിന്നെ ഈ പാടുന്ന പാട്ടിന്റെ ലിറിക്‌സ് …..അപ്പോഴേക്കും എല്ലാം ക്ലിയർ ആവും……..”

ഇത്തവണ പൊട്ടി ചിരിച്ചതു സാൻഡ്രയായിരുന്നു…..
“മാഷിനും നിശ്‌ചയം ഇല്ല്യ അല്ലേ……..” ഒരു നമ്പൂതിരി ശൈലിയിൽ അവൾ ചോദിച്ചു…….

“ഇല്ല്യാന്നാ തോന്നണേ…….”

ഞങ്ങൾ ഒരുപാട് ചിരിച്ചു…… ചിരിച്ചു ചിരിച്ചു നോക്കിയത് സ്റ്റേജിൽ നിന്ന് എന്നെയും സാൻഡ്രയെയും തുറിച്ചു നോക്കുന്ന ശ്വേതയിൽ ആയിരുന്നു….ഒന്നും അവൾ എന്നോട് ചോദിച്ചില്ല എങ്കിലും പിന്നീട് ഞാൻ പ്രോഗ്രാമ്മുകൾക്കു പിക്ക് ആൻഡ് ഡ്രോപ്പ് മാത്രമായി…. അവൾ എന്റെ കാര്യത്തിൽ കുറച്ചു പൊസ്സസ്സീവ് ആയിരുന്നു….ഞാനും അത് ഒരുപാട് ആസ്വദിച്ചിരുന്നു….

പക്ഷേ അത് ഞങ്ങൾക്ക് ഇടയിലെ സൗന്ദര്യ പിണക്കമായി അങ്ങ് മാഞ്ഞു പോകാറാണ് പതിവ്. അന്നും അങ്ങനെ പോയി……പക്ഷേ എപ്പോഴും അങ്ങാനായിരുന്നില്ല…… ചിലപ്പോഴൊക്കെ ഞങ്ങൾ കോളേജിൽ നിന്ന് ഒന്ന് കറങ്ങിയിട്ടേ ഹോസ്റ്റലിൽ പോകാറുള്ളൂ…… അന്നും അങ്ങനായിരുന്നു….. അന്നും ഞാൻ അവളെ തിരിച്ചു ഹോസ്റ്റലിൽ ആക്കുകയായിരുന്നു……

” ഈ സാൻട്ര ഭയങ്കര ഡിറ്റക്റ്റീവ് കളിയാണ് അല്ലേ അച്ചായാ…….?”

“ആ അവൾക്കു അതിന്റെ സൂക്കേടുണ്ട്…… എന്നാ….?” ഞാൻ ഹെൽമെറ്റു വെച്ച് കൊണ്ട് ചോദിച്ചു…..
“അതോ….. നമ്മുടെ കോളേജിന്റെ പുറകിൽ ആ കാടുപിടിച്ചിരിക്കുന്ന സ്ഥലത്തു ഡ്രഗ്സ് ഒക്കെ വിക്കുന്നുണ്ട് എന്നും കുറച്ചു കുട്ടികൾ അവിടെ പോയി ഉപയോഗിക്കാറുണ്ട്….എന്ന്………..”

അത് ശെരിയാണ്……കോളേജുകാരുപോലും ഇടപെടാൻ പേടിക്കുന്ന കുറച്ചു ടീം ഉണ്ട് അവരുടെ പരിപാടിയാ……

“അതൊക്കെ പണ്ട് തൊട്ടേ അങ്ങനാ……. അവളോട്‌ മര്യാദക്കു പോയി പഠിച്ചിട്ടു പോകാൻ പറ….ആവശ്യമില്ലാത്ത ഒരോ ……..”

“അതെന്നയാ ഞാനും പറഞ്ഞെ അച്ചായാ……..പക്ഷേ പുള്ളിക്കാരി അതൊന്നും കേട്ട മട്ടില്ലാ……. ദാ….ഇത് കണ്ടോ……” എന്നും പറഞ്ഞു അവളുടെ മൊബൈൽ എടുത്തു ഒരു വീഡിയോ കാണിച്ചു തന്നു…….ഈശോയെ ഞാൻ ഞെട്ടി പോയി….വീഡിയോ കണ്ടല്ല…..

അത് സ്ഥിരം കാഴ്ച ആണല്ലോ…..കുറെ ആമ്പിള്ളേർ മയക്കു മരുന്ന് ഉപയോഗിക്കുന്നു….ചില കുട്ടികൾ വാങ്ങുന്നു….പക്ഷേ സാന്ട്ര അത് വീഡിയോ എടുത്തിരിക്കുന്നു…… അതും കുറച്ചു മുന്നേ അയച്ചിരിക്കുന്നു….ഒരു നിമിഷം ഞാൻ ഞങ്ങളുടെ പ്ലസ് ടു കാലവും വൈകുന്നേരവും കുന്നിന്മുകളിലേക്കു ആഞ്ഞു സൈക്കിൾ ചവിട്ടുന്ന സാൻട്രയെയും ഓർത്തു ………കർത്താവേ……ആ പിശാശു വീണ്ടും …….

“ശ്വേതാ….. സാൻഡ്ര എത്തിയോ എന്ന് ഒന്ന് നോക്കിയേ……..”
അവൾ വേഗം ഹോസ്റ്റലിലേക്ക് ചെന്നു…..ഉടനെ തിരിച്ചു വിളിക്കുകയും ചെയ്തു……
“സാൻഡ്ര എത്തീട്ടില്ല അച്ചായാ….വിളിച്ചിട്ടു കിട്ടീല…. ഇനി എന്ത് ചെയ്യും…..”
” ഞാൻ കോളേജിൽ ചെന്ന് നോക്കീട്ടു വരാം………..”

“എനിക്ക് പേടിയാവുന്നു അച്ചായാ……പോലീസിൽ അറിയിച്ചാലോ……” ശ്വേതയാണ്…….
“വേണ്ടാന്നെ………ഞാൻ പോയി ഒന്ന് നോക്കീട്ടു വരാം……”
“ഞാനും വരാം………അച്ചായാ” അതും പറഞ്ഞും അവളും വന്നു.

ഞാനും എന്റെ രണ്ടു മൂന്നു കൂട്ടുകാരും ശ്വേതയും കൂടെ കോളേജിൽ ക്ലാസ്സ് മുറിയിൽ ലാബിൽ ഒക്കെ നോക്കി….. എവിടെയും കണ്ടില്ല…….എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി തുടങ്ങിയിരുന്നു….വീഡിയോ എടുത്തപ്പോ അവന്മാരുടെ കയ്യിൽ എങ്ങാനും കിട്ടിയോ…. ബോധമില്ലാത്ത കുറെ പണച്ചാക്കുകൾ ആണ്….. ഈശോയെ കാത്തോളണമേ…….ഞാൻ അവളെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു…..കാൾ കണക്ട് ആവുന്നില്ലായിരുന്നു…..

“എബി………. നമുക്ക് പോലീസിൽ അറിയിച്ചാലോ…….?” ശ്വേതയാണ്……
അവളുടെ അപ്പന്റെ മുഖം എന്റെ മനസ്സിൽ മിന്നി മറഞ്ഞു..ശ്വേതയുടെ കയ്യിലും അവളുടെ അപ്പന്റെ നമ്പർ ഉണ്ടായിരുന്നില്ല….. എന്റെ ചേട്ടനെ വിളിച്ചു ഞാൻ അവളുടെ അപ്പന്റെ മൊബൈൽ നമ്പർ വാങ്ങി……
എങ്ങനെ ഞാൻ ആ മനുഷ്യനോട് പറയും…..ഞാൻ ആ നമ്പർ എടുത്തു….അപ്പോഴേക്കും ദേ വിളിക്കുന്നു ഡിറ്റക്റ്റീവ് സാൻഡ്ര…… ഞാൻ വേഗം കാൾ എടുത്തു അവൾക്കു ഒന്നും പറ്റല്ലേ എന്ന പ്രാർത്ഥനയോടെ…….
“എന്ന എബി…….. ഒരുപാട് തവണ വിളിച്ചല്ലോ……..” ആ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ആശ്വാസം തോന്നി……

അപ്പോഴേക്കും ശ്വേതാ എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി സംസാരിച്ചു……
“അവൾ ഹോസ്റ്റലിലുണ്ട് ………… സേഫ് ആണ്……..” ഞാൻ ഒന്നും മിണ്ടിയില്ല കൂട്ടുകാരോട് നന്ദിയും പറഞ്ഞു ബൈക്കു വിട്ടു ഹോസ്റ്റലിലേക്കു…..ശ്വേതയുമുണ്ടായിരുന്നു…….

ഹോസ്റ്റലിൽ എത്തിയപ്പ്ൾ ഞങ്ങളെയും കാത്തു സാൻട്ര ഉണ്ടായിരുന്നു……. ഞാൻ അവളെ നോക്കിയതേ ഇല്ല…… എന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടു ഒന്ന് വിളറി എന്ന് തോന്നുന്നു….

“എബി……..സോറി …..നിങ്ങൾ എന്നെ അന്വേഷിക്കും എന്ന് വിചാരിച്ചില്ല……… ഞാൻ ആ വീഡിയോ ന്യൂസ് ചാനലിൽ കൊടുക്കാൻ പോയതാ….. ………” അവൾ പറഞ്ഞു മുഴുമിപ്പിച്ചില്ല…..

എനിക്ക് ഞാൻ ഇത്ര നേരം അനുഭവിച്ച ടെൻഷനും അവൾ ചെന്ന് തലവെച്ചു കൊടുത്തിരിക്കുന്ന അബദ്ധവും ഒക്കെ ആലോചിച്ചപ്പോ പിന്നൊന്നും നോക്കീല……കൈ വീശി ഒരെണ്ണം കൊടുത്തു…….ശ്വേതയുടെയും സാന്ദ്രയുടെയും കിളി മൊത്തം പറന്നു പോയി എന്ന് ആ നിൽപ് കണ്ടപ്പോൾ മനസ്സിലായി……

“നീ ആരാന്നാ വിചാരം……. ആരോടാ കളിക്കുന്നത് എന്ന് അറിയാവോ…… പിച്ചി ചീന്തും അവന്മാര്…. നിന്നെ മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന നിന്റെ അപ്പന് പിന്നാര് ഉണ്ടാവും……. ഇത്രയും കൊല്ലം ഒറ്റയ്ക്ക് ആ മനുഷ്യൻ ആർക്കു വേണ്ടിയാ ജീവിച്ചത്……

മയക്കു മരുന്ന് തേടി പോകുന്നവർ….നീ ഇനി എന്തൊക്കെ ചെയ്താലും അവര് പോവുക തന്നെ ചെയ്യും……മരമണ്ടി…. അവള് നാട് നന്നാക്കക്കാൻ ഇറങ്ങിയിരിക്കുവാ…… ആദ്യം നോക്കേണ്ടത് സ്വന്തം സുരക്ഷയാ…….ഈശോയെ ഇവൾക്ക് ധൈര്യം കൊടുത്ത നേരത്തു കുറച്ചു ബുദ്ധി കൊടുക്കാൻ മേലേ………..”

എന്നെ തന്നെ നോക്കി നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന സാന്ദ്ര എന്നിൽ അരിശം കൂട്ടിയതേയുള്ളു……. ആ കണ്ണുകളിൽ തെളിഞ്ഞത് എന്നോടുള്ള ദേഷ്യമോ പരിഭവമോ ഒന്നുമായിരുന്നില്ല എന്ന് തോന്നി……..
“എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം……

എബി ഇന്റർഫിയർ ചെയ്യണ്ട….. ഞാൻ വിളിച്ചില്ലലോ……?” അവള്ടെ വർത്തമാനം കേട്ടപ്പോൾ ഒന്ന് കൂടി കൊടുത്താലോ…… വേണ്ട…….

“ഞാൻ ഇന്റർഫിയർ ചെയ്യും ……എനിക്കു അടുത്തറിയാവുന്ന ഏതു പെണ്കുട്ടിയാണെങ്കിലും ഞാൻ ഇന്റർഫിയർ ചെയ്തിരിക്കും… നീ അങ്ങോട്ട് സഹിച്ചേച്ചാൽ മതി………” അതും പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ തിരിച്ചു ഹോസ്റ്റലിലേക്ക് കയറി പോയി….. പോവുമ്പോഴും അവൾ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു.
“അച്ചായൻ എന്തിനാ അവളെ തല്ലാൻ പോയത്……. ആവശ്യമില്ലാത്ത കാര്യത്തിൽ ഓവർ റിയാക്ട് ചെയ്യരുത്……” ശ്വേതയാണ്…..

ഞാൻ അവളെ നോക്കി ബൈക്ക് എടുത്തു………”ഇത് ആവശ്യമില്ലാത്ത കാര്യമായി എനിക്ക് തോന്നീട്ടില്ല ശ്വേത……. നിനക്കതു മനസ്സിലാവില്ല……… ഗുഡ് നൈറ്റ്”

പിന്നീടുള്ള ദിവസങ്ങളിൽ സാന്ദ്ര എന്നോട് മിണ്ടിയില്ല….ഒഴിഞ്ഞും നടന്നു…ഞാനും അവളെ വിളിക്കാൻ പോയില്ല…പിന്നെ അവളുടെ വീഡിയോ ചാനലിലൊക്കെ വന്നു…… വിഡിയോയിൽ കണ്ട വിദ്യാർത്ഥികൾക്ക് സസ്പെന്ഷനും മറ്റു നടപടികൾ ഒക്കെ നേരിടേണ്ടി വന്നു…..

പക്ഷേ കോളേജിലെ ഒരു വിദ്യാർത്ഥി എടുത്ത വീഡിയോ എന്നെ അവന്മാർക്ക് മനസ്സിലായുള്ളു…..അതുകണ്ട് തന്നെ അവരുടെ എതിർഭാഗം പണച്ചാക്കുകൾ ആയിരിക്കും എടുത്തത് എന്ന് അവന്മാർ അനുമാനിച്ചു……ഇരു വിഭാഗക്കാരും തമ്മിൽ ഉഗ്രൻ അടി ആയി……

ആര് ആരെ ആദ്യം അടിച്ചു എന്ന് പോലും ആർക്കും അറിയാൻ കഴിഞ്ഞില്ല….. അങ്ങനെ ഞങ്ങളുടെ ഡിറ്റക്റ്റീവ് സാന്ദ്രയുടെ ശ്രമഫലമായി ഞങ്ങൾക്ക് മൂന്നു ദിവസത്തേക്ക് അവധിയും കിട്ടി…ഇത്

ഒന്നും ഞാനല്ല ചെയ്തത് എന്ന ഭാവത്തിൽ നമ്മടെ സാൻഡ്ര അവളുടെ അപ്പനെ കാണാൻ നാട്ടിലേക്ക് പിടിച്ചു…. ഒപ്പം എന്റെ പട്ടത്തിയും….അവൾക്കു എന്റെ നാട് കാണണം എന്റെ പള്ളി കാണണം …എന്റെ അമ്മച്ചിയെ കാണണം…… എന്റെ വീടും അപ്പനെയും കാണണം എന്ന മോഹം ഞാൻ ഇടിവെട്ട് കഥകൾ പറഞ്ഞു ഫലിപ്പിച്ചു മുളയിലേ നുള്ളി……

(കാത്തിരിക്കണംട്ടോ)

ഒരുപാട് നന്ദി എനിക്കായി ടൈപ്പ് ചെയ്ത ഒരോ അക്ഷരങ്ങൾക്കും സ്റ്റിക്കർസിനും….. ലൈക് ചെയ്യുന്നവരോടും നന്ദി…… ലൈക്കും കമന്റും ചെയ്‌താൽ നോട്ടിഫിക്ഷൻ വരുംട്ടോ….. പിന്നെ എന്റൊപ്പം പോന്നോളൂ….ഞാൻ നിങ്ങളെ ശോകഗാനം പാടിക്കില്ല…….

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11